ജി. വിക്രമൻ നായർ, ജോർജ് സിമെനോൺ
ലോകം കണ്ട എക്കാലത്തെയും വലിയ നോവലിസ്റ്റുകളിലൊരാളായ ഷോര്‍ഷ് സിമെനോണിന്റെ പ്രസിദ്ധ കുറ്റാന്വേഷണ പരമ്പരയായ മെയ്ഗ്രേ കഥകളിലെ 3 പുസ്തകങ്ങള്‍- മെയ്ഗ്രേയുടെ പരേതന്‍ (പരിഭാഷ: സംഗീത ശ്രീനിവാസന്‍), മെയ്്രേഗ കെണിയൊരുക്കുന്നു (പരി: പ്രവീണ്‍ ചന്ദ്രന്‍), മെയ്ഗ്രേ മൂന്നു വിധവകളുടെ വഴിയില്‍ (പരി: സച്ചു തോമസ്) -മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിമെനോന്‍ കൃതികള്‍ ആദ്യമായാണ് മലയാളത്തില്‍ വരുന്നത്. സിമെനോണിന്റെ നോവലുകള്‍ വായിച്ച് ആകൃഷ്ടനായ മലയാളിയായ ബംഗാളി പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിക്രമന്‍ നായര്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ 'ഒരു ലോകം പല കാലം' എന്ന പുസ്തകത്തില്‍ എഴുതിയത്.
കുറ്റാന്വേഷണ സാഹിത്യകാരന്‍ എന്നാണ് സിമെനോന്‍ പരക്കെ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രമായ ഷൂള്‍ മെയ്ഗ്രേ ഫ്രഞ്ചു വായനക്കാര്‍ക്ക് ഏറെ സുപരിചിതനാണ്. ബ്രിട്ടീഷുകാര്‍ക്ക് ഷെര്‍ലക് ഹോംസുപോലെയോ ഹെര്‍ക്യുള്‍ പൊയ്റൊട്പോലെയുമാണത്. അലെന്‍ പോയുടെ മൊസിയെ ദുപൊയില്‍ നിന്നു തുടങ്ങി മൈക്കള്‍ ഇനേസിന്റെ ലാറ്റിന്‍ ഗ്രീക്ക് പണ്ഡിതനായ കുറ്റാന്വേഷകന്‍ ആപ്പിള്‍ബയ് വരെ നീളുന്ന എന്റെ കുറ്റാന്വേഷണ വായനാലോകത്ത് ഒരു പ്രത്യേക കാരണത്താലാണ് സിമെനോന്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്നത്. മെയ്ഗ്രേ ഒരു കുറ്റാന്വേഷകനല്ല. പൊലീസ് ഇന്‍സ്പെക്ടറാണ്. പാരീസിലെ കെ ദൊര്‍സി സ്റ്റേഷനില്‍ പ്രവര്‍ത്തനനിരതനായ കേവലമൊരു പൊലീസ് ഓഫീസര്‍മാത്രം! കുട്ടികളില്ലാത്ത, പണിയെടുത്ത് തളര്‍ന്നവശനായ മെയ്ഗ്രേ അതിബുദ്ധിമാനും അതിസാഹസികനുമായിരുന്നു. ഷെര്‍ലക് ഹോംസിനെപ്പോലെ വിഖ്യാത കഥാപാത്രത്തിന്റേതായ ഒരു പ്രത്യേകതയും അവകാശപ്പെടാന്‍ ഇല്ലാത്ത, എന്നാല്‍ ഉത്തരവാദിത്തബോധമുള്ള ഒരു പൊലീസ് ഓഫീസറുടെ എല്ലാ ഗുണങ്ങളും ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. നമുക്കേറെ പരിചിതമായ സാധാരണക്കാരുടെ ലോകംതന്നെയായിരുന്നു മെയ്ഗ്രേയുടേതും. അതില്‍ പലചരക്കുകട നടത്തുന്നവരും, ഗുമസ്തരും വൈകീട്ട് ഭാര്യയും കുട്ടികളുമായി കറങ്ങാന്‍ പോകുന്നവരും ഉള്‍പ്പെട്ടിരുന്നു. ആ സാധാരണക്കാര്‍ക്കിടയിലേക്കാണ് ഒരു ഡൈവിംഗ് വിദഗ്ദ്ധനെപ്പോലെ സിമെനോണിന്റെ മെയ്ഗ്രേ ഊളിയിട്ടിറങ്ങി, കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്തിയിരുന്നത്. ആരും സാധാരണക്കാരല്ല, എല്ലാവരും അസാധാരണക്കാരാണ് എന്നാണ് തന്റെ പുസ്തകങ്ങളിലൂടെ സിമെനോന്‍ പറയാനാഗ്രഹിച്ചത്. സാധാരണം എന്നുപറയുന്നത് കേവലം മുഖംമൂടിയാണ്. അതിന്റെ മറനീക്കി എപ്പോള്‍ വേണമെങ്കിലും അത്യന്തം നിന്ദനീയമായ മനോവികാരങ്ങളും പാപപുണ്യങ്ങളും സ്വര്‍ഗനരകങ്ങളും പുറത്തുവരാം. അതുകൊണ്ടാണ് നൊബേല്‍ ജേതാവായ എഴുത്തുകാരന്‍ ആന്ദ്ര ജീദ് ഇപ്രകാരം പറഞ്ഞത്: 'സിമെനോണിന്റെ കുറ്റാന്വേഷണ കഥകളുടെ മുഖമുദ്ര നാടകീയതയാണ്. മനുഷ്യമനസ്സിന്റെ ഭയപ്പെടുത്തുന്ന നിഗൂഢതകള്‍ തേടിയിറങ്ങാന്‍ ഞാന്‍പോലും ഭയപ്പെടുന്നിടത്താണ് സിമെനോന്‍ അവയെ അനായാസം മറനീക്കി വെളിച്ചത്തുകൊണ്ടുവരുന്നത്.
ലീജ് നഗരത്തിലാണ് സിമെനോന്‍ ജനിച്ചത്. ആ നഗരം എനിക്ക് പ്രിയതരമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സിമെനോണിന്റെ അസാധാരണ നോവലായ 'ഹണ്ട്രഡ് ലിറ്റില്‍ ജീബിറ്റ്സി'ന്റെ പശ്ചാത്തലമൊരുക്കുന്നത് ലീജ് നഗരമാണ്.
ഒരിക്കല്‍ ജോലിസംബന്ധമായ എന്തോ കാര്യത്തിനാണ് മെയ്ഗ്രേ ലീജിലെത്തുന്നത്. പെട്ടെന്നു തന്നെ പാരീസിലേക്ക് മടങ്ങേണ്ടിയിരുന്നു. മടക്കയാത്രയ്ക്കായി സ്റ്റേഷനില്‍ തീവണ്ടി കാത്തിരിക്കവെയാണ് കുറച്ചകലെയായി ഒരു യുവാവ് തന്റെ കൈവശമുള്ള അതേ പെട്ടിയുമായി ഇരിക്കുന്നത് മെയ്ഗ്രേ ശ്രദ്ധിച്ചത്. അജ്ഞാതമായ ഒരു കൗതുകത്തിനു വശംവദനായി മെയ്ഗ്രേ ആ പെട്ടി മാറിയെടുത്തു. പിന്നീട് ആ യുവാവിനെ പിന്തുടര്‍ന്ന് അയാളുടെ ഹോട്ടലിലും എത്തി. ഹോട്ടല്‍ മുറിയില്‍ കയറിയ യുവാവ് തന്റെ പോക്കറ്റില്‍ നിന്ന് ഒരു പിടി ഫ്രഞ്ച് കറന്‍സി നോട്ടുകള്‍ പുറത്തെടുത്ത് തീപ്പെട്ടിയുരച്ച് അഗ്നിക്കിരയാക്കി. ശേഷം തന്റെ കൈവശമുണ്ടായിരുന്ന പെട്ടി തുറന്നുനോക്കിയതും വല്ലാത്ത ഞെട്ടലോടെ അത് തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ് പരിഭ്രാന്തനായി നിലത്തിരുന്നുപോയി. അല്‍പനേരം കഴിഞ്ഞ്, തികഞ്ഞ ശാന്തതയോടെ തന്റെ പോക്കറ്റില്‍നിന്ന് പിസ്റ്റള്‍ പുറത്തെടുത്ത് നെറ്റിയില്‍ ചേര്‍ത്തുവെച്ച് അയാള്‍ നിറയൊഴിച്ചു.
ആകസ്മികമായി കാണേണ്ടിവന്ന ആത്മഹത്യ മെയ്ഗ്രേയെ പിടിച്ചുലച്ചു. പെട്ടെന്നുതന്നെ തന്റെ മുറിയില്‍ച്ചെന്ന് യുവാവിന്റെ പെട്ടി തുറന്നുനോക്കിയപ്പോള്‍ പഴയ വസ്ത്രങ്ങള്‍ മാത്രമാണ് അതില്‍ കണ്ടത്. എന്നാല്‍ അവയില്‍ പഴകിയ ചോരക്കറകള്‍ ഉണ്ടായിരുന്നു. പിന്നീട് മെയ്ഗ്രേ പാരീസിലേക്ക് മടങ്ങിയില്ല. യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മോര്‍ച്ചറിയുടെ കവാടത്തിലിരുന്ന് മരണത്തിന്റെ ദുരൂഹതയെക്കുറിച്ച് അന്വേഷണമാരംഭിച്ചു. യുവാവിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും മൂന്നു നഗരങ്ങളില്‍നിന്ന് മൂന്നുപേരാണ് എത്തിയത്. അതിലൊരാള്‍ ചിത്രകാരനായിരുന്നു. അയാളുടെ സ്റ്റുഡിയോയില്‍ മെയ്ഗ്രേ കണ്ടത് നൂറോളം തൂക്കുകയറിന്റെ ചിത്രങ്ങള്‍. മൂന്നുപേരില്‍ രണ്ടാമന്‍ ഡോക്ടറും മൂന്നാമന്‍ വ്യവസായിയുമായിരുന്നു. ക്രമേണ, ആത്മഹത്യ ചെയ്ത യുവാവും അയാളുമായുള്ള മറ്റു മൂന്നുപേരുടെ ബന്ധവും നമുക്കു മുന്നില്‍ അനാവൃതമാകുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ലീജ് നഗരത്തില്‍ അവര്‍ നാലുപേരും സഹപാഠികളായിരുന്നു. യുവാക്കളായ അവര്‍ ഒരുമിച്ച് വിപ്ലവം സ്വപ്നം കണ്ടു. 'കലികാലത്തിലെ മനുഷ്യര്‍' എന്ന പേരില്‍ അവര്‍ ഒരു സംഘടന രൂപീകരിച്ചു. വിപ്ലവത്തിന് സ്വയം സജ്ജരാകുന്നതിനുവേണ്ടിയോ അല്ലെങ്കില്‍ ധനികരോടുള്ള വെറുപ്പ് മൂലമോ ആയിരിക്കാം ഒരു രാത്രി അവര്‍ ഒരു യഹൂദനെ കൊലചെയ്തു. യഹൂദന്റെ ശവശരീരം അവര്‍ മൊസ് നദിയിലെ ബ്ലൂയിസ് ഗേറ്റില്‍ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. അവരില്‍ ഒരാളൊഴിക മറ്റു മൂന്നുപേരും സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങി. ഒരാള്‍ക്കുമാത്രം സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരിക്കലും കഴിഞ്ഞില്ല. കൗമാരത്തില്‍ താന്‍ കണ്ട വിപ്ലവസ്വപ്നങ്ങളെ സജീവമായി നിലനിര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. അയാളുടെ കൈവശമായിരുന്നു കൊല്ലപ്പെട്ട യഹൂദന്റെ ചോരക്കറ പുരണ്ട വസ്ത്രങ്ങള്‍. ആ വസ്ത്രങ്ങള്‍ കാട്ടി, ജീവിതത്തില്‍ നല്ല നിലയിലെത്തിയ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് അയാളുടെ പതിവായിരുന്നു. തന്റെ സുഹൃത്തുക്കള്‍ ദരിദ്രരായി കാണാന്‍ അയാള്‍ ആഗ്രഹിച്ചു. അവരാണെങ്കില്‍, തങ്ങളുടെ മിത്രത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനെന്നവണ്ണം ഇപ്രകാരം പറഞ്ഞു, 'എല്ലാവര്‍ക്കും പ്രായമാവുകയല്ലേ, ഇനിയും ആ ഭ്രാന്തന്‍ കാല്പനിക സ്വപ്നങ്ങള്‍ കാണുന്നത് ഞങ്ങള്‍ക്കിണങ്ങില്ല.' എന്നാല്‍ അതൊക്കെ ആരു കേള്‍ക്കാന്‍? കഥയുടെ അവസാനം അവര്‍ മൂവരും മൊസ് നദിയിലെ ആ സ്ലൂയിസ് ഗേറ്റില്‍ ചെല്ലുന്നുണ്ട്. പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ബെല്‍ജിയത്തിലെ നിയമപ്രകാരം ഇത്രയും നീണ്ട കാലം ഒരു കുറ്റകൃത്യത്തിന്റെ ഒരു തുമ്പും കണ്ടുപിടിക്കാനായില്ലെങ്കില്‍ അതിന്റെ പേരിലുള്ള എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കുകയാണ് പതിവ്.
നദിയുടെ അടിത്തട്ടില്‍നിന്ന് യഹൂദന്റെ അസ്ഥിപഞ്ജരം പൊക്കിയെടുക്കുമ്പോള്‍ കൗമാരത്തില്‍ തങ്ങള്‍ കാട്ടിക്കൂട്ടിയ വിക്രിയയുടെ അവശേഷിപ്പ് കണ്ട് അവര്‍ മൂവരുടെയും കണ്ണുകള്‍ നിറയുന്നുണ്ട്. പിന്നീട് സ്വയം ജീവിതം അവസാനിപ്പിച്ച പ്രിയ സുഹൃത്തിനെയോര്‍ത്ത് അവര്‍ പൊട്ടിക്കരയുകയും ചെയ്യുന്നു.
ജര്‍മ്മനി- ബെല്‍ജിയം അതിര്‍ത്തിപ്രദേശത്താണ് ആഘന്‍. പുരാതന നഗരമാണിത്. ഇവിടെയുള്ള ഏറെ പ്രസിദ്ധമായ കത്തീഡ്രലിലാണ് റോമന്‍ സാമ്രാജ്യത്തിലെ ഷാര്‍ലെമാന്‍ രാജാവിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഷാര്‍ലെമാന്‍ ജര്‍മ്മനാണോ ഫ്രഞ്ചാണോ എന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കത്തീഡ്രലിലെ സന്ദര്‍ശകരില്‍ ഒരുപാതി ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നവരും മറുപാതി ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ്. ബഹുവര്‍ണ്ണഗ്ലാസ്സുകളാല്‍ അലംകൃതമായ കത്തീഡ്രലിന്റെ ചുവരുകള്‍ അതിമനോഹരമാണ്. പുറത്തിറങ്ങി ഒരു ഹംഗേറിയന്‍ ഭക്ഷണശാലയില്‍ കയറി റൊട്ടിയും ഗുലാഷും ഞങ്ങള്‍ കഴിച്ചു. നമ്മുടെ ഇറച്ചിക്കറിപോലെ സ്വാദിഷ്ടമാണ് ഗുലാഷ്. അതിനാല്‍ യൂറോപ്പില്‍ യാത്ര ചെയ്യുമ്പോഴൊക്കെ എവിടെ ചെന്നാലും ഗുലാഷ് ലഭ്യമാണോ എന്ന് ഞാന്‍ തിരക്കുമായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഞങ്ങള്‍ യാത്ര പുനരാരംഭിച്ചു.
ഇനി ബെല്‍ജിയമാണ് ലക്ഷ്യം. വഴിയോരങ്ങളില്‍ സ്ഥലനാമങ്ങള്‍ കൃത്യമായി എഴുതിവെച്ച ബോര്‍ഡുകള്‍ കാണാമായിരുന്നു. ഇടത്തോട്ടു സഞ്ചരിച്ചാല്‍ മാസ്ട്രിഘ്, വലത്തോട്ട് തിരിഞ്ഞാല്‍ ഇഷേല്‍-മാല്‍മേദി. ഹോളണ്ട് നഗരമായ മാസിഘട് വളരെ അടുത്താണെന്ന് സിഗി പറഞ്ഞു. ഇഷേല്‍-മാല്‍മേദി രണ്ട് ലോകയുദ്ധങ്ങളുടെ കുപ്രസിദ്ധ രണഭൂമിയാണ്. ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും ആയിരക്കണക്കിന് ഭടന്മാരാണ് അവിടെ മരിച്ചുവീണത്. രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത് പരിക്കേറ്റ വ്യക്തിയായിരുന്നു സിഗിയുടെ പിതാവ്. യുദ്ധഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മകനോട് ഇപ്രകാരം പറഞ്ഞത്, 'യുദ്ധത്തില്‍ പങ്കെടുക്കുന്നത്, അത് വീര്യമേറിയ കാര്യമൊന്നുമല്ല. തികച്ചും പൈശാചികമായ ഒരു പ്രവൃത്തിയാണത്.
അതിനോടകം മൊസ് നദി ഞങ്ങള്‍ക്കു മുന്നില്‍ ദൃശ്യമായി. ചെറിയ നദിയായ മൊസ് മന്ദഗതിയിലാണ് ഒഴുകിയിരുന്നത്. മഹാനായ ഒരു എഴുത്തുകാരന്‍ ഈ ചെറുദിയെ അനശ്വരമാക്കിത്തീര്‍ത്തിരിക്കുന്നു. സിമെനോന്‍ എഴുതിക്കൂട്ടിയ താളുകളിലാണ് കൊലപാതകം നടന്നതെങ്കിലും ഹതഭാഗ്യനായ ഒരു യഹൂദന്റെ ശരീരാവശിഷ്ടങ്ങള്‍ മൊസ് നദിയില്‍ അപ്പോഴും ഒഴുകി നടക്കുന്നതായി എനിക്ക് തോന്നി. ലീജ് നഗരത്തില്‍ പ്രവേശിച്ചതും മൊസ് നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ട് ബ്ലൂയിസ് ഗേറ്റ് നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ കാറില്‍ നിന്നിറങ്ങി. സിഗിയോടും സത്യയോടും ഞാന്‍ അതിനോടകം സിമെനോണിന്റെ കഥ പറഞ്ഞിരുന്നു. അതിനാല്‍ അവര്‍ സ്വാഭാവികമായാണ് അവിടെ നിലകൊണ്ടത്. ന്യൂയിസ് ഗേറ്റിനരികില്‍ച്ചെന്ന് ഞാന്‍ ഏറെനേരം നിന്നു. ലോകത്തെ മാറ്റിമറിക്കാമെന്ന് സ്വപ്നം കണ്ടിരുന്നവരൊക്കെ കൊലപാതകംപോലൊരു കുറ്റകൃത്യം ചെയ്യുന്നതില്‍നിന്നുപോലും പിന്മാറില്ല എന്ന സത്യം എന്റെ യൗവനത്തില്‍നിന്ന് ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. ഹിംസയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഈ ലോകത്തെ സൗന്ദര്യവല്‍ക്കരിക്കാന്‍ നമുക്ക് സാധിക്കില്ലേ?
വാഹനം നദിയോരത്ത് നിര്‍ത്തി, നഗരം നടന്നുകാണാന്‍ തീരുമാനിച്ച് ഞങ്ങള്‍ മുന്നോട്ട് നീങ്ങി. കൊച്ചുനഗരം. നദിയോരത്തായി ഭംഗിയാര്‍ന്ന വീടുകളുടെ നീണ്ടനിര. ശബ്ദമുതിര്‍ത്തുകൊണ്ട് നദിയിലൂടെ ഒഴുകിനീങ്ങുന്ന ചെറുതും വലുതുമായ ബാര്‍ജുകള്‍. നദിയോരം പിന്നിട്ട് റിയുബെര്‍ണ എന്ന നാമം പേറുന്ന ഒരു തെരുവിലൂടെ ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഈ നഗരത്തിലെ ഏതു വീട്ടിലാവും സിമെനോന്‍ ജനിച്ചിട്ടുണ്ടാവുക എന്ന കാര്യം എതിരെ വരുന്ന ആരോടെങ്കിലും തിരക്കണമെന്ന ജിജ്ഞാസ എന്നില്‍ തുടികൊട്ടി. പെട്ടെന്നാണ് ആ തെരുവിന്റെ ഒരു മൂലയില്‍ വലിയ അക്ഷരങ്ങളില്‍ -റൊമാ പൊലിസിയെദെ സിമെനോന്‍ (സിമെനോണിന്റെ കുറ്റാന്വേഷണ കഥകള്‍) എന്നെഴുതിവെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവിടെ ചെന്നതും കടയുടെ ഒരുഭാഗത്ത് സിമെനോണിന്റെയും മറുഭാഗത്ത് മെയ്ഗ്രേയുടെയും ചിത്രങ്ങള്‍ ഒട്ടിച്ചുവച്ചിരിക്കുന്നത് കണ്ടു. മെയ്ഗ്രേ കാഴ്ചക്ക് ഷെര്‍ലക് ഹോംസിനെ അനുസ്മരിപ്പിക്കും. അതെനിക്ക് മുന്‍പ് അറിയുമായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പുറത്തു നിര്‍ത്തി ഞാന്‍ കടയിലേക്ക് കയറി. ജനോവീവ് എന്നുപേരുള്ള പെണ്‍കുട്ടി ചിരിച്ചുകൊണ്ട് എന്റെയടുക്കല്‍ വന്നു. ലീജ് നഗരത്തില്‍ പാര്‍ക്കാന്‍ എത്തുമ്പോഴൊക്കെ ഈ കടയില്‍ സിമെനോന്‍ വന്ന് ഇരിക്കുമായിരുന്നു. ജനോവീവിന്റെ അച്ഛന്‍ സിമെനോണിന്റെ സഹപാഠിയായിരുന്നു. ഇന്ന് രണ്ടുപേരും ജീവിച്ചിരിപ്പില്ല. അമ്മയും മകളും ചേര്‍ന്ന് പുസ്തകശാല നടത്തുന്നു. സിമെനോണിന്റെ വീട് വളരെ അടുത്താണെന്ന് ആ പെണ്‍കുട്ടിയാണ് പറഞ്ഞുതന്നത്. ഞങ്ങളോടൊപ്പം കടയില്‍ നിന്നിറങ്ങി, എതിരെ കിടക്കുന്ന തെരുവിലെ മൂന്നുനില വീട് ചൂണ്ടിക്കാട്ടി ജേനോവീവ് പറഞ്ഞു, 'ആ വീടിന്റെ രണ്ടാംനിലയിലെ ഫ്ളാറ്റാണ് സിമെനോണിന്റേത്. സിമെനോന്‍ പാരീസിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, എല്ലാവര്‍ഷവും പഴയ സുഹൃത്തുക്കളെ കാണാനും സല്ലപിക്കാനുമായി നഗരത്തില്‍ അദ്ദേഹം പതിവായി എത്തുമായിരുന്നു. മുന്നോട്ടു നടന്ന് സിമെനോണിന്റെ വീടിനു മുന്നില്‍ ഞങ്ങള്‍ നിന്നു. വീടിന്റെ താഴത്തെ നിലയില്‍ ഒരു വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വീടിനു പുറത്ത് ഒന്നും എഴുതിവെച്ചിട്ടുണ്ടായിരുന്നില്ല. ഒരുപക്ഷേ, ബല്‍സാക്ക്- വിക്ടര്‍ യൂഗോമാരെപ്പോലെ വരേണ്യവര്‍ഗത്തില്‍പ്പെടാത്ത എഴുത്തുകാരനായതുകൊണ്ടായിരിക്കാം ഫ്രഞ്ചുഭാഷയിലെ വായനക്കാര്‍ സിമെനോണിനെ വേണ്ടത്ര ആദരവോടെ കാണാത്തത്. കേവലമൊരു കുറ്റാന്വേഷക എഴുത്തുകാരന്‍ എന്നായിരിക്കും അവര്‍ വിലയിരുത്തിയിട്ടുണ്ടാവുക. അതുകൊണ്ടായിരിക്കാം സിമെനോണിന്റെ വീട് മ്യൂസിയമാക്കാതിരുന്നത്. എന്നാല്‍, സിമെനോണിന്റെ രചനകളില്‍ അനുരക്തനായി വാട്ടര്‍ലൂവിലും ബ്രസല്‍സിലും പോകാതെ ഇന്ത്യയില്‍ നിന്ന് ബെല്‍ജിയത്തിലെ ഈ ചെറുനഗരത്തില്‍ എത്തിയ ഒരു വായനക്കാരനെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെ ആളുകള്‍ അറിയുന്നുണ്ടാവുമോ?
ഈ നഗരത്തിലെ നാല് യുവാക്കളാണ് ചെറുപ്രായത്തില്‍ വിപ്ലവം സ്വപ്നം കണ്ട് ഒരു കൊലപാതകം നടത്തിയത്. കൊലയ്ക്കുശേഷം അവര്‍ മൃതദേഹം വലിച്ചെറിഞ്ഞത് ഈ മോസ് നദിയിലേക്കായിരുന്നു.
നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ അസ്ഥിപഞ്ജരം പൊക്കിയെടുത്തത് ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ ആയിരുന്നു. അതിന് സാക്ഷ്യംവഹിച്ച കുറ്റവാളികളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'പേടിക്കാനൊന്നുമില്ല. ഇത് ഏറെ പഴക്കം ചെന്ന കേസാണ്. നിയമത്തിന് നിങ്ങളെ തൊടാന്‍പോലുമാകില്ല.' (പരിഭാഷ: സുനില്‍ ഞാളിയത്ത്)
(പ്രശസ്ത പത്രപ്രവര്‍ത്തകനും ബംഗാളി വായനക്കാരുടെ പ്രിയ ഗദ്യകാരനുമായിരുന്നു വിക്രമന്‍ നായര്‍. ആലപ്പുഴ അരുക്കുറ്റി ശങ്കര്‍നിവാസില്‍ ഗോപാലന്റെയും പൊന്നമ്മയുടെയും മകനായി ജനിച്ചു. 1957 മുതല്‍ വിദ്യാര്‍ഥിയായും പിന്നെ പത്രപ്രവര്‍ത്തകനായും ബംഗാളില്‍ ജീവിച്ചു. ഏറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മിഡിയറ്റ് കഴിഞ്ഞ് കല്‍ക്കത്തയില്‍ എത്തിയ വിക്രമന്‍ നായര്‍, മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കത്തുമായി വിശ്വഭാരതിയില്‍ പ്രവേശനം തേടിയെത്തി, ക്രമേണ ശരിക്കും ബംഗാളിയായി മാറുകയായിരുന്നു.
ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേഡിലായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണും മനസ്സും. ആനന്ദബസാര്‍ പത്രികയുടെ ദക്ഷിണേന്ത്യന്‍ ലേഖകനായി ചെന്നൈയിലും പ്രവര്‍ത്തിച്ചു. നക്‌സല്‍ബാരി കലാപം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിനുശേഷം ആ ഗ്രാമങ്ങളില്‍ ചെന്ന് തയ്യാറാക്കിയ 'നക്‌സല്‍ബാരിയുടെ നാല് മുഖങ്ങള്‍' എന്ന ലേഖന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്‍.വി.കൃഷ്ണവാരിയരുടെ കവിതകളും എം.സുകുമാരന്റെ കഥകളും ഉള്‍പ്പെടെ നിരവധി കൃതികള്‍ ബംഗാളിയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, ബംഗാളി ഇടതുപക്ഷ രാഷ്ട്രീയത്തിലെ പല ധാരകളില്‍ മാറിമാറി ആകൃഷ്ടനായിരുന്നു അദ്ദേഹം. ബംഗാളിയിലെ മികച്ച സഞ്ചാരസാഹിത്യകൃതികളുടെ കര്‍ത്താവ് കൂടിയാണ്. യൂറോപ്പിന്റെ ഭൂത വര്‍ത്തമാനങ്ങളിലൂടെയുള്ള സഞ്ചാരമായ പശ്ചിം ദിഗന്തെ പ്രദോഷ് കാലെ മലയാളത്തിലാക്കിയിട്ടുണ്ട്. അമേരിക്കയും ആസ്‌ട്രേലിയയുമൊഴികെയുള്ള മിക്കവാറും രാജ്യങ്ങളില്‍ അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്. 68-ാം വയസ്സില്‍-2004 മെയ് 31ന് -അന്തരിച്ചു)
Content Highlights: George Simenon, Inspector Maigret Series, G. Vikraman Nair, Sunil njaliyath, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..