ജിസ ജോസ്
ജീവിതം അടിച്ചേല്‍പ്പിക്കുന്ന നിസ്സഹായതകള്‍ പേറുന്ന പെണ്‍ജീവിതങ്ങളുടെ കഥകള്‍ വായിക്കുമ്പോള്‍ സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാവാതെ വായനക്കാര്‍ കുഴങ്ങിപ്പോവാറുണ്ട്. രതിയുടെയും മൃതിയുടേയും പാഠം ഒന്നാണെന്നറിഞ്ഞ്, അംബ മകനോടൊപ്പം ജീവിതത്തിന് തിരശ്ശീലയിടുമ്പോള്‍, സാഹിത്യം അവസാനിക്കുന്നിടത്ത് ജീവിതം തുടങ്ങുന്നുവെന്ന് പ്രിയ കഥാകൃത്ത് സുഭാഷ് ചന്ദ്രന് സമുദ്രശിലയെന്ന നോവലില്‍ കുറിച്ചിട്ടു. ആനന്ദത്തിന്റെ ഇല്ലാത്ത ഭാരം പേറി, നിസ്സഹായരായി പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ജിസ ജോസിന്റെ ആനന്ദഭാരം. എല്ലാം വായനകളും കേവലം ആനന്ദംമാത്രമല്ല പകരുന്നത്, അതിനുമപ്പുറം ചില നോവുകളാണ്, ചില ചോദ്യങ്ങളാണ്, ചില തിരിച്ചറിവുകളാണ്.
പൊള്ളിക്കുന്ന സ്ത്രീവിരുദ്ധത തുടരുന്ന സമൂഹത്തോടും, അത് നൂറു ശതമാനവും ശരിവയ്ക്കുന്ന വ്യവസ്ഥിതിയോടും, സ്ത്രീവിരുദ്ധരാഷ്ട്രീയത്തോടും, മെരുക്കപ്പെട്ട വീട്ടമ്മകളെ സൃഷ്ടിക്കുന്ന, അത് മാറ്റമില്ലാതെ തുടരണമെന്ന് ശഠിക്കുകയും, ചോദ്യം ചെയ്യപ്പെടുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ വാശിയോടെ പടിക്കു പുറത്താക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇടങ്ങളെയും കുറിച്ചൊക്കെ, ആനന്ദഭാരത്തില് ജിസജോസ് സംവദിക്കുന്നത് വരികള്‍ക്കിടയിലൂടെ നാം തിരിച്ചറിയുന്നു. കല്യാണ പിറ്റേന്ന് രത്നമേഖലയ്ക്ക്, പ്രസവമോ അതിന്റെ കഷ്ടപ്പാടുകളോ കൂടാതെ കൈവന്നത്, കിടന്ന കിടപ്പില്‍ മൂത്രമൊഴിക്കുകയും വിസര്ജിക്കുകയും ചെയ്യുന്ന, കൊഞ്ചലോടെ അവ്യക്തമായ വാക്കുകള്‍ മാത്രം പുലമ്പുന്ന മുതിര്‍ന്നൊരു കുട്ടിയെയാണ്. അവളുടെ ഭര്‍ത്താവ് വിപിനന്റെ അമ്മ വിനോദിനിയെ.
തനിക്ക് ഇഷ്ടമല്ലാത്ത വിവാഹം കഴിച്ച മകനോടുള്ള വിരോധം ഉള്ളിലടക്കിയ വിനോദിനി എന്ന അമ്മ ആനന്ദത്തിന്റെ ഒരു ചെറു കണിക പോലും ജീവിതത്തില്‍ അനുഭവിച്ചവരല്ല. സ്ട്രോക്കു വന്ന് കിടപ്പിലായിപ്പോയ അവരെ മുപ്പത്തിമൂന്നു ദിവസത്തെ ആസ്പത്രിവാസത്തിനു ശേഷം വിപിനന് രണ്ടു മുറി കോട്ടേഴ്സിലെ വീട്ടിലെത്തിച്ചു. ഒരു മുഴുവന്‍ സമയ ബേബി സിറ്ററെപ്പോലെ അല്ല മദര്‍ സിറ്റര്‍ ആയിത്തന്നെ രത്നമേഖല അവരെ പത്തു വര്‍ഷമായി പരിചരിക്കുന്നു. മംഗലാപുരത്ത് നേഴ്സിംഗ് പഠനം നടത്തിയത് അവള്‍ക്കൊരു അധിക യോഗ്യതയുമായി.
പോകെ പോകെ മെരുക്കപ്പെട്ട ഒരു വീട്ടുമൃഗമായി മാറുന്നു രത്നമേഖല. തൊട്ടടുത്ത കോട്ടേഴ്സിലെ മരതകത്തിന്റെ മകന് ജ്ഞാനശേഖറിന്റെ ഭാര്യയാണ് പരിമളം, മുറ്റത്ത് ഇരുമ്പു കട്ടിലില്‍ ഉണങ്ങാനിട്ട കൊണ്ടാട്ടത്തോടൊപ്പം ഉണങ്ങിത്തീരുന്ന മറ്റൊരു സ്ത്രീ ജീവിതമാണത്.
അവളെ തിളച്ചയെണ്ണയിലേക്ക് ഇട്ട് വറുത്തു കോരിയാല്‍ പരിമളകൊണ്ടാട്ടമാകുമെന്ന് രത്നമേഖലപറയുന്നത് മാത്രം മതി പരിമളത്തെ അടയാളപ്പെടുത്താന്‍. സ്വന്തം മകന്റെ അസ്തിത്വം തിരിച്ചറിയാനാവാത്ത മരതകത്തിന്റെ പീഢനങ്ങള്‍ നിശ്ശബ്ദയായി സഹിക്കുകയാണ് പരിമളം. അരക്ഷിത ബാല്യം പേറുന്ന മുറിവുകളുമായി ദാമ്പത്യത്തിലേക്ക് കടക്കാന്‍ പോകുന്ന വിപിനന് ഉജ്വലമായ ചില ജീവിത പാഠങ്ങള്‍ പകരുന്നുണ്ട് മാതൃ സഹോദരി പുത്രനായ അജയേട്ടന്. 'ഉടമ്പടികളുടെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങള്‍ക്ക് സത്യസന്ധത കുറവായിരിക്കുമെന്നും, പ്രണയത്തില്‍ മാത്രമുറപ്പിച്ച ബന്ധത്തിന് കണക്കുകളുണ്ടാവില്ലെന്നും അത് സ്വയം മറ്റൊരാളിലേക്കുള്ള കോരിച്ചൊരിയലാണെന്നും നമ്മളില്ലാതാവുന്നിടത്തോളം നമ്മളെ കൊടുക്കലാണെന്നും ' പറയുന്നത് വെളിപാട് പോലെ കേള്‍ക്കുക മാത്രമാണ് വിപിനന്.
കടുത്ത ദു:സ്വപ്നങ്ങളാണ് വിപിനന്റെ രാത്രികളെയും പകലുകളെയും അസ്വസ്ഥപ്പെടുത്തുന്നത്. രത്നമേഖല തന്നെയും തന്റെ അമ്മയേയും ഉപേക്ഷിച്ചു പോയി എന്നതാണയാളെ വര്ഷങ്ങളായിപിന്തുടരുന്ന വ്യാധി, അതു കൊണ്ടു തന്നെ അവള് സ്നേഹത്തിന്റെ പച്ചപ്പുകളെപറ്റി, രതിയുടെ ശാദ്വല തീരങ്ങളെപ്പറ്റിയൊക്കെ അജ്ഞയായിരിക്കണമെന്ന വിചിത്രമായ വിശ്വാസം അയാള്‍ പുലര്‍ത്തി. നിരന്തരം ഭീഷണിയും വേദനയും മാത്രം നല്കി. തന്റെ കല്പനകളനുസരിക്കുന്ന ഇണങ്ങിയ മ്യഗമായവള് താളം ചവിട്ടുന്നതായിരുന്നു വിപിനന്റെ സ്വാസ്ഥ്യം. ഒടുവില്‍ വിപിനനെ ഉപേക്ഷിച്ച് സ്വാതന്ത്യത്തിന്റെ മറ്റൊരു ലോകത്തേക്ക് പറന്നു പോകാന്‍ രത്നമേഖലക്ക് ചിറകു നല്‍കുന്നത് ഈ കഥയിലെ വ്യക്തിത്വമുള്ള, നിലപാടുകളുള്ള ഏക കഥാപാത്രമായ അജയനാണ്.
രത്നമേഖലയും പരിമളവും അകപ്പെട്ടു പോയ ഇടങ്ങളോര്‍ത്ത് വേദനിച്ചു, വേണ്ടത്ര വെന്റിലേഷനില്ലാത്ത, വെയിലിന്റെയും ഡറ്റോളിന്റെ മണമുള്ള ഷീറ്റുകളും, ഈര്‍പ്പവും നിറഞ്ഞ ഒറ്റമുറിയില്‍ രോഗിയോടൊപ്പം അകപ്പെട്ടു പോയ രത്നമേഖലയും, ഭര്‍ത്താവിന്റെ നിരന്തരമായ അവഗണനയാള് കൊണ്ടാട്ടമുണക്കുന്ന വെയിലിനൊപ്പം ഉണക്കാനിട്ട പരിമളവും പരസ്പരം ആശ്വസിപ്പിച്ചു. ഉപാധികളില്ലാതെ സ്നേഹിച്ചു. രണ്ടു പെണ്മക്കളും ഒരേ സമയം നഷ്ടപ്പെട്ടു പോയ നിസ്സാഹയനായ നിത്യസഹായമെന്ന പിതാവ്, മേരി പ്രീതയെന്ന അദ്ദേഹത്തിന്റെ ഭാര്യ, ഇവരൊക്കെ ജീവിതത്തില്‍ പുലര്‍ത്തുന്ന ദര്‍ശനങ്ങള്‍ ഒരേ സമയം വേദനയും ആദരവും നിറയ്ക്കുന്നു. മേരിപ്രീത ഒരു പഴയ കവിത ഓര്‍ത്തു ചൊല്ലുകയാണ്.
"ചെറിമരം വെട്ടിപ്പിളര്‍ന്നാല്‍
പൂക്കളെവിടെ? വസന്തമെത്തുമ്പോള്‍ പക്ഷെ
പൂക്കളാണെങ്ങും!"
വസന്തമെത്തും വരെ പൂക്കളൊളിച്ചിരിക്കുന്നതെവിടെയാണ്? ഓരോ നിമിഷവും നിറയുന്ന പ്രതീക്ഷയാണ് ജീവിതമെന്നും
ഓരോ മനുഷ്യനും തേടുന്നത് ആനന്ദമാണെന്നും ആനന്ദത്തിന്റെ ഇല്ലാത്ത ഉടയാടകള്‍ വലിച്ചെറിഞ്ഞ് ജീവിതത്തെ ആസക്തിയോടെ എല്ലാം സ്വാതന്ത്ര്യത്തോടെയും പുല്കാന് ഒറ്റയക്ക് നടക്കാന്‍, രത്നമേഖലയെന്ന കഥാപാത്രം ശക്തി നേടുന്നിടത്താണ് ആനന്ദഭാരമെന്ന നോവലിലും ജിസ ജോസെന്ന കഥാകാരിയിലും വായനക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..