ഒരാള്‍ ജീവിതത്തെ ഇത്രയും ലളിതമായി താലോലിക്കുമ്പോള്‍- ഡോ. കെ.എസ്. കൃഷ്ണകുമാര്‍


ഡോ. കെ എസ് കൃഷ്ണകുമാര്‍

ലളിതജീവിതത്തിലേക്ക് നിരവധി അനിവാര്യതകളുണ്ട്. പലതും തീവ്രമായ സാധനയിലൂടെ നേടിയെടുക്കേണ്ടതാണ്. വൈകാരിക ബോധ്യമാണ് അതില്‍ ആദ്യത്തേത്.

കെ. ജയകുമാർ

കെ. ജയകുമാര്‍ എഴുതി മാതൃഭൂമി ബു്ക്‌സ് പ്രസിദ്ധീകരിച്ച ലളിതജീവിതം എന്ന പുസ്തകം ഡോ. കെ.എസ്. കൃഷ്ണകുമാറിന്റെ വായനയില്‍

രോ മനുഷ്യജന്മവും ഓരോ പുസ്തകമാണ്. ചിലത് കുഞ്ഞുരൂപമായിരിക്കും. വ്യാഖ്യാനിച്ചും അനുഭവിച്ചും അത് ബൃഹത്തായിടും. രമണ മഹര്‍ഷിയെയാണ് പൊടുന്നനെ ഓര്‍മ്മ വരുന്നത്. ചിലരാകട്ടെ കെ. ജയകുമാറിനെപ്പോലെ മെഗാവോള്യംസായിരിക്കും. പുസ്തകസീരീസെന്നൊക്കെ പറയുംവിധം ഗാനരചന മുതല്‍ ഭരണനിര്‍വ്വഹണം വരെ ഉജ്ജ്വലകര്‍മ്മങ്ങള്‍ പടര്‍ന്നുപന്തലിച്ച്. ഒരു പുരുഷായുസ്സുകൊണ്ട് അപൂര്‍വ്വമായി നേടാവുന്നതും സമര്‍പ്പിക്കാവുന്നതും വിന്യസിക്കാവുന്നതുമായ അമ്പരിപ്പിക്കുന്ന ഫാക്കറ്റല്‍റ്റി എക്‌സ്പര്‍ടൈസ്. പ്രകടനത്തിന്റെ ഏത് ഇനത്തിലും ഒന്നാം സമ്മാനം നേടുന്നതും എല്ലാവരുടെയും സമ്മതി സ്വന്തമാക്കുന്നതും വിരളമാണെന്നതിനേക്കാള്‍ നല്ലൊരു മനുഷ്യമാതൃകയെ സൃഷ്ടിക്കുന്നുവെന്നതാണ് ജയകുമാറെന്നെ ജീവനഗോപുരം നമ്മുടെ മുന്നില്‍ തീര്‍ക്കുന്ന അദ്ധ്യായവരികള്‍. ജയകുമാറിന്റെ ഇത്ര നാളത്തെ ചെയ്തികള്‍ക്കെല്ലാം പ്രത്യേക ജീവിതവ്യാകരണമുണ്ട്. മൂല്യങ്ങളിലേക്ക് വേരൂന്നി സമൂഹത്തിലേക്ക് ഭംഗി നിറഞ്ഞ പ്രകാശങ്ങള്‍ ചൊരിഞ്ഞ് ഫലപ്രാപ്തികള്‍ വരവര്‍ണ്ണങ്ങള്‍ വരച്ച് നാനാവിധ വിസ്മയങ്ങളുതിര്‍ത്ത് നില്‍ക്കുകയാണ് ജയകുമാറെന്ന സവിശേഷപുസ്തകം.ജയകുമാറിന്റെ ജീവചരിത്രവഴികളിലൂടെ അനായാസമിങ്ങനെ കുറച്ചുനേരം നടന്നുനോക്കുമ്പോള്‍ ബോധ്യമാകുന്ന ഒരു പൊതുഘടകം സര്‍ഗ്ഗാത്മകതയാണ്. കലാകാരത്വവും നവനവയുല്ലേഖാഭിമുഖ്യവുമെല്ലാം കയറി വരുന്നത് അടിസ്ഥാനപരമായി സകലതിന്റെയും ആഴങ്ങളില്‍ വിന്യസിച്ച ആസ്വാദനബോധമാകുന്നു. വിശ്വദര്‍ശനവും അതിന്റെ ഈശ്വരീയതയുമാണ് ജയകുമാറെന്ന പ്രതിഭയുടെ അന്തര്‍ധാരകള്‍. ദേശീയതയും പ്രാദേശീയതയും കലയും സാഹിത്യവും സംഗീതവും ഭരണവും ഉള്‍ക്കാഴ്ചയും ഭാഷയും നന്മയും വികസനവും സേവനവുമെല്ലാം ചേര്‍ന്ന് മികവിന്റെ ഒരു മാനവമാതൃക. എളുപ്പമല്ല ഇത്തരം മനുഷ്യഗ്രന്ഥങ്ങളെ പഠിക്കാനും അനുശീലിക്കാനും. എങ്കിലും ജയകുമാര്‍ തന്റെ ജീവിതത്തിലൂടെ മുന്നോട്ടുവെയ്ക്കുന്ന മാനവമൂല്യങ്ങളില്‍ ചിലതിനെ ഇവിടെ വായിക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ സംസാരങ്ങളിലും എഴുത്തുകളിലും പ്രവൃത്തികളിലും അവ ഉടനീളമുണ്ട്. കെ ജയകുമാര്‍ എന്താണെന്നറിയാന്‍ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്. ജയകുമാറെഴുതിയ ലളിതജീവിതം എന്ന പുസ്തകത്തിന്റെ വായനയാണത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. കാഴ്ചയില്‍ ഒരു ചെറിയ ഗ്രന്ഥമാണത്. പക്ഷെ, ഏറെ ആശയ സമ്പന്നവും പ്രവര്‍ത്തനനിര്‍ദ്ദേശകവുമാണ്. രണ്ടായിരത്തിയിരുപതിനു ശേഷം പ്രകാശിതമായതാണ്. നവ കാല എഴുത്തുകളും ചിന്തകളും കാഴ്ചകളുമൊക്കെ പ്രതിപാദ്യമാകുന്നു. പ്രളയവും മഹാമാരിയുമൊക്കെ എഴുത്തുകള്‍ക്കു കാരണഭൂതമാകുന്നുണ്ട്.

ലാളിത്യം എന്ന പ്രമേയത്തിന്റെ അപഗ്രഥനവൈവിധ്യമാണ് കെ ജയകുമാറിന്റെ ലളിതജീവിതമെന്ന പുസ്തകം. ലാളിത്യമെന്നത് എന്താകണമെന്ന് പുസ്തകത്തില്‍ കുറച്ചുവരികള്‍ കൊണ്ട് കൃത്യമായി വിശദമായി പറയുന്നുണ്ട്. സുഖങ്ങളെല്ലാം ത്യജിച്ച് ആലോഷങ്ങളും ആഹ്ലാദങ്ങളും വര്‍ജിച്ച് സന്ന്യാസതുല്യമായ ജീവിതമല്ല അതിനര്‍ഥം. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖരാഹിത്യമോ നിറഞ്ഞ ജീവിതമല്ല ലളിതജീവിതം. ജീവിതത്തെ തീര്‍ത്തും സാധരണമാക്കി ആന്തരിക പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കി ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ പ്രതിരോധിക്കാനാകുമെന്ന വിശ്വാസത്തിലെത്തുകയാണ് വേണ്ടത്. പുറംലോകം സര്‍വ്വത്ര കലുഷിതമാകുന്ന പുതിയ കാലത്ത് ലാളിത്യമാര്‍ന്ന ഒരു ജീവിതശൈലി പ്രതിരോധത്തിനും സന്തുലിതാവസ്ഥയ്ക്കും അതിജീവനത്തിനുമെല്ലാം അത്യന്താപേക്ഷിതമാണ്. വികസനത്തിന്റെയും കാലത്തിന്റെയും പ്രകൃതിയുടെയും പരിസ്ഥിതിയുടെയുമൊക്കെ കാരണം പറഞ്ഞ് പലതരങ്ങളില്‍ ഇളകിമറയുന്ന ജീവിതത്തിനു ഏറെ പ്രായോഗികതയുള്ള പ്രത്യയശാസ്ത്രമാണ് ലാളിത്യം. അത്തരം നവജീവിത ശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് ജയകുമാര്‍ വിവരിക്കുന്നു.

സങ്കീര്‍ണമായ പുതിയകാലത്തിനു ലാളിത്യമെന്നത് തീരെ ഇണങ്ങുകയില്ലെന്ന കാഴ്ചപ്പാടാണ് ആദ്യമേ മാറ്റി വയ്‌ക്കേണ്ടത്. വര്‍ദ്ധിതമായ ഉപഭോഗശീലങ്ങളാണ് പ്രധാന വിപത്തുകാരണങ്ങള്‍. വിപണികേന്ദ്രിതമായ വിക്രിയകളെയാണ് ഇന്ന് ഏറ്റവും പ്രോത്സാഹിപ്പിക്കുന്നതും വളരുന്നതുമെന്നത് കടുത്ത ഭീഷണിയാണ്. ഉപഭോഗതൃഷ്ണയാണ് അനുദിനം പെരുകുന്നത്. ഹൃദയശൂന്യമായ ഒരു ചൂഷണത്വര ലോകത്തെയാകെ ഇതുവഴി കവരുന്നുണ്ട്. വഴിവിട്ട ഈ വഴി ചെന്നെത്തുന്നത് ആഗോളതാപനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രോഗവ്യാപനങ്ങളിലുമാണെന്ന് ജയകുമാര്‍ ലളിതജീവിതത്തിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ആമുഖമായി പറയുന്നു. ഉപഭോഗത്തിന്റെയും ആസക്തിയുടെയും അഹന്തയുടെയും ആഡംബരത്തിന്റെയും ത്വരകളെയാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്. ജീവിത സൗകര്യങ്ങള്‍ക്ക് തീര്‍ക്കുന്ന ഭീമാകാരനിര്‍മ്മിതികളും മറ്റുള്ളവരെ കാണിക്കാന്‍ നടത്തുന്ന ആര്‍ഭാടച്ചടങ്ങുകളും നടത്തുന്ന മനസ്സുകളുടെ രോഗാവസ്ഥയെ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗാന്ധിജി നല്‍കിയ ലാളിത്യമെന്ന ആശയമാണ് പരിഹാരം. വിപരീതമായി പോകുന്ന ലോകത്തിനെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ മഹാത്മാവ് നമുക്ക് വിനിമയം ചെയ്ത വെളിച്ചത്തെ പ്രയോഗികമാക്കിയാല്‍ മതി. അതിനെത്ര പേര്‍ ശ്രമിക്കുന്നുവെന്നത് വലിയൊരു ചോദ്യവും.

ലാളിത്യമെന്നത് നിസ്സാരമായ ആശയമല്ല. ഒരു നേരം കൊണ്ടോ ഒരു കാര്യം കൊണ്ടോ ലാളിത്യം സാധ്യമാകില്ലെങ്കിലും പടിപടിയായി അതിലേക്ക് മുന്നേറേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാകയാല്‍ ശ്രമകരമായാലും സാധ്യമാക്കേണ്ടതു തന്നെയാണ്. ഭൗതികവും മാനസികവും ആത്മീയവുമായ തലങ്ങളില്‍ ലാളിത്യമെന്ന ആശയത്തെ പ്രാവര്‍ത്തികമാക്കണം. വിമര്‍ശനചിന്തയും യുക്തിബോധവും നിറഞ്ഞ വീണ്ടുവിചാരത്തിന്റെ ഒരു തരം മാനസകോടതിസമയങ്ങളിലാണ് നമ്മളിപ്പോള്‍ നില്‍ക്കേണ്ടത്.

വളരെ കുറച്ചേ വേണ്ടൂ ജീവിക്കാനെന്ന ആശയത്തെ സമഗ്രമായി ഉള്‍ക്കൊള്ളണം. സുഖങ്ങള്‍ അനുഭവിക്കാനും ജീവിതമാസ്വദിക്കാനും മാത്രമായി നമ്മളില്‍ വളരുന്ന ഉപഭോഗതൃഷ്ണയില്‍ നിന്ന് മോചനം സാധ്യമാകാന്‍ ഓരോരുത്തരും ശ്രമിക്കണം. ഉത്പാദന ഉപഭോഗനാടകമെന്ന പ്രയോഗമാണ് ഇവിടെ ജയകുമാര്‍ ഉപയോഗിക്കുന്നത്. ഇന്ന് ഭൂമിയില്‍ സംഭവിക്കുന്ന പാരിസ്ഥിതിക വിനാശത്തിനും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും അധാര്‍മികതകള്‍ക്കുമെല്ലാം ഉപഭോക്താവെന്ന പട്ടം വഹിക്കുന്നതിലൂടെ നാം ഓരോരുത്തരും ഉത്തരവാദികളാണെന്ന് ജയകുമാര്‍ ഓര്‍മ്മപ്പെടുത്തുന്നു.

പരസ്യങ്ങള്‍ക്കിടയിലൂടെയാണ് ഇന്നത്തെ ഓരോ നിമിഷവും നീങ്ങുന്നതെങ്കിലും തീരുമാനത്തിന്റെ സ്വാതന്ത്ര്യം ഉപഭോക്താവിന്റെ പക്ഷത്താണെന്ന് ഓരോരുത്തരും ഓര്‍ക്കണം. ഓരോ ഉപഭോഗവും സ്വയം നടത്തുന്ന ഓരോ സ്വാതന്ത്ര്യധ്വംസനമാണ്. ആ അദൃശ്യ നിയന്ത്രണത്തില്‍ നിന്നും മാസ്മരികതയില്‍ നിന്നും നാം മോചിതരാകണം. വീട്ടിലൊന്നു കണ്ണോടിച്ചാല്‍ കാണാം പാഴ്‌വാങ്ങലുകളുടെ എത്രയെത്ര കൂമ്പാരങ്ങള്‍. വിപണികള്‍ നടത്തുന്ന ഹിപ്‌നോട്ടിസത്തില്‍ നിന്ന് ചാടി പുറത്തുകടക്കണം. സാധനസാമഗ്രികള്‍ വാങ്ങുന്ന നമ്മുടെ മനസ്സിനെ വിശദമായി വിപുലമായി പഠിച്ചവരാണ് പരസ്യ കമ്പനികള്‍. അത്രയും സ്വാധീന തരംഗങ്ങളാണ് ഓരോ പരസ്യവും അനുനിമിഷം വിവിധ മാധ്യമങ്ങളിലൂടെ പുറപ്പെടുവിക്കുന്നത്.

മനുഷ്യരുടെ അസംതൃപ്തിയാണ് പല നാശങ്ങള്‍ക്കും കാരണം. ലോകമല്ല സങ്കീര്‍ണ്ണം. സംതൃപ്തിയും ലാളിത്യവുമില്ലാത്ത മനുഷ്യമനസ്സാണ് ചുറ്റുപാടുകളെ ഇത്രയും സങ്കീര്‍ണ്ണമാക്കുന്നതെന്ന് ജയകുമാര്‍ പറയുന്നുണ്ട്. സൗന്ദര്യമൂല്യങ്ങള്‍ നശിച്ചതിന്റെ പ്രതിഫലനമാണ് നമ്മുടെ ചുറ്റുപാടുകളും വികസന പദ്ധതികളും. അനാരോഗ്യമായ ജീവിതപരിസരങ്ങളും ജീവിതശൈലികളുമെല്ലാം മനസ്സിന്റെ പ്രതിഫലനങ്ങളാണത്രേ. മനുഷ്യബന്ധങ്ങളിലെ അവിശ്വാസവും പൊരുത്തക്കേടുകളും അപകര്‍ഷബോധവും ഭയാശങ്കകളും വരെ വൈകാരിക അസംതൃപ്തികളെ സൃഷ്ടിക്കുകയും അത് ലോകാവസ്ഥകളില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.

വിജയവും സമ്പത്തുമായി മാറി എല്ലാവരുടെയും ഇന്നത്തെ ലക്ഷ്യം. സമ്പത്തിന്റെ സങ്കീര്‍ത്തനം നാലുപാടും ഉയരുന്ന സമൂഹമെന്നാണ് ജയകുമാര്‍ വിശേഷിപ്പിക്കുന്നത്. Millionaire എന്ന വാക്ക് പല വിധങ്ങളില്‍ പല വേദികളില്‍ ആവര്‍ത്തിക്കുന്ന കാലമാണിത്. സര്‍വ്വസമ്മതമായ പ്രത്യയശാസ്ത്രങ്ങളായി മാറി പണവും വിജയവും പ്രശസ്തിയുമൊക്കെ. എന്നാല്‍ അതുവഴി സാധ്യമാകുന്ന ഇന്നത്തെ വിനോദങ്ങളും സുഖങ്ങളും അത്യന്തികമായി വിഷാദികളാണെന്നത് നാം തിരിച്ചറിയണം. സങ്കീര്‍ണതയുടെ സ്ഥാനത്ത് ലാളിത്യത്തെ പ്രതിഷ്ഠിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. വിശ്രമവും വിനോദവും ആശ്വാസവും ആരോഗ്യവുമൊക്കെ ഭീകരമായി വാണിജ്യവത്കരിക്കപ്പെട്ട ഒരു കെട്ടലോകത്തിലൂടെയാണ് നാമെല്ലാം സഞ്ചരിക്കുന്നതെന്ന് ജയകുമാര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു. ഇന്നത്തെ വിദ്യാഭ്യാസവും വിദ്യാലയങ്ങളും കൂടി ദുരവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. സാഹിത്യവും മാനവികവിഷയങ്ങളും പഠിക്കാന്‍ കുട്ടികളില്ല. നമ്മുടെ മനോഭാവങ്ങളും മുന്‍ഗണനകളും തീരുമാനങ്ങളുമെല്ലാം ഇന്ന് തീരുമാനിക്കുന്നത് മൊബൈലും ഇന്റര്‍നെറ്റും ഫേയ്‌സ്ബുക്കും വാട്ട്‌സാപ്പും ഇന്‍സ്റ്റയുമാണ്. ടി എസ് എലിയറ്റിന്റെ പൊള്ളമനുഷ്യര്‍ എന്ന പ്രയോഗത്തെ ജയകുമാര്‍ ഇത്തരുണത്തില്‍ ഉദ്ധരിക്കുന്നു.

പുസ്തകം വാങ്ങാം

ലാഭത്തിനുള്ള ദുര ഒന്നുമാത്രമാണ് ലോകത്ത് ഇത്രയധികം ഉത്പാദനവും ഉപഭോഗവുമെന്ന് ജയകുമാര്‍ അടിവരയിടുന്നു. മനുഷ്യന്റെ സ്വാസ്ഥ്യത്തിനും സന്തോഷത്തിനും സുഖത്തിനുമാണ് ഇതെല്ലാമെന്ന് പരസ്യങ്ങളില്‍ നന്നായി നുണ പറയും. നാമെന്ന ഉപഭോക്താവ് അത് വിശ്വസിക്കുകയും ചെയ്യുന്നു. ഓരോരുത്തരും തന്റെ സ്വാഭാവികമായ സ്വത്വം വീണ്ടെടുക്കലാണ് കാലത്തിന്റെ അനിവാര്യത. അനുകരണവും അമിതമായ ഉപഭോഗവും നിര്‍ത്തണം. അവയില്‍ ലഭിക്കുന്ന ആനന്ദം ശാശ്വതമല്ലെന്നും ഭാവികാല ആപത്തുകളാണെന്നും സ്വയം ബോധ്യപ്പെടുത്തണം.

യഥാര്‍ഥത്തില്‍ നമ്മള്‍ സ്വയം നഷ്ടപ്പെടുത്തിയ ഒന്നാണ് ലാളിത്യമെന്ന മൂല്യം. നമ്മളിലെ സ്വാഭാവികമായ ഒരു നന്മയായിരുന്നു ലാളിത്യമെന്ന് ജയകുമാര്‍ വിവരിക്കുന്നു. നമ്മുടെ ആത്മീയതയും ഭക്തിയും പ്രാര്‍ത്ഥന പരിസരങ്ങളുമെല്ലാം ലാളിത്യത്തിന്റെ വിപ്ലവയിടങ്ങളായിരുന്നു. നമ്മുടെ ഗുരുക്കന്മാരും ആചാര്യന്മാരും അവരുടെ നിര്‍ദ്ദേശങ്ങളും ലാളിത്യത്തില്‍ അധിഷ്ഠിതമായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും രമണനും അരബിന്ദോയും മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവുമെല്ലാം പറഞ്ഞു തന്നത് ലളിതജീവിതത്തെയാണ്. അമിതസമ്പത്തും സുഖങ്ങളും ആന്തരികജീവിതത്തെ ഇല്ലാതാക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകളുമായിരുന്നു ഗുരുക്കന്മാരുടെ ജീവിതവും. പക്ഷെ, ഒരാള്‍ ഇതെല്ലാം അനുശീലിക്കാന്‍ ശ്രമിക്കുക അവന്റെയുള്ളില്‍ അവന്‍ തന്നെ ചോദിക്കുന്ന ജീവിതംകൊണ്ട് എന്തു നേടി എന്നതിനാലാണ്. ആ ചോദ്യം തരുന്ന നിരീക്ഷണവും ധൈര്യവും ഇന്ന് ഏറെ പ്രസക്തമാണ്. ഒരു മാറ്റം സംഭവിച്ചാലേ ഇന്നത്തെ യാത്രയുടെ ദിശ ലളിതജീവിതത്തിലേക്ക് തിരിയുകയുള്ളൂ. സ്വജീവിതത്തിന്റെ ഫലശ്രുതിയെന്നാണ് ജയകുമാര്‍ അതിനെ വിളിക്കുന്നത്. ജീവിതത്തിന് അര്‍ത്ഥമുണ്ടെന്നും ലോകത്തിന് സൗന്ദര്യമുണ്ടെന്നും തോന്നിത്തുടങ്ങുന്നുവെങ്കില്‍ ലാളിത്യത്തിന്റെ മര്‍മ്മരം കേട്ടുതുടങ്ങിയെന്നാണ് കാവ്യാത്മകമായി ജയകുമാര്‍ വിവരിക്കുന്നത്. ലളിതജീവിതത്തിലേക്ക് ആദ്യ ചുവട് ഉത്തരവാദിത്വമാണ്. യാഥാര്‍ഥ്യത്തിന്റെ തിരിച്ചറിവ് അനിവാര്യമാകുന്നു. ഒന്നിനും തിടുക്കമില്ലാതാകണം. എല്ലാം സ്വാഭാവികമാകണം. യാന്ത്രികതയില്‍ നിന്നുള്ള മോചനമാണ് നാം ആദ്യം നേടിയെടുക്കേണ്ടത്. യന്ത്രങ്ങളോട് പോലും അതിയാന്ത്രികതയാണ് നാം പ്രയോഗിക്കുന്നത്. കേടായ ഒന്നിനെ റിപ്പെയര്‍ ചെയ്യാന്‍ ശ്രമിക്കാതെ മാറ്റി പുതിയത് വാങ്ങുന്നതാണ് നവകാല ഓഫറുകളുടെ വശീകരണം. റിപ്പെയര്‍ ചെയ്ത് ഉപയോഗിക്കുന്നതിലും സ്വയം റിപ്പെയര്‍ ചെയ്യുന്നതിലും ഒരു നാണക്കേടുമില്ലെന്നും നാം സ്വയം ബോധ്യമാക്കണം. എന്നാല്‍, പാഴ് വസ്തുക്കളെ മാറ്റേണ്ടതിന്റെ ആവശ്യകത ജയകുമാര്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതും കാണാം. ജീവിക്കുകയെന്ന അനുഭവത്തിനു ഭംഗം വരുത്തിക്കൊണ്ട് നിശ്ചലതയുടെ വലയം തീര്‍ത്തിരുന്ന നിര്‍ജീവ വസ്തുക്കള്‍ ഒഴിവാകുന്നതോടെ ഓരോ വീടിനും പുതിയൊരു ലാഘവത്വവും പ്രസാദാത്മകത്വവും കൈവരുമെന്നാണ് ജയകുമാര്‍ പറയുന്നത്. മാലിന്യ പരിപാലനവും ചുറ്റുപാടുകളുടെ വിന്യാസവുമെല്ലാം ലളിതജീവിതവുമായി അത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നമ്മുടെ പുറംലോകം അകംലോകത്തെ കാര്യമായി ബാധിക്കുന്നു.

ലളിതജീവിതത്തിലേക്ക് നിരവധി അനിവാര്യതകളുണ്ട്. പലതും തീവ്രമായ സാധനയിലൂടെ നേടിയെടുക്കേണ്ടതാണ്. വൈകാരിക ബോധ്യമാണ് അതില്‍ ആദ്യത്തേത്. അതുവഴി വിചാരങ്ങളും ശീലങ്ങളും നല്ലതാക്കാം. മനസ്സാണ് എല്ലാം. ലളിതജീവിതത്തിന് മനസ്സും അതീവ ലളിതമാകണം. അതിനു ചിന്തകളെ ആദ്യം ശുദ്ധീകരിക്കണം. മനസ്സിനെ വെറുതെ എപ്പോഴും സങ്കീര്‍ണ്ണമാക്കുന്ന വിപരീതചിന്തകളില്‍ നിന്ന് മോചനം നേടണം. സ്വയം പുലര്‍ത്തേണ്ടതായ സത്യസന്ധതയുണ്ട്. പുറം പോലെ അകവുമാകുന്ന സത്യസന്ധത. മനസ്സിന്റെ സന്തുലിതാവസ്ഥയ്ക്ക് മനുഷ്യബന്ധങ്ങളില്‍ നാം സൂക്ഷിക്കേണ്ട കരുതലും വിശ്വാസ്യതയും വലിയ പ്രാധാന്യമര്‍ഹിക്കുന്നു. മനസ്സെന്ന തമ്പുരാനെ നിയന്ത്രിക്കാനുള്ള ഇച്ഛാശക്തിയാണ് ജീവിതഭാഗധേയം രചിക്കുന്ന മാന്ത്രികത്തൂലികയെന്നാണ് ജയകുമാര്‍ എഴുതുന്നത്. ലളിതമാക്കപ്പെട്ട അകവും പുറവും തമ്മിലുള്ള പാരസ്പര്യം വഴി ജീവിതം അതിന്റെ സഹജലാവണ്യത്തിലേക്ക് മിഴി തുറക്കമെന്ന് ജയകുമാര്‍ പറയുന്നു.

ഇനി മുതല്‍ ആവശ്യമുള്ളവ മാത്രമേ വാങ്ങൂ എന്നു തീരുമാനിക്കുകയും സാമ്പത്തിക ഇടപാടുകള്‍ ക്രമപ്പെടുത്തുകയും ചെയ്യുന്നതാണ് ലളിതജീവിതത്തിന്റെ ആദ്യചുവട്. എന്തെങ്കിലും പണം കൊടുത്ത് വാങ്ങുമ്പോള്‍ അതിന്റെ ആവശ്യകതയെക്കുറിച്ച് പര്യാലോചനയും ആത്മവിമര്‍ശനവും അനിവാര്യമാണെന്ന് ലളിതജീവിതം ഓര്‍മ്മപ്പെടുത്തുന്നു. ജീവിതം അത്രയും ലളിതമാണെന്ന് നാമറിയണം. അത്രയേ ആവശ്യമുള്ളൂ. ജീവിതത്തെക്കുറിച്ച് നമുക്കുള്ള മുന്‍വിധികളും തെറ്റിധാരണകളും മറികടക്കുകയാണ് ലളിതജീവിതവഴികളില്‍ ചിലത്. വിരുന്നുസത്കാരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഡയമണ്ട് നെക് ലേസ് കടം വാങ്ങിയ സ്ത്രീ അത് നഷ്ടപ്പെട്ട് പിന്നീട് വന്‍ കടബാധ്യതകളിലേക്ക് വീഴുന്നത് വിവരിക്കുന്ന മോപ്പസാങ്ങിന്റെ കഥ ജയകുമാര്‍ എടുത്തു പറയുന്നു. അവ ഡയമണ്ടൊന്നും അല്ല, കൃത്രിമക്കല്ലുകളായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഏറെ വൈകിയാണ് സ്ത്രീ അറിയുന്നത്. വിലയില്ലാത്ത എന്തിന്റെയൊക്കെയോ പുറകെ ഓടി വിലപ്പെട്ട ജീവിതം ഇല്ലാതാക്കുന്നവരാണ് നമ്മള്‍ . അത് ,പണമാകാം പ്രശസ്തിയാകാം വിജയമാകാം സുഖങ്ങളാകാം. ഒടുക്കം മാത്രമാണ് തിരിച്ചറിവിന്റെ അധ്യായം തുറക്കപ്പെടുന്നത് എന്നതാണ് ഏറ്റവും വലിയ കോമഡി. മനസ്സിന്റെ സന്തുലിതാവസ്ഥയാണ് ഏറ്റവും പ്രധാനം. ആരോടും പരാതിയും പരിഭവവും ശത്രുതയും വൈരാഗ്യവുമില്ലാത്ത ജീവിതമാകണം. ആരെയും വിമര്‍ശിക്കാത്ത, വെറുക്കാത്ത, ഭയക്കാത്ത മനസ്സ് യഥാര്‍ത്ഥമായ ശാന്തതയും സ്‌നേഹവും അനുഭവിക്കുമെന്ന് ജയകുമാര്‍. അതിനു വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ പ്രാര്‍ത്ഥന ജയകുമാര്‍ വായിക്കുന്നുണ്ട്. നിരുപാധിക സ്‌നേഹം പ്രാവര്‍ത്തികമാക്കുന്ന മനസ്സാണ് ലളിത ജീവിതത്തിന്റെ അടിക്കല്ല്. കൃതജ്ഞ, വിശ്വാസം, നിര്‍ഭയത്വം എന്നിവയെ ജയകുമാര്‍ ഇടയ്ക്കിടെ ലളിതജീവിത വഴികളില്‍ പരാമര്‍ശിക്കുന്നു. ആദ്യം സ്വന്തം ജീവിതത്തെ വലിയ ഒരു അനുഗ്രഹമായി കാണാനുള്ള ഹൃദയവിശാലത കൈവരിക്കണം.

പ്രതീക്ഷകളും ആശങ്കകളും അലോസരപ്പെടുത്തുന്നതില്‍ നിന്ന് മോചിതമായി മനസ് സമ്പൂര്‍ണ്ണമായും ഈ നിമിഷത്തിന്റെ വൈവിധ്യത്തിലും സമ്പന്നതയിലും സാന്ദ്രമാകണം. ഈ നിമിഷത്തില്‍ മാത്രം ജീവിക്കുക. നിരാശകള്‍ക്കും ഭയങ്ങള്‍ക്കും ഇടം കൊടുത്ത് ജീവിക്കാനുള്ള അവസരത്തെ ഹനിക്കരുത്. ലാളിത്യം എന്ന സഹജവഴി ജീവിതത്തിലേക്ക് കൂടുതല്‍ അഴകും ആഴവും അര്‍ഥവും പകരുന്നുവെന്നാണ് ജയകുമാര്‍ തന്റെ അനുഭവസാക്ഷ്യങ്ങളാല്‍ പറയുന്നത്. ആന്തരികസ്വാതന്ത്ര്യമാണ് ആദ്യം നേടേണ്ടത്. അത് സ്വാഭാവികമായ സന്തോഷത്തിലേക്കും ലളിതജീവിതത്തിലേക്കും നമ്മളെ എത്തിക്കും. പ്രതികൂലാവസ്ഥകളെ തരണം ചെയ്യാന്‍ ലളിതജീവിതം ഏറെ കെല്‍പ് നല്‍കും. സൗന്ദര്യമൂല്യബോധവും ആന്തരികസ്വാതന്ത്ര്യവും സരളതയും ലളിതജീവിതം ഉറപ്പ് തരുന്നു.

ഭൗതികവും മാനസികവും ആത്മീയവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ന് നട്ടം തിരിയുന്ന നമുക്ക് ലാളിത്യം എന്ന ഒരു ബദല്‍നിര്‍ദ്ദേശത്തോടെ ജയകുമാര്‍ കാലിക പ്രസക്തമായ കുറെ കാര്യങ്ങളെ അവതരിപ്പിക്കുന്ന എപ്പോഴും കയ്യില്‍ കരുതാവുന്ന ചെറിയ പുസ്തകമാണ് ലളിതജീവിതം. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിന്റെ ഒരു കൈപ്പുസ്തകം . സെല്‍ഫ് ഹെല്‍പ്പ്, ലൈഫ് കോച്ച്, മോട്ടിവേഷണല്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഉള്‍പ്പെടുത്താവുന്ന ഒരു പുസ്തകം. സമകാലികവും ഐതിഹികവും പൗരാണികവും ക്ലാസിക്കലുമായ രചനകളുടെ സാരസംഹിതയാണ് ലളിതജീവിതം. ജീവിതത്തില്‍ നിന്ന് വഴിവിട്ടു പോകുന്നവര്‍ക്ക് ചില ഓര്‍മ്മപ്പെടുത്തുകള്‍ കൂടിയാണ് ലളിതജീവിതം. എല്ലാം സ്വന്തം കൈവശമുണ്ടായിട്ടും നമ്മള്‍ തിരിച്ചറിയാതെ പോയ പലതുമാണ് ഇതില്‍ വെളിച്ചം വയ്ക്കുന്നത്. വിപുലമായ ജീവിതാനുഭവങ്ങള്‍ തന്നിലേക്ക് പ്രസരിച്ച ആശയമുത്തുകളാണ് ലളിതജീവിതത്തിലൂടെ ജയകുമാര്‍ പങ്കു വയ്ക്കുന്നത്. കടന്നു കയറാനാകാത്ത കൂരിരുട്ടില്‍ നമുക്കൊക്കെ എന്നും വെളിച്ചമായ ഒരു ജീവിതപ്പുസ്തകമാണ് ജയകുമാര്‍. മുഴുവന്‍ വായിക്കാനാകാത്തവര്‍ക്ക് ഒറ്റവാക്കിലൊതുക്കാവുന്നത്. ലളിത ജീവിതം.

Content Highlights: K.Jayakumar, Dr. K.S Krishnakumar, Lalithajeevitham Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented