അസീസ് മാഹി | ഫോട്ടോ: മാതൃഭൂമി
അസീസ് മാഹിയുടെ ' കാടിന്റെ നിറങ്ങള്‍' എന്ന യാത്രാവിവരണ പുസ്തകത്തെക്കുറിച്ച് പ്രദീപ് സി.വി. എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം..
യാത്രകളില്‍നിന്നും യാത്രികര്‍ നേടുന്നത് വൈവിധ്യങ്ങളുടെ സമ്പാദ്യമാണ്. അനുഭവങ്ങളില്‍ ആഴ്ന്നിറങ്ങുന്ന മനസ്സുണ്ടെങ്കില്‍ ദൂരമെത്ര താണ്ടിയാലും മടുപ്പുകള്‍ ബാധിക്കില്ല. അത് പച്ചയുടെ ഹൃദയമറിയാനാണെങ്കില് അത്ഭുതാഹ്ലാദങ്ങള്‍ ഏറെയാണ്. വനയാത്ര ഒട്ടും നിസ്സാരമല്ല എളുപ്പവുമല്ല. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. അവിടെ കാടിന്റെ മര്യാദകള്‍ അറിയണം പാലിക്കണം. കാട്ടിലുള്ള ഒന്നിനും ഒരു മാറ്റവും വരരുത്. നമ്മുടെ കാലുകളവിടെ പതിയുമ്പോള്‍ ഒന്നിനേയും ഉപദ്രവിക്കാതെ നശിപ്പിക്കാതെ, അവിടെയുള്ള ചെറുചലനങ്ങള്ക്ക്പോലും ഉടച്ചിലുകള്‍ ഉണ്ടാക്കാതെ അത്രയും മൃദുത്വമേറിയൊരു സഞ്ചാരമാവണം അത്. അതെപ്പോഴും പ്രകൃതിയോടുള്ള ഇഷ്ടവും അറിയാനും പകര്‍ന്നുകൊടുക്കാനുമുള്ള താല്പര്യവും മാത്രമാകണം. അങ്ങനെയുള്ള ഇഷ്ടത്തിന്റെ രേഖപ്പെടുത്തലാണ് അസീസ് മാഹിയുടെ 'കാടിന്റെ നിറങ്ങള്‍' എന്ന പുസ്തകം. അറിഞ്ഞതില്‍ കൂടുതല്‍ നിറങ്ങളുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ പുസ്തകം. കാട്ടറിവുകളുടെ അറിവും നിറവുമാണീ കൃതി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറ്റവുമിണങ്ങുന്ന പരിസ്ഥിതി സഞ്ചാരം. കാടിനുള്ളിലേയ്ക്ക് കടക്കുമ്പോഴുള്ള വേഷവിധാനത്തില്‍ തുടങ്ങി ജീവിതചര്യകള്‍ തന്നെ മാറ്റം വരുത്തി കാടിനോടിണങ്ങി വേണം കാട്ടിലേക്ക് പ്രവേശിക്കാന്‍.
ഒരു വന്യജീവി ഫോട്ടോഗ്രാഫറാവുകയെന്നത് നിസ്സാരമല്ല. പലപ്പോഴും അതൊരു ധ്യാനാവസ്ഥയാണ്. സാധാരണ ഒരു വനസഞ്ചാരിക്ക് മൃഗങ്ങളെ കാണുകയെളുപ്പമല്ല. അതിനൊരു ആത്മധ്യാനം ഉണ്ടായിരിക്കണം. ഡി.എസ്.എല്‍.ആര്. ക്യാമറയും അനുബന്ധസാമഗ്രികളും ചുമന്ന്, ചതുപ്പിലും വെള്ളത്തിലും, കുറ്റിച്ചെടികള്‍ക്കിടയിലും വള്ളിപ്പടര്‍പ്പിലും മുള്ക്കുടിലുകളിലൂടെയുമെല്ലാം നടന്ന്, മരങ്ങള്‍ക്ക് മുകളില്‍ ഇരുന്നും കിടന്നും ഏറെ നേരം.. അതെത്ര നീളുമെന്ന് പറയാനാവില്ല. മണിക്കൂറുകള്‍, ദിവസങ്ങള്‍ നീണ്ട ക്ഷമയോടെയുള്ള കാത്തിരിപ്പ്. അപ്രതീക്ഷിതമായ മൃഗങ്ങളുടെ ആക്രമണങ്ങള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍ ഇതെല്ലാം അതിജീവിച്ച് ഒരു ചിത്രമെങ്കിലും ക്യാമറയില്‍ പതിപ്പിക്കാനാവുന്നതേ ഭാഗ്യം. കാടിനെക്കുറിച്ചുള്ള മുന്നറിവുള്ളവര്ക്കേ ഇതെല്ലാം അനുഭവവേദ്യമാകൂ. അതിനാല്‍തന്നെ കാട്ടിലേക്ക് പോകുന്നവര്‍ക്കുള്ള നല്ല മാര്‍ഗ്ഗം കൂടിയായി ഈ പുസ്തകം മാറുന്നുണ്ട്.
ഇനിയൊരു മൃഗത്തേയോ മറ്റോ കണ്ടെത്തിയാല്‍ തന്നെ സമയത്തിന്റെ പരിമിതിയുണ്ട്. വേണ്ടത്ര വെളിച്ചമോ അനുകൂലസാഹചര്യമോ ഉണ്ടാകണമെന്നില്ല. അതിനാല്‍ അത്യധികം വഴക്കമുള്ളൊരു കലാകാരന് കൂടിയായി വന്യജീവി ഫോട്ടോ ഗ്രാഫര്‍ മാറേണ്ടതുണ്ട്.
ആന പ്രിയരാണ് പൊതുവെ നമ്മുടെ നാട്ടുകാര്‍. അതുകൊണ്ട് തന്നെ ആനക്കഥകളും കാഴ്ചകളും വിവരിക്കുന്ന ഭാഗം ആരേയും ആകര്‍ഷിക്കും. അതാത് കാലങ്ങളില്‍ കാടിറങ്ങി നാട്ടിലേക്ക് വരുന്നവരും, പ്രശസ്തരായ മൂന്നാറിലെ പടയപ്പയും വാഴച്ചാലിലെ കബാലിയും ഹോസ് കൊമ്പനും മുറിവാലനുമൊക്കെ സമൂഹമാധ്യമങ്ങള്‍ വഴി കാടിറങ്ങി ജനമനസ്സിലേക്ക് വന്നവരാണ്. കാടകങ്ങളിലെ അധിപനായ സഹ്യപുത്രന്റെ രാജവാഴ്ചയും അവയുടെ സ്വാതന്ത്ര്യവും ജീവിതവും, ആനത്താരകളിലൂടെ നീരാട്ടിനെത്തുന്ന എണ്ണിയാല്‍ത്തീരാത്ത ഗജ മഹാസമ്മേളനവുമെല്ലാം, ഒന്ന് ചെന്ന് കാണാന്‍ ഈ വായന ആനപ്രിയരെ പ്രേരിപ്പിക്കും.

ആനക്കൂട്ടത്തിന്റെ നേതാവ് കൊമ്പനല്ല പിടിയാന തലൈവിയാണെന്നത് രസകരമായ വസ്തുതയാണ്. വനജീവിതത്തില്‍ അവ നേരിടുന്ന പാരസ്ഥിതിക ഭീഷണിയും കാടിന്റെ ഊഷ്മളതയിലുള്ള അവയുടെ തലയെടുപ്പോടെയുള്ള ജീവിതവും കാണുമ്പോള്‍, നാട്ടിലെ ഉത്സവപ്പറമ്പുകളില്‍ കൊടുംചൂടില്‍ മനുഷ്യരുടെ ആഘോഷങ്ങള്‍ക്കായി നിയന്ത്രണവിധേയരായി അലയുന്ന ആനക്കോലങ്ങള് യഥാര്‍ത്ഥ ആനപ്രേമികളെ അസ്വസ്ഥപ്പെടുത്തുകയാണ് ചെയ്യുക. ഇങ്ങനെയുള്ള ചില താരതമ്യങ്ങളും തിരിച്ചറിവുകളും കൂടി ഉണ്ടാക്കുന്നുണ്ട് ഈ പുസ്തകം.
കാടില്ലാതെ കടുവകളില്ല. തണലായ കാടിനെ കടുവകള്‍ കാക്കും. കാട് കാടായി നിലനില്ക്കണമെങ്കില് കടുവയോ പുലിയോ ശക്തരായ മാംസഭോജികളാരെങ്കിലും വേണം. അല്ലെങ്കില്‍ സസ്യഭോജികളായ കുളമ്പുള്ള മൃഗങ്ങള്‍ അനിയന്ത്രിതമായിപ്പെരുകി വനഭൂമി തരിശായി മാറും. കാടുകള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകാതിരിക്കാന്‍ കാടുകാക്കുന്ന മാര്ജാരന്മാര് സംരക്ഷിക്കപ്പെടണമെന്ന അറിവുകള്‍ നാട്ടുമനുഷ്യര്‍ അറിയേണ്ടതുതന്നെ. ബന്ദിപ്പൂരിന്റെ ഓമനയായ പ്രിന്‍സ് മഹാരാഷ്ട്ര വനമേഖലയിലെ മാധുരിയും മക്കളും ജിം.കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ കടുവാജീവിതങ്ങള് ഇവയെല്ലാം വായിക്കുമ്പോള്‍ കാടിനുള്ളിലേക്ക് കയറുന്ന നമ്മുടെ മനസ്സ് സ്നേഹാവൃതമായിത്തീരും.
ഏകാന്തദുഃഖത്തിന്റെയും പ്രണയാതുരതയുടെയും ചിത്രസാക്ഷിയായ മട്കാസൂര് കാടകങ്ങളിലെ കടുവാജീവിതത്തിന്റെ തുടര്‍ക്കഥയായി മാറുന്നു. കാടിനുള്ളിലും നമ്മളറിയേണ്ട ജീവിതക്കാഴ്ചകളുണ്ടെന്ന് വാസ്തവമാണ്. എത്ര ചാരുതയോടെയാണാ കാഴ്ച ചിത്രത്തിലും അക്ഷരത്തിലും വിശദീകരിക്കുന്നത്! ''തന്റെ പാദപതനങ്ങളുടെ ഭയമറിഞ്ഞ ഇണകളോടൊത്ത് മദിച്ചു നടന്ന കാനനങ്ങള്‍ ചുറ്റും സ്നേഹവാത്സല്യത്തിന്റെ അമൃതം ചുരത്തിയ പെണ്ണുടലിന്റെ വസന്തം, സ്വയം അടയാളപ്പെടുത്തിയ സ്വന്തം അധീനതയിലുള്ള വനപ്രദേശങ്ങള്‍ എല്ലാം ഒടുവില്‍ നഷ്ടപ്പെട്ട് നിഷ്കാസിതനാവുന്ന മട്കാസൂര്'' വായനക്കാരന്റെ ഉള്ളില്‍ തറയുന്ന ചിത്രം തന്നെയാണ്.
മസായ്മാരയിലെ സിംഹഭൂമിയിലൂടെയുള്ള യാത്രകള്‍ സഞ്ചാരികളുടെ മനം കവരും. വ്യത്യസ്തരായ സിംഹക്കൂട്ടങ്ങള്‍, നിറത്തിലും, ആകാരത്തിലും, പ്രകൃതത്തിലും എല്ലാം പാടേ വ്യത്യസ്തരാണ്. സിംഹപ്രണയവും രതിയും കാടിന്റെ ഊഷ്മളതയാണ്. ഓരോ കാട്ടിലെയും സിംഹങ്ങളുടെ നടപ്പും എടുപ്പും പ്രണയോന്മാദങ്ങളുമെല്ലാം കണ്മുന്നിലെ കാഴ്ചയായി ഇതള്‍ വിരിയുന്നു. ഈ പ്രൗഢസൗന്ദര്യത്തിനൊപ്പം ലോകം മുഴുവനുമുള്ള കാട് അഭിമുഖീകരിക്കുന്ന മാരകവിപത്തായ മലിനീകരണത്തെ കൂടി ലേഖകന്‍ ശ്രദ്ധിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
വനനശീകരണം ആവാസ വ്യവസ്ഥയെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പ്രകൃതിയും കാടും ജൈവവൈവിധ്യവും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ വരുംതലമുറയ്ക്ക് ത്രസിപ്പിക്കുന്ന കാഴ്ചകളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും വായനക്കാരിലെത്തിക്കാന്‍ വനയാത്രകളോട് സ്നേഹമുള്ളവര്‍ക്കേ കഴിയൂ. ആ സ്നേഹം ഉണ്ടാകുമ്പോഴേ അവയ്ക്ക് നിറങ്ങളുണ്ടാകൂ. 'കാടിന്റെ നിറങ്ങളിലൂടെ' അസീസ് മാഹിയ്ക്ക് ഇതെല്ലാം കഴിയുന്നുണ്ട്.
പ്രകൃതിയെ പാരിസ്ഥിതിക ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഹൃദയത്തിലെഴുതിക്കാണിക്കുന്ന നെല്ലിയാമ്പതിക്കാഴ്ചകള്‍ ഏറെ രസകരമാണ്. വൈവിധ്യമാര്‍ന്ന പക്ഷിജാലം, വ്യത്യസ്തരായ മൃഗങ്ങള്‍ ഇവയെല്ലാം ഒരു വിനോദസഞ്ചാരകേന്ദ്രത്തിലെ മനോഹാരിത നിലനിര്‍ത്തുന്നു. കാട്ടിലെ പാട്ടുകാരും, കരിങ്കുരങ്ങും കാട്ടുനായ്ക്കളും മലയണ്ണാനും പുള്ളിനത്തും, വേഴാമ്പലുമെല്ലാം ചിത്രശോഭ പകര്‍ന്ന് മനസ്സിലേക്ക് കുടിയേറുന്ന കാഴ്ചയാണ്.
കാട്ടിലെ മഴയും മഴയത്ത് ജീവജാലങ്ങളുടെ ആഹ്ലാദിരേകങ്ങളും പുതിയ വായനാനുഭവം തന്നെ. വരണ്ട കാലാവസ്ഥയിഷ്ടപ്പെടുന്ന ചില പക്ഷിമൃഗാദികള്‍ നാട്ടിലെത്തുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയായി പറഞ്ഞുതരുന്നു. മയിലഴകിന്റെ മാസ്മരലഹരിയില്‍ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുപോകുന്ന അനുഭവമായാണ് വര്‍ണ്ണിക്കുന്നത്. ജംഗിള്‍ബുക്കിന്റെ പശ്ചാത്തലമായ ദേശീയ ഉദ്യാനമായ പെഞ്ചും അവിടെയുള്ള അപൂര്‍വ്വ ജീവിയായ നീലകാളകളും മുപ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ കോളാര്‍ വാലിയെന്ന പെണ്‍കടുവയും ചെറിയ ദൂര ദേശാടനക്കാരായ മൈസൂരിലെ ശ്രീരംഗപട്ടണത്തിലെ പുള്ളുച്ചുണ്ടന് കൊതുമ്പുന്നങ്ങള് എന്ന പക്ഷിയും ഹനുമാന് കുരങ്ങുമൊക്കെ നിറഞ്ഞ കാഴ്ചകളാണ്.
മരുഭൂമിയിലെ വര്ണ്ണവസന്തമായ ഹരിതധന്യതയും നീര്‍ത്തടങ്ങളും പരിരക്ഷിക്കാന്‍ ദുബായ് നഗരത്തിന്റെ പ്രാന്തപ്രദേശമായ റാസ് അല്‍ഖോരി തടാകവും അവിടുത്തെ പക്ഷികളും രാജഹംസങ്ങളും പക്ഷിപ്രണയികളുടെ പ്രേമചേഷ്ടകളും, അല്ബുദ്രയിലെ മനുഷ്യനിര്‍മ്മിത തടാകവും അതിലെ മന്‍ഡറിന്‍ താറാവും പക്ഷിക്കൂട്ടങ്ങളും മിഴികള്ക്കുത്സവമേകി നിറയുന്ന കാഴ്ച കാടൊരുക്കുന്ന മനുഷ്യകുരങ്ങുകളുടെയും മനസിന്റെയും ഉദാഹരണമായി വിശദീകരിക്കുന്നു.
പരാന്നഭോജികളായ ഹയാനകള്‍ കാട്ടിലെ അച്ചടക്കമില്ലാത്ത കൂട്ടരാണ്. എന്നാല്‍ പ്രകൃതിയിലെ മാലിന്യനിര്മ്മാര്ജകരായ ഇവര്‍ ജൈവ പരിപാലനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ഉഗ്രപ്രതാപികളായ സിംഹങ്ങള്‍പോലും ഹയാനയുടെ ആഹാരമായി മാറുന്നതിലെ വിരോധാഭാസം കാടിന്റെ നിയമമാണ്. അസീസ് മാഹി ഇവയെല്ലാം വ്യക്തമായി ഇവിടെ പറയുന്നു. ഞാന്‍ കണ്ട 'ഗോഡ് മസ്റ്റ് ബീ ക്രേസി' (God Must be Crazy) എന്ന ഇംഗ്ലീഷ് സിനിമയിലെ ഹയാനയെപ്പോലെ കാട്ടിലെ വീരനായ വില്ലനായി ഇവിടെയും ഹയാന്നയെ ആവിഷ്കരിക്കുന്നു.
വൃദ്ധസിംഹങ്ങളെ കൊന്നുതിന്ന് കാട് ശുദ്ധീകരിക്കുകയാണ് ഇവയുടെ ധര്‍മ്മമെങ്കിലും കാണുമ്പോള്‍ അതിദയനീയമായൊരു രംഗമാണ് ഇത്. സിനിമയില്‍ മാത്രമല്ല വനജീവിതത്തിലും ഈ കാഴ്ച ദുഷ്ക്കരമാണ്.
ഡിസ്കവറി ചാനലും അനിമല്‍ പ്ലാനറ്റും കാണുന്നവര്‍ക്കറിയാം മസായ് മാരയിലെ മഹത്തായ പലായന കഥ. വനഭൂമികളിലെ മൃഗങ്ങളുടെ പലായനവും, ആഫ്രിക്കന്‍ വനങ്ങളിലെ ബിഗ്-4 (Big-4) എന്നറിയപ്പെടുന്ന ആനയും കാട്ടുപോത്തും കാണ്ടാമൃഗവുമൊക്കെ അത്ഭുതക്കാഴ്ചകളാണ്.
ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റകള്‍ ഒരു കാലത്ത് ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന ഈ വേഗക്കാരുടെ വംശനാശത്തിനിടയാക്കിയ സംഭവങ്ങളും അവയുടെ സവിശേഷതകളും കൗതുകത്തോടെ എഴുതിയിരിക്കുന്നു. കാടിന്റെ നിറങ്ങള്‍ എഴുതിയതിനുശേഷമായിരിക്കാം പ്രൊജക്ട് ചീറ്റ (Project Cheetah) ദൗത്യത്തിന്റെ ഭാഗമായി നമീബിയയില്‍നിന്നും കരയിലെ വേഗക്കാരെ ഇന്ത്യയിലെത്തിച്ചത്. 1952-ല്‍ വംശനാശം വന്ന ഇവയെ ഇപ്പോള്‍ സംരക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
വേട്ടയാടുന്ന രാജാക്കന്മാരുടെ ചരിത്രഗാഥകള്‍ കേട്ടുവളര്‍ന്ന നമുക്ക് ഈ വനസൗന്ദര്യത്തിന്റെ അനുഭവവും കാഴ്ചയും പ്രപഞ്ചസ്നേഹത്തിന്റെ മറ്റൊരു മഹാപാതയായി വളരട്ടെ. കാല്‍നഖങ്ങള്‍ വിടര്‍ത്തി രക്തം ചിന്തുന്ന വഴിയിലൂടെ നടന്ന പുലികള്ക്കുപകരം കാട്ടിലെ നക്ഷത്രക്കണ്ണുള്ള രാജകുമാരനായ പുലിയെ നമ്മളറിയുന്നു ഈ നിറഭേദങ്ങളിലൂടെ. അവര്‍ പുലിയാണെന്ന് പറയുന്ന അംഗീകാരത്തിനൊപ്പം കാടിന്റെ ശക്തിയായി പുലിഗാഥകളുണരുന്നു. മനുഷ്യരെ ആക്രമിക്കുന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം മൂലവും, സ്വന്തം വര്‍ഗ്ഗക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ വഴി പരിക്കുപറ്റി ഇര തേടാനാവാതെ വന്നവരുടെ നിസ്സഹായമായ പ്രതിരോധങ്ങളോ ആണ്. കാട് മൃഗങ്ങളുടേതാണ്. കാട് കാടായി വളരുമ്പോഴേ നാടിനും നിലനില്പുള്ളൂ.
അങ്ങനെ കാട്ടിലേക്ക് തുറക്കുന്ന ഒരു വാതിലാണ് അസീസ് മാഹിയുടെ 'കാടിന്റെ നിറങ്ങള്‍'. മനുഷ്യരില്‍ പ്രാപഞ്ചികാവബോധം നിറയ്ക്കുകയാണ് സമകാലിക എഴുത്തിന്റെ വലിയ ഉദ്ദേശം. ഈ പുസ്തകം വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.
Content Highlights: Azeez Mahe, Kaadinte Nirangal, Travelogue, Book Review, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..