'കഥ മനുഷ്യരെപ്പിടിക്കുന്നവരാക്കും'; മണ്ണും മണവും കൊണ്ട് നിര്‍മിച്ച 'ഹിറ്റ്‌ലറും തോറ്റ കുട്ടിയും'


ഡോ. സ്വപ്ന സി കോമ്പാത്ത്

സാംബശിവന്‍ മുതല്‍ 'ഥ'ര്‍ക്കം വരെയുളള ആറു കഥകളില്‍ കഥാകൃത്തിന്റെ പകര്‍ന്നാട്ടം, ആഖ്യാനത്തിന്റെ മൂര്‍ച്ച വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് സാംബശിവന്‍ എന്ന കഥ സ്വവര്‍ഗരതിക്കാരായ ദമ്പതികളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.

കെ.എസ് രതീഷ്

കെ.എസ് രതീഷ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹിറ്റ്‌ലറും തോറ്റ കുട്ടിയും എന്ന കഥാസമാഹാരം ഡോ. സ്വപ്‌ന സി കോമ്പാത്തിന്റെ വായനയില്‍.

സാങ്കല്പികമായ പശ്ചാത്തല ഭൂമികാനിര്‍മാണത്തിനു പുറമെ, പല പ്രദേശങ്ങളുടെയും ചരിത്രവും ജനജീവിതവും ഭാവനയോടൊപ്പം വ്യാപരിക്കാറുണ്ടെന്ന് നമ്മുടെ കഥാസാഹിത്യത്തിന്റെ ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.എസ്. രതീഷിന്റെ 'ഹിറ്റ്‌ലറും തോറ്റ കുട്ടിയും' എന്ന കഥാസമാഹാരവും അതിരുകളുള്ള, ചരിത്രവും വര്‍ത്തമാനവുമുള്ള, മനുഷ്യരും വീടുകളുമുള്ള ഒരിടത്തിന്റെ ഇതിഹാസസമാനമായ ഇടപെടലാണ്. 'ഒരു കഥ നമ്മളിലേക്ക് എന്തോരം മനുഷ്യരെയാണ് ചേര്‍ത്തുനിര്‍ത്തുന്നതെന്ന് 'കഥ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും എന്ന ആമുഖത്തില്‍ കഥാകൃത്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്. കണ്ടിട്ടും കേട്ടിട്ടുമുള്ളവരും മാത്രമല്ല സങ്കല്പിക്കാന്‍ പോലുമാകാത്തവരുമായ ഒരുപാടൊരുപാട് വ്യത്യസ്തരും പുതുമയുള്ളവരുമായ വ്യക്തികള്‍ കഥാപാത്രങ്ങളായി മനസ്സുകീഴടക്കുന്നു എന്നതാണ് ഈ കഥകളുടെ പ്രധാന ആകര്‍ഷണീയത.

ക്വസ്റ്റ്യന്‍ ബാങ്ക്, സൂക്ഷ്മജീവികളുടെ ഭൂപടം, വൈദ്യരത്‌നം, പാവക്കൂത്ത്, ടി.വി ദ ടെയില്‍ ഓഫ് ടൂ വി, വരിക്കച്ചക്കേടെ കടം കെടക്കണ്, കറുപ്പുയുദ്ധം. സാംബശിവന്‍, കരനീല ഓര്‍ക്കിഡും ഒരു വേണു ഗാനവും, കോമ്പല്ല്, ഹിറ്റ്‌ലറും തോറ്റ കുട്ടിയും, ന്യൂനകോണുകള്‍, 'ഥ' ര്‍ക്കം എന്നീ പതിമൂന്ന് കഥകളാണ് ഹിറ്റ്‌ലറും തോറ്റ കുട്ടിയും എന്ന സമാഹാരത്തിലുള്ളത്. കഥകളെല്ലാം തന്നെ കാഴ്ചയുടെ അനുഭവം നല്‍കുന്നുണ്ട്. ജീവിതപ്രാരാബ്ധം വന്ന് വീര്‍പ്പുമുട്ടിച്ചപ്പോഴാണ് മനുഷ്യശരീരത്തിലെ ഏറ്റവും ലാഭകരമായ അവയവമേതെന്ന് സഞ്ജീവന്‍ മാഷ് ചിന്തിക്കാന്‍ തുടങ്ങിയത്. ഉള്ളെരിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറികടക്കാന്‍ ചോദ്യങ്ങളും ചോദ്യബാങ്കുകളും തയ്യാറാക്കുന്ന സഞ്ജീവന്‍മാഷിന്റെ കഥയോടൊപ്പം അവയവദാതാക്കളുടെ ജീവിതത്തിന്റെ മറുവശം കൂടി കഥ വിവരിക്കുന്നു.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

സൂക്ഷ്മജീവികളുടെ ജീവിതം പൊന്നന്റെയും ഐപ്പണ്ണന്റെയും ജീവിതത്തില്‍ മരണം ഒളിച്ചുകളി നടത്തുന്നതിന്റെ സജീവചിത്രണമാണ്. കൊറോണക്കാലത്തെ അത്ര കാര്യമായൊന്നും നമ്മുടെ കഥാകൃത്തുക്കള്‍ അടയാളപ്പെടുത്തിയിട്ടില്ല എന്ന വാദത്തിന്റെ മറുപടിയായി ഈ കഥയെ പരിഗണിക്കാവുന്നതാണ്. വൈദ്യരത്നം എന്ന കഥ 105-ാം നമ്പര്‍ ലോഡ്ജ് മുറിയിലെ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റെ മരണത്തെക്കുറിച്ച് വാചാലമാകുന്നു. നേരെ മുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നൊരാളുടെ ദൃശ്യത്തിന് പിന്നില്‍ പുറത്തുവരാന്‍ അയാളനുവദിക്കാത്തിടത്തോളം കാലം മറഞ്ഞിരിക്കുന്ന വിവിധ രഹസ്യങ്ങളുണ്ടെന്ന വീക്ഷണമാണ് കഥയുടെ കാതല്‍. ഒരു മനുഷ്യന്റെ പല രൂപത്തിലും വലിപ്പത്തിലുമുളള മുഖംമൂടികളോരോന്നായി അഴിച്ചിട്ടുകൊണ്ട് ഏറ്റവും അവസാനം കഥാകൃത്ത് തന്നെ വലിയൊരു മുഖംമൂടിയായി രംഗപ്രവേശം ചെയ്യുന്നു. കഥ മറ്റൊരു മാനത്തിലേക്ക് പറക്കുകയും ചെയ്യുന്നു. പാവക്കൂത്ത് എന്ന കഥ അസംതൃപ്ത ദാമ്പത്യത്തിന്റെയോ അനപത്യദുഃഖത്തിന്റെയോ കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നതിന്റെയോ ഒക്കെ കാഴ്ചകള്‍ക്കപ്പുറത്ത് അജിത എന്ന സ്ത്രീയെ ആവിഷ്‌കരിക്കുന്നു. ടി.വി. ദി ടെയ്ല്‍ ഓഫ് ടൂവി, തൃഷ്ണകളുള്ള ഒരു സ്ത്രീജീവിതത്തെ അടയാളപ്പെടുത്തുന്നതിനായി രണ്ടുകാലത്തെയാണ് കൂട്ട് പിടിക്കുന്നത്

കാലാകാലങ്ങളായി തുടരുന്ന സ്ത്രീചൂഷണത്തിന്റെയും പ്രതിഷേധത്തിന്റെയും കഥയാണ് വരിക്കച്ചക്കേടെ കടം കെടക്ക്ണ്. കറുപ്പുയുദ്ധം നിറത്തിന്റെ പേരില്‍ അവഹേളിക്കപ്പെടുന്ന ബാല്യത്തോട് ചേര്‍ന്നുനില്‍ക്കുന്നു. സാംബശിവന്‍ മുതല്‍ 'ഥ'ര്‍ക്കം വരെയുളള ആറു കഥകളില്‍ കഥാകൃത്തിന്റെ പകര്‍ന്നാട്ടം, ആഖ്യാനത്തിന്റെ മൂര്‍ച്ച വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് സാംബശിവന്‍ എന്ന കഥ സ്വവര്‍ഗരതിക്കാരായ ദമ്പതികളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഹിറ്റ്‌ലറും തോറ്റകുട്ടിയും പ്രമേയത്തില്‍ പുതുമ പുലര്‍ത്തുന്നില്ലെങ്കിലും കോമ്പല്ലും ന്യൂനകോണുകളും നിഗൂഢതയെ ഗാഢാലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്

പന്തയും പന്തയിലെ മണ്ണും മനുഷ്യനും കെട്ടഴിച്ചുവിട്ട ഗന്ധങ്ങളെ സൂക്ഷ്മതയോടെ വാക്കുകളിലേക്ക് ചേര്‍ത്തുവെക്കുകയാണ് രതീഷ് ചെയ്യുന്നത്. ഗ്രാമവും നഗരവും ചിലപ്പോഴെങ്കിലും ഇടകലരാനുള്ള ശ്രമം എഴുത്തിലേക്ക് വരുന്നുണ്ടെങ്കിലും ഗ്രാമത്തിലാണ് ഈ കഥകളുടെ ആത്മാവ് വേരാഴ്ത്തിയിരിക്കുന്നത്. ഒരു ബന്ധവും ലളിതമോ സുതാര്യമോ അല്ലെന്നും അവയെല്ലാം സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ കുരുക്കുകളാല്‍ മുറുക്കപ്പെട്ടിരിക്കുന്നുവെന്നും ഈ കഥകള്‍ ബോധ്യപ്പെടുത്തുന്നു. അനായാസ വായനയല്ല, ജാഗ്രത്തായ വായനയാണ് രതീഷിന്റെ കഥകള്‍ ആവശ്യപ്പെടുന്നത്. പരിചിതമെന്ന തോന്നലില്‍ മുന്നോട്ട് നടത്തുമ്പോഴും വിചിത്രവും വൈവിദ്ധ്യമുള്ളതുമായ അപരിചിതയിടങ്ങളിലേക്കാണ് ഈ കഥകള്‍ വലവീശുന്നത്.

Content Highlights: K.S Ratheesh, Dr. Swapna C Kombath, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented