1972-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ 'ക്രിസ്മസ് മരത്തിന്റെ വേര്' എന്ന കഥയിലൂടെയാണ് അയ്മനം ജോണ്‍ സാഹിത്യരംഗത്ത് അറിയപ്പെടുന്നത്. അതിനുശേഷം വലിയ കാലമെടുത്ത് എഴുതിയ ഇന്ത്യാചരിത്രത്തില്‍ നാണിപ്പരുത്തിയ്ക്കുള്ള സ്ഥാനം, സൗപര്‍ണികയിലെ കല്ലുകള്‍, ഡാര്വിന് എന്ന മകന്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കടബാധ്യതകള്‍, തുടങ്ങിയ പത്തോളം കഥകള്‍ ചേര്‍ത്ത് മള്‍ബറി ബുക്സ് 'ക്രിസ്മസ് മരത്തിന്റെ വേര്' എന്ന പേരില്‍ അയ്മനം ജോണിന്റെ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യപുസ്തകത്തില്നിന്ന് ആറോളം കഥാസമാഹാരങ്ങള്‍ക്കുശേഷം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കണ്ടല്‍ക്കടവ് പ്രണയകാലം' എന്ന പുതിയ കഥാസമാഹാരത്തിലെത്തിനില്ക്കുമ്പോള് അയ്മനം ജോണിന്റെ കഥാസങ്കല്പ്പങ്ങളിലും ആശയപരിസരത്തുമുണ്ടായ പ്രകടമായ മാറ്റവും എഴുത്തിലെ കയ്യടക്കവും സൂക്ഷ്മതയും വായനക്കാര്‍ക്ക് വ്യക്തമായും തിരിച്ചറിയാനാകും.
ആദ്യ കഥാസമാഹാരവുമായി പുതിയ കഥകളുടെ കാലത്തെയും അനുഭവത്തെയും 'കണ്ടല്ക്കടവി'ന്റെ ആമുഖത്തില്‍ എഴുത്തുകാരന് തന്നെ ഇങ്ങിനെ താരതമ്യം ചെയ്യുന്നു: 'മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിലിരുന്നായിരുന്നു ഞാന്‍ 'ക്രിസ്മസ് മരത്തിന്റെ വേര്' എഴുതിയത്; ഫൗണ്ടന് പേനകൊണ്ട് ബുക്ക് കടലാസിലായിരുന്നു അതാദ്യമെഴുതിയതെന്നുമോര്ക്കുന്നു. ഈ സമാഹാരത്തിലെ കഥകളാവട്ടെ കംപ്യൂട്ടര്‍ സ്്ക്രീനിന്റെ തൂവെള്ളവെളിച്ചത്തിലേക്കു വിരലറ്റംകൊണ്ട് പകര്ത്തപ്പെട്ടവയുമാണ്. കൈയ്യക്ഷരങ്ങളുടെ ഇടവഴിച്ചന്തങ്ങളില്നിന്ന് കംപ്യൂട്ടറക്ഷരങ്ങളുടെ പെരുവഴിവിശാലതയിലേക്കുള്ള കാലപ്പകര്‍ച്ച എന്റെ ജീവിതത്തെയും ഏതാണ്ട് രണ്ടായി പകുത്തിട്ടുള്ളതാണ്. മണ്ണെണ്ണവിളക്കും കംപ്യൂട്ടര്‍ സ്ക്രീനും ആ പകുക്കപ്പെട്ട കാലത്തിന്റെ മുന്‍-പിന് സൂചകങ്ങളാണ്. ആ രണ്ടു കാലങ്ങള്‍ക്കു തമ്മില്‍ എത്രതന്നെ ഭിന്നതകളുണ്ടെങ്കലും, ഇന്നും ഒരേപോലെത്തന്നെ ഉള്ളില്‍ പേറുന്ന രണ്ട് അനുഭവലോകങ്ങളാണ് എനക്കവ. ഒന്നിച്ചു കഴിയുന്ന ആ ഭിന്നകാലങ്ങളുടെ സംയോഗത്തില്‍നിന്നാണ് ഈ സമാഹാരത്തിലെ കഥകള്‍ പലതും പിറവിയെടുത്തിട്ടുള്ളത്...'
പരിസ്ഥിതിപ്രശ്നങ്ങള്‍ മലയാളി കൂടുതലായി അനുഭവിച്ചുതുടങ്ങിയതോടൊപ്പംതന്നെയാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ മലയാള കഥയിലും കവിതയിലുമെല്ലാം കൂടുതലായി വന്നുതുടങ്ങയതും. പ്രകടനാത്മകതകൊണ്ട് അവയില്‍ പലതും പലപ്പോഴും കലയില്‍നിന്നും ചാടിപ്പോയി വെറും പൗരബോധനോട്ടീസുകളായിപ്പോകാറാണ് പതിവ്. ഇവിടെയാണ് 'കണ്ടല്‍ക്കടവ് പ്രണയകാലം' എന്ന സമാഹാരത്തിലെ പ്രകൃതിയും മനുഷ്യനും ഇഴചേര്ന്നുവരുന്ന പല കഥകളുടെയും പ്രസക്തി. മനുഷ്യന്റെ സങ്കീര്‍ണമായ ജീവിതാനുഭവങ്ങളില്‍നിന്ന് പറിച്ചെടുക്കാനാകാത്തവിധം, അവയില്‍നിന്ന് തിരിച്ചറിയാന്പോലുമാകാത്തവിധം അലിഞ്ഞുചേര്‍ന്ന പാരിസ്ഥിതിക ബോധത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും നനവാണ് ഈ കഥകളുടെ അനുഭവം. കാടും പുഴകളും നിറഞ്ഞ ഇതിലെ മിക്കകഥകളിലും പക്ഷികളുടെ സാന്നിദ്ധ്യം കാണാം. പക്ഷിസങ്കേതം, ഒരു പരമരഹസ്യ പക്ഷിക്കഥ, ബുദ്ധഹൃദയമുള്ള പക്ഷി, അമേരിക്കന്‍ കാലന്‍കോഴി തുടങ്ങിയ പേരുകളിലുള്ള കഥകള്‍ത്തന്നെ ഈ സമാഹാരത്തില്‍ കാണാം. മനുഷ്യജീവിതത്തിന്റെ പലപല ഋതുക്കളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും കടുത്ത വിഷാദത്തിന്റെയും നഷ്ടബോധത്തിന്റെയും മരണത്തിന്റെയുമെല്ലാം അനുഭവമായി പക്ഷികള്‍ കടന്നുവരുന്നതുകാണാം.
യാത്രാഭ്രാന്തുകൊണ്ട് 'ഗളിവര്‍' എന്ന അപരനാമം നേടിയെടുത്തിട്ടുള്ള പ്രൊഫസര്‍ ദേവദാസും കുടുംബവും ഒരു വേനലവധിക്കാലത്ത് പതിവുവിട്ട് ഒരു മരുഭൂമിയിലേക്ക് യാത്രപോകുന്നതാണ് 'മരുഭൂമി മോക്ഷയാത്ര' എന്ന സാമാന്യം ദീര്‍ഘമായ കഥ. മനുഷ്യവംശത്തിന്റെ മുകളില്‍ ഡെമോക്ലസ്സിന്റെ വാളുപോലെ തൂങ്ങിക്കിടക്കാന് തുടങ്ങിയിട്ടുള്ള മരുവത്കരണം എന്ന വിപത്തിന്റെ മുന്നറിയിപ്പാകുന്ന അനുഭവങ്ങളാണ് ഈ കഥയെ സവിശേഷമാക്കുന്നത്. മരുഭൂമയില് ഒരിടത്ത് അല്പമാത്രമായ ജലശേഖരത്തിലേക്ക് ആര്‍ത്തലച്ചു വന്നുവീണുകൊണ്ടിരുന്ന അതേ പക്ഷികള്‍, അധികം വൈകാതെ വീട്ടുപറമ്പിലെ വറ്റിവരണ്ട കുളത്തിലെ ഇത്തിരി ജലത്തിലേക്ക് കൂട്ടക്കരച്ചിലോടെ വന്നുവീഴുന്നത് ഒരു നടുക്കത്തോടെ പ്രൊഫസര്‍ ദേവദാസ് കാണുന്നിടത്ത് വരാനിരിക്കുന്ന ദുരന്തങ്ങളുടെ നടുക്കുന്ന സൂചനകള്‍ പൂര്‍ണമാകുന്നു.
വേമ്പനാട്ടുകായലിലൂടെ അക്കരെയിക്കരെയായി ജീവിതം നൂല്ക്കുന്നവര്ക്കിടയില്, കണ്ടല്‍ക്കാടുകളില്‍ ചേക്കേറുന്ന നീര്‍ക്കാക്കകളുടെ പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന ഒരു പ്രണയത്തിന്റെ വശ്യമായ ആവിഷ്കാരമാണ് 'കണ്ടല്‍ക്കടവ് പ്രണയകാലം' എന്ന കഥ. ഒടുവില്‍ അതിലെ പ്രണയിനി അത്യന്തം ഹിംസാത്മകമായൊരു സാഹചര്യത്തില്‍. ഹിംസയുടെ അന്തരീക്ഷം നല്കുന്ന ആവേശത്തില്‍ ഉന്മത്തയാകുന്നതും പ്രണയിയുടെ കണ്ണില്‍ അവള് മറ്റൊരാളായി പരിണമിക്കുന്നതുമാണ് കഥയിലെ ട്വിസ്റ്റ്. പ്രണയകാലത്ത് ബോട്ടിലിരുന്ന് അവള് വായിച്ചിരുന്ന ഏതോ ഒരു പുസ്തകം അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായിരിക്കുമെന്ന് പ്രണയി ഭാവനചെയ്യുന്നിടത്ത് കഥയുടെ തലമാകെ തകിടംമറിയുന്നു.
ആറ്റിറമ്പിലോ തോട്ടിലോ കുളത്തിലോ വെച്ചുള്ള മീന്‍പിടുത്തത്തിന്റെ ഈര്‍പ്പവും കുളിരും ഗന്ധവും പുരളാതെ അറുപതുകളിലോ എഴുപതുകളിലോ ഉള്ള ബാല്യങ്ങള്‍ കടന്നുപോയിട്ടുണ്ടാവില്ല. അങ്ങിനെ ഒരു മത്സ്യപ്പിടുത്തഭ്രാന്തനായ കുട്ടിയുടെ ബാല്യത്തിന്റെ ഓര്‍മകളാണ് അത്യതികം ഗൃഹാതുരമായ ഒരു മീന്‍പിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍. 'വെള്ളത്തിലേക്ക് ചാഞ്ഞടിഞ്ഞു വീണുകിടന്ന ഇലച്ചാര്‍ത്തുകള്‍ തട്ടിമാറ്റി പുഴയങ്ങനെ പാട്ടുപാടി ഒഴുകിപ്പോകുന്നതു കണ്ടും കേട്ടിമിരിക്കുന്നതും നല്ല രസമായിരുന്നു. ആ മരക്കൂട്ടങ്ങളുടെ ഇടയിലൂടെ ആറ് അല്പം കരയിലേക്ക് തള്ളിക്കയറിക്കിടന്നിടം ഒഴുക്കില്ലാതെ നിശ്ചലമായും കിടന്നു. അടിത്തട്ടോളം തെളിഞ്ഞു കാണാമായിരുന്ന ഒരു നിശ്ചലജലമേഖല. അതായിരുന്നു വന്‍മത്സ്യങ്ങളുടെ വിശ്രമസ്ഥാനം....' എന്നിങ്ങനെ വരച്ചുവരച്ചുപോകുന്ന ഈ കഥയുടെ വായന കോരിച്ചൊരിയുന്ന ഒരു പെരുമഴത്തണുപ്പും കുളിരുതറയ്ക്കുന്ന കാറ്റോര്മ്മയും സമ്മാനിക്കുന്നു.
വ്യക്തിബന്ധങ്ങളിലെ ആഴവും സങ്കീര്‍ണതയും കടന്നുവരുന്ന പട്ടുനൂല്‍പ്പുഴുക്കളുടെ മനസ്സ്്, ജീവിതത്തിന്റെ നിറങ്ങള്‍ തുടങ്ങി മുക്തി ബാഹിനി, പരമുമേസ്തിരിയുടെ വീട്്, തെരുവുനാടകം, അര്‍ഥവിരാമം, കെണിയും തോണിയും, കരിമ്പൂച്ചയുടെ കണ്ണുകള്‍, ഒതളക്കരിയില്-ഒരുത്തരാധുനിക മഞ്ഞുകാലത്ത് എന്നിങ്ങനെ ജീവിതാനുഭവങ്ങളുടെ താപം പ്രസരിക്കുന്ന, പതിനാറു കഥകളുടെ സമാഹാരമാണ് 'കണ്ടല്‍ക്കടവ് പ്രണയകാലം'.
Content Highlights: Aymanam John Malayalam book review Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..