സ്ത്രീജീവിതങ്ങളെ ചേരുംപടി ചേര്‍ത്ത 'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും'


By ഡോ. സ്വപ്ന.സി. കോമ്പാത്ത്

3 min read
Read later
Print
Share

'ഒട്ടനവധി സ്ത്രീകള്‍ അവരുടെ ദൈന്യതയും പോരിമയുമായി നമുക്കു ചുറ്റുമിരിക്കുന്നു. അവരുടെ വര്‍ത്തമാനങ്ങള്‍ മൊഞ്ചുള്ള മാഹിഭാഷയായും, സ്വാദൂറുന്ന മാഹിരുചികളായും, രസകരങ്ങളായ ആചാരങ്ങളായും വായനക്കാരില്‍ നവ്യാനുഭവമാകുന്നു'. 

പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി

മാഹി എന്ന മയ്യഴി മലയാളിക്ക് ആരാധനയുള്ള ഒരിടമാണ്. ഒരു കാലത്ത് നമ്മുടെ വായനയെ പിടിച്ചു കെട്ടിയത് ദാസന്റെ മുത്തശ്ശി കുറമ്പിയമ്മ പറഞ്ഞ കഥകളാണ്. വെള്ളിയാങ്കല്ലിന്റെ കഥകളിലൂടെ കണ്ടറിഞ്ഞ മാഹിയെ മറക്കാന്‍ നമുക്ക് സമയമായിട്ടില്ല. ദാസന്‍ പറഞ്ഞറിഞ്ഞ മാഹിയില്‍ നിന്ന് വ്യത്യസ്തമായൊരു മാഹിക്ക് ഒരു സാധ്യതയും അനുവദിക്കാത്ത വിധം മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ ഉറഞ്ഞു പോയിട്ടുണ്ട്. മാഹിയെക്കുറിച്ച് മറ്റൊരാള്‍ എന്തെഴുതിയാലും ഒരു താരതമ്യപഠനം നടത്തിനോക്കാതെ വായനക്കാരന് മുന്നോട്ടു പോകാനാവില്ല എന്നതാണ് സത്യം. മാഹിയെ സംബന്ധിച്ചെഴുതുന്ന ഏതൊരു എഴുത്തുകാരും നേരിടുന്ന പ്രഥമപ്രതിസന്ധിയും ഇതു തന്നെയാണ്. കടമ്പകളെല്ലാം മറികടന്ന്, താന്‍ എഴുതിയ ലളിതവും സത്യസന്ധവുമായ വാക്കുകള്‍ കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു മാഹിക്കാഴ്ചയിലേക്ക് നമ്മെ നടത്താന്‍ ആദ്യ കൃതിയിലൂടെ തന്നെ കഴിഞ്ഞ എഴുത്തുകാരിയാണ് ഫാത്തി സലീം.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും' എന്ന 119 പേജുകളുള്ള നോവല്‍, മാഹിയിലെ പെണ്ണ്ങ്ങളുടെ ഒരു കഥാസരിത് സാഗരമാണ്. മിണ്ടിയും പറഞ്ഞും നമ്മുടെ മനസ്സിലേക്ക് കയറി വരുന്ന ആ പെണ്ണ്ങ്ങളും, സാര്‍വ്വലൗകികമായി അവര്‍ മാത്രം അനുഭവിച്ചു വരുന്നതുമായ പ്രശ്‌നങ്ങളും പലമട്ടില്‍ നമ്മളിതിനു മുമ്പും പറയുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുള്ളതാണ്. പിന്നെന്താണ് ഈ നോവലിനൊരു പുതുമ എന്ന് ചോദിച്ചാല്‍, കുപ്പിവളകളോട് അന്തമില്ലാത്ത മുഹബ്ബത്തുള്ള ഉമൈബ എന്ന കൗമാരക്കാരി, അവളുടെ കണ്ണെത്തുന്ന ദൂരത്തിനുള്ളില്‍ ഒരു ചെറിയ കാലംകൊണ്ട് കണ്ടുതീര്‍ത്ത മാഹിയിലെ പെണ്ണുങ്ങളുടെ ജീവിതങ്ങളാണ് ഇതില്‍ പ്രതിപാദിക്കപ്പെടുന്നത് എന്നതാണുത്തരം. ജനനം, ആര്‍ത്തവം, പ്രസവം, മരണം എന്നീ കാലചക്രത്തിനുള്ളില്‍ മാഹിയിലെ പെണ്ണുങ്ങളുടെ ജീവിതം കറങ്ങിക്കറങ്ങിതീരുന്നതെങ്ങനെ എന്നാണ് ഫാത്തിസലീം ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്.

ദെച്ചോമ, പിഞ്ഞാഞ്ഞുത്താ, ഉമ്മ, മൂത്തുമ്മ, ഷാഹിത്ത, ബീത്ത, ആയിശ്ത്താ, സെബീത്താ, ബെല്ലുമ്മാ, കല്യാണിയമ്മ, നബീസ്ത്താ, സുമി, സൂറയ്ത്താ, സമീറത്താ, സുഫൈജ, സുബൈത്താ, തിത്തീമാ, റഹ് മത്താ, കുല്‍സു, സീനുത്ത, നാണിയേട്ടത്തി തുടങ്ങിയവരാണ് ഉമൈബയിലൂടെ ഞങ്ങളുടെ കഥ ഇങ്ങനെയൊക്കെയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്താനെത്തുന്നത്. ചിലരെല്ലാം നെഞ്ചും വിരിച്ച് കൂസലെന്യേനിന്നും ചിലര്‍ താഴ്ത്തി പിടിച്ച മുഖത്തെ തട്ടത്തിനുള്ളിലേക്കു വലിച്ചും തലയൊഴികെയുള്ള ബാക്കി ശരീരഭാഗങ്ങളെ മുഴുവന്‍ വാതിലിനുള്ളിലേക്കും വലിച്ചും കഴിഞ്ഞ പെണ്ണുങ്ങളുടെ കഥകളാണിവിടെ ഉമൈബ കാണുന്നത്. ഇവരെയൊക്കെ കാണുമ്പോഴും ഇവരെ അറിയുമ്പോഴും ഉമൈബയുടെ മനസ്സില്‍ ചോദ്യങ്ങള്‍ പത്തി വിടര്‍ത്താന്‍ തുടങ്ങും. പക്ഷേ പലപ്പോഴും അവ ഉത്തരം കിട്ടാത്തവയായി അവളുടെ ഉള്ളില്‍ക്കിടന്ന് അമര്‍ഷത്തിന്റെ ചീറ്റലില്‍ സ്വയമടങ്ങാന്‍ തുടങ്ങും.

വെറ്റിലടക്ക ചവച്ച വായിലെ കറയുള്ള ഉന്തിയ പല്ല് കാണിച്ച് ചിരിക്കണ ദെച്ചോമയാണ് ഉമൈബയുടെ കൂട്ട്. 'വായ തുറന്നാല്‍ ആള്‍ക്കാരെ പരിഹസിക്കുന്ന കാര്യം മാത്രം പറയുന്ന പിഞ്ഞാഞ്ഞുത്താ' ദെച്ചോമയെ പരിഹസിക്കുന്നത് ഉമൈബയെ സങ്കടപ്പെടുത്തുന്നു. 'മാഹീലെ പെണ്ണ്ങ്ങള് രണ്ടു തരമേ ഉള്ളൂ. കോലുപോലത്തെ പെണ്ണും ഉരുണ്ട പെണ്ണും. ആദ്യത്തെ കൂട്ടര് പെണ്ണ്ങ്ങളെ പറ്റി ആരെങ്കിലും പറയുമ്പോള്‍ത്തന്നെ അവരില്‍ സഹതാപം നിറയും. ഉരുണ്ട പെണ്ണ്ങ്ങളെപ്പറ്റി പറയുമ്പോള്‍ ആരുടേതാണെങ്കിലും കണ്ണൊന്ന് തിളങ്ങും' എന്ന് ഉമൈബ പറയുമ്പോള്‍ ഒരു നാട് സ്വന്തം പെണ്ണുങ്ങളെ എങ്ങനെയാണ് കരുതുന്നതെന്ന് നമുക്ക് മനസ്സിലാവും. അവര്‍ക്ക് പെണ്ണെന്നാല്‍ ശരീരമാണ്, മൊഞ്ചാണ്. പെണ്ണ് ഒരുങ്ങാനുള്ളവളാണ്. 'മൊഞ്ച് 'എന്നൊരൊറ്റ അളവുകോല്‍ ആയിരുന്നു പെണ്ണ്ങ്ങള്‌ടെ കഴിവളക്കാന്‍ സെബീത്ത ഉപയോഗിച്ചിരുന്നത്. 'പെങ്കുട്ടോള് നല്ലോണം ഒരുങ്ങി നടക്കണം. ഒരുങ്ങിയാലേ മൊഞ്ചുണ്ടാവൂ. മൊഞ്ചുണ്ടായാലേ നല്ല പിയാപ്ലേനേ കിട്ടൂ' എന്ന സിദ്ധാന്തത്തിലുറച്ച് നില്‍ക്കുന്നവളാണ് സെബീത്ത.

പുസ്തകത്തിന്റെ കവര്‍

സൂറമ്മായിടെ സിദ്ധാന്തം മറ്റൊന്നാണ്. ' പെങ്കുട്ടിയോള് ഇരുപത് കയിഞ്ഞാ പിന്നെ ഒണക്കയ്‌ല പോലായാവും. കാണാന് ബര്‍ക്കത്ത്‌ള്ളേരം, പോളിപ്പ്‌ള്ളേരം കെട്ടിച്ചേക്കണം'. ഇത്തരം സിദ്ധാന്തങ്ങള്‍ പുരുഷന്‍മാരുടെ കാര്യത്തിലുമുണ്ട്. അവരുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യംചെയ്യുന്നില്ല. 'ഓര് ചെളി കണ്ടാ ഒട്ടും ബെള്ളം കണ്ടാ കയ് കി ബെരും. ഞമ്മക്കത് പറ്റുവോ?' എന്ന് ദെച്ചോമ പറയുമ്പോഴും ആണുങ്ങള് പെണ്ണുങ്ങളുടെ പോലെ സങ്കടപ്പെടാന്‍ പാടില്ലെന്ന് ആത്ത പറയുമ്പോഴും ആണിനെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ മനസ്സിലാക്കാനാകുന്നുണ്ട്.

എന്നാല്‍ ഉമൈബയെ കണ്ണെഴുതാനും കുപ്പിവളകളിടാനും ആങ്ങളമാര്‍ സമ്മതിക്കുന്നില്ല മാത്രമല്ല, മദ്രസയിലെ വാര്‍ഷികാഘോഷത്തിന് അവള്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുകയും ചെയ്തു. ഉമൈബ എന്ന പെണ്‍കുട്ടി കാണുന്ന സ്ത്രീജീവിതങ്ങളില്‍ നിസ്സഹായതകളാണ് കൂടുതലും. സ്ത്രീജീവിതത്തിന്റെ വൈതരണികളിലേക്ക് അവള്‍ നമ്മുടെ കണ്ണുകളെ കൊണ്ടുപോകുന്നു. ഒട്ടനവധി സ്ത്രീജീവിതങ്ങള ചേരുംപടി ചേര്‍ത്തുവെച്ചിട്ടുള്ള ഈ നോവല്‍ മാഹിയുടെ, അധികമാരും പറയാത്ത ഒരു ജീവിതവശത്തെയാണ് അനാവൃതമാക്കുന്നത്. ഒട്ടനവധി സ്ത്രീകള്‍ അവരുടെ ദൈന്യതയും പോരിമയുമായി നമുക്കു ചുറ്റുമിരിക്കുന്നു. അവരുടെ വര്‍ത്തമാനങ്ങള്‍ മൊഞ്ചുള്ള മാഹിഭാഷയായും, സ്വാദൂറുന്ന മാഹിരുചികളായും, രസകരങ്ങളായ ആചാരങ്ങളായും വായനക്കാരില്‍ നവ്യാനുഭവമാകുന്നു.

ഏഴാം ക്ലാസുകാരി ഉമൈബ കാണുന്നത് പെണ്ണുങ്ങളുടെ മാത്രമൊരു ലോകമാണ്. എല്ലാ വിലക്കുകളെയും ലംഘിക്കാനും ചോദ്യം ചെയ്യാനുമുള്ള കരുത്ത് അവളില്‍ മുളപൊട്ടുന്നുണ്ട്. കരുണയുള്ള ഉമൈബ ഒരു പ്രതീക്ഷയാണ്. അച്ചിലിട്ട് വാര്‍ത്തമാതിരി ഒരേ ചിന്തയും ഒരേ ഭാവവമുള്ള മാഹി പെണ്ണുങ്ങളിലെ വേറിട്ട ശബ്ദമായവള്‍ മാറും. ദെച്ചോമ ഒരു പ്രതീകമാണ്. കറുത്തുണങ്ങിയ, ചെരിപ്പ് കണ്ടിട്ടില്ലാത്ത കാലുകൊണ്ട് ദെച്ചോമ താണ്ടിയ കനലാഴികള്‍ ഏതൊക്കെയാണെന്ന് ഉമൈബ കാണുന്നില്ല. ഫാത്തിസലീം പറയുന്നുമില്ല. പക്ഷേ വായനക്കാരിലേക്കതിന്റെ വേവെത്തുന്നുണ്ട്. അതാണീ നോവലിന്റെ പ്രത്യേകത. വാക്കുകള്‍ കൊണ്ട് കാലത്തെയും ദേശത്തെയും അളന്നെടുക്കാനുള്ള ഒരു ചരിത്രദൗത്യമാണീ നോവല്‍.


Content Highlights: Dechomayum Maheele Pennungalum, Book review, Swapna C Kombath, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented