എംഗൽസ്
യുവമാര്‍ക്സിനെ 'നായക'നും ഏംഗല്‍സിനെ 'വില്ലനു'മായി പാത്രകല്പന ചെയ്തെടുത്ത, ഒരു ചിന്താപദ്ധതി കഴിഞ്ഞ അരനൂറ്റാണ്ടെങ്കിലുമായി അക്കാദമികമണ്ഡലത്തില് പ്രബലമായി നിലകൊള്ളുന്നുണ്ട്. മാര്ക്സ്എംഗല്സ് എന്നു സംയോജിതരൂപത്തില്‍ പറയുന്നത് തെറ്റാണെന്നും, മാര്‍ക്സിന്റെ ചിന്താപരമായ സങ്കീര്‍ണതകളെയും ദാര്‍ശനിക ഔന്നത്യത്തെയും ശരിയായി മനസ്സിലാക്കാന്‍ കഴിയാത്ത 'ഇടത്തരം ബുദ്ധിജീവി' മാത്രമാണ് എംഗല്‍സ് എന്നും ആ വഴിയിലുള്ള രചനകള്‍ പറഞ്ഞുവെക്കുന്നു. മാര്‍ക്സിന്റെ ഗഹനമായ ആലോചകളെ വെട്ടിച്ചുരുക്കിയതും അതുവഴി സ്റ്റാലിനിസത്തിന് അടിത്തറ പാകിയതുമായ 'കളങ്കിതനാ'യി എംഗല്‍സിനെ സ്ഥാനപ്പെടുത്തുന്നതിലൂടെ ഒരു 'വിശുദ്ധമാര്ക്സി'നെ നിര്‍മ്മിച്ചെടുക്കുകയാണ് അവരുടെ താത്പര്യം. ഒരര്‍ഥത്തില്‍ മാര്‍ക്സ് എക്കാലത്തും എതിര്‍ത്ത ധ്യാനാത്മചിന്തയിലേക്ക് മാര്‍ക്സിസത്തെ കൊണ്ടുചെന്നുകെട്ടാനും, തൊഴിലാളി വര്ഗസംഘാടനത്തെ പുറത്താക്കി 'ക്ലാസ്മുറി ചിന്തകന്‍' മാത്രമായി മാര്‍ക്സിനെ അവതരിപ്പിക്കാനുമുള്ള ശ്രമമാണ് അവരിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. ആ നിലയില്‍ 'എംഗല്‍സ് വിമര്‍ശനം' എന്ന സുന്ദരവിശേഷണത്തിന് പിന്നില്‍ കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധതയാണ് നിലയുറപ്പിച്ചിട്ടുള്ളത്. മാര്‍ക്സില്‍ നിന്ന് ഏംഗല്‍സിനെ പുറത്താക്കാനുള്ള പണ്ഡിതതാത്പര്യം മലയാള അക്കാദമിക് മണ്ഡലത്തിലും നിറഞ്ഞാടുന്നുണ്ട്. ഈ മാര്‍ക്സിസ്റ്റ് വിരുദ്ധവ്യവഹാരത്തെ അഭിസംബോധന ചെയ്തുകൊണ്ട് അക്കൂട്ടര്‍ പറയും മാതിരി പ്രത്യക്ഷവാദ(positivism)ത്തിന്റെയും ശാസ്ത്രവാദ(scientism)ത്തിന്റെയും വിചാരമാതൃകകള്‍ ക്കുള്ളിലാണോ എംഗല്‍സിന്റെ ആലോചനകള്‍ നിലയുറപ്പിച്ചിട്ടുള്ളത്? മാര്‍ക്സിന്റെ ചിന്താപരമായ ഗഹനതയെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്ത ഇടത്തരം ബൗദ്ധികത മാത്രമാണോ എംഗല്സിലുള്ളത്? മാര്‍ക്സിനു വേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട ജീവിതത്തിലൂടെ എംഗല്‍സ് പ്രക്ഷേപിപ്പിക്കുന്ന അനുഭവതലം എന്താണ്? തുടങ്ങിയ പ്രമേയങ്ങളെ ചര്‍ച്ചയ്ക്കെടുക്കുകയാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുനില്‍ പി.ഇളയിടത്തിന്റെ പുതിയ പഠനഗ്രന്ഥമായ ഫ്രെഡറിക് എംഗല്‍സ്: സാഹോദര്യ ഭാവനയുടെ വിപ്ലവമൂല്യം.
ഫ്രെഡറിക് എംഗല്‍സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം (2020 നവംബര്‍ 28) മുന്‍നിര്‍ത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. 'സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം' എന്ന ശീര്‍ഷകത്തിലെ വിശേഷണം തന്നെ സമീപനരീതിയെ വെളിവാക്കുന്നുണ്ട്. മാനുഷികമായ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഭൗതികശേഷിയെ (പരോക്ഷഭൗതികത്തെ) വെളിവാക്കുക എന്ന താത്പര്യം തന്നെയാണ് വിശാലാര്‍ഥത്തില്‍ ഈ ഗ്രന്ഥത്തിനുമുള്ളത്. അനുഭൂതികളുടെ ചരിത്രജീവിതം മുതലെങ്കിലും ആ നിലയിലുള്ള ബഹുവിധ ആലോചനകള്‍ സുനില്‍ പി.ഇളയിടത്തിന്റേതായി ഉണ്ട് താനും. എന്തായിരിക്കാം ഇത്തരമൊരു സ്മരണികയ്ക്ക് തന്നെ പ്രേരിപ്പിച്ച ഘടകമെന്നു പുസ്തകാമുഖത്തില്‍ അദ്ദേഹം ആലോചിക്കുന്നുണ്ട്. ഓര്‍മ്മയുടെ ഭിന്നപ്രകാരങ്ങളെ വകതിരിച്ചെടുത്ത് 'ഭൂതകാലത്തിലേക്കുള്ള യാത്ര' എന്നതിനപ്പുറം 'വര്‍ത്തമാനത്തില്‍ ഭൗതികശക്തിയായി പ്രവര്‍ത്തിക്കുന്ന' ഓര്‍മ്മയുടെ സ്വരൂപത്തെയാണ് താന്‍ പിന്‍പറ്റുന്നതെന്ന് അദ്ദേഹം പറയുന്നു. ആ നിലയില്‍ 'വര്‍ത്തമാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാവിയിലേക്ക് തുടര്‍ച്ചയുള്ള ഓര്‍മ്മ'യാണ് ഈ പുസ്തകത്തിലെ എംഗല്‍സ്. ഐതിഹാസികമാനമുള്ള എംഗല്‍സിന്റെ ജീവിതത്തെയും വിചാരലോകത്തെയും തമ്മില്‍ വേര്‍തിരിക്കാതെ ഊടും പാവുമായി നെയ്യുന്നതിന്റെ യുക്തിയുമതാണ്. ആ നിലയില്‍ പുസ്തകാന്ത്യത്തില്‍ സൂചിപ്പിക്കുന്നപോലെ, സഖാവ് എന്ന വാക്കിന് കൈവരാവുന്ന അനുഭവമൂല്യവും ആത്മരതിയുടെ നേര്‍ത്ത അടയാളം പോലുമില്ലാത്ത ധൈഷണികതയും എംഗല്‍സില്‍ എങ്ങനെ ചേര്‍ന്നു എന്ന് പുസ്തകം വിജയകരമായി പറഞ്ഞുവെക്കുന്നു. നിന്ദയും പരപുച്ഛവും നിറയുന്ന സമകാലിക മലയാളധൈഷണികമണ്ഡലത്തില് നിന്ന് എംഗല്‍സിന്റെ പ്രകൃതത്തെ മനസ്സിലാക്കുന്നതിന് മറ്റുചില രാഷ്ട്രീയാര്‍ഥങ്ങള്‍ കൂടി കൈവരുന്നു എന്നു സാരം.

പ്രധാനമായും മൂന്നു പ്രമേയങ്ങളെയാണ് പുസ്തകം ചര്‍ച്ചയ്ക്കെടുക്കുന്നത്. ഇവയെ ക്രമം ക്രമമായി അടുക്കിവെക്കുകയല്ല; ആഖ്യാനത്തിന്റെ ഒഴുക്കിനനുസൃതമായ നിലയില്‍ കൂട്ടിവിളക്കപ്പെടുകയാണ് ചെയ്യുന്നത്. അതിലാദ്യത്തേത് 'മാര്ക്സ്എംഗല്സ്= ശുദ്ധമാര്‍ക്സിസം' എന്ന നിര്മിതസമവാക്യം എത്രത്തോളം പൊള്ളയാണ് എന്നു പരിശോധിക്കലാണ്. രണ്ടാമതായി എംഗല്‍സിന്റെ വിചാരലോകത്തിലൂടെ സാമാന്യമായി കടന്നുപോവുകയും, അതില്‍ ചിലതിനെ സവിശേഷമായി പരിശോധിക്കുകയും ചെയ്തുകൊണ്ട് 'തന്റെ കാലം ജന്മം നല്കിയ ഏറ്റം വലിയ ധൈഷണികരിലൊരാളാ'യി അദ്ദേഹം മാറുന്നതെങ്ങനെ എന്നു വിശദീകരിക്കലാണ്. മൂന്നാമതായി എംഗല്‍സിന്റെ ജീവചരിത്രത്തിലൂടെ സഞ്ചരിച്ച് 'സഖാവ്' എന്ന പദവി ആ ജീവിതം അര്‍ഥപൂര്‍ണമാക്കി എന്നുവിവരിക്കലുമാണ്. ആ നിലയില്‍ പരിശോധന, വിശദീകരണം, വിവരണം എന്നീ ഭിന്നസ്വഭാവങ്ങള്‍ ആഖ്യാനം അതാതിടങ്ങളില്‍ പിന്‍പറ്റുന്നു.
ആമുഖ ഉപസംഹാരങ്ങള്ക്കു പുറമേ അഞ്ച് അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. ആദ്യ അധ്യായത്തില്‍ മാര്‍ക്സിന്റെ പിന്നണിപ്പാട്ടുകാരനായാണ് (second fiddle to Marx) സ്വയം പരിഗണിച്ചിരുന്നതെങ്കിലും എംഗല്‍സിന്റെ വിചാരങ്ങള്‍ മാര്‍ക്സിനു തന്നെ വഴികാട്ടിയായതെങ്ങനെ എന്ന അന്വേഷണമാണ്. മാര്‍ക്സിന്റെ സഹകാരിയാവുന്നതിനു മുന്‍പേ എംഗല്‍സ് രചിച്ച ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി (1843) അര്ഥശാസ്ത്രവിമര്ശനത്തിന്റെ രൂപരേഖ (1844) എന്നീ കൃതികള്‍ മാര്‍ക്സിനെ എങ്ങനെയെല്ലാം സഹായിച്ചു; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആശയലോകത്തിന് എംഗല്‍സിന്റെ കമ്യൂണിസത്തിന്റെ തത്വങ്ങള്‍ എന്ന ലഘു ഗ്രന്ഥവുമായി എത്രത്തോളം ആധമര്‍ണ്യമുണ്ട് തുടങ്ങിയ പ്രമേയങ്ങള്‍ ഈ അധ്യായത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. എംഗല്‍സിന്റെ ധിഷണാപരമായ പ്രാധാന്യം അര്‍ഹിക്കുന്ന ആദരവോടെ മാര്‍ക്സ് വിലയിരുത്തിയതിനെക്കുറിച്ചുള്ള വിവരണങ്ങളും ഈ അധ്യായത്തിലാണ്. എന്തു കൊണ്ടാണ് തന്റെ ആത്മഭാവത്തിന്റെ മറുപാതി (my alter ego) യായി എംഗല്‍സിനെ മാര്‍ക്സ് വിശേഷിപ്പിച്ചത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ അധ്യായം ചെയ്യുന്നത്.

'ഒരു സമ്പൂര്‍ണ്ണജീവിതം' എന്ന രണ്ടാമധ്യായം എംഗല്‍സിന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്. ജ്ഞാനോദയചിന്തകരെക്കുറിച്ച് എംഗല്‍സ് നിരീക്ഷിക്കുന്നതുപോലെ 'ബൂര്ഷ്വാകുടുംബങ്ങളൊന്നില് പിറന്നുവെങ്കിലും ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടാത്ത' ആ ജീവിതം മുതലാളിത്താധുനികതയോടുള്ള വിമര്‍ശനം ജീവിതം കൊണ്ട് എങ്ങനെ ആവിഷ്കരിച്ചു എന്നു പരിശോധിക്കുന്നു. ഒന്നാമധ്യായത്തിന്റെ തുടര്‍ച്ചയായാണ് 'അവിഭാജ്യമായ ബൗദ്ധികത' എന്ന മൂന്നാമധ്യായം സംവിധാനം ചെയ്തിട്ടുള്ളത്. എംഗല്‍സിനെതിരായ പില്ക്കാല വിമര്‍ശനങ്ങളെ ഒരു വര്‍ണ്ണരാജിയായി സങ്കല്പിച്ച് ഇതിലെ ഓരോ അടരിനെയും സൂക്ഷ്മമായി പരിശോധിക്കുകയാണ് ഈ അധ്യായം ചെയ്യുന്നത്. പാരിസ്ഥിതികതയെയും സ്ത്രീവാദത്തെയും മാര്‍ക്സിസത്തിലേക്ക് കൂട്ടിയിണക്കുക വഴി മാര്‍ക്സിസത്തിന്റെ പില്‍ക്കാലജീവിതത്തെ ബഹുസ്വരമാക്കാന്‍ എംഗല്‍സിന് കഴിഞ്ഞുവെന്ന് ഈ അധ്യായം പറഞ്ഞുവെക്കുന്നു. അതുവഴി മാര്‍ക്സില്‍ നിന്നോ മാര്‍ക്സിസത്തില്‍ നിന്നോ വ്യവകലനം നടത്താന്‍ കഴിയാത്ത ധിഷണയാണ് എംഗല്‍സ് എന്ന് അധ്യായം പറഞ്ഞു വെക്കുന്നു. നാല്, അഞ്ച് അധ്യായങ്ങള്‍ എംഗല്‍സിന്റെ ബഹുമുഖ താത്പര്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടെണ്ണത്തെക്കുറിച്ചുള്ള വിവരണമാണ്. എംഗല്‍സിന്റെ കലാവിചിന്തനങ്ങള്‍, ചരിത്രവിചാരങ്ങള്‍ എന്നിവയാണവ. കലാവിചിന്തനത്തില്‍ പരസ്പരം ചര്‍ച്ച ചെയ്യാതെ പോലും ഒരേ നിലപാടിലേക്ക് മാര്‍ക്സും എംഗല്‍സും എത്തിച്ചേര്‍ന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. മാര്‍ക്സിസ്റ്റ് ചരിത്രസമീക്ഷ രൂപപ്പെടുത്തുന്നതില്‍ എംഗല്‍സിന്റെ ആലോചനകള്‍ നിര്‍വഹിച്ച പങ്കാണ് അവസാന അധ്യായത്തിലെ ചര്‍ച്ച. പുസ്തകത്തിന്റെ അനുബന്ധമായി മാര്‍ക്സിന്റെ ശവകുടീരത്തില്‍ എംഗല്‍സ് ചെയ്ത പ്രസംഗം, ലെനിന്റെ എംഗല്‍സ് അനുസ്മരണം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
എംഗല്‍സിനെക്കുറിച്ചുള്ള മലയാളവിചാരങ്ങളില് ഉന്നത സ്ഥാനമലങ്കരിക്കുന്നുണ്ട് പി.ജി. രചിച്ച എംഗല്‍സ് ജീവചരിത്രം. എങ്കിലും എംഗല്‍സിന്റെ ജീവിതത്തെ അടുത്തുപരിചയപ്പെടുന്നതിനപ്പുറം, പുതുതായി രൂപപ്പെട്ട എംഗല്‍സ് വിരുദ്ധതയെ മറികടക്കാന്‍ ആ ഗ്രന്ഥം അത്രമേല്‍ സഹായകരമല്ല. മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും ജീവിതത്തില്‍ അത്ര നിര്‍ണായകമായ സാന്നിധ്യത്തെ പുറത്താക്കുന്നതിലൂടെ, രാഷ്ട്രീയസംഘാടനങ്ങളെ പുറത്താക്കാന്‍ പണിപ്പെടുന്ന അക്കാദമിക് വരേണ്യതയെ പ്രതി നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ആ രാഷ്ട്രീയ ജാഗ്രതയ്ക്കായി ആശ്രയിക്കാവുന്ന അത്താണി കൂടിയാണ് ഈ ഗ്രന്ഥം. ഓര്‍മയെക്കുറിച്ചുള്ള സുനില്‍ പി.ഇളയിടത്തിന്റെ തന്നെ വിശേഷണത്തെ പിന്‍പറ്റിയാല്‍ ഭാവികാലത്തിന്റെ സൈദ്ധാന്തിക രാഷ്ട്രീയ വ്യക്തതയ്ക്കായുള്ള ഒരു താങ്ങ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..