കഥയുടെ കലാപങ്ങളുമായി കെ.പി രാമനുണ്ണിയുടെ 'ഹൈന്ദവം'


ഡോ. അജിതന്‍ മേനോത്ത്

ഈ അരക്ഷിതാവസ്ഥയിലാണ് പലപ്പോഴും  അവര്‍ക്കിടയില്‍ സഹജീവിസ്‌നേഹം പൊട്ടിമുളക്കുന്നത്. മറിച്ച്, മനുഷ്യന്‍ കൂടുതല്‍ സുരക്ഷിതനാകുമ്പോള്‍ അവന്റെ സ്വര്‍ത്ഥതയും സ്‌നേഹരാഹിത്യവും വീണ്ടും തലപൊക്കുന്നു.

കെ.പി രാമനുണ്ണി

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.പി രാമനുണ്ണിയുടെ 'ഹൈന്ദവം' എന്ന കഥാസമാഹാരത്തെക്കുറിച്ച് ഡോ. അജിതന്‍ മേനോത്ത് എഴുതുന്നു.

ജാതി-മതഭേദ കല്‍പ്പനകള്‍ മനുഷ്യന്റെ പ്രാകൃതമായ സംസ്‌കാരമാണ്. ഈ അജ്ഞതയ്‌ക്കെതിരെ 20-ാം നൂറ്റാണ്ടില്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ഒരു മഹാവിപ്ലവം തന്നെ അരങ്ങേറി. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ പരിഷ്‌കൃതിയും സ്വാതന്ത്ര്യവും ജനാധിപത്യബോധവും ഈ അന്ധതയെ ഇനിയും കീഴ്‌പ്പെടുത്താതെ പകച്ചുനില്‍ക്കുന്നു. ആസൂത്രിതമായ വര്‍ഗീയമുതലെടുപ്പുകള്‍ക്കു വേണ്ടിയുള്ള പുതിയ അധികാരകേന്ദ്രങ്ങളും തലപൊക്കിയിരിക്കുന്നു. ആധുനിക മനുഷ്യര്‍ക്കിടയില്‍ ആപത്കരമായി പടര്‍ന്നുപിടിക്കുന്ന വര്‍ഗവിദ്വേഷദത്തെ, അതുവഴി ഭ്രാന്തുപിടിക്കുന്ന ശത്രുതയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന കെ.പി രാമനുണ്ണി എന്ന കഥാകൃത്തിന്റെ സര്‍ഗകര്‍മ്മം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. അദ്ദേഹത്തിന്റെ കഥകളും നോവലുകളും പൊതുവെ മേല്‍പ്പറഞ്ഞ പ്രമേയപരിസരത്തു നിലയുറപ്പിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ലക്ഷ്യബോധത്തോടെ കഥാപ്രമേയം തെരഞ്ഞെടുത്ത് സമകാലത്തോട് കലഹിക്കുന്ന എഴുത്തുകാരനാണ് രാമനുണ്ണി. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമായ 'ഹൈന്ദവം' വായനക്കാര്‍ക്കു സമ്മാനിക്കുന്ന പ്രത്യയശാസ്ത്രം ഗൗരവമേറിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.'ഹൈന്ദവ'ത്തിലെ 9 കഥകളില്‍ ഹൈന്ദവം, വാരിയംകുന്നത്ത് വീണ്ടും, കേരളാമാരത്തോണ്‍ എന്നിവ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നവയാണ്. പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഹൈന്ദവം രചിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ മുസ്ലീം സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ അവതരിപ്പിക്കുന്നതോടൊപ്പം ഇരുസമുദായങ്ങള്‍ക്കുമിടയിലെ കലവറയില്ലാത്ത സ്‌നേഹവായ്പിനെ സ്ഫുടീകരിക്കാനും കഥാകൃത്ത് ശ്രമിക്കുന്നു. മതഭേദങ്ങള്‍ക്കപ്പുറത്തെ മാനുഷികതയെ ദൃഢീകരിക്കാനുള്ള ശ്രമം ആദരണീയമാണ്. എന്നാല്‍ ആഖ്യാനകൗശലത്തിലെ നിഷ്‌കര്‍ഷയാണ് ഈ കഥയുടെ വിജയമെന്നത് അവഗണിക്കാനുമാവില്ല.

സി.എ.എ വിരുദ്ധ യോഗങ്ങളില്‍ പ്രസംഗിക്കാനെത്തുന്ന ഗാന്ധിയനായ ഹരീന്ദ്രന്‍ സാറിന്റെ ആത്മസംഘര്‍ഷങ്ങള്‍ സമര്‍ത്ഥമായ സൂചകങ്ങളിലൂടെയാണ് വെളിപ്പെടുത്തുന്നത്. 'നിരന്തരമായ ആത്മശിക്ഷണത്തിലൂടെ അന്നമയശരീരം സൃഷ്ടിക്കുന്ന അസഹ്യതകളെ, അതായത് കൈകാലുകളുടെ ഇടന്തടിക്കല്‍, കഴുത്തിന്റെ ബലംപിടിക്കല്‍, പണ്ടാരം പോയി തുലയട്ടെ എന്ന ശ്വാസനിശ്വാസങ്ങളുടെ ആമന്ത്രണം എല്ലാം അദ്ദേഹം അതിജീവിച്ചുകൊണ്ടിരുന്നു''. ''ആമാശയം കുതിച്ചെങ്കിലും ഹരീന്ദ്രന്‍ സാറിനകത്തെ ആശയം പിന്നോട്ടടിച്ചു''. എന്നിങ്ങനെ നിരവധി വൈരുദ്ധ്യകല്‍പ്പനകള്‍ നര്‍മ്മസൂചനകളായി പല സന്ദര്‍ഭങ്ങളിലും കടന്നുവരുന്നുണ്ട്. പ്രസംഗവേദിയിലെ സ്വന്തം ഛായപടത്തില്‍ നോക്കി നിഗൂഢമായി ആനന്ദിക്കുന്ന ഗാന്ധിയന്റെ വൈരുദ്ധ്യാത്മകതയും നമ്മെ ചിരിപ്പിക്കുന്നു. മനുഷ്യസഹജമായ കാപട്യങ്ങളെ വിചാരണചെയ്ത് ഒരു ആക്ഷേപഹാസ്യത്തിന്റെ പശ്ചാത്തലസൗന്ദര്യം സൃഷ്ടിക്കുന്നതിലാണ് കഥാകൃത്തിന് കമ്പം. രാമനുണ്ണിയുടെ കഥകളില്‍ പൊതുവെ കാണുന്ന പാരായണ കൗതുകമാണിത്. ഗൗരവമായ പ്രമേയപരിസരത്ത് വേരുറപ്പിക്കുമ്പോഴും ഐറണിയുടെ പിന്‍ബലത്തില്‍ ആഖ്യാനപുതുമ സൃഷ്ടിക്കപ്പെടുന്നു.

ആഖ്യാനഭാഷയില്‍ അതിശയോക്തിയുടെ ഒരു തലം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതായത് സംഭവഗതികളുടെ ഉദ്വേഗജനകമായ അവതരണരീതിയേക്കാള്‍ ഭാഷാപരമായ ഒരു വിപ്ലവത്തിലാണ് കഥാകൃത്ത് അഭിരമിക്കുന്നത്. നേരേ വാ നേരേ പോ എന്ന പരമ്പരാഗത ശൈലിയുടെ വിരസതയെ അട്ടിമറിക്കുന്ന രീതിയാണത്. അപ്രതീക്ഷിതമായി കൂര്‍ത്തുവരുന്ന ആഖ്യാനഭാഷയുടെ മുന സഹൃദയരെ ആനന്ദിപ്പിക്കുന്നു. സമകാലജീവിതത്തെ ബാധിക്കുന്ന നൂതനമായ സംഗതികള്‍ സൂചകങ്ങളായി ഇടയ്ക്കിടെ കടന്നുവരികയും ചെയ്യുന്നു. 'സത്കരിച്ച് സത്കരിച്ച് ഇടങ്ങേറായ ഉച്ചയൂണ്', 'പ്രസംഗബാധ', 'ആഢ്യച്ചെവി,' 'വാക്കുപാലിക്കലെന്ന കഠിനരോഗം', 'സാംസ്‌കാരിക നായകന്റെ നടവരവ്', 'കവറില്‍ കരുതിയ മാന്യംമര്യാദ' എന്നിങ്ങനെ ഭാഷാവിളയാട്ടം തിരനോട്ടം ഭേദിച്ച് അരങ്ങുതകര്‍ക്കുന്നു. കേന്ദ്ര കഥാപാത്രമായ ഹരീന്ദ്രന്‍ സാര്‍ കഥാന്ത്യത്തില്‍ 'ഞാന്‍ ഹിന്ദു ഞാന്‍ ഹിന്ദു ഞാന്‍ ഹിന്ദു' എന്ന ആത്മഗതം നടത്തുന്നുണ്ട്. എന്നാല്‍ അത് ഹിന്ദുത്വമല്ല, മറിച്ച് ഹൈന്ദവതയുടെ ആത്മസത്തയാണെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു.
'വാരിയംകുന്നത്ത് വീണ്ടും' ഒരു സോദ്ദേശ്യകഥയാണ്. ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആത്മസുഹൃത്ത് നാരായണന്‍ നമ്പീശനും പുനര്‍ജനിക്കപ്പെടുന്നുവെന്ന ഭാവനയിലൂടെ വര്‍ത്തമാനകാലത്തെ വര്‍ഗീയഭ്രാന്തിനെ ചൂണ്ടിക്കാട്ടുവാനാണ് ശ്രമം. പുതുതലമുറയിലേക്ക് അവരുടെ ആത്മാവ് പരകായപ്രവേശം നടത്തുന്നു. ''മനുഷ്യനന്മയുടെ മൂലഗ്രന്ഥികളെ സ്പര്‍ശിച്ച് ശുദ്ധമാക്കാന്‍'' മരിച്ചുപോയ ഉറ്റസുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നു. അതിലവര്‍ വിജയിക്കന്നു. എങ്കിലും വിഭജിച്ചു ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ അധികാരനീചത്വം പ്രഛന്നസാന്നിദ്ധ്യമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന ആശങ്കയാണ് പങ്കുവെക്കുന്നത്.

വര്‍ഗീയത ഭ്രാന്തിന്റെ വക്കിലെത്തിയാല്‍പിന്നെ എളുപ്പത്തില്‍ നിയന്ത്രിക്കാനാവില്ല. അതിനുദാഹരണമാണ് കേരളാമാരത്തോണ്‍ എന്ന കഥ. രാജ്യാന്തരമാനമുള്ള ഒരു കഥയാണിത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ വളരുന്ന വിദ്വേഷത്തിന്റെ അര്‍ത്ഥശൂന്യതയെ ഇക്കഥ വിചാരണ ചെയ്യുന്നു. വിഭിന്ന മതങ്ങളില്‍പെട്ട കേരളത്തിലെ രണ്ട് മുന്‍സൈനികര്‍ കശ്മീരിലെ തങ്ങളുടെ പഴയ ഹെഡ്‌ക്വോര്‍ട്ടേഴ്‌സിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളാണ് കഥയിലുള്ളത്. സത്യനേശനും സൈനുദ്ദീനും ആത്മസുഹൃത്തുക്കളുമാണ്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സംഭവിച്ച മുല്യച്യുതി മാത്രമല്ല അവരെ വേദനിപ്പിച്ചത്. രണ്ടു സമൂഹങ്ങളെ, രണ്ടു രാഷ്ട്രങ്ങളെ തമ്മില്‍ എക്കാലവും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന അസുരശക്തികളുടെ വളര്‍ച്ചയാണ് അവരെ ഭയപ്പെടുത്തിയത്. അബദ്ധത്തില്‍ പണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന ആര്യയെന്ന ഇന്ത്യന്‍ പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുവരേണ്ട ദൗത്യം ഏറ്റെടുത്തവരായിരുന്നു അവര്‍. കരുതലോടെയും സ്‌നേഹത്തോടെയുമാണ് പാക് സൈനികര്‍ അന്ന് കുട്ടിയെ കൈമാറിയത്. ഗൃഹാതുര സ്മരണകളോടെ, മുതിര്‍ന്ന ആ കുട്ടിയെത്തേടി പുഞ്ചിലെത്തിയ സത്യനേശനും സൈനുദ്ദീനും പക്ഷേ നേരിടേണ്ടിവന്നത് വിചിത്രമായ സംഭവവികാസങ്ങളാണ്. പാക് സൈനികര്‍ നല്‍കിയ കളിപ്പാട്ടങ്ങള്‍ പോലും നശിപ്പിക്കാന്‍ പ്രേരിപ്പിച്ച തീവ്രവാദികളുടെ മനഃശാസ്ത്രം രണ്ടു സമൂഹങ്ങളെ, രണ്ടു രാഷ്ട്രങ്ങളെ എക്കാലവും ഭിന്നിപ്പിക്കുന്നതാണെന്ന തിരിച്ചറിവ് അവരെ പൊള്ളിച്ചു. തീവണ്ടികള്‍ പോലും അനുദിനം റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ റെയില്‍പാളത്തിലൂടെ പ്രാണരക്ഷാര്‍ത്ഥം സ്വന്തം നാട്ടിലേക്ക് അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.

സൈബര്‍യുഗത്തില്‍ പ്രാകൃതനും യാന്ത്രികനുമായിത്തീരുന്ന മനുഷ്യന്റെ ദുരവസ്ഥയാണ് 'സര്‍വൈലന്‍സ്' എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും കൂടിക്കലര്‍ന്ന അവതരണരീതി വേറിട്ട വായനാനുഭവം സൃഷ്ടിക്കുന്നു. ഇലക്ട്രോണിക് ദൃശ്യക്കെണികള്‍ അത്രമേല്‍ മനുഷ്യനെ പ്രായഭേദമെന്യ സ്വാധീനിക്കുന്ന കാലത്ത് സാങ്കല്‍പ്പികതയും യാഥാര്‍ത്ഥ്യവും കെട്ടുപിണഞ്ഞുകിടക്കുന്നു. കുറ്റവാസനകള്‍ പെരുകിക്കയറുന്നു. മനുഷ്യനില്‍നിന്ന് ദിനോസറിലേക്ക് പരിണമിക്കുന്ന ക്രൂരതകള്‍ വര്‍ത്തമാന സമൂഹത്തെ വേട്ടയാടുന്നു. പ്രസക്തമായ ഈ സാമൂഹികാവസ്ഥയെ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.

പുരുഷനെ സ്‌നേഹിക്കുകയും സ്‌നേഹമുള്ളവന് വിധേയപ്പെടുയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ സ്‌ത്രൈണതയെന്ന് സ്ഫുടീകരിക്കുന്ന കഥയാണ് പൂര്‍ണ്ണനാരീശ്വരന്‍. മധ്യലിംഗത്തില്‍നിന്ന് സ്ത്രീയായി മറുന്ന കഥാപാത്രം പുരുഷന്റെ സ്‌നേഹം തിരിച്ചറിയുന്നു. എന്നാല്‍ ഫെമിനിസ്റ്റായ സ്ത്രീകഥാപാത്രം അതില്‍ പരാജയപ്പെടുന്നുവെന്ന വൈരുദ്ധ്യം തുറന്നുകാട്ടുവാന്‍ ഈ കഥയ്ക്ക് സാധിക്കുന്നു.

പുസ്തകം വാങ്ങാം

കോവിഡ് കാലത്തിന്റെ ഭീകരതയും പരിമുറുക്കങ്ങളും ഒട്ടും ചോര്‍ന്നുപോകാതെയുള്ള ആഖ്യാനം ശ്വാസംമുട്ട് എന്ന കഥയെ ആസ്വാദനക്ഷമമാക്കുന്നു. മഹാമാരിയുടെ തീവ്രതയെകുറിച്ച് ബോധ്യപ്പെടുത്തുന്ന ഉദ്വേഗജനകമായ അവതരണം മാത്രമല്ല കഥയുടെ സവിശേഷത. ആതുരസേവനമേഖലയിലെ മൂല്യവിചാരങ്ങളും ചര്‍ച്ചാവിഷയമാകുന്നുണ്ട്. മരണത്തില്‍നിന്നും മനുഷ്യരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പരിശ്രമിക്കുന്ന ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടറുടെ സേവനം വായനക്കാരുടെ ഹൃദയം കവരുന്ന രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്.

പ്രകൃതിദുരന്തങ്ങളും മഹാമാരികളും മനുഷ്യരെ നിസ്സഹായാവസ്ഥയിലേക്ക് തള്ളിവിടുന്നു. ഈ അരക്ഷിതാവസ്ഥയിലാണ് പലപ്പോഴും അവര്‍ക്കിടയില്‍ സഹജീവിസ്‌നേഹം പൊട്ടിമുളക്കുന്നത്. മറിച്ച്, മനുഷ്യന്‍ കൂടുതല്‍ സുരക്ഷിതനാകുമ്പോള്‍ അവന്റെ സ്വര്‍ത്ഥതയും സ്‌നേഹരാഹിത്യവും വീണ്ടും തലപൊക്കുന്നു. പ്രളയം സൃഷ്ടിച്ച സാമൂഹികവും മനശാസ്ത്രപരവുമായ അവസ്ഥാവിശേഷങ്ങളിലേക്ക് സമര്‍ത്ഥമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് 'ചിരിയും കരച്ചിലും'. പുതുതലമുറയുടെ ആദരണീയമായ വ്യക്തിത്വഗുണങ്ങള്‍ ഈ കഥയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. (അവരെ സംബന്ധിച്ച് പൊതുവെ വിപരീതമായ ഒരു കാഴ്ചപ്പാടാണ് സമൂഹത്തിനുള്ളതെങ്കിലും). ന്യൂജെന്‍ പിള്ളേരുടെ എല്ലാ വികൃതികളും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും സാമൂഹ്യസേവനത്തിലും പൊതുനന്മയിലും അവര്‍ക്കുള്ള താല്‍പ്പര്യവും ഭാഗധേയവും വിലമതിക്കപ്പെടേണ്ടതാണ്. പ്രളയകാലത്ത് സന്നദ്ധസേവനത്തിനിറങ്ങുന്ന മെഡിസിന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധതയില്‍ നിന്നാണ് കഥാപ്രമേയം വികസിക്കുന്നത്.

'അനാട്ടമിയും ഫിസിയോളജിയും പഠിച്ച് പരീക്ഷ പാസ്സാകുന്നതിലുള്ള അവരുടെ മഹാമിടുക്ക് പകിടതിരിഞ്ഞ് തത്ത്വശാസ്ത്ര-നീതിശാസ്ത്ര വ്യഗ്രതകളായി പരിണമിക്കുന്ന'തായി കഥാകൃത്ത് പറയുന്നു. 'എന്തുകൊണ്ടാണ് ലോകം അതിക്രമങ്ങളില്‍നിന്ന് വിമുക്തമാകാത്തത്? എന്തുകൊണ്ടാണ് മനുഷ്യന്മാര്‍ സ്വാര്‍ത്ഥതയിലേക്കും നികൃഷ്ടതയിലേക്കും നിപതിച്ചുപോകുന്നത്? എന്തുകൊണ്ടാണ് ഭൂമിയില്‍ വറുതികള്‍ നിറയുന്നത്? എന്തുകൊണ്ടാണ് മനുഷ്യജീവിതം പിന്നെപ്പിന്നെ പാപ്പരാകുന്നത്?' ഇത്തരം ചിന്താക്ഷോഭങ്ങള്‍ അവരുടെ മസ്തിഷ്‌കമണ്ഡലത്തെ നിരന്തരം അപസ്മാരപ്പെടുത്തിയതായി കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു. സേവനകാലത്ത് അവരെ ബഹുമാനിക്കുന്ന സമൂഹം പിന്നീട് അവരെ അവഗണിക്കുന്നു. 'ദുരിതകാലനന്മകള്‍ മറഞ്ഞ് കുശുമ്പും കുന്നായ്മയും തിരിച്ചെത്തുന്ന വിധത്തില്‍ ഗോഡൗണിന്റെ പരിസരങ്ങളില്‍ ചണ്ടിപണ്ടാരങ്ങള്‍ ജലനിരപ്പിനുമുകളില്‍ തെളിഞ്ഞു'വെന്ന് മനുഷ്യന്റെ ഈ സ്വഭാവവൈകല്യത്തെ പ്രതീകാത്മകമായി കഥയില്‍ അവതരിപ്പിക്കുന്നുമുണ്ട്. മൂല്യബോധം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ആഖ്യാനരീതിയാണിത്. സഗുണഭാവങ്ങള്‍ ഉണര്‍ത്താന്‍ പര്യാപ്തമായ കഥയാണ് 'ചിരിയും കരച്ചിലും' സ്ത്രീയെ വേട്ടമൃഗമായി നോക്കിക്കാണുന്ന പുരുഷന്റെ നൃശംസതയെ വിചാരണ ചെയ്യുന്ന കഥയാണ് പുരുഷഛിദ്രം. കുടുംബബന്ധങ്ങളെപ്പോലും ഛിദ്രമാക്കുന്ന ഈ ക്രൂരതയെ പ്രതീകാത്മകമായ ഒരു ധര്‍മ്മവിചാരണയ്ക്ക് വിധേയമാക്കുന്നു. മകളെപോലും കാമപൂര്‍ത്തിക്ക് ഇരയാക്കുന്ന പുരുഷന്റെ വൈകൃതത്തെ തുറന്നുകാട്ടുന്ന കഥയാണിത്. സ്ത്രീപീഡനത്തിന്റെ മറ്റൊരുമുഖമാണ് 'പരമപീഡന'ത്തിലുള്ളത്. പുരുഷന്റെ ക്രൂരതയ്‌ക്കെതിരായ സിസ്സഹായമായ പ്രതിരോധവും പരാമര്‍ശിക്കപ്പെടുന്നു.

വൈരുദ്ധ്യങ്ങളും ക്രൂരതകളും അനിയന്ത്രിതമാകുന്ന സമകാലത്തിനെതിരെ കലാപമുയര്‍ത്തുന്ന കഥകളാണ് 'ഹൈന്ദവ'ത്തില്‍ ഉള്ളത്.

Content Highlights: Dr. Ajithan Menoth, K.P Ramanunni, Haindavam, MathrubhumiBooks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented