എം.പി. വീരേന്ദ്രകുമാർ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
'മാനവരാശി എക്കാലത്തും അറിഞ്ഞ ഗാഢമായ സ്നേഹം മതത്തിൽ നിന്നുത്ഭൂതമായതാണ്. മാനവരാശി അറിഞ്ഞ പൈശാചികമായ വെറുപ്പും മതത്തിൽ നിന്ന് തന്നെ ഉണ്ടായതാണ്. മതത്തെപ്പോലെ ലോകത്ത് രക്തച്ചൊരിച്ചിൽ ഉണ്ടാക്കിയ മറ്റൊരു പ്രസ്ഥാനവുമുണ്ടായിട്ടില്ല. അതേസമയം നിരവധി ആശുപത്രികൾക്കും അനാഥാലയങ്ങൾക്കും ജന്മം നൽകിയതും മതം തന്നെയാണ്. മനുഷ്യരെ മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്ള മൃഗങ്ങളെപ്പോലും ശുശ്രൂഷിക്കാൻ മതത്തോളം സ്വാധീനം ചെലുത്തിയ മറ്റൊന്നില്ല. എന്നാൽ ഒന്നും തന്നെ നമ്മെ മതത്തോളം ക്രൂരതയുള്ളവരാക്കുന്നുമില്ല. അതേ സമയം നമ്മെ മതത്തോളം ആർദ്രമാക്കുന്നതായും മറ്റൊന്നില്ല'
സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ്. ലോകം ഒരു കണ്ണീർത്തുള്ളിയോളം വിശുദ്ധം എന്ന് തിരിച്ചറിഞ്ഞ മഹാപ്രതിഭയുടെ വാക്കുകൾ. 1,500 വർഷം ജീവിച്ചിരുന്നാൽ ചെയ്യേണ്ടത് താൻ ചെയ്തു തീർത്തെന്ന് ബോധ്യപ്പെടുത്തിത്തന്ന നരേന്ദ്രനാഥ ദത്തയുടെ വാക്കുകൾ.
എം.പി വീരേന്ദ്രകുമാറിന്റെ വിവേകാനന്ദൻ മനുഷ്യനും സന്യാസിയും എന്ന ബൃഹദ്ഗ്രന്ഥത്തിൽ നിന്നുള്ള വരികളാണിത്. അടിസ്ഥാനരഹിതമായ ധാരണകളേയോ അബദ്ധജഡിലമായ സിദ്ധാന്തങ്ങളേയോ അടിസ്ഥാനപ്പെടുത്തി അഭിപ്രായം രൂപീകരിക്കരുതെന്ന് ഉറപ്പിച്ചു പറഞ്ഞ സ്വാമി വിവേകാനന്ദനെപ്പറ്റി മലയാളത്തിൽ വന്ന ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാവുന്ന കൃതി.
വെറും 39 വർഷം മാത്രമേ സ്വാമി വിവേകാനന്ദൻ ജീവിച്ചിരുന്നിട്ടുള്ളൂ. ആ പരിവ്രാജകസഞ്ചാരത്തെ അതിസൂക്ഷ്മം നിരീക്ഷിക്കുന്നു എം.പി വീരേന്ദ്രകുമാർ. പിതാവ് ബിശ്വനാഥ് ദത്തയിലോ ആത്മീയാചാര്യൻ കമാർപുകൂറിലെ ഗദാധരനിലോ അല്ല വിവേകാനന്ദന്റെ വേരുകളെന്ന് ഓർമ്മിപ്പിക്കുന്നു എഴുത്തുകാരൻ. അത് സഹസ്രാബ്ദങ്ങളിലൂടെ സ്‌ഫുടം ചെയ്യപ്പെട്ട നിരുപമമായ സംസ്കൃതിയുടെ നിശ്ശബ്ധമായ മുഴക്കമാണ്.
ധൈഷണികമായ അസ്വസ്ഥതകൾ നരേന്ദ്രനാഥന്റെ വംശത്തെ വേട്ടയാടിയത് ഇവിടെ കാണാം. കരുത്തും ചതിയും കൊണ്ട് ഇന്ത്യയെ കീഴടക്കിയ കൊളോണിയിൽ ഭരണാധികാരികൾക്ക് എന്നെ ചോദ്യം ചെയ്യാൻ അവകാശം ഇല്ലെന്ന് പറയുന്നു സഹോദരനും യുഗാന്തറിന്റെ പത്രാധിപരുമായ ഭൂപേന്ദ്രനാഥ ദത്ത. ജ്യേഷ്ഠന്റെ പേരുപോലും പറയാതെ നിലകൊണ്ട അനിയനും ശാസ്ത്രപ്രതിഭയുമായമഹേന്ദ്ര നാഥ് ദത്ത. മകനെ രാജ്യത്തിന് നൽകിയെന്ന് ധീരമായി പ്രഖ്യാപിച്ച അമ്മ ഭുവനേശ്വരി ദേവി. ഓരോന്നും ഓരോ ചരിത്രം. വിവേകാനന്ദ സാഹിത്യത്തിനുമപ്പുറം അദ്ദേഹം ജീവിച്ച കാലത്തെ കൂടി അറിയാനാവുന്നു ഉടനീളം പുസ്തകത്തിൽ.
ഇന്ത്യയെ അറിയാൻ ആ യുവ സന്യാസി നടത്തിയ അസാധാരണമായ യാത്രയുടെ വിവരണങ്ങളുണ്ട്. ലോകത്തിലൂടെ നടന്നു തീർത്ത യാതനാഭരിതമായ രാപകലുകളുണ്ട്. ഗോവർദ്ധനപരിക്രമണത്തിൽ യാചിക്കാതെ കിട്ടുന്ന ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി. ഉച്ചയോടെ വിശപ്പ് കലശലായി. പിന്നിൽ നിന്ന് ആരോ വിളിക്കുന്ന പോലെ തോന്നി, ഭ്രമമെന്ന് കരുതി സന്യാസി വേഗം നടന്നു. പിൻവിളിയും വേഗത്തിലായി. ഒരു മൈൽ ദൂരം സന്യാസി ഓടി. അപ്പോൾ ആഹാരവുമായി വന്ന ആൾ മുന്നിൽ കടന്ന് ഭക്ഷണം കൈമാറി. ഒരക്ഷരം മിണ്ടാതെ അയാൾ മടങ്ങിപ്പോവുകയും ചെയ്തു. നരേന്റെ മിഴികൾ നിറഞ്ഞൊഴുകി.
ജാതി വ്യവസ്ഥയുടെ ഇന്നും തുടരുന്ന കെടുതികൾ വിവേകാനന്ദൻ കണ്ടു; കൂടുതൽ ഭയാനകമായി. അയിത്ത ജാതിക്കാരന്റെ ഹുക്ക വലിച്ച കഥ അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്. കേരളം എത്രത്തോളം ഭ്രാന്താലയം ആയിരുന്നു എന്ന് വിവേകാനന്ദൻ സാക്ഷ്യപ്പെടുത്തി. കടിച്ചാൽ പൊട്ടാത്ത ചിരട്ടയല്ല വേദാന്തമെന്ന് സ്വാമി വിവേകാനന്ദൻ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരെ ബോധ്യപ്പെടുത്തി. അവിടത്തെ സംസ്കൃത വിദുഷികളായ സ്ത്രീകളുമായി സംവദിച്ചു. പിന്നീട്അമേരിക്കൻ സന്ദർശനത്തിനിടെ 1895 ജൂലൈ 15 ന് തൗസൻഡ് ഐലൻഡ് പാർക്കിലെ പ്രഭാഷണത്തിൽ അദ്ദേഹം അത് ഓർത്തെടുക്കുന്നുമുണ്ട്.
പ്രാർത്ഥനയുടെ ഗരിമയെ സദാസ്മരിക്കുന്നു സ്വാമി വിവേകാനന്ദൻ. ഒപ്പം പ്രാർത്ഥനയുടെ കാതലിനേയും. ചക്രവർത്തിയും യാചകനും ഒന്നിച്ച് ഈശ്വരസന്നിധിയിൽ എത്തി. ചക്രവർത്തി ഈശ്വരനോട് പ്രാർത്ഥിച്ചു.
''എനിക്ക് ധനവും അധികാരവും വിസ്തൃതമായ സാമ്രാജ്യവും തരൂ.''
പിന്നെ അദ്ദേഹം അരികിൽ വന്ന യാചകനോട് ചോദിച്ചു '
എന്താണ് വേണ്ടത്?''
യാചകൻ പറഞ്ഞു.
''ഞാൻ യാചകന്മാരോട് യാചിക്കാറില്ല''
വിശ്വവിജയിയുടെ ജൈത്രയാത്ര എത്രമേൽ വേദന നിറഞ്ഞതായിരുന്നു എന്ന് ഇവിടെ കാണാം. ചിക്കാഗോ പ്രഭാഷണത്തിന്റെ രോമാഞ്ചഭരിതമായ പശ്ചാത്തലം കാണാം. ഇംഗ്ലണ്ടിൽ നിന്ന് ഐറിഷ് പോരാളിയുടെ മകളായ മാർഗരറ്റ് എന്ന പെൺകുട്ടി സിസ്റ്റർ നിവേദിത എന്ന അനുയായിയായി മാറുന്നതെങ്ങനെ എന്ന് കാണാം. രാജാക്കന്മാർ വിനീതശിഷ്യരാവുന്ന വിസ്മയം കാണാം.
എന്നാൽ അതിലേറെ വിവേകാനന്ദൻ സന്യാസിയും മനുഷ്യനും എന്ന കൃതിയെ സമ്പന്നമാക്കുന്നത് കർമ്മയോഗത്തിന്റേയും ജ്ഞാനയോഗത്തിന്റേയും രാജയോഗത്തിന്റേയും ഭക്തിയോഗത്തിന്റേയുമൊക്കെ ഗഹനവും ഒപ്പം ലളിതവുമായ വിശകലനങ്ങളാണ്. ജ്ഞാനയോഗത്തിനിടെ സ്വാമി വിശദീകരിക്കുന്നു
''നിങ്ങളും ഞാനും ഒരു മഹാസമുദ്രത്തിലെ ചെറുതിരകളാണെങ്കിൽ, ആ മഹാസമുദ്രം നമ്മുടെ ആധാരവുമത്രേ. ദ്രവ്യം, മനസ്സ്, ആത്മാവ് എന്നിവ തമ്മിൽ യഥാർത്ഥത്തിൽ അന്തരമൊന്നുമില്ല. അവ ഒരേ വസ്ത്വാനുഭൂതിയുടെ വിവിധ വശങ്ങൾ എന്നേയുള്ളൂ. ഈ ലോകം തന്നെ പഞ്ചേന്ദ്രിയങ്ങൾക്ക് ദ്രവ്യമായും ദുർജനങ്ങൾക്ക് നരകമായും സജ്ജനങ്ങൾക്ക് സ്വർഗ്ഗമായും സിദ്ധന്മാർക്ക് ഈശ്വരനായും ഗോചരമാകുന്നു.''
അതേ വേദാന്തി തന്നെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ പതാകാവാഹകനും ആകുന്നുണ്ട്. അടിച്ചമർത്തപ്പെട്ട മനസ്സിനെ സ്വതന്ത്രമാക്കി ഉണർന്നെണീക്കാൻ അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. ശിഷ്യ സിസ്റ്റർ നിവേദിതയുടെ കർമ്മങ്ങൾക്ക് വിഘാതമാകരുതെന്ന് സഹസന്യാസിമാരെ ഓർമ്മിപ്പിച്ചു. എന്നെന്നും മാർഗ്ഗദർശകനായി.
വിവേകാനന്ദന്റെ കാണാൻ ചെന്ന ഒരു യുവാവ് പറഞ്ഞു.
''സ്വാമീ മുറിയടച്ചിട്ട് പ്രാർത്ഥിച്ചിട്ടും എനിക്ക് മനസ്സമാധാനം കിട്ടുന്നില്ല.''
അദ്ദേഹം പറഞ്ഞു.
''കുട്ടീ, നീ അദ്യം ചെയ്യേണ്ടത് മുറിയുടെ വാതിലുകൾ തുറന്ന് പുറത്തേക്ക് നോക്കുകയാണ്. അവിടെ അരികിൽ നിരാലംബരായ പാവങ്ങളെ കാണാം. കഴിയുന്നത്ര സഹായിക്കുക. വിശപ്പുള്ളവന് ആഹാരം നൽകുക, അജ്ഞന് അറിവ് നൽകുക. മനശ്ശാന്തി വേണമെങ്കിൽ നിഷ്കാമസേവനത്തിൽ മുഴുകുക''
എംപി വീരേന്ദ്രകുമാർ ഓർക്കുന്നുണ്ട്, നിവേദിതയോടുള്ള വിവേകാനന്ദന്റെ വാക്കുകൾ.
''പ്രകൃതിയുടെ മനോഹാരിത കാണാൻ ഞാൻ യാത്ര ചെയ്യാറില്ല. എന്നാൽ ഒരു യഥാർത്ഥ മനുഷ്യനെ കാണാൻ ഭൂഗോളത്തിന്റെ ഏതറ്റം വരേയും ഞാൻ പോകും''
സ്വതന്ത്രമായ സഞ്ചാരങ്ങളാൽ സ്വയം സ്നാനപ്പെട്ട ഒരു എഴുത്തുകാൻ പരിവ്രാജകപാതയുടെ ക്ലേശങ്ങൾക്ക് സ്വയം സമർപ്പിച്ച സന്യാസിയെ മൂന്നാമതൊരു കാലത്തു നിന്ന് കാണുകയാണ്. വിവേകാനന്ദൻ സന്യാസിയും മനുഷ്യനും വരാനിരിക്കുന്ന കാലത്തിന്റെ പാട്ടും പതാകയും ആയി മാറുന്നു.
നാലാം പതിപ്പു പിന്നിടുന്ന ഈ പുസ്തകം മലയാളി വായിക്കാൻ തുടങ്ങുന്നതേയുള്ളൂ.
Content Highlights: Dr M Sumitra Reviews the Book Vivekanandan Samnyasiyum Manushyanum By MP Veerendrakumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..