ബിജു റോക്കി
ഏറെ നീണ്ട ഒരു ഇടവേളയുണ്ട് ബിജു റോക്കിയുടെ കവിതകളിൽ. ഏകദേശം 16 വർഷത്തോളം കവിതയിൽ നിന്നും മാറിനിന്ന് കവിതയെ നോക്കിക്കണ്ട ഒരാൾ വീണ്ടും കവിതയിലേക്ക് എടുത്തെറിയപ്പെട്ടതിൻറെ ശ്വസിക്കുന്ന അടയാളങ്ങളായി ബൈപോളാർ കരടി എന്ന പുസ്തകവും അതിനുശേഷം വന്ന കവിതകളും അനുഭവപ്പെടുന്നു.
W S മെർവിന്റെ " the same time" എന്ന ചെറിയ ഒരു കവിതയുണ്ട്
While we talk
thousands of languages are listening,saying nothing
while we close a door.
Flocks of birds are flying through of endless light.
While we sign our names
more of us
let's go
and will never answer.
ജീവിതത്തിലെ രണ്ട് ഭാഗങ്ങളിൽ ഒരേ സമയം രണ്ട് കൊമ്പിലെ ഊഞ്ഞാലാട്ടമായും കടലിലും പുഴയിലും ഒരേസമയത്തെ തോണിയിറക്കലായും ചിരിയുടെയും കരച്ചിലിന്റെയും സമ്മിശ്രതയായും ചെയ്തുകൊണ്ടേയിരിക്കുന്ന ഒരു പ്രവർത്തിയുടെ ആവർത്തനമായും കലർന്ന ഒരു ജീവിതത്തെ കവിതയിലേക്ക് പകർത്തുന്നതിന്റെ ആധിയുണ്ട് ബിജു റോക്കിയുടെ കവിതകളിൽ.
പൂർവ്വ പരമ്പര സ്മരണകളുടെ ഇങ്ങേ അറ്റത്തുനിന്ന് കവിതയെഴുതുമ്പോൾ പരമ്പരയിലെ മുന്നറ്റത്തെ(പിന്നറ്റത്തെ) ഒരാൾ മീനായിരുന്നോയെന്ന അത്ഭുതം കവിയെ ഒരുവേള അനക്കമില്ലാതെ നിർത്തുന്നുണ്ട്. ജീവിതം മറ്റൊന്നായി മാറുന്നതിന്റെ,അല്ലെങ്കിൽ മറ്റൊന്ന് ജീവിതമായി മാറുന്നതിൻറെ കുറച്ചധികം അനുഭവങ്ങൾ!
" മുയലതാ
തൂവാലയാവുന്നു
ചിറകുമുളച്ചു
പറന്നു
പൊങ്ങുന്നു "
(കുറച്ചധികം )
കവിതയിലേക്ക് ജീവിതം അറുത്തിട്ട് കൊണ്ടാണ് ഈ കവി ലോകത്തെ കണ്ടെടുക്കുന്നത്. വിശപ്പിന്റെ കുരഞ്ഞ അറ്റം തേടി, തൊണ്ടയിലൂടെ കട വയറ്റിലേക്ക് ഇക്കിളിയോടെ മാന്ത്രികൻ നെടുനീളൻവാൾ ഇറക്കി വിടുന്നു. poetry is the exile of soul എന്ന ഇബ്രാഹിം നാജിയുടെ വരി ഓർമ്മ വരും വിധം ആത്മബലികളിൽനിന്ന് ഈ കവി ലോകത്തെ വരയ്ക്കുന്നു.
"രണ്ടു റാത്തൽ
മാംസം
തുടയിൽ നിന്ന് അരിഞ്ഞിട്ടു
.............
അറ്റകൈ പ്രയോഗമായി കൈകൾ മുറിച്ചിട്ടു കഴുകിയാൽ പോകാത്ത
ഒട്ടുന്ന ചോരയിൽ കാലോടിച്ച്....
അങ്ങനെ....
കവിത,ജീവിതത്തിൻറെ, ധ്യാനത്തിൻറെ, ഹിംസയുടെ കണ്ണാടിയാവുന്നു.
എല്ലാറ്റിനും തുടക്കം ഒന്നുമാത്രമേയുള്ളൂ. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വളയത്തിലേക്ക് ഒരാൾ തീക്കട്ടകളെ പൂക്കളെപ്പോലെ എറിഞ്ഞ് കൊള്ളിക്കുന്നതിന്റെ നിരർത്ഥകതയെ കവി നിസംഗനായി നോക്കിക്കാണുന്നുണ്ട്. കവിത എഴുതാൻ തുടങ്ങുമ്പോൾ കാണുന്ന കിളിയും, പല മാലകളിൽ നിന്ന് ഊർത്തിയെടുക്കുന്ന അക്ഷരങ്ങളും കൂടുതൽ കൂടുതൽ കൂർപ്പിച്ചെടുക്കുന്ന അക്ഷരങ്ങളും കവിയോട് അത് ആവശ്യപ്പെടുന്നുണ്ട
"മിന്നാമിനുങ്ങുകളെ പറത്തിവിട്ട്,
കിളിക്കൂട് കത്തുന്നു."...എന്നയാൾ എഴുതുന്നത് ഈ നോട്ടത്തിന്റെ നിസ്സംഗത സൂക്ഷിക്കുന്നതിനാലാണ്
( ഒന്നെടുക്കുമ്പോൾ രണ്ട്)
ഡബ്ല്യു എസ്. മെർവിന്റെ കവിതകളിലെ സൂക്ഷ്മതക്ക് ബിജു റോക്കിയുടെ കവിതകളിലെ സൂക്ഷ്മാനുഭവങ്ങളുമായി ബന്ധമുണ്ട്. നിത്യവും കാണുന്ന ജീവി ലോകത്തിന് ഒരു അപരലോകം സാധ്യമാണെന്ന് കണ്ടെത്തുന്നുണ്ട് ഇവർ ഇരുവരും. കാഴ്ചകളിൽ കൊളുത്തിക്കിടക്കാതെ, കണ്ണുകളെ കാഴ്ചകളിൽ നിന്ന് അടർത്തി നിശബ്ദമായി മാറ്റി വയ്ക്കുന്നുണ്ട് ഈ കവിതകൾ.
മരണത്തെ ശ്വാസം ചെറുകുമിളകളായൂർത്ത് പൊട്ടുന്ന ചെറിയ
ഒച്ചയിലേക്ക് പകർത്തുന്നു.
അറിയാതെ കിടന്ന വ്യാകുലപ്പെടുന്ന കണ്ണ്
വെള്ളത്തിൻറെ
ഓരോ അടരിന്റെയും
പൂട്ടു തുറന്നു വരുന്ന ആഴങ്ങളിലേക്ക്
ഊളിയിട്ടതിന്റെ
ആന്തൽ
(താണ്ട വല്യമ്മ )
മരിയോ വർഗാസ് ലോസയുടെ "നോട്ട്സ് ഓൺ ഡെത്ത് ഓഫ് കൾച്ചർ "(Notes on the Death of culture ) എന്ന ലേഖനത്തിൽ "എന്താണ് വായിക്കേണ്ടത്" എന്നൊരു ചോദ്യം ഉന്നയിക്കുന്നുണ്ട് അതിൽ ടി.എസ് എലിയറ്റിന്റെ
notes toward the definition of culture എന്ന ചിന്തയുമായി ചേർന്ന ചില കണ്ടെത്തലുകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ കവിയുടെ പരിസരവും അയാളുടെ ഉൾ ലോകങ്ങളും പ്രധാനമാണ് എന്ന് പറയുന്നുണ്ട്. കവിതയും അത് ഉരുത്തിരിഞ്ഞുവരുന്ന സംസ്കൃതിയും പരിസരങ്ങളും കവിയുടെ ലോകത്തെ എത്തരത്തിൽ ഉലയ്ക്കുന്നു എന്ന് ബിജു റോക്കിയുടെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.
" കേവുഭാരം "എന്ന കവിത നോക്കൂ.
" വാട്ടർ ബെഡിൽ
ഇമകളനങ്ങാതെ
ഇളകാതെ
ഞാനെന്നോ
നീയെന്നോ
അറിയാതെ
ആരോ ഒരാൾ
കിടക്കുന്നു "
ഇമകൾ അനങ്ങുന്നത് കാണുന്ന അത്രമേൽ സമീപത്താണ് ഈ കവിതകളുടെ ജീവൻ.
"പുരികം പുഴുപോൽ
പിടഞ്ഞകം " എന്ന് കുമാരനാശാൻ ചിന്താവിഷ്ടയായ സീതയിൽ എഴുതുന്നുണ്ടല്ലോ.
വസ്തുതാ ബോധത്തിന്റെ സമീപസ്ഥത ഒരു മനുഷ്യനിൽ അദൃശ്യമായുണ്ടാവാം.പക്ഷേ അതിനെ കാവ്യനീതി യോട് കലർർത്തിയെടുക്കുക എളുപ്പം നിവർത്തിക്കാനാവുന്ന ഒരു പ്രക്രിയയല്ല.അപ്പോൾത്തന്നെ നിശ്ചലതയെക്കുറിച്ച് ഗാഢമായ ഒരു അറിയിപ്പ് എന്നവണ്ണം പറഞ്ഞു വയ്ക്കുകയും
"തൊലി പൊളിഞ്ഞ
മുതുകിൽ
മീൻ വന്നു മുട്ടുന്നോ?
ആരുമില്ലേ ഈ കൊതുകിനെയാട്ടുവാൻ?"
എന്ന മട്ടിൽ നിർമമനാകാനും കവിക്ക് കഴിയുന്നുണ്ട്. കീസ്ലോവ്സ്കിയുടെയുടെ സ്പീഡ് സീക്വൻസുകൾ ഓർമ്മിപ്പിക്കുംവിധം ബിജു റോക്കി ചിലപ്പോൾ ബിംബങ്ങൾ കൊരുത്തിയിടുന്നു
മേശയിൽ
നിറകുടമായിരിക്കുന്ന
ഓറഞ്ച്
നേരം
പുലർന്നു പോയോ
എന്ന ആശങ്ക
കണ്ണീർ നിറഞ്ഞ തടാകം
ഇളകുന്ന കൃഷ്ണമണികൾ
ഒരു തുള്ളി ചൂട്
അരിച്ചിറങ്ങി
ചുണ്ടിൽ പതിപ്പിച്ച ഉപ്പുരസം
എന്നിങ്ങനെയാണ് ക്ഷണനേരം കൊണ്ട് ഈ ബിംബങ്ങൾ അർത്ഥങ്ങളെ അതിൻറെ വേരിൽ നിന്ന് അറുത്ത് മറ്റൊരർത്ഥത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ടെറി ഈഗിൾടൺന്റെ On Evil എന്ന പുസ്തകത്തിൽ തിന്മയുടെ യാഥാർത്ഥ്യത്തെ അതിശയിപ്പിക്കുന്ന ഒരു പ്രതിരോധത്തെ കുറിച്ച് പറയുന്നുണ്ട്. സാഹിത്യത്തിലേയും ദൈവശാസ്ത്രത്തിലും മനശാസ്ത്ര വിശകലന സ്രോതസ്സുകളെ Eagleton വരച്ചുകാട്ടുന്നുണ്ട്. തിന്മ കേവലം മധ്യകാല കലാസൃഷ്ടികൾ അല്ല എന്നും സ്പഷ്ടമായ ശക്തിയുള്ള ഒരു പ്രതിഭാസമാണെന്നും ഈഗിൾടൺ സൂചിപ്പിക്കുന്നു. ഷേക്സ്പിയർ മുതൽ ഹോളോകോസ്റ്റ് വരെയുള്ള ലോകങ്ങൾ ഈ പുസ്തകത്തിലുണ്ട്.
ഇത് പറയാൻ കാരണം തന്റെ അനുഭവ പരിസരങ്ങളെ കവിതയിലേക്ക് ഏറ്റെടുക്കുമ്പോൾ,ശ്രദ്ധിക്കൂ- ഈ കവി തിന്മയെ പതിരാറ്റി എടുക്കാൻ ശ്രദ്ധിക്കുകയല്ല. ഹിംസയും വിനാശവും തിന്മയും കൂടിക്കലർന്ന ഒരു ജൈവികതയെ അങ്ങനെ തന്നെ ചേറ്റി എടുക്കുകയും ആ വിവരണങ്ങളിൽ നിന്ന് മനുഷ്യൻ എന്ന നിസ്സാരതയെ മാത്രം കവിതയിലേക്ക് സൂചി കുത്തി വയ്ക്കുകയും ചെയ്യുന്നു.
അത്തരം ഒരു കവിതയാണ് "ബ്ലാക്ക് ഫോറസ്റ്റ് ".വെളിച്ചവും ഇരുട്ടും വെളുപ്പും കറുപ്പും കലർന്ന കലർപ്പ് കവിതയിലുണ്ട്..
" ഇരുട്ടിൻറെ രോമക്കുപ്പായമിട്ട കരിങ്കരടിയായാണ്
കവി കാടിനെ കണ്ടെടുക്കുന്നത്.
Beauty will save the world. എന്ന ദസ്തയേവ്സ്കിയൻ ചിന്തയിലാണ് നമ്മൾ ഈ കവിത വായിച്ചു തുടങ്ങുക കണ്ണുകാണാതെ ഓടുന്ന കാറ്റും, ഇലകളുടെ കാവടിയാട്ടവും, ചെറി പ്പഴങ്ങളുടെ വെളിച്ചപ്പെടലും കാടിൻറെ ചൂളം വിളിയും ഈ സൗന്ദര്യത്തിന്റെ വായനകളെ പതിഞ്ഞു നടത്തിക്കുന്നു.
"പൊടുന്നനെ
തിളക്കമുള്ള മിന്നലിന്റെ വായ്ത്തല
കരി മണ്ണിന്റെയും
ചുണ്ണാമ്പുകല്ലിന്റെയും
പാളികളരിഞ്ഞ് കാടിന്റെ ഒത്ത കഷ്ണം
മുറിച്ചെടുക്കുന്നു"
എന്ന് കവിത രണ്ടായ് പകുക്കപ്പെടുന്നു. സൗന്ദര്യം ഇവിടെ സൗന്ദര്യത്തിന്റെ പ്രത്യയശാസ്ത്രത്തെ മറികടക്കുകയാണ്. നമ്മിലെ ഏറ്റവും മികച്ചതിനെ അതിനെ പ്രചോദിപ്പിക്കുന്നതിന്, ഏറ്റവും നല്ലതിനും ഏറ്റവും സുതാര്യമായതിനും വേണ്ടിയുള്ള തെരഞ്ഞെടുപ്പിന് സൗന്ദര്യത്തിന്റെ ഈ വിചേദം ആവശ്യമുണ്ടെന്ന് ദസ്തയേവ്സ്കി പറയുന്നുണ്ട്.
" ബ്ലാക്ക് ഫോറസ്റ്റി"ലെ ഒടുവിലത്തെ ഭാഗത്തെ നടുക്കത്തെ സാധൂകരിക്കാനോ ഇല്ലാതാക്കാനോ കവി മുതിരുന്നില്ല.
"ഇല്ല എനിക്ക് പെരുപ്പിക്കേണ്ടപ്പിക്കല്ലോ നുണ
കാണുന്നത് പറയണം
അതിനെന്റെ ഭാഷ മതി" എന്ന് കെ. ജി. എസ്.കവിതയിൽ എഴുതിയത് ഓർക്കാം
ലോകവുമായുള്ള വിനിമയങ്ങളിൽ ഏതൊരു മനുഷ്യനും അയാൾ കവിയോ കലാകാരനോ സാധാരണക്കാരനോ ആവട്ടെ, താനുൾക്കൊള്ളുന്ന വ്യവഹാരങ്ങളെ ലംഘിക്കൽ അത്ര പ്രയാസപ്പെട്ട് ഒരു വസ്തുതയല്ല. പക്ഷേ ആ വ്യവഹാരങ്ങളെ കാഴ്ചയുടെ വളവു തിരിവുകളിലൂടെയും നഗര സെമിത്തേരിയിലെ കുത്തനെ നിർത്തിയ ശവകുടീരങ്ങളിലെ വെളിച്ചത്തിലൂടെയും അരിച്ചെടുത്ത് കവിതയിലേക്ക് പകർത്തുക എന്ന വിചാരമാണ് ബിജു റോക്കി കവിതയിൽ സ്വീകരിക്കുന്നത്. "വേല ","ഗ്ലൂമി സൺഡേ" എന്നീ കവിതകൾ ഉദാഹരണം.
"ഏതോ വന്യ ജീവിയുടെ
പിടിയിലമർന്ന്
അവൾ
കോരിത്തരിക്കുന്നു "
എന്ന വരി ഞടുക്കത്തോടെയല്ലാതെവായിക്കാനാകുന്നില്ല. വ്യവസ്ഥാപിത വ്യവഹാരങ്ങളെ രൂപ സങ്കല്പങ്ങളെ,സൗന്ദര്യ സങ്കൽപങ്ങളെ മുഴുവൻ റദ്ദാക്കുകയും പൊളിച്ചെഴുതുകയും ചെയ്യുന്നുഈ കവിത.
നിറങ്ങളുടെയും നിഴലുകളുടെ യും കവിതയാണ് ഗ്ലൂമി സൺഡേ ഒരുതരത്തിൽ. മരണത്തിൻറെ സംഗീതം തന്നെ ഏകാന്തതകളെയും വിഷാദങ്ങളെയും നിറച്ചുവെച്ച നീല ചില്ലുഭരണികൾ എത്ര കുടിച്ചിട്ടും ഒഴിയുന്നില്ല എന്ന ആഘാതം കവിയെ വീണ്ടും വീണ്ടും ഒറ്റയ്ക്കിരിക്കാൻ പ്രേരിപ്പിക്കുന്നു.
ബെർതോൾഡ് ബ്രെഹ്തിന്റെ jungle of cities. എന്ന നാടക സമാഹാരത്തിൽ പറയുന്നുണ്ട്. If you stuffed full of bursting, point with the human bodies then would be such loneliness, that they would all freeze. "
കരുണാകരന്റെ "ഏകാന്തതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ" എന്ന കവിത ചേർത്തുവായിക്കാം. ഏകാന്തതയുടെ മറ്റൊരുടൽ,മറ്റൊരുയിർ, എന്ന പേരിൽ. ബിജു റോക്കിയുടെ "ഡിവൈഡറിലെ ഏകാന്തത" എന്ന കവിത പറയുന്ന രാഷ്ട്രീയ പാഠം ശക്തമാണ് ഡിവൈഡറിന് 'വിഭജിക്കുന്ന' ഒന്ന് എന്നും അർത്ഥവും ആകാമല്ലോ!
ഈ കവിതയിലെ പ്രത്യക്ഷ പാഠം മഹാ നഗരവും മേൽപ്പാലവും ഡിവൈഡറുമാണ്. പക്ഷേ
"ഡിവൈഡറിലാണ്
ഏകാന്തത പായ വിരിക്കുന്നത്"
എന്ന ഇടത്തിലേക്ക് എത്തുന്നിടത്ത് ലോകത്തിൻെറ പല പ്രത്യയശാസ്ത്രവീമ്പുകളും ഇടറി വീഴുന്നുണ്ട്. വിശദീകരണങ്ങൾ ആവശ്യമില്ലാത്ത ജീവിതയാഥാർത്ഥ്യങ്ങൾ കൊണ്ടുമാത്രം മെനഞ്ഞെടുത്ത ഈ കവിത മനുഷ്യനുള്ള ഏത് ലോകത്തും പ്രസക്തവുമാണ്.
യഥാർത്ഥമായ
ഏകാന്തത അകത്താണ്"
എന്നാണ് ഈ കവിത അവസാനിക്കുന്നത്.
ഏകാന്തതയിൽ സ്വന്തം ഉറവകളുടെ കാതൽ ഖനനം ചെയ്തെടുക്കൽ,തന്നെ വീണ്ടും ഏകാന്തതകളുടെ ആഴങ്ങളിലേക്ക് കൊളുത്തിയിടും എന്ന് വിശ്വസിക്കുന്ന ഒരു കവി. I exist. Therefore I exist. എന്ന് ലൂയി ബുനുവലിന്റെ That Obscure Object of Desire എന്ന സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.
നിലനിൽപ്പും അതിജീവനവും കവിയെന്ന നിലയിൽ ബിജു റോക്കിയിൽ തീർക്കുന്ന സംഘർഷങ്ങൾക്കും ഇത്തരം ചില ഉത്തരങ്ങൾ ഉണ്ടാവാം. ഉത്തരങ്ങൾ ചിലപ്പോൾ കവിതകൾ ആകുന്നത് അയാൾ തന്നെ അറിയാതെ പോകുന്നുമുണ്ടാകാം.
"ഭദ്രമായി പൊതിഞ്ഞെടുത്ത
ഉഭയ ജീവിത
തിരിച്ചറിയൽ രേഖകൾ
ആർക്കും തിരിച്ചറിയാനാവാതെ
ചിന്നിച്ചിതറിക്കിടക്കുന്നു
എന്ന് "തവളവിപ്ലവം" എന്ന കവിതയിൽ പാരഡോക്സിക്കൽ പാഠമെന്നപോലെ കവി എഴുതുന്നുണ്ട്.
"നിശബ്ദത പാലിക്കുക
എന്ന ബോർഡ്
കാറ്റ് ഭിത്തിയിൽ ഉരക്കുന്നതിന്റെ
ഞീളക്കം പോലെ.."
ഈ ഏകാന്തതയെ വലുതാക്കുകയും ചെയ്യുന്നു. ബിജു റോക്കി എന്ന കവിയുടെയുടെ കാവ്യ ഭാവുകത്വ രൂപീകരണത്തിൽ ഏറ്റവും പ്രധാനഘടകങ്ങളാണുന്നത് ജൈവികവും സുതാര്യവുമായ പരിസ്ഥിതികളിലേക്ക് കലരുന്ന ആത്മനിഷ്ഠവും വിമർശനാത്മകവുമായ രീതിശാസ്ത്രബോധങ്ങൾ ആണ്. അത് പലതരത്തിൽ വെളിപ്പെടുന്നുണ്ട്. ചിലപ്പോൾ ഭാഷയിൽ, ചിലപ്പോൾ ആഖ്യാനത്തിൽ മറ്റുചിലപ്പോൾ കവിതയ്ക്കുള്ളിലെ ചില നിശബ്ദതകളിൽ. അപ്പോൾ മുൻപ് സൂചിപ്പിച്ച ചില നിർമ്മമതകൾ കവിയെ മൂടുന്നു.
"ഞാൻ അടിച്ച പന്ത്
ആരാലും തൊടാതെ
ബൂമരാങ് പോലെ
സ്വന്തം പോസ്റ്റിലേക്ക്" തന്നെ വരുന്നത് അയാൾ നോക്കി നിൽക്കുന്നു. യഥാർത്ഥത്തിന്റെ ഊക്കനെയുള്ള ആഘാതത്തിലും അയാൾ
"കൊമ്പും ചില്ലയും
അതിവേഗം വളർന്ന്
ഭൂമിയെ എത്തിപ്പിടിക്കുന്ന
ഒരു മരമാകാൻ കൊതിക്കുന്നു
(അവനവൻ ഗോളിന്റെ ദൃക്സാക്ഷി വിവരണം ) Poetry should surprise by a fine. Excess not by singularity. എന്ന് കാൾ സാൻഡ് ബാർഗിന്റെ ചിന്ത പോലെ ചിലപ്പോൾ ബിജു റോക്കിയുടെ കവിത ആൾക്കൂട്ടത്തിലേക്ക് ചിതറും.പുറപ്പെട്ടുപോയ ആരെയോ കാത്തു വഴിവക്കിൽ കാത്തുനിൽക്കുന്ന ലോകമാകും. ആരോ വരുന്നു,ആരോ വരുന്നു എന്ന് ഓരോ കാറ്റിലും പിറു പിറുത്താലും എല്ലാ കാഴ്ചകളെയും മായ്ച്ച് പൊടുന്നനെ കോടയുടെ വിരിപ്പ് വീഴുന്നത് നോക്കി നിൽക്കും.
ഭാഷയിൽ ആവിഷ്കാരത്തിൻറെ ആത്യന്തികമായ സൗന്ദര്യം എന്നത് ആ ആവിഷ്കാരത്തിലെ നൈതികതയാണ് എന്ന് അറിയുന്ന ഒരാൾ, ഭാഷയുടെ വ്യവഹാരങ്ങളെ വാർത്തെടുക്കുന്നത് വഴി കവിതാ ചരിത്രത്തിൽ ഇടപെടുന്നതിന്റെ അടയാളമായി "തവള വിപ്ലവം ",മരണഘടന ",ഹെന്തത്ഭുതം ","മാർത്തവിചാരം " എന്നീ വാക്കുകളെ കാണാം. ഇമേജുകളുടെ സാധ്യതകളെ ഒരു സിദ്ധാന്തമോ കാവ്യാത്മക കേന്ദ്രമായി അല്ല മറിച്ച് ഒരു നിശ്ചിത സമയത്ത് കേട്ട് പ്രധാന ആശയങ്ങളെ കൂടുതൽ തെളിച്ചമുള്ള ഒന്നായി കാണാനാണ് ഈ കവി തന്റെ കവിതയിൽ ബിംബങ്ങളെ ഉപയോഗപ്പെടുത്തുന്നത്.
"ഇഴഞ്ഞു പോകുന്ന മൂടിവെച്ച രഹസ്യം (മരണഘടന )
"വെളിച്ചം വരയ്ക്കും താരകം"
മയിലിനെ കൊത്തിവെച്ച വാതിൽ ( മാർത്ത വിചാരം )
നക്ഷത്രങ്ങൾ തുന്നിയ രംഗപടം (നീലവെളിച്ചം )
ഉരുട്ടി വെച്ച പലഹാരം (ഒറ്റനിറം )
നീല ഗോലിക്കായ..എന്നിങ്ങനെ വ്യത്യസ്തമായ ബിംബങ്ങൾ ഈ കവിതകളിൽ നിറയുന്നു. വസ്തുക്കളുടെയും വസ്തുതകളുടെയും സ്ഥിരത സ്ഥിതത്വം എന്നിവയുടെ വേരുകൾ കാഴ്ചയിലും നോട്ടത്തിലും ആണ് ഏറെക്കുറെ സ്ഥിതിചെയ്യുന്നത്. ബിജു റോക്കിയുടെ കവിതകളിൽ ഈ കാഴ്ച എന്നത് തോന്നലുകളുടെയും കൂടി ഉൽപ്പന്നമാകുന്നു. ഒന്നിനെ മറ്റൊന്നാക്കിയും, മറ്റു പലതിനെയും അവയുടെ സ്വത്വത്തിൽ നിന്നടർത്തി, സ്വന്തം സമീപങ്ങളിലേക്ക് വിരിച്ചും ആ അനുഭവത്തെ കവി ആവിഷ്കരിക്കുന്നു. സാധ്യതകളും അസാധ്യതകളും നിറഞ്ഞ അനുഭവം ലോകത്തെ അത്ഭുതത്തിലേക്കും അനായാസതകളിലേക്കും പകർത്തി സ്വന്തമാക്കുന്നു.
ഭൂമിയുടെ ജനിതക മാപ്പ് അഴിച്ചുപണിക്കെടുത്തു
ചില വെട്ടിച്ചുരുക്കലുകൾക്കും ചില കൂട്ടിച്ചേർക്കലുകൾക്കും
കവി തയ്യാറാകുന്നു.
"ഭൂമിയിലെ വിത്തുകളെല്ലാം അടിച്ചുകൊഴിച്ച്
കാറ്റ് വെട്ടുകിളിപ്പറ്റമായി വരുമ്പോൾ"
"പുഴയുടെ കുടൽ മാല അണിഞ്ഞു ചാരം പുരട്ടി വെള്ളം വരുമ്പോൾ"
"ഒരു മല ഒന്നാകെ കയ്യിലെടുത്ത്
മാനംമുട്ടി തീ പാഞ്ഞു വരുമ്പോൾ"
ഹെന്തത്ഭുതം! എന്ന വിസ്മയത്തോടെ "ഒന്നാകെ വരൂ"
എന്നാണ് കവി പറയുന്നത്.
കാരണം കൂടാതെ കറങ്ങാൻ പോയ കാലമാണ് (കാരണംകൂടാതെ )എല്ലാറ്റിനും ഉത്തരവാദി.
കവിതയുടെ ആന്തരിക പാഠങ്ങളിലാണ് തൻറെ കവിതകളുടെ രാഷ്ട്രീയത്തെ കവി കൊരുത്തിടുന്നത്. പ്രത്യക്ഷ ബോധങ്ങളവയെ ബാധിക്കുന്നില്ല ഹിംസയെ സ്ഥാപന വൽക്കരിക്കുന്നതിലോ അതിൻറെ ബദലുകളെ പ്രതിഷ്ടിക്കുന്നതിലോ അല്ല; മനുഷ്യൻറെ ഏകാന്തതകളെ ഹിംസയുടെ രാഷ്ട്രീയം എങ്ങനെ അപഹരിക്കുന്നു എന്ന് ചില കവിതകളിലൂടെ പറയാനാണ് കവി മുതിരുന്നത്.
അന്നന്നത്തെ അപ്പം എന്ന കവിതയിൽ,വെട്ടാൻ കൊണ്ടുവന്ന പോത്തിനെ കാണാം
കത്തി രാകിപറക്കുന്ന നേരം "അയ്യോ അരുതേ "എന്ന അശരീരി മുഴങ്ങുകയാണ്.
അതിൻറെ കണ്ണുകളിലെ നനവിൽ,മിന്നായംപോലെ തെളിയുന്ന ചിത്രങ്ങൾ കവിയെ സംഘർഷത്തിലാക്കുന്നു.
എന്ത് തിന്നാൻ എടുക്കുമ്പോഴും
അവൻ,
ആ അശരീരി,
കഴുത്ത് പീച്ചാനെത്തുന്നു. എന്ന ആത്മ വിമർശനത്തിലെ തീവ്രത ഹിംസയുടെ പ്രത്യയശാസ്ത്രത്തെ നേർക്കുനേർ നിർത്തുന്നു. ഏകത്വത്തിൽ നിന്ന് അപരത്വത്തിലേക്ക് പടരുന്നുണ്ട് കവിയിൽ ചില ചിന്തകൾ ചിലപ്പോൾ.
സിങ്കിൽ വീണ പാറ്റയിലും വെട്ടാനുറച്ച പോത്തിലും, മീനിലും , പക്ഷികളിലും കവി തന്നെത്തന്നെ കണ്ടെത്തുന്നുണ്ട്., തന്റെ ഏകാന്തതയെ കണ്ടെത്തുന്നുണ്ട്. മനുഷ്യൻ എന്ന തന്റെ നിസഹായതയെ തിരിച്ചറിയുന്നുണ്ട്. "നീലവെളിച്ചം" എന്ന കവിതയിൽ
"കടൽക്കരയിൽ
കിടക്കുന്നു തായ്ത്തണ്ടിൽ എഴുന്നു നിൽക്കും
പെരുമീനിൻ മുൾക്കൂട്!"
വിഭ്രാമകമായ ബിംബ സമൃദ്ധിഎന്നോ ഭീതിതമായ കാവ്യഭാവന എന്നോ പറയേണ്ടത്!
ഉടലഴിഞ്ഞ വഞ്ചി പോലെ, കടൽക്കരയിൽ കിടക്കുന്ന വെളിച്ചത്തെ, ചലനത്തിന്റെ chaotic അവസ്ഥയുടെ ആഴം പോലെ നേരിട്ട് അനുഭവിപ്പിക്കുന്നു. കവി. ദൃശ്യഭാഷ എന്ന കേവല വിശേഷണത്തിനപ്പുറം അത് അനക്കങ്ങളുടെ, നിശ്ചലതകളുടെ, ചിത്ര ഭാഷയിലേക്ക് പടരുകയാണ്.
വൈയക്തികതകളെ കവിതയിലേക്ക് പകർത്തുമ്പോൾ പോലും ഈ സൂക്ഷ്മത കവിയിലുണ്ട്. മനുഷ്യലോകവും ജീവിലോകവും കലർന്ന ആഖ്യാനമാണ് "സ്വർഗ്ഗരാജ്യം" എന്ന കവിതയുടെ കാതൽ.
"കിളികളെ
അതിർത്തികളിൽ
ആര് തടഞ്ഞു വെക്കുന്നു? "
താനുൾപ്പെടുന്ന മനുഷ്യകുലത്തിനു നേരെ കവി ചോദ്യങ്ങൾ ഉന്നയിക്കുന്നു. അതാകട്ടെ കണ്ണാടിയിൽ കാണുന്ന നഗ്നനായ സ്വന്തം രൂപത്തെ ആത്മവിചാരണയ്ക്ക് വിധേയമാക്കാൻ പ്രാപ്തമാക്കുന്നത്രയ്ക്ക് തീവ്രവുമാണ്.
അപ്പോഴാണ്
" കല്ലായി താഴെവീഴണോ കിളിയായി
പറന്നു പൊന്തണോ"?
(കുമിള് കിളി കല്ല് ) എന്ന ആന്തൽ കവിയിൽ ഉണ്ടാകുന്നത്.
"ജനിച്ചു വീണാൽ
ഒരു സാധ്യത മാത്രം
വട്ടം കറങ്ങുക"
എന്ന സ്വീകരണത്തിലൂടെയല്ല
"കുപ്പായമുറങ്ങുമ്പോൾ
നൂലിൽ നിന്നൂർന്നു
നൃത്തം ചെയ്യാനുള്ള
കുടുക്കിന്റെ" കൊതിയിലൂടെയാണീക്കവി ലോകത്തെ സാധൂകരിക്കുന്നത്.
തന്റെതല്ലാത്ത കാരണങ്ങളാലാണ് കവിതയിലും ജീവിതത്തിലുമയാൾ കുടുങ്ങിപ്പോകുന്നത്. സ്വന്തം ശവക്കുഴി വെട്ടി ഒരുക്കുന്ന ഒരു ചിത്രകാരന്റെ കൗതുകമുണ്ടയാളിൽ; അതിൻറെ നീറ്റലും. ഇത്തരത്തിലൊരു കാവ്യ സഞ്ചാരത്തിന്റെ സാധ്യതയെക്കുറിച്ചോ സാധുതയെക്കുറിച്ചോ ആലോചിക്കുന്തോറും കവിതയെ കൂടുതൽ തന്നിൽ നിന്നടർത്തുകയും തൊട്ടടുത്ത നിമിഷം തിരിച്ചെടുക്കുകയും ചെയ്യേണ്ടി വരുന്ന ഒരു പ്രതിസന്ധി ഈ കവിയിലുണ്ട്.
വെല്ലുവിളികൾ ഭാഷയിലല്ല അതിനുശേഷം നിലനിൽക്കുന്ന നിശബ്ദതയിൽ ആണ് എന്ന് നിശബ്ദമായിത്തന്നെ പറയുന്നുണ്ട് ബിജു റോക്കിയുടെ കവിതകൾ. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് അയാളുടെ ഒരു വാക്കുകളും.
.
Content Highlights: Biju Rocky, Dr. Roshni Swapna, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..