അറബിക്കടലോളം നീളുന്ന ചരിത്രത്തിന്റെയും ചതിയുടെയും കഥ!


അബ്ബാസ്.

ഇതിലെ ഹാരിസ് എന്ന കഥാനായകന്‍ നമ്മളില്‍ ആരൊക്കെയോ ആണ്. നമ്മുടേതായ പലതും ഹാരിസിലുണ്ട്. അവന്റെ പ്രണയവും ഭൗതിക നേട്ടങ്ങളും പ്രണയ നഷ്ടവും അവനെ ചൂഴ്ന്നുനില്‍ക്കുന്ന ചരിത്രവുമൊക്കെ നമ്മുടെത് കൂടിയാക്കി മാറ്റി, അത് അനുഭവിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു .

പുസ്തകത്തിന്റെ കവർ

അഷ്‌റഫ് കാമ്പുള്ളി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അറബിക്കടലും അറ്റ്‌ലാന്റിക്കും' എന്ന നോവലിന് അബ്ബാസ് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.

രു കുഞ്ഞിന്റെ ജനനം എന്ന് പറയുന്നത് അനന്തമായ സാധ്യതകളാണ്. ആ കുഞ്ഞില്‍ എന്തൊക്കെയാണ് പ്രകൃതി ഒളിപ്പിച്ച് വെച്ചിട്ടുള്ളതെന്ന് ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക? അത്തരത്തില്‍ തന്നെയാണ് പുതിയ എഴുത്തുകളെയും എഴുത്തുകാരെയും ഈയുള്ളവന്‍ വായിക്കുന്നത്. സ്‌ഫോടനാത്മകമായ പ്രതിഭാശേഷിയുള്ളവര്‍ ഉണ്ടാവാതിരിക്കില്ലല്ലോ. എവിടെയാണ് കാലം ഒരു മൈല്‍ക്കുറ്റി നാട്ടിയിട്ടുള്ളത് എന്ന് ആര്‍ക്കാണ് പ്രവചിക്കാനാവുക?

അഷ്‌റഫ് കാമ്പുള്ളിയുടെ പ്രഥമ നോവലായ 'അറബിക്കടലും അറ്റ്‌ലാന്റിക്കും' വായന തുടങ്ങി പതിനാല് പേജ് കഴിഞ്ഞപ്പോഴേക്കും ബോധ്യമായി ഈ എഴുത്തുകാരന് വായനക്കാരോട് പലതും പറയാനുണ്ടെന്ന്. ആ പറച്ചിലിന് ലളിതമായൊരു ഭാഷാശൈലിയുമുണ്ട്. വായനക്കാരെ ഭാഷ കൊണ്ടുള്ള സര്‍ക്കസ് കാണിച്ച് മയക്കിയ എത്രയോ രചനകള്‍ നമ്മള്‍ ശ്വാസംമുട്ടി വായിച്ചുതീര്‍ത്തിരിക്കുന്നു.

എഴുത്തുകാരന്‍ ഭാഷയെ അതിന്റെ നേരില്‍, ലളിതമായി എന്നാല്‍ പ്രമേയം ആവശ്യപ്പെടുന്ന ശക്തിസൗന്ദര്യങ്ങളോടെ ഉപയോഗിച്ചിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ഭാഷയാണ് എഴുത്തുകാരുടെ ആയുധം. ഭാഷ തന്നെയാണ് വായനക്കാരുമായി സംവദിക്കുന്നത്. ഭാഷയുടെ കാര്യത്തില്‍ ഈ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു. പുതുപുത്തന്‍ പ്രമേയം ഒന്നുമല്ല അറബിക്കടലും അറ്റ്‌ലാന്റിക്കും നമ്മോട് പറയുന്നത് .പക്ഷേ തന്റെ പ്രമേയത്തെ അവതരിപ്പിക്കാന്‍ നോവലിസ്റ്റ് തെരഞ്ഞെടുത്ത പശ്ചാത്തലവും കാലനിര്‍ണ്ണയങ്ങളും തികച്ചും പുതുമയുള്ളതാണ്.

അറ്റ്‌ലാന്റിക്കില്‍ നിന്ന് അറബിക്കടലോളം നീളുന്ന ചരിത്രത്തിന്റെയും ചതിയുടെയും കച്ചവടത്തിന്റെയും പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന ഈ നോവലില്‍ നമ്മള്‍ മറ്റൊരു കോഴിക്കോടിനെ കാണുന്നു. എസ്.കെ യും എം.ടി യും എന്‍.പി.മുഹമ്മദും പി.എ. മുഹമ്മദ്‌കോയയും പറയാത്ത കോഴിക്കോടിന്റെ മറ്റൊരു കഥ.

വെറുമൊരു കഥപറച്ചില്‍ മാത്രമല്ല ഇത്. എഴുപതുകളിലെ കോഴിക്കോടിന്റെ സാമൂഹ്യജീവിതവും കച്ചവട ജീവിതവുമെല്ലാം നോവലിസ്റ്റ് പൊതിഞ്ഞു വെച്ചിട്ടുള്ളത് ഹാരിസ് എന്ന കഥാനായകന്റെയും സാറയുടെയും പ്രണയത്തിന്റെ സുഗന്ധത്തിലാണ്.

ഹാരിസിന്റെ സ്‌കൂള്‍ കാലവും ചാവക്കാട്ട് നിന്ന് കോഴിക്കോട്ടേക്കുള്ള വരവും ചുരുങ്ങിയ വാക്കുകളിലാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതിനൊരു ചാരുതയുണ്ട്. ഹാരിസിന്റെ ക്യാമ്പസ് കാലം പ്രണയ കാലം കൂടിയാണ്. എഴുപതുകളിലെയും എണ്‍പതുകളിലെയും നമ്മുടെ ക്യാമ്പസുകള്‍ എങ്ങനെയായിരുന്നുവെന്ന് ,നമ്മുടെ പ്രണയകാലങ്ങള്‍ എങ്ങനെയൊക്കെ ആയിരുന്നു എന്ന് നമ്മള്‍ ഈ നോവലില്‍ അനുഭവിച്ചറിയുന്നു. തിരതല്ലുന്ന പ്രണയക്കടലുകളെ ഉള്ളിലൊളിപ്പിച്ച്, ഒരു വാക്കിനും മറുവാക്കിനും ഇടയില്‍ ദിവസങ്ങളുടെ കാത്തിരിപ്പും ,ഒരു നോട്ടത്തിനും മറു നോട്ടത്തിനുമിടയില്‍ മാസങ്ങളുടെ തപസ്യയും, ഒരു ചിരിക്കും മറു ചിരിക്കുമിടയില്‍ വര്‍ഷങ്ങളുടെ ധ്യാനവും പൂക്കാലമാക്കി മാറ്റിയ ആ പ്രണയ കാലങ്ങള്‍ ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല .ആ കാലം അനുഭവിക്കാത്തവര്‍ പോലും ഈ പ്രണയ കാലത്തിന്റെ മാസ്മരികതയില്‍ ലയിച്ച് പോകും വിധം അഷ്‌റഫ് കാനാമ്പുള്ളി തന്റെ വാക്കുകളെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.

ഈ നോവലിന്റെ എട്ടാം അധ്യായമായ, ജൂബിലി, ഒറ്റ ശ്വാസത്തിലാണ് വായിച്ച് തീര്‍ത്തത്. ഒരു കാലത്തിന്റെ ക്യാമ്പസും അവിടെ പൂത്തപ്രണയമന്ദാരങ്ങളും എനിക്കുചുറ്റും കുളിര്‍ മഴയായി പെയ്തു. ആ അധ്യായം അവസാനിക്കുന്നത് ഹാരിസ് സാറയുടെ കത്ത് വായിച്ച് അവസാനിപ്പിക്കുന്നിടത്താണ്.

'ഈ ഭൂമി മുഴുവനും പനിനീര്‍പ്പൂക്കളെക്കൊണ്ടു ഞാന്‍ പുതപ്പിക്കാം. സമുദ്രങ്ങളെ മുഴുവനും ഞാന്‍ എന്റെ കണ്ണുനീര്‍ കൊണ്ട് നിറച്ചേക്കാം. വാനോളം വാഴ്ത്തിക്കൊണ്ട് സകല സ്വര്‍ഗ്ഗങ്ങളേയും ഞാനിളക്കിമറിക്കാം. ഇതൊന്നുമവിടുത്തെ മനസിനെ കീഴ്‌പ്പെടുത്താനാവില്ലെന്നെനിക്കറിയാം. കീഴ്‌പ്പെടുത്താനായിട്ടൊരു വഴി മാത്രമേയുള്ളൂ, എല്ലാമായ എന്റെ മനസ്സ് അവിടുത്തെ മനസാവുക '
റൂമി
' ഇതാ ഞാനത് തന്നിരിക്കുന്നു.'
സാറ
സാറഎന്ന കഥാപാത്രത്തെ വളരെ ചുരുങ്ങിയ വിവരണങ്ങള്‍ കൊണ്ടാണ് നാമറിയുന്നത് .പക്ഷേ ഈ നോവലിലെ ഏറ്റവും മികച്ച കഥാപാത്രം സാറയാണ് .അവളുടയുള്ളില്‍ പ്രണയമുണ്ട്. പ്രണയത്തിനു മാത്രം സാധ്യമാവുന്ന വിശുദ്ധിയുണ്ട്. നീണ്ട കാത്തിരിപ്പുകളുടെ വേദനയുണ്ട് . പഠനം തീരും മുമ്പ് തന്നെ കച്ചവടത്തിന്റെ ലോകത്ത് എത്തിപ്പെടുന്ന ഹാരിസിനെ കാത്തിരുന്ന ആ ലോകവും, അവിടുത്തെ മനുഷ്യരും അവരുടെ ജീവിതങ്ങളും ബന്ധങ്ങളും ചതിയും പ്രതികാരങ്ങളും അറബിക്കടല്‍ പോലെ വായനക്കാരുടെ ഉള്‍ത്തീരങ്ങളില്‍ വന്ന് തിരതല്ലി നുര ചിതറിക്കുന്നു.

book cover
പുസ്തകം വാങ്ങാം

മതം ഇന്നത്തെ പോലെ മദമായി മാറാത്ത, അടയാളങ്ങളായി ചുരുങ്ങാത്ത, ആയുധമെടുത്ത് അലറി വിളിക്കാത്ത ആ നല്ല കാലവും, (നമ്മള്‍ വീണ്ടെടുക്കേണ്ട കാലം) മതത്തിന്റെ സത്തയായ ആത്മീയതയുടെ നനുത്ത സ്പര്‍ശവും ഈ കോഴിക്കോടന്‍ ജീവിതങ്ങളുടെ സംഗീതമായി നോവലിലുടനീളം ഉണ്ട്. എന്താണ് മതം എന്നതിലുപരി എന്തല്ല മതം എന്ന് മനസ്സിലാക്കിയ ഒരു സര്‍ഗ്ഗാത്മക മനസ്സിനേ ഈ അന്തരീക്ഷം സൃഷ്ടിക്കാനാവൂ. ആദ്യ നോവലാവുമ്പോള്‍ വൈകാരികതയെ അതിവൈകാരികത ആക്കിമാറ്റി വായനക്കാരെ വട്ടംചുറ്റിക്കുന്ന ഏര്‍പ്പാടൊന്നും ഈ നോവലില്‍ എഴുത്തുകാരന്‍ ചെയ്തിട്ടില്ല എന്നത് അത്ഭുതം തന്നെയാണ്. തീര്‍ച്ചയായും നീണ്ട കാലത്തിന്റെ സര്‍ഗ്ഗാത്മക ഊര്‍ജ്ജം ഈ കയ്യടക്കത്തിന്റെ പിന്നിലുണ്ട്.

തനിക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന കച്ചവടത്തില്‍ നേരിടേണ്ടിവന്ന ചതിക്കു മുമ്പില്‍ ഹാരിസ് അമ്പരന്ന് നില്‍ക്കുന്ന ഒരു ഘട്ടമുണ്ട് ഈ നോവലില്‍. പകയിലേക്കും പ്രതികാരത്തിലേക്കും ഏതൊരു മനുഷ്യനെയും നടത്തിക്കുന്ന, അല്ലെങ്കില്‍ മറവി നല്‍കുന്ന ലഹരി വഴികളിലേക്ക് നയിച്ചേക്കാവുന്ന ആ ജീവിതഘട്ടത്തില്‍ അവനെ കൂട്ടുകാരന്‍ അസ്സു കൂട്ടിക്കൊണ്ടുപോകുന്നത് പഴയൊരു മാളികപ്പുറത്തേക്കാണ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ മാസ്മരിക സംഗീതത്തിലേക്ക്. സാരംഗിയുടെ നേര്‍ത്ത വിതുമ്പലിലേക്ക്. എല്ലാം മറക്കുന്ന, ലഹരികളുടെയെല്ലാം ലഹരിയായ സംഗീതത്തിന്റെ ആ മെഹ്ഫിലില്‍ വിന്‍സന്റ് മാസ്റ്ററുണ്ട്. ഹാര്‍മോണിയത്തില്‍ വിന്‍സന്റ് മാഷ് തീര്‍ക്കുന്ന ഇന്ദ്രജാലമുണ്ട്. അവരോഹണം എന്ന പതിനെട്ടാം അധ്യായം വായിച്ചുതന്നെ അനുഭവിക്കേണ്ട അനുഭൂതിയാണ്.

ഇതിലെ ഹാരിസ് എന്ന കഥാനായകന്‍ നമ്മളില്‍ ആരൊക്കെയോ ആണ്. നമ്മുടേതായ പലതും ഹാരിസിലുണ്ട്. അവന്റെ പ്രണയവും ഭൗതിക നേട്ടങ്ങളും പ്രണയ നഷ്ടവും അവനെ ചൂഴ്ന്നുനില്‍ക്കുന്ന ചരിത്രവുമൊക്കെ നമ്മുടെത് കൂടിയാക്കി മാറ്റി, അത് അനുഭവിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു .

ഈ നോവലിന്റെ അന്തരീക്ഷവും, വേലു മൂപ്പനും പരുന്ത് ആലിയും സുധിയും സാക്ഷാല്‍ എം.ടിയുമൊന്നും നമ്മളെ വിട്ട് പെട്ടെന്ന് പോവില്ല .

എം.ടി. ഇതിലൊരു കഥാപാത്രമാണോ എന്ന് ചോദിച്ചാല്‍ അത് വായിച്ചുതന്നെ അറിയുക. ഒരു കണ്ണീര്‍ തുള്ളിയുടെ വിതുമ്പലായി സാറ ഇപ്പോള്‍ എന്റെ ഉള്ളിലുണ്ട് . അവളിലേക്ക് ഹാരിസ് ഓടി തീര്‍ത്ത ദൂരങ്ങളുമുണ്ട്. അവന്‍ ഇടറി വീണ വഴികളുണ്ട് .

ഒടുക്കം അവനെ തേടിയെത്തുന്ന സാറയുടെ പിതാവായ പുലിക്കാട്ടില്‍ അഹമ്മദ് എന്ന കഥാപാത്രം ഈ നോവലിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ഇത്തരം ഒരുപാട് കഥാപാത്രങ്ങള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്നത് ,ഈ എഴുത്തുകാരന്റെ നിരീക്ഷണപാടവത്തിന് തെളിവാണ്. ഹാരിസ് എം.ടിയെ കാണുന്ന രംഗം എത്തിയപ്പോള്‍, എം.ടി യോട് ചോദിക്കുന്ന,പറയുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ അഷ്‌റഫ് കാനാമ്പുള്ളി എന്ന എഴുത്തുകാരന്‍ തന്റെ തന്നെ ചോരയും നീരും കൊണ്ടാണ് ഹാരിസിനെ സൃഷ്ടിച്ചിട്ടുള്ളത് എന്നതിനു മറ്റു തെളിവുകള്‍ വേണ്ട എന്നായി.

ഈ അടുത്ത കാലത്ത് ഉള്ളില്‍ ചേര്‍ത്തുവച്ച പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരിയും ,ലിസിയുടെ വിലാപുറങ്ങളും, വി.എം. ദേവദാസിന്റെ ഏറിനുമൊപ്പം അറബിക്കടലും അറ്റ്‌ലാന്റിക്കും ചേര്‍ത്ത് വെക്കുന്നു.

Content Highlights : Book Review Abbas Arabikkadalum Atlandikkum Ashraf Kambully Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


saji cheriyan

2 min

മന്ത്രിയെ കുരുക്കി 'കുന്തവും കുടച്ചക്രവും'; പക്ഷേ, എന്താണീ കുടച്ചക്രം?

Jul 6, 2022

Most Commented