'മൈക്രോഗ്രീന്‍': സൂക്ഷ്മഹരിതകങ്ങളുടെ അലകളും അടരുകളും


ദിവ്യ ജാഹ്നവിജനീറ്റ എന്ന പേരിനര്‍ത്ഥം അമ്മയെന്നാണ്. ഉത്പത്തി പുസ്തകമനുസരിച്ച് പ്രസവവേദന ശാപഫലമാണല്ലോ.

ചിത്രീകരണം: ഗിരീഷ് കുമാർ

വി.ഷിനിലാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ മൈക്രോഗ്രീന്‍ എന്ന കഥ ദിവ്യ ജാഹ്നവിയുടെ വായനയില്‍.

2020-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥാപതിപ്പില്‍ ഷിനിലാലിന്റെ 'മൈക്രോഗ്രീന്‍' എന്ന കഥ പ്രസിദ്ധീകരിച്ചുവരുമ്പോള്‍ കോവിഡ്-19 വൈറസിനെതിരെയുള്ള പ്രതിരോധമരുന്ന് ലോകത്ത് പരീക്ഷിച്ചു തുടങ്ങിയിരുന്നില്ല. പിടിപെട്ടാല്‍ മരണം സുനിശ്ചിതമായ രോഗങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചരിത്രത്തില്‍നിന്ന് കൂടുതലായി ഇറങ്ങിവന്ന് ആ നാളുകളില്‍ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. വ്യവസായാധുനികതയുടെയും പ്രബുദ്ധതയുടെയും ഫലമായുണ്ടായ ഭൗതികവളര്‍ച്ചയുടെയും ബോധവികാസത്തിന്റെയും ഫലംകൂടിയാണ് മനുഷ്യരാശിയുടെ അജയ്യതയിലുള്ള വിശ്വാസം. മനുഷ്യശരീരത്തെ ഉപയോഗിച്ച് നിയന്ത്രണാതീതമായി പെരുകിക്കൊണ്ട് ഒരു നിസ്സാരജീവി, അതുവരെ ശേഖരിച്ചുവച്ചിരുന്ന പ്രതിരോധങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതിനു സാക്ഷിയായി പകച്ചുനില്‍ക്കേണ്ടുന്ന ഒരു ഗതികേടിലേയ്ക്കാണ് കൊറോണവൈറസ് മനുഷ്യരെ തെളിച്ചുകൊണ്ടു പോയത്.അത് ജീവശാസ്ത്രപരമായ പ്രശ്‌നം മാത്രമായിരുന്നില്ല. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവക്ഷകളോടെയാണവ, അടിസ്ഥാനപരമായി ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ മേലാളരായി വിലസിയ മനുഷ്യരാശിയുടെ യഥാര്‍ത്ഥനിലയന്വേഷിച്ചത്. കൊറോണാനന്തരകാലം സമൂഹം എന്ന നിലയ്ക്ക് മനുഷ്യവര്‍ഗത്തിനു മേല്‍ സ്ഥാപിക്കാന്‍ പോകുന്ന മര്‍ദ്ദകാധികാരത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ വശങ്ങളെപ്പറ്റി സ്ലാവോയ് സിസക്കും അഗംബനും മഹാവ്യാധിയുടെ വ്യാപനത്തെ ഫലപ്രദമായി തടയാതിരുന്നതില്‍ ആഗോളകുത്തകകളുടെ ലാഭക്കൊതി വഹിച്ച പങ്കിനെപ്പറ്റി നോം ചോംസ്‌കിയും എഴുതിരുന്നു. വൈറസുബാധ കേവലമൊരു ക്ലിനിക്കല്‍ പ്രശ്‌നമാത്രമല്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ആഗോളചിന്തകര്‍ വഴിതെളിച്ചത്. മനുഷ്യവര്‍ഗത്തിനു സഹജമായ ഹിംസാത്മക ഔത്സുക്യങ്ങളും ഒപ്പം ചേര്‍ന്ന് അതിന്റെ ദുരന്താത്മകതയ്ക്ക് ആയം കൂട്ടി.

സാമൂഹികവും മനഃശാസ്ത്രപരവുമായ സ്വഭാവസവിശേഷതകള്‍ രൂപപ്പെട്ടത് കാര്‍ഷികവൃത്തിയ്ക്കു മുന്‍പുള്ള വളരെ ദൈര്‍ഘ്യമേറിയ ഒരു കാലത്താണെന്ന കാര്യം പരിണാമ മനഃശാസ്ത്രം ചൂണ്ടിക്കാട്ടിക്കാണിക്കുന്നു. മനുഷ്യരുടെ തലച്ചോറും മനസും വേട്ടയുടെയും ശേഖരണത്തിന്റേയും ദിനസരികള്‍ക്കായി അനുയോജ്യമാക്കപ്പെട്ടതാണെന്നും നമ്മുടെ ഭക്ഷണശീലവും ലൈംഗികതയും സംഘര്‍ഷങ്ങളുമെല്ലാം ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണെന്നുംകൂടി യുവാല്‍ നോവ ഹരാരി എഴുതുന്നു. ഇന്നും മനുഷ്യന്റെ ആന്തരികസ്ഥിതിക്ക് വലിയ വ്യത്യാസമൊന്നും ഇല്ല. പരിണാമത്തിന്റെ പ്രവേഗങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞു നോട്ടം സാധ്യമാക്കുന്നത് കഥകള്‍പോലെയുള്ള സാംസ്‌കാരിക വിചാരങ്ങളാണ്. ആ പുനരാലോചനകള്‍ അത്ര നിസ്സാരവുമല്ല. ഏതു സാഹചര്യങ്ങളെയും അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിയുമെന്നുള്ള മാനുഷികമായ അഹന്തയെ, അതിനുള്ളില്‍ ഗൂഢമായി സ്ഥിതി ചെയ്തിരുന്ന സന്ദിഗ്ദ്ധതയോടൊപ്പം അവിഷ്‌കരിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തതിന്റെ ഭാവരേഖയാണ് 'മൈക്രോഗ്രീന്‍'എന്ന കഥ ഒരുവശത്ത്. എന്നാല്‍ അത് മനുഷ്യരുടെ വിനാശകരമായ നിലപാടുകളെപ്പറ്റിയോ എല്ലാം തകര്‍ന്നടിഞ്ഞ ലോകത്തെപ്പറ്റിയോ നടത്തുന്ന വികാരവിക്ഷുബ്ധമായ ദുരന്താഖ്യാനവുമല്ല. അശുഭകരവും ഏകാന്തവുമായ ഒരന്തരീക്ഷം കഥയുടെ പശ്ചാത്തലമായി നിലകൊള്ളുന്നുണ്ട്.

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ഭീതിയെയല്ല, അതിന്റെ ഫലമായി ലോകത്തിനുണ്ടാവാനിടയുള്ള പരിണാമത്തെ സാമൂഹികമനശ്ശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രീയപ്രവചനങ്ങളും നിരീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി വിഭാവന ചെയ്യുന്നതിലാണ് കഥ ശ്രദ്ധയൂന്നുന്നത്. 'ചരിത്രത്തിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ പരിപൂര്‍ണ്ണമായ ഒരു യഥാര്‍ത്ഥ്യത്തെ പ്രത്യയശാസ്ത്രപരമായി സ്ഥാപിക്കുന്നതിനു നേരെ വിപരീതമാണ് ആത്യന്തികമായി ലംഘിക്കാനോ ലഘൂകരിക്കാനോ സാധ്യമല്ലാത്ത കാവ്യാത്മക യാഥാര്‍ത്ഥ്യത്തിന്റെ അവതരണം. ഈ രണ്ടു വിരുദ്ധരീതികളില്‍ ഏതെങ്കിലും ഒന്നിന്റെ തിരഞ്ഞെടുപ്പുമാത്രമേ നമ്മുടെ കാലഘട്ടത്തില്‍ സാധ്യമാവുകയുള്ളൂ' എന്ന് റൊളാങ് ബാര്‍ത്ത് 'മിത്തോളജീസി'ല്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ സമകാലിക കഥകള്‍ പലപ്പോഴും അവയുടെ അടരുകളില്‍ സാമൂഹികപ്രതിഭാസങ്ങളെയും ഭാവനായാഥാര്‍ത്ഥ്യങ്ങളെയും പരസ്പരം ഇണക്കത്തോടെവച്ചുകൊണ്ട് ആഖ്യാനപരമായ അവയുടെ സവിശേഷതകളെ പ്രകടമാക്കാറുണ്ട്.

സാമൂഹികജീവിയായ മനുഷ്യന്‍ ഈ ഭൂമിയില്‍ ഒറ്റയായിതീരുകയും വീടിന്റെ മുറികള്‍പോലും ഓരോരോ രാജ്യങ്ങളായി വിഭജിതമാവുകയും ചെയ്യുന്ന ഒരവസ്ഥ കോവിഡ് വൈറസുകള്‍ ഉണ്ടാക്കിത്തീര്‍ത്തു എന്നതൊരു വസ്തുതയാണ്. സാമൂഹികജീവിയായിരിക്കുകയും അത്തരമൊരു ജീവിതംകൊണ്ട് സ്വയം നിര്‍വചിക്കുകയും ചെയ്ത മനുഷ്യര്‍ വളരെയെളുപ്പം വൈറസ് ബാധയുടെ കാലത്ത് 'സാമൂഹിക അകലം'(സോഷ്യല്‍ ഡിസ്റ്റന്‍സിങ്) എന്ന വാക്കു രൂപപ്പെടുത്തിയെടുക്കുകയും അതിന്റെ അര്‍ത്ഥശോഷണത്തിനുള്ളില്‍ മനുഷ്യരാശിയുടെതന്നെ പരിണാമചരിത്രം എങ്ങനെ വീര്‍പ്പുമുട്ടി കുടുങ്ങിക്കിടക്കുന്നു എന്ന് ആലോചിക്കാതിരിക്കുകയും ചെയ്തു എന്നത് വിചിത്രമായ കാര്യമാണ്. ആത്മനാശകമായ സ്വാര്‍ത്ഥത മനുഷ്യരാശിയെ ഒന്നടങ്കം വന്നു മൂടുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്, ഹരാരി ചൂണ്ടിക്കാട്ടിയതുപോലെ പരിണാമത്തിന്റെ ഭൂതങ്ങള്‍, സംഘര്‍ഷത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ തലയുയര്‍ത്തുന്നതാവാം. സര്‍ഗാത്മകമായ ഭാവനകള്‍ സ്വാഭാവികമായും ഇത്തരം നിര്‍ണ്ണായകമായ അവസരങ്ങളിലാണ് ഗുണപരമായ ബദലുകള്‍ അന്വേഷിച്ചു തുടങ്ങുന്നത്.

സാധ്യമായ ജീവനെയെല്ലാം മഹാവ്യാധി തച്ചുടച്ചതിനു ശേഷവും നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ അവശേഷിക്കപ്പെട്ട ഏക ദമ്പതിമാരെക്കുറിച്ചാണ് 'മൈക്രോഗ്രീന്‍' പറയുന്നത്. അവര്‍ ഭൂമിയിലെ അവസാനത്തെ മനുഷ്യരായിരുന്നു. മറ്റെല്ലാവരും നശിക്കുകയും ഈയൊരു ദമ്പതികള്‍മാത്രം നഗരത്തില്‍ ബാക്കിയാവുകയും ചെയ്തതിന്റെ യുക്തി കഥയില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അടച്ചിരിപ്പുകാലത്ത് പത്രവാര്‍ത്തകളിലും മറ്റും സ്ഥാനം പിടിച്ച ചില കാഴ്ചകളെ 'മൈക്രോഗ്രീന്‍' യഥാതഥമായി പശ്ചാത്തലത്തില്‍ ഉപയോഗിക്കുകയും (പാത്രങ്ങള്‍ കൊട്ടി വൈറസുകളെ ഓടിച്ചുവിടാന്‍ ശ്രമിച്ച അസംബന്ധ രാഷ്ട്രീയനാടകങ്ങളും തൊഴിലാളികളുടെ നിര്‍ബന്ധിതമായ കൂട്ടപ്പലായനവും വായുമലിനീകരണം ഒഴിഞ്ഞ് ആകാശവും മലകളും തെളിഞ്ഞ് സ്വയം ആവിഷ്‌കൃതമാവുന്ന പ്രകൃതിയുമാണ് വിവക്ഷിതം) കഥയുടെ നിര്‍വഹണഭാഗത്തെ (പയറുചെടികളില്‍നിന്ന് ഒരു പുതിയ ലോകം) അതിവാസ്തവിക തലത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ആഖ്യാനപ്രക്രിയ, ഭൂമിയില്‍ അവശേഷിക്കുന്ന ഏകാകികളായ മനുഷ്യജീവനുകളുടെ സാംഗത്യത്തെ ഉറപ്പിക്കാനുള്ള ബാധ്യത പ്രത്യേകിച്ച് ഏറ്റെടുക്കുന്നുണ്ട്.

ഈ സവിശേഷത മറ്റൊരുതരത്തിലും കഥയുടെ ആന്തരഘടനയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. താരതമ്യേന ലളിതവും ഹ്രസ്വവുമായ ആഖ്യാനമാണ് 'മൈക്രോഗ്രീനി'ന്റേത്. ഈ ലളിതമായ ഘടനയ്ക്കുള്ളിലാണ് കഥ, അനുസ്മരണപൂര്‍വം രചനാപരമായ പൂര്‍വബന്ധങ്ങളെയും സാംസ്‌കാരികമായ ഇണക്കുക്കണ്ണികളെയും ചേര്‍ത്തുവയ്ക്കുന്നത്. ഒ.വി വിജയന്റെ 'പാറകള്‍' എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്നതാണ് 'മൈക്രോഗ്രീനിന്റെ' വിഷയഘടന. അണുവായുധ ഭീഷണിയില്‍നിന്ന് വൈറസ് ഭീഷണിയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തെയും അതിന്റെ ആഘാതത്തെയും കാലികമായി പുതുക്കുന്ന സാംസ്‌കാരികാനുസ്മരണമാണ് കഥയുടെ ഈ പൂര്‍വികാര്‍ച്ചന. അതോടൊപ്പം, മനുഷ്യരാശിയുടെ ഉത്പത്തിയെക്കുറിച്ചും യുദ്ധത്തെപ്പറ്റിയും ആത്യന്തികമായ നാശത്തെപ്പറ്റിയുമുള്ള പൗരാണികമിത്തുകളെയും കാലോചിതമായി ഭേദപ്പെടുത്തി കഥ ഉപയോഗിക്കുന്നുണ്ട്. ബൈബിളിലെ ഉത്പ്പത്തികഥയാണ് അതിലൊന്ന്. മഹാഭാരതത്തിലെ മഹാപ്രസ്ഥാനസന്ദര്‍ഭം അതിന്റെ മറ്റേയറ്റവുമാണ്. താരതമ്യേന ഹ്രസ്വവും ഋജുവായ ആഖ്യാനങ്ങളുടെ അബോധസ്ഥലങ്ങളെ മുഖരമാക്കിത്തീര്‍ക്കുന്നത്, ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കണികാസ്വഭാവമുള്ള ഓര്‍മ്മകളുമായി അവ സൂക്ഷിക്കുന്ന ബന്ധമാണെന്നതിനു് ഉദാഹരണംകൂടിയാണ് ഈ വസ്തുത.

'മൈക്രോഗ്രീനി'ലെ പ്രധാന കഥാപാത്രങ്ങളെ നോക്കുക. മഹാവ്യാധിയാല്‍ സര്‍വതും നശിച്ച ഏകാന്തമായ ഭൂമിയില്‍, നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോകുന്ന ഇണകളായ രണ്ടുപേര്‍ ഏദനിലെ ആദിമപിതാക്കളുടെ വിപരീതപ്രതിരൂപമാണ്. അറിവിന്റെ വിലക്കപ്പെട്ട കനി തിന്ന് നിഷ്‌കളങ്കത നശിച്ച നിലയിലാണ് അവരെ ഉത്പ്പത്തി പുസ്തകം കണ്ടെടുക്കുന്നതെങ്കില്‍ ഇവിടെ നേരെ തിരിച്ച് നേടിയെടുത്ത അറിവെല്ലാം നാശഹേതുവായ പരിണാമവഴിയാണ് ദമ്പതിമാര്‍ക്കുള്ളത്. ആദിമമായ നിഷ്‌കളങ്കതയിലേക്കുള്ള മടങ്ങിപ്പോക്കായും അതിനെ വായിക്കാവുന്നതാണ്. ആത്യന്തികമായി വേണ്ടത്, ജീവന്റെ സ്വാഭാവികമായ പൊടിപ്പിനുവേണ്ടുന്ന സാഹചര്യമൊരുക്കുകയെന്ന ബോധമാണിവിടെ പ്രവര്‍ത്തിക്കുന്നത്. നിലനില്‍ക്കുക എന്ന പ്രാഥമികവും പ്രധാനവുമായ വസ്തുതയ്ക്ക് നിര്‍ണ്ണായകസാഹചര്യത്തില്‍ അതുമാത്രമേ ആവശ്യമുള്ളൂ. ഏദനില്‍ ആദവും ഔവയും വിട്ടുപോയ അറിവിന്റെ വൃക്ഷം ഇവിടെ ജീവന്റെ വള്ളിച്ചെടിയായി നാമ്പുപൊട്ടുന്ന ഒച്ച കേള്‍പ്പിക്കുന്നു.

പ്രകൃതിയുടെ ഊര്‍വരതയെയും സൃഷ്ടിപരതയെയും സ്‌ത്രൈണതയുമായി ചേര്‍ത്തുവച്ച് സമീകരിക്കുക പരിസ്ഥിതിരചനകള്‍ കൈക്കൊള്ളുന്ന ചിരപരിചിതമായ ആഖ്യാനതന്ത്രങ്ങളിലൊന്നാണ്. 'നിശ്ശബ്ദതയ്ക്ക് ആഴമുള്ളതുകൊണ്ടു മാത്രം തിരിച്ചറിയാവുന്ന, സൂക്ഷ്മത്തിലും സൂക്ഷ്മമായിരുന്ന ഒരു ഒച്ച അവളുടെ കാല്‍ വെള്ളയില്‍ ഒരു കമ്പനമുണ്ടാക്കി. മണ്‍പിഞ്ഞാണങ്ങളില്‍ അവള്‍ കുതിര്‍ത്തു വച്ച പയര്‍മണികള്‍ മുളയ്ക്കുകയാണ്. കണ്‍മുന്നില്‍ പിറവിയുടെ അത്ഭുതം. ജീവന്റെ പച്ചക്കുരിപ്പ് ഭൂമിയിലേയ്ക്ക് പ്രവേശിക്കുന്ന 'നൊമ്പലം'കൊണ്ട് വിത്ത് ഞെട്ടുന്ന ഒച്ചയെ പ്രസവവേദനയുടെ ഭാഷാഭേദവുമായി ചേര്‍ത്തുവച്ച് കഥാകൃത്ത് വിവരിക്കുന്നു. ഉപവാസത്തിന്റേതായ സഹനവും ആ സന്ദര്‍ഭത്തിലുണ്ട് എന്ന കാര്യം ഓര്‍ക്കാം.

''ഓരോ ജീവനും പൊട്ടി വിടരാന്‍ വേദനയുടെ ഒരു നിമിഷം കടക്കേണ്ടതുണ്ട്'
സര്‍വസംഹാരിയായ സാംക്രമികരോഗമെന്ന കൊടുംകാലബാധയുടെ ഫലം, ഒരു ബദല്‍ ലോകത്തിന്റെ പിറവിയാണെന്ന് സന്ദേഹത്തിന് ഇടയില്ലാത്ത വിധം കഥ വ്യക്തമാക്കുന്നു. സ്വാര്‍ത്ഥമായ ആര്‍ത്തിയുടെ കഠോരമായ ഒച്ചകളാല്‍ കനച്ചുപോയ ലോകത്തെക്കുറിച്ചുള്ള മടുപ്പും അതിനെ പുതുക്കിപ്പണിയാനുള്ള അബോധമായ പ്രേരണയും ചേര്‍ന്നു രൂപം നല്‍കിയ കാല്‍പ്പനിക ഭാവനയാണ് ജീവന്റെ ഉരുവം കൊള്ളലിലുള്ള സൂക്ഷ്മനാദത്തെ ശ്രാവ്യമാക്കിത്തീര്‍ക്കുന്നത്. ആ നിലയ്ക്ക് ചെറുമണിവിത്തുകളില്‍നിന്ന് പച്ചയുടെ വലിയ പാടങ്ങളെ- 'മാക്രോ ഗ്രീനു'കളെ - സൃഷ്ടിക്കാന്‍ വെമ്പുന്ന സ്വപ്നദര്‍ശനമാണ് 'മൈക്രോഗ്രീന്‍'. മുള പൊട്ടുന്ന പുതിയ ഭൂമിയുടെ നാമ്പുകളെ, പയര്‍മണികളുടെ രൂപകത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നതുപോലെ, പ്രസവം എന്ന വൈയക്തികമായ അനുഭവത്തെ (ജനീറ്റയുടെ കൃഷ്ണമണികളെയും കാല്‍വെള്ളയെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആ നിലയ്ക്ക് ശ്രദ്ധിക്കേണ്ടതാണ്) പുതുലോക പിറവിയുടെ ലൗകികാനുഭവമായി കഥ വികസിപ്പിച്ചെടുത്തിരിക്കുന്നു.

ജനീറ്റ എന്ന പേരിനര്‍ത്ഥം അമ്മയെന്നാണ്. ഉത്പത്തി പുസ്തകമനുസരിച്ച് പ്രസവവേദന ശാപഫലമാണല്ലോ. ഔവയുടെ പ്രവൃത്തിയാല്‍ സംഭവിച്ച പറുദീസാനഷ്ടത്തിന് കാലികവും ഭൗതികവുമായ മറുപടിയാണ് ജനീറ്റയുടെ പ്രവൃത്തി. ഒരു തരം പ്രായശ്ചിത്തം. പുതിയൊരു 'അറിവിന്റെ കനി' കഥയില്‍ അവള്‍ പുരുഷനു നല്‍കുന്നു. സര്‍വനാശത്തിന്റെ ദുരന്തഭൂമിയില്‍നിന്ന് പ്രതീക്ഷയുടെ ചക്രവാളത്തിലേക്കുള്ള വാതില്‍ തുറക്കുന്നത് അവളാണ്. ഔവയും ജീവന്റെ വൃക്ഷവുമായുള്ള ശാപപങ്കിലമായ ബന്ധത്തെ ജനീറ്റയും മുളപൊട്ടുന്ന പയര്‍ചെടികളുമായുള്ള ബന്ധം പകരം വച്ചുകൊണ്ടുള്ള പുനരാവിഷ്‌കരണമാണിവിടെ നടക്കുന്നത്.

മനുഷ്യര്‍, അവരുടെ എല്ലാ മുന്നേറ്റങ്ങളുടെയും അടിപ്പടവായ സാമൂഹിക ജീവിതം തുടങ്ങിയ നാളുകളില്‍ ആദ്യമായി ഇണക്കം കാണിച്ച് കൂടെ നടന്ന കാട്ടുമൃഗമാണ് നായ. വേട്ടയ്ക്കും പോരാട്ടത്തിനും ദുരിതത്തിനും അവ മനുഷ്യരോടൊപ്പമുണ്ടായിരുന്നു. ആദിപിതാക്കള്‍ക്കൊപ്പം നടന്നു തുടങ്ങിയതാണ് നായ. മഹാപ്രസ്ഥാനസമയത്ത് യുധിഷ്ഠിരന്റെ കൂടെക്കൂടുന്ന നായയ്ക്ക് നിരുപാധികമായ വിധേയത്വത്തിന്റെ മാത്രമല്ല, ധാര്‍മ്മികമായ ജാഗ്രതയുടെയും ഒത്താശകളുണ്ടായിരുന്നു. മഹായുദ്ധത്തിന്റെ വ്യഥ തീണ്ടിയ മനസുമായി അവസാനയാത്ര നടത്തുന്ന യുധിഷ്ഠിരനോടൊപ്പം കൂടിയ നായ, 'മൈക്രോഗ്രീനി'ന്റെ മിത്തിക്കല്‍ ഘടനയില്‍ പ്രധാനമായിത്തീരുന്നത് യുദ്ധത്തിന്റെയും ശൂന്യതാബോധത്തിന്റെയും പശ്ചാത്തലത്തിലാണ്. കഥയില്‍ നായയുടെ പ്രത്യക്ഷസാന്നിദ്ധ്യമില്ല. രാസവസ്തുക്കളുമായി പ്രാര്‍ത്ഥനാനിര്‍ഭരനായിരുന്ന പ്രഫസറുടെ മരണം അറിയിച്ചുകൊണ്ട് മുഴങ്ങുന്ന ഒരൊച്ചയാണ് കഥയില്‍ നായ. അത് ഒരര്‍ത്ഥത്തില്‍ മഹാമാരിയെ അഥവാ മാരകമായ പരമാണുസൈന്യങ്ങളുമായുള്ള യുദ്ധത്തെ ഒഴിവാക്കാനായി ശ്രമിച്ച വിജ്ഞാനിയായ അവസാനത്തെ മനുഷ്യന്റെ പരാജയത്തെ വിളംബരം ചെയ്യുന്നതാണെന്ന് പറയാവുന്നതാണ്.

യുദ്ധം ഒഴിവാക്കാനായി എല്ലാ ശ്രമങ്ങളും നടത്തുകയും അവസാനം പരാജയപ്പെട്ട് വായില്‍ കല്ലിട്ട് കാടുകയറുകയും ചെയ്ത വിദുരരുടെ ഓര്‍മ്മയില്‍ അതിനൊരു സാംഗത്യമുണ്ട്. എന്നാല്‍ ബൈബിള്‍ മിത്തുകള്‍ക്കു വന്നതുപോലെയൊരു വ്യാഖ്യാനഭേദം ഇവിടെയും സംഭവിക്കുന്നുണ്ട്. മരണാസന്നതയുടെ കാവലാള്‍ എന്ന നിലയില്‍നിന്നും നായുടെ (ശബ്ദ) സാന്നിദ്ധ്യം മാറുന്നു. അതിന്റെ ഒച്ച ജൈവികമായ ഒരു മുന്നറിയിപ്പു സംവിധാനമാണ്. 'മരണത്തോളമെത്തുന്ന നിശബ്ദതയെ തകര്‍ക്കുന്ന നായയുടെ കുര' എന്നെഴുതി അതിനെ ജീവന്റെ കാവല്‍ശബ്ദവും ആക്കി കഥാകൃത്ത് മാറ്റുന്നു. കുര, ഒരു വേവലാതി ശബ്ദമല്ല. പുതുജീവന്റെ വരവിനുള്ള കാഹളമായിട്ടും വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് അത് അവതരിപ്പിക്കപ്പെടുന്നത്.

അവസാനകാലത്ത് ഒറ്റപ്പെട്ട മനുഷ്യന്റെ അകമ്പടിയായി ജീവന്റെ അവസാനം വരെയും നടന്നു നീങ്ങുന്ന നായയുടെ ചിത്രം, 'മൈക്രോഗ്രീനില്‍' മറ്റൊരു തരത്തിലും പ്രസക്തമാവുന്നുണ്ട്. വലിയ ഇരമ്പങ്ങളില്‍നിന്ന്, പതിയെ പതിയെ നിശ്ശബ്ദമാകുന്ന ഒരു ലോകത്തെയാണല്ലോ കഥ മുന്നില്‍ വയ്ക്കുന്നത്. ചുമന്നു മാറ്റാതെ കിടക്കുന്ന തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഉയര്‍ത്തു വരുന്ന നിശ്ശബ്ദലോകത്തെ മനുഷ്യര്‍ ലോകത്തിനു മേലെ കെട്ടിയേല്‍പ്പിച്ച ഭാരങ്ങളില്‍നിന്നുള്ള വിടുതികൂടിയായി കാണാവുന്നതാണ്. 'ഒടുങ്ങുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിലവിളി ശബ്ദങ്ങള്‍, നിലച്ചു പോകുന്ന ഫോണുകള്‍, പ്രവര്‍ത്തിക്കാതെയാകുന്ന ടി.വി ചാനലുകള്‍ക്കകത്തെ ഒച്ചകള്‍...' -ഇതെല്ലാം വലിയ ആവൃത്തിയില്‍ ചലിച്ചുകൊണ്ടിരുന്ന മനുഷ്യരെന്ന പ്രതിഭാസത്തിന്റെ ശൂന്യതയിലേക്കുള്ള മടക്കമായി സ്ഥാനപ്പെടുന്നു. യുദ്ധവും അതാണല്ലോ ചെയ്യുന്നത്. ആതുരമായ കാലം, വിരല്‍ മടക്കിയുള്ള എണ്ണലുകളെയെല്ലാം തെറ്റിച്ചുകൊണ്ട് നീണ്ടുപോകുന്നതും പ്രതിസന്ധിയുടെ ലോകത്ത് മനുഷ്യരെ സ്വയം ചരക്കുവണ്ടികളാക്കിത്തീര്‍ക്കുന്നതുമാണെന്ന സൂചന ഇവിടെയുണ്ട്. സ്വന്തം ജനങ്ങളെ അശരണരായി കൂട്ടപ്പലായനത്തിലേക്ക് തള്ളിവിട്ട രാഷ്ട്രീയാധികാരത്തിന്റെ കാഴ്ചകൂടിച്ചേര്‍ന്ന്, മഹാമാരിയുടെ ഈ കാലം, ഒന്നും അവശേഷിപ്പിക്കാത്ത, അപമാനവീകരണങ്ങളുടെയും കെടുതികളുടെയും യുദ്ധകാലംതന്നെയാണെന്ന നിഗമനത്തിലേക്കും ഒരോര്‍മ്മപ്പെടുത്തലിലേക്കുമായി കഥ നീങ്ങുന്നത്.

ഒ.വി. വിജയന്റെ 'പാറകളില്‍' നിന്നുള്ള തുടര്‍ച്ച 'മൈക്രോഗ്രീനു'ണ്ടെന്ന് മുകളില്‍ പറഞ്ഞതാണ്. ദൈവശാപമേറ്റ് ഏദനില്‍നിന്ന് പുറത്തായ ആദിമപിതാക്കളുടെയും യുദ്ധാനന്തരം സര്‍വതും നശിച്ച് നിരാശരായി മഹാപ്രസ്ഥാനത്തിനിറങ്ങി പുറപ്പെട്ട മനുഷ്യരുടെയും പ്രാഗ്ചരിത്രകഥകളുമായി എന്നപോലെ ഒരു ആധുനിക മിത്തുമായി കഥ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ തുടര്‍ച്ച. യുദ്ധക്കെടുതിയുടെയും ആണവവിപത്തിന്റെയും ഫലമായിട്ടാണ് പാറകളില്‍ ഒരു സ്ത്രീയും പുരുഷനും മാത്രമായി ഈ ലോകത്ത് അവശേഷിക്കുന്നത്. മനുഷ്യരുടെ ബോധവികാസത്തിന്റെ അനുബന്ധവും വിനാശകാരിയുമായ പരിണതഫലം എന്ന നിലയ്ക്കാണ് ആണവയുദ്ധക്കെടുതിയെയും സര്‍വനാശത്തെയും വിജയന്‍ പാറകളില്‍ അവതരിപ്പിക്കുന്നത്.

വികസിതരാജ്യങ്ങളുടെയും വികസ്വരരാജ്യങ്ങളുടെയും ദേശാഭിമാനവിജൃംഭിതമായ ചേഷ്ടയായി അണുവായുധശേഖരണമത്സരങ്ങള്‍ അടുത്ത ലോകയുദ്ധത്തിന് കളമൊരുക്കുന്നതിനെക്കുറിച്ചുള്ള ഭീതി, ആസന്നമായ ഭാവിയെക്കുറിച്ചുള്ള വേവലാതിയായി ബൗദ്ധികലോകത്ത് എണ്‍പതുമുതല്‍തന്നെ രൂക്ഷമായി നിലനിന്നിരുന്നു. 'മൂന്നാം ലോകയുദ്ധ'ത്തിനുശേഷമുള്ള സാഹചര്യത്തെയാണ് 'പാറകള്‍' വിഭാവന ചെയ്തത്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള രണ്ടുപേര്‍, മൃഗാംഗമോഹനും താന്‍വാനുംമാത്രം, ഭൂമിയില്‍ ആണും പെണ്ണുമായി ബാക്കിയായ ഒരവസ്ഥയില്‍, ഊഷരവും അണുപ്രസരങ്ങളാല്‍ പൊടിഞ്ഞു തുടങ്ങുന്നതുമായ 'പാറകളുടെ പശ്ചാത്തലത്തില്‍നിന്നുകൊണ്ട്, ജീവന്റെ പരാഗരേണുകളെ കാണിച്ചുതന്നുകൊണ്ടാണ് വിജയന്‍ കഥയവസാനിപ്പിക്കുന്നത്. പാറകളുടെ സമാധി സര്‍ഗാത്മകധ്യാനം കൂടിയാകുന്നു. പ്രകൃതിയാണ് ഇവിടെ തുടക്കങ്ങള്‍ക്ക് കളമൊരുക്കുന്നതെന്ന വ്യത്യാസമുണ്ട്.

'നിറങ്ങള്‍ ചുഴലിതിരിഞ്ഞ മേഘങ്ങള്‍ വീണ്ടും നക്ഷത്രങ്ങളെ മൂടി, എല്ലാം ശമിച്ചു കഴിഞ്ഞപ്പോള്‍ പൊന്‍നിറമുള്ള പരാഗണംമാത്രം അവശേഷിച്ചു. പാറകള്‍ വീണ്ടും സമാധിയില്‍ മുഴുകി.'

മൈക്രോഗ്രീനിലെ സമ്പൂര്‍ണ്ണ നിശ്ശബ്ദതയില്‍ പയറുമണികള്‍ പൊട്ടി പുതുനാമ്പുകളുണ്ടാവുന്നതിന്റെ ശബ്ദവും ഇതേ കാര്യം വ്യത്യസ്തമായ നിലയില്‍ നമ്മളോട് പറയുന്നു. അണുവായുധങ്ങളുടെ വകതിരിവില്ലാത്ത ഉപയോഗവും യുദ്ധവുമല്ല 'മൈക്രോഗ്രീനി'ലെ ദമ്പതികളെ അനാഥരാക്കുന്നത്; രോഗമാണ്. സൂക്ഷ്മജീവികളുടെ പിടിയിലായ ഈ ലോകവും യുദ്ധസമാനമായ പശ്ചാത്തലവും സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷത്തെ, അതിനെ അതിജീവിക്കാനും മുറിവുകളെ ഉണക്കാനും കഴിവുള്ള വ്യക്തിഗതമായ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ഗാഥയായി ഷിനിലാല്‍ കഥയില്‍ മാറ്റിയെഴുതുന്നു.

അടുത്ത തുടക്കത്തിനായി ധ്യാനമനസ്‌കയാവുന്ന പ്രകൃതിയ്ക്കു പകരം, 'മൈക്രോഗ്രീനി'ല്‍ പ്രത്യക്ഷമാകുന്നത് സാക്ഷിയായ പ്രകൃതിയാണ്. ഈ വ്യത്യാസം കഥാപാത്രങ്ങളുടെ പേരിന്റെ കാര്യത്തിലുണ്ട്. 'പാറകളില്‍' തന്റെ പേരിന്റെ അര്‍ത്ഥം വ്യക്തമാക്കാന്‍ ശ്രമിക്കുന്ന താന്‍വാനെ മൃഗാംഗമോഹന്‍ തടയുന്നു. അതിന്റെ പിന്നില്‍ രാഷ്ട്രീയധ്വനിയുണ്ട്. 'മൈക്രോഗ്രീനില്‍' ജനീറ്റയുടെ അര്‍ത്ഥം ജനനിയെന്നാണെന്ന് പുരുഷനെക്കൊണ്ടുതന്നെ കഥാകൃത്ത് വ്യക്തമാക്കുന്നു. പുതിയ തുടക്കങ്ങള്‍ക്ക് സ്ത്രീ ഒരു സാധ്യതയാണ് എന്നു മാത്രമല്ല അവളില്‍ നിന്നാണ് തുടക്കങ്ങളെല്ലാം - എന്ന തിരിച്ചറിവിനെകൂടി ആ വിശദീകരണം ഉള്ളടക്കുന്നുണ്ട്. പ്രകൃതിയെ വ്യക്തിയുടെ രൂപകമാക്കുന്നതിനു പകരം, പ്രകൃതിയുടെ പ്രതിഫലനാംശമായി വ്യക്തിരൂപങ്ങളെ പരിഗണിക്കുന്ന പ്രക്രിയയാണ്. പാറകളിലെ പരിസ്ഥിതിബോധം, അഗാധപരിസ്ഥിതി അവബോധമായി രൂപം മാറുന്ന കാഴ്ചയാണ് ഇതെന്നു പറയാം.

ഒരേസമയം, വിജയന്റെ രചനയ്ക്കുള്ള പൂര്‍വാര്‍ച്ചനയായിരിക്കുമ്പോഴും 'പാറകളുടെ' കാലത്തുനിന്നും പ്രകൃതിദര്‍ശനത്തിനുണ്ടായ അവബോധപരമായ മാറ്റത്തെ 'മൈക്രോഗ്രീന്‍' അതിന്റെ അടരുകളില്‍ ഉള്ളടക്കിയിരിക്കുകയാണെന്നര്‍ത്ഥം. അണുപ്രസരണമേറ്റ് പൊടിയുന്നതും വരണ്ടതും ശൂന്യവുമായ പാറകളുടെ പശ്ചാത്തലത്തില്‍നിന്ന് വ്യത്യസ്തമാണ്, മനുഷ്യപ്രവര്‍ത്തനങ്ങളില്ലാതെ തെളിഞ്ഞ ആകാശവും കിഴക്കന്‍ മലനിരകളും ദൃശ്യമാകുന്ന, 'മൈക്രോഗ്രീനി'ലെ ബാഹ്യാന്തരീക്ഷം. മനുഷ്യനുവേണ്ടിയുള്ള പ്രകൃതിസങ്കല്പത്തില്‍നിന്ന് ജീവിവര്‍ഗമെന്ന നിലയില്‍ മനുഷ്യനും കൂടി കേവലഭാഗമായിട്ടുള്ള വിശാലപ്രകൃതിയെന്ന സങ്കല്പത്തിലേക്കുള്ള വളര്‍ച്ച, സൂക്ഷ്മഹരിതകങ്ങളിലേക്കുള്ള പരിണാമവഴികളെപ്പറ്റിയുള്ള ആലോചനകളിലുണ്ട്. പ്രകൃതി മനുഷ്യര്‍ക്കായി പാകപ്പെടാന്‍ ഒരുങ്ങുകയല്ല 'മൈക്രോഗ്രീനി'ല്‍; മനുഷ്യര്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പരിണമിക്കുകയാണ്. അഗാധ പരിസ്ഥിതിശാസ്ത്രപരമായ അന്വേഷണത്തിനും താരതമ്യത്തിനും വഴിതുറന്നു നല്‍കുകയാണ്, അത്തരം സങ്കല്പങ്ങളിലൂടെ 'മൈക്രോഗ്രീന്‍'.

(തിരുവനന്തപുരം ഭരതന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ മലയാളം അധ്യാപികയാണ് ലേഖിക)

Content Highlights: V.Shinilal, Divya Jahnavi, Microgreen, Mathrubhumi Weekly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented