ജീവിതം പൂത്ത ഇടങ്ങളിലെ നിലാവെട്ടവുമായി ഗിരിജ വാര്യര്‍


By ഡോ. സ്വപ്ന സി. കോമ്പാത്ത്

3 min read
Read later
Print
Share

" ജീവിച്ചുതീര്‍ത്ത കാലത്തെക്കുറിച്ച് പറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വേദനിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമായ ഒട്ടനവധി കാര്യങ്ങളാണല്ലോ ഒരു മനുഷ്യന്റെ  ഇന്നലകളെ നിര്‍ണ്ണയിച്ചിട്ടുണ്ടാവുക."

ഗിരിജ വാര്യരും മകൾ മഞ്ജു വാര്യരും | ഫോട്ടോ: എൻ.എം. പ്രദീപ്‌

​ഏതൊരു മനുഷ്യന്റെയുള്ളിലും അവസരം കിട്ടിയാല്‍ അരങ്ങുതകര്‍ക്കുന്ന അസാമാന്യനായ ഒരു കഥപറച്ചിലുകാരന്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരനും ഗാനരചയിതാവുമായ റോബര്‍ട്ട് മൂര്‍ ആണ്. ഉള്ളിനുള്ളിലെ ആ കഥപറച്ചിലുകാരാണ് ഒരാളെ സാഹിത്യകാരനോ സാഹിത്യകാരിയോ ആക്കുന്നത് എന്നത് നിസ്തര്‍ക്കമാണ്. എല്ലാതരം എഴുത്തുകളില്‍ നിന്നും വ്യത്യസ്തമാണ് ആത്മകഥാരചന. ജീവിച്ചുതീര്‍ത്ത കാലത്തെക്കുറിച്ച് പറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വേദനിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമായ ഒട്ടനവധി കാര്യങ്ങളാണല്ലോ ഒരു മനുഷ്യന്റെ ഇന്നലെകളെ നിര്‍ണ്ണയിച്ചിട്ടുണ്ടാവുക. അനുഭവക്കുറിപ്പുകളിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയും ഒരാള്‍ പറയാന്‍ ശ്രമിക്കുന്നത് അയാളുടെ ജീവിതത്തെ മാത്രമല്ല, ആ ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ച മറ്റനേകം ജീവിതങ്ങളെയും വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും പ്രകൃതിയെയും കൂടിയാണ്. ഇവക്കെല്ലാം നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ്.

ജനശ്രദ്ധ നേടിയിട്ടുള്ള പലരും തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രേരണയാകട്ടെ എന്ന ചിന്തയിലാണ് സ്വന്തം അനുഭവങ്ങള്‍ എഴുതിത്തുടങ്ങുന്നത്. പ്രശസ്തരായവരുടെ നിഴലില്‍ നില്‍ക്കുന്നവരെ നമ്മള്‍ കണ്ടെന്നു വരാറില്ല. മലയാള സിനിമയും അവിഭാജ്യ ഘടകങ്ങളായ മഞ്ജുവാര്യരുടെയും മധുവാര്യരുടെയും അമ്മ എന്നല്ലാതെ ഗിരിജ വാര്യരെ മലയാളി മനസ്സിലാക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ക്യാന്‍സറിനെ അതിജീവിച്ച അവര്‍ നൃത്തം പഠിച്ചതും അരങ്ങേറിയതും കണ്ടപ്പോഴാണ് അവരുടെ ആത്മധൈര്യത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മലയാളിക്ക് മനസ്സിലായത്. പക്ഷേ വളരെ പണ്ടുമുതലേ ഭംഗിയായി എഴുതിയിരുന്ന ഒരു കഥാകൃത്താണ് പ്രത്യേകിച്ചും, മാതൃഭൂമി പോലുള്ള ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിയിരുന്ന ഒരു വ്യക്തി കൂടിയാണ് ഗിരിജ വാര്യര്‍ എന്ന് പലരും അറിയാതെ പോയി. ഗൃഹലക്ഷ്മിയില്‍ 'നിലാവെട്ടം' എന്ന പംക്തി പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോഴാണ് ഹൃദ്യമായ ഒരു ശൈലിയാണ് അവരുടേതെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച ഓര്‍മക്കുറിപ്പുകളിലെ. തിരഞ്ഞെടുക്കപ്പെട്ട 39 ലേഖനങ്ങളാണ് 'നിലാവെട്ടം' എന്ന പേരില്‍ ഇപ്പോള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 'ഒരു കാപട്യവുമില്ലാത്ത ഭാഷ ' എന്നാണ് പുസ്തകത്തിന് അവതാരിക എഴുതിയ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഈ കൃതിയുടെ പ്രത്യേകതയായി ചൂണ്ടി കാണിക്കുന്നത്. 'നമ്മളും ഈ വഴിയിലൂടെ ആണല്ലോ സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍ വീട്ടുകോലായിലിരുന്ന് ഗിരിജ വാര്യര്‍ നമ്മളോട് നേരിട്ട് സംസാരിക്കുകയാണെന്നേ തോന്നൂ. അതുതന്നെയാണ് നിലാവെട്ടത്തിന്റെ ഭംഗിയും പ്രത്യേകതയും എന്നാണ് സത്യന്‍ അന്തിക്കാട് അവകാശപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് 'ലളിതം സുന്ദരം' എന്ന് തന്നെ പറയാം.

ആലഭാരങ്ങളില്ല, പ്രത്യേകിച്ചൊരു ക്രമവുമില്ലാതെ ഓര്‍മ്മകളെ അടുക്കിവെക്കുന്നതുകൊണ്ട് വായനക്കാരന് പ്രത്യേക ബാധ്യതകളുമില്ല. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ആഖ്യാനമായതുകൊണ്ടുതന്നെയുള്ള ചിരപരിചിതസ്വഭാവമാണ് ഈ കൃതിയുടെ സവിശേഷത.

എഴുത്തുകാരി, നര്‍ത്തകി എന്നിവയ്ക്കുമപ്പുറം ചിത്രകാരി എന്നുകൂടെ പരിഗണിക്കേണ്ടിയിരിക്കുന്ന ഒരു പ്രതിഭയാണ് ഗിരിജ വാര്യര്‍. ഈ പുസ്തകം മുഴുവന്‍ പലതരം ഗന്ധങ്ങളും നിറരുചികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ഇക്കണ്ടുമാനെ ഓര്‍ത്ത് ഒരു മണ്ഡലക്കാലം കൂടി' എന്ന ഒന്നാം അധ്യായം മുതല്‍ നിറങ്ങളുടെ ആഘോഷമാണ് ഭക്ഷണത്തിലെ ചുവന്ന ചട്ണിയും അയ്യപ്പന്റെ അമ്പലത്തിലെ കളമെഴുത്തുപാട്ടും ഉദാഹരണമായി എടുക്കാം. 'പലനിറത്തിലുള്ള പൊടികള്‍ കൊണ്ട് കുറുപ്പമ്മാവന്‍ അയ്യപ്പന്റെ രൂപം വരച്ചെടുക്കുന്നു. പലതരം പൊടികള്‍ കൊച്ചു കൊച്ചു കുന്നുകളാക്കി അതിനുനടുവില്‍ തള്ളവിരല്‍ കൊണ്ട് അമര്‍ത്തി കുഞ്ഞുകുഴികള്‍ ഉണ്ടാക്കും. ആ കുഞ്ഞുകുഴികളില്‍ വേറെ നിറത്തിലുള്ള പൊടികള്‍ നിറച്ച് രൂപപ്പെടുത്തുന്ന ഡിസൈനുകള്‍ വിസ്മയമായിരുന്നു' ഒന്നാം അധ്യായത്തില്‍ കളംപാട്ടിനെക്കുറിച്ച് പറയുന്നിടത്തുനിന്ന് ഈ നിറവര്‍ണ്ണനകള്‍ ആരംഭിക്കുന്നു.

അടിച്ചു മിനുക്കിയ മുറ്റങ്ങള്‍ ചാണകം മെഴുകി ഇളംപച്ച മേലങ്കി അണിയും, പച്ചപ്പാടത്തിനുമേല്‍ മൂടല്‍മഞ്ഞിന്റെ ചാരനിറത്തിലുള്ള കമ്പിളിപുതപ്പ് വിരിച്ചുതുടങ്ങി മാനം എന്നൊക്കെ കാല്പനികമായി പറയുന്നിടുത്ത് നിറമാണ് പ്രധാന ഘടകമായി വര്‍ത്തിക്കുന്നത്. തലയിലൂടെ പച്ച പെയിന്റ് ഒഴുകി ഇറങ്ങിയ കുഞ്ഞു മഞ്ജുവും, പടിഞ്ഞാറന്‍ ചക്രവാളത്തിലെ അന്തിച്ചുവപ്പും, കിഴക്കേമാനത്ത് വര്‍ണ്ണവിതാനം ഒരുക്കുന്ന സൂര്യനും, വെള്ളയും റോസും നിറത്തിലുള്ള താമരകള്‍ നിറഞ്ഞുനില്‍ക്കുന്ന മലര്‍ക്കുളവും, പറക്കോട്ടുകാവിലെ വേലയ്ക്ക്, കുഞ്ഞ് കടകളില്‍ നിറച്ചു വെച്ചിരിക്കുന്ന തീറ്റ സാധനങ്ങള്‍ പ്രത്യേകിച്ച് പിങ്കും വെള്ളയും നിറത്തിലുള്ള പെന്‍സില്‍ മിഠായികളും ഓറഞ്ച്, മഞ്ഞ, വെള്ള നിറമുള്ള ഹല്‍വകളും പിങ്ക് നിറത്തിലുള്ള തുപ്പലുമിട്ടായികളും എല്ലാം നിറഭേദമില്ലാതെ വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു.

പുസ്തകത്തിന്റെ കവര്‍

ഏറ്റവും സുന്ദരമായി ഗിരിജ വാര്യര്‍ പറയുന്നത് 'പുള്ള്' എന്ന ഗ്രാമത്തെക്കുറിച്ചാണ്. 'പുള്ളി'ന്റെ മുഖം ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് മാറുന്നത് ഒരു അത്ഭുതമായിരുന്നു. വര്‍ഷകാലത്ത് ഒരു വെള്ളിക്കഷണം പോലെയുള്ള ജലപരപ്പ് ആയിരിക്കും. അത് കഴിയുമ്പോള്‍ നെല്‍ചെടികളുടെ പച്ചപ്പട്ട് വാരിയണിയും പുള്ള്'. പിന്നെ നെല്ല് വിളഞ്ഞുതുടങ്ങുമ്പോള്‍ പട്ടിന്റെ നിറം മഞ്ഞയാകും. കൊയ്ത്തുകഴിയുമ്പോഴേക്കും അത് ഇളം തവിട്ടുനിറത്തിലുള്ള വേറൊരു പട്ടു കുപ്പായമാവും 'എന്നിങ്ങനെയാണ് പുള്ള് നിറം മാറുന്നത്. ആദ്യമായി മാധവേട്ടനെ കണ്ട കാര്യംസൂചിപ്പിക്കുന്ന 'എങ്ങനെ മറക്കും ആ ഓണക്കാലം' എന്ന ലേഖനത്തില്‍ 'ഞാന്‍ ഉടുത്തിരുന്ന സാരിയുടെ അതേ റോസ് നിറമുള്ള ഷര്‍ട്ട് ഇട്ടു ദൂരെ മാറിനിന്ന് എന്നെ ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരന്‍ 'എന്നാണ് എഴുതിയിട്ടുള്ളത്.

തിരുവില്വാമലയില്‍ നിന്ന് പുള്ളുവഴി നാഗര്‍കോവില്‍ വരെയെത്താം പരന്നു കിടക്കുന്ന സ്വന്തം ഇടങ്ങളെയാണ് ഗിരിജ വാര്യര്‍ 'നിലാവെട്ട'ത്തിലൂടെ അവതരിപ്പിക്കുന്നത്. ഗ്രാമവും നഗരവും കടപ്പുറങ്ങളും ഉത്സവങ്ങളും റോഡുകളുംഅവരുടെ വാക്കുകള്‍ക്കൊപ്പം വഴി നടക്കുന്നതുപോലെ തോന്നും. തിരുവില്വാമലയുടെ ചരിത്രവും ഭാരതപ്പുഴയുടെ ചരിത്രവും തൃശൂര്‍ പൂരത്തിന്റെ ചരിത്രവും ആറാട്ടുപ്പഴയുടെ ചരിത്രവും പുള്ളിന്റെ ചരിത്രവും എല്ലാം ഈ വാക്കുകളിലൂടെ വേര്‍തിരിച്ചെടുക്കാനാകും. ഗിരിജ വാര്യര്‍ എന്ന മകള്‍, സഹോദരി, ഭാര്യ, മരുമകള്‍, അമ്മ തുടങ്ങിയവരെയെല്ലാം നമുക്ക് ചിരപരിചിതരായി തോന്നുന്ന രീതിയാണ് ഈ എഴുത്തിന്റെ പ്രത്യേകത. പക്ഷേ സത്യസന്ധമായി പറയുകയാണെങ്കില്‍ ഗിരിജ വാര്യര്‍ എന്ന അപൂര്‍വ സുഹൃത്തിനെയാണ് ആദിമധ്യാന്തം ഈ പുസ്തകം രേഖപ്പെടുത്തിയിട്ടുള്ളത്. ബാല്യംമുതല്‍ അവര്‍ പിന്തുടരുന്ന സൗഹൃദങ്ങളുടെ ആഘോഷമാണ് ഈ പുസ്തകമെന്നും നിസ്സംശയം പറയാവുന്നതാണ്.

Content Highlights: Girija Warrier, Nilavettom book review, Swapna C. Kombath, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
E Santhosh Kumar

4 min

'ജ്ഞാനഭാരം'; ചില പുസ്തകങ്ങളിലെ ചില മനുഷ്യര്‍

Jun 8, 2021


Book Review

3 min

അഷ്ടദേശങ്ങളിലേക്കിഷ്ടയാത്രകള്‍

Apr 3, 2023


Sonia cheriyan book

3 min

ഇന്ത്യന്‍ റെയിന്‍ബോ; മനസ്സിലിടം പിടിക്കുന്ന, മിഠായി പോലുള്ള പട്ടാളക്കഥകള്‍

Mar 15, 2023

Most Commented