സുജാത: അകലങ്ങളില്‍ സന്ധിക്കുന്നവരുടെയും അകലങ്ങളെ ഓര്‍മിച്ച് വിട പറയുന്നവരുടെയും കഥകള്‍


ഡോ. സ്വപ്ന സി. കോമ്പാത്ത്.

3 min read
Read later
Print
Share

സുസ്മേഷ് ചന്ത്രോത്ത്

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുജാത എന്ന കഥാസമാഹാരത്തിലെ പതിനൊന്ന് കഥകളും പരസ്പരം തിരിച്ചറിയപ്പെടാതെ പോകുന്നവരുടെ പതിനൊന്നു തരം ജീവിതങ്ങളാണ്. തികച്ചും വ്യത്യസ്തവും എന്നാല്‍ അവഗണിക്കാനാവാത്തവിധം പാരസ്പര്യമുള്ളതുമായ പതിനൊന്നു പ്രമേയങ്ങളിലൂടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ നിസ്സഹായതകളെ അവതരിപ്പിക്കുകയാണ് സുസ്‌മേഷ് ചന്ത്രോത്ത്. 152 പേജുള്ള സമാഹാരത്തിന്റെ മൂന്നിലൊന്നു ഭാഗം അപഹരിച്ച സുജാത എന്ന ആദ്യകഥ തന്നെ ഒരു നഷ്ടപ്രണയത്തിന്റേതാണ്. ഒരു നോവലെറ്റ് എന്ന് വിളിക്കാവുന്നത്ര ദൈര്‍ഘ്യമുള്ള കഥയാണ് പത്തു ഭാഗങ്ങളായി തിരിച്ചിട്ടുള്ള സുജാത, മുപ്പത്തിരണ്ടുവര്‍ഷത്തിനുശേഷം ജീവിതത്തിലെ ആദ്യപ്രണയത്തിലേക്ക്, തിരിച്ചറിയപ്പെടാതെയും പറയപ്പെടാതെയും പോയ ആ പ്രണയത്തിലേക്ക് തിരിഞ്ഞുനോക്കുന്നൊരാളുടെ കഥയാണിത്.

ഭാസുരചന്ദ്രനും ഖാലിദും ഇടത്തരക്കാരുടെയും ദരിദ്രരുടെയും മക്കള്‍ പഠിച്ചിരുന്ന പള്ളിക്കൂടത്തിലെ അഞ്ചാം തരത്തിലെ കൂട്ടുകാരാണ്. സ്‌കൂള്‍ തുറന്ന് രണ്ടുമാസം കഴിഞ്ഞപ്പോള്‍ 'അത്രയേറെ സൗന്ദര്യമുള്ള ഒരാളെ അതിനുമുമ്പ് എവിടെയും കണ്ടതായി ഞാനോര്‍ക്കുന്നില്ല 'എന്നു ചന്ദ്രനെ ചിന്തിപ്പിച്ചുകൊണ്ട് രണ്ടായി മെടഞ്ഞിട്ട മുടികളിലൊന്ന് മാറിലേക്കെടുത്തിട്ടുകൊണ്ട് സുജാത അവരുടെ ക്ലാസിലേക്കു കയറിവന്നു. തുടര്‍ന്ന് ചന്ദ്രന്റെ ലോകം സുജാതയായി മാറുന്നു. അവളൊരിക്കല്‍ സമ്മാനിച്ച പ്യാരിമിഠായിയുടെ കവര്‍ അവന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മരണകാലം വരെ ആ മിഠായി സൂക്ഷിച്ചുവെക്കണമെന്നുണ്ടായിരുന്നെങ്കിലും, ഉറുമ്പുകള്‍ സമ്മതിക്കാത്തതുകൊണ്ട് ഒടുവില്‍ ഒരു രാത്രി കരഞ്ഞുകൊണ്ടാണ് ഭാസുരചന്ദ്രന്‍ ആ മിഠായി തിന്നുതീര്‍ക്കുന്നത്. തന്റെ പ്രണയം തുറന്നുപറയാനൊരവസരം പോലും കിട്ടാത്ത ആ പതിനൊന്നുകാരന്റെ ലോകത്തെ ഇരുളിലാഴ്ത്തിക്കൊണ്ട് സുജാതയും കുടുംബവും നാടുവിട്ട് മറ്റൊരിടത്തേക്കു പോകുന്നു. ബാലിശമായ ഒരനുഭവം അത് എത്രയും ഹൃദ്യമായ ഒരുവായനാനുഭവമാക്കുവാനുള്ള കഥാകൃത്തിന്റെ പരിശ്രമമാണ് സുജാത.

സ്‌നേഹം ശല്യമാകുമോ എന്ന ചോദ്യത്തിന് കിട്ടാവുന്ന ഏറ്റവും ഉചിതമായ ഉത്തരമാണ് വൈശാഖനോടുള്ള രേവതിയുടെ സനേഹം. നദിയുടെ ഉദ്ഭവം എന്ന കഥയില്‍ സ്‌നേഹത്തിന്റെ വ്യത്യസ്ത തലങ്ങളെ അടയാളപ്പെടുത്തുന്നു: പുരുഷന് ആദ്യം വേണ്ടത് ശാന്തതയാണെന്ന് കരുതുകയും പറയുകയും ചെയ്യുന്ന മീര അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് തന്നിലുള്ള കൂട്ടിലിട്ട മൃഗത്തെ വൈശാഖന്‍ തിരിച്ചറിയുന്നത്. തന്നിലെ വന്യതയെ, മൃഗീയമായ വിശപ്പിനെ ഓര്‍മിപ്പിക്കുന്നവളാണ് മീരയെന്ന് വൈശാഖന് മനസ്സിലാകുന്നു. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത മീരയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു നദിയുടെ ഉദ്ഭവസ്ഥാനം കാണുകയെന്നതാണ്. മീരയെയുമെടുത്ത് രേവതിയുടെ കൂടെ അയാള്‍ തലക്കാവേരിയിലെത്തുന്നു. പക്ഷേ ഇനിയും കണ്ടുപിടിക്കാനാകാത്ത ഉദ്ഭവസ്ഥാനത്തെക്കുറിച്ചുള അറിവില്‍ ആ മഞ്ഞില്‍ അവര്‍ അലിഞ്ഞു. പ്രണയത്തിന്റെ നിഗൂഢതയെ വാക്കുകള്‍ കൊണ്ട് ആവിഷ്‌കരിക്കുന്നതിന്റെ പരമാവധിയെന്ന് വിശേഷിപ്പിക്കാവുന്ന നദിയുടെ ഉദ്ഭവം ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാണെന്ന് നിസ്സംശയം പറയാം.

കഥയില്‍ കഥാകൃത്തിന്റെ നിലപാട് ആര്‍ക്കൊപ്പം എന്ന് വ്യക്തമാണെങ്കിലും, അനാവശ്യമായ സഹതാപതരംഗം സൃഷ്ടിക്കാതെയാണ് പത്മാവതിയെ സുസ്മേഷ് വരച്ചിടുന്നത്. 5 മണിക്കുണര്‍ന്ന് പതിനൊന്ന് മണിക്ക് സ്വതന്ത്രയാകുന്ന ഒരു സാധാരണ വീട്ടമ്മയാണ് പത്മാവതി, അവളുടെ കയ്പുകളെ, അവളുടെ വിരസതകളെ വല വീശിപ്പിടിച്ച സോഷ്യല്‍ മീഡിയയും നീരാളിയെ പോലെ അവളുടെ കാമനകളെ വരിഞ്ഞുമുറുക്കിയ അരുണെന്ന വഞ്ചകനും അവന്റെ സ്വാര്‍ത്ഥതയുമാണ് കഥ. കഥാകൃത്ത് ഈ കഥയില്‍ നിഷ്പക്ഷനാണ്. പക്ഷേ വായനക്കാര്‍ക്ക് പരമാവധി സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് പത്മാവതിയോട് സഹതപിക്കാം. അല്ലെങ്കില്‍ അവളെ പഴിക്കാം. അല്ലെങ്കില്‍ പത്മാവതിയെ പാടെ അവഗണിക്കാം.

കഥക്ക് പേരിടുന്നതിലെ സുസ്‌മേഷ് വൈദഗ്ധ്യം ഈ സമാഹാരത്തില്‍ ഏറ്റവുമധികം പ്രകടമാകുന്നത് മേഘം മറച്ച നക്ഷത്രം എന്ന കഥയിലാണ്. ഏകാന്തത നിസ്സഹായനാക്കുന്നൊരാളുടെ അല്ലെങ്കില്‍ അത്തരം പലരുടെ പ്രതിനിധിയാണ് കഥാനായകന്‍. അമ്പത്തിന്നാലുകാരന്റെ തിരിഞ്ഞുനോട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ വിധിയെഴുത്തില്‍, ആണിന്റെ അസൂയയില്‍ ജീവിതം പൊയ്‌പ്പോയൊരു പെണ്‍കുട്ടിയുടെ ജീവിതമുണ്ട്. അവള്‍ ജീവിച്ച നിഗൂഢജീവിതത്തിന്റെ അവശേഷിപ്പുകളില്‍ തനിക്കുള്ള പങ്ക് തിരയുന്നൊരാളെ പോലെയാണ് നിഷ്‌കളങ്കതയുടെ മുഖം മൂടിയണിഞ്ഞ വൃദ്ധന്‍ 'നാളെ ഇനിയെന്തു ചെയ്യും എന്ന് 'ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ജനറേഷന്‍ ഗ്യാപ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പരസ്പരം അംഗീകരിക്കാനുള്ള മടിയെ ഏറ്റവും സുന്ദരമായ ഒരു കഥയാക്കി മാറ്റിയതാണ് അച്ഛനെ കൊല്ലുന്ന വിധം. 'നമ്മുടേതല്ലാത്ത ഒരു ജീവിതം ജീവിച്ചൊരാള്‍ നമ്മുടെ താളത്തെ സാരമായി സാധിക്കും 'എന്ന വാട്‌സ് അപ്പ് സ്റ്റാറ്റസ് തന്നെ ആ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. മുത്തച്ഛനെ കൊന്നുതള്ളി വീട്ടില്‍ സ്വസ്ഥതയുണ്ടാക്കാന്‍ സ്വന്തം അച്ഛനെ പരിശീലിപ്പിക്കുന്ന മകനാണ് ഈ കഥയിലെ ട്വിസ്റ്റ്. മകനെന്ന നൈരന്തര്യത്തിന്റെ കണ്ണി ഒരു ചോദ്യചിഹ്നമായി ഓരോ അച്ഛന്റെയും മുന്നില്‍ ചോദ്യചിഹ്നമായി മാറുന്നു.

തീവണ്ടിയുടെ മുഖവും പഴക്കറ പുരണ്ട ഉടുപ്പും, ആഗതനും, ബാല്യത്തെ സംബന്ധിച്ച മൂന്ന് സുപ്രധാന കാര്യങ്ങളും മനഃശാസ്ത്രപരമായ സമീപനങ്ങളാണ്. തിരിച്ചറിയപ്പെടാത്തവരുടെ ലോകമാണ് ഈ കഥകളെല്ലാം ചര്‍ച്ച ചെയ്യുന്നത്. പ്രണയവും നിരാസവും ചേര്‍ന്ന് മനുഷ്യരെ തള്ളിവിടുന്ന ഏകാന്തതയുടെ ഗര്‍ത്തങ്ങളെ പണിക്കുറ്റമില്ലാതെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. ഗൃഹാതുരതയിലേക്കുള്ള പ്രയാണമാണ് ഇവയിലെ പൊതുസ്വഭാവം: ഒരര്‍ത്ഥത്തില്‍ പിന്നിലേക്കുള്ള യാത്രകളുടെ കഥകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കഥക്കൂട്ടമാണ് സുജാത.

Content Highlights: Susmesh Chandroth, Sujatha, Dr. Swapna C. Komboth, Mathrubhumi Books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
book cover, G. Ravi

2 min

ചരിത്രം മറന്ന കണ്ടന്‍കുന്ന് മുത്തപ്പനെ നോവല്‍ വീണ്ടെടുക്കുമ്പോള്‍ 

Aug 31, 2023


book cover

2 min

ചേര, ചോള, പാണ്ഡ്യരുടെ ചരിത്രം പറയുന്ന മൂന്നാര്‍ വണ്ടിയിലൂടെ ഒരു യാത്ര!

Jun 17, 2023


shyamkrishna, novel cover

1 min

ശ്യാംകൃഷ്ണയുടെ 'മമ്മ'; ചെറിയ നോവലിലെ വലിയ വായനാനുഭവം!

Jan 18, 2023


Most Commented