1980: ആഖ്യാനങ്ങളിലൂടെ രൂപം കൊടുത്തിരിക്കുന്ന ജയന്റെ ഒരു ഫിക്ഷണല്‍ ബയോഗ്രഫി!


മരിയ റോസ്‌

അൻവർ അബ്ദുള്ള

ലയാളത്തില്‍ അടുത്ത കാലത്ത് കുറ്റാന്വേഷണ നോവലുകള്‍ ധാരാളം പ്രസിദ്ധീകരിക്കപ്പെടുന്നതിനെക്കുറിച്ച് പലപ്പോഴും റഫര്‍ ചെയ്യപ്പെടുന്നത് എന്തോ 'മൂല്യച്യുതി' സംഭവിച്ചിരിക്കുന്നു എന്നത് പോലെയാണ്. ഈ തരംഗം വീണ്ടും ആരംഭിച്ച സമയത്ത് വന്നതിനെക്കാള്‍ ഭാഷാപരമായും ഇതിവൃത്തപരമായും മെച്ചപ്പെട്ട കുറ്റാന്വേഷണ രചനകള്‍ വന്നു കൊണ്ടിരിക്കുന്നു എന്നാണ് എന്റെ നിരീക്ഷണം. മെച്ചപ്പെട്ടത് എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് വിപണിവിജയമല്ല. വിപണി വിജയം നേടിയ നോവലുകളില്‍ പലതും ഭാഷാപരമായും ടെക്‌നിക് കൊണ്ടും പഴയ ഖണ്ഡശ കാലത്തെ സമീപനം തന്നെ പിന്‍തുടരുന്നവയായിരുന്നു. അവ പുതിയ പതിപ്പുകള്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ തന്നെ അവയുടെ കാലഹരണപ്പെട്ട Technique നിമിത്തം കീറിമുറിക്കപ്പെടുകയും ചര്‍ച്ചയില്‍ നില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രചനാപരമായി മികച്ച് നില്‍ക്കുന്ന രചനകള്‍ അത്ര കണ്ട് ചര്‍ച്ചയില്‍ വന്ന് കാണുന്നില്ല.

അന്‍വര്‍ അബ്ദുള്ളയുടെ കുറ്റാന്വേഷണ രചനകളെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വിലയിരുത്തുന്നത് മലയാളത്തില്‍ കുറ്റാന്വേഷണ നോവല്‍ എഴുതാന്‍ 'ശ്രമിക്കുന്ന'വരില്‍ അത് എഴുതിക്കഴിഞ്ഞ ഒരാളാണ് അന്‍വര്‍ എന്നാണ്. അദ്ദേഹത്തിന്റെ 'കംപാര്‍ട്ട്‌മെന്റ്', 'മരണത്തിന്റെ തിരക്കഥ', 'പ്രൈം വിറ്റ്‌നസ്' എന്നീ നോവലുകള്‍ കുറ്റാന്വേഷണ രചനകളുടെ അംഗീകൃതമായ പാരമ്പര്യം പിന്‍തുടരുന്നവയായിരുന്നു. 'കോമ', 'റിപബ്ലിക് ' എന്നിവയും ശ്രദ്ധേയമായ ശ്രമങ്ങള്‍ ആണെന്ന് ഞാന്‍ കരുതുന്നു. വായനാപരിചയവും എഴുത്തു പരിചയവും പ്രതിഫലിക്കുന്ന ഭാഷ, ഈ മേഖലയിലെ മികച്ച രചനകളുമായുള്ള പരിചയം വെളിപ്പെടുത്തുന്ന ടെക്‌നിക്, യുക്തിപരമായ കഥാവികാസം ഇതെല്ലാമാണ് എന്റെ വിലയിരുത്തലിന്റെ Criteria. അന്‍വര്‍ പക്ഷേ ഈ പുതിയ തരംഗത്തിനെല്ലാം മുന്‍പേ എഴുതിയതാണ് ഈ നോവലുകള്‍. പുതുതരംഗത്തില്‍ വീണ്ടും വന്നെങ്കിലും ചുരുങ്ങിയ വൃത്തങ്ങളില്‍ ഒഴികെ ഇവ ചര്‍ച്ചയില്‍ ഇല്ലാത്തതിന് കാരണം മലയാളത്തിലെ ജനപ്രിയനോവലിന്റെ കള്ളികള്‍ ഭേദിച്ചാണ് അവയുടെ നില്‍പ് എന്നത് കൊണ്ടാണ്. മികച്ച ടെക്‌നിക് പിന്‍തുടര്‍ന്ന് കൊണ്ട് ജനപ്രിയ പ്രമേയങ്ങള്‍ കെകാര്യം ചെയ്തിട്ടുള്ള നോവലിസ്റ്റുകള്‍ മലയാളത്തില്‍ മുന്‍പും നേരിട്ടിട്ടുള്ളതാണ് ഈ വിധി. ( മലയാറ്റൂര്‍ ഇതിന് ഒരു അപവാദമാണ്).

പെരുമാള്‍ എന്ന കുറ്റാന്വേഷകന്‍ വീണ്ടും വരുന്ന അന്‍വറിന്റെ പുതിയ നോവല്‍: '1980' വിവിധ തരത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. 1980 നടന്ന ഒരു ക്രൈം ആണ് പെരുമാള്‍ അന്വേഷിക്കുന്നത്. കുറ്റാന്വേഷണ എഴുത്തിലും കുറ്റാന്വേഷണത്തിലും വെല്ലുവിളിയുള്ള ഒന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ക്രൈം അന്വേഷിക്കുക എന്നത്. കോള്‍ഡ് കേസ് എന്ന് വിളിപ്പെടുന്ന കേസുകള്‍. ഈ രചനാരീതിയിലെ Conventions പലതും രൂപപ്പെടുത്തിയ അഗത ക്രിസ്റ്റി തന്നെ ഇത്തരം രണ്ട് കേസുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. Murdser in Rterospect (Five Little Pigs), Elephants Can Remember. എന്നാല്‍ Documetnകളിലൂടെ മാത്രം പഴയ കേസ് അന്വേഷിക്കുന്ന തരം പുസ്തകങ്ങളുമുണ്ട്. ജൊസഫൈന്‍ ടേ (Josephine Tey) എന്ന എഴുത്തുകാരിയുടെ The Daughter of Time ചരിത്രത്തില്‍ നടന്ന ചില കൊലപാതകങ്ങളെ Document കള്‍ ഉപയോഗിച്ച് അന്വേഷിക്കുന്നതിനെക്കുറച്ച് പറയുന്നു. ചരിത്രത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്‍ ചെയ്തു എന്ന് പറയപ്പെടുന്ന കൊലകളാണ് ടേയുടെ ഡിറ്റക്ടീവ് അലന്‍ ഗ്രാന്റ് അന്വേഷിക്കുന്നത്. ഇന്‍സ്‌പെപെക്ടര്‍ മോഴ്‌സ് എന്ന കുറ്റാന്വേഷകനെ അവതരിപ്പിച്ച കോളിന്‍ ഡെക്സ്റ്ററിന്റെ The Wench is Dead എന്ന നോവലിലും പഴയ നൂറ്റാണ്ടില്‍ കനാലില്‍ കൊല ചെയ്യപ്പെട്ട ഒരു കൊല ആശുപത്രിക്കട്ടിലില്‍ ചികില്‍സയിലിരിക്കെ മോഴ്‌സ് രേഖകളിലൂടെ അന്വേഷിക്കുകയാണ്. അന്‍വര്‍ ഈ നോവലില്‍ രണ്ട് അന്വേഷണ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. പഴയകാലരേഖകള്‍ (പത്രങ്ങള്‍, മാഗസിനുകള്‍, സിനിമ, യൂട്യൂബ് വീഡിയോകള്‍ ) ഒപ്പം, കൊല നടന്ന കാലത്ത് ഉണ്ടായിരുന്ന, ഇപ്പോഴും ജീവിച്ചിരിക്കുന്നവരുടെ മൊഴികളും.

രണ്ടാം തലത്തില്‍ നോവല്‍ ശ്രദ്ധയര്‍ഹിക്കുന്നത് അന്വേഷിക്കുന്നത് കേരളത്തെ ഒരിക്കല്‍ ഉദ്വേഗപ്പെടുത്തിയ നടന്‍ ജയന്റെ ഹെലികോപ്ടര്‍ ദുരന്തമാണ് എന്നത് കൊണ്ടാണ്. ജയന്റെ മരണം കൊലപാതകമായിരുന്നോ എന്നത് പല കാലങ്ങളായി പലരും സംശയമുന്നയിച്ചിട്ടുള്ളതാണ്. വായനക്കാര്‍ക്ക് ഒറിജിനലുകളെ തിരിച്ചറിയാനാകും വിധം ജഗന്‍, പ്രേം ഫിറോസ്, മോഹന്‍ ഹാസന്‍ എന്നിങ്ങനയാണ് മലയാള സിനിമയുടെ 70 കളും എന്‍പതുകളും നോവലില്‍ കടന്ന് വരുന്നത്. നോവല്‍ പരാമര്‍ശിക്കുന്നതെല്ലാം തന്നെ സത്യമാണോ എന്ന് പെരുമാളിനൊപ്പം ഒരു സമാന്തര അന്വേഷണം നടത്താന്‍ വായനക്കാര്‍ക്ക് സാധിക്കും. അതെല്ലാം വസ്തുതകളാണ് എന്നറിയുമ്പോള്‍ അന്‍വര്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ ' കോണ്‍സ്പിറസി തിയറി ' പോലും സത്യമായിരിക്കുമോ എന്ന് ഒരു വേള വായനക്കാര്‍ സംശയിച്ചേക്കാം. അത്രയേറെ വസ്തുതകളുമായി ചേര്‍ത്താണ് നോവലിലെ ഫിക്ഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അത് കണ്ട് പിടിക്കുക പ്രയാസമായിരിക്കും.

അഗാധമായ റിസര്‍ച്ച് എന്നതിലുപരി മലയാളം സിനിമയുടെ നാള്‍വഴികളെക്കുറിച്ചും, സിനിമാ വാരികകള്‍ തൊട്ട് ഗൗരവമുള്ള സിനിമാലേഖനങ്ങളിലും സിനിമകളിലുമുള്ള താല്‍പര്യവും അറിവുമാണ് അന്‍വറിനെ ഈ എഴുത്തില്‍ സഹായിക്കുന്നത് എന്നത് അന്‍വറിന്റെ അതേ തലമുറയില്‍ സിനിമ കണ്ടും വായിച്ചും വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ആ കാലത്ത് ലഭ്യമായിരുന്ന സാധാരണ സിനിമാ മാസികകളില്‍ വന്നിരുന്ന ഗോസിപ്പുകള്‍ പോലും നോവലിന്റെ പുരോഗതിയില്‍ ഉദ്വേഗജനകമായ വിവരമായി മാറുന്നുണ്ട്. എന്‍പതുകളിലെ മദ്രാസ് നഗരം, ഹോട്ടല്‍ മുറികള്‍, മൈനര്‍ കഥാപാത്രങ്ങള്‍, വിശദാംശങ്ങള്‍, അന്നത്തെ സിനിമ, മരണം നടന്ന ഷോളവാരം, പശ്ചാത്തലം ഇവയെല്ലാം അസാധാരണ തെളിമയോടെ നോവല്‍ ചിത്രീകരിക്കുന്നു.

ആഖ്യാനങ്ങളിലൂടെ രൂപം കൊടുത്തിരിക്കുന്ന ജയന്റെ ഒരു ഫിക്ഷണല്‍ ബയോഗ്രഫി എന്ന നിലയിലും നോവല്‍ ശ്രദ്ധയര്‍ഹിക്കുന്നു. വിവിധ വ്യക്തികളിലൂടെ കേന്ദ്ര കഥാപാത്രത്തിന്റെ വ്യക്തിത്വം രൂപം കൊള്ളുന്നു. പെരുമാള്‍ ഈ നോവലിലെത്തുമ്പോള്‍ കഥാപത്രത്തിന്റെ തുടക്കത്തിലുള്ള സ്വാധീനങ്ങളെല്ലാം വിട്ട് സ്വതന്ത്രമായ ഒരു വ്യക്തിത്വമാര്‍ജിക്കുന്നു. 'ഷാലോ' വായനക്കാര്‍ തുടക്കത്തില്‍ തന്നെ ഓടിക്കോട്ടെ എന്ന് കരുതിയാവണം കുറച്ച് കടുത്ത വാക്കുകള്‍ നിറച്ച വിവരണങ്ങള്‍ തുടക്കത്തില്‍ അന്‍വര്‍ ഉപയോഗിച്ചിട്ടുണ്ട്.

ഏതൊരു കുറ്റകൃത്യത്തിന്റെയും പ്രേരണ വെളിപ്പെടുത്തുമ്പോള്‍ മനുഷ്യ മനസിന്റെ സങ്കീര്‍ണതയെക്കുറിച്ച് ഒരു നിമിഷം നമ്മള്‍ ചിന്തിച്ച് പോകും. ഇവിടെയും മനുഷ്യന് സാധ്യമാകുന്ന നന്‍മയുടെ തിന്‍മയുടെയും വ്യാപ്തിയെക്കുറിച്ച് നമ്മള്‍ ചിന്തിച്ചു പോകുന്നു. ഈ നോവല്‍ എഴുത്തുകാരനും വായനക്കാര്‍ക്കും തികച്ചുമൊരു നേട്ടമാണ് എന്ന് ഞാന്‍ കരുതുന്നു.

Content Highlights: anwar abdulla new malayalam novel mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented