-
ഓരോ കഥയും ഓരോ ജീവിതമാണല്ലോ, അനുഭവങ്ങളുടെ മുഴക്കങ്ങൾ സൂക്ഷിച്ച വലിയ മൺഭരണികളാണീ ഭൂമിയ്ക്കടിയിൽ ഉള്ളത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ, നല്ല കൈത്തഴക്കമുള്ളവന്റെ കയ്യിൽ അതേറെ മധുരിതമാകും. പി.എഫ്. മാത്യൂസിന്റെ പുതിയ കഥാസമാഹാരം ഊറിത്തെളിയുന്നത് ആ മധുരവീര്യത്തിലേയ്ക്കാണ്. പതിനൊന്ന് കഥകൾക്കുള്ളിലും ജീവിതാനുഭവങ്ങളുടെ സൂക്ഷ്മസ്പന്ദനങ്ങൾ കേൾക്കാം. വായനക്കാരനും കാതുകൂർപ്പിച്ച് കഥയുടെ ഓരത്തുകൂടി സഞ്ചരിക്കണം. മണ്ണൊരുക്കുന്ന കൃഷിക്കാരന്റെ മനസ്സുറപ്പും പ്രതീക്ഷയുമെല്ലാമുണ്ട് ആ ഉഴുതുമറിക്കലിന്.
പി.എഫ് മാത്യൂസ് അങ്ങനെയാണ് കളകളില്ലാത്ത കഥയുടെ നിലം ഒരുക്കിയെടുത്തിരിക്കുന്നത്. മൂർച്ചയുള്ള വാക്കുകളിൽ ധ്വനിക്കുന്ന ദാർശനികതയുടെ തലവും പച്ചജീവിതങ്ങളുടെ ലളിതമായ തത്വചിന്തയും കൂടുതൽ ചിന്തയിലേക്കാഴ്ത്തുന്നു. ദസ്തോവ്സ്കിയും കാർലോസ് വില്യംസും തർക്കോവ്സ്കിയുമെല്ലാം കഥാപാത്രങ്ങളുടെ ഉള്ളിലിരുന്ന അടക്കം പറയുന്നത് എഴുത്തുകാരന്റെ പ്രത്യേക മമതകൊണ്ടാണ്. ടോം വട്ടക്കുഴിയുടെ പെയിന്റിംഗ് ഭീകരമായൊരു മുഴക്കം തന്നെയാണ്. ഈ കഥകളുടെ പ്രവേശകത്തിന്, ഒരു ധ്യാന്യാത്മകതയുണ്ട് ഓരോ കഥയുടെയും അന്തര്‍ഭാവത്തിന്. അതേറെ അറിയണമെങ്കിൽ സൂക്ഷ്മധ്യാനത്തോടെ വായനക്കാരനും ഒരുങ്ങണം.
മുഴക്കമെന്ന ആദ്യത്തെ കഥയില്‍ അതിസാധാരണമായൊരു ഇതിവൃത്തത്തെ അസാധാരണമായൊരു ഉള്‍ക്കിടലത്തോടെ വായിക്കുവാൻ പ്രേരിപ്പിക്കും മട്ടിൽ ആവിഷ്കരിക്കുന്നത് കൗതുകമുണ്ടാക്കുന്നു. ഓർമ്മകളിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരു മദ്ധ്യവയസ്കൻ. വർഷങ്ങൾക്കുശേഷം അയാളുടെ തിരിച്ചുവരവ്. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ മടങ്ങിയെത്തിയപ്പോൾ ഉൾക്കൊള്ളാനാവാതെ ഭാര്യയുടെ നെടുവീർപ്പുകൾ കഥയിൽ മുഴുവൻ മുഴക്കമായിത്തീരുന്നു. പതിനേഴാം നൂറ്റാണ്ടിൽ പാരീസിൽ നിർമ്മിക്കപ്പെട്ട മരിച്ചവർക്കായുള്ള വലിയ തുരങ്കസ്മാരകങ്ങൾ സ്വപ്നം കണ്ട അപൂർവ്വവ്യക്തിത്വമായ ആ വൃദ്ധപിതാവിന്റെ ഉള്ളിലേക്ക് നോക്കുകയാണ് മകൾ ഷീല. മനുഷ്യരിങ്ങനെയാണ്, അപൂർവ്വസ്വപ്നങ്ങളും ചിന്തകളും കയറിക്കൂടി വ്യത്യസ്തരാക്കുമ്പോൾ സമൂഹത്തിനവരെ ഉൾക്കൊള്ളാനാവുന്നില്ല. പൊതുലോകത്തുനിന്നും ഇറങ്ങി നടക്കുന്നവന്റെ ഉൾവിചാരങ്ങളെ അളക്കാനുള്ള മാപിനികൾ ഇനിയും നമുക്കില്ലാതാവുന്നതിന്റെ വേദന കൂടിയാണീ കഥ.
‘ജീവിതം ജീവിതം എന്നു പറയുന്നത്’ എന്ന അർദ്ധോക്തിയുടെ ജീവിതം ആവിഷ്കരിക്കുന്ന സിനിമാലോകത്തിന്റെ ആവർത്തനങ്ങളെക്കുറിച്ച് കഥാകൃത്ത് ഉത്കണ്ഠപ്പെടുന്നുണ്ട്. ഇവിടെയും വ്യത്യസ്തതയും വൈവിധ്യവും അളക്കാനാവാതെ മൃതരായിത്തീരുന്ന സാംസ്കാരിക ബൗദ്ധികതയെ, കലാസ്വാദ്യതയെല്ലാം വിമർശനാത്മകമാക്കി കഥയൊരുക്കുകയാണ്. കോടമ്പാക്കത്തെ മുനിയാണ്ടി ലോഡ്ജിലിരുന്ന് കഥ പറയുന്ന മെലിഞ്ഞ മനുഷ്യന്റെ നിസ്സഹായതയാണിതിൽ, കഥകളാവർത്തന വിരസമായിട്ടുകൂടി, അതേ ആസ്വദിക്കൂവെന്ന് വാശിപിടിക്കുന്ന വ്യവസ്ഥാപിതമായ പഴഞ്ചൻതന്ത്രങ്ങളെ പഴിക്കുമ്പോൾ എഴുത്തുകാരന് തിരിച്ചറിവുണ്ടാകുന്നു.
‘വനജ’ ഒരനുഭവമാണ്. കുട്ടിക്കാലത്തെ ഓർമ്മകൾ ഉണരുന്ന ഒരു വർത്തമാനമുഹൂർത്തത്തിന്റെ കഥ. ഗൃഹാതുരതയുണർത്തുന്ന ബാല്യകാലസൗഹൃദങ്ങളും അത്ഭുതകഥകളുടെ അമാനുഷികലോകവുമെല്ലാം കുട്ടികൾക്ക് സത്യങ്ങളാണ്. മുതിരുമ്പോൾ സത്യമായെങ്കിലെന്ന് മോഹിക്കുന്ന സ്വപ്നങ്ങളായ പരിണമിക്കുന്നതും അതേ അനുഭവലോകങ്ങൾ തന്നെ.
വിചിത്രമായ സ്വപ്നങ്ങളും അതിന്റെ തുടർച്ചയായി ജീവിതത്തെത്തന്നെ സ്വപ്നതുല്യമാക്കുന്ന അമ്മയുടേയും, ആ കഥയെല്ലാം പകർത്തിവയ്ക്കുന്ന ചിത്തനെന്ന മകന്റെയും ജീവിതം ഒട്ടൊന്ന് ചിന്തി പ്പിക്കും. അതാണ് "ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസമെന്ന കഥ’. അമ്മയുടെ ഉന്മാദലോകങ്ങളും പ്രണയവും എല്ലാമെല്ലാം കഥകളായി മാറുമ്പോൾ കഥയേക്കാൾ വലിയ ജീവിതത്തിലേക്ക് വായനക്കാരൻ അത്ഭുതത്തോടെ നോക്കിപ്പോകും. ആരാരും കാണാത്ത അതിസൂക്ഷ്മതകളെ കാണാനുള്ള കണ്ണ് വേണം ജീവിതങ്ങളെ നോക്കിക്കാണുവാൻ. തുന്നാരൻകിളിയുടെ കൂടൊരുക്കൽപോലെ അത്രയും സൂക്ഷ്മമാണത്. കാപട്യമില്ലാത്ത ഒരു ലോകം സൃഷ്ടിക്കാൻ കഥയിലോ ജീവിതത്തിലോ സാധിക്കുമോ എന്ന ചിത്തന്റെ ചോദ്യങ്ങളിലൂടെയാണ് കഥയവസാനിക്കുന്നത്.
അമ്മയും മകനും ആവർത്തിക്കപ്പെടുകയാണ്. നളിനി രണ്ടാം ദിവസമെന്ന കഥയിൽ. കഥകളി ജീവിതത്തെ ഓർമ്മിപ്പിച്ചുകൊണ്ടും ‘നളചരിതത്തിലെ ദിവസങ്ങൾപോലെ നാടകീയതകൊണ്ട് സ്വയം നിറയുകയാണ് ഈ കഥയിലെ അമ്മ. അമ്മയുടെ ‘പ്രേമജീവിതം’ പകർത്തുന്നതിനിടയിൽ ഒരു കഥാപാത്രം കയറിവന്ന് സംസാരിക്കുകയാണ്. മനുഷ്യർ തമ്മിലുള്ള സവിശേഷബന്ധങ്ങളേയും ഇണക്കങ്ങളേയും വിദഗ്ദ്ധമായി കഥയിലേക്ക് സംയോജിപ്പിക്കുകയാണ് കഥാകാരൻ. വെളുത്തനിറമുള്ള മയക്കത്തിലും നളിനിയും ചിത്തനും ജീവിതത്തിൽനിന്ന് കഥ മെനയുകയാണ്. “അവനവനിലും പഴേതിലുമൊക്കെ മുഴുകിയവരെങ്ങനാടാ പുതിയതെന്തെങ്കിലും എഴുതണേ” എന്ന അമ്മയുടെ ചോദ്യം പുതിയ തലമുറയ്ക്ക് നേരെയുള്ള ചോദ്യം തന്നെയാണ്. ഇന്ത്യൻ സിനിമയും വിദേശസിനിമയും അതിലുപരി സംസ്കാരങ്ങൾതമ്മിലുള്ള താരതമ്യവും ഈ കഥയുടെ ഉപരിഘടനയിൽ പ്രകടമാണ്.
‘കയ്പ്’ എന്ന കഥയിൽ കഥയെകുറിച്ചുതന്നെയുള്ള രണ്ട് തലമുറകളുടെ കാഴ്ചപ്പാടാണ്. അമ്മയുടെ ജീവിതപരിസരങ്ങളിൽ നിന്നുകൊണ്ട് സംഘർഷവും കാല്പനികതയും ദുരന്തങ്ങളുമെല്ലാം ചാലിച്ച പാറ്റേണിലുള്ള എഴുത്ത് മഹത്തരമാകുമ്പോൾ, ആലങ്കാരികതയിൽ പച്ചയായ ജീവിതത്തെ വിവരിക്കുന്ന കാർലോസ് വില്യംസിന്റെ രചനകൾപോലെയുള്ള രചനാസകേതകൾ മകന്റെ ലോകത്തും മഹത്തരമാകുന്നു. ഈ രണ്ട് ലോകങ്ങളുടെ സംഘർഷമാണീ കഥ. ഒടുവിൽ മകന്റെ ലോകത്തെ കപടതകളെ പുച്ഛിക്കുന്ന അമ്മയെയാണ് കഥാന്ത്യത്തിൽ കാണുന്നത്.
ചിത്തൻ മാധവിയ്ക്കെഴുതുന്ന കത്താണ് ‘കനം’. ഇവിടെയും ഭാരതീയവും പാശ്ചാത്യവുമായ എഴുത്തുലോകങ്ങളുടെ കനം തുലനം ചെയ്യുകയാണ് ചിത്തൻ. റഷ്യൻ എഴുത്തും ഫ്രഞ്ച് എഴുത്തും കഥാകാരനെ സ്വാധീനിച്ചതിന്റെ വഴികൾ വിവരിക്കുമ്പോൾ തന്നെ ജീവിതത്തിൽ കാതൽ തേടുന്ന വൈകാരികമുഹൂർത്തങ്ങൾ കൊത്തിവയ്ക്കുന്ന ഇന്ത്യൻ രചനാവൈഭവത്തേയും ചികഞ്ഞെടുക്കുന്നുണ്ട്. അതിനിടയിലൂടെ ഉന്മാദിയായ അമ്മയുടെ ജീവിതത്തിലേക്കുള്ള അന്വേഷണവും.
‘മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർത്ഥന’ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള ഭ്രമാത്മകമായ അവസ്ഥയാണ്. കുട്ടിക്കാലത്തെ ഫ്ളാഷ്ബാക്കുകളിലൂടെ വർത്തമാനത്തിന്റെ വേദനകളെയും ആശങ്കകളേയും ഫാന്റസിക്കഥ പോലെ പറയുമ്പോൾ, പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്ക് വായനക്കാരനെ പിടിച്ചുകയറ്റുന്നുണ്ട് കഥാകാരൻ. കുറേപേരുടെ പട്ടിണിയകറ്റാൻ പട്ടാളത്തിൽ ചേർന്ന് മരണത്തെ പുണരുകയും കാണുകയുമെല്ലാം ചെയ്യുന്ന പട്ടാളജീവിതത്തിന്റെ സംഘർഷങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
‘ഞാവൽപ്പഴം’ മധുരമായൊരു നീറ്റലുണർത്തുന്ന പ്രണയകഥയാണ്. ‘ഇഡിയറ്റ്’ എന്ന ദെസ്തോവ്സ്കിയുടെ നോവൽവായനയുമായി ചേർത്തുവച്ചുകൊണ്ടാണ് ഇതിലെ പ്രണയം വിടരുന്നത്. കഥാനായകന്റെ അലോഷിയെന്ന കൂട്ടുകാരനും അയാളുടെ പെങ്ങൾ ലിസ്സിയുടെ ജീവിതവും എത്രമാത്രം തന്നെ ജീവിതവുമായി ചേർത്തുവയ്ക്കുന്നു എന്നതിന്റെ മുഹൂർത്തങ്ങളാണീ കഥയിൽ ആവിഷ്കരിക്കുന്നത്.
ഒരാളുടെ ജീവിതം മറ്റൊരാളുടെ വാക്കിലൂടെ ആവിഷ്കൃതമാവുമ്പോൾ തികച്ചും വ്യത്യസ്തമാകുന്നു. പരിഭാഷപ്പെടുത്തുമ്പോൾ തീർത്തും മറ്റൊന്നായി മാറ്റപ്പെടുന്നു. ജീവിതത്തേകുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ വിവർത്തനത്തിനും ബാധകമാണ്. അതുതന്നെയാണ് പരിഭാഷകൻ എന്ന കഥ പറയുന്നതും, സോളമന്റെയും ആനിയുടേയും രാധികയുടേയും ജീവിതം മരണത്താൽ ചുറ്റിവളഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമരണത്തെ കൊലപാതകമെന്ന് പരിഭാഷപ്പെടുത്തുന്ന പൊതുസമൂഹത്തിന്റെ കൗതുകകാഴ്ചയേയും അടയാളപ്പെടുത്തുകയാണിവിടെ. ‘ആശയം മാത്രമുള്ള പാഠങ്ങളെ മൊഴിമാറ്റുമ്പോൾ പരിഭാഷകൻ വാർത്തകളുടെ ഭാഷമാറ്റിക്കൊടുക്കുന്ന യന്ത്രപ്പണിക്കാരനായ പത്രക്കാരനായി മാറുന്നു’എന്ന് സോളമൻ ചിന്തിക്കുമ്പോൾ അയാളുടെ ജീവിതം മൊഴിമാറ്റിയവരെക്കുറിച്ചോർക്കുന്നു.
ഓരോ കഥയും കഥയെഴുത്തിന്റെ തന്നെ വൈവിധ്യലോകങ്ങളിലേയ്ക്ക് ചിന്തിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്നു. കഥാകാരനെ സ്വാധീനിച്ച, പാശ്ചാത്യ രചയിതാക്കളുടെ രചനാലോകങ്ങൾ, താരതമ്യങ്ങൾ എന്നിവ കൊണ്ട് ഗൗരവസ്വഭാവം വരുന്നുവെങ്കിലും കഥയുടെ ഒതുക്കവും ലാളിത്യവും കൊണ്ട് വായനാസൗഖ്യത്തിലേക്കും ചെല്ലുവാനാകും. ജീവിതത്തിന്റെ ദാർശനികസമസ്യകളെ കഥകൊണ്ട് പൂരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സൃഷ്ടി, മുഴക്കത്തെ വ്യത്യസ്തപ്പെടുത്തുന്നു. മനോഹരമായ പതിനൊന്ന് കഥകൾ കൊണ്ട് മലയാള കഥാലോകം സമ്പന്നമാക്കിയ പി.എഫ്.മാത്യൂസിന് അഭിനന്ദനങ്ങൾ.
Content Highlights :Book Review Muzhakkam Short Stories P F Mathews
Content Highlights: Book Review Muzhakkam Short Stories P F Mathews
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..