.
അലഞ്ഞുതിരിയലിലെ അനുഭവതീവ്രതയാണ് യാത്രകളുടെ സര്‍ഗ്ഗാത്മക പ്രതിഫലം. കാണുകയും കേള്‍ക്കുകയുമല്ല ദര്‍ശിക്കുകയും ഗ്രഹിക്കുകയുമാണ് അത്തരം യാത്രകളില്‍ യാത്രികര്‍. 'ധീരരും സാഹസികരുമാകൂ... അനുഭവങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല' എന്ന് പൗലോ കൊയ്‌ലോ എഴുതിയിട്ടുണ്ട്. നമ്മുടെ പള്ളിക്കൂടങ്ങളിലെയും കലാലയങ്ങളിലെയും പഠനയാത്രകള്‍ അടിയന്തര വിലയിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ ഇനിയും അമാന്തിച്ചുകൂടാ. ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമപ്പുറം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് അനുഭവപാഠങ്ങളാണ് അവ നല്‍കുന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. യാത്രകള്‍ വിനോദങ്ങള്‍ മാത്രമല്ല ഉള്‍ക്കരുത്തും നിലപാടും സൃഷ്ടിക്കാനുതകുന്ന മനോനിലയിലേക്ക് വളര്‍ത്തുന്നതുമായിരിക്കണമെന്ന രൂപരേഖ ഉണ്ടാകുന്നതാണ് നല്ലത്.
വായിച്ചുകഴിയുമ്പോള്‍ യാത്രയ്‌ക്കൊരുങ്ങാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണ് എട്ട്‌ദേശങ്ങള്‍ എട്ട് യാത്രകള്‍. അഭിനന്ദനീയമായ നിരീക്ഷണ പാടവമാണ് ഇതിലെ എട്ട് യാത്രികരുടെയും പൊതു പ്രത്യേകത. യാത്രയെ അനുഭവമാക്കുവാനും അനുഭവത്തെ അതിതീവ്രമായി അവതരിപ്പിക്കാനും കഴിയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളുറപ്പ്.
യാത്രചെയ്ത ദേശത്തിന്റെ ചരിത്രപശ്ചാത്തലം ഗൗരവമായി അടയാളപ്പെടുത്തുകയാണ് ' കുരുതിക്കളത്തിലെ ഇരട്ടപ്പെണ്‍കുട്ടികള്‍ ' എന്ന ജിനു സാമുവേലിന്റെ എഴുത്ത്. രണ്ടാംലോകയുദ്ധത്തിന്റെ തീവ്രത പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയദൗത്യംകൂടിയാണ് ഈ ലേഖനം. വംശഹത്യയുടെ അതിക്രൂരനേര്‍ക്കാഴ്ചയായ ഓഷ്വിറ്റ്‌സ് കൂട്ടക്കൊലയും നാസികളുടെ പ്രവര്‍ത്തനങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ' മറവിക്കെതിരേയുള്ള ഓര്‍മ്മയുടെ സമരമാണ് വിപ്ലവ 'മെന്ന മിലാന്‍ കുന്ദേര യുടെ വാക്കുകളാണ് ജിനുവിന്റെ എഴുത്തു വായിക്കുമ്പോള്‍ സ്മരണയില്‍ വരുന്നത്.
കിഴക്കനാഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നടത്തിയ യാത്രയെക്കുറിച്ചാണ് കവിത സലീഷ് എഴുതുന്നത്. ടാന്‍സാനിയന്‍ ഗോത്രവിഭാഗങ്ങളായ മസായി, ഹഡ്‌സബെ, ഡെറ്റോഗ, ചഗ്ഗ എന്നിവരുടെ ജീവിതപശ്ചാത്തലമാണ് തന്റെ യാത്രയില്‍ കവിത വിവരിക്കുന്നത്. പ്രാകൃതഗോത്രാചാരങ്ങള്‍ ഇപ്പോഴും പിന്തുടരുന്ന മസായി, വേട്ടയാടി ജീവിക്കുന്ന ഹഡ്‌സബെ, അമ്പും വില്ലും മറ്റായുധങ്ങളുമുണ്ടാക്കി വില്‍ക്കുന്ന ടാറ്റൂഗാ, ആധുനികതയോടടുത്തു നില്‍ക്കുന്ന ചഗ്ഗ... സാഹസികവും ഉദ്വേഗജനകവും കൗതുകകരവുമാണ് കവിത സലീഷിന്റെ എഴുത്ത്. സിനിമാറ്റിക് സങ്കേതത്തിന്റെ ചലനാത്മക ദൃശ്യഭംഗിയാണ് ഈ ലേഖനത്തിന്റെ സവിശേഷത.
പ്രണയവും കലയും സാഹിത്യവുമിഴചേരുന്ന വെളിച്ചത്തിന്റെ നഗരമായ പാരീസിലൂടെയുള്ള സഞ്ചാരമാണ് രമ്യ എസ് ആനന്ദ് എഴുതുന്നത്. പൊതുഗതാഗത സംവിധാനങ്ങളിലെ മികവും ഈഫല്‍ ടവറിന്റെ അനിര്‍വചനീയ ഭംഗിയും ചാള്‍സ് ഗാര്‍ണിയര്‍ രൂപകല്പനചെയ്ത ഓപ്പറ ഹൗസും മൊണാലിസാ ദര്‍ശനവും പാരീസ് കഫേകളും തുരങ്കപാതകളും ഷാസ് എലീസ തെരുവുമൊക്കെ രമ്യ എസ് ആനന്ദ് എഴുതുമ്പോള്‍ പാരീസ് ഒരു സഞ്ചരിക്കുന്ന സദ്യയാണെന്ന അനുഭവലോകത്തിലേക്ക് വായിക്കുന്നവരും കടന്നെത്തും.
നിധി കുര്യന്‍ എഴുതിയ 'സുഗന്ധങ്ങളുടെ നാട്ടില്‍ ' തികച്ചും കാവ്യാത്മകമാണ്. ഭാവഗാനസ്വഭാവത്തോടടുത്തു നില്‍ക്കുന്ന തുടക്കമാണ് ഈ യാത്രാനുഭവക്കുറിപ്പിന്.. ഉത്തര്‍പ്രദേശിലെ കനൗജില്‍ നടത്തിയ യാത്രയാണിത്. അത്തര്‍ നിര്‍മ്മാണയിടങ്ങളിലൂടെ കാല്‍നടയായി പോകുമ്പോള്‍ ഓടയിലെ ദുര്‍ഗന്ധം കൂടി അനുഭവിക്കുന്ന യാഥാര്‍ത്ഥ്യംകൂടി നിധി കുര്യന്‍ എഴുതുന്നുണ്ട്. ഇടുങ്ങിയ തെരുവുകളിലൂടെ നടന്ന് അത്തര്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ മനസ്സിലാക്കുന്നുണ്ട് യാത്രിക. ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത നിരഞ്ജനയെന്ന ഉത്തരേന്ത്യന്‍ വനിതയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ഈ ലേഖനം അവസാനിക്കുന്നത്. ഒറ്റയ്ക്കായിപ്പോകുമ്പോള്‍ കൂടുതല്‍ കരുത്തരാകുന്നവരെ അഭിവാദ്യം ചെയ്യാതെ പോകാനാകില്ലല്ലോ..
ചാദര്‍ ട്രെക്കിംഗിനെക്കുറിച്ചാണ് അജു ചിറക്കല്‍ എഴുതുന്നത്. തണുത്തുറഞ്ഞ നദിയുടെ മുകളില്‍ നടത്തുന്ന അതിസാഹസിക യാത്രയാണിത്. എവിടേക്ക് ക്യാമറ തിരിച്ചാലും അതി മനോഹര ഫ്രെയിമുകള്‍ ലഭിക്കുന്ന ശൈത്യകാലത്തെ ലേ [LEH] നഗരത്തിലെ കാഴ്ചയനുഭവങ്ങള്‍ അജു വിവരിക്കുന്നുണ്ട്. സാന്‍സ്‌കാര്‍ നദിയിലെ ചാദര്‍ ട്രെക്കിംഗിനിടയിലെ തണുപ്പിന്റെ സൂചിമുനക്കുത്ത് വായനക്കാര്‍ക്കും കിട്ടും. വ്യത്യസ്തമായ വായനാനുഭവമാണ് 'ചാദര്‍: ഒരു തണുത്തുറഞ്ഞ യാത്ര'.
ഉത്തരാഖണ്ഡിലെ രുദ്രനാഥിലേക്കുള്ള യാത്രാനുഭവമാണ് ജീന കല്യാണി എഴുതുന്നത്.ചമോലി ജില്ലയിലെ സഗ്ഗര്‍ എന്ന ഗ്രാമത്തില്‍ നിന്ന് പതിനെട്ട് കിലോമീറ്റര്‍ ട്രെക്കിംഗാണ് ജീന കല്യാണിയും സംഘവും നടത്തുന്നത്. ചതുപ്പും അരുവിയും ഇരുണ്ട കാടും കൊടുമുടികളും അനുഭവിച്ചറിയുന്ന തീവ്രപ്രയാണമാണിത്. മോക്ഷ കവാടം എന്നു കരുതുന്ന ഉയരം കൂടിയ പിതൃധാറും പനാര്‍ ബുഗിയാലും (പുല്‍മേട്) ദേവദര്‍ശിനിയുമൊക്കെ നടന്ന്കടന്ന് രുദ്രനാഥ് ക്ഷേത്രത്തിലെത്തുന്നത് യാത്രയിലെ ശാരീരിക വെല്ലുവിളികളെല്ലാം തരണം ചെയ്താണ്. ട്രെക്കിംഗിന്റെ സകല സൗന്ദര്യവും അതിബദ്ധപ്പാടുകളും നമുക്കീ ലേഖനത്തില്‍ വായിച്ചെടുക്കാനാകും.
മേഘാലയയിലെ വിവിധ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയാണ് ജിതിന്‍ ജോഷി എഴുതുന്നത്. നീലജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും അതിമോഹനമായ കാടുകളും ഒക്കെയുള്ള നിധിശേഖരത്തിന് തുല്യമാണ് മേഘാലയ എ ന്നാണ് യാത്രികന്റെ അഭിപ്രായം. ഉമോങ് നദിയും സ്‌നൊപ്‌റ്റെങ്, ഡൗകി, മൗലിന്നോങ്, റിവായി എന്നിങ്ങനെ നേരത്തേ ഉണരുകയും നേരത്തേ മയങ്ങുകയും ചെയ്യുന്ന മേഘാലയന്‍ ഗ്രാമങ്ങളുമൊക്കെയാണ് ജിതിന്‍ ജോഷിയുടെ സഞ്ചാരപാത. ഗ്രാമങ്ങളെയും നദികളെയും വൃത്തിയായി സൂക്ഷിക്കുവാന്‍ ഇവിടത്തുകാര്‍ക്ക് പ്രത്യേകശ്രദ്ധയുണ്ടെന്നുള്ളത് സന്തോഷകരമായ വിവരമാണ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന പദവി ലഭിച്ച മൗലിനോങ്ങിനെപ്പറ്റി വിശദമായി പറയുന്നുണ്ട് ഈ ലേഖനത്തില്‍. തദ്ദേശീയര്‍ സോറ എന്നുച്ചരിക്കുന്ന ചിറാപുഞ്ചിയും അദ്ദേഹം സന്ദര്‍ശിച്ചു. നൊകാലി വെള്ളച്ചാട്ടവും അതിനു പിന്നിലെ വേദനാജനകമായ കഥയും 'അമ്മക്കണ്ണീര്‍ നിലയ്ക്കാത്ത നോകാലിക' എന്ന ഈ ലേഖനത്തില്‍ പരാരാമര്‍ശിക്കുന്നുണ്ട്.
അരുണ്‍ കളപ്പില സഞ്ചരിക്കുന്നത് ആത്മാക്കളുടെ മോക്ഷനഗരിയെന്നറിയപ്പെടുന്ന വാരണാസിയിലേക്കാണ്.കാര്‍ മാര്‍ഗ്ഗമായിരുന്നു യാത്ര.യാത്രികര്‍ അനുഭവിച്ചറിയേണ്ടുന്ന പാഠശാലയാണ് വാരണാസിയെന്നാണ് അരുണിന്റെ അഭിപ്രായം. കാശിവിശ്വനാഥ ക്ഷേത്രവും ഗംഗാതീരത്തെ അനവധി സ്‌നാനഘട്ടങ്ങളും തിരക്കുനിറഞ്ഞ പാതകളും തെരുവുകളും ഗംഗയിലെ ആരതിക്കാഴ്ചകളും മോക്ഷപ്രാപ്തിക്ക് മരണം തേടിയെത്തുന്നവരുടെ ആലയമായ മുക്തിഭവനുമൊക്കെ അരുണ്‍ അനുഭവിച്ചറിയുകയും അറിയിക്കുകയുമാണ്. കാലമെത്തുമ്പോള്‍ ചടുലജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് പ്രയാണം കാക്കുന്നവരുടെ മുക്തിഭവന്‍ പ്രക്ഷുബ്ദ്ധമായ മനോനിലയിലേക്ക് വായനക്കാരെയും എത്തിക്കുമെന്നതില്‍ സംശയമില്ല.
ഈ യാത്രാ പുസ്തകം അനുഭവങ്ങളുടെ കലവറയാണ്. ശരീരവും മനസ്സും ബുദ്ധിമുട്ടിയും സംത്രാസപ്പെട്ടും അറിഞ്ഞും ആസ്വദിച്ചും അമ്പരന്നും നൊമ്പരപ്പെട്ടും നിരീക്ഷിച്ചും പരീക്ഷണങ്ങളെ നേരിട്ടുമാണ് എട്ട് യാത്രികരും സഞ്ചരിച്ചത്. ആത്മാര്‍ത്ഥതയാണ് ഇവരുടെ അടിസ്ഥാന ചോദന....
Content Highlights: Book Review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..