books
ഞാനെന്റെ സ്ഥാനത്തേക്ക് തിരികെയെത്തും മുൻപ് ആരോ സിഗരറ്റ് കത്തിക്കുവാനായി തീപ്പെട്ടി ഉരച്ചു. എന്റെ നിഴൽ ചുവരിൽ നൃത്തം ചെയ്യുന്നത് ഞാൻ കണ്ടു. അത് കൂടുതൽക്കൂടുതൽ വലുതാകുകയും ഷെൽറ്ററിന്റെ മേൽച്ചുവരിൽ നിറയുകയും ചെയ്തതിനുശേഷം മറഞ്ഞു. എന്റെ നിഴലിനെക്കുറിച്ചോർത്ത് ഞാൻ അനങ്ങാതെ നിന്നു. ഇത്തവണ അതെവിടെയാണ് പോയത്? എങ്ങനെയാണ് നമ്മുടെ നിഴലുകൾ ഈ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത്? ഞാനെന്റെയൊരു നിഴൽ മാത്രമാണോ?
ആരെങ്കിലും ഒരിക്കൽ കൂടി തീപ്പെട്ടിയുരച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. അങ്ങനെയുണ്ടായാൽ എന്റെ നിഴൽ തിരികെ വരും. എനിക്കതിനോട് സംസാരിക്കുവാനും കഴിയും. ഞങ്ങൾക്കു കാണാൻ സാധിക്കാത്ത വിധത്തിൽ അപ്രത്യക്ഷമാകുവാൻ എങ്ങനെയാണ് നിനക്ക് കഴിയുന്നത്? എനിക്കതിനോട് ഇങ്ങനെ ചോദിക്കണമായിരുന്നു. പക്ഷേ നിഴലുകൾക്ക് ശബ്ദമില്ലെന്ന് ഞാനോർമിച്ചു. ഞാൻ നിന്നിടത്തേക്ക് തിരികെ വന്നു. നാദിയയുടെ അടുത്തേക്ക് പതുക്കെ നീങ്ങി. അവളെ കാണാനാകാത്തത്രയായിരുന്നു ഇരുട്ട്. എങ്കിലും അവളവിടെയുണ്ടെന്ന് എനിക്കറിയാമായിരുന്നു. വിമാനങ്ങൾ അകന്നുപോയി. ഭയം അവയോടൊപ്പം അകന്നു...
(ബാഗ്ദാദ് ക്ലോക്ക്- ഷഹാദ് അൽ റാവി)
പലായനങ്ങളുടെയും യുദ്ധക്കൊതികളുടെയും ചോരപ്പാടുകൾ തെറിച്ച ജീവിതങ്ങളായിരുന്നു കയ്യിൽ വന്നുചേർന്ന ഓരോ മിഡിൽ ഈസ്റ്റ് കൃതികളും. വായിച്ചു കഴിഞ്ഞാൽ ഉറങ്ങാൻ സമ്മതിക്കാത്ത മനസ്സ് കാരണങ്ങളേതുമില്ലാത്തതുപോലെ അങ്ങോട്ടുമിങ്ങോട്ടും തലയിട്ടടിച്ചത് പലപ്പോഴും ഇറാഖിലെയും സിറിയയിലെയും ജോർദ്ദാനിലെയും യമനിലെയും എഴുത്തുകാർ കാരണമായിരുന്നു. ഇറാഖി എഴുത്തുകാരിയായ ഇനാം കചാചിയുടെ 'അമേരിക്കൻ ഗ്രാന്റ് ഡോട്ടർ' തന്നെ വലിയൊരു വേദനയായി ഇപ്പോഴും തലയിലരിച്ചു നടപ്പുണ്ട്. ഇറാഖ് യുദ്ധത്തിന്റെ നേർസാക്ഷിയായ സൈന എന്ന പെൺകുട്ടി. യുദ്ധാനുഭവങ്ങളുടെ ചലിക്കുന്ന 'ട്രോമ' എന്ന വിശേഷണമാണ് സൈനയ്ക്ക് ഏറ്റവും നന്നായി ഇണങ്ങുന്നത്.
മുഹമ്മദ് ആചാരിയുടെ 'ദ ആർച് ആൻഡ് ബട്ടർഫ്ളൈ'. ഇടതുപക്ഷ പുരോഗമനാശയക്കാരനായ യൂസഫ് അലി ഫിർസിവിയുടെ ഏകമകൻ യാസിൻ, പാരീസിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്ന യാസിൻ, ഒരു പ്രഭാതത്തിൽ രക്ഷസാക്ഷിയായി ഉയർത്തപ്പെടുന്നു. അഫ്ഘാനിസ്ഥാനിൽ വച്ച് കൊല്ലപ്പെടുന്ന യാസിന്റെ തീവ്രഇസ്ലാമികത്വമാണ് മരണത്തിനിടയാക്കിയെന്ന് തിരിച്ചറിഞ്ഞ യൂസഫ് അലി തനിക്കും മകനും മതം എന്തായിരുന്നെന്ന് അന്വേഷിക്കുകയാണ് നോവലിലുടനീളം. റജാ അൽ സനേയയുടെ എപ്പിസ്റ്റലറി നോവലായ 'ഗേൾസ് ഓഫ് റിയാദ്' പറയുന്നത് നാല് പെൺസുഹൃത്തുക്കലഉടെ കഥയാണ്. സൗദി അറേബ്യയിൽ താമസിക്കുന്ന പെൺകുട്ടികളിലൂടെ വർത്തമാനകാല സൗദി സമൂഹത്തിലേക്കൊരു നേർക്കാഴ്ച കൂടിയാണ് 'ഗേൾസ് ഓഫ് റിയാദ്.'
ഷഹാദ് അൽ റാവി എന്ന ഇറാഖി എഴുത്തുകാരി തീർത്ത അവിസ്മരണീയമായ നോവലാണ് 'ബാഗ്ദാദ് ക്ലോക്ക്'. നിഷ്കളങ്കയും കൃസൃതിയുമായ പെൺകുട്ടി (കഥപറച്ചിലുകാരി), തന്റെ അഭയാർഥിക്യാംപു മുതലുള്ള കൂട്ടുകാരിയായ നാദിയയുടെ സ്വപ്നങ്ങൾ കവർന്നെടുക്കുന്നവളാണ്. നാദിയ കാണുന്ന സ്വപ്നങ്ങൾ, അതേപടി കാണാനുള്ള അവളുടെ കഴിവ്! തന്റെ സ്വപ്നത്തിലേക്ക് കടന്നുകയറുന്നതിൽ കെറുവിക്കുന്ന നാദിയ. ആകാശത്ത് ഇടക്കിടെ യുദ്ധവിമാനങ്ങൾ പൊട്ടുമ്പോൾ നിസ്സാരതയോടെ ഒന്നു കഴുത്തുയർത്തി നോക്കുക മാത്രം ചെയ്യുന്ന കുട്ടികൾ, വിദ്യാസമ്പന്നരായ മാതാപിതാക്കൾ, അവരുടെ അയൽപക്കങ്ങൾ, പരസ്പര സഹകരണങ്ങൾ, ഏതു സമയത്തും ക്യാപിലേക്ക് പോകാനൊരുങ്ങി നിൽക്കുന്നവർ തങ്ങളുടെ പറമ്പിൽ നട്ടുവളർത്തുന്ന വൃക്ഷത്തെകൾ...അസ്വസ്ഥതകളുടെ ഇരുണ്ട ജീവിതാനുഭവം പങ്കുവെക്കുകയാണെന്നറിയിക്കാതെ വിഷാദത്തിലേക്ക് കൈപിടിച്ചു നടത്തിക്കുകയാണ് ഓരോ വായനക്കാരെയും.
കൊച്ചുകുട്ടികളുടെ കൈത്തണ്ടയിൽ പല്ലുകൾകൊണ്ട് വാച്ചടയാളം ഉണ്ടാക്കുന്ന ബാങ്കുദ്യോഗസ്ഥനായ ഷൗക്കത്തങ്കിൾ, അദ്ദേഹത്തിന്റെ ഭാര്യ നാദിറ ബാജി...മക്കളില്ലാത്ത ദമ്പതികൾക്ക് തങ്ങൾ താമസിക്കുന്ന തെരുവിലെ മുഴുവൻ മക്കളും സ്വന്തമാണ്. കഥാപാത്രം ഷൗക്കത്ത് എന്നൊരിക്കും പറയാനിടവരുത്താതെ വായനക്കാരുടെയും ഷൗക്കത്തങ്കിളാക്കി മാറ്റിക്കളഞ്ഞു നിഷ്കളങ്കനായആ മനുഷ്യനെ. നാളെ വരാനിരിരിക്കുന്ന, വഴിയേ വന്നുകൊണ്ടിരിക്കുന്ന ഒരു 'ഭയം', അതിനെ ഒളികണ്ണിട്ടും ഇടത്തും വലത്തും തിരഞ്ഞെുകൊണ്ടുമാണ് കഥപറച്ചിലുകാരിയുടെ തെരുവിലുള്ളവർ അന്നന്നത്തെ ജീവിതത്തെ ആഘോഷഭരിതമാക്കുന്നത്. അവിടെ റീത്തയമ്മയുടെ പുതുവർഷാഘോഷങ്ങളുണ്ട്, അവരുടെ പ്രാർഥനാഗാനങ്ങളുണ്ട്. അതേറ്റുപാടുന്ന കുട്ടികളുമുണ്ട്. അവിടെ കല്യാണങ്ങളുണ്ട്, വിവാഹ സത്‌ക്കാരങ്ങളുണ്ട്. എല്ലാറ്റിമുമുപരി പൊടിച്ചുവരുന്ന മീശയ്ക്കും മുളച്ചുവരുന്ന മുലകൾക്കും ഏറ്റുപാടാൻ അതിമധുരമായ പ്രണയഗാനങ്ങളുമുണ്ട്. അതാണല്ലോ നാദിയ അഹമ്മദിനെ പാടി കേൾപ്പിച്ചത്. അതാണല്ലോ ഫറൂഖ് നമ്മുടെ നായികയിൽ നിന്നും കേൾക്കാൻ കൊതിച്ചത്. അതുകൊണ്ടാണല്ലോ മാർവ അസൂയയാൽ നാദിയയെ വെറുത്തത്. മുതിർന്ന് അമേരിക്കൻ മിലിറ്ററി ഏജന്റായപ്പോഴും അഹമ്മദിനെ മാർവ അന്വേഷിച്ചത് പ്രണയം ഒന്നു കൊണ്ടുമാത്രമാണല്ലോ.
കറുത്ത ഷെവർലെ കാർ. പലായനത്തിന്റെ, എല്ലാം വിട്ടെറിഞ്ഞുള്ള ഇറങ്ങിനടത്തത്തിന്റെ പ്രതിരൂപമായി നോവലിലുടനീളം കാണാം. ഓരോ വീടിനു മുന്നിലും കറുത്ത ഷെവർലെ വന്നു നിൽക്കുമ്പോൾ അകം നുറുങ്ങുന്ന വേദനയിൽ അയൽപക്കങ്ങളിലെ ജനൽ വാതിലുകൾക്കിടയിലൂടെ ഓരോ ഉമ്മമാരും പരസ്പരം വിങ്ങിപ്പൊട്ടുന്നു. അപ്പോഴും അവരുടെ പെട്ടികൾ കട്ടിലിനടിയിൽ എന്നോ തയ്യാറാക്കപ്പെട്ടിരുന്നു എന്നതായിരുന്നു സത്യം.
മക്കളില്ലാത്ത നാദിറ ബാജി ഒറ്റയ്ക്കുപോയി എന്നതാണ് കഥപറച്ചിലുകാരിക്കും കൂട്ടുകാരികൾക്കുമുള്ള വിഷമം. ഷൗക്കത്തങ്കിൽ അവരുടെ കൈയിൽ വാച്ചുണ്ടാക്കാൻ മുതിർന്നില്ല പിന്നെ. പകരം ആളൊഴിഞ്ഞുപോയ വീടുകളും പറമ്പും ഓറഞ്ചു തോട്ടങ്ങളും തിരികെ വരാത്ത ഉടമസ്ഥർക്കു വേണ്ടി നോക്കി നടത്തി, പരിപാലിച്ചു. നല്ല വസ്ത്രങ്ങൾ ധരിച്ചു, മാന്യമായി ജോലി ചെയ്തു. ബിര്യാദ്; ബാഗ്ദാദ് ക്ലോക്കിലെ ഒരോയൊരും മൃഗകഥാപാത്രം. മരണാസന്നനായ നായയെ, (അവനെ അങ്ങനെയാരും വിളിക്കാറില്ല, ബിര്യാദ് എന്നല്ലാതെ.) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഷൗക്കത്തങ്കിളും തെരുവുകാരും ഒരേപോലെ തിരിച്ചറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന സത്യമായിരുന്നു- ബിര്യാദ് ഒരു വ്യത്യസ്ത 'വ്യക്തിത്വ'ത്തിനുടമയാണ്. ബിര്യാദ് ഏതെങ്കിലും വീടിന്റെ ഗേറ്റിൽചെന്ന് മൂത്രമൊഴിച്ചാൽ ആ വീട്ടുകാർ ഉടൻ നാടുവിടും. അങ്ങനെ ബിര്യാദ് പ്രകടിപ്പിക്കുന്ന ഓരോ സ്വഭാവത്തിൽ നിന്നും പ്രദേശക്കാർ ഭാവിയറിയുകയായിരുന്നു. അതുകൊണ്ടുതന്നെ ബിദ്യാദിന് ഒരു പ്രവചനക്കാരന്റെ ഭയഭക്തിബഹുമാനങ്ങൾ ലഭിച്ചിരുന്നു, പുതിയൊരു പ്രവചനക്കാരൻ വന്നുചേരുന്നതുവരെ, അയാൾ സ്ത്രീകളെയും കുട്ടികളെയും ഭാവി പറഞ്ഞ് കയ്യിലെടുക്കുന്നതുവരെ, ആ പ്രവചനങ്ങൾ സത്യമാകുന്നതു വരെ!
നട്ടപ്പാതിരായ്ക്ക് ബാഗ്ദാദ് ക്ലോക്കിനെ കാണാൻ പോകുന്ന കൂട്ടുകാരികൾ, പ്രണയം പകർന്ന ധൈര്യത്തിൽ ഇറാഖ് മുഴുവനും രാത്രിയ്ക്കുചുറ്റാൻ കഴിവുള്ളവർ. ഇറാഖെന്നാൽ ബാഗ്ദാദ് ക്ളോക്ക് തന്നെയാവുന്നെന്ന് വ്യത്യസ്ത കോണിലിരുന്നു കൊണ്ട് സമയം നോക്കി അഭിപ്രായപ്പെട്ട കൂട്ടുകാരികൾ. അവരെയാണ് യുദ്ധവിമാനങ്ങൾ അടർത്തിമാറ്റിയത്. ബുഷിനെയും മകൻ ജോർജ് ഡബ്ള്യു ബുഷിനെയും പെൺകുട്ടി വെറുക്കുന്നത് അതുകൊണ്ടാണ്. അമേരിക്കയുടെ കടന്നുകയറ്റം, ഇറാൻ -ഇറാഖ് യുദ്ധം, കുർദിസ്താനും സിറിയയും താല്ക്കാലികമായി ദുബായിയും അഭയകേന്ദ്രങ്ങളാക്കിയവർ, കഥപറച്ചിലുകാരിയുടെ തെരുവ് വളരുകയാണ്. ഐക്യരാഷ്ട്രസംഘടനയുടെ യുദ്ധസമാധാന ഉടമ്പടിയോളം എത്തുന്നു ആ തെരുവിന്റെ വളർച്ച.
അറേബ്യൻ കഥകൾ നമുക്ക് ആയിരത്തൊന്നു രാവുകളാണ്. ഷഹർസാദയിൽ നിന്നും ഷഹാദിലേക്കെത്തുമ്പോൾ അറേബ്യകഥകൾ ഉറക്കമില്ലാത്ത, സമാധാനം നഷ്ടപ്പെട്ട പതിനായിരത്തൊന്നു രാവുകൾ തന്നെയായി മാറുന്നു.ഷഹർസാദ് ഉറക്കാതിരുന്നത് ഒരേയൊരു രാജാവിനെയായിരുന്നെങ്കിൽ ഷഹാദ് നഷ്ടപ്പെടുത്തിയത് ലോകത്തിന്റെ തന്നെ ഉറക്കമാണ്. ഉറക്കവും സമാധാനവും ജീവിതവും നഷ്ടപ്പെട്ട ഒരു ജനതയ്ക്കുവേണ്ടി തന്റെ പ്രഥമനോവലായ ബാഗ്ദാദ് ക്ലോക്ക് എഴുതുമ്പോൾ പ്രിയ എഴുത്തുകാരീ നിങ്ങൾ എത്രമാത്രം വേദന തിന്നുവോ അത്രമാതം ഈ വായന അതനുഭവിപ്പിക്കുന്നുണ്ട്. മാതൃഭൂമി ബുക്സിനുവേണ്ടി സ്മിത മീനാക്ഷി വിവർത്തനം ചെയ്ത 'ബാഗ്ദാദ് ക്ലോക്ക്' വായനയുടെ ഓർമഞരമ്പുകളിൽ എക്കാലവും തെളിഞ്ഞുതന്നെ കാണപ്പെടും.
Content Highlights: Book Review on Baghdad Clock Written by Shahad Al Rawi translated by Smitha Meenakshi Published by Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..