ചുമരും വരയും; ഓര്‍മകളുടെ പകര്‍ന്നാട്ടം


ഡോ. അനിത എം.പി

.

'ചുമരും വരയും' ഡോ. ജോണി സി. ജോസഫിന്റെ അധ്യാപകജീവിതത്തിന്റെ ഓര്‍മപ്പുസ്തകമാണെന്നു മാത്രം പറയുമ്പോള്‍ അതില്‍ ചില തിരുത്തലുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നു. അധ്യാപകനായും ഗവേഷകനായും ഗവേഷണ മാര്‍ഗദര്‍ശിയായും സാമൂഹിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും പ്രവര്‍ത്തിച്ച ഒരാളുടെ ജീവിതരേഖകൂടിയാണത്. 2013 സെപ്തംബര്‍ അഞ്ചിന്‌ ഡോ. എ.പി.ജെ. അബ്ദുള്‍കലാം ദ ഹിന്ദുവിന് നല്‍കിയ ഒരഭിമുഖത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: 'If the people remember me as a good teacher, that wil be the biggest honour for me' എന്ന്. ജോണി മാസ്റ്ററുടെ ജീവിതത്തെ ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. അക്കാദമിക സമൂഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന, 'ഗവേഷണമാനിയ' പിടിപെട്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ അക്കാലത്ത് അത്രയൊന്നും ആകര്‍ഷകമല്ലാത്ത വേതനമുള്ള ജോലിയായിരുന്നിട്ടും വടക്കുനിന്ന് കോളേജ് അധ്യാപകനാകാനുള്ള ഒരു വിളിവന്നപ്പോള്‍ തന്റെ നിയോഗത്തെ തിരിച്ചറിയുകയായിരുന്നു; അധ്യാപകനാകുമ്പോള്‍ അധ്യാപനവും ഗവേഷണവും ഒന്നിച്ചുകൊണ്ടുപോകാം. അങ്ങനെയാണ് ഡോ. ജോണി സി. ജോസഫ് എന്ന അതുല്യനായ അധ്യാപകനെ കോഴിക്കോടിന് സ്വന്തമായി ലഭിക്കുന്നതും കേരളത്തിലങ്ങോളമുള്ള സോഷ്യോളജിസ്റ്റുകളുടെ സ്വകാര്യ അഭിമാനമായി അദ്ദേഹം മാറിയതും.

ഗുരുവായൂരപ്പന്‍ കോളേജ് അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍, 1979-ലാണ് ഡോ. ജോണി സി. ജോസഫ് സോഷ്യോളജി അധ്യാപകനായി അവിടെ വന്നുചേരുന്നത്. കാര്യവട്ടം ക്യാമ്പസ്സില്‍നിന്ന് പൊക്കുന്നിലേക്കു പറിച്ചുനടപ്പെട്ട ഒരു യുവാവിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പമുള്ള യാത്രയില്‍ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരുന്ന കോഴിക്കോടിന്റെ ഭൂമിശാസ്ത്രത്തെയും നാലു പതിറ്റാണ്ടു മുമ്പത്തെ ഗുരുവായൂരപ്പന്‍ കോളേജിനെയും നമ്മള്‍ തൊട്ടറിയുന്നുണ്ട്. 2005-ലാണ് ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് രണ്ടര പതിറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷം അദ്ദേഹം വിരമിക്കുന്നത്. ഇതിനിടയിലും ഇതിനു ശേഷവും അദ്ദേഹം നേടിയെടുത്ത അക്കാദമിക മികവുകളുടെ പട്ടിക വളരെ വലുതാണ്. 'മാധ്യമങ്ങളും വികസനവു'മെന്ന വിഷയത്തില്‍ 1987-ലാണ് ഡോക്ടറേറ്റു ലഭിക്കുന്നത്. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമല്ലാത്ത ഒരു കാലത്ത് വിവരവിശകലനവും പ്രബന്ധരചനയും ഭഗീരഥപ്രയത്‌നങ്ങളായിരുന്നു. ആ നാളുകളെക്കുറിച്ച് 'പ്രയത്‌നം തന്നെ പ്രണവം' എന്ന അധ്യായത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകള്‍ ഒരു മുതല്‍ക്കൂട്ടു തന്നെയായിരിക്കും.

1993 മുതല്‍ 2021വരെ കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെ സോഷ്യോളജിയുടെ ഗവേഷണ മേല്‍നോട്ടം നിര്‍വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. 13 പേര്‍ക്ക് ഗവേഷണബിരുദം ലഭിക്കാന്‍ ഇടയാക്കിയ ഒരു നേട്ടമായിരുന്നു അത്. അക്കാദമിക സമൂഹം മികച്ച പ്രബന്ധങ്ങളെന്ന് വിലയിരുത്തപ്പെട്ടവയായിരുന്നു ആ പ്രബന്ധങ്ങളെല്ലാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ നാട്ടിലേക്കു മടങ്ങിയ അല്‍ട്ടാന്‍സായ എന്ന മംഗോളിയന്‍ വിദ്യാര്‍ഥിനിയെക്കുറിച്ചും മാസ്റ്റര്‍ ഇതില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇതിനിടയില്‍ ഭാരതീയ വിദ്യാഭവന്റെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.ഡബ്ല്യൂ. കോഴ്‌സിന് തിയറിയും റിസര്‍ച്ച് മെത്തേര്‍ഡും കൈകാര്യം ചെയ്തു. കൂടാതെ ജെ.ഡി.ടി ഇസ്ലാമിന്റെ നോഡല്‍ സെന്ററില്‍ എം.ബി.എ കോഴ്‌സിന്റെ റിസര്‍ച്ച് മെത്തേഡിന്റെ കൗണ്‍സിലര്‍, I.C.F.A.I. എന്ന ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ റിസര്‍ച്ച് മെത്തേഡിന്റെ ഫാക്കല്‍ട്ടി, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ പ്രഥമ ഡയറക്ടര്‍ തുടങ്ങി ഡോ. ജോണി സി. ജോസഫിന്റെ പ്രൊഫഷണല്‍ ജീവിതത്തിന് വര്‍ണാഭമായ അധ്യായങ്ങള്‍ നിരവധിയായിരുന്നു.

'തിരുവാണിയൂരില്‍നിന്ന് തിരുവണ്ണൂരിലേക്ക്,' 'അനിതരം ആഘോഷം ' എന്നീ രണ്ട് അധ്യായങ്ങളില്‍ ചോറ്റാനിക്കരയ്ക്കടുത്തുള്ള തിരുവാണിയൂരില്‍നിന്ന് കോഴിക്കോട്ടെ തിരുവണ്ണൂരെത്തിയ അദ്ദേഹം ക്ഷേത്രങ്ങളുടെ നാടായ തിരുവണ്ണൂരിലെ പ്രസിദ്ധമായ വില്ലിക്കാവിനെക്കുറിച്ചും സുബ്രഹ്‌മണ്യക്ഷേത്രത്തിലെ ശൂരസംഹാരമഹോത്സവത്തെക്കുറിച്ചും ഉത്സവപ്പൊലിമയെക്കുറിച്ചും വിശദീകരിക്കുന്നു. 'പ്രതിബന്ധം പേരും മേല്‍വിലാസവും'എന്ന അധ്യായത്തില്‍ ഒരു കാലത്തെ ദേശവ്യവസ്ഥിതിയെക്കുറിച്ചുള്ള ഒരു സാമൂഹികശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങള്‍ വായിക്കാം.

'പിന്നെയും പിന്നെയും' എന്ന അധ്യായം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ അധ്യാപക കാലഘട്ടത്തെക്കുറിച്ചാണ് പറയുന്നത്. 2015 ചിങ്ങം ഒന്നിനാണ് അവിടത്തെ സോഷ്യോളജി വകുപ്പിന്റെ സ്ഥാപക വകുപ്പധ്യക്ഷനായും വിസിറ്റിങ് പ്രൊഫസ്സറായും ചാര്‍ജെടുക്കുന്നത്. നാനാദേശത്തുനിന്നുമുള്ള ജ്ഞാനധാരകളുടെ അക്കാദമിക മേളകളൊരുക്കിക്കൊണ്ടുള്ള ആ അക്കാദമിക പ്രവര്‍ത്തനം അരവ്യാഴവട്ടക്കാലം നീണ്ടുനിന്നു. 2016 ആഗസ്റ്റ് അവസാനം അരങ്ങേറിയ 'സബാള്‍ട്ടേണ്‍ സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് ദി പവര്‍ റിലേഷന്‍സ് ഇന്‍ ഇന്ത്യ ' എന്ന ഗംഭീര ആശയത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യോളജി മഹാസമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത് ഡോ. ജോണി സി. ജോസഫ് ആയിരുന്നു. 2018-ല്‍ വിശ്രമജീവിതത്തിനായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍നിന്ന് അദ്ദേഹം സര്‍വാത്മനാ വിടവാങ്ങി.

'Dr. Joni C. Joseph...is a Teacher of Repute മികച്ച സര്‍വകലാശാലാ അധ്യാപകനുള്ള 1993-ലെ പ്രൊഫ. ഗനി അവാര്‍ഡിന്റെ പ്രശംസാപത്രത്തിലെ തുടക്കവാക്യത്തെ, മനസ്സില്‍ നിധിപോലെ കൊണ്ടുനടക്കുന്ന ഈ അധ്യാപകന്റെ മൂന്നാമത്തെ എഴുത്തുസംരംഭമാണ് ചുമരും വരയും. 119 പേജുകളുള്ള ഈ പുസ്തകത്തില്‍ ഇരുപത്തിയൊന്നു കുഞ്ഞധ്യായങ്ങളാണുള്ളത്. ലളിതമായി വിവരിക്കപ്പെട്ട വിലപ്പെട്ട അറിവുകളുടെ നാള്‍വഴിപ്പുസ്തകം.

Content Highlights: dr johny c joseph, chumarum varayum book, book review, malayalam literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented