
അംബികാസുതൻ മാങ്ങാട്
അംബികാസുതൻ മാങ്ങാട് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ചിന്നമുണ്ടി' എന്ന കഥാസമാഹാരത്തിന് ഡോ. മിനിപ്രസാദ് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.
മറവികൾക്കെതിരെ ഓർമകളുടെ പ്രതിരോധം തീർക്കുക പരിസ്ഥിതി സാഹിത്യത്തിന്റെ ഒരു രീതിയാണ്. ഇതൊരിക്കലും ഒരു വിലാപം എന്ന രീതിയിലല്ല. മനുഷ്യൻ അവന്റെ അത്യാഗ്രഹത്താൽ ചൂഷണം ചെയ്ത് ഇല്ലായ്മ ചെയ്ത ഈ ഭൂമിയിൽ നിന്ന് നഷ്ടമായതും തിരികെ വരാത്തതുമായ നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുക. അത്തരം നഷ്ടങ്ങളിലൂടെ ഭൂമിക്കും അതിലെ നിവാസികൾക്കും വന്നതും വരാനിരിക്കുന്നതുമായ ദുരന്തങ്ങളെക്കുറിച്ച് ഒരു പങ്കുവെയ്ക്കൽ മാത്രമാണത്. എങ്കിലും പലപ്പോഴും അവയ്ക്കൊരു പ്രവചനാത്മക സ്വഭാവം കൈവരുന്നു. അങ്ങനെയുള്ള ഓർമപ്പെടുത്തലുകളാണ് തന്റെ ഭൂരിഭാഗം രചനകളിലൂടെയും അംബികാസുതൻ മാങ്ങാട് നടത്തിയത്. അവസാനം ഇറങ്ങിയ കഥാസമാഹാരമായ 'ചിന്നമുണ്ടി'യിലും ഇതേ ദൗത്യം തന്നെ അദ്ദേഹം നിർവഹിക്കുന്നു. സമാഹാരത്തിന്റെ ആമുഖം എന്ന നിലയിൽ എഴുതിയ വയനാട് കുലവൻ തെയ്യത്തിന്റെ ഉരിയാട്ടത്തിൽ നിന്നുള്ള വരികളായ
'അരിഞ്ഞ് കുടിക്കല്ലേ...കറന്ന് കുടിക്ക്.....' എന്നതു പോലും ഇന്നത്തെ പാരിസ്ഥിതിക ചൂഷണത്തിനെതിരെയുള്ള ഒരു മുന്നറിയിപ്പാണ്.
'ചിന്നമുണ്ടി' എന്ന കഥയിൽ 'ഒളിയിടങ്ങളെല്ലാം സുരക്ഷിതമല്ലാതെയായിക്കൊണ്ടിരിക്കയല്ലേ?' എന്ന ഒരു ചോദ്യമുണ്ട്. അത് മുമ്പു മീനിനെപ്പോലെയുള്ള ചെറിയ ജന്തുക്കളുടെ ആവാസ സ്വഭാവങ്ങളോട് ബന്ധപ്പെട്ടാണ് പ്രവീൺ ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത്. ചാലുകൾ, വയലുകൾ, കൂവലുകൾ, ചതുപ്പുകൾ ഇവയൊക്കെ ഇല്ലാതെയാവുന്നതോടെ എത്രയോതരം ജീവികൾക്ക് അവയുടെ സ്വാഭാവികമായ ജീവിതം നഷ്ടമാവും എന്നത് ആരും ഓർക്കാറില്ല. വികസനത്തിന്റെ പുതിയ സംരംഭങ്ങൾ വലിയ വാഗ്ദാനങ്ങളും മോഹിപ്പിക്കുന്ന സ്വപ്നങ്ങളുമായി കടന്നുവരുമ്പോൾ ഇത്തരം ചെറിയ ജീവികൾക്ക് എന്തു പ്രസക്തി! അതിനിടയിൽ പൈനാടൻ എന്ന നെൽവിത്ത് നഷ്ടപ്പെട്ടതോ തൂക്കണാം കുരുവികൾ ഇല്ലാതെയായതോ ഒന്നുമൊന്നും നഷ്ടമേയല്ല. പൈനാടൻ നെൽച്ചെടി കണ്ടെത്തിയ സന്തോഷം വാർഡ് മെമ്പറോട് പങ്കുവെയ്ക്കാനാഗ്രഹിക്കുന്ന ആഖ്യാതാവിന് ലഭിക്കുന്ന പ്രതികരണം വികസനത്തിന്റെ സ്വപ്നങ്ങളെ താലോലിക്കുന്നവന്റേതാണ്. ഭൂമി എന്നാൽ വിനിമയത്തിനുള്ള ചരക്ക് എന്ന സമവാക്യത്തെ ഉയർത്തിപ്പിടിക്കുന്ന നേതാവായി സുഗുണൻ മാറുകയാണ്. വെറുതെ പുല്ലും പറിച്ച് നടക്കാതെ വേഗം കുറച്ച് സ്ഥലം വാങ്ങാനുള്ള ഉപദേശം ഈ മനോഭാവത്തിന്റെ ഭാഗമാണ്. ഒരു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ നെൽവിത്തായിരുന്നു തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെട്ടത്. ആ നെൽച്ചെടി കണ്ടുകിട്ടി എന്ന സന്തോഷം ഒന്നു പങ്കുവെയ്ക്കാനാളില്ലാതെ അയാൾ വിഷമിക്കുന്നതിനേക്കാൾ ആ ചാലു തന്നെ എന്നേക്കുമായി മറയാൻ പോവുന്നു എന്ന അറിവ് അയാളെ തളർത്തിക്കളയുന്നു. ഭൂമിയിൽ ജീവൻ എന്നത് ഒരു വലിയ വലയാണെന്നും അനേകം ജീവികൾ പരസ്പരാശ്രിതത്വത്തോടെ ജീവിക്കുന്ന ഒരിടമാണ് ഈ ഭൂമി എന്നും ആ ജീവികൾക്കോരോരുത്തർക്കും അനേകം സ്വഭാവ സവിശേഷതകൾ ഉണ്ട് എന്നും 'ചിന്നമുണ്ടി' എന്ന കഥ ഓർമപ്പെടുത്തുന്നു. തൂക്കണാംകുരുവികളുടെ ജീവിതത്തെപ്പറ്റിയുള്ള വിവരണങ്ങൾ ശ്രദ്ധാർഹമാവുന്നത് ഇങ്ങനെയാണ്. അധിനിവേശ ശക്തികൾ ലോകം കീഴടക്കുന്നതുപോലെ അധിനിവേശ സസ്യങ്ങളും ജന്തുക്കളും ലോകം മാറ്റിമറിക്കും എന്നും ആവാസവ്യവസ്ഥയെ തകർക്കും എന്നൊരു ഓർമപ്പെടുത്തലും ഈ കഥ പകർന്നുതരുന്നു. കാണാൻ നല്ല ഭംഗിയുള്ളതാണ് ഇവയിൽ പലതും എന്നതിനാൽ ആദ്യം ഇവ വളരെ സ്വീകാര്യരാവുന്നു. പിന്നെ നമ്മുടെ ചെടികളെ അവ നശിപ്പിച്ചു തുടങ്ങുമ്പോഴാണ് അവയുടെ അപകടം തിരിച്ചറിയുന്നത്. അപ്പോഴേക്ക് അവ അപകടകരമാംവിധം വ്യാപിച്ചിരിക്കും. ഇതൊരു ഓർമപ്പെടുത്തൽ എന്ന നിലയിൽ ഈ കഥയിൽ പ്രാധാന്യം നേടുന്നു.
പാരിസ്ഥിതിക തകിടം മറിച്ചിലുകൾ അനുഭവേദ്യമാവുന്നത് വളരെ സാവധാനത്തിലാവും. വളരെ ചെറിയ വ്യതിയാനങ്ങളാവാട്ടെ നാം ശ്രദ്ധിക്കാറുമില്ല. പക്ഷേ തകിടം മറിച്ചിലുകൾ ഒന്നൊന്നായി ഒരു ദിവസം തന്നെ വരുമ്പോഴാണ് നാം പകച്ചുപോവുന്നത്. എല്ലാ ജീവികളും സ്വാഭാവികത വെടിഞ്ഞ് പെരുമാറാൻ തുടങ്ങുന്നതിന്റെ ഒരു ശൃംഖല തന്നെയാണ് 'തൂക്കുപാലങ്ങൾ' എന്ന കഥയിലെ രാജേന്ദ്രൻ ഒരു ദിവസം രാവിലെ മുതൽ നേരിടുന്നത്. നൃത്തം ചെയ്യുന്ന തവളകൾ, വീട്ടുമുറ്റത്തെത്തുന്ന മരപ്പട്ടി, വീടിനകത്ത് പതഞ്ഞുപൊന്തുന്ന ഉറുമ്പുകൾ, പുഴയിൽ അയിലയും മത്തിയും നിറഞ്ഞ് ചാകര ഇങ്ങനെ ഭയപ്പെടുത്തുന്നതും അസാധാരണവുമായ സംഭവങ്ങൾ നേരിടുമ്പോൾ ഒരാൾക്ക് താൻ നിൽക്കുന്നതും ഭാര്യയേയും മകളെയും ആലിംഗനം ചെയ്യുന്നതും സ്വപ്നത്തിലാണോ എന്ന സന്ദേഹം സ്വാഭാവികമായും തോന്നിപ്പോവുന്നു. ഈ കഥ ഒരു മുന്നറിയിപ്പാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ പോയാൽ എല്ലാ ജീവികളും അവയുടെ സ്വാഭാവികത വെടിയും എന്ന മുന്നറിയിപ്പ്. പരിസ്ഥിതി സ്നേഹം ഒരു ഫാഷനാവുന്ന കാലമാണ് നമ്മുടേത്. പരസ്യമായി ഒരു മരത്തൈ വെച്ചുകൊണ്ട് അത് പ്രകടിപ്പിക്കുന്നത് പലപ്പോഴും മറ്റ് ചില സത്യങ്ങളെ മൂടിവെയ്ക്കാനുമായിരിക്കും. അങ്ങനെയൊരു കഥയാണ് 'പട്ടും വളയും.' ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുകൊണ്ട് ഒരു അധ്യാപകന്റെ കള്ളപ്പണികൾ പരിചയപ്പെടുത്തുന്ന കഥയാണിത്. അഗാധമായ സഹോദരസ്നേഹത്തിന്റെയും വെളിപാടുകളായി നിൽക്കുന്ന ചില കഥകളും ചേർന്നതാണ് ഈ സമാഹാരം. വിവാഹ ദിവസം ഒരു കത്തെഴുതി വെച്ച് ഇഷ്ടപ്പെട്ട ഒരാൾക്കൊപ്പം ഇറങ്ങിപ്പോയ മകളെ അന്വേഷിച്ചെത്തുന്ന രാമനാഥൻ പറയുന്ന ഒരു വാചകമുണ്ട്. 'ഒന്ന് കാണണംന്ന് തോന്നീട്ട് വന്നതാ, വീട്ടില്‍ ഇരുത്തം വന്നില്ല'. അയാൾക്കുള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒന്നും പുറത്തേക്ക് വന്നതേയില്ല. അവളുടെ അമ്മയാവട്ടെ അല്പം അകലെ ഒരു പർദ്ദയിൽ മൂടി നിൽപ്പുണ്ടായിരുന്നു. രാത്രിയിൽ പെയ്ത മഴ എന്ന തലക്കെട്ടുപോലും അർത്ഥപൂർണമാണ്. അനുജന്മാർക്കായി കളിപ്പാട്ടം മോഷ്ടിക്കുന്ന ജ്യേഷ്ഠനും ആ 'പെരുംകള്ള'നെ തേടിയെത്തുന്ന പോലീസും ചേർന്ന ബ്ലാക്ക് ഫോറസ്റ്റ് എന്ന കഥയും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് നീതിരഹിതാവസ്ഥകളുടെ നേർക്കാഴ്ചകളാണ്.
ഭിന്നശേഷിക്കാരിയായ സഹോദരിയെ അത്യധികം സ്നേഹിക്കുകയും അവൾക്കായി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയും ചെയ്ത സുരഭിലയുടെ അന്തർസംഘർഷങ്ങളാണ് 'ഉടൽമാപിനികൾ'. താൻ മുതുകത്ത് ഏറ്റി നടക്കുന്ന സഹോദരി വനജയ്ക്കുപോലും തന്നെ മനസ്സിലാവുന്നില്ല എന്ന വേദനയാണ് സുരഭിലയെ തകർക്കുന്നത്. തനിക്ക് അവളെ വിട്ടുപിരിയാനാവുന്നില്ല എന്ന് പറയുമ്പോൾ അത് ഒരാൾക്കും മനസ്സിലാവുന്നില്ല. സുരഭിലയെ സ്വന്തമാക്കാനായി താൻ വനജയോട് അല്പം കയർത്തമട്ടിൽ സംസാരിച്ചു എന്ന് ഭർത്താവിൽ നിന്നു അറിയുന്ന നിമിഷം അവൾ അന്യമനസ്കയായിത്തീരുന്നു. ഇരുട്ടിനെപ്പോലും വകവെയ്ക്കാതെ വീട്വിട്ടിറങ്ങിപ്പോവുന്ന സുരഭിലയിൽ സ്നേഹം മാത്രമല്ല അപ്പോൾ കുറ്റബോധവും ഉണ്ട്.
പ്രാണവായു എന്ന അംബികാസുതന്റെ കഥ ഓർമപ്പെടുത്തുന്നവിധത്തിൽ രണ്ടു കഥകൾ ഈ സമാഹാരത്തിലുമുണ്ട്. 'ആമസോൺ', 'എ.ഡി. 2025' എന്നിവ. ആയിരം ലിറ്റർ ഓക്സിജൻ ഭാവിയിലേക്ക് ബുക്ക് ചെയ്തതായി സമാധാനിക്കുന്നവൻ അതും കഴിഞ്ഞ് എന്ത് എന്ന ചോദ്യമാണ് സ്വയം ചോദിക്കേണ്ടത്. പ്ലാസ്റ്റിക് മല നിർമിക്കുകയും പ്ലാസ്റ്റിക് സൂക്ഷിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോൾ പ്ലാസ്റ്റിക് പർവതം മഴ പെയ്യിക്കുമോ അവയിൽ നിന്ന് നദികൾ ഉണ്ടാവുമോ എന്ന ചോദ്യങ്ങൾ സ്വാഭാവികമാണെങ്കിലും പിന്തിരിപ്പനാണ്. അത്തരം പറഞ്ഞതും പറയാത്തതുമായ അനേകം ഉത്കണ്ഠകൾ നിറഞ്ഞ ഒരു കഥാലോകമാണിത്. ആ ഭയങ്ങളും ഉത്കണ്ഠകളും ആരോടെങ്കിലും പറയേണ്ടതുമുണ്ട് എന്ന തോന്നലിൽ നിന്നാണ് ഈ കഥകൾ പിറക്കുന്നതും. പറച്ചിലുകൾ പാഴാവുമോ എന്ന സന്ദേഹം പറയുന്നവനെ ബാധിക്കുന്നതേയില്ല. കാരണം പറയുക എന്നത് തന്റെ നിയോഗമാണെന്ന തിരിച്ചറിവാണ് അയാൾക്ക് എഴുത്ത്.
Content Highlights: Dr MiniPrasad Reviews the story Collection Chinnamundi Written by Ambikasuthan Mangad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..