കഥനത്തിലൂടെ വീണ്ടെടുക്കപ്പെടുന്ന വൈദ്യചരിതവും സംസ്‌കാര ചരിത്രവും


ഡോ. അജയ് ശേഖര്‍

വേജ്ജരായ ചരിതം, ഡോ. പി.എം. മധു

ഭാവനാത്മകമായി കഥനത്തിലൂടെ വീണ്ടെടുക്കപ്പെടുന്ന മലബാറിന്റെ പ്രാചീന ചരിതം തന്നെയാണ് വേജ്ജരായ ചരിതം എന്ന ഡോ. പി. എം. മധുവിന്റെ 2020ല്‍ പുറത്തുവന്ന നോവല്‍. പ്രാചീന സംഘകാല തമിഴകത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ മലബാറടങ്ങുന്ന ചേരനാട്. 'കേര പുത്തോ' എന്ന ബി. സി. മൂന്നാം നൂറ്റാണ്ടിലുളള അശോകന്‍ ശിലാശാസന പരാമര്‍ശങ്ങളിലാണ് ചേരമക്കളെ കുറിച്ചുള്ള പ്രാചീന ലിഖിത സൂചന. മൌര്യമൂപ്പരായ അശോകരുടെ മകനായ മഹിന്ദ തേരനാണ് തെന്നിന്ത്യയിലേക്കും തമിഴകത്തേക്കും ബുദ്ധരുടെ അഥവാ തമിഴക മൊഴിവഴക്കത്തില്‍, പുത്തരുടെ സുവിശേഷം പടര്‍ത്തിയത്. ആദിമ പള്ളികളും പള്ളിക്കൂടങ്ങളും ധര്‍മാശുപത്രികളും ഔഷധത്തോപ്പുകളും തോട്ടങ്ങളും പടിക്കിണറുകളും കനാലുകളും നെല്ലേലകളും സംഘാരാമങ്ങളായ കാവുകളും കുളങ്ങളും ചിറകളും മഹാനായ അശോക ചക്രവര്‍ത്തിയുടേയും അദ്ദേഹമയച്ച തേരവാദ ബൌദ്ധ മിഷനറി സംഘങ്ങളുടേയും അടിസ്ഥാന നാഗരിക സംഭാവനകളാണ്.

അശോക മകളായ സംഘമിത്ത തേരിയാണ് തെക്കനേഷ്യയിലേക്കും സിലോണിലേക്കുമെല്ലാം പ്രബുദ്ധ സഭ്യതയെ എത്തിച്ചത്. അശോകരുടെ ലോകോത്തരമായ മൌര്യസാമ്രാജ്യ അതിരുകളായിരുന്നു കര്‍ണാടകമെന്ന കദംബദേശം. സന്നതിയും യേരഗുഡിയുമടങ്ങുന്ന അശോകന്‍ ശിലാശാസനങ്ങളും ചൈത്യവിഹാര സ്തൂപാവശിഷ്ടങ്ങളും ഇന്നു വീണ്ടെടുക്കപ്പെട്ടു വരികയാണ്. സന്നതിയിലെ കനഗനഹള്ളി എന്നു കന്നഡത്തില്‍ പറയുന്ന കനകപ്പള്ളിയിലാണ് അശോകരുടെ അന്ത്യവിശ്രമം എന്നും പറയപ്പെടുന്നു, തന്റെ മകനേയും മകളേയും മിഷനറി സംഘങ്ങളേയും പിന്‍തുടര്‍ന്ന് അന്ത്യകാലത്തദ്ദേഹം പിതാമഹനായ ചന്ദ്രഗുപ്ത മൌര്യനെ പോലെ തെന്നിന്ത്യയിലേക്കു വന്നത്രേ. കഴിഞ്ഞ ഇരുപതു വര്‍ഷമായി അടച്ചുപൂട്ടിക്കെട്ടിയ നിലയില്‍ നശിക്കുകയാണ് സന്നതിയിലെ അമൂല്യമായ പുരാവസ്തുക്കളും എഴുത്തുകളും ശില്പശകലങ്ങളും. കദംബദേശവുമായി ചേരുന്ന ചേരനാടിന്‍ ഭാഗമായിരുന്നു തുളുനാടും പൂഴിനാടും കോലത്തുനാടുമെല്ലാം ചേര്‍ന്ന മലബാര്‍.

ആദിമ അശോകന്‍ സംഘകാലത്തു വികസിച്ച ബോധന വൈദ്യ ചികില്‍സാ സമ്പ്രദായങ്ങള്‍ തികച്ചും ബൌദ്ധമായിരുന്നു. അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവുമെഴുതിയ വാഗ്ഭട ഭിക്ഷു സിംഹള ബൌദ്ധനായിരുന്നു. അമരകോശമെഴുതിയ അമര സിംഹനും സിഹളനായ തേരവാദ ബുദ്ധഭിക്ഷുവായിരുന്നു. മഹിന്ദനടക്കമുളള അശോക മിഷനറിമാര്‍ ചേര, ചോള, പാണ്ട്യ നാടുകളിലേക്കും തമിഴകത്തേക്കും വന്നത് രാജ്യാന്തര ജലമാര്‍ഗങ്ങളിലൂടെ ശ്രീലങ്കയെന്ന ഈഴം വഴിയായിരുന്നു. ആദിമ അശോകന്‍ കാലം മുതല്‍ ഈളത്തിന്റെ അഥവാ ഇഴചേര്‍ന്ന ഇഴയടുപ്പമുളള സംഘത്തിന്റെ നാടായി നിന്നതിനാലാണ് ഇലങ്കയ്ക്ക് ഈളം എന്ന പേരു തമിഴില്‍ കിട്ടുന്നത്. സംഘത്തിന്‍ സ്വന്തം ജനം എന്ന അര്‍ഥത്തിലാണ് ഈഴവര്‍ എന്ന സമുദായ നാമം പ്രാചീന തമിഴകത്തെ ശിലാലിഖിതങ്ങളിലും ആഖ്യാനങ്ങളിലും സ്ഥാനപ്പെടുന്നത്. തേരവാദ ബുദ്ധിസവുമായി ചരിത്രബന്ധമുള്ള ജനതയെ ബ്രാഹ്മണാധിനിവേശത്തെ തുടര്‍ന്ന് അംബേദ്കറും, കേരളത്തില്‍ കെ. സുഗതനുമെല്ലാം വിശദീകരച്ച പോലെ തൊട്ടുകൂടാത്തവരും നമ്പാന്‍ പറ്റാത്തവരുമായ തീയരെന്നു വിളിച്ചു പോന്നു മലബാറില്‍. ബുദ്ധപാരമ്പര്യമുള്ള അശോക ജനതയെ ശോവന്മാരെന്നും ചോകോന്മാരെന്നും തിരുക്കൊച്ചിഭാഗത്തും വിളിച്ചു പോന്നു. വമ്പിച്ച ഫ്യൂഡല്‍ സൈനികവല്‍ക്കരണം നടന്ന ജാതിഹിന്ദു മധ്യകാലത്ത് അതിനെ സേവകനും ചേവകനും ചേകവനുമെല്ലാമായി മാറ്റി.

നല്ലതും തീയതും എന്ന ദ്വന്ദ്വകല്‍പ്പനയില്‍ തീയത് തികച്ചും മോശമല്ലോ. ബ്രാഹ്മണിക ആണ്‍കോയ്മയെ പാദസേവയിലൂടെ അംഗീകരിച്ച നമ്പാവുന്ന വിഭാഗങ്ങളെ സവര്‍ണരിലെ നാലാം വര്‍ണമായ ശൂദ്രപദവി കൊടുത്തു സംബന്ധക്കാരാക്കി. മൈസൂര്‍ ഭരണം വന്ന പതിനെട്ടാം നൂറ്റാണ്ടുവരെയും, പാശ്ചാത്യ ആധുനികത വന്ന പത്തൊമ്പതാം നൂറ്റാണ്ടുവരെയും അവര്‍ണരുടെ സ്ഥിതി ബഹിഷ്‌കൃതവും ജാതിയടിമത്തപരവുമായിരുന്നു. തലശേരിയിലെ പോത്തേരി കുഞ്ഞമ്പു വക്കീലാണ് ആധുനിക ആംഗല നിയമ വിദ്യാഭ്യാസത്തെ അഭിനവ സരസ്വതിയായി കണ്ട് സരസ്വതീ വിജയം എന്ന നോവലിലൂടെ കേരള കഥനാഖ്യാന ചരിത്രത്തിലെ മാതൃകയുണ്ടാക്കുന്നത്. ഇതേ കാലത്തു രചിച്ചു എന്നു പറയപ്പെടുന്ന ഭാവനാത്മകമായ ഒരു ആഖ്യായികയാണ് ഡോ. മധു തന്റെ നോവല്‍ ശരീരത്തിലേക്കു കഥനത്തിലൂടെ ഉള്‍ച്ചേര്‍ക്കുന്നത്. കഥനത്തിനുള്ളിലെ കഥനമെന്ന സങ്കേതം രസകരവും ഉദ്വേഗജനകവുമായ ആഖ്യാന തന്ത്രമായി മാറുന്നു.

ചേന്നനാര്‍ കേളന്‍ എന്ന സാമൂഹ്യ ചരിത്ര ബോധമുള്ള അവര്‍ണനായ എഴുത്തുകാരന്‍ പത്തൊമ്പതാം നൂറ്റാണ്ടിനന്ത്യത്തില്‍ മലബാറിനെ പശ്ചാത്തലമാക്കി എഴുതിയതെന്നു കല്പിതമായ നോവലായ വെജ്ജരായചരിതം അതേ പേരിലുള്ള നോവലില്‍ പടിപടിയായി അനാവരണം ചെയ്യപ്പെടുന്നു. യഥാര്‍ഥത്തില്‍ ചരിത്രത്തിലങ്ങനെ ഒരു നോവലുണ്ടായിരുന്നോ എന്ന സംഭ്രമം വായനയെ ത്രസിപ്പിക്കുന്നു. സാമൂഹ്യ സംസ്‌കാര ചരിത്രത്തിലേക്ക് പുതുവായനയ്ക്കു പ്രേരണ തരുന്ന രചനയും കൂടിയാണിത്. സമകാലത്ത് പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീ വിജയത്തിലേക്കും അദ്ദേഹം നയിച്ച സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാറ്റങ്ങളിലേക്കും പാഠാന്തരമായ ധ്വന്യാത്മക സൂചനകള്‍ നോവലുണര്‍ത്തുന്നു. മിതവാദിയുടെ നിയമ, മാധ്യമ പോരാട്ടങ്ങളും 1917 ലേ തളി സഞ്ചാര സ്വാതന്ത്ര്യ സമരവും നാമോര്‍ക്കാം. ശംബര തേരരില്‍ ആധുനിക ഭിക്ഷുവായ ഫറൂക്കിലെ ധമ്മസ്‌കന്ദരുടേയും ആനന്ദമൈത്രേയനായി സ്വയം മാറിയ മഞ്ചേരി രാമയ്യരുടേയും കോഴിക്കോട് കടപ്പുറത്തെ കസ്റ്റംസ് റോഡിലുള്ള ബുദ്ധവിഹാറില്‍ വളരുന്ന അനുരാധപുരത്തു നിന്നുള്ള ബോധിവൃക്ഷങ്ങളിലൊന്നും നമ്മുടെ മനസ്സിലേക്കു തിരനോക്കും. കേളനെ ഇന്ത്യയിലെ ആദ്യ നവബുദ്ധമത പ്രസ്ഥാനമായ ശാക്യ ബൌദ്ധ സഭയുടെ സ്ഥാപകനായ ഇന്ദിരര്‍ദേസ സരിത്രം രചിച്ച അയ്യോതി താസപണ്ഡിതരുടെ അനുയായിയായി അടയാളപ്പെടുത്തുന്നതും ചരിത്രത്തെ അഗാധമാക്കുന്നു.

സംഘകാല ഗണങ്ങളായ പാണരുടേയും പറയരുടേയും പുലവരുടേയും കുറവരുടേയും മറ്റു നാഗരുടേയും കാടരുടേയും എല്ലാം ഇടയില്‍ വൈദ്യ, വിദ്യാ, ധമ്മബോധന പ്രവര്‍ത്തനങ്ങളിലൂടെ അരുളും അന്‍പും പകര്‍ന്നു കിരാതമായ പാഷണ്ഡതയെ ചെറുത്ത പ്രബുദ്ധനായ ബോധകനായിരുന്നു ശംബര ഭിക്ഷു. പെരിഞ്ചല്ലൂര്‍ വട്ടമെന്ന ഇന്നത്തെ തളിപ്പറമ്പിലായിരുന്നു സംഘകാലത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നിരവധി വട്ടങ്ങളും മുട്ടങ്ങളും കോട്ടങ്ങളും കുടങ്ങളും ഇന്നും സ്ഥലനാമങ്ങളിലാണ്ടു കിടക്കയാണ്, സംഘകാല നാഗരീക സംസ്‌കാരത്തിന്‍ മായാമുദ്രകളുമായി. അവയെല്ലാം ബൌദ്ധമായ സ്തൂപങ്ങളേയും ചൈത്യവിഹാരങ്ങളേയും വിദ്യാവൈദ്യ ധര്‍മശാലകളേയും കുറിക്കുന്നു. പെരിഞ്ചല്ലൂരിനു തെക്ക് ഇന്നും കണ്ണൂര്‍ ജില്ലയില്‍ ഒരു ധര്‍മശാല അവശേഷിക്കുകയാണ്. അടുത്തുള്ള പാപ്പിനിശേരി മധ്യകാലത്ത് പാപിനിശേരിയായിരുന്നു എന്നും വ്യക്തം. കാവുകളെന്ന അഥവാ കന്യകാവുകളെന്ന ബൌദ്ധ ഭിക്ഷുണിമാരെ അപരവല്‍ക്കരിച്ച് ബ്രാഹ്മണിക ആണ്‍കോയ്മ അവരെ വിളിച്ചതാണ് പാപിനിമാര്‍ എന്ന്. പേരാറിനു തെക്കേകരയില്‍ ഇന്നും ഒരു പാപിനിക്കാവും കൊടുങ്ങല്ലൂരിനു വടക്ക് ഇന്നും പാപിനിവട്ടവും നിലനില്‍ക്കുന്നു. ഭാഷയിലെ പ്രതിനിധാന ഹിംസയും അപരവല്‍ക്കരണവും വ്യക്തമാക്കുന്ന സ്ഥലനാമങ്ങളാണിവ.

അടുത്തകാലത്തും തളിപ്പറമ്പില്‍ നിന്നും ഒരു ബോധിസത്വ ശില്പം കിട്ടിയിരുന്നു. താലൂക്കാപ്പീസിലായിരുന്നു അത്. നിരവധി ഗ്രാമീണ ബോധിമരച്ചുവടുകളില്‍ പുത്തരുടെ കല്‍പ്രതിമകള്‍ ഉണ്ടായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ ഭാഗത്തു നിന്നും ഇരുപതാം നൂറ്റാണ്ടിനു തുടക്കത്തില്‍ കിട്ടിയ ബുദ്ധശില്പം മലിനോവ്‌സ്‌കിയുടേയും ഫിര്‍തിന്റേയും വിദ്യാര്‍ഥിയും ലോകോത്തര നരവംശശാസ്ത്ര, സാമൂഹ്യ ശാസ്ത്രകാരനുമായ പ്രൊഫസര്‍ എ. (അയനിപ്പള്ളി) അയ്യപ്പന്‍ താന്‍ ക്യൂറേറ്റു ചെയ്ത മദ്രാസ് മ്യൂസിയത്തിലേക്കു കൊണ്ടു പോയതായി ജ്യാതിവ്യവസ്ഥിതിയും ബുദ്ധമതവും എഴുതിയ ഡോ. കെ. സുഗതന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. 2021 ലും പ്രാചീന കോവിലാണ്ടിയായ ഇന്നത്തെ കൊയിലാണ്ടി മേലൂരെ അമ്പലക്കുളത്തില്‍ നിന്നും ഒരു ബോധിസത്വ ശില്പം വീണ്ടെടുക്കപ്പെടുകയുണ്ടായി. കോവില്‍ക്കോടായിരുന്നല്ലോ കോയിക്കോടും കോഴിക്കോടുമായി വ്യവഹരിക്കപ്പെട്ടത്.
അടിസ്ഥാന ജനത അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അകലുന്നത് ഭട്ടിമാരേയും ചാത്തിരിമാരേയും മറ്റു പൌരോഹിത്യ ശക്തികളേയും ഇളകി വശാക്കുന്നു. പാലൈ തിണയിലെ തീവെട്ടിക്കൊള്ളക്കാരും കവര്‍ച്ചക്കാരും കാലി, മനുഷ്യക്കടത്തുകാരുമായ മറവ, കള്ളര്‍ ഗോത്രങ്ങളെ ഉപയോഗിച്ച് അവര്‍ ഏഴിമല നന്നനേയും ബൌദ്ധ ഭിക്ഷു, ഭിക്ഷുണീ സംഘങ്ങളേയും ദണ്ഡനീതിയിലൂടെ വംശഹത്യചെയ്ത് ബ്രാഹ്മണ്യത്തേയും പാഷണ്ഡതയേയും പുനസ്ഥാപിക്കുന്നു.

ചരിത്രപരമായി സി. ഈ. അഞ്ചു മുതല്‍ ഏഴുവരെയുള്ള നൂറ്റാണ്ടുകളില്‍ തമിഴകത്ത് ആധിപത്യം നേടിയ കളഭ്രര്‍ ബൌദ്ധരും ബ്രാഹ്മണ്യത്തിനു പേടിസ്വപ്നവുമായിരുന്നു. കഴപ്പാളര്‍, കലി അരചര്‍ എന്നിങ്ങനെയാണ് പില്‍ക്കാല ബ്രാഹ്മണിക ഹൈന്ദവ പാഠങ്ങള്‍ അവരെ അടയാളപ്പെടുത്തിയത്. എന്നാല്‍ നോവലില്‍ കഥന ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് അവരേയും മറവരെ പോലെ ബൌദ്ധരെ ഹിംസിക്കുന്നവരായി പ്രതിനിധാനം ചെയ്യുന്നു. അതു പോലെ തന്നെ സാമൂഹ്യ ജനായത്തത്തിലും പ്രാതിനിധ്യത്തിലും അടിയുറച്ച നൈതികവും ധാര്‍മികവുമായ ബുദ്ധചിന്തയേയും ചാതുര്‍വര്‍ണ്യത്തിലും ഉച്ചനീചത്വത്തിലും പൗരോഹിത്യാധീശത്വത്തിലും പുറന്തള്ളലിലും സ്ഥാപിതമായ വൈദിക ചിന്തയേയും താരതമ്യ തത്വതലത്തില്‍ ഒന്നാണെന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങളും സൂചനയും വസ്തുതാവിരുദ്ധവും സത്യവിരുദ്ധവുമായി വരുന്നു. ബഹുജന ജനായത്ത സംസ്‌കാരവും, വരേണ്യ പൗരോഹിത്യ ആണ്‍കോയ്മാ അധീശ വ്യവഹാരവുമായ ബ്രാഹ്മണിക ഹിന്ദുത്വവും തമ്മിലുള്ള സംഘര്‍ഷവും പോരാട്ടങ്ങളുമാണ് ഇന്ത്യയുടെ ചരിത്രമെന്ന പ്രാഥമിക സത്യത്തെ ഇനിയും സൂര്യചന്ദ്രന്‍മാരെ എന്ന പോലെ മറയ്ക്കാനാവില്ല. സത്യത്തെ അറിഞ്ഞംഗീകരിച്ചു മാത്രമേ സമൂഹത്തിനു മുന്നോട്ടു പോകാനാവൂ.

വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ചു കൊണ്ട് ചര്‍മരോഗ വിദഗ്ധരായ ഭിഷഗ്വരരും മറ്റും നടത്തുന്ന അന്വേഷണങ്ങളിലൂടെ തഞ്ചാവൂര്‍ കൈയ്യെഴുത്തു പ്രതികളുടെ ലൈബ്രറിയില്‍ നിന്നാണ് 1892 ലെ പഴയ പതിപ്പ് ചേന്നനാരുടേതായി കണ്ടെടുക്കപ്പെടുന്നത്. പിന്നീട് സര്‍വകലാശാലാ മലയാളം പ്രൊഫസറായ പവിത്രന്‍ മാഷുമായുളള ചര്‍ച്ചകളിലൂടെയാണ് അതു വികസിപ്പിക്കപ്പെടുന്നതും സമകാലിക രൂപത്തിലേക്ക് പുനരാവിഷ്‌കരിക്കപ്പെടുന്നതും. ലിഖിതവിജ്ഞാനീയ വിദഗ്ധനും കേരള സംസ്‌കാര ഗവേഷകനുമായ കാലിക്കറ്റ് സര്‍വകലാശാലാ പ്രൊഫസറായിരുന്ന ഡോ. പി. പവിത്രന്‍ എന്ന ജീവിച്ചിരിക്കുന്ന മനുഷ്യന്‍ തന്നെയാണീ കഥാപാത്രം. നോവല്‍ രചനയേയും സമകാലിക കര്‍തൃത്വങ്ങളേയും കഥനത്തിലുള്‍ച്ചേര്‍ക്കുന്ന ചരിത്രരചനാപരമായ മെറ്റാഫിക്ഷണല്‍ തലങ്ങള്‍ നോവലിലുണ്ട്. ഡോക്യുഫിക്ഷന്‍ സ്വഭാവവും വര്‍ത്തമാന ചരിത്രണമൂല്യവും കഥനത്തിലേക്കു കടന്നു വരുന്നു. വായനക്കാരെ നേരിട്ടു സംബോധന ചെയ്യുന്ന ആധുനികോത്തരാഖ്യാന സങ്കേതങ്ങളും കലാനിപുണനായ ആയുര്‍വേദ ചികില്‍സകനും അധ്യാപകനുമായ ഡോ. മധു പ്രയോഗിക്കുന്നു. സംഘകാല സാഹിത്യത്തില്‍ നിന്നും തമിഴക സംസ്‌കാര ഭൂമികയില്‍ നിന്നും വികസിപ്പിക്കുന്ന പുരാതന പദാവലികളുടെ സൂചികയും നോവല്‍ തുടക്കത്തില്‍ തന്നെ ചേര്‍ക്കുന്നതും വ്യത്യസ്തവും ഔചിത്യപൂര്‍ണവുമാണ്. ചിത്രകാരന്‍ ടി. മുരളിയെന്ന യഥാര്‍ഥ വ്യക്തിത്വത്തെ ചിത്രീകരിച്ചിരിക്കുന്നത് കഥനസംതുലനത്തെ ബാധിക്കുന്നു. മുഴച്ചു നില്‍ക്കുന്ന വക്രീകൃതമായ ഒരു കൂട്ടിച്ചേര്‍പ്പായി അതു തോന്നുന്നു.

മലബാറിലെ നാട്ടുവൈദ്യത്തിനും അരിയ ഭിക്ഷു സംഘങ്ങള്‍ പരത്തിയ ആരിയ വൈദ്യമായ ആയുര്‍വേദത്തിനും ആധാരമായ നാട്ടുവഴക്കങ്ങളേയും വംശാവലീ ചരിത്രങ്ങളേയും തിരയുന്ന കഥനകാരനെ നമുക്കോരോ പേജിലും കാണാം. ശ്രീമൂലവാസവും കടക്കരപ്പള്ളി ഇട്ടിയച്ചുതന്‍ വൈദ്യരുടെ ചരിതവും നാമോര്‍ക്കും. മാടയഴിയായ മാടായിയെ കുറിച്ചും ധമ്മപട്ടണമായ ധമ്മടത്തെ കുറിച്ചുമുള്ള പരാമര്‍ശ സൂചനകള്‍ പ്രസ്താവ്യമാണ്. ചരിത്രസാന്ദ്രവും ഭാവനാനിപുണവും ആഖ്യാനചാതുര്യം കാട്ടുന്നതുമായ ആഖ്യായികയാണിത്. ബ്രാഹ്മണിക ഹൈന്ദവ നിയമാവലിയായ മനുസ്മൃതിയുടെ ദണ്ഡനീതിയും ഇരട്ടത്താപ്പും ജാതിഹിംസകളും കഴുവേറ്റലടക്കമുള്ള കിരാതമായ ഭീകര ഹിംസകളും ബൌദ്ധഭിക്ഷുക്കളുടെ നാവരിയുന്ന കൌടില്യ ഹിംസകളും മറവരുടെ തികഞ്ഞ ബ്രാഹ്മണ ദാസ്യവും കുടിലതയും കാരുണ്യഹീനതയും സ്വാര്‍ഥമായ അധികാരസേവയും തികഞ്ഞ കയ്യടക്കത്തോടെ ചരിത്രബോധത്തോടെ നൈതികമായി നിര്‍വഹിച്ചിരിക്കുന്നു.

പുസ്തകം വാങ്ങാം

തെന്നിന്ത്യയെ ബ്രാഹ്മണ്യം കീഴടക്കുന്നത് യഥാര്‍ഥത്തില്‍ നാലാം വര്‍ണമായ ശൂദ്രരായി വര്‍ണാശ്രമ വൈദിക സംസ്‌കാരത്തിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ട മറവരുടെ സൈനിക, ലൈംഗിക കോളനീകരണത്തിലൂടെയാണെന്ന ചരിത്ര വസ്തുതയെ നൈതികമായ സത്യബോധത്തോടെ കഥനത്തിലാവിഷ്‌ക്കരിക്കാന്‍ ഡോ. മധുവിനു കഴിഞ്ഞിട്ടുണ്ട്. ആംഗലത്തിലും നോവല്‍ പുനരാവിഷ്‌ക്കരിക്കാനും മറ്റു നോവലുകളും ആയുര്‍വേദ പഠന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കാനുമദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഉയിരറിവ് എന്ന നോവലും അദ്ദേഹത്തിന്റേതാണ്.

കാലടി സംസ്‌കൃത സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകന്‍

Content Highlights: dr. pm madhu novel mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented