പ്രതീകാത്മക ചിത്രം, പുസ്തകത്തിന്റെ കവർ
ഡോ. മുരളീധരന്‍ എ.കെ.യുടെ 'ആയുസ്സിന്റെ അവകാശികള്‍' എന്ന പുസ്തകത്തെക്കുറിച്ച് കോട്ടക്കല്‍ ആയുര്‍വേദ കോളേജിലെ പ്രൊഫസറും വകുപ്പു മേധാവിയുമായ ഡോ. മനോജ് കുമാര്‍.എന്‍. എഴുതിയ കുറിപ്പ് വായിക്കാം...
രോഗിയെ കണ്ട്, കേട്ട്, പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവന്റെ ആകുലതകള്‍ക്ക് പരിഹാരമേകുന്നത് വൈദ്യ ധര്‍മം. അത്തരത്തില്‍ ആയുസ്സിന്റെ മികവും തികവും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വൈദ്യന്‍ ഏര്‍പെടുമ്പോള്‍ ലഭിക്കുന്നത് പുണ്യമാണ്. ആതുരന്റെ അന്തരാത്മാവിലേക്ക് പ്രവേശിക്കുന്ന വൈദ്യന്‍ പരമയോഗ്യനും. കണ്ടും കേട്ടും അനുഭവിച്ചുമുള്ള അറിവുകളെ തിരിച്ചറിവാക്കി, അക്ഷരങ്ങളാക്കി നമുക്കു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അതിലൂടെ ആസ്വാദകന് ആനന്ദാനുഭൂതിയുണ്ടായാലോ? ഇത്തരമൊരു രചനയാണ് ഡോ.എ.കെ.മുരളീധരന്‍ 'ആയുസ്സിന്റെ അവകാശികള്‍'. അദ്ദേഹത്തിന്റെ ഓര്‍മകുറിപ്പുകള്‍ സരളമായ ഭാഷയിലൂടെ വായനക്കാരിലേക്ക് ആഴ്ന്നിറങ്ങുന്നു.
താന്‍ കടന്നുവന്ന ഗ്രാമത്തിന്റെ ചിത്രങ്ങളാണ് ആദ്യ അധ്യായത്തില്‍. നന്മയും വിശുദ്ധിയും ഒത്തുചേരുന്നുണ്ട് അതില്‍. കുടുംബത്തിലെ ഇഴയടുപ്പവും മുതിര്‍ന്നവരോടുള്ള ആദരവും വരികളില്‍ വ്യക്തം. ഉത്തമമാണ് കാര്‍ഷികവൃത്തി എന്ന് അദ്ദേഹം പറയാതെ പറയുന്നു. പഴമയേയും പുതുമയേയും ഒരുപോലെ സ്വീകരിക്കുന്ന ഒരു മലയാളി മനസ്സും നമുക്ക് വായിച്ചെടുക്കാം. പന്നിയോട്ടു നമ്പൂതിരി എന്ന കഥാപാത്രം ഒരു വിങ്ങലായി നമ്മില്‍ പടരുന്നു.
വൈദ്യവിദ്യാഭ്യാസം എത്രമാത്രം കഠിനമാണ് എന്ന് അടുത്ത അധ്യായത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. നിരാലംബരായ രോഗികള്‍ അവസാനത്തെ അത്താണിയായി ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, അവിടത്തെ പഠന പ്രകിയകള്‍... എല്ലാം നാം നേരില്‍ കണ്ടുവോ? നമ്മുടെ ആശ, അഭിലാഷം എന്നതിലപ്പുറം ദൈവഹിതം കൂടി ചേര്‍ന്നതാണ് ജീവന്റെ ഗതി എന്ന ഓര്‍മപ്പെടുത്തലുമുണ്ട്.
ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ആദ്യരൂപം 'ആയുസ്സിന്റെ ബല'ത്തിലൂടെ നമ്മുടെ കാഴ്ചപ്പുറത്തെത്തും. വൈദ്യന്റെ ആത്മാര്‍ഥതയോടെയുള്ള ഇടപെടലുകള്‍ ആയുസ്സിനെ രക്ഷിച്ചെടുക്കും. പക്ഷേ ആയുര്‍ദൈര്‍ഘ്യം നമ്മുടെ കൈയിലല്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. സമല്‍ എന്ന കഥാപാത്രം ഒരു വേദനയാവുന്നത് മാറാത്ത മുഖലക്ഷണത്തിലൂടെയാണ്. 'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്' എന്ന തത്വം ഈ അധ്യായത്തില്‍ ഒളിച്ചിരിക്കുന്നതായി തോന്നി.
അന്ധകാരത്തിനപ്പുറം തീര്‍ച്ചയായും വെളിച്ചമുണ്ടാവും എന്ന ശുഭ കാര്യമാണ് അടുത്ത ഓര്‍മക്കുറിപ്പില്‍. നിരവധി ഭക്ഷണപദാര്‍ഥങ്ങളെ കഥാപാത്രങ്ങളാക്കി മാറ്റുന്ന മാന്ത്രികവിദ്യയും മുരളി പ്രകടമാക്കുന്നു. മസാല ദോശയാണ് ഇതിലെ താരം.
.jpg?$p=9c2ba89&&q=0.8)
അടിയന്തിര ഘട്ടങ്ങളില്‍ ആപല്‍ ബാന്ധവനാകുന്ന വൈദ്യന്റെ തിളക്കം സ്വര്‍ണ്ണത്തിന്റെ മാറ്റിനേക്കാള്‍ മുകളിലാണ്. ആയുസ്സിന്റെ അവകാശികളിലൊന്നായി വൈദ്യന്‍ മാറുന്നത് ഇത്തരത്തിലാണ്. 'മങ്ങിയ വില്‍പത്രവും തിളക്കമുള്ള സ്വര്‍ണപ്പതക്കവും' അതിന്റെ ഉദാഹരണമായി നമുക്കു ചൂണ്ടിക്കാട്ടാം.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചുള്ള നടനമാണോ ജീവിതം? 'കണ്ടക ശനി കൊണ്ടേ പോവൂ' നല്‍കുന്നത് ഈ സൂചനയാണ്. നമ്മുടെ ജാഗ്രതയും ഇവിടെ അപ്രസക്തം. തീക്ഷ്ണമായ ആഗ്രഹങ്ങള്‍ പൂവണിയാനുള്ളതു തന്നെയെന്നതാണ് അടുത്ത കഥാതന്തുവിലൂടെ വെളിവാകുന്നു. സങ്കീര്‍ണമായ ആശുപത്രിക്കാഴ്ചകളും നാം അനുഭവിച്ചറിയുന്നു.
അടുത്ത അധ്യായത്തിലെ കഥാപാത്രമായ ഡോ. നസറുദ്ദീന്‍ മറ്റൊരു വിങ്ങലായി. വിധിയുടെ വിളയാട്ടത്തില്‍ പകച്ചു പോകുന്ന മനുഷ്യമനസ്സും അവന്റെ കൊച്ചു കൊച്ചാഗ്രഹങ്ങളും വായനക്കാരനില്‍ വേദന പടര്‍ത്തി. 'ക്രോസ് ബാറില്‍ നിന്ന് തീയേറ്ററിലേക്ക്' എന്ന കുറിപ്പില്‍ ഹൃദയം എന്ന അവയവം ഒരു ദേവാലയമാണോ എന്നുതോന്നിക്കുന്ന വരികള്‍ കാണുന്നു. അചഞ്ചലമായ തീരുമാനങ്ങള്‍ക്കുശേഷം കൂട്ടായ പരിശ്രമങ്ങളിലൂടെ വൈദ്യശ്രേഷ്ഠര്‍ രോഗിയുടെ ഹൃദയത്തെ, അതിലൂടെ അവന്റെ ആയുസ്സിനെ രക്ഷിച്ചെടുക്കുന്നതായി അനുഭവിച്ചറിഞ്ഞു.
സംവേദനങ്ങള്‍ക്കപ്പുറത്തെ അത്ഭുത മനുഷ്യനായി ഭൃഗുരാമന്‍ എന്ന കഥാപാത്രം കടന്നു വരുന്നു. സാമാന്യമായ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നു പോകുമ്പോഴും പരിതപിക്കുന്ന ജനസാമാന്യത്തിനപ്പുറം തന്റെ പരിമിതികള്‍ പുറം ഉയര്‍ന്നു നില്‍ക്കുന്ന ഉജ്വല വ്യക്തിത്വമായി ഭൃഗുരാമന്‍ മാറുന്നത് അത്യന്തം ചാരുതയോടെയാണ് എഴുത്തുകാരന്‍ വരച്ചിട്ടിരിക്കുന്നത്.
കോവിഡ് കാലത്തെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ നാമേവരും അനുഭവിച്ചറിഞ്ഞ വേവലാതികളിലൊന്നിനെ ഒരു ഓര്‍മച്ചിത്രമാക്കി മാറ്റുന്നു 'സിസേറിയനും കൊറോണ കട്ടും' ഒരു മുടി വെട്ടുകാരനെ കൂടി അത്യന്തം പ്രാധാന്യമുള്ള കഥാപാത്രമാക്കി മാറ്റുന്നുണ്ട് ഇതില്‍. ശസ്ത്രക്രിയാ വേളകളില്‍ വൈദ്യന്‍ കടന്നുപോകുന്ന മനസികസംഘര്‍ഷങ്ങളാണ് 'ചെലോല്‍ക്ക് ശരിയാവും' പറഞ്ഞു തരുന്നത്. സധൈര്യം മുന്നോട്ട് എന്ന ആത്മവിശ്വാസ ശകലവും ഇവിടെ കാണാം.
വാക്കിലും നോക്കിലും കാഴ്ചപ്പാടിലുമെല്ലാം നാമെല്ലാം വ്യത്യസ്തരായേക്കാം. ഭക്ഷണ ശീലങ്ങളും അങ്ങനെ തന്നെ. ഏതായാലും ഉപ്പുമാവും പയ്യോളി മിക്സ്ചറും രുചിയോടെ ആഹരിക്കാന്‍ ഒരു വായനക്കാരനു തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അത്രമാത്രം ചാരുതയോടെ ഈ ഭക്ഷണപദാര്‍ഥങ്ങളെ അടുത്ത അധ്യായത്തിലൂടെ ഗ്രന്ഥകര്‍ത്താവ് നമുക്കു മുന്നിലെത്തിക്കുന്നു. ആ വാക്കുകളിലൂടെ നമ്മുടെ രുചിമുകുളങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുന്നു.
പ്രതീക്ഷകളും ആത്മവിശ്വാസവുമാണ് മനുഷ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന്' വെളുത്ത ഡോക്ടറെ തേടിയ കുഞ്ഞമ്മ' വിശദീകരിക്കുന്നു. ഒപ്പം വൈദ്യനില്‍ രോഗിക്ക് അചഞ്ചലമായ വിശ്വാസം ഉണ്ടാവേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
ഡോ. ബാലചന്ദ്രന്‍ നായര്‍ എന്ന പ്രശസ്ത കാര്‍ഡിയോ തൊറാസിക്സര്‍ജനും ഗ്രന്ഥകര്‍ത്താവും തമ്മിലുള്ള മനപ്പൊരുത്തവും ഇഴയടുപ്പവും പല സന്ദര്‍ഭങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നു. കരുത്തുറ്റ അനുഭവസാക്ഷ്യങ്ങളായി ഈ കുറിപ്പുകള്‍ മാറുന്നതിനും ഇതു കാരണമാവുന്നു. ഗ്രന്ഥാസ്വാദനത്തിന് അവ മിഴിവേറ്റുന്നു.
'ജീവിതത്തോട് അമിതമായ ആസക്തിയും വൈരാഗ്യവും ഇല്ലെങ്കില്‍ ആയുര്‍ദൈര്‍ഘ്യം ഏറി വരുന്നു' എന്ന അത്യന്തം ആലോചനാമൃതമായ വാക്കുകളിലൂടെ തന്റെ പിതാവിനെ എഴുത്തുകാരന്‍ വരച്ചുകാട്ടിയത് ആഹ്ലാദമേറ്റുന്നതായി. സല്‍സന്താനങ്ങള്‍ ആയുസ്സിന്റെ അവകാശികളിലൊന്നായി മാറുന്നത് നാമറിഞ്ഞു. കൂട്ടായ്മയുടെ, സുഹൃത് ബന്ധങ്ങളുടെ ഒരു ഉല്‍സവവും ഇവിടെ ദൃശ്യമാകുന്നു.
ജീവന്‍ രക്ഷിക്കുന്ന വൈദ്യന് ഒഴിവുദിനങ്ങളില്ല എന്ന് 'ഞായറാഴ്ചയിലെ നിയോഗം' പറഞ്ഞു തന്നു. വൈദ്യനാവുക എന്നതുതന്നെ ഒരു നിയോഗം. ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ അനുഗ്രഹിച്ചുതന്ന ഒരു നിയോഗം... അല്ലേ? ആയിരം കൈയുള്ള കാര്‍ത്തവീര്യാര്‍ജുനനെപ്പോലെ പ്രവര്‍ത്തിക്കേണ്ടവനാണ് അനസ്തീഷ്യോളജിസ്റ്റ് എന്ന് ഈ പുസ്തകത്തില്‍ എഴുതിയത് വായിച്ചപ്പോള്‍ 'ഗംഭീരം' എന്ന വാക്കാണ് മനസ്സില്‍ തെളിഞ്ഞത്. സഹപ്രവര്‍ത്തകരുടേയും, കുടുംബത്തിന്റേയും സാന്ത്വനം ഓരോ വൈദ്യനും ആഗ്രഹിക്കുന്നുമുണ്ട്. സാന്ത്വനമാകുന്ന വാക്കുകള്‍ അമൃതിന്റെ ഫലം ചെയ്യുമെന്നും പല സന്ദര്‍ഭങ്ങളിലും ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു.
ഈ പുസ്തകം മലയാളിക്ക് പ്രിയപ്പെട്ടതാവുന്നതെങ്ങനെ എന്നതിനുത്തരം രോഗികളേയും കുടുംബത്തേയും സുഹൃത്തുക്കളേയും നെഞ്ചോട് ചേര്‍ക്കുന്ന സഹൃദയനായ ഒരു വൈദ്യവിശാരദന്റെ വാക്കുകള്‍ക്ക് വിലയുള്ളതു കൊണ്ടാണത് എന്നാണ്. സുചിന്തിതമായ തീരുമാനങ്ങളും നിതാന്ത ജാഗ്രതയും ആത്മവിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനങ്ങളും വിജയത്തിലേക്കെത്തിക്കും എന്ന ജീവിത തത്വം ഒളിഞ്ഞിരിക്കുന്നതുകൊണ്ടു കൂടിയാണ്. ഇതിലൂടെ തന്നിലുള്ള ഈശ്വര തത്ത്വത്തെ നമുക്കോരുത്തര്‍ക്കും കണ്ടെടുക്കാം എന്ന് മനസ്സിലാക്കിത്തരുന്നതിനാലുമാണത്.
Content Highlights: Ayussinte Avakashikal, Dr. A.K. Muraleedharan, Book review, Dr. Manoj kumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..