'മനുഷ്യനും ജൈവികനാശത്തിനായി രൂപാന്തരപ്പെട്ടൊരു ജീവിയല്ലേ'; 'വാട്ടര്‍ബോഡീസ്' തുറന്നിടുന്ന റിപ്പബ്ലിക്


ഡോ. സ്വപ്ന സി. കോമ്പാത്ത്

മലയാളത്തിലെ ഓര്‍മയെഴുത്തുകളുടെ കൂട്ടത്തില്‍ കേമം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ കൃതി നിസ്സഹായരുടെ വലിയൊരു ലോകത്തെ 118 പേജുകളില്‍ ചേര്‍ത്തടക്കുന്നു.

ജി. ആർ. ഇന്ദുഗോപൻ, പുസ്തകത്തിന്റെ കവർ

'Water is life's matter and matrix, mother and medium. There is no life without water.'-Albert Szent Gyorgy

നോബല്‍ പുരസ്‌കാരജേതാവായ ആല്‍ബര്‍ട്ട് സെന്റ് ജോര്‍ജി വെള്ളത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞ ഈ വാചകം ഒരു ശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടാണ്. പക്ഷേ ജീവന്‍ നിലനിര്‍ത്തുന്ന അവശ്യവസ്തു എന്നതിലുപരി, വെളളം ജീവനും ജീവിതവുമാകുന്ന പ്രത്യേക ജൈവസംസ്‌കാരത്തില്‍ പുലരുന്ന മനുഷ്യരെസംബന്ധിച്ച് ജലം ജീവദാതാവ് തന്നെയാണ്. അന്നവും ആലംബവുമാകുന്ന മടിത്തട്ടായി വെള്ളത്തെ കാണുന്നവരുടെ ജീവിതത്തിനുള്ളിലേക്ക് ഊളിയിടുന്ന ഒരനുഭവമാണ് ജി.ആര്‍ ഇന്ദുഗോപന്‍ എഴുതി, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വാട്ടര്‍ബോഡി-വെള്ളം കൊണ്ടുള്ള ആത്മകഥ' എന്ന കൃതി. 'വെള്ളത്തിന്റെ നടുക്ക്, കോടാനുകോടി ജീവികള്‍ക്കൊപ്പം കഴിഞ്ഞ കുറേകാലമുണ്ടായിരുന്നു' എന്ന വാചകത്തോടെ തുടങ്ങുന്ന ആമുഖത്തില്‍ പരിസ്ഥിതിയെ അല്ലെങ്കില്‍ ജലമെന്ന ആവാസ വ്യവസ്ഥയ സംബന്ധിച്ചുള്ള ആത്മവിചിന്തനമാണ് ഉള്‍ക്കൊള്ളുന്നത്. 'നമുക്ക് നഷ്ടപ്പെട്ടതെന്തെന്ന് സ്വയം ചോദിച്ചപ്പോള്‍ നമ്മളിലെ നമ്മള്‍ തന്നെ ഇറങ്ങിവന്ന്, നമ്മുടെ ചെവിക്കുറ്റിക്ക് ഒന്ന് തന്നതിന്മേലുള്ള അന്ധാളിപ്പും അതിന്മേലുള്ള കുറച്ചൊക്കെ വകതിരിവുമാണ് ഈ എഴുത്ത് 'എന്ന് എഴുത്തുകാരന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സൂര്യന്റെ പ്രതാപത്തിനപ്പുറം ജീവന്റെ അടിസ്ഥാനം നനവാണെന്ന് വിശ്വസിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നാല്പതോളം വര്‍ഷത്തെ ജലാനുഭവങ്ങള്‍ ഏഴ് അധ്യായങ്ങളിലായി പങ്കുവെക്കുന്നു. കുളയട്ടകള്‍, മാക്രി, ഞണ്ട്, ചള്ള, മുരള്‍മീന്‍, പുളവന്‍, മുശി എന്നിങ്ങനെ ഏഴ് ജലജീവികളുടെ പേരാണ് ഓരോ അധ്യായത്തിനും നല്‍കിയിരിക്കുന്നത്. സാധാരണ ഓര്‍മയെഴുത്തില്‍നിന്ന് ഈ കൃതി വ്യത്യസ്തമാകുന്നത് നഗ്‌നമായ ആത്മാവ് പോലെ സുതാര്യമായ ആഖ്യാനത്തിലൂടെയാണ്. സത്യസന്ധതയും ദൃശ്യാവിഷ്‌കാരവൈഭവവുമാണ് ആ ആഖ്യാനത്തിന് ചാരുത പകരുന്നത്. 'പിച്ച നടക്കുമ്പോള്‍ വെള്ളത്തില്‍ വീണ് മുങ്ങിച്ചാകാതിരിക്കുക എന്നതാണ് ആദ്യപാഠം' എന്നാണ് തന്റെ ജീവിതത്തെക്കുറിച്ച് ഇന്ദുഗോപന്‍ പറയുന്നത്. പറയത്തക്ക രീതിയില്‍, കാലവര്‍ഷം പെരുക്കുമ്പോള്‍ ഒരു ദ്വീപായി മാറുന്ന വലിയ വയലിന്റെ നടുക്കുള്ള തന്റെ പലകയടിച്ച ചുമരുകളുള്ള വീട്ടില്‍ നിന്നാണ് ഇന്ദുഗോപന്റെ ഓര്‍മകളുടെ തുടക്കം. കുളയട്ടയെക്കൊണ്ട് വളംകടി മാറ്റിയ അമ്മൂമ്മ ട്രിക്കും പിന്നീട് ആ അട്ടകളെ ഒരു അറബ് വൈദ്യന് ചികിത്സക്കായി കൈമാറിയതുമായ അമ്മൂമ്മ ബിസിനസ്സും എഴുത്തുകാരന്‍ ഓര്‍മിക്കുന്നു. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഏകദേശം ഇരുപത് വര്‍ഷങ്ങളെങ്കിലും ആയിക്കാണണം കുളയട്ടയെ കണ്ടിട്ടെന്ന് എഴുത്തുകാരന്‍ പരിഭ്രാന്തിയോടെ ഓര്‍ത്തെടുക്കുന്നത് കാലത്തിന് വന്ന മാറ്റമായും പ്രാദേശികമായ വംശനാശമായും അദ്ദേഹം തിരിച്ചറിയുന്നു. കുളയട്ടകളെ കാണാതായതുകൊണ്ട് നമുക്ക് പ്രശ്‌നമൊന്നും തോന്നുന്നില്ലെങ്കിലും ലോകത്തിന്റെ താളത്തെ അത് സാരമായി ബാധിക്കുമെന്ന് ഇന്ദുഗോപന്‍ ഓര്‍മപ്പെടുത്തുന്നു.

'മാക്രി' എന്ന അധ്യായത്തില്‍ 'ഒരു നാഗരികന്റെ അഹങ്കാരത്തില്‍നിന്ന് എല്ലാവരും ഒരിക്കല്‍ മടങ്ങും. എന്റേതുള്‍പ്പെടെ സകലരുടെ അഭ്യാസവും ഒടുങ്ങും' എന്ന പ്രതീക്ഷയാണ് എഴുത്തുകാരന്‍ പങ്കുവെയ്ക്കുന്നത്. 'ഞണ്ട്' എന്ന അധ്യായം ആലംബഹീനരായവരുടെ ദൈവത്തെക്കുറിച്ചുള്ള പുതിയ ഒരു സങ്കല്പം മുന്നോട്ട് വെക്കുന്നു. 'ചള്ള'-എഴുത്തുകാരന്റെ വാചകം കടമെടുത്താല്‍ വാലിന്റടുത്ത് ബ്യൂട്ടിക്കുത്തുള്ള കരിമീനിന്റെ ഒരു മിനിയേച്ചറാണ് ചള്ള, വറുക്കാന്‍ ഉഗ്രന്‍. ഈ അധ്യായത്തില്‍ മാക്രിയെ സംരക്ഷിക്കുന്നതില്‍ അച്ഛന് മാക്രി എന്ന ഇരട്ടപ്പേര് വന്നതിനെക്കുറിച്ച് ഇന്ദുഗോപന്‍ വിശദമാക്കുന്നുണ്ട്. 'മുരള്‍മീന്‍' എന്ന അധ്യായത്തില്‍ മൃഗങ്ങളോടു ദയ പുലര്‍ത്തുന്ന അച്ഛനെക്കുറിച്ചാണ് പ്രത്യേകം പരാമര്‍ശിക്കുന്നത്. 'പുളവന്‍' എന്ന അധ്യായത്തില്‍ നമ്മുടെ ഉള്ളില്‍ അറിയാതെ കിടക്കുന്ന വെള്ളത്തിനോടുള്ള അഭിനിവേശം മൂത്ത് കായലിനും കടലിനുമിടയ്ക്ക് ഒരു കൊച്ചുവീടും പുരയിടവും വാങ്ങിക്കണമെന്ന് ഇന്ദുഗോപനും കൂട്ടര്‍ക്കും തോന്നിയതും ആത്മവിമര്‍ശനവുമാണ് പ്രതിപാദിക്കുന്നത്. 'മുശി'(ആഫ്രിക്കന്‍) എന്ന അധ്യായത്തില്‍, 1979ല്‍ കൊല്ലം പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയപ്പോള്‍, കായലായിക്കിടക്കുന്ന വയലിന് നടുവിലെ വീട്ടില്‍ നിന്നും മാറാന്‍ തയ്യാറാകാതിരുന്ന ഇന്ദുഗോപന്റെ അമ്മ 'ആരെയും വെള്ളം ശല്യപ്പെടുത്തില്ല. അതിന്റെ വഴിക്കു പോകും. വഴക്കിനു ചെല്ലില്ല. പക്ഷേ പോകാനുള്ള വഴി തടയരുത്' എന്ന സിദ്ധാന്തത്തിലുറച്ച് നിന്നതായും, മൂന്നരപതിറ്റാണ്ടിന് ശേഷം ആ വയലില്‍ നിന്ന് വെള്ളമിറങ്ങാതെ അമ്മ ബുദ്ധിമുട്ടുന്നതും അദ്ദേഹം വിവരിക്കുന്നു.

മനുഷ്യനും ജൈവികനാശത്തിനായി രൂപാന്തരപ്പെട്ടൊരു ജീവിയല്ലേ? എന്നചിന്തയോടെ അവസാനിക്കുന്ന 'വാട്ടര്‍ബോഡീസ്' ജലത്തിന്റെ ഒരു റിപ്പബ്ലിക്കിനെയാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ജലത്തില്‍ ജനിച്ചവര്‍, ജലംകൊണ്ട് വളര്‍ന്നവര്‍, ജലംകൊണ്ട് ജീവിച്ചര്‍, ജലത്തിന്റെ വഴിയടച്ചവര്‍, ജലത്തെ കൊല്ലാന്‍ നോക്കുന്നവര്‍ എല്ലാം ഇവിടെയുണ്ട്. മലയാളത്തിലെ ഓര്‍മയെഴുത്തുകളുടെ കൂട്ടത്തില്‍ കേമം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ കൃതി നിസ്സഹായരുടെ വലിയൊരു ലോകത്തെ 118 പേജുകളില്‍ ചേര്‍ത്തടക്കുന്നു. 'ഇതിലൊരു മനുഷ്യര്‍ക്കും പേരുമില്ല. ചുറ്റുമുള്ള ജലത്തെയും ജീവഗണ ത്തെയും മാത്രം ശ്രദ്ധിക്കുക' എന്നൊരു മുന്നറിയിപ്പ് നമുക്ക് എഴുത്തുകാരന്‍ ആദ്യമേ തരുന്നുണ്ട്. വീടും ബന്ധുക്കളും നാടുമെല്ലാം ഇതില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പക്ഷേ ഇവരെയെല്ലാം കൂട്ടിയിണക്കുന്നത് നനവാണ്. ജലത്തിന്റെ പൊക്കിള്‍കൊടിയാല്‍ ചുറ്റപ്പെട്ടവര്‍. അവരില്‍ നിന്നും പലരും കാണാതാക്കുന്നു. ചിലയിടങ്ങളില്‍ വെള്ളം തന്നെ കാണാതാകുന്നു. അവിടങ്ങളില്‍ കെട്ടിടം പൊന്തുന്നു. അച്ഛനില്ലാത്തവരും അന്നമില്ലാത്തവരും ആശ്രയമില്ലാത്തവരുമായ മനുഷ്യരോടൊപ്പം ജലജീവികള്‍ക്കും ജലത്തിനുംകൂടി വംശനാശം സംഭവിക്കുമോ എന്ന ചോദ്യത്തിലേക്കും, ഒരു കാലം ഒരു നാട് വെള്ളത്തിനൊപ്പം ചിന്തിച്ചും ചിരിച്ചും ജീവിച്ചിരുന്നതെങ്ങിനെ എന്നും ഈ ആത്മകഥ വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ സത്തയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട കവര്‍ഡിസൈനിങ്ങും ശ്രദ്ധേയം.

Content Highlights: book review of water body vellam kondulla athmakatha,book by g r indugopan,review by swapna c kombat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented