സാരസ്വതം; എം.ടിയുടെ മൗനവുമായി സരസ്വതിടീച്ചറിലെ കലാകാരി സൂക്ഷ്മം സംവദിക്കുന്ന കഥ-ജി.ആര്‍. ഇന്ദുഗോപന്‍


ജി.ആര്‍ ഇന്ദുഗോപന്‍



മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കലാമണ്ഡലം സരസ്വതിയുടെ ആത്മകഥയായ സാരസ്വതം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആര്‍ ഇന്ദുഗോപന്റെ വായനയില്‍

സരസ്വതി ടീച്ചർ തന്റെ ആത്മകഥ സാരസ്വതം എം.ടിയ്ക്ക് നൽകുന്നു. സുഭാഷ്ചന്ദ്രൻ പകർത്തിയ ഫോട്ടോ

സാരസ്വതം കലാമണ്ഡലം സരസ്വതി ടീച്ചറുടെ ആത്മകഥ. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ പുസ്തകം കണ്ടപ്പോള്‍ സന്തോഷം തോന്നി. ഒരു കാല്‍നൂറ്റാണ്ടിനിടയില്‍ ഏതെങ്കിലുമൊരു പത്രപ്രവര്‍ത്തകന്, പത്രപ്രവര്‍ത്തകയ്ക്ക് ശ്രമിക്കാവുന്ന ഒരു പുസ്തകമായിരുന്നു. തന്നെക്കുറിച്ച് ഏറ്റവും കുറച്ച് സംസാരിക്കുന്ന മലയാളസാഹിത്യത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയുടെ ഭാര്യയുടെ കഥയാണ്. അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ചിലത് പറയാനുണ്ടാകും. ആ കൗതുകമുണ്ട്.

അങ്ങനെ തുടങ്ങാം. പക്ഷേ വായിച്ചു കഴിയുമ്പോള്‍, ആ നിലയ്ക്കല്ല ഈ പുസ്തകത്തിലെ ജീവിതനായിക നിലനില്‍ക്കുന്നത്. ഒരു കലാകാരിയെന്ന നിലയില്‍ സ്വയം അവരുടെ കഥയ്ക്ക് അസ്തിത്വമുണ്ടെന്ന് മനസ്സിലാകുന്നു. എം. ടി. എന്ന വ്യക്തിത്വം ഉപചാരപൂര്‍വം ഈ പുസ്തകത്തില്‍ ഒരു കോണിലേയ്ക്ക് ഒതുങ്ങിമാറിനില്‍ക്കുന്നുണ്ട്. നൃത്തത്തോട് തുടക്കത്തില്‍ വാസനയില്ലാതിരുന്ന ഒരു സാധാരണ സ്ത്രീ, തന്റെ ജീവിതത്തെ മുന്‍നിര്‍ത്തി ആ കലയെ അര്‍പ്പണബോധത്തോടെ ഒരു പ്രാര്‍ഥനയായി വളര്‍ത്തിയെടുത്ത കഥയാണ്. മലയാളത്തിലെ ഏറ്റവും 'വിലപിടിപ്പുള്ള' എഴുത്തുകാരന്‍ ജീവിതത്തിന്റെ ഭാഗമായപ്പോഴും അവര്‍ സ്വന്തം മണ്ഡലത്തെ കൈവിട്ടില്ല. അഭിജാതപൂര്‍വം കൂടെക്കൂട്ടി. പില്‍ക്കാലം മകളെയും മരുമകനെയും അതിന്റെ തുടര്‍ച്ചയായി ചേര്‍ത്തു.

ജീവിതം അഖണ്ഡമായ ഒരു ദീര്‍ഘയാത്രയല്ല. ആകയാല്‍ വലിച്ചുനീട്ടുന്നതിലല്ല, കാച്ചിക്കുറുക്കി ജീവിതം പറയുന്നതിലാണ് മിടുക്ക്. അങ്ങനെ തന്നെയാണ്. സരസ്വതിടീച്ചര്‍ക്കും ഒരു കഥ പറയാനുണ്ട്. കോഴിക്കോട്ടെത്തിയ ഒരു സമ്പന്ന ബ്രാഹ്‌മണകുടുംബം കച്ചവടം നടത്തി നഷ്ടം വരുന്നു. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ നൃത്തത്തോട് മമതയില്ലായിരുന്ന ഒരു ആറു വയസ്സുകാരിയോട് 'ഇനി നിന്റെ ജീവിതം നൃത്തമാണ്' എന്ന് പിതാവ് പറയുന്നു. അത് ഒരനുസരണമായി കണ്ട് തുടങ്ങിയ ജീവിതം. ഒപ്പമുള്ള വലിയ കുടുംബം. പിടിച്ചുനില്‍ക്കാനുള്ള അധ്വാനങ്ങള്‍. മെല്ലെ കലയോടുണ്ടാകുന്ന അര്‍പ്പണം, അഭിനിവേശം. കേരളത്തിലെ ഏറ്റവും തിരക്കുള്ള, ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരനെ യാത്രയ്ക്കിടയില്‍ സഹജീവിയായി കിട്ടുന്നു. അദ്ദേഹത്തിന്റെ കര്‍മമണ്ഡലത്തില്‍ കടന്ന് അലോസരപ്പെടുത്താതെ, അതേ സമയം തന്റെ കലയെ അന്തസ്സോടെ കൊണ്ടുനടത്താനുള്ള ഒരു സ്ത്രീയുടെ യുക്തിയും പ്രാപ്തിയുമെല്ലാം ഈ പുസ്തകത്തില്‍ പ്രതിഫലിക്കുന്നു. അങ്ങനെ വരുമ്പോള്‍ വലിയ അദ്ഭുതങ്ങളില്ലാത്ത ആ ജീവിതത്തിന്റെ പരിസരത്തും ഒരു സംസ്‌കൃതി, തത്വശാസ്ത്രം, ഒരു പോരാട്ടം ഒക്കെ ഉരുവം കൊള്ളുന്നത് അനുഭവിക്കാനാകുന്നുണ്ട്.

അത്തരത്തില്‍ ഒരാളിലെ കഥയെ അടര്‍ത്തിയെടുത്ത് യാത്ര ചെയ്യിപ്പിക്കുക എളുപ്പമല്ല. ഒരു സ്ത്രീ, കലാകാരി എന്ന നിലയില്‍ തന്റെ അസ്തിത്വം സരസ്വതിടീച്ചര്‍ കെട്ടിപ്പടുത്തതെങ്ങനെ എന്നതിലായിരുന്നു പുസ്തകമെഴുതിയ ഷബിതയുടെ ശ്രദ്ധ. അത്തരം സൂക്ഷ്മരാഷ്ട്രീയം, തയ്യാറെടുപ്പ് പുസ്തകരചനയ്ക്കിറങ്ങുമ്പോള്‍ ഉണ്ടാകണം. അതിന്റെ മെച്ചം ഇതിലുണ്ട്. ഒരു മുന്‍കുറിപ്പ് കൂടി എഴുത്തുകാരിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയത്, ഈ പുസ്തകം ഇഷ്ടപ്പെട്ടതിനാലാണ്. സരസ്വതി ടീച്ചര്‍ക്ക് ഒരു ലിഖിതഭാഷ നല്‍കി, എഴുത്തുകാരി അന്തസ്സോടെ മാറിനിന്നതാകാം. പക്ഷേ അത്തരമൊരു കുറിപ്പ് ടീച്ചറുമായി ഇടപെട്ട വിധം, അതിന്റേതായ അന്തരീക്ഷങ്ങള്‍ തുടങ്ങിയവ ആത്മകഥയുടെ ഒരു തുടര്‍ച്ചയാകുമായിരുന്നു.

എം. ടി. വാസുദേവന്‍ നായരുടെ മൗനവുമായി സരസ്വതി ടീച്ചറിലെ കലാകാരി വളരെ സൂക്ഷ്മമായി സംവദിക്കുന്ന കഥ ഇതിലുണ്ട്. ഭര്‍ത്താവിന്റെ പ്രകൃതങ്ങളുമായി താന്‍ ഇണങ്ങിവന്നതിനെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ അദ്ദേഹത്തെ കുറിച്ചുള്ള കൃത്രിമമായ സ്തുതിയും ആരാധനയും വരാതിരിക്കാനും ശ്രദ്ധിക്കുന്നു. ആ നിലയ്ക്ക് അഭിജാതവും ശാന്തവും ലളിതവുമായ തന്റെ ഭാഷ നല്‍കിയാണ് ഷബിത ഈ പുസ്തകത്തെ ധന്യമാകുന്നത്.

സ്വയം കഥാകാരിയെന്ന നിലയില്‍ ജിജ്ഞാസയുടേയും ആരാധനയുടേതുമായ ഒരു ഉല്‍സാഹം വരാമെങ്കിലും, എം. ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഷബിത അധികപ്രസംഗത്തിന് ശ്രമിച്ചിട്ടില്ല. എം. ടി. ഈ പുസ്തകത്തില്‍ സരസ്വതിടീച്ചറുടെ ജീവിതവുമായി അലിഞ്ഞുകിടക്കുകയാണ്. അതു കൊണ്ടാണീപുസ്തകം മനോഹരമാകുന്നത്. അങ്ങനെയൊക്കെയാണ് ഓരോരോ ജീവിതകഥയും പാരായണക്ഷമമാകുന്നത്. എം.ടിയുടെ ജീവിതകഥയുടെ തുടര്‍ച്ചയായി ഈ പുസ്തകം തീര്‍ച്ചയായും നിലനില്‍ക്കും.


Content Highlights: Saraswatham, Kalamandalam Saraswathy, M.T Vasudevan Nair, Saraswatham, Aotobiography, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


rahul gandhi

1 min

രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം; പുറത്താക്കാന്‍ കത്തു നല്‍കി

Mar 17, 2023

Most Commented