അരങ്ങിനെ നോക്കിക്കാണുമ്പോള്‍


അഭീഷ് ശശിധരന്‍, abheeshsasidharan@gmail.com

-

(വേണുജി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അരങ്ങിലും മുന്നിലും പിന്നിലും എന്ന പുസ്തകത്തിന്റെ വായനാനുഭവം)

ശരീരത്തേയും, സ്ഥലത്തേയും, സമയത്തേയും അനുഭവമാക്കുന്ന കലാരൂപമാണ് രംഗകല. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും നടത്താവുന്ന പ്രയോഗങ്ങള്‍ രംഗകലകളില്‍ കാണാം. ഒരു സ്ഥലത്തുനിന്നും പലസ്ഥലങ്ങളിലേക്കും സമയങ്ങളിലേക്കും ശരീരങ്ങളിലേക്കും അരങ്ങിലൂടെ സഞ്ചരിക്കുവാനാകുന്നു. അരങ്ങ് എന്ന വര്‍ത്തമാനകാലത്ത് നിന്നും മുന്നോട്ടും, പിന്നോട്ടും മുകളിലേക്കും താഴേയ്ക്കും വേണുജി നടത്തുന്ന നോക്കിക്കാണലുകളാണ് അരങ്ങിലു ംമുന്നിലും പിന്നിലും എന്ന പുസ്തകം. ഇവിടെ പരിശീലനവും, പ്രയോഗവും, ആസ്വാദനവും എഴുത്തിലൂടെ പിന്നിലും അരങ്ങിലും മുന്നിലുമായി ജീവിക്കുന്നു. ലോകരംഗവേദിയ്ക്ക് കൂടിയാട്ടം നല്‍കിയ അതുല്യ സംഭാവനയാണ് നോക്കിക്കാണലുകള്‍. അവതരണസാഹിത്യത്തില്‍ നിന്നും വിമര്‍ശനത്തില്‍ നിന്നും വ്യത്യസ്തമായി വേണുജി സ്വന്തം കലാജീവിതത്തെ നോക്കികാണുന്നത് നടന്റെ പ്രയോഗത്തിലൂടെയും പരിശീലനത്തിലൂടെയും ജീവിതദര്‍ശനത്തിലൂടെയുമാണ്. വായനയെ മുറിയ്ക്കാത്ത ഒരു രസച്ചരട് ഈ പുസ്തകത്തിന്റെ പേജുകളിലുണ്ട്. പാരമ്പര്യ, നൃത്യ, നൃത്ത, നാട്യസങ്കല്‍പങ്ങളേയും, അഭിനയത്തെയും, സമകാലിക പ്രവര്‍ത്തനങ്ങളേയും സ്വാംശീകരിക്കുന്ന ഒരു രസച്ചരടാണിത്. ആ വായനാനുഭവത്തെ അഥവാ വേണുജിയുടെ നോക്കികാണലുകളെ സര്‍ഗ്ഗാത്മകം, പരിശീലനം, ഗവേഷണം, രേഖനം, പ്രയോഗം, സഹവര്‍ത്തിത്വം, ബോധനം, ആത്മീയം, ദാര്‍ശനികം എന്നിങ്ങനെ വേര്‍തിരിക്കാം.

നടന്‍ എന്ന കലോപാസകന്റെ സര്‍ഗ്ഗാത്മക അനുഭവങ്ങള്‍ നിറഞ്ഞതാണ് ഈ പുസ്തകം. സ്വന്തം ഗ്രാമീണ പരിസരങ്ങളില്‍ നിന്നും കുടുംബാന്തരീക്ഷത്തില്‍ നിന്നുമറിഞ്ഞ അനുഭവങ്ങളിലൂടെ ആ സര്‍ഗ്ഗാത്മക യാത്ര തുടങ്ങുന്നു. ഈ സര്‍ഗ്ഗവാസന തന്നെയാണ് കലാപഠനത്തിനും, പ്രയോഗത്തിനും, ഗവേണഷത്തിനും, അവതരണത്തിനുമായി വേണുജിയെ കേരളത്തിനകത്തും പിന്നീട് ഉത്തരേന്ത്യയിലേക്കും നയിച്ചത്. ആ യാത്ര കടല്‍ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം വേണുജി വിശദീകരിക്കുന്നത് ക്രമമായിട്ടാണ്. നിരവധി വേദികളില്‍ അദ്ദേഹം നടനായി, നര്‍ത്തകനായി. കഥകളിയിലും നൃത്തത്തിലും നൃത്തനാടകങ്ങളിലും കൂടിയാട്ടത്തിലും അഭിനയിച്ചു. മഹാന്മാരായ നടന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അരങ്ങുകളില്‍ അതുല്യ കഥാപാത്രങ്ങളായി അഭിനയിച്ച വേണുജി എന്ന നടന്റെ സര്‍ഗ്ഗാത്മക നിറഞ്ഞതാണ് അരങ്ങിലും മുന്നിലും പിന്നിലും.

അനേകം ഗുരുക്കന്‍മാരില്‍ നിന്നും വേണുജി സ്വായത്തമാക്കിയ പരിശീലനങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബാല്യത്തില്‍ കീരിക്കാട്ട് ശങ്കരപ്പിള്ളയുടെ കീഴില്‍ വേദന സഹിച്ച് കഥകളിയും നൃത്തവുമഭ്യസിച്ചത്; രാമകൃഷ്ണനാചാരിയില്‍ നിന്നും ചിത്രകലാ പരിശീലനം നേടിയത്. പലഗുരുക്കന്‍മാരില്‍ നിന്നും പഠിച്ചെടുത്ത വിവിധ ചിട്ടകളിലുള്ള കഥകളിയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ഗുരുഗോപിനാഥിന്റെ കീഴില്‍ നടന്ന പഠനം വേണുജിയ്ക്ക് പുതുകാഴ്ചകള്‍ നല്‍കിയിട്ടുണ്ട്. ഭോപ്പാലിലും, ഡല്‍ഹിയിലും നിന്നും നേടിയ അനൗപചാരികമായ പരിശീലനങ്ങളുമുണ്ട്. സമകാലിക നൃത്ത-നാടക പഠനം, പാവ നാടകപഠനം, ഗവേഷണത്തിനായുള്ള പരിശീലനം എന്നിവയാണതില്‍ പ്രധാനം. ഗുരുശിക്ഷ്യ രീതിയിലുള്ള പരിശീലനത്തിന്റെ സവിശേഷതകളെക്കുറിച്ച് വേണുജി എഴുതുന്നുണ്ട്. മറ്റൊന്ന് സുഹൃത്തുമായി പരസ്പരം ഗുരുദക്ഷിണ നല്‍കി നടത്തിയ പരിശീലനമാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിതന്റെ 38-ാമത്തെ വയസ്സില്‍ താനതുവരെ പഠിച്ചതെല്ലാം മാറ്റിവെച്ച് ഒരു ഒഴിഞ്ഞ പാത്രം പോലെ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരില്‍ നിന്നും കൂടിയാട്ടം പഠിക്കുവാന്‍ തുടങ്ങുന്നത് ഈ പുസ്തകത്തിലുണ്ട്. ആ അദ്ധ്യായത്തിന് കൂടിയാട്ടത്തിന്റെ മാസ്മരിക ലോകത്തില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അവസാന അദ്ധ്യായങ്ങളില്‍ നവരസസാധനയുമായി ബന്ധപ്പെട്ട അനുഭാവങ്ങളെ അടുത്തറിയുന്ന പരിശീലന പദ്ധതികളെക്കുറിച്ചെഴുതിയിട്ടുണ്ട്. പാരമ്പര്യ പരിശീലന പദ്ധതികളില്‍ ലഭ്യമല്ലാത്ത ഒരു പരിശീലനമാണിത്. സ്വയം പരിശീലിച്ച് മറ്റുള്ളവര്‍ക്കായി പരിശീലനം ആവിഷ്‌കരിച്ച പദ്ധതികള്‍. നടന്റെയും നടിയുടേയും സൂക്ഷ്മശരീരത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലന രീതികള്‍ ഈ പുസ്തകത്തില്‍ പലയിടത്തും കാണാവുന്നതാണ്. അവതരണ പരിശീലനങ്ങളെ എഴുത്തില്‍ കൊണ്ടുവരുന്ന രചനാസങ്കേതങ്ങള്‍ക്ക് ഒരു സംഭാവനയായി ഈ എഴുത്തുകള്‍ മാറുന്നു.

കലാകാരന്‍ ഗവേഷകനായിമാറുന്ന ഈ പുസ്തകം അക്കാദമിക്ക് വാര്‍പ്പ് മാതൃകകളില്‍ നിന്നും മാറി നില്‍ക്കുന്നു. യുക്തിയുടെ (Reason) ഘടനയിലല്ല വേണുജിയുടെ ഗവേഷണം. യുക്തിയുടെ പരിധികളെയും പരിമിതികളേയും മറികടക്കുന്ന എഴുത്തുരീതികളുണ്ടതില്‍. ആവേശമാണ് വേണുജിയുടെ ഗവേഷണത്തിന്റെ കനല്‍. അറിഞ്ഞ അറിവുകള്‍ പുതുതലമുറയ്ക്കായി തുറന്നുകൊടുക്കുന്നുമുണ്ട്. മുദ്രകളുടെ നൊട്ടേഷനു വേണ്ടിയുള്ള ഗവേഷണം അതിലൊരുദാഹരണമാണ്. അതിന് വേണ്ടിയുള്ള ആസ്വാദനങ്ങളും, വായനകളും, ചര്‍ച്ചകളും, പ്രയോഗങ്ങളും, ഫീല്‍ഡ്‌വര്‍ക്കുകളും നിറഞ്ഞു നില്‍ക്കുന്നു. എഴുതിയും മാറ്റിയെഴുതിയും, വരച്ചും മാറ്റിവരച്ചും നടത്തിയ കഠിന ഗവേഷണങ്ങള്‍. വിവിധ അദ്ധ്യായങ്ങളില്‍ വേണുജി അഭിനയത്തെക്കുറിച്ചുള്ള കഥകള്‍ പരാമര്‍ശിക്കുന്നുണ്ട്. അവതരണ പ്രയോഗത്തിന്റെ ചിട്ടകളെ വേര്‍തിരിക്കുന്ന ഒരു ആഖ്യാനരീതി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. മറ്റൊരിടത്ത് മാത്തൂര്‍കുഞ്ഞുപിള്ള പണിക്കരുടെ കഥകളി പ്രകാശിക, ആലീസ്‌ബോര്‍ണ്ണറുടെ രണ്ടു ലേഖനങ്ങള്‍, ഗുരുഗോപിനാഥിന്റെ മയൂരനൃത്തം എന്നിവയുടെ പുനര്‍വായനകള്‍ നടത്തുന്നുണ്ട്. മലയാളരംഗകലയുടെ എഴുതപ്പെടാത്ത അവതരണചരിത്രമാണ് വേണുജി രേഖപ്പെടുത്തുന്നത്. നേത്രാഭിനയ ഗവേഷണത്തിനൊപ്പം ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചികണ്ണുകളെക്കുറിച്ച് പഠിച്ചതിനെക്കുറിച്ചെഴുതുമ്പോള്‍ ഭാഷയ്ക്കും, മാധ്യമത്തിനും, ദേശത്തിനുമതീതമായ അനുഭവത്തിന്റെ ബഹുസ്വരതയെക്കുറിച്ചാണ് എഴുതുന്നത്. കൊടുങ്ങല്ലൂര്‍ കളരിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നവരസസാധനയായി മാറുന്നുണ്ട്. ശാകുന്തളവും, വിക്രമോര്‍വ്വശീയവും, ഊരുഭംഗവും കൂടിയാട്ടമായി ചിട്ടപ്പെടുത്തിയതും നിരവധി നങ്ങ്യാര്‍കൂത്തുകള്‍ ചിട്ടപ്പെടുത്തിയതും പാവകഥകളിയുടെ പുനര്‍ജീവനം നടന്നതും ഇത്തരം ഗവേഷണങ്ങളിലൂടെയാണ്.

അവതരണ പഠനങ്ങളില്‍ എന്നും കാണുവാന്‍ പറ്റുന്ന കുറവ് രേഖനങ്ങളുടെ അഭാവമാണ്. ചിത്ര, ശില്‍പ, കലാ പഠനത്തില്‍ ആ രേഖനം ഒരു പരിധിവരെ കാണാവുന്നതാണ്. വേണുജിയുടെ മറ്റു പുസ്തകങ്ങള്‍ക്കൊപ്പം കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നീകലകളുടെ നൊട്ടേഷനുകളും എഴുത്തുകളും രേഖനമായി മാറുന്നുണ്ട്. കൃത്യമായ റഫറന്‍സുകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഗവേഷകന്റെ ആഴത്തിലുള്ള റിസെര്‍ച്ചും, ഫീല്‍ഡ്‌വര്‍ക്കും, റീറൈറ്റിംഗും, മെത്തഡോളജിയും ഉപയോഗിച്ചുള്ള രേഖന പ്രവര്‍ത്തനങ്ങള്‍. സ്വയം ഗവേഷകനും, എഴുത്തുകാരനും, ചിത്രകാരനും, പ്രൂഫ് റീഡറും, പ്രസാധകനും, വിതരണക്കാരനുമായി പ്രവര്‍ത്തിച്ച വേണുജിയുടെ രേഖന മികവുകൊണ്ടാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനെട്ടോളം പുസ്തകങ്ങള്‍ നമ്മുക്ക് ലഭിച്ചത്. രേഖനങ്ങളുടെ പിന്നരങ്ങിലെ വിയര്‍പ്പും വേദനയും അരങ്ങിലും മുന്നിലും പിന്നിലും എന്ന പുസ്തകത്തില്‍ കാണാം.

പ്രയോഗത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഈ പുസ്തകത്തിലുള്‍ക്കൊള്ളിച്ചിരിക്കുന്നതിലൂടെ ഇന്ത്യന്‍ അവതരണ പഠനമേഖലയില്‍ ഈ പുസ്തകം വ്യത്യസ്തമായ സ്ഥാനര്‍ഹിക്കുന്നു. ആ പ്രയോഗരീതികള്‍ പുസ്തകത്തിന്റെ തലക്കെട്ടുപോലെ മൂന്ന് തരത്തിലാണ്. ഒന്നാമതായി തനിക്ക് മുമ്പുള്ള അഭിനയ പ്രയോഗങ്ങള്‍, മറഞ്ഞുപോയ പ്രയോഗങ്ങള്‍, അപൂര്‍ണ്ണമായ പ്രയോഗങ്ങള്‍ എന്നിവയാണ്. സൂത്രവാക്യങ്ങളെ വിശദീകരിക്കുന്നതുപോലെ വേണുജി വിശദമാക്കുന്ന സ്വന്തം പ്രയോഗങ്ങളും കണ്ടെത്തലുമാണ് രണ്ടാമത്തെ പ്രയോഗരീതി. ഉദാഹരണമായി ഭൂമി എന്ന മുദ്രയെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. കൃഷിയില്‍, സ്ത്രീ ശരീരത്തില്‍, അരങ്ങില്‍ ഭൂമി മുദ്രയുടെ സ്ഥാനം. അരങ്ങിലുപയോഗിക്കുന്ന രീതികള്‍, വേഗത, കൂടിയാടുന്നത്, ഏഷ്യയിലും ലാറ്റിനമേരിക്കയിലും ഭൂമി മുദ്രയോട് സാമ്യമുള്ള മുദ്രകളുടെ പ്രയോഗങ്ങള്‍ തുടങ്ങിയ കണ്ടെത്തലുകള്‍. മൂന്നാമതായി സ്വന്തം ശിഷ്യരും, വിദ്യാര്‍ത്ഥികളും, സഹപ്രവര്‍ത്തകരും നടത്തുന്ന പ്രയോഗങ്ങളെക്കുറിച്ചുള്ള എഴുത്തുകളാണ്. അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിലും നടനകൈരളിയിലുമായി കപില, സൂരജ്, അപര്‍ണ്ണ, രഞ്ജിത്, സരിത, രജനീഷ് എന്നീ നടീ നടന്മാരും, രാജീവ്, നാരായണന്‍, ഹരിഹരന്‍, ഉണ്ണികൃഷ്ണന്‍, ഹരിദാസ് എന്നീ കലാകാരന്മാരുമായുള്ള പഠന പ്രയോഗ പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും, നവരസസാധന ശില്‍പശാലകളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വേണുജിയില്‍ നിന്നും സ്വായത്തമാക്കിയ പ്രയോഗങ്ങള്‍. നേത്രാഭിനയം, ഹസ്താഭിനയം, അവതരണസ്ഥലം തുടങ്ങിയ വിഷയങ്ങളില്‍ നടനകൈരളിയില്‍ നടന്ന നിരവധി പഠനങ്ങളും പ്രയോഗങ്ങളും. കാളിദാസന്റെ നാടകങ്ങളെ നിര്‍വ്വഹണമില്ലാതെ കൂടിയാട്ടമാക്കിയ പ്രയോഗങ്ങള്‍. സംസ്‌കൃതഭാഷയ്ക്കും, നാട്യശാസ്ത്രത്തിനും, നടാങ്കുശത്തിനുമപ്പുറം പ്രാദേശികമായ ദ്രാവിഡ അവതരണ ഉറവകളെയും, പ്രയോഗങ്ങളെയും കണ്ടെത്തി അവ പ്രായോഗികമാക്കുന്ന രീതികളുണ്ട്. പാവകഥകളിക്കുവേണ്ടിയുള്ള പുതുപ്രയോഗങ്ങള്‍, ചെറിയ അരങ്ങുകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, സഹധര്‍മ്മിണി നിര്‍മ്മലാ പണിക്കര്‍ക്കൊപ്പം ദേശീ മോഹിനിയാട്ടത്തിന്റെ പ്രയോഗങ്ങളെ കണ്ടെത്തിയതും അവയില്‍ പ്രധാനപ്പെട്ടതാണ്. ഇങ്ങനെ പ്രയോഗത്തിന്റെ ഭൂതകാലത്തെയും, ഭാവികാലത്തെയും, വര്‍ത്തമാനകാലത്തെയും ഈ പുസ്തകം നോക്കികാണുന്നു.

നിരവധി വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളുടെ സഞ്ചയമാണ് ഈ പുസ്തകം. വേണുജി നേരിട്ട് ബന്ധപ്പെടാത്ത പൂര്‍വ്വസൂരികളുണ്ട്. സ്വന്തംഗുരുക്കന്മാരുടെ കൂട്ടമുണ്ട്. ആദരണീയരായവരുടെ മറ്റൊരു കൂട്ടവുമുണ്ട്. സ്‌നേഹിതന്മാരുടെ സംഘവുമുണ്ട്. വഴികാട്ടിയവരില്‍ ചിലര്‍ എന്ന വലിയ അദ്ധ്യായത്തില്‍ വായിക്കുവാനാവുന്നത് ഈ ജനസഞ്ചയത്തെക്കുറിച്ചാണ്. ശിഷ്യന്‍മാരുടെ പേരുവിവരങ്ങളെയും അഭിനയമുഹൂര്‍ത്തങ്ങളേയും പ്രതിപാദിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. പേര് പറയാതെ പറഞ്ഞുപോകുന്ന വ്യക്തിത്വങ്ങളുണ്ട്. സ്‌നേഹത്തിനൊപ്പം നൊമ്പരങ്ങള്‍ നല്‍കിയവരുമുണ്ടതില്‍. രംഗകലയുടെ സംഘശക്തിയെ തിരിച്ചറിയുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

വ്യത്യസ്തകാലത്തെ വ്യത്യസ്ത അദ്ധ്യാപന രീതികള്‍ ഈ പുസ്തകത്തിലുണ്ട്. അക്കാദമികളുടെ ശില്‍പശാലകളിലും, പാരമ്പര്യ നാടോടികലകളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലും, ഭോപ്പാലിലെ കലാപരിഷത്ത്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, സിംഗപ്പൂര്‍ ഐ.ടി.ഐ, ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, പൂണൈ എഫ്.ടി.ഐ.ഐ; യൂറോപ്പിലേയും അമേരിക്കയിലേയും ഏഷ്യയിലേയും സമകാലിക രംഗാവതരണ വിദ്യാലയങ്ങള്‍, വേള്‍ഡ് തിയേറ്റര്‍ പ്രൊജക്ട് എന്നിവിടങ്ങളില്‍ നടത്തിയ അദ്ധ്യാപന രീതികള്‍. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി നടനകൈരളിയിലൂടെ നടത്തിയ ബോധന പ്രവര്‍ത്തനങ്ങളുണ്ട്. അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിലൂടെ കൂടിയാട്ട കലാകാരന്മാരുടെ പുതുതലമുറയെ വാര്‍ത്തെടുത്ത ബോധന പ്രവര്‍ത്തനങ്ങളുണ്ട്. ടാഗോറിന്റെ ബോധനരീതികളോടുള്ള ഒരടുപ്പം അവിടെ കാണാം. അഭിനേതാവിന്റെ സൂക്ഷ്മശരീരവുമായി ബന്ധപ്പെടുന്ന, സ്ഥൂലശരീരത്തിലെ ഓരോ അവയവയത്തെയും അടുത്തറിയുന്ന അദ്ധ്യാപന രീതികള്‍. വര്‍ഷങ്ങളെടുത്ത് നിര്‍മ്മിച്ചെടുത്ത ഈ ബോധന പ്രക്രിയ എങ്ങനെയാണ് വികസിച്ചതെന്ന് ഈ പുസ്തകത്തിലുണ്ട്. ജാതിമത ചിന്തകളെ മാറ്റി നിര്‍ത്തിക്കൊണ്ട് പാരമ്പര്യകലയിലുണ്ടാകേണ്ടുന്ന പുതുബോധന സമീപനത്തെക്കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. നവരസസാധനയെക്കുറിച്ച് എഴുതുമ്പോള്‍, പ്രാദേശികമായി രൂപപ്പെട്ട ഒരു അഭിനയ പരിശീലന പദ്ധതി എങ്ങനെ ലോകമെമ്പാടുമുള്ള സമകാലിക പാരമ്പര്യ അഭിനേതാക്കള്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്തുവെന്ന് വിശദമാക്കുന്നുണ്ട്. ആദ്യകാല പരിശീലനങ്ങള്‍ മുതല്‍ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ശില്‍പശാലകള്‍ വരെയുള്ള ബോധന രീതികളുടെ പരിണാമം വേണുജിയുടെ വാക്കുകളില്‍ ദൃശ്യമാണ്. അദ്ദേഹത്തില്‍ നിന്നും ആ പരിശീലന പദ്ധതിയുടെ ബാലപാഠങ്ങള്‍ക്ക് പഠിച്ച ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഓരോ അക്ഷരങ്ങളും ആശയങ്ങളും ഞാന്‍ എന്നോട് ചേര്‍ത്തു നിര്‍ത്തുന്നു. അഭിനയ കലയെ, പരിശീലനത്തെ ഇത്രമാത്രം അടുത്തറിഞ്ഞ ഒരു പുസ്തകം ഇന്ത്യന്‍ ഭാഷകളില്‍ അടുത്തൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പുസ്തകം മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തേണ്ടതുണ്ട്.

വേണുജി തന്റെ ഇതുവരെയുള്ള പുസ്തകങ്ങളില്‍ അത്രയധികം വിശദമാക്കാത്ത ആത്മന്വേഷണത്തെക്കുറിച്ച് അരങ്ങിലും മുന്നിലും പിന്നിലും എന്ന പുസ്തകത്തിലെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ധാരയായി ആത്മീയത നിലനില്‍ക്കുന്നു. അത് മതമൗലീകവാദങ്ങളോ, വൈരുദ്ധ്യങ്ങളോ അല്ല. അഭിനയത്തെ ഉപാസനയായി കാണുന്ന ആത്മാന്വേഷണമാണത്. ശൈവ, ബൗദ്ധ, ശാക്തേയ, സിദ്ധ, സൂഫി ദര്‍ശനങ്ങളും, മായാ-ഇന്‍കാ-സെന്‍ തത്വങ്ങളും വേണുജിയുടെ കണ്ടെത്തലുകളിലും പരിശീലനത്തിലും പ്രയോഗത്തിലുമുണ്ട്. കാക്കാരശ്ശി നാടകത്തിലെ കുറവനും കുറത്തിയിലും, ചിലപ്പതികാരത്തിലെ കൊട്ടിച്ചേതത്തിലും, പാര്‍വ്വതിവിരഹത്തിലെ ശിവപാര്‍വ്വതി പകര്‍ന്നാട്ടത്തിലും, നരസിംഹാവതാരത്തിലെ സ്‌തോഭത്തിലും, സീതാപരിത്യാഗത്തിലെ മാതൃത്വത്തിലും അദ്ദേഹം കണ്ടെത്തുന്നത് അവതരണവും ആത്മീയതയും തമ്മിലുള്ള ഐക്യമാണ്. ശിവന്‍ : ലോക നാടകവേദിയുടെ പിതാവ് എന്ന ആദ്യ അദ്ധ്യായം മുതല്‍ അവസാന അദ്ധ്യായത്തില്‍ നവരസസാധന നടത്തുവാനായി സ്വയം രുദ്രാക്ഷമണിയുന്നതുവരെ ആ ഐക്യം ദൃശ്യമാണ്. ഇവിടെ ദേവിദേവതാ ആരാധനയ്ക്കപ്പുറം, നടരാജസങ്കല്‍പവും, അര്‍ദ്ധനാരീശ്വരസങ്കല്‍പവും, നാട്യധര്‍മ്മിയും, അഭിനയവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ആനന്ദ കെ കുമാരസ്വാമി എഴുതിയ ശിവതാണ്ഡവത്തില്‍ നിന്നും, നിത്യചൈതന്യയതി എഴുതിയ ഊര്‍ജ്ജതാണ്ഡവത്തില്‍ നിന്നും വ്യത്യസ്തമായി നടരാജനെ വേണുജി വിവരിക്കുന്നത് നടന്റെ നോക്കിക്കാണലിലൂടെയാണ്. 'അരങ്ങിലെ ആറരപ്പതിറ്റാണ്ട് കാലം എനിക്ക് നല്‍കിയ തിരിച്ചറിവാണ് ശിവന്‍ എന്ന മഹാനടന്‍'എന്ന് വേണുജി എഴുതുന്നു. ശാക്തേയ പാരമ്പര്യവും തന്ത്രശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ആഴത്തിലുള്ള കണ്ടെത്തലുകളും പ്രയോഗങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം. മുദ്രകള്‍, നേത്രാഭിനയം, വായു, സൂക്ഷ്മശരീരം എന്നിവയെല്ലാം ചില ഉദാഹരണങ്ങളാണ്. സൗന്ദര്യലഹരിയുടെ പഠനവും ഉപാസനയും അവതരണമാകുന്നത് മറ്റൊരുദാഹരണമാണ്. കലാപ്രവര്‍ത്തനം ചിലര്‍ക്ക് രാഷ്ട്രീയമാണ്, ചിലര്‍ക്ക് ജനപ്രിയമാണ്, ചിലര്‍ക്ക് ജനകീയമാണ്, ചിലര്‍ക്ക് നേരംപോക്കാണ്, ചിലര്‍ക്ക് അക്കാദമിക് പ്രവര്‍ത്തനമാണ്, ചിലര്‍ക്ക് ഇതെല്ലാമാണ്. വേണുജിയ്ക്ക് കലാപ്രവര്‍ത്തനം ഒരു ഉപാസനയാണെന്ന് ഈ പുസ്തകത്തിലൂടെ അടുത്തറിയാനാവും. നവരസസാധന എന്ന അഭിനയ പദ്ധതിയില്‍ പോലും സാധന എന്ന ആശയമുണ്ട്. നൈരന്തര്യവും, കഠിനപരിശ്രമവും, ക്ഷമയും, സഹവര്‍ത്തിത്വവും, സമര്‍പ്പണവും വേണ്ട അഭിനയ പരിശീലനമായി നവരസസാധന മാറുന്നത് അതുകൊണ്ടാണ്. ചട്ടമ്പി സ്വാമികള്‍, കുരുമം കേശവസ്വാമികള്‍, നടരാജഗുരു, കീരിക്കാട്ട് ശങ്കരപ്പിള്ള, ഗുരുചെങ്ങന്നൂര്‍ രാമന്‍പിള്ള, ഗുരുഗോപിനാഥ്, നിത്യചൈതന്യയതി, ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍, ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍, സ്വാമി ഹരിഓം ആനന്ദ എന്നിവരിലൂടെ വേണുജി ആത്മീയമായ ഒരിടം തേടുന്നുണ്ട്. തന്റെ പുസ്തകം സമാപിപ്പിക്കുമ്പോള്‍ 'ഗുരുത്വം' എന്ന സ്വരചേര്‍ച്ചയില്‍ ശ്രീ വേണുജി ചേര്‍ത്തു നിര്‍ത്തുന്നത് ഉപാസകന്റെ ആഴത്തിലേക്കുള്ള ആത്മീയമായ സമര്‍പ്പണമാണ്.

ആത്മീയതയും അവതരണവും വേര്‍തിരിക്കാനാവാത്ത ആനന്ദദര്‍ശനത്തെക്കുറിച്ച് വേണുജി എഴുതാതെ എഴുതുന്നുണ്ട്. സ്വന്തം സര്‍ഗ്ഗാത്മക ജീവിതവും, പരിശീലനവും പ്രയോഗവും, ഗവേഷണവും, ബോധനവും, രേഖനവും, സഹവര്‍ത്തിത്വവും ആ ആനന്ദദര്‍ശനത്തിലേക്കുള്ള ഉപാസനയാണ്. കൂടെയുള്ളവരുടെ സര്‍ഗ്ഗാത്മകവും, സാമ്പത്തികവുമായ നിറവിനെക്കുറിച്ച് വേണുജി ആവലാതിപ്പെടുന്നത് ഈ പുസ്തകത്തില്‍ വായിക്കാം. സഹജീവികള്‍ക്കൊപ്പമുള്ള പങ്കിടലില്‍ നിന്നുകൊണ്ടുള്ളതാണ് വേണുജിയുടെ ആനന്ദദര്‍ശനം.

അഭിനയത്തില്‍/അരങ്ങില്‍ ചലനം പ്രധാനപ്പെട്ട പ്രവര്‍ത്തിയാണ്. ചലനത്തിനകത്തുള്ള നിശ്ചലതയെ കണ്ടെത്തുന്നതുപോലെ ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയെ കണ്ടെത്തുന്നതുപോലെ വാക്കുകള്‍ക്കിടയില്‍ പലതും എഴുതാതെ കടന്നു പോകുന്ന ഒരു രചനാരീതി ഈ പുസ്തകത്തിലുണ്ട്. വാക്കുകള്‍ക്കിടയില്‍ അദൃശ്യമായി അത് നിലനില്‍ക്കുന്നു. അഭിനയ അവതരണ കലാകാരന്‍മാര്‍ക്ക് വേണ്ട ശ്രദ്ധയെക്കുറിച്ച് നമ്മെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്ന ഒരു പുസ്തകമാണിത്. ഇനിയും ഒരുപാട് പഠിയ്ക്കുവാനും, പ്രയോഗിക്കുവാനുമുണ്ടെന്ന് വായനക്കാരെയും കലാകാരന്മാരെയും സ്വയം മനസ്സിലാക്കിപ്പിക്കുന്ന പുസ്തകം. വീണ്ടും വീണ്ടും വായിക്കുവാന്‍ തോന്നിപ്പിക്കുന്ന പുസ്തകം. അവതരണ പഠനങ്ങള്‍ക്ക് ഈ പുസ്തകം ഒരു മാതൃകയാണ്. ഈ മാതൃകയിലൂടെ എല്ലാ കലാകാരന്‍മാരും അവരുടെ സര്‍ഗാത്മക ജീവിതത്തെക്കുറിച്ച് എഴുതട്ടെ. അങ്ങനെ ബഹുസ്വരമായ അഭിനയകലയുടെ നൈരന്തര്യം തുടരട്ടെ.

പുസ്തകം വാങ്ങാം

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented