പുസ്തകത്തിന്റെ കവർ, അജയ്യകുമാർ
ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നവരാണ് സംരംഭകര്‍. ഇന്നത്തെ കാലത്ത് ഒരു സംരംഭത്തെ വിജയിപ്പിക്കുക എന്നത് എളുപ്പമല്ല. ഈ ദൗത്യത്തില്‍ സംരംഭകരുടെ അവലോകനശേഷിയും നേതൃപാടവവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തീരുമാനങ്ങളിലെ കൃത്യതയും പക്വതയുമാണ് പല സംരംഭങ്ങളും വിജയിക്കാന്‍ കാരണമാവുന്നത്. സംരംഭകര്‍ക്ക് കാലോചിതമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് പ്രവാസി മലയാളിയായ അജയ്യകുമാറിന്റെ പുസ്തകമായ 'ബിസിനസ് ഗീത'യുടെ പ്രസക്തി ഏറുന്നത്.
കോര്‍പ്പറേറ്റ് രംഗത്ത് രണ്ടു പതിറ്റാണ്ടുകളിലേറെ വരുന്ന തന്റെ പരിചയസമ്പത്ത് പുതുതലമുറക്ക് പ്രയോജനപ്രദമാകത്തക്കവിധത്തില്‍ അദ്ദേഹം ഒരു ബിസിനസ് ഗൈഡിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് 'ബിസിനസ് ഗീത'.
മാനേജ്മെന്റ് പ്രഗത്ഭന്‍, ചിന്തകന്‍, കലാസംഘാടകന്‍, സ്റ്റാര്‍ട്ട് അപ്പ് മെന്റ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ സജീവമായ അജയ്യകുമാറിന്റെ പ്രഥമ പുസ്തകമായ 'ഫോര്‍മുല-ജി' ആമസോണില്‍ ബെസ്റ്റ് സെല്ലര്‍ ആണ്. ആദ്യ പുസ്തകത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് 'ബിസിനസ് ഗീത' എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ഭഗവദ് ഗീതയുടെ മാതൃകയില്‍ ചോദ്യോത്തര രീതിയിലൂടെയാണ് സംരംഭകത്വത്തിനു ഉതകുന്ന വിജയമന്ത്രങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ പലരുമായി നടത്തുന്ന ലളിതവും സ്വാഭാവികവും പ്രത്യക്ഷ ജ്ഞാനവുമുള്ള സംഭാഷണങ്ങള്‍, അതാണ് ബിസിനസ് ഗീതയുടെ പ്രത്യേകത. അഹന്തയോ കൃത്രിമത്വമോ ഒട്ടുമില്ലാത്ത, ജ്ഞാനദാഹിയായ ഒരു ചിന്തകനായി മാത്രമേ ഗ്രന്ഥകാരന്‍ അവതരിക്കുന്നുള്ളൂ എന്നത് മറ്റൊരു സവിശേഷത. നമ്മുടെ പുരാതന തത്വചിന്തകളില്‍ നിന്ന് നേടാനുള്ള അറിവും അത്യന്താധുനിക ചിന്തയുടെ പ്രാധാന്യവും തെറ്റുകളില്‍ നിന്ന് പഠിക്കാനുള്ള പ്രായോഗിക പരിജ്ഞാനവും എല്ലാം ഗൗരവത്തോടെ പ്രതിപാദിക്കുന്ന ഈ പുസ്തകം സെന്‍ കഥകള്‍ വായിച്ചു പോകുന്ന സുഖത്തോടെ വായിക്കാവുന്നതാണ്.
പൗരാണിക വിജ്ഞാനത്തെ പുതുതലമുറയ്ക്കായി കാച്ചികുറുക്കി ക്രോഡീകരിക്കുന്ന, പ്രായഭേദമെന്ന്യേ വായനായോഗ്യമായ, ബിസിനസ് സാഹിത്യത്തിലെ ഒരു മുതല്‍ക്കൂട്ടാണ് 'ബിസിനസ് ഗീത ' എന്നതില്‍ സംശയമില്ല.
Content Highlights: Business Gita, Ajayya Kumar, Dollu K Eramangalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..