കഥകള്‍ തീര്‍ക്കുന്ന വിസ്മയ ലോകങ്ങള്‍


അഖില്‍ കൃഷ്ണന്‍

മാതൃഭൂമി ബുക്‌സ്‌

മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളിയുടെ അക്ഷരപ്പുരയിലെ അമൂല്യമായ ഈടുവെപ്പായിട്ട് തൊണ്ണൂറാണ്ടുകളായിരിക്കുന്നു. എന്‍.വി കൃഷ്ണവാര്യരും എം.ടി വാസുദേവന്‍ നായരും മുതല്‍ ഇന്ന് സുഭാഷ് ചന്ദ്രനില്‍ വരെയെത്തി നില്‍ക്കുന്ന ആഴ്ചപ്പതിപ്പിന്റെ സാരഥികള്‍ മലയാളസാഹിത്യത്തിന്റെയും എക്കാലത്തെയും അമരക്കാരായിരുന്നു. മലയാളത്തിലെ മികച്ച വായനക്കാര്‍ക്കെല്ലാം ആഴ്ചപ്പതിപ്പ് വായിച്ചിരുന്ന കാലത്തിന്റെ ഗൃഹാതുരത്വവും ഇന്നും തുടരുന്ന ശീലത്തിന്റെ തുടര്‍ച്ചയും പറയാനുണ്ടാവും. ഇന്ന് മഹാമേരുക്കളായി നിലകൊള്ളുന്ന എഴുത്തുകാര്‍ക്കെല്ലാം എഴുതിത്തുടങ്ങാന്‍ ഇടം കൊടുത്ത മാതൃഭൂമിയുടെ താളുകളുടെ ഓര്‍മ്മകളുമുണ്ടാവും. ഓരോരുത്തരും ആഴ്ചപ്പതിപ്പ് വാങ്ങിയിട്ടുണ്ടാവുക തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ചില വിഭവങ്ങള്‍ തേടിയാകും. എന്നെ സംബന്ധിച്ചിടത്തോളം അത് കഥകളായിരുന്നു. ചില ആഴ്ചകളില്‍ ആഴ്ചപ്പതിപ്പ് വായിക്കാന്‍ കഴിയാതെ പോകുമ്പോള്‍ നഷ്ടപ്പെടുന്ന കഥകള്‍ കനമേറിയ നഷ്ടങ്ങള്‍ തന്നെയായിരുന്നു. പലരുടെയും ഈ നഷ്ടബോധങ്ങള്‍ക്കൊരു പ്രതിവിധിയായും ഒരു വര്‍ഷം മലയാളത്തില്‍ ഇറങ്ങുന്ന മികച്ച കഥകളുടെ ഏകജാലകമായും ആരംഭിച്ചതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍. പത്താം പതിപ്പിലെത്തി നില്‍ക്കുന്ന ഈ കഥാ സാഗരത്തിന്റെ ഏറ്റവും പുതിയ പ്രതിയെ കുറിച്ചാണ് പറയാനുള്ളത്. 2020 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കഥകളില്‍ നിന്നും 64 എണ്ണമാണ് പുസ്തകത്തില്‍ ഉള്ളത്. സുഭാഷ് ചന്ദ്രനാണ് എഡിറ്റര്‍.

ആയുസ്സറ്റ് പോകുന്നതിന് കഥ കഴിയുക എന്നൊരു സര്‍വസാധാരണ പ്രയോഗമുണ്ട്. ഒരു മഹാമാരി ഒരുപാട് മനുഷ്യരുടെ ആയുസ്സെടുത്തും ഇക്കാലമത്രയും മനുഷ്യരാശി തുടര്‍ന്ന് പോന്ന കഥകളെല്ലാം മാറ്റിയെഴുതുകയും ചെയ്‌തൊരു വര്‍ഷമായിരുന്നു 2020. ആണ്ടിന്റെ സംഖ്യയിലെ അക്കങ്ങളുടെ ആവര്‍ത്തനം പോലെ ദുരിതങ്ങള്‍ ആവര്‍ത്തിച്ച കഷ്ടകാലത്തില്‍ തെളിഞ്ഞ കഥയുടെ വെളിച്ചങ്ങളാണീ പുസ്തകത്തിന്റെ കാതല്‍. വീട്ടകങ്ങളില്‍ പെട്ട്‌പോയ മനുഷ്യര്‍ക്ക് വൈറസിനെ പേടിക്കാതെ പുറംലോകം കാണാന്‍ ഒരുക്കിയ കഥയുടെ മായാജാലക്കാഴ്ച്ചകള്‍.

പുസ്തകം വാങ്ങാം

ടി പദ്മനാഭന്‍, എം മുകുന്ദന്‍, സേതു തുടങ്ങിയ കഥയുടെ കളരിയിലെ ഗുരു സ്ഥാനീയര്‍ താന്താങ്ങളുടെ മികച്ച സൃഷ്ടികളുമായി ഈ കഥാസമാഹാരത്തെ അനുഗ്രഹിച്ചിട്ടുണ്ട്. മലയാള കഥയ്ക്ക് മകുടം ചാര്‍ത്തിയ എന്‍.എസ് മാധവനും അയ്മനം ജോണും സി.വി ബാലകൃഷ്ണനും വി.ആര്‍ സുധീഷും തുടങ്ങിയ വലിയൊരു നിരയും സന്നിഹിതരാണ്. ജി.ആര്‍ ഇന്ദുഗോപന്‍, പ്രിയ എ.എസ്, കെ. രേഖ, ഷാഹിന ഇ.കെ, സന്തോഷ് ഏച്ചിക്കാനം എന്നിവരുടെ കഥകളുണ്ട്. ഇതിലൊക്കെ അഭിമാനകരമായി കാണാവുന്നത് ജേക്കബ് എബ്രഹാം, വി ഷിനി ലാല്‍ , കെ.എസ് രതീഷ് തുടങ്ങി പുതുമയുടെ പകിട്ടും സുഗന്ധവും നിറഞ്ഞ ഒരു പിടി പുതുനിര എഴുത്തുകാര്‍ പ്രത്യാശ വിടര്‍ത്തിക്കൊണ്ട് ഈ പുസ്തകത്തില്‍ നിറഞ്ഞു വിടര്‍ന്നു നില്‍ക്കുന്നു എന്നതാണ്. മറ്റൊരു സവിശേഷത സച്ചിദാനന്ദന്‍, റഫീക്ക് അഹമ്മദ് എന്നീ രണ്ട് മുതിര്‍ന്ന കവികളുടെ കഥകള്‍ ഈ സമാഹാരത്തില്‍ ഉണ്ടെന്നതാണ്.

പാല്മണം മാറിയിട്ടില്ലാത്ത പൊടിനാളില്‍ തഴപ്പായത്തണുപ്പില്‍ പഴയൊരോര്‍മ്മയില്‍ അമ്മമ്മ പറഞ്ഞു തന്ന കഥകള്‍ ആരംഭിക്കുന്നത് പണ്ട് പണ്ട് പണ്ടെന്നാണ്. പുതിയ കഥകളില്‍ ഈ പണ്ടിന്റെ ഭാണ്ഡം മുറുക്കലുകളില്ല. പച്ചജീവിതത്തിന്റെ പുല്‍മൈതാനങ്ങളില്‍ കൊടും വെയില്‍ തീത്തെയ്യം കെട്ടിയാടുന്ന ഒരു സന്ദര്‍ഭത്തെ ഒരു കാമറയുടെ ഒറ്റ ക്ലിക്കില്‍ ഫ്രീസാക്കുന്നത് പോലെ പുതു കാല കഥകള്‍ നമ്മെ വിസ്മയിപ്പിക്കുന്നു. അത്തരം വിസ്മയങ്ങളുടെ 64 ആവര്‍ത്തനങ്ങളിലേക്ക് ആവര്‍ത്തനവിരസതയില്ലാതെ വിരുന്നുണ്ണാന്‍ വായനക്കാരെ വിരുന്ന് വിളിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ വാങ്ങാം

Content Highlights: azhchapathippu kathakal review mathrubhumi books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented