നിലച്ചുപോയ നദിയില്‍ ഉറച്ച തോണി


അമൃത് ജി കുമാര്‍

ആദ്യത്തെ വരികള്‍ തന്നെ നമ്മെ ഒരു ചരടില്‍ കെട്ടി കൂട്ടത്തില്‍ കൊണ്ടുപോകുകയാണെന്ന് തോന്നും. ഇത്രയും വായനാപരതയുള്ള ഒരു നോവല്‍ അടുത്തകാലത്ത് വായിച്ചിട്ടില്ല. കൈലാസ് പട്ടീലിന്റെ ജീവിതം ഒഴുകിക്കൊണ്ടിരിക്കെ നിലച്ചുപോയ ഒരു നദിയും അതില്‍ ഉറച്ചുപോയ ഒരു തോണിയുമാക്കി മാറ്റിയ കഥാകരന്‍ വായനക്കാരനെ തെളിഞ്ഞൊഴുകുന്ന എഴുത്തിന്റെ നദിയില്‍ ആകാംഷയുടെ തോണിയില്‍ കയറ്റി അനിര്‍വചനീയമായ അനുഭവങ്ങളുടെ തീരങ്ങളിലേക്കെത്തിക്കുന്നു.

ഇ സന്തോഷ്‌കുമാർ

പ്രില്‍ 21ആം തീയതി രാവിലെ വാട്സ്ആപ് തുറന്നപ്പോള്‍ ലക്ഷ്മിയുടെ മെസേജാണ് ആദ്യം കണ്ടത്. ബാബുമ്മാവന്‍ മരിച്ചു. കോവിഡ് കാലമായതിനാല്‍ മുംബൈയില്‍ ചെന്നെത്താന്‍ കഴിയുമായിരുന്നില്ല. സങ്കടവും നിരാശയും ആ ദിവസത്തെ വല്ലാതെ വലിച്ചു നീട്ടിയതു പോലെ തോന്നി. അടുത്തദിവസം രാവിലെ എഴുന്നേറ്റ് മേശക്കരികിലേക്ക് കസേര വലിച്ചിട്ടിരുന്നു. മേശപ്പുറത്ത് ഇരുന്ന പുസ്തകം കൈയ്യിലെടുത്തു മറിച്ചു. ' കൈലാസ് പാട്ടീല്‍ മരിച്ചു'. ഡച്ച് തലസ്ഥാനമായ ഹേഗില്‍ വെച്ചായിരുന്നു മരണം. അവിടെ നിന്നും അദേഹത്തിന്റെ മകന്‍ വിളിച്ചിരുന്നു' എന്ന വരികളാണ് വായിച്ചത്. 'ജ്ഞാന ഭാരം'. ഇ സന്തോഷ്‌കുമാറിന്റെ ഏറ്റവും പുതിയ നോവല്‍. എവിടെയോ ഒരു നീറ്റല്‍. അടുത്തടുത്തു രണ്ട് ദിവസങ്ങളില്‍ ഉണര്‍ന്ന് ആദ്യം വായിക്കുന്നത് രണ്ട് മരണ വാര്‍ത്തകള്‍. ഒന്ന് സ്വന്തം മാതൃസഹോദരന്റേത്. മറ്റേത് കൈലാസ് പട്ടീല്‍ എന്ന കഥാപാത്രത്തിന്റേത്.

ആദ്യത്തെ നാലഞ്ച് വരികള്‍ക്ക് ശേഷം നോവല്‍ ഇങ്ങനെ പറയുന്നു ' അടുപ്പമുള്ളവരുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴെല്ലാം ജീവിതത്തിന്റെ ചെസ്സ് ബോര്‍ഡില്‍ നാം ഒരു കളം സ്വയം മുന്നിലോട്ട് നീങ്ങുകയാണെന്ന് തോന്നും. മുതിര്‍ന്നവരുടെ മരണങ്ങള്‍ നമ്മെ കൂടുതല്‍ പ്രായം ചെന്നവരാക്കിത്തീര്‍ക്കുന്നു.' വൈയ്യക്തികമായ അനുഭവങ്ങളോട് ചേര്‍ന്ന്‌നില്‍ക്കുന്ന ധാരാളം കഥകളും നോവലുകളും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും സമീപസ്തമായി അങ്ങനെ സംഭവിക്കുന്നത് അതിശയകരമായി തോന്നി.

ആദ്യത്തെ വരികള്‍ തന്നെ നമ്മെ ഒരു ചരടില്‍ കെട്ടി കൂട്ടത്തില്‍ കൊണ്ടുപോകുകയാണെന്ന് തോന്നും. ഇത്രയും വായനാപരതയുള്ള ഒരു നോവല്‍ അടുത്തകാലത്ത് വായിച്ചിട്ടില്ല. കൈലാസ് പട്ടീലിന്റെ ജീവിതം ഒഴുകിക്കൊണ്ടിരിക്കെ നിലച്ചുപോയ ഒരു നദിയും അതില്‍ ഉറച്ചുപോയ ഒരു തോണിയുമാക്കി മാറ്റിയ കഥാകരന്‍ വായനക്കാരനെ തെളിഞ്ഞൊഴുകുന്ന എഴുത്തിന്റെ നദിയില്‍ ആകാംഷയുടെ തോണിയില്‍ കയറ്റി അനിര്‍വചനീയമായ അനുഭവങ്ങളുടെ തീരങ്ങളിലേക്കെത്തിക്കുന്നു. വായിച്ചു മുന്നേറുമ്പോള്‍ നോവല്‍ കൂടുതല്‍ വിസ്മയിപ്പിച്ചു. കൈലാസ് പട്ടീലിന്റെയും തട്ടകം ബോംബെ തന്നെ! ബോംബെയിലെ മലബാര്‍ ഹില്‍സ്. എന്തൊരു യാദൃശ്ചികത!

'ദാ നോക്കൂ, ബോംബെയില്‍ വന്നാല്‍ മലബാര്‍ ഹില്‍സില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഡയമണ്ട് നേക്ലെസ് കാണാതെ പോകാന്‍ പാടില്ല'. ബാബുമ്മാവന്‍ പറഞ്ഞു. അന്ന് വൈകിട്ട് ഞങ്ങളെല്ലാവരും കൂടി മലബാര്‍ ഹില്‍സില്‍ പോയി. അമ്മാവനും അമ്മായിയും കൈകോര്‍ത്ത് മലബാര്‍ ഹില്‍സിലെ പാര്‍ക്കില്‍ കൂടി നടന്നത് അമ്മാവന്റെ മക്കളുടെ കൂടെ കൂടി കളിയാക്കിയത് ഇപ്പോഴും മനസ്സിലുണ്ട്. മലബാര്‍ ഹില്‍സിലെ ഇതേ പാര്‍ക്കില്‍ വച്ചു തന്നെയാവും കൈലാസ് പട്ടീലിനെ കഥാകരന്‍ കണ്ടു മുട്ടിയിട്ടുണ്ടാവുക. ഡയമണ്ട് നെക്ലസിനെപറ്റി നോവലില്‍ പ്രതിപാദിക്കുമ്പോള്‍ ബാബുമ്മാവന്റെ കൂടെയുള്ള എന്റെ മലബാര്‍ ഹില്‍സ് സന്ദര്‍ശന അനുഭവങ്ങള്‍ തന്നെയാണ് മനസ്സിലേക്ക് തിരതള്ളി വന്നത്.

മലബാര്‍ ഹില്‍സിന്റെ ചരിത്രവും, പ്രൗഢമായ വാര്‍ത്തമാനവും എല്ലാം വാതോരാതെ വിവരിച്ചുകൊണ്ടേയിരുന്നു ബാബുമ്മാവന്‍. ചെറിയ പ്രായത്തില്‍ ബോംബെയില്‍ വന്ന് ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ മനുഷ്യന്‍. തികഞ്ഞ ഉത്സാഹിയും നല്ല വൈജ്ഞാനിക താല്‍പ്പര്യവും. തന്റെ വിധിയെ സ്വയം നിര്‍മ്മിച്ചെടുത്തയാള്‍. ഇവിടെയാണ് കൈലാസ് പട്ടീല്‍ ബാബുമ്മാവനില്‍ നിന്നുമകലുന്നത്. കാരണം കൈലാസ് പട്ടീല്‍ വിധിയുടെ കൈകളില്‍ സ്വയം സമര്‍പ്പിച്ചയാളായിരുന്നു. വിധി എടുത്തെറിയാന്‍ തുനിയുമ്പോള്‍ പട്ടീല്‍ ഭാരമില്ലാത്ത അപ്പൂപ്പന്‍ തടിയായി. വിധി ലാളിച്ചപ്പോള്‍ കൈലാസ് പട്ടീല്‍ കൊച്ചു കുട്ടിയെ പോലെ കുറുകി.

വിധി കല്പിതത്വം (fatalism) എന്ന എന്ന സിദ്ധാന്തത്തിന്റെ ഏറ്റവും മൂര്‍ത്തമായ ഉദാഹരണമായിട്ടാണ് കൈലാസ് പട്ടീല്‍ എന്ന കഥാപാത്രം ഈ നോവലില്‍ അവതരിപ്പിക്കപ്പെടുന്നത്. തനിക്ക് രൂപപ്പെടുത്താന്‍ പറ്റാവുന്നതാണ് തന്റെ ജീവിതം എന്നത് കൈലാസ് പട്ടീലിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അന്യവും ഒരിക്കലും പൊരുത്തപെടാന്‍ പറ്റാത്തതുമായ കാഴ്ചപ്പാടാണ്. എല്ലാം വിധിനിശ്ചയം എന്ന് ഉദാഹരിക്കുകയാണ് തന്റെ ജീവിതം കൊണ്ടു കൈലാസ് പട്ടീല്‍ ചെയ്യുന്നത്. വിധിയുടെ പാവക്കൂത്തിലെ പാവകള്‍ മാത്രമാണ് തങ്ങളെന്ന് കൈലാസ് പട്ടീല്‍ വിശ്വസിക്കുന്നത് തന്റെ അച്ഛന്റെ ജീവിതത്തില്‍ നിന്നുമാണെന്ന ധാരണ സ്വഭാവികമായി വായനക്കാരില്‍ ഉണ്ടാവാം. കാരണം അത്രക്ക് സാധുവും നിഷ്‌കളങ്കനുമാണ് കൈലാസ് പട്ടീലിന്റെ അച്ഛന്‍ കമലേഷ് പട്ടീല്‍. എന്നാല്‍ കമലേഷ് പട്ടീലിനെ സൂക്ഷ്മ വായനക്ക് വിധേയമാക്കിയാല്‍ ഒരു നിഷ്‌കളങ്കന്‍ എന്നതിനപ്പുറം വിധികല്പിതത്വത്തിന്റെ ഉദാഹരണമാണെന്നൊന്നും പറയാന്‍ സാധിക്കില്ല എന്ന് വ്യക്തമാവും. അതുകൊണ്ട് തന്നെയാണ് ഡ്രൈവറായ കമലേഷ് തന്റെ മകന് തന്റെ സാബിനെപ്പോലെ വക്കീലാകാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നത്. സാമൂഹ്യ ഘടനയുടെയും അധികാര ബന്ധങ്ങളുടെയും സൂക്ഷ്മതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തിയുടെ സാമൂഹിക നിലയെ നിര്‍ണ്ണയിക്കുന്നതെങ്ങിനെയാണെന്നൊന്നും കമലേഷ് എന്ന നിഷ്‌കളങ്കനായ ആ പാവത്തിന്റെ ബോധ്യങ്ങളിലുണ്ടാവണം എന്ന് വിചാരിക്കുന്നത് തന്നെ അനീതിയാണ്. എന്നാല്‍ തന്റെ അച്ഛനെക്കാള്‍ വലിയ ഉയരത്തില്‍ എത്താന്‍ സാധ്യതയുള്ള വക്കീല്‍ പഠനത്തിനെത്തിചേരുന്ന കൈലാസ് സാമൂഹ്യ ഘടനയ്ക്കും അധികാര ബന്ധങ്ങള്‍ക്കും തന്നെ പരുവപ്പെടുത്തുന്നതിലുള്ള പങ്ക് അബോധതലത്തിലെങ്കിലും മനസ്സിലാക്കുന്നുണ്ട്. പില്‍ക്കാലത്തു ജഡ്ജിയായി മാറുന്ന റൂം മേറ്റില്‍ നിന്നും, ഭൂവന്‍ ദേശായിയില്‍ നിന്നും തന്റെ അച്ഛനായ കമലേഷിന് അദ്ദേഹത്തിന്റെ സാബിനെക്കുറിച്ചുള്ള വിശ്വസത്തില്‍ നിന്നുമൊക്കെ പരോക്ഷമായി ഇത്തരത്തിലെ ചില പൊള്ളുന്ന സത്യങ്ങളെ കൈലാസ് അനുഭവിച്ചറിയുന്നു. ഒരു പക്ഷെ അവിടെവരെ എത്താതിരുന്നത് കൊണ്ടു കമലേഷിനു നഷ്ടമാകുന്ന ബോധ്യങ്ങളാണവ.

നരേഷ് ദേശായിയുടെ അച്ഛന്‍ ഭുവന്‍ ദേശായി തന്റെ ഡ്രൈവറായ കമലേഷിനു സമ്മാനിക്കുന്ന 12 വോള്യങ്ങളുള്ള പഴഞ്ചന്‍ വിജ്ഞാന കോശങ്ങള്‍. തന്റെ മകന്റെ ഭാവിയില്‍ വലിയ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഭൂവന്‍ സാബ് അങ്ങനെ ചെയ്തതെന്നാണ് കമലേഷ് വിചാരിക്കുന്നത്. അവ വായിച്ചാല്‍ തന്റെ മകനും വലിയ വക്കീലാവും എന്ന വിശ്വാസം. നിധി പോലെ കമലേഷ് തന്റെ മകനായ കൈലാസ് പട്ടീലിനെ ആ പുസ്തകക്കൂട്ടങ്ങള്‍ ഏല്‍പ്പിക്കുന്നു. തന്റെ സാബ് ആയ ഭുവന്‍ സാബ് എത്രഭംഗിയായിട്ടാണ് സംസാരിക്കുന്നത്, കോടതിയില്‍ വാദിക്കുന്ന കേസുകളെല്ലാം ജയിക്കുന്നത്! അതൊക്കെ അദ്ദേഹത്തിന് സാധിക്കുന്നത് ഈ തടിയന്‍ പുസ്തകങ്ങള്‍ വായിച്ചിട്ടാണെന്ന ബോധ്യത്തിലാണ് കമലേഷ് പുസ്തകങ്ങള്‍ അമൂല്യ ശേഖരങ്ങളായി തന്റെ മകനെ ഏല്‍പ്പിക്കുന്നത്. തന്റെ മകന്‍ ആ പുസ്തകങ്ങള്‍ വായിച്ചു വലുതാകുന്നത് സ്വപ്നങ്ങള്‍ കാണുന്ന കമലേഷ് പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്റെ പടവുകള്‍ ചവിട്ടികയറുകയെന്നത് പരിശ്രമം കൊണ്ടു സാധിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു നിഷ്‌കളങ്കനെയാണ്. എന്നാല്‍ പരിശ്രമത്തിനപ്പുറം ജീവിതത്തെ രൂപപെടുത്തുന്ന നിരവധിയായ ഘടകങ്ങളെ കുറിച്ച് കമലേഷ് എന്ന പാവം ഡ്രൈവര്‍ക്ക് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. അങ്ങനെയുണ്ടാവുമ്പോള്‍ തന്റെ തെറ്റുകള്‍ തന്റെ മാത്രം പരിശ്രമക്കുറവുകൊണ്ടാണെന്ന നിഷ്‌കളങ്കമായ വിശ്വസത്തിലേക്കാണ് നാം എത്തിച്ചേരുക! മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല, നാം തന്നെയാണ് എല്ലാത്തിനും കാരണക്കാര്‍! എന്നാല്‍ ഈ വിശ്വാസത്തിന്റെ നിരാസവും മറ്റുള്ളവരുടെ ചതുരംഗകളത്തിലെ ചാവേര്‍ കലാളുകളായി നാം മാറുന്ന കാഴ്ചയും എത്ര സുന്ദരമായാണ് ഇ സന്തോഷ് കുമാര്‍ ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്!

ദാനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍ എങ്ങനെ ഉപയോഗിക്കപെടണമെന്നുള്ളത് കൈലാസ് പട്ടീലിന്റെ അച്ഛനായ കമലഷിന്റെ അപകട മരണത്തിന് മുന്‍പും ശേഷവും എന്ന നിലയില്‍ രണ്ടായി തരം തിരിക്കപ്പെടുന്നു. കമലഷിന്റെ മരണത്തിന്റെ മുമ്പ് കൈലാസ് ആ പുസ്തകക്കൂട്ടങ്ങളെ തീരെ ഗൗനിക്കുന്നതേയില്ല. എന്നാല്‍ കമലഷിന്റെ മരണ ശേഷം കൈലാസ് തന്റെ ജീവിതം തന്നെ ആ വിജ്ഞാന കോശങ്ങള്‍ വായിച്ചു തീര്‍ക്കുന്നതിനായി ഉഴിഞ്ഞു വയ്ക്കുന്നു. ഒരു വൃദ്ധനാകുമ്പോഴും അച്ഛനേല്‍പ്പിച്ച പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്ന കൈലാസ് പട്ടീല്‍ തന്റെ ജീവിതം സ്വന്തം വലയില്‍ കുടുങ്ങിപോയ ഒരു ചിലന്തിയെപോലെയാണ് എന്ന് സ്വയം തിരിച്ചറിയുമ്പോഴും തന്റെ അവസ്ഥയെ പരിവര്‍ത്തനത്മകമാക്കുന്നതിന് ശ്രമിക്കുന്നില്ല. 'എല്ലാം വിധി' എന്ന് പറയാതെ പറയുകയോ വിധികല്‍പിതത്വമെന്ന ആശയത്തിന്റെ പ്രതിരൂപമായി കൈലാസ് പട്ടീല്‍ നോവലില്‍ അവതരിപ്പിക്കപെടുകയും ചെയ്യുന്നു.

വിധികല്‍പിതത്വത്തെ വെല്ലുവിളിക്കുന്ന ആശയധാരയെ നോവലില്‍ അവതരിപ്പിക്കുന്നത് ഭൂവന്‍ ദേശായിലൂടെയാണ്. ഭൂവന്‍ ദേശായി സ്വയം നിര്‍മ്മിച്ചയാളാണ്. വലിയ സ്ഥാനമാനങ്ങള്‍ കരഗതമായിരുന്നിട്ടും ഒരു വക്കീലായി കഴിഞ്ഞു കൂടാനുള്ള തീരുമാനത്തിലൂടെ ഭൂവന്‍ ദേശായി സ്വയം നിര്‍മ്മിക്കുകയായിരുന്നു. വിധിയുടെ സ്വഭാവിക പ്രയാണത്തില്‍ പൊങ്ങുതടി പോലെ ഒഴുകാന്‍ ഭുവന്‍ ദേശായിക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും സ്വയം നിര്‍മ്മിച്ചെടുത്തവയായിരുന്നു. എന്നാല്‍ ഇങ്ങനെ ഭുവന്‍ ദേശായി നിര്‍മ്മിച്ചെടുത്ത ജീവിതത്തിന്റെ ഇരകളായിരുന്നു തന്റെ അച്ഛനും താനും എന്ന തിരിച്ചറിവ് കൈലാസിന് ഉണ്ടാവുന്നത് സ്വയം നിര്‍മ്മാണത്തില്‍ ഒളിയിരിക്കുന്ന സ്വാര്‍ത്ഥതയെ വായനക്കാരന് വെളിവാക്കിത്തരുന്ന സമൂഹ്യ ധര്‍മ്മികതയെ പാത്ര നിര്‍മ്മിതിക്കുപയോഗിച്ച് കൊണ്ടാണ്. നരേഷ് ദേശായി എന്ന ഭൂവന്‍ ദേശായിയുടെ മകന്റെനോവലിലെ സ്ഥാനം തന്നെ സ്വയം നിര്‍മ്മാണത്മകതയില്‍ ധര്‍മ്മികതയുടെ അഭാവം ഉളവാക്കുന്ന അശ്ലീലതയെ വെളിവാക്കുക എന്നുള്ളതാണെന്ന് തോന്നും. ഒരര്‍ത്ഥത്തില്‍ ഈ കഥയിലെ കേന്ദ്രകഥാപാത്രം തന്നെ നരേഷ് ദേശായിയാണ്. കൈലാസ് പട്ടീലിന്റെ ജീവിതത്തിലെ വിധിയുടെ വിളയാട്ടങ്ങളുടെ മാത്രമല്ല മറിച്ചു നരേഷ് ദേശായി നേരിടുന്ന ധര്‍മ്മിക സംഘര്‍ഷങ്ങളുടെ കഥകൂടിയാണ് ജ്ഞാനഭാരം.

ഈ നോവലിന്റെ പരിണാമം തന്നെ വളരെ ചിട്ടയായ മനുഷ്യരാശിയുടെ സാമൂഹ്യ വികാസത്തിന്റെയും കൂടി കഥയായി മാറുന്നുണ്ട്. ഒരു മനുഷ്യന് അവന്റ ജീവിതത്തെ രൂപപ്പെടുത്തുന്നതിലുള്ള നിസ്സഹായതയെ കൈലാസ് പട്ടീലിലൂടെയും അദ്ദേഹത്തിന്റെ പിതാവായ കമലേഷ് പട്ടീലിലൂടെയും അവതരിപ്പിക്കപെടുന്നു. തീര്‍ത്തും വിധി കല്പിതമെന്ന് കരുതുന്ന ജീവിതത്തെ സക്രിയമായി നിര്‍മ്മിച്ചെടുക്കുന്നതിന് സ്വാര്‍ത്ഥതയുടെ അളവുകോല്‍ മാത്രമുപയോഗിച്ച ഭുവന്‍ ദേശായി. ഭുവന്‍ ദേശയിയുടെ മകനായി അദ്ധേഹത്തിന്റെ സ്വാധീനവലയത്തില്‍ വളരുമ്പോഴും ധാര്‍മികതയോട് സന്ധിചെയ്യാന്‍ തയ്യാറല്ലാത്ത നരേഷ് ദേശായി. ഒരു ചക്രം പൂര്‍ത്തിയാക്കുകയാണ്.

ജ്ഞാനോദയ കാലഘട്ടം മനുഷ്യന് നല്‍കുന്ന വലിയ സന്ദേശം തന്നെ വിധികല്‍പിതത്വത്തെ നിരാകരിച്ചു 'വിജ്ഞാനത്തിലൂടെ സ്വയം നിര്‍മ്മിച്ചെടുക്കൂ' എന്നാണ്. എന്നാല്‍ ഈ നിര്‍മ്മാണത്മകത എത്രമേല്‍ മനുഷ്യരെ സ്വാര്‍ത്ഥരും ഇടുങ്ങിയ മനസ്സുള്ളവരുമാക്കിയിട്ടുണ്ടെന്നുള്ളത് വ്യക്തി ബന്ധങ്ങളില്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. സ്വാര്‍ത്ഥത വ്യക്തികള്‍ക്ക് മാത്രമല്ല മറിച്ചു മനുഷ്യസമൂഹങ്ങള്‍ തമ്മിലും എത്രത്തോളം അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ജ്ഞാനോദയ കാലഘട്ടത്തിന് ശേഷമുള്ള രണ്ട് ലോകമഹായുദ്ധങ്ങളും, അസംഖ്യം ചെറുയുധങ്ങളും, കലാപങ്ങളും കാട്ടിത്തരുന്നു. കൈലാസ് പട്ടീലിന് ഭൂവന്‍ ദേശയിയില്‍ നിന്ന് ലഭിക്കുന്ന വിഞ്ജന കോശത്തില്‍ രണ്ട് ലോകമഹായുധങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് അത് വായിച്ചു തീര്‍ക്കുന്നതിലുള്ള നിരര്‍ത്ഥകതയെ പ്രതിപദിക്കുന്നതിനായിട്ടാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സ്വയം നിര്‍മ്മിച്ചെടുത്ത ആധുനിക സമൂഹങ്ങള്‍ അപരവത്കരണത്തിലൂടെ സൃഷ്ടിക്കുന്നത് എത്ര വലിയ അപകടമാണെന്നുള്ള തിരിച്ചറിവുകൂടി ഇത് നല്‍കുന്നുണ്ട്. വിജ്ഞനകോശത്തിന്റെ പാരായണം ജീവിതദൗത്യമാക്കിയ വിധികല്പിതത്വത്തിന്റെ ദത്തു പുത്രനായ കൈലാസ് പട്ടീലിന് സ്വയം നിര്‍മ്മിച്ച് സ്വയം നശിപ്പിക്കുന്ന സമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് ലോക മഹായുദ്ധങ്ങള്‍ തീര്‍ത്തും പൊരുത്തപെടാവുന്നതിനുമപ്പുറമാണ്. അച്ഛന്റെയും തന്റെയും ജീവിതങ്ങള്‍ ഒരു പാവക്കൂത്തിലെ പാവകളെ പോലെ നിയന്ത്രിക്കപ്പെടുകയാണെന്നുള്ള തിരിച്ചറിവ് പിന്നീടുണ്ടാകുമ്പോഴും വളരെ നിസംഗമായ മനസ്സോടെ ആ വസ്തുതകളെ മനസിന്റെ ഒരു കോണിലേക്കൊതുക്കാന്‍ കൈലാസിന് സാധിക്കുന്നത് ഇത്രയും ആസൂത്രിതമായി ജീവിതത്തെ നിയന്ത്രിക്കാനാവുമോ എന്നുള്ള സംശയത്തില്‍ നിന്നുകൂടിയാകും.

തന്റെ ചെറുപ്പകാലത്ത് തുടങ്ങിയ വിഞ്ജന കോശ പാരായണം കൈലാസ് പട്ടീല്‍ വായിച്ചവസാനിപ്പിക്കുന്നത് എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പോലെ ബാധകമായ ഒന്നിലേക്കാണ്. Zero അല്ലെങ്കില്‍ ശൂന്യത. Z അവസാനത്തെയക്ഷരമായതിനാല്‍ വിജ്ഞാനകോശത്തിലെ അവസാന പേജുകളില്‍ വിവരിക്കുന്നത് സീറോയെ കുറിച്ച് അല്ലെങ്കില്‍ ശൂന്യതയെക്കുറിച്ചാണ്. ആ ശൂന്യതയിലേക്കാണ് ഭൂവന്‍ ദേശയിയും, കൈലാസ് പട്ടീലും നരേഷ് ദേശമായിയുമടക്കം എല്ലാവരും എത്തിച്ചേരുന്നത്. നമ്മളോരോരുത്തരും മത്സരിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നതും ഈ ശൂന്യതയിലേക്കാണ്. എന്നാല്‍ വായനക്കാരില്‍ ഈ ശൂന്യത സൃഷ്ടിക്കുന്നത് ജീവിതത്തിന്റെ അര്‍ഥശൂന്യതയെ കുറിച്ചുള്ള അര്‍ത്ഥ പൂര്‍ണ്ണമായ ചിന്തകളാണ്. വൈകാരികമായ വേലിയേറ്റങ്ങളാണ്.

E santhosh Kumar
പുസ്തകം വാങ്ങാം

അടിമുടി ഉലക്കുന്ന നോവല്‍. വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അനുഭവിക്കാതെ ഈ നോവല്‍ വായിച്ചുതീര്‍ക്കാനാകില്ല. ഒരു പരിചയവുമില്ലാത്ത ദേശവും ആള്‍ക്കാരും പോലും സ്വന്തമെന്ന് തോന്നിപ്പിക്കുന്നതില്‍ ഇ സന്തോഷ്‌കുമാറിന്റെ കഴിവ് പാവകളുടെ വീട് പോലെയുള്ള കഥകളിലൂടെ നേരത്തെ തെളിയിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ ഇനിയും ധാരാളം ദേശവും മനുഷ്യരും നമ്മിലേക്കെത്തിച്ചേരേണ്ടതുണ്ട്. അതിലൂടെ മലയാളിയുടെ സാംസ്‌കാരിക ഭൂമിക വിശാലക്കപ്പെടുന്നു എന്ന ബോധ്യം ഇ. സന്തോഷ് കുമാറിന്റെ വായനയിലൂടെ ഉണ്ടാകുന്നുണ്ട്. അത് ഒരെഴുത്തുകാരന്‍ പുലര്‍ത്തേണ്ടുന്ന സാംസ്‌കാരിക ദൗത്യവും കൂടിയാണ്.

ഭൂവന്‍ ദേശായിയുടെ സ്വയം നിര്‍മ്മാണത്തില്‍ നരേഷ് ദേശായിയുടെ ധാര്‍മികത ചാലിച്ച് കൈലാസ്പട്ടീലിന്റെ ജ്ഞാന ദൗത്യവും കൂടി ചേര്‍ത്താല്‍ അതായിരുന്നു എന്റെ ബാബുമ്മാവന്‍. അതേ, അടുപ്പമുള്ളവരുടെ മരണങ്ങള്‍ നമ്മെ കൂടുതല്‍ പ്രായമുള്ളവരാക്കി മാറ്റുന്നു. ഓര്‍മ്മകള്‍ വലിയ നിധിശേഖരമായി മാറുന്നു. ഓര്‍മ്മകളല്ലാതെ മറ്റെന്താണ് മനുഷ്യന്‍.

ഇ സന്തോഷ്‌കുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: E santhosh Kumar New Malayalam Novel Book Review Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented