കോട്ടയത്തിന്റെ ഉള്ളറകളിലേക്ക്, വ്യത്യസ്ത ജീവിതങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന 'കോട്ടയം ഡയറി'


പ്രസീത മനോജ്

പെണ്ണമ്മച്ചിയെ പരിചയപ്പെടുത്തുമ്പോൾ സ്മിതയെപ്പോലെ വായനക്കാരും അത്ഭുതം കൂറി നിന്നുപോകും. പെണ്ണമ്മച്ചിയുടെ ചോദ്യങ്ങളിലൂടെയും അതിനവർ തന്നെ പറയുന്ന ഉത്തരങ്ങളിലൂടെയും പെണ്ണമ്മച്ചിയുടെ ഉള്ളിലെ പെൺകരുത്തും അറിവിന്റെ ലോകവും സ്മിത വിസ്മയത്തോടെ നോക്കിക്കാണുന്നു

Images : Facebook | Smitha Girish

കുറച്ച് കാലം താമസിക്കേണ്ടി വന്ന ഒരു ചെറുനഗരം തന്റെ ഹൃദയത്തോട് ഒട്ടിനിന്നതെങ്ങനെയെന്ന് വരച്ചുകാട്ടുകയാണ് 'കോട്ടയം ഡയറി' എന്ന പുസ്തകത്തിലൂടെ സ്മിത ​ഗിരീഷ്. ജീവിതത്തിന്റെ അനുസ്യൂതമുള്ള യാത്രകളും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പ്രതിഷേധസ്വരവും വരെ ഏച്ചുകെട്ടലേതുമില്ലാതെ ഡയറിയിൽ ചേർത്തിട്ടുണ്ട്. കോട്ടയത്തിന്റേതു മാത്രമായ തലപ്പൊക്കങ്ങൾ, സൗന്ദര്യങ്ങൾ, നിശ്വാസങ്ങൾ എല്ലാം ഹ്രസ്വകാലംകൊണ്ട് കണ്ണുകൊണ്ടും മനംകൊണ്ടും ഒപ്പിയെടുത്ത് വർണ്ണിച്ചപ്പോൾ വായനക്കാർക്കും ഏറെ ആസ്വദിക്കാനും കണ്ടെത്താനുമൊക്കെ അവശേഷിപ്പിക്കുന്നുണ്ട് എഴുത്തുകാരി.

മകന്റെ സ്പീച്ച്തെറാപ്പിയും ഹൈപ്പർ ആക്ടിവിറ്റിയ്ക്കുള്ള ചികിത്സയുമൊക്കെയായാണ് സ്മിത കോട്ടയത്തെത്തുന്നത്. കുരുവിളയച്ചായന്റെ വാടകവീട്ടിലേയ്‌ക്കെത്തിയ സ്മിതയെ മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും മുഖങ്ങളായി ആ വീട്ടുകാർ കീഴടക്കി. അമ്മയെ നിരന്തരം വെല്ലുവിളിക്കുന്ന കുസൃതിക്കുടുക്കയായ മകനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുമ്പോഴും അവളുടെ ഉള്ളിലെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, സ്ത്രീത്വത്തിന്റെ ശക്തി ഇവയൊക്കെ അടിയറവുവെക്കാൻ കൂട്ടാക്കാത്തത്ര ഉൾക്കരുത്തുള്ള ഒരു സ്ത്രീയെ എഴുത്തുകാരിയുടെ ഉള്ളിൽ നിന്ന് വായനക്കാർക്ക് കണ്ടെടുക്കാൻ സാധിക്കുന്നു. വെറുമൊരു അനുഭവവിവരണമോ കോട്ടയം കാഴ്ചകളോ അല്ല കോട്ടയം ഡയറി. സ്മിത ഉറക്കെ പ്രഖ്യാപിക്കുന്ന സ്വാതന്ത്ര്യവും സൗന്ദര്യബോധവും പ്രതിഷേധസ്വരങ്ങളുമൊക്കെച്ചേർന്ന് കരുത്തുള്ള ചിന്തകളിലേക്ക് നയിക്കുന്നവ കൂടിയായി ഈ എഴുത്ത് മാറുന്നുണ്ട്.

ഒരു അഭിഭാഷകജീവിതത്തിന്റെ അനുഭവങ്ങൾ ഏറെ വൈവിധ്യമാണ്. വ്യത്യസ്തരായ ആളുകളുടെ ജീവിതത്തിലൂടെ വ്യത്യസ്ത മാനസ സഞ്ചാരങ്ങളിലൂടെ ഒരു യാത്ര. ഒറ്റപ്പെടലുകൾ ഇല്ലാതെ ഒരു കൂട്ടം മനുഷ്യരുടെ ഉള്ളിലൂടെ കയറിയിറങ്ങാനുള്ള അവസരവും ഈ തൊഴിലിന്റെ ഭാഗമായതിനാൽ സാധിക്കുന്നു. ഏതു കാഴ്ചയുടേയും ഉള്ളറയിലേക്ക് കണ്ണെത്തിക്കാൻ കവി കൂടിയായ എഴുത്തുകാരിയ്ക്ക് സാമർഥ്യമുണ്ട്.

റബറിൻതോട്ടങ്ങളും പള്ളിമണിയൊച്ചയും കരിമ്പച്ചനിറത്തിൽ തണുത്തിരിക്കുന്ന കോട്ടയത്തിന്റെ വഴികളും ഭക്ഷണവും കോട്ടയത്തേക്ക് തൊഴിലാവശ്യത്തിനെത്തുന്ന സ്മിതയുടെ സുഹൃത്തുക്കളും നാട്ടുകാരായ പച്ചമനുഷ്യരേയും ആഴത്തിലറിയുന്നുണ്ട് സ്മിത ഗിരീഷ്. ഇടയിലിടയിൽ ഇഷാൻ നമുക്കുള്ളിലെവിടെയോ വാത്സല്യത്തോടെ ഓടി നടക്കുന്നു. അവനു നിഷിദ്ധമായ മധുരത്തിന്റെ എണ്ണപ്പലഹാരത്തിന്റെ കൊതി പോലെ ആ കുഞ്ഞിനോട് നമുക്ക് തോന്നുന്ന കൊതിയായി ഇഷാൻ ഉള്ളിലൊരു ഉറവായിത്തീരുന്നു. ചിട്ടയായ പഠനക്രമത്തിൽ ഇഷാനെപ്പോലെയുള്ള കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്ന സ്‌കൂളും അമ്മമാർക്ക് ആശ്വാസമാണ്.

ഓരോ തലക്കെട്ടുകളും വ്യത്യസ്തരായ മനുഷ്യരിലൂടെ കോട്ടയത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. വഴിയോരത്തെ കാഴ്ചയും കച്ചവടക്കാരും കോട്ടയത്തിന്റെ സംസ്‌കാരവും സാമൂഹ്യമാനങ്ങളും ചിത്രംപോലെ കോർത്തിണക്കാനും വിരസതയില്ലാതെ സംഭാഷണങ്ങളിലൂടെ ആളുകളെ പരിചയപ്പെടുത്തുവാനുമുള്ള കഥാകാരിയുടെ കൈചാതുരി ശ്രദ്ധേയമാണ്. മലയാളത്തിലെ കവികളേയും നിരൂപകരേയും ചലച്ചിത്രതാരങ്ങളേയുമെല്ലാം സ്മിത ഗിരീഷിന്റെ അനുഭവലോകങ്ങൾ പരിചയപ്പെടുത്തി തരുന്നു.

പെണ്ണമ്മച്ചിയെ പരിചയപ്പെടുത്തുമ്പോൾ സ്മിതയെപ്പോലെ വായനക്കാരും അത്ഭുതം കൂറി നിന്നുപോകും. പെണ്ണമ്മച്ചിയുടെ ചോദ്യങ്ങളിലൂടെയും അതിനവർ തന്നെ പറയുന്ന ഉത്തരങ്ങളിലൂടെയും പെണ്ണമ്മച്ചിയുടെ ഉള്ളിലെ പെൺകരുത്തും അറിവിന്റെ ലോകവും സ്മിത വിസ്മയത്തോടെ നോക്കിക്കാണുന്നു. പെൺസ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു കാലഘട്ടത്തെക്കുറിച്ചും അന്ന് പെണ്ണുങ്ങൾ അതിനുള്ള ആശ്വാസമായി വിളംബരം ചെയ്തുപോന്ന നന്മയുടെയും പുണ്യത്തിന്റെയും ഗാഥകൾ സൃഷ്ടിച്ച ജീവിതസുരക്ഷയുടെ സ്വാസ്ഥ്യങ്ങൾ പെണ്ണമ്മച്ചിയുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.

കോട്ടയത്തെ പ്രധാന ഭക്ഷണത്തിലൊന്നായ മീൻകറിയുടെ വിശേഷങ്ങൾ ഈ ഡയറിയിലാകെ സുഗന്ധവ്യാപിയാകുന്നു. സ്മിതക്കും വായനക്കാർക്കും നാവിൽ വെള്ളമൂറുന്ന മത്സ്യക്കാഴ്ചകൾ അടുക്കള ഗന്ധങ്ങൾ, കപ്പയും കാച്ചിലും പുഴുങ്ങുന്നതിന്റെ നനുത്ത ഗന്ധം ഇതെല്ലാം ഗൃഹാതുരമായ ഗന്ധങ്ങളായി ഓർമ്മകളിൽ നിറയ്ക്കുവാൻ മനോഹരമായ ഈ വിവരണത്തിനു കഴിയുന്നുണ്ട്.

കോട്ടയം ഡയറി ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെൺലോകത്തെക്കുറിച്ച്, ശരീരത്തെക്കുറിച്ച്, സ്വാതന്ത്ര്യത്തെക്കുറിച്ചെല്ലാം സ്മിത തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതോടൊപ്പം സമൂഹമനസ്സിൽ പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള അടഞ്ഞ സമീപനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ''നമ്മൾ തളർന്നും സങ്കടപ്പെട്ടും കറുത്ത വസ്ത്രം ധരിച്ച് നടക്കുന്നതു കാണാനാ ലോകത്തിനിഷ്ടം. നമ്മൾ ചിരിക്കുന്നത് ഇഷ്ടമില്ല ഈ കപടസമൂഹത്തിന്'' എന്ന പ്രസന്നചേച്ചിയുടെ അഭിപ്രായത്തിന് അടിവരയിടുന്നുണ്ട് സ്മിത ഗിരീഷ്. ഒരു സ്ത്രീ അവൾക്കിഷ്ടമുള്ള ലോകത്തേയ്ക്ക് അഭിരമിച്ചാൽ കണ്ണുകടിയുള്ള, അവളെകുറിച്ച് അപവാദം പറയുന്ന സമൂഹത്തെയും ഈ അനുഭവസഞ്ചാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരാധനാലയങ്ങളെപ്പറ്റിയും പുരോഹിതവർഗ്ഗത്തിന്റെ ഇടുക്കമനസ്ഥിതിയും, മതമൗലികവാദികളും വിവരദോഷികളുമായ മനുഷ്യരുമെല്ലാം നിശിതമായ വിമർശിക്കപ്പെടുന്ന വരികളും സ്മിതയുടെ എഴുത്തിന്റെയും ചിന്തയുടെയും തീഷ്ണതയായി അടയാളപ്പെടുത്തുന്നു.

ജീവിതത്തിന്റെ വ്യതിരിക്തമായ വഴികളിലെല്ലാം കണ്ടുമുട്ടിയ കൂട്ടുകാരുടെ നനുത്തസ്പർശനം, തളരാതിരിക്കാനുള്ള ഊർജ്ജമായി ഉള്ളിൽ നിറഞ്ഞതിന്റെ ഓർമ്മകളും, ഗൃഹാതുരതയുമെല്ലാം ചേർന്ന അനുഭവങ്ങളും സ്മിതയുടെ ജീവിതം നനുത്തസ്പർശം തന്നെയായി മാറുന്നു.

കേരളത്തെ ബാധിച്ച പ്രളയകാലവും കെടുതികളുമെല്ലാം ഡയറിയിൽ കുറിയ്ക്കുന്നുണ്ട്. സ്മിതയെയും മകനെയും സഹായിക്കാനെത്തുന്ന ഓട്ടോ ചേട്ടന്മാരും, അവരുടെ സത്യസന്ധവും നിഷ്‌കളങ്കവുമായ കൂട്ടുമെല്ലാം കോട്ടയത്തെ മനുഷ്യർ എഴുത്തുകാരിയുടെ ഹൃദയത്തിൽ ചേർന്നിരിക്കുന്നതിന് കാരണമായി. മീൻകൊതി മൂത്ത് ഷാപ്പിലെ ആഹാരം തേടി ചെല്ലുന്നതിന്റേയും, കോട്ടയത്തെ പള്ളികളുടേയും ക്ഷേത്രങ്ങളുടെയും അകത്തളങ്ങൾ ഒരേപോലെ കണ്ടതും, ബസ് സ്റ്റാൻഡിലേയും മാർക്കറ്റിലേയും തിരക്കുകളിലേയ്ക്ക് മകനേയും കൂട്ടി സഞ്ചരിച്ചതുമെല്ലാം ഓർമ്മകളിലെ സുഖങ്ങൾ തന്നെ.

വളരെ ചെറിയ കാലത്തെ കോട്ടയംജീവിതം കൊണ്ട് രസകരമായി എഴുത്തുകാരിയുള്ള നർമ്മം മനോഹരമായി, എഴുത്തിന്റെ ഭാവനാസമ്പന്നമായ ലോകത്ത് സ്മിതക്ക് ഒരിടമുണ്ടെന്നത് തീർച്ച. ഓരോ മനുഷ്യരും വായനക്കാരുടെ കൂടി പ്രിയ മിത്രമായിത്തീരുന്നത് സ്മിതയുടെ ഭാഷയുടെ വിരുതിനാൽ തന്നെ കോട്ടയം ഡയറി ഏറെ വായിക്കപ്പെടട്ടെ.

Content Highlights: Book Review Kottayan Diary written by Smitha Girish

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented