ഇ.സന്തോഷ് കുമാർ|ഫോട്ടോ മധുരാജ്
ഇ.സന്തോഷ് കുമാര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജ്ഞാനഭാരം എന്ന നോവലിന് സാവി നന്ദന്‍ കക്കാട്ടില്‍ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.
മുംബൈ സ്ഥലപശ്ചാത്തലമായി എഴുതിയിട്ടുള്ള ഇ.സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ ആണ് ജ്ഞാനഭാരം. ജീവിതത്തിന്റെ ഒരു താത്വിക അവലോകനം നടത്തുകയാണ് ലേഖകന്‍ ഈ നോവലില്‍. കൈലാസ് പാട്ടീല്‍ മരിച്ചു എന്ന് തുടങ്ങുന്ന നോവലില്‍ പാട്ടീലിന്റെ ജീവിതാവലോകനത്തിലൂടെ ജീവിതത്തെയും മരണത്തെയും ചിന്തോദ്യേകമായ ചില ചോദ്യങ്ങളായി വായനക്കാരിലേക്കിട്ടു കൊടുക്കുകയാണ് ഈ പുസ്തകം. മരിച്ചുപോയ പാട്ടീലിന്റെ സുഹൃത്ത് കഥപറയുന്ന രീതിയിലാണ് നോവലിന്റെ ആഖ്യാനം.
ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഒരു സഞ്ചയമാണ് മനുഷ്യന്‍ എന്ന പ്രൊഫസര്‍ യശ്പാലിന്റെ വാക്കുകളിലൂടെയാണ് പാട്ടീലിന്റെ കഥാരംഭം. തന്റെ പിതാവിനോടുള്ള കടമ എന്ന രീതിയിലാണ് പാട്ടീല്‍ പന്ത്രണ്ടു വാല്യങ്ങളുള്ള വിജ്ഞാനകോശം വായിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നത്. കാലപ്പഴക്കം വന്ന, കാലാതീതമായ അറിവുകള്‍ ആയിട്ടും അദ്ദേഹം അത് വായിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നു. പാട്ടീലിന്റെ ജീവിതവുമായി ലേഖകന്‍ വിജ്ഞാനകോശത്തെ സാമ്യപ്പെടുത്തുന്നു. കാലപ്പഴക്കം വന്ന ജ്ഞാനം ഭൂമിയുടെ വ്യവഹാരം പോലെ നിരര്‍ഥകമായിത്തീരുന്നു. കാലത്തിനനുസരിച്ചു പുതുക്കി എഴുതാന്‍ കഴിയാത്തവ ഭാരമായിത്തീരുന്നു. എന്നിട്ടും നിരര്‍ഥകത അറിഞ്ഞുകൊണ്ട് തന്നെ പാട്ടീല്‍ അത് വായിച്ചു തീര്‍ക്കാന്‍ തീരുമാനിക്കുന്നു. ഒരു കണക്കിന് അറിവുകളെ മതില് കെട്ടി ഒഴിവാക്കുന്നത് പോലെയാണ് അത്.പലപ്പോളും ഇതിനെക്കുറിച്ച് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ക്ക് പാട്ടീല്‍ ഇങ്ങിനെ മറുപടി പറയുന്നു:''എനിക്കറിയാം പക്ഷെ അതേ സാധിക്കൂ..''.അറിവുകള്‍ ഭാരമാകുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു കൈലാഷ് പാട്ടീലിന്റെ ഈ വാക്കുകള്‍.
പാട്ടീലിന്റെ ജീവിതാവസാനം വിജ്ഞാനകോശത്തിലെ അവസാന വോള്യത്തിലെ അവസാനവാക്കായ സീറോ-യുടെ വിശകലനത്തില്‍ എത്തിനില്‍ക്കുമ്പോളാണ് സംഭവിക്കുന്നത് എന്നതിനെ പൂജ്യവും മരണവുമായുള്ള ഏകീകരണമാക്കുന്നു നോവലിസ്റ്റ്. പിന്നീട് പാട്ടീലിനെ പല കാരണങ്ങളാല്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും പാട്ടീലും അയാളുടെ ജീവിതത്തിലെ പിന്നീടുണ്ടായ മാറ്റങ്ങളും അയാളുടെ മറവിയും അയാളുടെ ജീവിതകഥയിലെ മറ്റുകഥാപാത്രങ്ങളായ ഭുവന്‍ ദേശായിയും നരേഷ് ദേശായിയും എല്ലാം നോവലില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളും ജീവിതരാഷ്ട്രീയങ്ങളും അതിലെ കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളും ചെസ്സ് ബോര്‍ഡില്‍ എന്നപോലെ നിരത്തിവയ്ക്കുന്നു ഈ നോവലില്‍.
ഓരോ മനുഷ്യനും കഥകള്‍ ഉറങ്ങിക്കിടക്കുന്ന ഒരു കടന്നല്‍ക്കൂടാണത്രെ! ഒന്ന് തൊട്ട് ഇളക്കിയാല്‍ മതി കഥകളുടെ മുരള്‍ച്ച കേള്‍ക്കാന്‍. കാവ്യാത്മകത ഒരുപാട് നിറഞ്ഞുനില്‍ക്കുന്നു നോവലില്‍. മനുഷ്യരുടെ ചിന്താമണ്ഡലത്തെ പോഷിപ്പിക്കുന്ന തരത്തില്‍ സാമൂഹികവ്യവസ്ഥകളും നീതിബോധവും യുക്തിഭദ്രതയും പുലരണമെന്നത് വാശി പിടിക്കാനാവില്ല. എങ്കിലും അനൈതികവും അരാജകവുമായ കാലത്തും പ്രതീക്ഷയുടെ വെളിച്ചം പരത്തുന്ന ഏതാനും ചില മനുഷ്യര്‍ ഉള്ളതുകൊണ്ടാണ് ലോകം നിലനില്‍ക്കുന്നത് എന്ന ക്ലിക്കി തത്വവാദം തികച്ചും ശരിയാണെന്നു യാതൊരു പ്രസ്താവനയുടെയും സഹായമില്ലാതെ നോവലിസ്റ്റ് പ്രഖ്യാപിക്കുന്നു. ജ്ഞാനവും അജ്ഞാനവും ആപേക്ഷികമായ ബോധ്യങ്ങളാണെന്നിരിക്കെ അവ തമ്മിലുള്ള ഉരസല്‍ സംഘര്‍ഷാത്മകമായേക്കാം. വിശ്വാസങ്ങളുടെ തകര്‍ച്ചയും പൊതുവ്യവസ്ഥകളും തമ്മിലുള്ള ലയിച്ചുചേരലും സാധ്യമല്ലലോ. 'ജ്ഞാനഭാരം' ഉത്പാദിപ്പിക്കുന്ന പ്രമാണങ്ങള്‍ വായനയിലൂടെ ലഭിക്കുന്ന വിലയേറിയ ഈടുവെയ്പുകളാണ് എന്ന് നിസ്സംശയം പറയാം. കഥയില്ലായ്മ വരെ ചരിത്രത്തിന്റെ ഭാഗമായി പരിണമിക്കുന്ന വിചിത്ര സ്ഥിതിവിശേഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പുരോഗമനാശയങ്ങളെ ആശ്ലേഷിക്കുമ്പോഴും സ്വാര്‍ത്ഥതയും നിക്ഷിപ്ത താല്പര്യങ്ങളും വിട്ടൊഴിയാത്തത് പോലെ. ഇടയ്ക്ക് കൈലാസ് പാട്ടീല്‍ ആഖ്യാതാവിനോട് ചോദിക്കുന്നു: 'ഒരു നിലയ്ക്കാലോചിച്ചാല്‍ കഥയില്ലായ്മ എന്നതാണ് എന്റെ കഥ.എന്ത് തോന്നുന്നു?' വാസ്തവത്തില്‍ എന്താണ് കഥ എന്നും ആരുടെ ജീവിതത്തിലാണ് കഥയുള്ളത് എന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍ എന്നും ആഖ്യാതാവ് ചിന്തിക്കുമ്പോള്‍ വായനക്കാരനിലും അങ്ങിനെയൊരു ചിന്തയും അതിലെ യാഥാര്‍ഥ്യവും ഒരു ചോദ്യചിഹ്നമാവും.
സമയത്തിന് ഒപ്പം എന്നതിനപ്പുറം സമയത്തിന് പുറകില്‍ സഞ്ചരിക്കുക അല്ലെങ്കില്‍ സമയത്തിന് അപ്പുറം സഞ്ചരിക്കുകയോ മനഃപൂര്‍വ്വം സമയത്തിന് ഒരുപാട് പുറകില്‍ സഞ്ചരിക്കുകയോ എന്നത് ഒരല്പം ഭ്രമാത്മകമെന്നതുപോലെ രസകരവും ആയിരിക്കും എന്ന് തോന്നുന്നു. ഓര്‍മ്മകള്‍ മാത്രമല്ല മനസ്സും ചിന്തകളും പ്രകൃതിയും സര്‍വ്വചരാചരങ്ങളും സമയത്തിന് ഒരു നിശ്ചിതകാലം പുറകില്‍ സഞ്ചരിക്കുകയാണെങ്കില്‍ നല്ല രസമായിരുന്നേനെ! സൂക്ഷ്മമായി മുന്നോട്ടും പിന്നോട്ടും പോകാന്‍ കഴിയുന്ന യന്ത്രങ്ങളെ പറ്റിയും ഘടികാരങ്ങളെ പറ്റിയും സയന്‍സ് ഫിക്ഷനുകളില്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ അവ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുവരാനാകില്ലലോ. ജീവിതത്തിന്റെ അവസ്ഥകളില്‍ നിന്നുള്ള ഒളിച്ചോട്ടമായി ഇത്തരം വിചാരങ്ങളെയും തൃഷ്ണകളെയും രേഖപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. സമയത്തിനു പുറകില്‍ സഞ്ചരിക്കുകയും അങ്ങിനെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നൊരാള്‍ ആണ് പാട്ടീല്‍.
ചിലപ്പോഴെങ്കിലും ലേഖകനെ പോലും മറന്നുപോവുന്നുണ്ട് പാട്ടീല്‍. സന്തതസഹചാരിയും ഏറെ പ്രിയങ്കരനുമായിരുന്ന നരേഷ് ദേശായി പോലും ഓര്‍മ്മയുടെ അടരുകളില്‍ നിന്നും വേര്‍പെട്ടു പോവുന്നു.അല്ലെങ്കില്‍ തന്നെ മറവിയെക്കാള്‍ മറ്റൊരു മരണമുണ്ടോ? ഓര്‍മ്മകള്‍ അല്ലാതെ മറ്റെന്താണ് മനുഷ്യന്‍? മറവിയുടെ അഗാധമായ ചുഴിയില്‍ വീണുപോകുമ്പോളും ഇടയ്‌ക്കൊക്കെ ഓര്‍മ്മയുടെ കര തൊടുന്നു കൈലാസ് പാട്ടീല്‍.അങ്ങിനെയൊരു ഘട്ടത്തില്‍ ലേഖകന് വേണ്ടി എഴുതിയ കത്തില്‍ പാട്ടീല്‍ താന്‍ വായിച്ചു അവസാനിപ്പിച്ച വിഷയത്തെക്കുറിച്ചു പറയുന്നു, പ്രപഞ്ചം മുഴുവന്‍ മുഴങ്ങുന്ന അഗാധമായ ശൂന്യതയെക്കുറിച്ച്. zero എന്ന വിഷയത്തിനുമാത്രമായി നീക്കിവച്ചിരിക്കുന്ന പത്തോളം താളുകളെക്കുറിച്ചു പറഞ്ഞാലും പറഞ്ഞാലും മതിവരാത്തതുപോലെ. പൂര്‍ണതയിലും അപൂര്‍ണമായ ദശാസന്ധികള്‍ രൂപം കൊള്ളുമെന്നത് പ്രപഞ്ചസത്യമാണ്. ഒരു മനുഷ്യായുസ്സോളം പരന്നു കിടക്കുന്ന അതിന്റെ നിരര്‍ത്ഥകമായ അര്‍ത്ഥവ്യാപ്തിയെ സംബന്ധിച്ച തത്വപരമായും മനഃശാസ്ത്രപരമായുമുള്ള പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും അപ്പുറം ജീവിതത്തെ സ്പര്‍ശിക്കുന്ന ജൈവികധാരകളുണ്ട്. പരസ്പരം കണ്ടിട്ടില്ലാത്ത മനുഷ്യര്‍ക്ക് പോലുമുണ്ടാവുന്ന സാമ്യങ്ങളും തരംഗദൈര്‍ഘ്യങ്ങളുമുണ്ട്. ഒരു തലത്തില്‍ ആലോചിച്ചാല്‍ മാനുഷിക വിനിമയങ്ങളുടെ അപരിമേയമായ ആഴങ്ങളെ അടയാളപ്പെടുത്താന്‍ കഴിയില്ല. പുസ്തകവില്‍പ്പനക്കാരനായ ഖുര്‍ഷിദും കൈലാസ് പാട്ടീലും തമ്മിലുള്ള ബന്ധം ഇങ്ങനെയുള്ളതാണ്. അവര്‍ തമ്മില്‍ ഇതുവരെ കണ്ടിട്ടില്ല. പരസ്പരം അറിയുമായിരുന്നില്ല. എന്നാല്‍ സ്ഥലത്തിന്റെയും കാലത്തിന്റെയും അദൃശ്യമായ കണ്ണികള്‍ അവരെ ഇണക്കുന്നു. പുസ്തകങ്ങളുടെ അനന്തമായ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ഖുര്‍ഷിദുമാര്‍ നമ്മുടെ ജീവിതത്തിലും ഉണ്ടല്ലോ. ഒരര്‍ത്ഥത്തില്‍ ഇത് തന്നെയല്ലേ ജീവിതയാഥാര്‍ഥ്യം? ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളുടെ പെരുക്കപ്പട്ടികയില്‍ എണ്ണമറ്റ അക്കങ്ങളും ഗുണനഫലങ്ങളും അടുക്കിവെച്ചിരിക്കുകയാണ്. അവ മുഴുവന്‍ കാണാതെ പഠിച്ചുകൊണ്ട് ജീവിക്കാന്‍ നമുക്കാവില്ലലോ.
മനുഷ്യരുടെ സങ്കീര്‍ണസ്വഭാവത്തെ അടുത്തറിയാന്‍ പുസ്തകങ്ങളെ ആശ്രയിക്കാനാവുമോ എന്ന ചോദ്യം പ്രത്യക്ഷത്തില്‍ ലളിതവും 'പാവത്തം' നിറഞ്ഞതുമാണ്. മനുഷ്യരുടെ ആന്തരികവ്യഥകള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ മനുഷ്യഗന്ധം നാം അനുഭവിച്ചറിയുന്നു. 'പുസ്തകങ്ങളും മനുഷ്യരാണ്' എന്ന പേരിലുള്ള എന്‍ ശശിധരന്റെ പുസ്തകത്തില്‍ മനുഷ്യരും പുസ്തകങ്ങളുമായുള്ള അഭേദ്യ ബന്ധത്തെ വിശദമാക്കുന്നു. 'പുസ്തകങ്ങളും മനുഷ്യരാണ്' എന്ന പ്രയോഗത്തിന്റെ ഗുണാത്മകമായ സാധ്യതകളെ പറ്റിയുള്ള സൂചനകളാണ് 'ജ്ഞാനഭാര'ത്തെ പൊലിപ്പിക്കുന്ന പ്രത്യയശാസ്ത്രം. പുസ്തകങ്ങളിലൂടെയുള്ള നിരന്തര സഞ്ചാരം മനുഷ്യരുടെ വിവേകം വർധിപ്പിക്കുന്നുവെന്ന 'പഴമൊഴി'യില്‍ കാമ്പില്ല. എന്നാല്‍ ചില പുസ്തകങ്ങളിലെ ചില മനുഷ്യരും പല സന്ദര്ഭങ്ങളും നമുക്കുണ്ടാകുന്ന വേവ് അനുഭവിച്ചറിയുക തന്നെ വേണം.
സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കുള്ള സഞ്ചാരമാണ് ജീവിതത്തിന്റെ സത്ത. അനുഭവങ്ങളും വിജ്ഞാനവും ചേര്‍ന്ന നിഘണ്ടുവിലെ ഓരോ പുറവും മനുഷ്യരെ ജ്ഞാനിയാക്കുന്നു. ജ്ഞാനത്തിന്റെ പരംപൊരുള്‍ അന്വേഷിച്ചുകൊണ്ട് അടുത്ത തലമുറ അവരെ പിന്തുടരുന്നു. ജീവിതമെന്ന പാളയണചരിതം അങ്ങനെ അനുസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്നു. ആ നിരന്തര ചലനത്തില്‍ കടന്നുപോകുന്ന താവളങ്ങള്‍ ദീപ്തമാക്കുന്ന തിരിനാളമാണ് 'ജ്ഞാനഭാരം'. ആകസ്മികതകളും കാവ്യാത്മകതയും തത്വചിന്താപരമായ ജീവിതവീക്ഷണങ്ങളും നിറഞ്ഞ നോവലാണ് ഇ.സന്തോഷ്‌കുമാറിന്റെ ജ്ഞാനഭാരം. അദ്ദേഹത്തിന്റെ മുന്‍കൃതികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്ന്.
Content Highlights :Book Review on Jnanabharam Written by E Santhosh Kumar Published by Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..