ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍പീസ്: എഴുത്തിന്റെ പണിപ്പുരയിലേക്കുള്ള പിന്‍വാതില്‍യാത്ര!


ഡോ. സ്വപ്ന.സി. കോമ്പാത്ത്.

ഫ്രാൻസിസ് നൊറോണ, പുസ്തകത്തിൻെറ കവർ

വാക്കുകള്‍ കൊണ്ട് സാങ്കല്പികലോകമുണ്ടാക്കുന്ന ശില്പിയാണ് എഴുത്തുകാരന്‍. കൈക്കുറ്റപ്പാടില്ലാതെ, അതിസൂക്ഷ്മതയോടെ കഥാപാത്രങ്ങള്‍ക്കു രൂപവും ജീവനും നല്‍കുന്ന ഒരു തപസ്യയാണ് എഴുത്ത്. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് തനിക്കുവേണ്ടത് മണത്തറിയാനും വികാരവിചാരങ്ങള്‍ കൊണ്ടതിനെ യുക്തിഭദ്രമാക്കാനും അവന്‍ കഠിനസാധനയനുഷ്ഠിക്കുന്നു. ഓരോ കഥപാത്രത്തിനനുസരിച്ച് ചിരിച്ചും ദേഷ്യപ്പെട്ടും കരഞ്ഞും മുറിപ്പെട്ടും എഴുത്തുകാരന്‍ ഒരേ സമയം പലരായി മാറിമറിയുന്നു.

വായനക്കാരെന്ന നിലയില്‍ മേല്‍പറഞ്ഞതെല്ലാം നമുക്കറിയാവുന്ന കാര്യങ്ങളാണ്. പക്ഷേ എഴുത്തുകാരന്‍ എന്തിനെഴുതുന്നു? എഴുതാനുള്ള വിഷയങ്ങ ളിലേക്കവനെത്തുന്നതെങ്ങിനെ? എഴുത്തിനും അതിനുശേഷവും എഴുത്തുകാരന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്തെല്ലാം? എഴുത്തിന് ലഭിക്കുന്ന പ്രതിഫലമെന്താണ്? സഹഎഴുത്തുകാരെയും പുതുതായി കടന്നുവരുന്ന എഴുത്തുകാരെയും അയാള്‍ ഒതുക്കുന്നതെങ്ങനെ? വിവിധ സാഹിത്യമത്സരങ്ങളുടെയും അവാര്‍ഡ് ദാനങ്ങളുടെയും പിന്നാമ്പുറക്കഥകള്‍ എന്തൊക്കെയാണ്? തുടങ്ങി വായനക്കാര്‍ക്ക് അറിഞ്ഞുകൂടാത്ത നിരവധി എഴുത്തണിയറ രഹസ്യങ്ങളാണ് ഫ്രാന്‍സിസ് നൊറോണ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മാസ്റ്റര്‍പീസ് എന്ന നോവലിന്റെ പ്രമേയം.

ഞാനിതൊന്നു വായിച്ചു നോക്കട്ടെ എന്ന നോവലിലെ അവസാന വാചകം തലക്കെട്ടായെടുത്ത് സജയ് കെ.വി. എഴുതിയ അതിഗംഭീരമായ അവതാരിക ഈ പുസ്തകത്തിനൊരു മുതല്‍ക്കൂട്ടാണ്. 'പുസ്തകമടയ്ക്കുമ്പോള്‍ ജീവിതം തുറക്കുന്നു. വായന തീരുമ്പോള്‍ ജീവിതമാണ് തുറക്കുന്നത്. പിന്നെ പുസ്തകമില്ല. അതുവരെ വായിച്ചത് പുസ്തകമായിരുന്നില്ല. ജീവിതമായിരുന്നു എന്ന് വായനക്കാരന്‍/ വായനക്കാരി ഉണരുന്നു ' എന്ന നെരൂദക്കവിത കടമെടുത്തു കൊണ്ടാണ് ഈ അവതാരികയദ്ദേഹം തുടങ്ങി വെക്കുന്നത്. പുസ്തകത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വായനക്കാരിലേക്ക് ഈ പുസ്തകം വായിച്ചേ മതിയാകൂ എന്ന തോന്നലുണ്ടാക്കുന്ന ഈ അവതാരികയില്‍ 'ഉപമകളുടെയും രൂപകങ്ങളുടെയും പുസ്തകമാണിത്. ജീവിത ത്തിന്റെയും എഴുത്തിന്റെയും ഉപമകളോ രൂപകങ്ങളോ ആണവ. പലപ്പോഴും അതിന്റെ ഫലം ഫലിതമാണ് ' എന്നദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ഒരു കുട്ടിയുടെ കഥ പറഞ്ഞാണ് നായകനായ എഴുത്തുകാരന്‍ കഥയുടെ ലോകത്തേക്ക് കടന്നുവന്നത്. കുട്ടിക്കാലത്ത് കണ്ട കാഴ്ചകളാണയാളുടെ കഥയ്ക്ക് വിഷയമായത്. ജീവിതപ്രാരാബ്ധം അയാളുടെ കഥയെഴുത്തിന് വിഘാതമായെങ്കിലും ഭാര്യയ്ക്ക് സ്‌കൂളില്‍ ഒരു ജോലി ലഭിക്കുന്നതോടെ അയാള്‍ വീണ്ടുമെഴുതി തുടങ്ങി. അച്ഛന്‍ പറയാറുള്ള പഴമകളായിരുന്നു മിക്ക രചനകളുടെയും പണിച്ചരടുകള്‍. പക്ഷേ ഇപ്പോഴിപ്പോഴായി അച്ഛന്‍ പറയുന്ന കഥകള്‍ പലരും മുമ്പേ തന്നെ എഴുതിപ്പോയതാണെന്നയാള്‍ തിരിച്ചറിയുന്നു. 'നിരാശപ്പെടേണ്ട വത്സാ... അനുഭവങ്ങളങ്ങനെ പെറ്റുകിടക്കയല്ലേ...ട്രെന്‍ഡ് തീരും മുന്നേ നീ ഇറങ്ങിപ്പുറപ്പെട്ടോളൂ ' എന്ന അശരീരി കേട്ടതോടെ അയാള്‍ മാമനെത്തേടിയിറങ്ങുന്നു. വാളയാര്‍ അതിര്‍ത്തിയില്‍ താമസിച്ച് അയാള്‍ക്കൊരു കഥ കിട്ടുന്നു. വണ്ടിപ്പേട്ടയിലെ ഗുണ്ടകളില്‍ നിന്നും ചില കഥകള്‍ കിട്ടുന്നു. ഒടുവില്‍ സിനിമയക്ക് തിരക്കഥയെഴുതാന്‍ അവസരം കിട്ടിയപ്പോള്‍ ജോലി രാജിവെക്കുകയും എഴുത്തിനു പറ്റിയ ഒരു താവളം അയാള്‍ കണ്ടെത്തുന്നു.

ഇറച്ചിവെട്ടുകടയെ എഴുത്തിടമാക്കി മാറ്റിപ്പണിത് പിന്നീട് ഇറച്ചിവെട്ടുകാരനെന്നോ, എഴുത്തുവെട്ടുകാരനെന്നോ വിളിക്കാവുന്ന രീതിയിലേക്കയാള്‍ മാറുന്നതാണ് നോവലായി പരിണമിക്കുന്നത്. പ്ലോട്ടുകള്‍ തേടി അയാളലയുമ്പോള്‍ കിട്ടുന്ന നൂറുകണക്കിന് ജീവിതങ്ങളാണ് നോവലിന്റെ കരുത്തായി മാറുന്നത്. 'മറികടക്കുക. പരിശ്രമിക്കുക...നക്ഷത്രങ്ങളായിരിക്കണം ലക്ഷ്യം. ചിരിച്ചുകൊണ്ടേയിരിക്കുക. പക്ഷേ ഹൃദയം മുറിവേറ്റുപിടയുന്നതാകണം. ലോകത്തോട് തര്‍ക്കിക്കുക. കുട്ടിക്കാലം, ഉറപ്പുകള്‍, നഗരങ്ങള്‍, സംശയങ്ങള്‍, സ്വപ്നങ്ങള്‍, നിമിഷങ്ങള്‍, ശൈലികള്‍, മാതാപിതാക്കള്‍, സ്‌നേഹങ്ങള്‍ എന്നിങ്ങനെ നമുക്ക് പിടിച്ചു കയറാന്‍ ആയിരത്തി ഒന്ന് കാര്യങ്ങള്‍ വിരലിനടുത്തുണ്ട് എന്നത് മറക്കരുത്.' എന്ന സല്‍മാന്‍ റുഷ്ദിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്ന രീതിയിലാ ണയാള്‍ ഇതിവൃത്തങ്ങളെ തേടി നടക്കുന്നത്.

മലയാള സാഹിത്യരംഗത്ത് സജീവമായ പല എഴുത്തുകാരും അവരുടെ കൃതികളും ഈ നോവലില്‍ പേരുകളില്ലാതെ പ്രമേയം കൊണ്ട് പരാമര്‍ശിക്കപ്പെടുന്നു. ഇവിടെ സാഹിത്യരംഗത്ത് അരങ്ങ് വാഴുന്നവരുടെ കുതികാല്‍ വെട്ടും ധാര്‍ഷ്ട്യവും യുവതലമുറയോടുള്ള അവജ്ഞയും അക്ഷരാര്‍ത്ഥത്തിലത് കറവ വറ്റിയവരുടെ ഭയമാണെന്നും ബോധ്യപ്പെടുത്തുവാന്‍ ഈ നോവലിന് സാധിക്കുന്നുണ്ട്.ഇവിടെ നടന്നുവരുന്ന പല സാഹിത്യമത്സരങ്ങളുടെയും പിന്നിലുള്ള വഞ്ചനകള്‍ രസകരമായി അദ്ദേഹം അവതരിപ്പിക്കുന്നു. എഴുത്തുകാരന്റെ വ്യഥകളെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ വായനക്കാരെന്ന ഒരു വലിയ സമൂഹത്തിനു മുന്നില്‍ മറയില്ലാത്ത ഒരെഴുത്തു ജീവിതം തുറന്നിടുന്നു.

എഴുത്തിനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെയെല്ലാം അട്ടിമറിക്കുന്ന ഈ നോവലിന് ജീവിതഗന്ധിയായ ഒരു പശ്ചാത്തലമുണ്ട്. പല എഴുത്തുകാരുടെയും കൃതികള്‍ പരാമര്‍ശിക്കുന്നതോടൊപ്പം തന്റെ തന്നെ പെണ്ണാച്ചിയെയും നൊറോണ ആയുധമാക്കുന്നുണ്ട്. കൂടാതെ ഈ നോവലില്‍ തന്റെ നാടും നാട്ടുഭാഷയും ചരിത്രവും കടന്നുവരാതിരിക്കാന്‍ നൊറോണ തന്ത്രപൂര്‍വ്വം ശമിക്കുകയും പുതിയൊരാഖ്യാനരീതി പരീക്ഷിച്ചുവിജയിക്കുകയും ചെയ്തിട്ടുണ്ട്. ബിനാമിയെഴുത്ത്, ഗോസ്റ്റ് റൈറ്റിങ്ങ്, നിരന്തരമുള്ള എഴുത്ത്, ലിവിങ്ങ് ടുഗെദര്‍, പുസ്തകോത്സവങ്ങളിലെ മേല്‍ക്കോയ്മാപുസ്തകങ്ങളെ വായനക്കാരിലേക്കെത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയക്കുള്ള പങ്ക് തുടങ്ങി എഴുത്തിന്റെ പിന്നാമ്പുറങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ആദ്യമലയാളനോവലെന്ന നിലയില്‍ 'മാസ്റ്റര്‍പീസ്' മാസ്റ്റര്‍പീസായി മാറുന്നു.

Content Highlights: Francis Noronha, Novel Masterpiece, Swapna C Komboth, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented