'ആരാവണം എന്നുചോദിച്ചാല്‍ മിനിമം പി.എഫ് മാത്യൂസിന്റെ നളിനിയെങ്കിലുമായിത്തീരണം!'


മായ കടത്തനാട്‌

സ്വന്തം മുറിയിലെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ലാപ്‌ടോപ്പിലെ സിനിമയിലേക്ക് മുഴുകുന്ന അമ്മയോടുള്ള പ്രതിഷേധം കൊണ്ട് മുറിവിട്ടുപോകുന്ന ചിത്തനെ ശ്രദ്ധിക്കാതെ സിനിമയിലേക്ക് മുഴുകുന്ന അസാധ്യ ആസ്വാദനശേഷയുള്ള സ്ത്രീയാണ് നളിനി. ഭാവിയില്‍ മിനിമം ഒരു നളിനിയെങ്കിലുമാകണം!

പി.എഫ് മാത്യൂസ്

പി.എഫ് മാത്യൂസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമായ മുഴക്കം മായ കടത്തനാടിന്റെ വായനയില്‍...

ണ്ടൊരിക്കല്‍ പട്ടിണികൊണ്ട് വയറുകോടിയ നിരാശയില്‍ ഞാന്‍ അമ്മയോട് ചോദിച്ചു നിങ്ങള്‍ക്കെന്നെ വല്ലോര്‍ക്കും പോറ്റാന്‍ കൊടുത്തൂടായിരുന്നോ എന്ന്. പറഞ്ഞുമുഴുമിക്കുന്നതിനുമുമ്പേ ഞാന്‍ കരഞ്ഞുപോയിരുന്നു. അങ്ങനെ പറയാന്‍ കാരണമുണ്ട്. എന്നെ പോറ്റാന്‍ തരുമോ എന്നു ചോദിച്ച് മക്കളില്ലാത്ത കൂട്ടുകാരി അമ്മയോട് കാലുപിടിച്ച് കെഞ്ചിയിരുന്നത്രേ. അച്ഛന്റെ വീട്ടിലെ എല്ലാ കുഞ്ഞുങ്ങളുടെയും ഫോട്ടോകള്‍ അക്കാലത്തെ പുകപിടിച്ച ചുവരില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. എന്റേതൊഴികെ. എന്റെ കുട്ടിക്കാലം ഫോട്ടോയാക്കാനൊന്നും ആരുമുണ്ടായിരുന്നില്ലേ എന്നു ചോദിച്ചു ഞാന്‍ കരയുമ്പോള്‍ അമ്മ പറയും. നിന്റെ ഫോട്ടോയാ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. അതെല്ലാം അവളെടുത്തുകൊണ്ടുപോയി. കുഞ്ഞില്ലേലും ഫോട്ടോയെങ്കിലും താടീ എന്നും പറഞ്ഞ്. പക്ഷേ അപ്പറഞ്ഞതില്‍ അമ്മ നല്ലവണ്ണം മായം കലര്‍ത്തിയതാണെന്ന് എനിക്കറിയാം. ഞാനൊക്കെ അവതരിക്കാന്‍ നേരവും കാലവും അടുത്തപ്പോഴേക്കും കുടുംബമങ്ങ് റബ്ബറ് പോലെ വലിഞ്ഞുനീണ്ട് പൊട്ടാനാഞ്ഞു നില്‍ക്കുകയായിരുന്നു. വിശക്കുമ്പോള്‍, വിചാരിച്ചത് കിട്ടാത്തപ്പോള്‍, നല്ലത് ഉടുക്കാനില്ലാത്തപ്പോള്‍ അമ്മയോട് നിരാശയോടെ ഞാന്‍ ചോദിക്കുമായിരുന്നു നിങ്ങക്കെന്നെയങ്ങ് പോറ്റാന്‍ കൊടുത്തൂടായിരുന്നോ. അന്ന് അമ്മ പറഞ്ഞ മറുപടിയുണ്ട്- പത്തെണ്ണത്തിനെ കുഴിയ്ക്കു കൊടുത്താലും ഒരുതള്ളേം ഒറ്റൊന്നിനെ പോറ്റാന്‍ കൊടുക്കില്ല. ആ വാക്കുകളുടെ മുഴക്കം ഇന്നെന്റെ തലച്ചോറിലൂടെ പാഞ്ഞത് അതിലും വലിയൊരു മുഴക്കവുമായി കുത്തിയിരുന്നപ്പോഴാണ്. പി.എഫ് മാത്യൂസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പതിനൊന്നു കഥകളുടെ 'മുഴക്ക'മായിരുന്നു അത്്!

എന്റെ പോറ്റും കഥയും തമ്മിലെന്തു ബന്ധം എന്നാണെങ്കില്‍ ഈ കഥാസമാഹാരത്തിലെ നളിനി രണ്ടാം ദിവസം എന്ന കഥയുമായി ,'സുമതി മരുന്നു തിന്നുന്നു'എന്ന വാചകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചിത്തന്‍ എന്ന എഴുത്തുകാരന്‍ മകനും നളിനി എന്ന ബുദ്ധിശാലിയായ അമ്മയും തമ്മിലുള്ള ബന്ധമാവുന്നു. നളിനിയുടെ കാമുകന്മാരില്‍ താല്‍ക്കാലികമായി നിലവിലുള്ളതും ഏഴാമത്തേതും എന്നാല്‍ സുമതിയുടെ പൂര്‍വകാമുകനുമായ നരേന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അഗ്രഹാരത്തിലെ സുമതിയെ കാണാന്‍ നരന്ദ്രേന്‍ പോകുന്നത് നളിനിയോടൊപ്പമാണ്. സുമതിയാവട്ടെ നരേന്ദ്രനെ കണ്ടമാത്രയില്‍ കിളിപോയി ഇരിപ്പാണ്; വെറുതേയിരിപ്പല്ല, രണ്ടുപേരും മുറിയടച്ചിരിപ്പാണ്. സുമതിയുടെ രണ്ടുവയസ്സുള്ള കുട്ടിയെ കഷ്ടപ്പെട്ടു പാട്ടിലാക്കുന്ന നളിനി തൊട്ടടുത്ത കടയില്‍ നിന്നും എരിവുള്ള കറി കൂട്ടി ചോറുവരെ വാരിക്കൊടുത്ത് വയറ് നിറപ്പിച്ചിട്ടും സമയമേറെ കഴിഞ്ഞിട്ടും നരേന്ദ്രനും സുമതിയും മുറിയില്‍ നിന്നിറങ്ങിയിട്ടില്ല. സുമതി നര്‍ത്തകിയും നടിയുമാണ്. അവര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ല. കുഞ്ഞിനെ ലാളിച്ച് വളര്‍ത്താനുള്ള സമയമോ സാഹചര്യമോ സുമതിയുടെ ജീവിതത്തില്‍ വരാമ്പോകുന്നില്ല എന്ന തിരിച്ചറിവിലാണ് നളിനി ചോദിക്കുന്നത് കുഞ്ഞിനെ കൂടെ കൊണ്ടുപോയ്‌ക്കോട്ടെ എന്ന്. അത് കേട്ടയുടനെ നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ എന്നു ചോദിച്ച നരേന്ദ്രന്റെയും സുമതിയുടെയും ഒറ്റമനസ്സിനെയാണ് നളിനിയ്ക്ക് പിടികിട്ടാത്തത്. പ്രസവിച്ചുവെന്ന ഒറ്റ ന്യായത്തില്‍ കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുന്നതിന്റെ യുക്തിബോധത്തെ നളിനിയെന്ന സ്ത്രീ മനസ്സാ ചോദ്യം ചെയ്യുമ്പോള്‍ എന്റെ യഥാര്‍ഥജീവിതത്തില്‍ ഞാന്‍ അനുപമയ്‌ക്കൊപ്പമായിരുന്നു. നേരെ വായിച്ചാലും താഴോട്ടുവായിച്ചാലും ഒരുപോലെ വായന വരുന്ന സുമതി മരുന്നു തിന്നുന്നു എന്ന വാചകം എനിക്കിഷ്ടമായി. അവള്‍ പക്ഷേ ജീവിതമാണ് തിന്നുന്നത്.

പണക്കാരുടെ, വലിയ ഗേറ്റുള്ള വീടുള്ളവരുടെ, അനക്കം കേട്ടാല്‍ പാഞ്ഞടുക്കുന്ന കൂറ്റന്‍ നായയുള്ള വീടുകളിലെ പഴുത്തുവീഴുന്ന മാവിലയ്ക്കുപോലും പാവപ്പെട്ട കുഞ്ഞുങ്ങളെ വശീകരിക്കാന്‍ കഴിവുണ്ട്. പിന്നെയാണോ മന്ത്രവാദിനിയെന്നവണ്ണം മെലിഞ്ഞ മദാമ്മയുടെ ബംഗ്ലാവിനുമുറ്റത്തെ പച്ചറോസാപ്പൂവിന്റെ കാര്യം! 'വനജ'യെന്ന കഥ നമ്മളെയും കൊണ്ട് ഒരു കുതിപ്പാണ്. ഒരു കുട്ടിക്കാലം കയറിയിറങ്ങിയ പൊട്ടക്കിണറുകളും, കരിമൂര്‍ഖന്‍ തൊടികളും, നായ്പ്പാച്ചിലുകളുമെല്ലാം ഊത്തമീന്‍ കയറുന്നവണ്ണം മനസ്സിലേക്കിരച്ചുകയറ്റിത്തരും വനജ. വനജയിലെ കുട്ടിക്കാലം എന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നെങ്കിലും നേരം വെളുക്കും മുമ്പേ നാട്ടുമാങ്ങകള്‍ പെറുക്കി കാലിയാക്കിയ പട്ടരുടെ പറമ്പും, നട്ടുച്ചയ്ക്ക് മയിലാഞ്ചി പറിച്ചെടുത്ത് തേക്കിലയില്‍ പൊതിഞ്ഞ് ചാടിക്കടന്ന പള്ളിപ്പറമ്പും വനജ തന്നെയാണ് ഓര്‍മിപ്പിച്ചത്. വലിയവീടുകളില്‍ പട്ടികള്‍ക്കെന്തിത്ര വീര്യമെന്ന് തോന്നിപ്പോകും മദാമ്മയുടെ കൂറ്റന്‍ നായയെ കാണുമ്പോള്‍; മനസ്സ് ഏറ്റെടുത്ത വായന അങ്ങനെയാണല്ലോ, കണ്‍മുന്നിലൂടെ സംഭവങ്ങളങ്ങനെ ഞെളിഞ്ഞുതെളിഞ്ഞുനില്‍ക്കും. കുട്ടിക്കാലത്തെ കൂട്ടിന് വല്ലാത്ത ആര്‍ദ്രതയാണ്. നമ്പ്യാരുടെ മോന്‍ പ്രജിയും ഞാനും നാട്ടിലെ ബോബനും മോളിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞങ്ങള്‍ കാണാത്തതൊന്നുമില്ല, കേള്‍ക്കാത്ത സംഭവങ്ങളുമില്ലായിരുന്നു നാട്ടില്‍. കുട്ടികളെയാരു ശ്രദ്ധിക്കാന്‍!

Book Cover
പുസ്തകം വാങ്ങാം

പുസ്തകത്തിന്റെ തലക്കെട്ട് മുഴക്കമെന്നാണല്ലോ. ഉള്ളില്‍ത്തങ്ങിപ്പോകുന്ന ഒരു വാചകമുണ്ട് മുഴക്കമെന്ന കഥയില്‍. 'അത്...നമ്മുടെ.. ആരുമല്ല..എങ്ങനെയെങ്കിലും ഒഴിവാക്ക്!' ഒരുവിധം തപ്പിപ്പിടിച്ചുകൊണ്ടുവന്ന പപ്പയെന്നയാള്‍ക്ക് ജീവിതവുമായി ബന്ധിപ്പിക്കാന്‍ തരത്തിലുള്ള ഒരു ഓര്‍മയും സംഭവവും താനുമായോ അമ്മയുമായോ ഇല്ലെന്നു മനസ്സിലാക്കുന്ന ഷീലയില്‍ അനുഭവപ്പെടുന്ന പൊള്ളയായ മുഴക്കം. ഓര്‍മ എന്നൊന്നില്ലേല്‍, ബന്ധങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലേല്‍ തികച്ചും ഒഴിവാക്കപ്പെടേണ്ടതായ ഒന്നായി മാറും ഏതപ്പനും! എ പ്ലസ് ബി ഓള്‍സ്വയ്കര്‍ പോലെ സങ്കീര്‍ണമാണ് ബന്ധങ്ങള്‍. മുഴക്കം വായിച്ചവസാനിക്കുമ്പോള്‍ തോന്നുക സത്യത്തില്‍ ഷീലയ്ക്ക് ആളെ മാറിപ്പോയിരിക്കുമോ എന്ന ശങ്കയാണ്. വായന പുരോഗമിക്കേ നമുക്ക് സങ്കല്പത്തിനപ്പുറത്തെ രണ്ട് കഥാപാത്രങ്ങളെ കാണാം. നളിനിയും ചിത്തനും. കാര്യം അമ്മയും മകനുമൊക്കെയാണ്. വായിച്ചുകൊണ്ടിരിക്കേ നോവലാണ് നമ്മുടെ കയ്യിലുള്ളത് എന്ന തോന്നലുളവാക്കുന്ന മട്ടില്‍ മൂന്നോളം കഥകളില്‍ ഇവര്‍ മേലാളന്മാരായി ഇരിക്കുന്നത് കാണാം. നളിനി ആള് മികച്ച ഒരമ്മയാണ്. അതിലും മികച്ചതായ ജനാധിപത്യബോധം മകന്‍ ചിത്തനുണ്ട്. അതുകൊണ്ടായിരിക്കാം അമ്മയുടെ എട്ടാമത്ത പ്രണയവും എങ്ങനെയായിത്തീരും എന്നയാള്‍ മുന്‍വിധിയെഴുതുന്നത്. മറ്റൊരു കാര്യം കൂടിയുണ്ട്. രണ്ടുപേരും സാഹിത്യം ഇഷ്ടപ്പെടുന്നവരാണ്. എഴുതാന്‍ ഇഷ്ടമുള്ളവരാണ്. സ്വന്തം മുറിയിലെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ലാപ്‌ടോപ്പിലെ സിനിമയിലേക്ക് മുഴുകുന്ന അമ്മയോടുള്ള പ്രതിഷേധം കൊണ്ട് മുറിവിട്ടുപോകുന്ന ചിത്തനെ ശ്രദ്ധിക്കാതെ സിനിമയിലേക്ക് മുഴുകുന്ന അസാധ്യ ആസ്വാദനശേഷയുള്ള സ്ത്രീയാണ് നളിനി. ഭാവിയില്‍ മിനിമം ഒരു നളിനിയെങ്കിലുമാകണം!

മുഴക്കം എന്ന കഥാസമാഹാരത്തിലെ അവസാനത്തെ കഥയായ പരിഭാഷകനാണ് ഞാന്‍ മുമ്പേ വായിച്ച കഥ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അത് പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ തന്നെ 'സോളമന്‍ ഇപ്പോള്‍ പടികള്‍ എണ്ണാറില്ല' എന്ന വാചകം കീഴടക്കിക്കളഞ്ഞിരുന്നു. ഏഴുവര്‍ഷമായി സോളമന്‍ ഒരു പരിഭാഷയില്‍ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. (ഓര്‍മ വരുന്നത് കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്റെ ആമുഖക്കുറിപ്പില്‍ പ്രിയ എ.എസ് പറഞ്ഞതാണ്; രണ്ട് കൊല്ലമായി ഞാനീ കല്ലുരുട്ടാന്‍ തുടങ്ങിയിട്ട്.) സോളമന്റെ ഭാര്യആനി മരണപ്പെട്ടതില്‍ സുഹൃത്തായ രാധികയ്ക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടാവുമോ എന്ന മനുഷ്യസഹജമായ അന്വേഷണത്വര കൊണ്ട കഥയാകമാനം ശ്വാസം മുട്ടിക്കുന്നുണ്ട്. അതിനിടയിലാണ് സോളമന്റെ പരിഭാഷാമോഹത്തോട് നമുക്ക് വല്ലാത്തൊരിഷ്ടം കൂടി തോന്നുന്നത്. പാവം ഇത്രയും കാലം വാധ്യാരായി വായിച്ചുജീവിച്ചുവെന്നല്ലാതെ കാര്യമായ സര്‍ഗാത്മകമുന്നേറ്റമൊന്നും നടത്തിയിട്ടില്ല. അതുവായിച്ചുകൊണ്ടിരിക്കേയാണ് ജീവിതം വായന കൊണ്ടുതീര്‍ക്കുന്ന സൈക്കോളജിക്കല്‍ സവിശേഷതയുള്ളവരെക്കുറിച്ചോര്‍മ വന്നത്. ഉപാധികളില്ലാതെ വായനയുമായി പ്രണയത്തിലായവര്‍. ഇന്നത് വായിച്ച് ഇന്നവരോട് ഇങ്ങനെ അഭിപ്രായപ്പെടണം എന്ന ഉപാധിയില്‍ പെട്ടുപോവാത്തവര്‍. എഴുത്തുകാരെ വ്യക്തിപരമായി അറിയുമ്പോള്‍ പലപ്പോഴും വായനപ്പരിപാടിയില്‍ വന്നുഭവിക്കുന്ന മനസ്സിന്റെ സാങ്കേതികതടസ്സം അനുഭവിക്കാതെ വായനയാല്‍ അനുഗ്രഹീതരായവര്‍. സുഹൃത്തും കോളേജ് അധ്യാപകനും സര്‍വ്വോപരി പ്രണയാതുരനുമായ ഒരു അറുഞ്ചംപുറഞ്ചം വായനകക്കാരന്‍ കാഫ്കയുടെ വിചാരണ വായിച്ച് വായിച്ച് കിണറ്റില്‍ വീണ സംഭവമാണ് പരിഭാഷകന്‍ വീണ്ടും വായിച്ചപ്പോള്‍ ഓര്‍മ വന്നത്. ഇക്കഥയിലെ സോളമനെ അയാളോടൊപ്പം ചേര്‍ത്തുവായിച്ചതെന്തിനാണെന്നു ചോദിച്ചാല്‍ അറിഞ്ഞുകൂടാ. ഒരുപക്ഷേ ജോസഫ് കോണ്‍റാഡും സാമുവല്‍ ജോണ്‍സണും റിച്ചഡ് കോറിയുമാണ് പരിഭാഷകനില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നതിനാലാവാം.

പി.എഫ് മാത്യൂസിനെ വായിക്കുമ്പോള്‍ തോന്നിയിട്ടുണ്ട് കേരളത്തില്‍ ഒരു ലാറ്റിനമേരിക്കന്‍ പ്രദേശമുണ്ടെന്നും അവിടെയുള്ള ഭാഷയും ജീവിതവുമാണ് വായിച്ചുകൊണ്ടിരിക്കുന്നതെന്നും. ഞാവല്‍പ്പഴം എന്ന കഥയിലെ വിഷ്ണു തന്റെ സുഹൃത്തായ അലോഷിയെയും തേടി അവന്റെ വീടിരിക്കുന്ന പ്രദേശത്തു പോകുമ്പോള്‍ ദൈവമേ ചെക്കന് ഹൃദയത്തിന് തകരാറണല്ലോ എന്നെന്റെ ഹൃദയം മിടിക്കാന്‍ തുടങ്ങിയിരുന്നു. ഞാവല്‍പ്പഴത്താല്‍ സ്‌നേഹം പങ്കിടുന്ന ലിസിയും വിഷ്ണുവും. ആയാസപ്പെട്ട് മുളച്ചുപൊങ്ങിയാലും എങ്ങുമെത്തില്ല എന്ന ഉറപ്പ് വിറകുപുരയിലെ തേങ്ങാമുളയ്ക്കുണ്ടാവും. അതുപോലെയൊരു പ്രണയമായിപ്പോയി പാവത്തുങ്ങളുടേത്. എഴുത്തുകാരില്‍ ഏറ്റവും നീറ്റല്‍ അനുഭവിച്ചതും അനുഭവിപ്പിച്ചതും ദസ്തയേവ്‌സ്‌കിയാണ്. അതുകൊണ്ടായിരിക്കാം ഇഡിയറ്റിനുമേല്‍ ഇത്രകണ്ട് വിഷ്ണു അള്ളിപ്പിടിച്ചത്. പ്രായവും കാലവും മാറിയിട്ടും, വിശാലമായൊരു ഹൃദയം ഓപ്പറേഷനായി തുറന്നുവെച്ചിട്ടും എക്കാലവും താനൊരു ഇഡിയറ്റ് തന്നെയായിരുന്നല്ലോ എന്ന തിരിച്ചറിവായിരിക്കും അയാളെ ഭരിക്കുന്നത്!
വായനക്കാരെ എഴുത്തുകാരന്റെ വരുതിയില്‍ കൊണ്ടുവരുന്ന മന്ത്രവാദിയാണ് പി.എഫ് മാത്യൂസ്. അങ്ങോട്ടുമിങ്ങോട്ടും അനങ്ങാനും തിരിയാനും സമ്മതിക്കാതെ അയാള്‍ കഥകള്‍ക്കുള്ളില്‍ മനുഷ്യനെ തളച്ചിടുന്നു.

Content Highlights :Book Review Muzhakkam By PF Mathews Mathrubhumi Books MayaKadathanad

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented