ലഫ്. കേണൽ ഡോ. സോണിയ ചെറിയാൻ
ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ റെയിന്‍ബോ' ഒരു ഇന്ത്യന്‍ പട്ടാളക്കാരിയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ്. 'ഇന്ത്യന്‍ റെയിന്‍ബോ' ശ്രീജ പ്രിയദര്‍ശനന്റെ വായനയില്‍...
നമ്മുടെ രാജ്യത്തിന്റെ കാവല്‍ദൈവങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടോ? അവരുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെക്കുറിച്ചോ സ്വപ്നങ്ങളെക്കുറിച്ചോ സ്വകാര്യ ദുഃഖങ്ങളെക്കുറിച്ചോ വേണ്ട രീതിയില്‍ ഓര്‍മ്മിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സോണിയ ചെറിയാന്റെ പുസ്തകമായ 'ഇന്ത്യന്‍ റെയിന്‍ബോ' വായനക്കാരുടെ മുന്നില്‍ തുറന്നിടുന്നത്, അറിഞ്ഞതും കേട്ടതുമൊന്നും യാഥാര്‍ത്ഥ്യത്തോളം വരില്ല എന്ന വസ്തുതയാണ്. ഇതൊരു ഓര്‍മ്മക്കുറിപ്പു മാത്രമാണോ? അല്ലേയല്ല. ഔദ്യോഗികജീവിതത്തിനിടയില്‍ തനിക്കു സഞ്ചരിക്കേണ്ടിവന്ന വഴികള്‍, ജീവിച്ച ചുറ്റുപാടുകള്‍, ഇടപെട്ട സാധാരണ മനുഷ്യര്‍, സഹപ്രവര്‍ത്തകര്‍, നേരിടേണ്ടിവന്ന വിഹ്വലതയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍... സോണിയ ചെറിയാന്‍ എത്ര തീവ്രമായാണ് വായനക്കാരില്‍ എത്തിക്കുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ ചരിത്രം, ചിലപ്പോള്‍ ഭൂമിശാസ്ത്രം, മറ്റു ചിലപ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍, ചിലപ്പോള്‍ ജീവചരിത്രം... എല്ലാ വഴിയിലൂടെയും വായനക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിനാണ് എഴുത്തുകാരി രചന നടത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ സോണിയ ചെറിയാന്റെ 'ഇന്ത്യന്‍ റെയിന്‍ബോ' ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം മാത്രമല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെ ഒരു സ്ത്രീ നടത്തുന്ന സാഹസികയാത്രയും അവര്‍ കാണുന്ന കാഴ്ചകളുടെ തനതു വിവരണവും കൂടിയാണ്. വൈവിധ്യങ്ങളുടെ ഭാരതത്തെ സുവ്യക്തമായി വരച്ചിടുന്ന എഴുത്തിന്റെ കരുത്ത്. ഇന്ത്യ മുഴുവനും സഞ്ചരിച്ച പ്രതീതി പുസ്തകം വായിച്ചു തീരുമ്പോള്‍ നമുക്കുണ്ടാകും.
എഴുത്തുകാരി കണ്ട കാഴ്ചകള്‍ വായനക്കാരും കാണുന്നു. അനുഭവിച്ച സന്തോഷവും ദുഃഖവും സംഘര്‍ഷവും നാമും അനുഭവിക്കുന്നു. സോണിയയുടെ സ്‌നേഹിതര്‍ നമ്മുടെയും സ്‌നേഹിതര്‍ തന്നെ. ഹൃദ്യമായ പല കാഴ്ചകളും അനല്പമായ നോവുകളും നമ്മില്‍ നിറച്ച ഈ പട്ടാളക്കാരി തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം, സഹജീവികളോടുള്ള കരുണയും ആര്‍ദ്രതയും സഹാനുഭൂതിയും അമേയമായി പുലര്‍ത്തുന്നുണ്ട്. ഇങ്ങനെയൊരു പ്രതീതി വായനക്കാര്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ അതിനു കാരണം വേണ്ടുവോളം ആഖ്യാനപാടവം എഴുത്തുകാരിക്കുണ്ട് എന്നതുതന്നെയാണ്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു മൈന്‍ ഫീല്‍ഡില്‍ ഒറ്റപ്പെട്ടു പോയ പട്ടാളസംഘം. ചുറ്റും ശത്രുവ്യൂഹമായതിനാല്‍ ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ കഴിയാത്ത സാഹചര്യം. പട്ടിണികൊണ്ടു കഷ്ടപ്പെട്ട ആ സംഘത്തിന് ഭക്ഷണവുമായി പോയതോ തൂപ്പുകാരനായ ചാത്തു. തന്റെ ചുമതലയില്‍പ്പെടാത്ത കര്‍മ്മം ജീവന്‍ പണയം വച്ച് നിറവേറ്റിയ ചാത്തു ആ സംഘത്തിന്റെ വിശപ്പു മാറ്റുക മാത്രമല്ല ചെയ്തത്; അന്യരാജ്യത്ത് പട്ടിണി കിടന്ന് മരിക്കേണ്ടി വരുമായിരുന്ന ഒരു കൂട്ടം ഇന്ത്യന്‍ പട്ടാളത്തെ രക്ഷിക്കുക കൂടിയായിരുന്നു. തിരികെ ഇന്ത്യയിലെത്തിയ പട്ടാളക്കാര്‍ ആദ്യം നടത്തിയ വിജയാഘോഷ വിരുന്നില്‍ കമാന്‍സിങ് ഓഫീസര്‍ ഒരു പ്രഖ്യാപനം നടത്തി.'ചാത്തുവിന് ആദ്യം വിളമ്പണം. അതിനു ശേഷമേ ഞാന്‍ കഴിക്കൂ'. ജാതി നീചത്വങ്ങള്‍ നടമാടിയിരുന്ന അക്കാലത്ത് ദളിതനായ ചാത്തുവിന് അങ്ങനെയൊരു ആദരവ് കൊടുത്തെങ്കില്‍ അതിനു കാരണം പട്ടാളക്കാര്‍ക്ക് ഒരേയൊരു മതമാണ്, ഒരൊറ്റ ജാതിയാണ് എന്നതു തന്നെ.
പിന്നീടത് റെജിമെന്റിന്റെ ആചാരമായി മാറി.
ഇങ്ങനെയുള്ള സംഭവങ്ങളുടെ, ചരിത്രത്തിന്റെ, സമ്മേളനമാണ് 'ഇന്ത്യന്‍ റെയിന്‍ബോ'യില്‍ സംഭവിക്കുന്നത്.
.jpg?$p=6df998d&&q=0.8)
'സകലതും പ്രിവിലേജുകള്‍ മാത്രമായിരുന്നു എന്നിപ്പോള്‍ വ്യക്തമായി ബോദ്ധ്യപ്പെടുന്നു. എന്റെ യൂണിഫോം, I earned my ranks എന്ന് അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്ന തോളിലെ നക്ഷത്രങ്ങള്‍, ഡിഗ്രി, പട്ടാളത്തില്‍ കിട്ടുവാനുള്ള ആരോഗ്യം വെച്ച ശരീരം, അഹങ്കാരം പറയുന്ന ഡ്രൈവിങ്ങ് സ്‌കില്‍; ഇതെല്ലാം ശരിയായ കാലത്ത് ശരിയായ നാട്ടില്‍ ജനിച്ചതിനാല്‍ കിട്ടിയ പ്രിവിലേജുകള്‍ മാത്രമാണെന്ന് തിരിച്ചറിവുണ്ടാക്കുന്നു. സെല്‍ഫ് മെയ്ഡ് മാന്‍ അല്ലെങ്കില്‍ വുമണ്‍ എന്നത് വലിയൊരു തമാശയാണെന്നും. സ്ത്രീകള്‍ക്ക് പഠിത്തം നിഷേധിക്കാത്ത ഒരു നല്ല നാടിനെയോര്‍ത്ത്, പെണ്ണിനും ആണിനും എല്ലാം തുല്യമായി വിളമ്പിയ ഊട്ടുമുറിയുള്ള വീടിനെയോര്‍ത്ത്, ആ നാടിനെ അങ്ങനെയാക്കിത്തീര്‍ക്കാനായി കാലങ്ങളായി കഷ്ടപ്പെട്ട എത്രയോ നന്മ നിറഞ്ഞ മനുഷ്യരെയോര്‍ത്ത് നന്ദികൊണ്ട് കണ്ണുനിറയുന്നു...'
സോണിയ ചെറിയാന്‍ അഭിമാനം കൊള്ളുന്നത് സ്വയാര്‍ജ്ജിത പൊലിമകളിലല്ല, ഒരു പെണ്ണിനെ അഭിമാനിയായ, ആദരണീയായ പട്ടാളക്കാരിയാക്കി മാറ്റിയ ഊര്‍ജ്ജരേണുക്കളെക്കുറിച്ചാണ്; അതെഴുതുമ്പോള്‍ തന്നെ വെല്യമ്മച്ചി ഭൂതകാലത്ത് നേരിട്ട വിവേചനത്തെ ഓര്‍ത്തെടുത്ത് നവകാലത്തിന്റെ ചേതനയില്‍ അഭിമാനിയാകുകയും ചെയ്യുന്നു.
നമ്മളെ താങ്ങാനും ഊട്ടാനും രാപകല്‍ അദ്ധ്വാനിക്കുന്നത് നമ്മുടെ കുടുംബക്കാര്‍ മാത്രമല്ലെന്നും അതില്‍ മണ്ണില്‍ പണിയെടുക്കുന്ന കൃഷിക്കാരനും അമൂലിന്റെ പാല്‍വണ്ടിയില്‍ പാല്‍ കൊടുക്കാന്‍ ഓടുന്ന ഗ്രാമീണ ബാലനും പ്രാണവായു പോലും നേരാംവണ്ണം കിട്ടാത്ത കൊടുമുടിയില്‍ ഊഴമിട്ട് ഉറങ്ങാതുറങ്ങുന്ന പട്ടാളക്കാരനും ഉണ്ടെന്ന ബോധ്യത്തെ ഉച്ചത്തില്‍ പറയുന്ന 'ഇന്ത്യന്‍ റെയിന്‍ബോ' നമ്മുടെ സ്വത്വബോധത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുകയാണ്.
നാഗാലാന്റ് - മണിപ്പൂര്‍ പ്രദേശങ്ങളിലെ സ്ത്രീകളെക്കുറിച്ച് സോണിയ എഴുതിയ ഭാഗം വായിക്കുമ്പോള്‍ നമ്മുടെ ഭാരതത്തിലെ സ്ത്രീകള്‍ എത്രമാത്രം ഉള്‍ക്കനവും അതിജീവനശേഷിയും ഉള്ളവരാണെന്ന് ഓര്‍ത്തുപോകുന്നു.
'മരണം കണ്ടിട്ടു വന്നൊരാള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ ആരു സ്‌നേഹിക്കു'മെന്ന 'ഇന്ത്യന്‍ റെയിന്‍ബോ'യിലെ ഒരു വാക്യം എത്രമാത്രം ഫിലോസഫിക്കലാണ്! ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്! 'ഇന്ത്യന്‍ റെയിന്‍ബോ'യിലെ വര്‍ണ്ണരാജികള്‍ക്ക് അപരിമേയമായ കമനീയതയും ഹൃദയാവര്‍ജ്ജകതയും സൃഷ്ടിക്കാന്‍ കഴിഞ്ഞത് അതൊക്കെയും ഒരു എഴുത്തുകാരിയുടെ നേരനുഭവങ്ങള്‍ ആയതുകൊണ്ടു തന്നെയാണ്.
മനോഹരമായ ഭാഷയാണ് സോണിയയുടേത്. ചില നാടന്‍ഭാഷാപദങ്ങള്‍ ഭംഗ്യന്തരേണ പ്രയോഗിച്ച് നമ്മില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. നല്ലൊരു വായനക്കാരിയാണ് എഴുത്തുകാരിയെന്ന് ഈ പുസ്തകത്തിലെ ചില സൂചനകള്‍ വ്യക്തമാക്കുന്നു. വായന മാത്രമല്ല എഴുത്തും വരയും ആ കൈകളില്‍ ഭദ്രം.
നമ്മുടെ ഭാഷ സമ്പന്നമാകുന്നത് ഇങ്ങനെയുള്ള രചനകളിലൂടെയാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. പട്ടാളക്കഥകളുടെ വലിയ ഈടുവയ്പുകള്‍ മലയാളത്തിന് സ്വന്തമാണെങ്കിലും ഇത്രയും മനസ്സുതൊടുന്ന നേരെഴുത്ത് വായനയുടെ വിഹായസ്സില്‍ പുതിയ മഴവില്ല് സൃഷ്ടിക്കുന്നു.
നമ്മള്‍ സുരക്ഷിതരായി ഉറങ്ങുന്നുവെങ്കില്‍ അതിനു പിന്നില്‍ ഒരുപാടു പേരുടെ ഉറക്കമില്ലായ്മ ഉണ്ടെന്ന പാഠം ഓരോ ഇന്ത്യന്‍ പൗരനും ജാതിമതഭേദമെന്യേ അറിഞ്ഞിരിക്കണം എന്ന സന്ദേശം കൂടി ഈ പുസ്തകം നല്കുന്നുണ്ടെന്ന് പറയാതെ വയ്യ. 'രാജ്യത്തിന്റെ സുരക്ഷ ആദ്യം, പിന്നീട് കൂടെയുള്ള പട്ടാളക്കാരുടെ സുരക്ഷ, എന്റെ സുരക്ഷ ഏറ്റവും അവസാനം' എന്ന ആപ്തവാക്യം ഓരോ പട്ടാളക്കാരും നെഞ്ചിലേറ്റുമ്പോള്‍ നമ്മുടെ മനസ്സും ഒരു നിമിഷം ആ വാക്യത്തില്‍ ഉടക്കിനില്‍ക്കും.
Content Highlights: Indian Rainbow, Lieutenant Colonel Dr. Sonia Cheriyan, Sreeja Priyadarsanan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..