ഇന്ത്യന്‍ റെയിന്‍ബോയിലെ വിസ്മയവര്‍ണങ്ങള്‍


ബോബി ജോസ്

'അതിരിലെ യാക്കുകളെകുറിച്ച് പറയുന്നത് നോക്കൂ: 'യാക്കുകള്‍ നോക്കുമ്പോള്‍ ഇപ്പുറത്തും മഞ്ഞ്, അപ്പുറത്തും മഞ്ഞ് ഇപ്പുറത്തും മനുഷ്യര്‍, അപ്പുറത്തും മനുഷ്യര്‍. മനുഷ്യന്‍ നോക്കുമ്പോള്‍ ഇപ്പുറത്ത് ഇന്ത്യ, അപ്പുറത്ത് ചൈന, ഇപ്പുറത്ത് ഇന്ത്യക്കാര്‍, അപ്പുറത്ത് ചൈനക്കാര്‍!'

ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ | ഫോട്ടോ ഇ.വി. രാഗേഷ്

ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്റെ ആദ്യപുസ്തകമായ ഇന്ത്യന്‍ റെയിന്‍ബോഅക്ഷരാര്‍ത്ഥത്തില്‍ മഴവില്‍പ്പകിട്ടാര്‍ന്ന ഒരു വായനാനുഭവം നല്‍കുന്നു. അതോടൊപ്പം, തീക്ഷ്ണവര്‍ണ്ണങ്ങള്‍ ഒന്നായിഴുകിച്ചേര്‍ന്നുണ്ടാകുന്ന ശാന്തശുഭ്രവര്‍ണ്ണം പോലെ ഈ പുസ്തകം നമ്മെയൊരു സാത്വികാനുഭവത്തിലേക്ക് ചേര്‍ത്തുപിടിക്കുന്നുമുണ്ട്. ആര്‍ദ്രതയും തെളിമയും ഒത്തുചേര്‍ന്ന വാക്ചിത്രങ്ങള്‍ ഈ 'ചിത്രമെഴുത്തു'കാരിക്ക് സ്വന്തം.

ബിംബസമൃദ്ധിയാണ് സോണിയയുടെ ഭാഷയുടെ ഏറ്റവും വലിയ കരുത്ത് എന്നെനിക്ക് തോന്നുന്നു. എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്ന കാഴ്ചകള്‍, കേള്‍വികള്‍, സ്പര്‍ശങ്ങള്‍, മണങ്ങള്‍, രുചികള്‍..! ദേശസ്നേഹഭരിതമായ സൈനികകഥകള്‍, പ്രകൃതി, ദേശ- ഭാഷാ-കാലങ്ങള്‍ മാറിയാലും മാറ്റമില്ലാത്ത പച്ചമനുഷ്യരുടെ നേര്‍ചിത്രങ്ങള്‍...അത്രമേല്‍ ഏകാഗ്രമായി സൂര്യനെ പ്രണയിച്ചതിനാല്‍ മണലെന്ന ഏകഭാവത്തില്‍, നിറത്തില്‍ ഉന്മത്തയായി മയങ്ങിക്കിടക്കുന്ന ഭൂമി. വരണ്ട കാറ്റുകളുടെ ചാട്ടവാറടിയേറ്റ് മണല്‍ക്കൂനകള്‍ യാഗാശ്വങ്ങളെപോലെ പറക്കുന്നിടം. എന്തൊരു കവിതയാണീ ഭാഷ! തീവ്രമാണീ വായനാനുഭവം.

ജീവിതത്തെക്കുറിച്ച് വ്യക്തവും തരളവുമായ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള ഒരു പട്ടാളക്കാരി. പട്ടാളക്കാരുടെ ഇന്ത്യയാകമാനമുള്ള യാത്രയും അലച്ചിലും വൈവിധ്യാനുഭവങ്ങളും നിറഞ്ഞ ജീവിതത്തെ എഴുത്തുകാരി സ്വീകരിച്ചവിധംതന്നെ 'ഒരു കണ്ടക്ടഡ് ടൂര്‍'. വായനക്കാരും ഈ താളുകളിലൂടെ അവരുടെ കൂടെ സഞ്ചരിക്കുകയാണ്. വിന്‍ഡോസീറ്റില്‍ ഇരുന്ന് വിശാലജാലകത്തിലൂടെ കാണുന്ന കാഴ്ചകളില്‍ നമ്മുടെ പ്രിയപട്ടാളക്കാരുടെ ജീവിതവും മരണവും മരണത്തെ വെല്ലുവിളിക്കുന്ന ധീരതയുമുണ്ട്.

ഇന്ത്യയുടെ വിശാലവൈവിധ്യഭൂമികയുടെ ചരിത്രം, ഭൂമിശാസ്ത്രം, കാലാവസ്ഥ, സംസ്‌കാരം, സാഹിത്യം, ജനജീവിതരീതികള്‍... എല്ലാം തെളിയുന്നുണ്ട്. 'വീട്ടില്‍ ഹൃദയം സൂക്ഷിച്ചുവച്ച് രാജ്യത്തിനായി യുദ്ധം ചെയ്യാന്‍ വരുന്ന പാവപ്പെട്ട പട്ടാളക്കാര്‍-കഠിനകാലങ്ങളില്‍ കൂടുതല്‍ മൃദുവാകുന്ന ആ പാവം മനുഷ്യരെ കുറിച്ച്' കണ്ണുനനയാതെ നമുക്ക് വായിക്കാനാവില്ല. നമുക്ക് സമാധാനത്തില്‍ ഉറങ്ങാനായി കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കുന്നവര്‍.

പുസ്തകത്തിന്റെ കവര്‍

ആദ്യപുസ്തകത്തില്‍തന്നെ ഒരു മുതിര്‍ന്ന എഴുത്തുകാരിയുടെ ഗരിമയുണ്ട് സോണിയയുടെ ചിന്തകള്‍ക്ക്. 'ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും അന്ധവിശ്വാസങ്ങളെയും അതിക്രമങ്ങളുടെയും ഒക്കെ ഏറ്റവും ആദ്യത്തെ ഇരകള്‍ എവിടെത്തെയുംപോലെ ഇവിടെയും പാവം കുഞ്ഞുങ്ങളും പെണ്ണുങ്ങളും തന്നെ', 'സ്ത്രീയെന്ന സ്ഥിരം അഭയാര്‍ത്ഥി-ഗാന്ധാരിയെപോലെ വന്നുചേരുന്ന നാട്ടില്‍ അവസാനംവരെ പലതിനോടും കണ്ണുകെട്ടിജീവിക്കേണ്ടി വരുന്നവള്‍' എന്നിങ്ങനെ കൃത്യമായ നിരീക്ഷണങ്ങള്‍!

സാധാരണ മലയാളിക്ക് പലപ്പോഴും അന്യമായ, തീര്‍ത്തും പിന്നാക്കവും ദരിദ്രവുമായ ഉത്തരേന്ത്യന്‍ ഗ്രാമജീവിതചിത്രങ്ങള്‍, യാത്രകളില്‍ കുറെയേറെ കണ്ടിട്ടുള്ളതിനാല്‍ എനിക്ക് ആഴത്തില്‍ മനസ്സില്‍ തട്ടി. 14 വയസ്സില്‍ എട്ടുമാസം ഗര്‍ഭിണിയായി നില്‍ക്കുന്ന 'അമ്മകുട്ടി' ഗുഡിയയുടെ വാഗ്മയചിത്രവും രേഖാചിത്രവും ഒന്നിച്ച് ഒരു വല്ലാത്ത കാഴ്ചയാണ്. സോണിയയോടൊപ്പം നനവാര്‍ന്ന കണ്ണുകള്‍ മറച്ച് നമ്മളും തിരിച്ചറിയുകയാണ്'നാം സ്വന്തമെന്ന് വല്ലാതെ അഹങ്കരിക്കുന്ന പലതും പ്രിവിലേജുകള്‍ മാത്രമാണെന്ന്.

ശരിയായ കാലത്ത്, ശരിയായ നാട്ടില്‍ ജനിച്ചതിനാല്‍ മാത്രം കിട്ടിയവ സ്വന്തം നാടിനെ ഓര്‍ത്ത്, ആ നാടിനെ അങ്ങനെയൊക്കെ ആക്കിതീര്‍ക്കാനായി കാലങ്ങളായി കഷ്ടപ്പെട്ട, നന്മ നിറഞ്ഞ മനുഷ്യരെയോര്‍ത്ത് നന്ദികൊണ്ട് കണ്ണ് നിറയുന്ന' ഒരു നനുത്ത പട്ടാളഡോക്ടര്‍! ഹൃദയംകൊണ്ട് ജീവിക്കുന്ന ഒരു പട്ടാളക്കാരിയുടെ വരികള്‍ 'റെയിന്‍ബോ'യില്‍ ഏറെ വായിക്കാം. 'സ്നേഹിക്കാത്ത ഒരാളാണ് കൂടെയെങ്കില്‍ ആര്‍ക്ക്, ഏത് യുദ്ധങ്ങള്‍ ജയിക്കാനാവും?', 'കഷ്ടകാലങ്ങളില്‍ നങ്കൂരമാകാനല്ലെങ്കില്‍ പിന്നെ എന്തിനാണ് വിശ്വാസം?'

നേര്‍മയേറിയ ഹാസ്യം സോണിയയുടെ വരികളിലൂടനീളം കുമയോണ്‍ മലനിരകളിലെ വസന്തകാലമഞ്ഞെന്നവിധം തൂവികിടപ്പുണ്ട്. അതിരിലെ യാക്കുകളെകുറിച്ച് പറയുന്നത് നോക്കൂ: 'യാക്കുകള്‍ നോക്കുമ്പോള്‍ ഇപ്പുറത്തും മഞ്ഞ്, അപ്പുറത്തും മഞ്ഞ് ഇപ്പുറത്തും മനുഷ്യര്‍, അപ്പുറത്തും മനുഷ്യര്‍. മനുഷ്യന്‍ നോക്കുമ്പോള്‍ ഇപ്പുറത്ത് ഇന്ത്യ, അപ്പുറത്ത് ചൈന, ഇപ്പുറത്ത് ഇന്ത്യക്കാര്‍, അപ്പുറത്ത് ചൈനക്കാര്‍!' ആഴവും പരപ്പുമുള്ള വായന ഈ എഴുത്തുകാരിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കണിയാന്‍ പുങ്കുന്ത്രനാര്‍, ഖാലിദ് ഹുസൈനി, എം.ടി, സുഗതകുമാരി, എറിക്ക് മറിയ റിമാര്‍ക്ക്, താരാ വെസ്റ്റോവര്‍, ബോബി ജോസ് കട്ടിക്കാട്... അവസാനിക്കാത്ത സാഹിത്യസംസ്‌കൃതിയുടെ പൂര്‍വികപരമ്പര നീളുന്നു.

കാശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ സോണിയ ഒരു തികഞ്ഞ പട്ടാളക്കാരിയാകുന്നുണ്ട്. 'കശ്മീര്‍ എന്നാല്‍ ഇന്ത്യക്ക് വെറുമൊരു പിക്നിക് സ്പോട്ടോ വൈകാരികഭൂമികയോ അല്ല. രാജ്യത്തിന്റെ ജിയോസ്ട്രാറ്റജിക്കല്‍ ആരൂഡമാണ്. ഉയരങ്ങള്‍ എന്ന ഫസ്റ്റ്ലൈന്‍ ഡിഫന്‍സ് ആണ് ഒന്നാംനിര പ്രതിരോധം. ഉയരങ്ങള്‍ നഷ്ടപ്പെടുക എന്നാല്‍ പ്രതിരോധത്തിലും യുദ്ധതന്ത്രത്തിലും ആത്മഹത്യാപരമാണ്.' 'അവസാനത്തെ ആള്‍വരെ അവസാനത്തെ വെടിയുണ്ട വരെ (Till the last man, TIll the last round)' പോരാടുന്ന നമ്മുടെ കാവല്‍ഭടന്മാരുടെ നേരനുഭവങ്ങള്‍ നമ്മെ തീര്‍ച്ചയായുമേറെ വികാരഭരിതരാക്കും.

'ഭൂപടത്തില്‍ നിറയെ അതിരുകള്‍ കുത്തിവരച്ചുവച്ചത് നമ്മളാരുമല്ല; അതിരുകള്‍ അപ്രത്യക്ഷമാകുന്ന ഒരു മോഹനകാലമാണ് മനസില്‍ നന്മയുള്ളവരുടെയെല്ലാം സ്വപ്നം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും കാവല്‍ കൂടിയേ തീരൂ. ലോകം മുഴുവന്‍ സമാധാനാഭിവാഞ്ച്ഛയിലേക്ക് ഉയരുന്ന ആ നല്ല കാലം വരെയെങ്കിലും. നന്മയ്ക്ക് കാവല്‍ വേണ്ടെന്ന് കരുതിയ ടിബറ്റിന് എന്തു സംഭവിച്ചുവെന്നത് വര്‍ത്തമാനകാലപാഠമാണ്' എന്നത് ശക്തമായ ഒരു സൈനികതന്ത്ര സ്റ്റേറ്റ്മെന്റ് ആണ്. 'അതിരുകള്‍ കാക്കുക എന്നാല്‍ സ്നേഹവും നന്മയും സംരക്ഷിക്കുക എന്നു കൂടിയാണ്' എന്നു വായിച്ചപ്പോള്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'Mending Wall' ഓര്‍മവന്നത് എനിക്ക് മാത്രമായിരിക്കില്ല.

ഒരു പട്ടാളക്കാരിയുടെ യുദ്ധത്തിന്റെയും യുദ്ധഭൂമികളുടെയും ഓര്‍മ്മകളിലൂടെ സമാധാനത്തിലേക്കുള്ള ഒരു ഉണര്‍ത്തുപാട്ടുകൂടിയാണ് ഈ പുസ്തകം. സോണിയ ചോദിക്കുന്നുണ്ട്: 'കുറെ വര്‍ഷങ്ങള്‍ക്കുശേഷം എന്താവും ഈ യുദ്ധങ്ങളുടെയെല്ലാം പ്രസക്തി? നമ്മുടെ ഓര്‍മ്മകളും അറിവുകളും വീണ്ടുവിചാരങ്ങളും എന്തുകൊണ്ട് നമ്മെ രക്ഷിക്കുന്നില്ല?'

ഇന്ത്യന്‍ റെയിന്‍ബോ ഏതൊരു വായനക്കാരന്റെയും ശേഖരത്തില്‍ ഉണ്ടാവേണ്ടത്, ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന തുറവിയുള്ള ബോധ്യങ്ങള്‍ കൊണ്ടുകൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. 'എഴുതിയതെല്ലാം നല്ല ഓര്‍മ്മകളാണ്; കണ്ടുമുട്ടിയ നല്ല മനുഷ്യരെകുറിച്ചുമാണ്- സങ്കടങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല, സങ്കടങ്ങളെയും സങ്കടപ്പെടുത്തിയ മനുഷ്യരെയും ചുമന്നുനടന്നിട്ടില്ല എന്നതുകൊണ്ടാണ്; പ്രകാശമുള്ള മനുഷ്യരും അവര്‍ തന്ന സ്നേഹവും കല്ലില്‍ കൊത്തിയ പോലെ ചങ്കില്‍ പതിഞ്ഞു കിടക്കുമ്പോള്‍ സങ്കടപ്പെടുത്തിയവരെ പ്രത്യേകിച്ച് ഓര്‍ത്തിരിക്കേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നാഞ്ഞതു കൊണ്ടാണ്.

സങ്കടങ്ങള്‍ വഴിയില്‍തന്നെ ഇട്ടിട്ടു പോന്നു' എന്ന് വൃത്തിയുള്ള ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ സ്റ്റേറ്റ്മെന്റ് അതാണ് ഇന്ത്യന്‍ റെയിന്‍ബോയുടെ ആത്മാവ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രചാരത്തിനും പ്രശസ്തിക്കും വേണ്ടി നവകാലഭാഷയില്‍ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും വൈറലാവാനും വേണ്ടി ഓര്‍മപുസ്തകങ്ങളില്‍ അന്തസ്സില്ലായ്മയും പരനിന്ദയും കോരിയൊഴിക്കുന്ന കെട്ടകാലത്ത് ഈ പുസ്തകം നെറിവുള്ള ഒരു മാതൃകയാണ്.

നന്ദി സോണിയ... മലയാളത്തിന് തന്ന ഈ നനുത്ത പട്ടാളകഥകള്‍ക്ക്, ത്രസിപ്പിക്കുന്ന ദേശീയബോധചിന്തകള്‍ക്ക്, ഭ്രമാത്മകമായ ബ്രഷ്സ്ട്രോക്ക്സ് പോലെ മിഴിവുള്ള, നന്മയുള്ള മനുഷ്യരുടെ ചിത്രങ്ങള്‍ക്ക്...


Content Highlights: Indian rainbow book, Lt. Colonel Dr. Sonia Cherian, Book review by Boby Jose Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented