പുസ്തകപ്രകാശനചടങ്ങിൽനിന്ന്. മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം.
പ്രശസ്തസിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കയ്യില്‍നിന്ന് ഗിരിജാ വാര്യരുടെ നിലാവെട്ടം എന്ന പുസ്തകം അവരുടെ പ്രശസ്തരായ മക്കളുടെ സാന്നിദ്ധ്യത്തില്‍ സമ്പന്നമായ ഒരു സദസ്സിനെ സാക്ഷി നിര്‍ത്തി ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.
ഗിരിജാവാര്യര്‍ എഴുപതുകളുടെ ആദ്യത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകളെഴുതിയിരുന്നു. സത്യന്‍ അന്തിക്കാടും ഞാനുമൊക്കെ ബാലപംക്തിയിലെങ്കിലും ഒരു കഥ പ്രസിദ്ധീകരിച്ചു കാണാന്‍ പരിശ്രമിക്കുന്ന കാലമായിരുന്നു അത്. നാലോ അഞ്ചോ മാത്രമേ കാണൂ. പക്ഷേ അവര്‍ അന്നെഴുതിയ കഥകള്‍ എല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. അത് എന്നെ ആകര്‍ഷിച്ചിരുന്നു. എം. ടി. വാസുദേവന്‍ നായരുടെ ശൈലിയിലായിരുന്നു ആ കഥകള്‍ എന്നാണ് എന്റെ ഓര്‍മ്മ. അതിലത്ഭുതമില്ല. അക്കാലത്ത് ഞങ്ങളില്‍പ്പലര്‍ക്കും അദ്ദേഹത്തിന്റെ സ്വാധീനമുണ്ടായിരുന്നു.
എന്റെ ബന്ധുവായ തിരുവില്വാമലക്കാരി നിര്‍മ്മല തന്റെ സഹപാഠിയായിരുന്ന ഒരു ഗിരിജാവാര്യരെപ്പറ്റി പറഞ്ഞതു കേട്ടപ്പോള്‍ അവര്‍ പണ്ട് കഥയെഴുതിയിരുന്ന ഗിരിജാവാര്യരാണോ എന്ന് ഞാന്‍ അന്വേഷിച്ചു. അതെയെന്നും അവരുടെ മകളാണ് പ്രശസ്തയായ നടി മഞ്ജു വാര്യരെന്നും നിര്‍മ്മല അറിയിച്ചു. ഇത് പത്തുപതിനെട്ടു കൊല്ലങ്ങള്‍ക്കു മുമ്പാണ്.
ഈ വിവരം പല സാഹിത്യസദസ്സുകളിലും ഞാന്‍ മറ്റുള്ളവരെ അറിയിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് അതൊരു വാര്‍ത്തായവുമല്ലോ എന്ന് ഞാന്‍ കരുതിയെങ്കിലും അവരൊന്നും അതിന്റെ പിന്നാലെ പോയില്ല. ഗിരിജാവാര്യരുടെ കഥകള്‍ പഴയ ആഴ്ചപ്പതിപ്പുകളില്‍നിന്ന് ചികഞ്ഞെടുക്കാന്‍ ഞാന്‍ സാഹിത്യ അക്കാദമിയുടെ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തിലെ ക്യൂറേറ്ററായ മനീഷാ പാങ്ങിലിന്റെ സഹായം തേടി. മനീഷ മിക്കവാറും എല്ലാ കഥകളും തപ്പിയെടുക്കുകയും ചെയ്തു.
ഇതിനിടെ എന്റെ ഒരനുജത്തിയായ ശൈലജാകുമാര്‍ വഴി ഗിരിജാവാര്യരുമായി ബന്ധം സ്ഥാപിക്കാനിടയായി. അവര്‍ ഗൃഹലക്ഷ്മിയില്‍ നിലവെട്ടം എന്ന കോളം തുടങ്ങിയിട്ടുണ്ടെന്ന് അങ്ങനെയാണറിഞ്ഞത്. ഗൃഹലക്ഷ്മി സ്ഥിരമായി കാണാറില്ല. എന്നാലും ഒന്നോ രണ്ടോ ലക്കം ഞാന്‍ തേടിപ്പിടിച്ചു വായിച്ചു. പണ്ടത്തെ ചില ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്നതിനപ്പുറം തല്‍ക്കാലം ആ കോളം എന്നെ അത്രയൊന്നും ആകര്‍ഷിച്ചില്ല എന്നതു സത്യം.
അതില്‍പ്പിന്നെയാണ് മാതൃഭൂമി ബുക്സ് അതില്‍നിന്ന് 39 എണ്ണം തിരഞ്ഞെടുത്ത് പുസ്തകരൂപത്തിലാക്കുന്നുണ്ടെന്ന് അറിയുന്നത്. അതിന്റെ പ്രകാശനത്തില്‍ പുസ്തകം ഏറ്റുവാങ്ങാനുള്ള ദൗത്യമേറ്റപ്പോഴാണ് അത് മുഴുവനും വായിക്കാനുള്ള അവസരം കിട്ടിയത്. കോളത്തെപ്പറ്റി ആദ്യമുണ്ടായിരുന്ന ധാരണയൊക്കെ അത് പൊളിച്ചെഴുതി.
നിലാവെട്ടത്തെ രണ്ടേ രണ്ടു വാക്കുകളില്‍ വിലയിരുത്തണമെങ്കില്‍ അതിന് ഈ പുസ്തകത്തിലെത്തന്നെ ഒരധ്യായത്തിന്റെ പേരാണ് ഞാന്‍ തിരഞ്ഞെടുക്കുക: ഇരമ്പിയാര്‍ക്കുന്ന ഗതകാലം. അത് നിലാവെട്ടത്തിന് ഒരു ടാഗ് ലൈന്‍ പോലെ ശോഭിക്കും. അത്രമാത്രം ഓര്‍മ്മകളുടെ ഒരു കുത്തിയൊഴുക്കാണ് നിലാവെട്ടം.
എത്രയെത്ര കഥാപാത്രങ്ങള്‍, എത്രയെത്ര സ്ഥലരാശികള്‍, എത്രയെത്ര വീടുകള്‍, എത്രയെത്ര പൂവുകള്‍, എത്രയെത്ര സസ്യജാലങ്ങള്‍, എത്രയെത്ര ഋതുക്കള്‍, എത്രയെത്ര അമ്പലങ്ങള്‍, എത്രയെത്ര വഴിപാടുകള്‍, എത്രയെത്ര പ്രാര്‍ത്ഥനകള്‍, എത്രയെത്ര ഉത്സവങ്ങള്‍...വിഷുവും ഓണവും തിരുവാതിരയും മഴയും വെയിലും മഞ്ഞും മണ്ഡലക്കാലവും അതിന്റെ എല്ലാ ഗന്ധ-ശബ്ദ-വര്‍ണ്ണ-രുചികളോടെ നിറഞ്ഞാടുകയാണ് നിലാവെട്ടത്തില്‍. അത്തരം ഓര്‍മ്മകളില്‍ ഗിരിജാവാര്യര്‍ അര്‍മാദിക്കുകയാണ് എന്നുതന്നെ പറയണം.
കഥാപാത്രങ്ങള്‍ നൂറിലധികമുണ്ട്. ഇക്കണ്ടുമാന്‍, കുട്ട്യേട്ടന്‍, റോസിലിന്‍, മാട്ട്യേടത്തി, തൃപ്പൂണിത്തുറയിലെ സ്വാമിയും മാമിയും, സുഭദ്രേടത്തി, ചിരങ്ങുകാരന്‍ കുട്ടന്‍, സാവിത്രിയേടത്ത്യമ്മ, വൈദ്യന്‍ കൃഷ്ണേട്ടന്‍, തങ്കച്ചേച്ചി, അവരുടെ ഭര്‍ത്താവ് കൃഷ്ണേട്ടന്‍, കുഞ്ഞുക്കുട്ടേട്ടന്‍, സുമ, ശ്രീലോപ്പോള്‍...ഗിരിജാവാര്യരുടെ അച്ഛനും അമ്മയുമൊക്കെ ഇതിലെ മിഴിവുള്ള കഥാപാത്രങ്ങളാണ്.
അച്ഛന്‍ എന്നു പേരുള്ള ഒരധ്യായം തന്നെയുണ്ട്. അമ്മയുടെ മരണശേഷം സ്വന്തം വീടു വിട്ട് മക്കളുടെ അടുത്തേയ്ക്കു താമസം മാറ്റേണ്ടിവരുന്ന അച്ഛനെ നമുക്ക് അതില്‍ കാണാം. തിരുവില്വാമലയിലെ വീട്ടിലേയ്ക്ക് തിരിഞ്ഞുനോക്കി നോക്കി അച്ഛന്‍ യാത്രയാവുമ്പോള്‍ അത് അവിടന്നുള്ള അവസാനത്തെ യാത്രയാവുമെന്ന് ഗിരിജയും മറ്റുള്ളവരും സങ്കല്‍പ്പിച്ചിരുന്നേയില്ല. മക്കളുടെ അടുത്തുള്ള മാറിമാറിത്താമസത്തിനിടയില്‍ ബോംബെയില്‍ വെച്ചാണ് അച്ഛന്‍ മരിക്കുന്നത്. ആ ഭാഗം വായിക്കുമ്പോള്‍ നമ്മുടെ കണ്ണും നിറയാതിരിക്കില്ല. മലയാളത്തിലെ മികച്ച കഥകളോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ് ഈ അധ്യായം.
ഓരോ കഥാപാത്രത്തേക്കുറിച്ച് വായിക്കുമ്പോഴും അവര്‍ ഇപ്പോള്‍ മരിച്ചുപോയിട്ടുണ്ടാവുമല്ലോ എന്നൊരു തോന്നല്‍ നമ്മളില്‍ ഇടം പിടിക്കും. കാരണം ഏകദേശം അര നൂറ്റാണ്ടു മുമ്പുള്ള ജീവിതങ്ങളേപ്പറ്റിയാണല്ലോ ഗിരിജാവാര്യര്‍ എഴുതുന്നത്. നമ്മുടെ വിചാരം പോലെത്തന്നെ അവരുടെ മരണത്തേപ്പറ്റിയുള്ള പരാമര്‍ശത്തോടെയാണ് പല അധ്യായങ്ങളും അവസാനിക്കുന്നത്. എന്നാല്‍ മരണത്തേക്കാളും ദുരന്തം ഏറ്റുവാങ്ങുന്ന ശ്രീലോപ്പോളുടെ ജീവിതമാണ് നമ്മളെ ഏറ്റവും ദുഃഖത്തിലാഴ്ത്തുക. സുമയുടെ ജീവിതവും ദുരന്തപൂര്‍ണ്ണമാവുന്നത് നമ്മുടെ കണ്ണുകളെ നനയിക്കും.
ഗിരിജാവാര്യര്‍ കഥയെഴുത്തു നിര്‍ത്തിയത് കഷ്ടമായി എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഗിരിജാവാര്യര്‍ മാത്രമൊന്നുമല്ല. അറുപതുകളിലും എഴുപതുകളിലും എഴുത്തു തുടങ്ങിയവരില്‍പ്പലരും അത് എവിടെയൊക്കെയോ നിര്‍ത്തിപ്പോയിട്ടുണ്ട്. പ്രത്യേകിച്ചും എഴുത്തുകാരികള്‍. ജീവിച്ചിരിക്കേ അകാലചരമമടഞ്ഞവര്‍ എന്നാണ് അല്‍പം വിഷമത്തോടെ ഞങ്ങള്‍ അവരേപ്പറ്റി പറയാറുണ്ട്. വിവാഹം കഴിയുന്നതോടെ എഴുത്തുനിര്‍ത്തിയവര്‍ എന്ന് ചിലര്‍ അവരെ അധിക്ഷേപിക്കാറുണ്ട്. പക്ഷേ ഒരു തരത്തിലും അതില്‍ അവരെ കുറ്റം പറയാനാവില്ല. ആണെഴുത്തുകാര്‍ക്കുള്ള സൗകര്യമോ സ്വാതന്ത്ര്യമോ അരനൂറ്റാണ്ടു മുമ്പ് പെണ്ണെഴുത്തുകാര്‍ക്കു കിട്ടാറില്ല എന്നത് ഒരു സത്യമാണ്.
ഗിരിജാവാര്യര്‍ കഥയെഴുത്തു നിര്‍ത്തിപ്പോയതില്‍ ഉണ്ടായിരുന്ന പരിഭവം അപ്പാടെ തീര്‍ന്നുപോയി എന്നതാണ് നിലാവെട്ടത്തിന്റെ വായനയില്‍ എനിക്കുണ്ടായ ഫലശ്രുതി. കാരണം ഓരോ അദ്ധ്യായവും ഓരോ ചെറുകഥ പോലെ മികവുറ്റതാണ്. കവിത തുളുമ്പുന്ന ഒരു ഭാഷയുണ്ട് ഗിരിജയ്ക്ക്. അച്ഛന്റെ വാരിയത്തേയ്ക്കുള്ള യാത്രയില്‍ മരുമക്കളുടെ വീടുകള്‍ അടുക്കിവെച്ച കുറേ കിണ്ണങ്ങള്‍ തട്ടിമറിഞ്ഞതുപോലെ എന്നെഴുതുമ്പോഴും സ്വന്തം വാരിയത്തേയ്ക്കുള്ള യാത്രയില്‍ വീടിനേപ്പറ്റി അടുപ്പുകൂട്ടിയ കല്ലുകള്‍ തട്ടിനിരത്തിയതു പോലെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വെറും മണ്ണായിത്തീര്‍ന്നിരിക്കുന്നു എന്ന് എഴുതുമ്പോഴും ഗിരിജയിലെ കവിയെ നമുക്കു ദര്‍ശിക്കാനാവും. പുള്ളിനെപ്പറ്റി വാക്കുകളില്‍ വരച്ചുവെച്ചിരിക്കുന്ന ചിത്രങ്ങളുടെ ചാരുത വായിച്ചുതന്നെ അറിയണം.
ഇന്നു കേരളത്തിന് ഏറെക്കുറെ അന്യമായ കൂട്ടുകുടുംബവ്യവസ്ഥയുടെ കെട്ടുറപ്പും ബന്ധങ്ങള്‍ക്കുള്ള ഇഴയടുപ്പവും നിലാവെട്ടത്തില്‍ തെളിയുന്നുണ്ട്. അര നൂറ്റാണ്ടു മുമ്പുള്ള കേരളീയജീവിതത്തിന്റെ ഒരു നേര്‍പ്പകര്‍പ്പാണ് ഈ പുസ്തകം. അതുകൊണ്ടു തന്നെ ഇത് നമ്മുടെ ചരിത്രത്തിന്റെ ഒരു ആഖ്യാനം കൂടിയാവുന്നുണ്ട്.
സ്വന്തം കുട്ടികളുടെ ബാല്യത്തേപ്പറ്റി പലയിടത്തും പരാമര്‍ശമുണ്ടെങ്കിലും പില്‍ക്കാലത്ത് പ്രശസ്തരായ അവരേപ്പറ്റി ചെറിയൊരു സൂചന പോലും ഈ പുസ്തകത്തിലില്ല എന്നത് എടുത്തുപറയേണ്ടതാണ്.
സത്യന്‍ അന്തിക്കാട് ഗൃഹലക്ഷ്മി എഡിറ്റര്‍ വിശ്വനാഥനോട് പറഞ്ഞിട്ടാണ് ഗിരിജാവാരിയരെ അതില്‍ കോളം ചെയ്യാന്‍ ക്ഷണിച്ചതെന്ന് അവതാരികയില്‍ അദ്ദേഹം പറയുന്നുണ്ട്. സത്യനു നന്ദി, വിശ്വനാഥനു നന്ദി, ഗൃഹലക്ഷ്മിക്കു നന്ദി, പുസ്തകമാക്കിയ മാതൃഭൂമി ബുക്സിനും നന്ദി.
Content Highlights: Girija Warrier, Manju Warrier, Madhu Warrier, Sathyan Anthikkad, Ashtamoorthi, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..