-
ഒരു സാഹിത്യകൃതി സമൂഹത്തിന് എന്തു നല്കണമെന്നത് എത്ര ചര്‍ച്ച ചെയ്താലും തീരാത്ത ഒന്നാണ്. ഓരോ കൃതിയും ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് വായനക്കാരന്റെ ആസ്വാദനവും ആഹ്ലാദവും ആണെങ്കിലും അതിനപ്പുറം സമൂഹത്തോട് സംവദിക്കുന്ന, നിലപാടുകളും രാഷ്ട്രീയവും മനുഷ്യാവസ്ഥകളും ഒരു സാഹിത്യസൃഷ്ടിയില്‍ കടന്നുവരുമ്പോള്‍ അതിന്റെ മൂല്യവും ആസ്വാദനലഭ്യതയുടെ ഭാരവും കൂടുന്നു എന്ന് പറയാം. അജിജേഷ് പച്ചാട്ടിന്റെ അതിരഴിസൂത്രം സംവദിക്കപ്പെടേണ്ടതും അത്തരമൊരു നിലപാട് രാഷ്ട്രീയത്തിന്റെ പേരിലുംകൂടിയാണ്. അല്ലെങ്കില്‍ അത്തരമൊരു കൃത്യമായ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രമാണ്.
എളുപ്പത്തില്‍ പറഞ്ഞാല്‍ നാരനല്ലൂരിന്റെ ആഖ്യായികയാണ് അതിരഴിസൂത്രമെന്ന് പറയാം. ഒരു പ്രദേശത്തെ മനുഷ്യര്‍ക്ക് പൊടുന്നനെ സംഭവിക്കുന്ന ഭ്രാന്തിന്റെ പകര്‍ന്നാട്ടങ്ങളില്‍ നാരനല്ലൂര്‍ ഗ്രാമം സംഭ്രമജനകമായ ജീവിതാവസ്ഥകളിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. നാരനല്ലൂരില്‍ ആദ്യമായി പള്ളി സ്ഥാപിച്ച, നാരനല്ലൂരിനെ ഒരു വാസയോഗ്യമായ നാടാക്കിമാറ്റിയ അന്തോണിച്ചന് ഭ്രാന്തു പിടിക്കുന്നതോടെയാണ് നാരനെല്ലൂരിലെ മനുഷ്യരില്‍ ഭ്രാന്ത് പടര്‍ന്നുപിടിക്കുന്നത്. ഒരു പകര്‍ച്ചവ്യാധി പോലെ ആ ഭ്രാന്ത് മറ്റുപലര്‍ക്കും ബാധിക്കുന്നു. ഏത് നിമിഷവും ഗ്രാമത്തിലെ ആര്‍ക്കും ഭ്രാന്ത് പിടികൂടുമെന്ന അവസ്ഥ. ഭ്രാന്തെടുത്ത് വിവസ്ത്രയായി ഗ്രാമത്തിലൂടെ ഇറങ്ങി നടക്കുന്ന സുചിത്ര, മകന്റെ ലിംഗം അരിഞ്ഞെടുത്തത് ഉപ്പിലിട്ട ഭാസ്‌കരന്‍ എന്നിങ്ങനെ നാട്ടില്‍ ഭ്രാന്ത് പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നാരനല്ലൂര്‍ മലയില്‍ അഭയം പ്രാപിക്കുന്ന ഈ ഭ്രാന്തന്മാര്‍ക്കും ഈ ഭ്രാന്തുകള്‍ക്കുമെതിരെ ഗ്രാമം തെരുപ്പിടിപ്പിക്കുന്ന രക്ഷാമാര്‍ഗങ്ങളുമാണ് അതിരഴിസൂത്രത്തിന്റെ പശ്ചാത്തലം.
ഭരണകൂടഭീകരതയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം ഭരണകൂടങ്ങളും ഭരിക്കപ്പെടുന്നവരും ഉണ്ടായകാലംതൊട്ടുള്ള ചരിത്രമാണ്. അതിന്റെ വിഭിന്നവും വ്യത്യസ്തവുമായ ചര്‍ച്ചയാണ് അജിജേഷിന്റെ നോവല്‍. ഒരു പ്രദേശത്തെ മനുഷ്യരുടെ പ്രതികരണമനോഭാവത്തെ നിശിതമായി നേരിടുന്ന ഭരണകൂടവും അതിനവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും എന്ന രീതിയിലാണ് ഈ നോവലിനെ സമീപിക്കേണ്ടത്. ഓരോ ഭ്രാന്തും സമൂഹത്തിലെ ഓരോ അനീതിക്കുമെതിരെയുള്ള പ്രതികരണവും സമരവുമാണെന്ന് നോവല്‍ മുന്നേറുമ്പോള്‍ വായനക്കാരന്‍ മനസിലാക്കുന്നു. ഭ്രാന്തുള്ളവരാണ് യഥാര്‍ത്ഥത്തില്‍ സ്ഥിരബുദ്ധിയുള്ള മനുഷ്യരെന്നും എന്നാല്‍ നാം സാധാരണക്കാരെന്ന് കരുതുന്ന മനുഷ്യരാണ് യഥാര്‍ത്ഥത്തില്‍ ഭരണകൂടഭീകരതകളെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്ക്കുന്ന ഭ്രാന്തന്മാരെന്നുംകൂടി അതിരഴിസൂത്രം പറഞ്ഞുവെക്കുന്നു. ഓരോ ഭരണകൂടവും കാത്തുവെക്കുന്ന ചതിയും വഞ്ചനയും അതിനായി അവര്‍ തിരഞ്ഞെടുക്കുന്ന കോര്‍പ്പറേറ്റ് മുഖങ്ങളും എല്ലാം നമുക്ക് നമിത്ത് എന്ന മനുഷ്യനില്‍ കാണാം, അയാളൊരു മിത്ത് (കെട്ടുകഥ) പോലെ സ്വത്വമില്ലാത്തവനും എന്നാല്‍ ഒരു ദേശത്തെ മനുഷ്യരെ മുഴുവനും ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടത്തിന്റെ മുഖവുമാണ്. അത്തരം അധികാരഭീകരതയുടെ ഇടവഴികളില്‍നിന്നും ഇറങ്ങി നടക്കുകയും ഒടുവില്‍ മനുഷ്യരുടെ കഥ രചിക്കാന്‍ പിറവികൊള്ളുകയും ചെയ്യുന്ന അപൂര്‍വതയായി അമീറ എന്ന കഥാപത്രത്തേയും അതിരാഴിസൂത്രത്തില്‍ നമുക്ക് കാണാം. അവര്‍ ലോകത്തിന്റെ നേരിട്ടുള്ള ഇരുമുഖക്കാഴ്ചയാണ്. നന്മയും തിന്മയും പോലെ, ശരിയും തെറ്റും പോലെ, ജീവിതവും മരണവും പോലെ, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും പോലെ.
അജിജേഷിന്റെ ഭാഷ കെട്ടുറപ്പുള്ളതും കൃത്യതയുള്ളതുംചിട്ടയുള്ളതുമാണ്. ചിലയിടങ്ങളില്‍ അത് കാവ്യാത്മകമായും പരിവര്‍ത്തിക്കപ്പെടുന്നുണ്ട്. അനാവശ്യമായ വര്‍ണ്ണനകളുടെ മടുപ്പോ, നീട്ടിപ്പരത്തലോ യാതൊന്നുമില്ലാതെ, തട്ടുംതടവുമില്ലാതെ, കൃത്യമായ ലക്ഷ്യബോധത്തോടെ സഞ്ചരിക്കുന്ന ഒന്നാണ് അജിജേഷിയന്‍ഭാഷ. കഥാപാത്രസൃഷ്ടിയിലോ, കഥാരീതിയിലോ ആശയക്കുഴപ്പങ്ങള്‍ യാതൊന്നും ഉടലെടുക്കാതെ ഒരു പുസ്തകം വായനക്കാരനെ മുന്നോട്ടുനയിക്കുന്നുവെങ്കില്‍ അത് തീര്‍ച്ചയായും എഴുത്തുകാരന് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. അജിജേഷിന്റെ അവതരണശൈലി, നോവലിലെ കഥാപരിസരവും രാഷ്ട്രീയവും ആവശ്യപ്പെടുന്ന സ്വാഭാവികമട്ടിലുള്ളതും ഗൗരവപ്രകൃതിയുള്ളതും ഏറെക്കുറെ സാമ്പ്രദായികരീതിയിലുമാണ്. ക്രാഫ്റ്റിങ് അഥവാ അവതരണശൈലിയിലെ സങ്കീര്‍ണ്ണതകള്‍ സന്നിവേശിപ്പിക്കാതെ കൃത്യമായ രാഷ്ട്രീയവും നിലപാടും വ്യക്തമാക്കുന്നതാണ് അതിരഴിസൂത്രഭാഷ.
ഒപ്പം ചൂണ്ടിക്കാണിക്കാന്‍ തോന്നിയ ഒരു വസ്തുത, സംഭാഷണങ്ങള്‍ കോമകള്‍ക്കുള്ളില്‍ എഴുതുന്നതാണ് സംഭാഷണത്തെയും ഖണ്ഡികകളെയും വേര്‍തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗം എന്നതാണ്. - ഇങ്ങനെയൊരു വര മാത്രമിട്ട് സംഭാഷണം എഴുതുമ്പോള്‍ ചിലപ്പോഴെങ്കിലും സംഭാഷണത്തെ സംഭാഷണമായി കരുതാതെ വായനയില്‍ ആശയക്കുഴപ്പം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം അപൂര്‍വ്വം ഒന്നുരണ്ടിടത്തെ സംഭാഷണങ്ങളിലെ നാടകീയതയും ഒഴിച്ചുനിര്‍ത്തിയാല്‍ അതിരഴിസൂത്രം മികച്ച വായന സമ്മാനിച്ച നോവലാണ്.
അതിരഴിസൂത്രമെന്ന പ്രയോഗം നല്‍കുന്ന നിഗൂഢതയും, നോവല്‍ ചര്‍ച്ച ചെയ്യുന്ന ഇരുണ്ട രാഷ്ട്രീയവും, ഭ്രാന്തന്‍ലോകവും, ഭരണകൂടഭീകരതയും, മനുഷ്യന്റെ എതിര്‍ നീക്കങ്ങളും എല്ലാം അനുഭവിച്ചറിയാന്‍ അതിരഴിസൂത്രത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോവുക എന്നേ പറയാനുള്ളൂ. ഓരോ എഴുത്തും ഓരോ നിലപാട് പേറുന്നു എന്നത് ഈ പുസ്തകത്തെമുന്‍നിര്‍ത്തി തീര്‍ച്ചയായും അടിവരയിടാമെന്നുകൂടി അതോടൊപ്പം ചേര്‍ത്തുപറയുന്നു. തീര്‍ച്ചയായും വായിക്കുക !
Content Highlights: Athirazhisoothram Malayalam Novel By Ajijesh Pachat Book Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..