'മര്യാദയ്ക്ക് എം.എസ്സി.ക്ക് പൊയ്‌ക്കൊളളണം!';എ.കെ.ജി നാടുകടത്തിയ എം.വിജയനെന്ന എസ്എഫ് നേതാവ്


ജോസഫ് ആന്റണി

ഹോഡ്ജ്കിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സുലിന്‍ പഠനം നടത്തിയ ഗവേഷകന്‍ എന്നനിലയ്ക്ക്, പാശ്ചാത്യലോകത്ത് ഏതുസ്ഥാപനത്തിലും ഗവേഷകനായി വിജയന് ചേരാമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഉള്ളിലെ കമ്യൂണിസ്റ്റ് അതുവിലക്കി.

ഡോ.എം. വിജയൻ, എ.കെ.ജി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ശാസ്ത്രപുരോഗതിയുടെ കഥയാണ് ഹരി പുലക്കാട്ട് രചിച്ച Space- Life -Matter എന്ന ഗ്രന്ഥം പറയുന്നത്. ഗതകാലനേട്ടങ്ങളുടെ പേരിലുള്ള ആവേശവും തറവാടിത്താഘോഷങ്ങളും ശക്തിപ്പെടുന്ന ഒരു രാജ്യത്ത്, നിലവില്‍ അഭിമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ എന്നതിനുള്ള മറുപടിയാണ് ഈ ഗ്രന്ഥം. പുസ്തകത്തെക്കുറിച്ച് ജോസഫ് ആന്റണി എഴുതുന്നു.

ന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിന് തൊട്ടുമുമ്പത്തെ കാലം. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബി.എസ്സി. ഫിസിക്‌സ് ഫസ്റ്റ്ക്ലാസോടെ പാസായ എം. വിജയന്‍ പൊരിഞ്ഞ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയുടെ വിദ്യാര്‍ഥിഘടകമായ സ്റ്റുഡന്റ് ഫെഡറേഷന്റെ (എസ്.എഫ്.) നേതാവ്. സംഘടനാപ്രവര്‍ത്തനം കഴിഞ്ഞാല്‍ ഉറക്കം മിക്കപ്പോഴും തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍. മിടുക്കനായ ആ യുവാവ് കൂടുതല്‍ പഠിക്കണമെന്നായിരുന്നു നേതാക്കളുടെ നിലപാട്. ഒരുദിവസം എ.കെ.ജി. (എ.കെ.ഗോപാലന്‍) തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസിലെത്തി. അവിടെ തറയില്‍ ചുരുണ്ടുകൂടി ഉറങ്ങുന്ന യുവാവിനെ തട്ടിയെണീപ്പിച്ച് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. ബി.എസ്സി. ഫസ്റ്റ്ക്ലാസുകാരനാണ് തന്റെ മുന്നിലുള്ളതെന്ന് അറിഞ്ഞതോടെ എ.കെ.ജി.യുടെ ഭാവം മാറി. കര്‍ക്കശസ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ''ഇവിടത്തെ ഉറക്കവും പ്രവര്‍ത്തനവും ഇത്രമതി. മര്യാദയ്ക്ക് എം.എസ്സി.ക്ക് പൊയ്ക്കൊള്ളണം!''''ആ വാക്കുകള്‍ ധിക്കരിക്കാനുള്ള ധൈര്യമില്ലായിരുന്നു, അലഹാബാദ് യൂണിവേഴ്സിറ്റിയില്‍ ഞാന്‍ എം.എസ്സി.ക്ക് ചേര്‍ന്നു'' -ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ(ഐ.ഐ.എസ്സി.) 'മോളിക്യുലാര്‍ ബയോഫിസിക്‌സ് യൂണിറ്റില്‍(എം.ബി.യു.) വെച്ച് 2014 ഓഗസ്റ്റില്‍ സംസാരിക്കുമ്പോള്‍ ഡോ. വിജയന്‍ ഈ ലേഖകനോട് പറഞ്ഞു. ലോകപ്രശസ്ത ക്രിസ്റ്റലോഗ്രാഫറും ജീവതന്മാത്രാ ശാസ്ത്രജ്ഞനുമായ എറണാകുളം സ്വദേശി ഡോ. ജി.എന്‍. രാമചന്ദ്രനെക്കുറിച്ച് അറിയാനായിരുന്നു ഡോ. വിജയനുമായുള്ള ആ കൂടിക്കാഴ്ച. ഡോ. വിജയന്‍ തന്നെക്കുറിച്ച് അന്നുപറഞ്ഞതിന്റെ തുടര്‍ച്ച സയന്‍സ് ജേണലിസ്റ്റ് ഹരി പുലക്കാട്ട് രചിച്ച 'സ്‌പേസ്.ലൈഫ്.മാറ്റര്‍: ദി കമിങ് ഓഫ് ഏജ് ഓഫ് ഇന്ത്യന്‍ സയന്‍സ്' എന്ന ഗ്രന്ഥത്തില്‍ നമുക്കുവായിക്കാം. അലഹാബാദില്‍നിന്ന് 1963-ല്‍ എം.എസ്സി. പാസായ വിജയന്‍, 1967-ല്‍ ഐ.ഐ.എസ്സി.യില്‍നിന്ന് എക്‌സ്റേ ക്രിസ്റ്റലോഗ്രാഫിയില്‍ പിഎച്ച്.ഡി. പൂര്‍ത്തിയാക്കി. വിജയന്റെ ഗവേഷണപ്രബന്ധം മൂല്യനിര്‍ണയം ചെയ്തത് ഓക്‌സ്ഫഡില്‍ വിഖ്യാത ക്രിസ്റ്റലോഗ്രാഫറായ ഡോറത്തി ഹോഡ്ജ്കിനായിരുന്നു. 1964-ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഹോഡ്ജ്കിന്‍, ഇന്‍സുലിന്റെ തന്മാത്രാഘടന കണ്ടെത്താനുള്ള ശ്രമം തുടരുകയായിരുന്നു. പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് വിജയന്‍ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഹോഡ്ജ്കിന്റെ ഇന്‍സുലിന്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. അവിടെ നാലുവര്‍ഷം ഇന്‍സുലിനുമായി ബന്ധപ്പെട്ട ക്രിസ്റ്റലോഗ്രാഫി പഠനം നടത്തി.

ഹോഡ്ജ്കിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സുലിന്‍ പഠനം നടത്തിയ ഗവേഷകന്‍ എന്നനിലയ്ക്ക്, പാശ്ചാത്യലോകത്ത് ഏതുസ്ഥാപനത്തിലും ഗവേഷകനായി വിജയന് ചേരാമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ഉള്ളിലെ കമ്യൂണിസ്റ്റ് അതുവിലക്കി. മാതൃരാജ്യത്ത് ഗവേഷണം നടത്താനും ജീവതന്മാത്രാപഠനത്തിന്റെ ഭാഗമായ 'സ്ട്രക്ച്ചറല്‍ ബയോളജി' ഇന്ത്യയില്‍ കെട്ടിപ്പടുക്കാനും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ആ ഗവേഷകന്‍ തിരിച്ചെത്തി.

മാതൃരാജ്യത്ത് വിജയനെ കാത്തിരുന്നത് അനിശ്ചിതത്വങ്ങളായിരുന്നു. ഐ.ഐ.എസ്സി.യിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്മെന്റില്‍ തന്റെ പ്രൊഫഷണല്‍ ജീവിതം എങ്ങോട്ടുതിരിക്കണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞ വിജയനെ, പുതിയതായി നിലവില്‍വന്ന എം.ബി.യു.വിലേക്ക് ഡോ. ജി.എന്‍. രാമചന്ദ്രന്‍ ക്ഷണിച്ച് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കി. അവിടെ 'മാക്രോമോളിക്യുലാര്‍ ക്രിസ്റ്റലോഗ്രാഫി' പഠനം ആരംഭിക്കാന്‍ ഡോ. രാമചന്ദ്രന്‍ ആഗ്രഹിച്ചു. അതിനായിരുന്നു വിജയനെ ക്ഷണിച്ചത്. മാക്രോമോളിക്യുലാര്‍ ക്രിസ്റ്റലോഗ്രാഫിക്കുവേണ്ട എക്‌സ്റേ മെഷീനുകളും കംപ്യൂട്ടര്‍സംവിധാനങ്ങളും ഇല്ലായിരുന്നു. അതിനാവശ്യമായ ഫണ്ടിങ് സംവിധാനവും അന്ന് ഇന്ത്യയിലില്ല. അതിനാല്‍, ചില മരുന്നുകളുടെ ചെറുതന്മാത്രകളുടെ ഘടന കണ്ടെത്തുന്ന പഠനങ്ങള്‍ വിജയനും സഹപ്രവര്‍ത്തകരും വര്‍ഷങ്ങളോളം തുടരേണ്ടിവന്നു. ഓക്‌സ്ഫഡില്‍നിന്ന് മടങ്ങിയെത്തി 14 വര്‍ഷം കഴിഞ്ഞാണ് മാക്രോമോളിക്യുലാര്‍ ക്രിസ്റ്റലോഗ്രാഫി ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ വിജയന് ലഭ്യമായത്! നിലക്കടലയില്‍ കാണപ്പെടുന്ന ഒരിനം ലെക്റ്റിന്‍ (ഹലരശേി) പ്രോട്ടീന്‍ ക്രിസ്റ്റലീകരിക്കുന്നതില്‍ അവദേഷ സുരോലിയയും വിജയനും 1981-ല്‍ വിജയിച്ചു. ഒരുവര്‍ഷത്തിനകം ആ പ്രോട്ടീനിന്റെ ക്രിസ്റ്റല്‍ ഘടന ഇരുവരും ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ സ്ട്രക്ച്ചറല്‍ ബയോളജിയുടെ തുടക്കം അതായിരുന്നു!

എം.ബി.യു.വില്‍ ഡോ. വിജയന്‍ ആരംഭിച്ച ലെക്റ്റിന്‍ പ്രോഗ്രാം 40 വര്‍ഷം നീണ്ടു. പ്രോഗ്രാം തുടങ്ങുന്ന വേളയില്‍ ലോകത്താകെ രണ്ട് ലെക്റ്റിന്‍ തന്മാത്രാഘടനകള്‍ മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. 1990-കളില്‍ കംപ്യൂട്ടര്‍സംവിധാനങ്ങള്‍ വര്‍ധിച്ചു. ലെക്റ്റിന്‍ പേപ്പറുകള്‍ തുടരെ പുറത്തുവരാന്‍ തുടങ്ങി. നിലക്കടലയിലെ ലെക്റ്റിന്‍ തന്മാത്രയുടെ ഘടനയിലെ ഒരു സവിശേഷത കണ്ടെത്തിയ കാര്യം 1996-ല്‍ വിജയനും സഹപ്രവര്‍ത്തകരും പ്രസിദ്ധീകരിച്ചു. ആ പേപ്പര്‍ എം.ബി.യു.വിനെ ലോകമെങ്ങുമുള്ള ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചു. ലെക്റ്റിന്‍ പ്രോഗ്രാമിന്റെ ഭാഗമായി 2020 വരെ ഒട്ടേറെ തന്മാത്രാഘടനകള്‍ കണ്ടെത്താന്‍ എം.ബി.യു. ഗവേഷകര്‍ക്ക് സാധിച്ചു, എഴുപതിലേറെ പേപ്പറുകള്‍ ആ വിഷയത്തില്‍ അവര്‍ പ്രസിദ്ധീകരിച്ചു. 2004-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഡോ. വിജയന്‍, 2007മുതല്‍ 2010വരെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ (I.N.S.A.) പ്രസിഡന്റായിരുന്നു. 260 പഠനപ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. 38 പേര്‍ വിജയനുകീഴില്‍ പിഎച്ച്.ഡി. ചെയ്തു, 20 പേര്‍ പോസ്റ്റ്ഡോക്ടറല്‍ ഗവേഷണവും നടത്തി. അടുത്തയിടെയാണ് -2022 ഏപ്രില്‍ 24-ന് ഡോ. വിജയന്‍ അന്തരിച്ചത്.

അപ്പോഴേക്കും എം.ബി.യു.വിലെ ഗവേഷണം സ്ട്രക്ച്ചറല്‍ ബയോളജിയുടെ ഒട്ടേറെ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു. മാത്രമല്ല, വിജയന്റെ വിദ്യാര്‍ഥികള്‍ രാജ്യത്തെ വിവിധ ഗവേഷണസ്ഥാപനങ്ങളിലേക്ക് സ്ട്രക്ച്ചറല്‍ ബയോളജിപഠനം എത്തിക്കുകയും ചെയ്തു. നിലവില്‍ ഏതാണ്ട് 40 സ്ട്രക്ച്ചറല്‍ ബയോളജി ഗ്രൂപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. വിജയനെപോലെ ഇല്ലായ്മകളിലും അനിശ്ചിതത്വങ്ങളിലും പതറാതെ പിടിച്ചുനില്‍ക്കുകയും വിവിധ ശാസ്ത്രപഠനമേഖലകളില്‍ സ്വതന്ത്ര ഇന്ത്യയെ മുന്നിലെത്തിക്കാന്‍ ജീവിതം സമര്‍പ്പിക്കുകയുംചെയ്ത ഒരുപിടി ശാസ്ത്രജ്ഞരെയാണ് 'സ്‌പേസ്-ലൈഫ്-മാറ്റര്‍' എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്രപുരോഗതിയെക്കുറിച്ച് പറയുമ്പോള്‍ സാധാരണഗതിയില്‍ ഉയരുന്ന ചില പേരുകളുണ്ട്. ഹോമി ഭാഭ (ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.ഐ.എഫ്.ആര്‍.), ബോംബെ; ഇന്ത്യന്‍ ആണവപരിപാടി), ശാന്തി സ്വരൂപ് ഭട്നാഗര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (സി.എസ്.ഐ.ആര്‍) കീഴിലെ ദേശീയ ലബോറട്ടറി ശൃംഖല), വിക്രം സാരാഭായ് (ഇന്ത്യന്‍ ബഹിരാകാശപരിപാടി) എന്നിവര്‍ക്ക് ആമുഖത്തിന്റെ ആവശ്യമേയില്ല. പക്ഷേ, അവരൊന്നും ഈ ഗ്രന്ഥത്തിലെ പ്രധാന കഥാപാത്രങ്ങളല്ല. അവരെയും അവര്‍ രൂപംകൊടുത്ത സ്ഥാപനങ്ങളെയും പശ്ചാത്തലമായി നിര്‍ത്തിക്കൊണ്ടുള്ള ഒരു രചനാരീതിയാണ് ഗ്രന്ഥകാരന്‍ അവലംബിച്ചിട്ടുള്ളത്.

എട്ടുവര്‍ഷംമുമ്പ് ഈ ലേഖകന്‍ ഡോ. വിജയനെ ഇന്റര്‍വ്യൂചെയ്ത കാര്യം സൂചിപ്പിച്ചല്ലോ. 'കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന' (K.V.P.Y.) പ്രോഗ്രാമിന്റെ ഭാഗമായി താന്‍ കുട്ടികളോട് ഇന്ത്യയിലെ പ്രധാന ശാസ്ത്രജ്ഞരുടെ പേര് ചോദിക്കാറുള്ള അനുഭവം പ്രൊഫ. വിജയന്‍ അന്ന് വിവരിക്കുകയുണ്ടായി: ''ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പേരുപറയാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ സി.വി. രാമനില്‍നിന്ന് തുടങ്ങും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വിശിഷ്ടനായ ശാസ്ത്രജ്ഞന്‍ ജി.എന്‍. രാമചന്ദ്രനെ അവര്‍ക്കാര്‍ക്കും അറിയില്ല. അവരാരും ആ പേര് കേട്ടിട്ടില്ല. അവര്‍ പറയുന്ന പേരുകാരില്‍ മിക്കവരും സയന്‍സ് അഡ്മിനിസ്ട്രേറ്റര്‍മാരായിരുന്ന ആളുകളാണ്. രാമചന്ദ്രനെ അവര്‍ക്കാര്‍ക്കും അറിയില്ല'. എക്‌സ്റേ ക്രിസ്റ്റലോഗ്രാഫി, ജീവതന്മാത്രാശാസ്ത്രം തുടങ്ങിയ ആധുനിക പഠനമേഖലകള്‍ക്ക് രാജ്യത്ത് തുടക്കമിടുകയും തന്തുപ്രോട്ടീനായ കൊളജന്റെ ട്രിപ്പിള്‍ ഹെലിക്‌സ് (മുപ്പിരിയന്‍) ഘടന തുടങ്ങിയ വലിയ കണ്ടുപിടിത്തങ്ങള്‍ നടത്തുകയും അതുവഴി ശാസ്ത്രഭൂപടത്തില്‍ ഇന്ത്യയെ അഭിമാനപൂര്‍വം അടയാളപ്പെടുത്തുകയുംചെയ്ത ഗവേഷകനാണ് ഡോ. രാമചന്ദ്രന്‍. അദ്ദേഹത്തെപോലുള്ള പ്രതിഭകളെ പുതിയതലമുറ അറിയാതെപോവുക എന്നത് ഒരുനാടിനെ സംബന്ധിച്ച് ശരിക്കുമൊരു ബൗദ്ധികദുരന്തമാണ്. അത്തരം ദുരന്തമൊഴിവാക്കാന്‍ ഒരുപരിധിവരെ സഹായിച്ചേക്കാം സ്‌പേസ്-ലൈഫ്-മാറ്റര്‍ എന്ന ഗ്രന്ഥം!

മൂന്നുഭാഗങ്ങളായി 15 അധ്യായങ്ങളുണ്ട് ഈ ഗ്രന്ഥത്തില്‍. മിക്ക അധ്യായങ്ങളിലും ഒരു നായകനുണ്ട്; കൂടാതെ ഡോ. വിജയനെപോലുള്ള ഉപനായകരും അപൂര്‍വമായി ചില ഉപനായികമാരും! ആ നായകരിലൊരാളാണ്, ഇന്ത്യയില്‍ റേഡിയോ ആസ്ട്രോണമിക് അടിത്തറ സൃഷ്ടിച്ച ഗോവിന്ദ് സ്വരൂപ്. അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം 1963-ല്‍ സ്വരൂപ് മടങ്ങിയെത്തുമ്പോള്‍ ഇന്ത്യയില്‍ റേഡിയോ ആസ്ട്രോണമി പഠനമേ ഉണ്ടായിരുന്നില്ല. ആ ശൂന്യതയില്‍നിന്ന് റേഡിയോ ആസ്ട്രോണമിരംഗത്ത് ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ അഞ്ചുപതിറ്റാണ്ടുകാലം സ്വരൂപ് പ്രവര്‍ത്തിച്ചു. അതിനായി, ലോകത്തെത്തന്നെ ഏറ്റവുംശക്തിയേറിയ രണ്ട് റേഡിയോ ടെലിസ്‌കോപ്പുകള്‍ ഊട്ടി റേഡിയോ ടെലിസ്‌കോപ്പ് (ഒ.ആര്‍.ടി.), പുണെയ്ക്ക് സമീപമുള്ള ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലിസ്‌കോപ്പ് (ജി.എം.ആര്‍.ടി.) എന്നിവ സ്വരൂപും സംഘവും സജ്ജമാക്കി. ഇന്ത്യന്‍ രസതന്ത്രഗവേഷണത്തെ ആധുനികയുഗത്തിലേക്ക് നയിക്കുകയും അതിന്റെ ഭാഗമായി 1600 ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും 150-ലേറെ പിഎച്ച്.ഡി.വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയുംചെയ്ത സി.എന്‍.ആര്‍. റാവു എന്ന അതികായനാണ് മറ്റൊരു നായകന്‍. ഇന്ത്യയില്‍ കെമിക്കല്‍ എന്‍ജിനിയറിങ് രംഗം ശക്തിപ്പെടുത്താന്‍ ആര്‍.എ. മഷേല്‍ക്കര്‍പോലുള്ള പ്രതിഭകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും അഞ്ചുപതിറ്റാണ്ടിനിടെ മൂന്നുതലമുറകളിലായി ആയിരത്തിലേറെ വിദ്യാര്‍ഥികളെ ആ രംഗത്ത് എത്തിക്കുകയുംചെയ്ത മന്‍മോഹന്‍ ശര്‍മ എന്ന അപൂര്‍വപ്രതിഭ, ജി.എന്‍. രാമചന്ദ്രന്‍ ഒക്കെ പുസ്തകത്തിലെ നായകരാണ്.

ഇവര്‍ ഓരോരുത്തരും പ്രാഗല്ഭ്യം തെളിയിച്ച ശാസ്ത്രമേഖലകളെക്കുറിച്ച് (ബിഗ് ബാങ് മുതല്‍ ലെക്റ്റിന്‍ പഠനംവരെ) ലളിതമായി പരിചയപ്പെടുത്താനും ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശാസ്ത്രഗവേഷണം ശക്തിപ്പെടുത്തിയ ഗവേഷകര്‍ക്കെല്ലാം വിജയന്റെ കാര്യത്തിലേതുപോലെ പൊതുവായി പറയാവുന്ന ചില സംഗതികളുണ്ട്. പശ്ചാത്യ യൂണിവേഴ്സിറ്റികളില്‍ മികച്ചരീതിയില്‍ ഗവേഷണം നടത്തി പ്രാഗല്ഭ്യം നേടിയവരാണ് മിക്കവരും. അവിടെ ലഭ്യമായ/വാഗ്ദാനം ചെയ്യപ്പെട്ട ഗവേഷണപദവികള്‍ വേണ്ടെന്നുവെച്ച്, ഇല്ലായ്മകളും ചുവപ്പുനാടയുടെ കുരുക്കുമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്വന്തംരാജ്യത്ത് ശാസ്ത്രഗവേഷണം ശക്തിപ്പെടുത്താന്‍ തിരികെയെത്തിയവരാണ് ഇവരെല്ലാം. തികഞ്ഞ ലാളിത്യത്തോടെ ഇക്കാര്യങ്ങള്‍ ഗ്രന്ഥകാരന്‍ വിവരിക്കുമ്പോള്‍, ഓരോ അധ്യായവും വായനക്കാരെ അമ്പരപ്പിക്കും. ഒരു ഡിറ്റക്ടീവ് സ്റ്റോറിയാണോ വായിക്കുന്നതെന്ന് തോന്നും! ഗോവിന്ദ് സ്വരൂപിനെക്കുറിച്ചുള്ള വിവരണം നോക്കുക: ''ഉത്തര്‍പ്രദേശില്‍ ഹിമാലയന്‍ താഴ്വാരയില്‍ താക്കൂര്‍വാര പട്ടണത്തില്‍ ജന്മികളുടെയും ബിസിനസുകാരുടെയും ഭവനത്തിലാണ് സ്വരൂപ് ജനിച്ചത്. ജ്യോതിശ്ശാസ്ത്രത്തില്‍ ഓസ്ട്രേലിയയില്‍ പരിശീലനം നേടിയശേഷം യു.എസില്‍ ഹാര്‍വാഡിലും സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലും ആ യുവാവെത്തി. സ്റ്റാന്‍ഫഡില്‍ പഠനം പൂര്‍ത്തിയാക്കുന്ന വേളയിലാണ് നാട്ടിലേക്കുമടങ്ങാന്‍ ആ യുവാവ് തീരുമാനിക്കുന്നത്. ശാസ്ത്രവളര്‍ച്ച സ്വന്തം മാതൃരാജ്യത്തെ അന്ധവിശ്വാസത്തില്‍നിന്ന് മോചിപ്പിക്കുമെന്നും തന്റെ നാട് ഒരു പരിഷ്‌കൃതദേശമാകുമെന്നും സ്വരൂപ് വിശ്വസിച്ചു. '..തനിക്ക് ടി.ഐ.എഫ്.ആറില്‍ ജോലിചെയ്യാന്‍ താത്പര്യമുണ്ടെന്ന് എഴുതുന്നത്, സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയില്‍ ആ യുവാവ് താരപദവിയിലേക്ക് ഉയരുന്ന സമയത്താണ്. ഒരു തടസ്സവുമില്ലാതെ ആ യുവഗവേഷകന്റെ ജീവിതം അമേരിക്കയില്‍ മുന്നോട്ടുനീങ്ങുകയായിരുന്നു. റിസര്‍ച്ച് അസോസിയേറ്റായി ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സൂര്യനില്‍നിന്നുള്ള പുതിയൊരു തരം റേഡിയേഷന്‍ സ്വരൂപ് കണ്ടെത്തുകയുണ്ടായി. ഡോക്ടറല്‍ വിദ്യാര്‍ഥിയായി സ്റ്റാന്‍ഫഡിലുള്ളപ്പോള്‍ ആ യുവാവ് ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ രണ്ടുപേപ്പറുകള്‍ക്ക് ദീര്‍ഘകാലം സൈറ്റേഷനുകളും ലഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വരൂപിന് സ്റ്റാന്‍ഫഡ് അവിടെ ജോലി വാഗ്ദാനംചെയ്തു. സുഖകരമായ അമേരിക്കന്‍ അക്കാദമിക് ജീവിതം ആ യുവാവിനെ കാത്തിരിപ്പുണ്ടായിരുന്നു. നല്ലശമ്പളം, അത്യാധുനികസംവിധാനങ്ങളുള്ള മികച്ച ലബോറട്ടറി, ഗംഭീരമായ ബൗദ്ധിക അന്തരീക്ഷം, യഥേഷ്ടം റിസര്‍ച്ച് ഫണ്ട്, കാലിഫോര്‍ണിയ തീരത്തെ സുഖകരമായ കാലാവസ്ഥ. ഇതൊക്കെയായിരുന്നു സ്വരൂപിന് അമേരിക്കയില്‍ ലഭ്യമായിരുന്നത്. എന്നാല്‍, ഇന്ത്യയിലാണെങ്കിലോ; ഹോമി ഭാഭ മാത്രവും!' -ഈ വിവരണത്തില്‍ എല്ലാമുണ്ട്. വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഇവിടെ സ്വരൂപിന്റെയും വിജയന്റെയും കഥകള്‍ സമാന്തരമാകുന്നത് കാണുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ശാസ്ത്രപുരോഗതിയുടെ കഥ എന്തുകൊണ്ട് വായിക്കപ്പെടണമെന്ന് ഈ ഗവേഷകരുടെ അനുഭവങ്ങളും അവര്‍ നേരിട്ട വെല്ലുവിളികളും വ്യക്തമാക്കുന്നു. സ്‌പേസ്-ലൈഫ്-മാറ്റര്‍ എന്ന ഗ്രന്ഥം പ്രസക്തമാകുന്നത് അതുകൊണ്ടാണ്. ഒരുകാര്യംകൂടി പറയട്ടെ, ഗതകാലനേട്ടങ്ങളുടെ പേരിലുള്ള ആവേശവും തറവാടിത്തഘോഷണങ്ങളും ശക്തിപ്പെടുന്ന ഒരു രാജ്യത്ത്, നിലവില്‍ അഭിമാനിക്കാന്‍ ഇന്ത്യക്ക് എന്തെങ്കിലുമുണ്ടോ എന്നതിനുള്ള മറുപടിയാണ് ഈ ഗ്രന്ഥം.

Content Highlights: Dr. M.Vijayan, A.K.G, Joseph Antony, Mathrubhumi, Space-Life- Matter, Hari Pulakkat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented