ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി


By കാവാലം ബാലചന്ദ്രൻ

4 min read
Read later
Print
Share

നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ദേവദാസീസമ്പ്രദായത്തിന് ഇരുവരും ചേര്‍ന്ന് അറുതി വരുത്തുന്നതിന്റെ ധീരവും തന്ത്രപരവുമായ നീക്കങ്ങള്‍ നമ്മള്‍ നോവലില്‍ വായിക്കുന്നു. ഉദ്വേഗഭരിതമായ കഥാഗതിയൊരുക്കുന്നതില്‍ ആഖ്യായികാകാരന്‍ ദത്തശ്രദ്ധനാണ്. അപസര്‍പ്പകനോവലുകള്‍ വായിക്കുന്ന ആകാംക്ഷയോടെ വായനക്കാരന്‍ ഈ നോവല്‍ വായിച്ചുതീര്‍ക്കും

-

പ്രാചീനമണിപ്രവാളകൃതിയായ ചന്ദ്രോത്സവത്തെ അധികരിച്ചു ചലച്ചിത്രഗാനരചയിതാവ് ബീയാർ പ്രസാദ് രചിച്ച നോവലിന് കവി കാവാലം ബാലചന്ദ്രൻ എഴുതിയ ആസ്വാദനക്കുറിപ്പ്

മ്പാടും കവിതപ്പെയ്ത്തിന്റെ കാല്പനികസൗരഭം വീശിയടിച്ച മധുരോദാരകാലമാണു മണിപ്രവാളത്തിന്റെത്. ഏകപക്ഷീയമായ ആണ്‍നോട്ടങ്ങളായിരുന്നു പക്ഷേ, കാഴ്ചയെ നിര്‍ണ്ണയിച്ചിരുന്നത് എന്ന വലിയ പരിമിതി അക്കാലത്തിനുണ്ടായിരുന്നു. ത്രൈവര്‍ണ്ണികസമൂഹമേ അന്നു സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. നമ്പൂരാരും വാദനവിദഗ്ദ്ധരും വാരവധൂടികളും കവികളും ഒക്കെയായിരുന്നു കാവ്യങ്ങളില്‍ പ്രതൃക്ഷപ്പെട്ടിരുന്നത്. സാധാരണമനുഷ്യര്‍ തീരെക്കുറവായിരുന്നു! ദേവദാസികള്‍ എന്നറിയപ്പെട്ടിരുന്ന വേശ്യകള്‍ മഹാരാജ്ഞികളെപ്പോലെ കരുതപ്പെട്ടിരുന്നു. സ്ത്രീ എന്നാല്‍ പുരുഷന്മാര്‍ക്ക് വിശിഷ്യാ, കവികള്‍ക്കു മനോഹരമാംസപിണ്ഡം മാത്രമായിരുന്നു. ലൈംഗികതയെ അതിരുവിട്ടാഘോഷിച്ചിരുന്ന അക്കാലത്തെ ഹൃദ്യവും അഭിലഷണീയവുമായി അപനിര്‍മ്മിച്ചിരിക്കുന്ന ആഖ്യായികയാണ് ബീയാര്‍ പ്രസാദിന്റെ 'ചന്ദ്രോത്സവം'. ഏകപക്ഷീയമായ ആണ്‍നോട്ടങ്ങളില്‍ നിന്നു പെണ്‍നോട്ടങ്ങളിലേക്കു ചായുന്ന ഈ അപനിര്‍മ്മിതിയുടെ പ്രമേയം തീര്‍ത്തും കപോലകല്പിതമാണ്. കാലപശ്ചാത്തലങ്ങള്‍ പക്ഷേ, കടം കൊണ്ടിരിക്കുന്നത് മണിപ്രവാളത്തിന്റെതുമാണ്.

വൈശികതന്ത്രം മുതല്‍ അച്ചീചരിതങ്ങളും ചെറിയച്ചിയും ഇളയച്ചിയും സന്ദേശകാവ്യങ്ങളും മണിപ്രവാളകവികളെയും മറ്റും ആക്ഷേപിക്കാനെന്നോണം രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന, അവസാനമണിപ്രവാളകാവ്യം എന്നു ഖ്യാതിയുള്ള ചന്ദ്രോത്സവവും വരെ ആസ്വദിച്ചനുഭവിച്ച ഒരാള്‍ക്കേ ഇത്ര തന്മയത്വത്തികവോടെ അക്കാലത്തെ പുനരാനയിച്ചു പൊളിച്ചെഴുതാനാവൂ. അനുകരനായ മാധവനെ ശപ്പനെന്നു വിളിച്ച ഇന്ദുലേഖയിലാണ് നമ്മുടെ പെണ്‍പ്രഭാവം തുടങ്ങുന്നത്. പിന്നെയാണു കുമാരനാശാന്‍ സീതയിലൂടെയും മറ്റും പെണ്ണിനു പെണ്ണായി നിന്നു പെരുമാറാന്‍ കാവ്യത്തില്‍ അവസരമൊരുക്കിയത്. അത്യന്തം ഗര്‍ഹണീയവും അധാര്‍മ്മികവുമായ ലൈംഗികാഘോഷങ്ങളുടെ കൂത്തരങ്ങായിരുന്ന മണിപ്രവാളകാലത്തെ തുറന്നുവയ്ക്കുമ്പോള്‍ അതിനുതകുന്ന പദാവലിയും ബിംബങ്ങളും സൂചകങ്ങളുമാണു പ്രസാദ് ഉപയോഗിക്കുന്നത്. എന്തിലും 'സെക്‌സ്'മാത്രം ദര്‍ശിച്ച അക്കാലത്തെ, ചന്ദ്രോത്സവത്തിലെ ഒരു പദ്യം കൊണ്ടുതന്നെ പ്രസാദ് തുറന്നുവയ്ക്കുന്നുണ്ട്. പെണ്‍ശിശു ആദ്യമായി കമഴ്ന്നുവീഴുമ്പോള്‍, ഭാവിയില്‍ ഋതുമതിയായ ശേഷം പുരുഷനുമേല്‍ പ്രവേശിച്ച് ഉപരിസുരതം നടത്തുന്നതിന്റെ പ്രാരംഭമാണോ അത് എന്നു സങ്കല്പിക്കാന്‍ പോന്ന വകതിരിവില്ലായ്മ കൂടി അക്കാലത്തെ കവികള്‍ക്കുണ്ടായിരുന്നു എന്നു ചന്ദ്രോത്സവകാരന്‍ ആക്ഷേപിക്കുന്നതായി നമ്മള്‍ മനസ്സിലാക്കുന്നു.

എന്റെ മുതുമുത്തി എന്റെ മുത്തിക്കും അവള്‍ എന്റെ അമ്മയ്ക്കും ചെവിയിലോതിപ്പഠിപ്പിച്ച ആ 'യോഗം'അമ്മയില്‍ നിന്നു പഠിച്ചതു ഞാന്‍ നിനക്കു പറഞ്ഞുതരാം എന്ന മുഖവുരയോടുകൂടി മകള്‍ക്ക്(അനംഗ സേനയ്ക്ക്)അവളുടെ അമ്മ പറഞ്ഞുകൊടുക്കുന്ന വേശ്യാധര്‍മ്മമാണ് വൈശികതന്ത്രം എന്ന കൃതിയിലെ വിഷയം. വൈശികത്രന്ത്രത്തിന്റെ തന്നെ മാതൃകയില്‍, ഇട്ടിയക്കിയെന്ന മുത്തശ്ശി തന്നെയാണു തന്റെ മകള്‍ ചാരുമതിയുടെ മകള്‍ മേദിനീവെണ്ണിലാവിനു വൈശികതന്ത്രം ഓതിക്കൊടുക്കുന്നത്.

ബാലത്വമാര്‍ന്നുരസി വാര്‍മുല പൊങ്ങുമന്നാള്‍
മാലത്തലക്കുഴലിമാര്‍ മുതല്‍ നേടവേണ്ടും
വേലപ്പെടാതവ നിരര്‍ത്ഥകമേവ പിന്നെ;
കാലത്തുഴാക്കഴനി നെല്ക്കളമേറുകീല

താരുണ്യമാവതു സുതേ,തരുണീജനാനാം
മാരാസ്ത്രമേ, മഴനിലാവതു നിത്യമമല്ല;
അന്നാര്‍ജ്ജിതേന മുതല്‍കൊണ്ടു കടക്കവേണ്ടും
വാര്‍ദ്ധക്യമെന്മതൊരു വന്‍കടലുണ്ടു മുമ്പില്‍

വൈശികതന്ത്രത്തിലെ ഈ രണ്ടുപദ്യങ്ങളുടെ ഈ രണ്ടുവരി ചേര്‍ത്തുവച്ച് ഒരു പദ്യമായി അവതരിപ്പിച്ചു കൊണ്ടാണു നോവലിസ്റ്റ് ഇട്ടിയക്കിയെക്കൊണ്ട് ഇതു നിര്‍വഹിപ്പിക്കുന്നത്. ദേവദാസികളുടെ വേദപാഠമാണിത്.പുത്തൂരെ ചാരുമതി തന്റെ മകള്‍ മേദിനീവെണ്ണിലാവിനെ തന്നെക്കാള്‍ മികച്ച ദേവദാസിയാക്കിയെടുക്കണമെന്നാഗ്രഹിക്കുന്നു. മേദിനീവെണ്ണിലാവ് പക്ഷേ, ഈ സമ്പ്രദായത്തോടുതന്നെ പരാങ്മുഖയാണ്. അവള്‍ക്കു രാമായണത്തിലെ സീതയെപ്പോലെയായാല്‍ മതിയെന്നാണു നിലപാട്. ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും നീറുന്ന ഓര്‍മ്മകളായി നെഞ്ചില്‍ കൊണ്ടുനടക്കുന്ന, ദേവദാസീസമ്പ്രദായത്തോടുതന്നെ തീരാത്ത പകയുള്ള മണിശേഖരന്‍ എന്ന കള്ളനാണ് അവള്‍ക്കതിനു തുണയും പിന്നീട്, അവളുടെ ഇണയുമായി തീരുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ദുഷിച്ച സമ്പ്രദായത്തിന് ഇരുവരും ചേര്‍ന്ന് അറുതി വരുത്തുന്നതിന്റെ ധീരവും തന്ത്രപരവുമായ നീക്കങ്ങള്‍ നമ്മള്‍ നോവലില്‍ വായിക്കുന്നു. ഉദ്വേഗഭരിതമായ കഥാഗതിയൊരുക്കുന്നതില്‍ ആഖ്യായികാകാരന്‍ ദത്തശ്രദ്ധനാണ്. അപസര്‍പ്പകനോവലുകള്‍ വായിക്കുന്ന ആകാംക്ഷയോടെ വായനക്കാരന്‍ ഈ നോവല്‍ വായിച്ചുതീര്‍ക്കും.

ചന്ദ്രോത്സവത്തിന്റെ പരിസമാപ്തിയില്‍ മേദിനീവെണ്ണിലാവിനെ വേളികഴിച്ചു തന്റെ പട്ടമഹിഷിയാക്കിക്കൊള്ളാമെന്നു സാമൂതിരിത്തമ്പുരാന്‍ സ്ഥാണുരവിവര്‍മ്മയുടെ അനന്തരവന്‍ രണ്ടാം മുറ വീരവിക്രമവര്‍മ്മ ചെപ്പേടില്‍ എഴുതി രാജമുദ്ര വച്ചു ചാരുമതിക്കു നല്‍കി. തനിക്കു മടുക്കുമ്പോള്‍ തന്റെ നാല്‍വര്‍സുഹൃല്‍സംഘത്തിനും അവളെ നല്‍കി പേരുദോഷമുണ്ടാക്കി അവളെ ഒഴിവാക്കാനുള്ള പദ്ധതി അയാള്‍ പങ്കുവയ്ക്കുന്നതു പക്ഷേ, നാടുവാഴിയും ചന്ദ്രോത്സവനടത്തിപ്പിന്റെ രക്ഷാധികാരിയുമായ കണ്ടങ്കോതയോടാണ്. ചാരുമതിയില്‍ തനിക്കു പിറന്ന മകളാണു മേദിനീവെണ്ണിലാവെന്നയാള്‍ മനസ്സിലാക്കുമ്പോള്‍ 'മേദിനിയുടെ കൊഴുത്ത താരുണ്യം മനസ്സുകൊണ്ടു തലോടിയിട്ടുള്ള'കണ്ടങ്കോത വല്ലാത്ത ആത്മസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. എങ്ങനെയും മകളെ രക്ഷപ്പെടുത്തണമെന്നയാളും തീരുമാനിക്കുന്നു. ചാരുമതി അപ്പോഴും അവളെ പട്ടമഹിഷിയാക്കാനുള്ള തത്രപ്പാടിലാണ്. ഒന്നും നടക്കുകയില്ല എന്ന് അവളെ ബോദ്ധ്യപ്പെടുത്താന്‍ കണ്ടങ്കോതയ്ക്കു കഴിയുന്നുമില്ല. എല്ലാം വൃക്തമാകുമ്പോള്‍ ചാരുമതിയും മകളെ രക്ഷിക്കുന്നതിലേക്കു ജാഗരൂകയാകുന്നു. പിന്നെ അങ്ങോട്ട് ഉദ്വേഗജനകമായ നീക്കങ്ങളാണ്.

അനേകം ഉപകഥകള്‍ (anecdots)രസകരമായി, ഔചിത്യഭംഗിയോടെ സന്നിവേശിപ്പിച്ചു നോവലിനെ ആകര്‍ഷകമാക്കിയിട്ടുണ്ട്. പറങ്കികളുടെ ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ സ്ഥാണുരവിവര്‍മ്മ ചാരുമതിയെ ഉപയോഗിക്കുന്നതും മണിശേഖരന്റെ മാതാപിതാക്കളുടെ ദുരന്തവും പരമേശ്വരന്‍ എന്ന പാച്ചുവിന്റെ തയ്യില്‍ ഇളയച്ചിയുമായി ഉണ്ടായ സമാഗമവും ഒരിക്കല്‍ ചാരുമതിയെ ചതിച്ച മായാവതി എന്ന സഹോദരി ചന്ദ്രോത്സവത്തിനു വന്നു തന്റെ മകള്‍ കുഞ്ചുണ്ണൂലിയുടെ ഗതികെട്ട ജീവിതം പറയുന്നതും അവള്‍ അടിച്ചു പുറത്താക്കപ്പെടുന്നതും ഭവ്ത്രാതന്റെ മൂന്നാംവേളി താത്രിക്കൂട്ടി പുത്തൂരു വന്നു താന്‍ അമ്മാത്തേക്കു പോകുന്നവിവരം കാന്തനെ അറിയിക്കുന്നതും മണിശേഖരന്‍ എന്ന കള്ളന്റെ ആള്‍മാറാട്ടങ്ങളും കടന്നലുപക്കിയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും.... അങ്ങനെ ധാരാളം സ്‌തോഭജനകമായ സംഭവങ്ങളുടെ ചേരുവകള്‍ ഈ ആഖ്യായികയെ അത്യന്തം പാരായണക്ഷമമാക്കുന്നുണ്ട്. 'ഗ്രാമത്തിന്റെ പുറത്തു വസിക്കുന്ന'അധഃസ്ഥിതരുടെ ജീവിതം മണിശേഖരനുമായി ബന്ധപ്പെടുത്തി ദിങ്മാത്രാവിഷ്‌കാരം മാത്രമേ നടത്തുന്നുള്ളൂ. അവരോടുള്ള മണിശേഖരന്റെ നിലപാടും മാറ്റിനിര്‍ത്തപ്പെടുന്നവരോടുള്ള അയാളുടെ മനോഭാവങ്ങളും ആവിഷ്‌കരിക്കാന്‍ കുറച്ചുകൂടി താളുകള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആഖ്യായിക കൂടുതല്‍ ഭാവോല്‍ക്കടമാകുമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട്.

അതു പക്ഷേ, നോവലിന്റെ പരിചരണപരിധിയില്‍ വരുന്നതായി ആഖ്യാതാവിനു തോന്നിയിട്ടുണ്ടാവില്ല, കണ്ടങ്കോതയുടെ മകളാണു മേദിനീവെണ്ണിലാവെന്നു ചാരുമതി സമ്മതിച്ചു കൊടുക്കാതിരിക്കുമ്പോള്‍, 'മേദിനീവെണ്ണിലാവ് ആദ്യം ചിറ്റിലപ്പള്ളി നാടുവാഴി കണ്ടങ്കോതയ്ക്കു മണിയറയൊരുക്കട്ടെ' എന്നു കണ്ടങ്കോത പറയുന്നതും ചാരുമതി ഞെട്ടിത്തെറിക്കുന്നതും 'ആവില്ലെടീ, ഒരമ്മയ്ക്കും അതാവില്ല' എന്നു കണ്ടങ്കോത പ്രതികരിക്കുന്നതും ഈ നോവലിലെ അത്യന്തം വികാരതീവ്രമായ രംഗമാണ്. മേദിനി തന്റെ മകളാണെന്നറിയുമ്പോള്‍, ഒരച്ഛന്റെ സ്‌നേഹം കണ്ടങ്കോതയില്‍ ഊറിക്കൂടുന്നതു ഭാവബന്ധുരമായി നോവലിസ്റ്റ് ആവിഷ്‌കരിച്ചിട്ടുണ്ട്. കുത്തഴിഞ്ഞ സമ്പ്രദായത്തില്‍ നിന്നു കുടുംബജീവിതത്തിലേക്കുള്ള പരിണതിയുടെ അഭിലഷണീയത ഈ നോവല്‍ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട്. ചോരശാസ്ത്രത്തിന്റെയും കാമശാസ്ത്രത്തിന്റെയും സങ്കലനം എന്നൊക്കെയുള്ള പരസ്യവാക്യം യുക്തിരഹിതമായി തോന്നി. മണിശേഖരന്‍ കുള്ളനല്ലാത്ത കള്ളനും മേദിനി ദേവദാസിയാകാത്ത പ്രണയിനിയുമാണ് എന്നതാണ് ഈ നോവലിന്റെ അധികസൗന്ദര്യം.

CHANDROTSAVAM
ആഖ്യായികയില്‍ ചന്ദ്രോത്സവത്തിന്റെ പരിസമാപ്തി ഉണ്ടാകുന്നില്ല. അതിനു മുമ്പുതന്നെ അഞ്ചുനിലപ്പന്തല്‍ അഗ്‌നിയില്‍ എരിഞ്ഞടങ്ങുകയാണ്. അത്, ഒരു ദുഷിച്ച പാരമ്പര്യത്തിന്റെ- ദേവദാസീസമ്പ്രദായത്തിന്റെതന്നെ- പ്രതീകാത്മകമായ അന്ത്യം കുറിക്കലായി വായനക്കാരന്‍ മനസ്സിലാക്കുന്നു. ചന്ദ്രോത്സവത്തോടെ മണിപ്രവാളകൃതികളുടെ രചനയും നിലച്ചതായിട്ടാണു ചരിത്രം പറയുന്നത്. ശങ്കരകവിയുടെ ഗുരുവായിരുന്ന രാഘവവാരിയരും പുനവും കൂടി 'നിര്‍മ്മത്സരന്മാരായി' മാരലേഖയുടെ ഭര്‍ത്തൃപദവിയില്‍ വാഴുന്നതായും മാരലേഖ പോയിരുന്നിടത്തൊക്കെ പുറകേ അവര്‍ കൈ കൊട്ടി പാടിനടന്നിരുന്നതായും ചന്ദ്രോത്സവകാരന്‍ പരിഹസിക്കുന്നതോര്‍ക്കുക. കവികള്‍ പോലും ധര്‍മ്മ ഭ്രംശം സംഭവിച്ചു ജീവിച്ചിരുന്ന കാലമായിരുന്നു അതെന്നു സൂചന. ദേവദാസികളുടെ ആ കാലം ഹൃദയാവര്‍ജ്ജകമായി എഴുതിയിരിക്കുന്ന ഈ ആഖ്യായിക ഭാവഭദ്രവും ഉദ്വേഗജനകവുമാണ്. കാളിദാസനെയും മണിപ്രവാളകവിതകളെയും ഒക്കെ ആശ്രയിച്ചു ഭാഷ കൊണ്ടു കനകപ്പെയ്ത്തുനടത്തിയിരിക്കുന്ന ഇടങ്ങളും ഈ ആഖ്യായികയില്‍ കുറവല്ല. അനേകം മണിപ്രവാളശ്ലോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു വായനയെ അത്യന്തം രസാവഹമാക്കുന്നുമുണ്ട്. ചുരുക്കത്തില്‍, ''ആയിരത്തിയൊന്നുരാവുകള്‍' പോലെ, ''വിക്രമാദിത്യന്‍കഥകള്‍' പോലെ, ''കഥാസരിത്സാഗരം'പോലെ വായിച്ചുപോകാനാവുന്ന ഹൃദയഹാരിയായ ആഖ്യായികയാണ് ''ചന്ദ്രോത്സവം''.

ചന്ദ്രോത്സവം പുസ്തകം ഓൺലൈനിൽ വാങ്ങാം

Content Highlights: Chandrotsavam novel review by poet Kavalam Balachandran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
art by v balu

4 min

'പിഷാരടിയ്ക്ക് 'കൂടുതല്‍' ഉള്ള എല്ലാത്തിനെയും കുറയ്ക്കുന്നത് ധര്‍മ്മജന്റെ കുറിയ ശരീരം'- ജോണി എം എല്‍

Sep 29, 2022


nikhilesh menon

4 min

ക്രൈംഫിക്ഷന്‍ വാരത്തില്‍ നിഖിലേഷ് മേനോന്റെ പുസ്തകപരിചയം

May 19, 2023


moulana Abdul Kalam Azad, Book Cover
Premium

6 min

ധൃതി പിടിച്ച് ഇന്ത്യയെ വെട്ടിമുറിച്ചതെന്തിന്? ഉത്തരം മൗലാന ആസാദിന്റെ പിടയുന്ന നെഞ്ചിലുണ്ടായിരുന്നു

May 3, 2023

Most Commented