ജിസ ജോസ്
വ്യക്തികളുടെ മനസ്സിനെ കഥാപാത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള മികച്ച എഴുത്തുകാരിയാണ് ജിസജോസ്. ജിസജോസിന്റെ ആനന്ദഭാരം എന്ന നോവലിന്റെ ഒഴുക്ക് പലയിടത്തും ആശ പൂര്ണ്ണാദേവിയുടെ നോവലുകളുടെ ഏകതാനതയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ആദിമധ്യാന്തം രത്നമേഖല എന്ന യുവതിയിലൂടെയാണ് ആനന്ദഭാരത്തിന്റെ പ്രമേയം വളരുന്നത്. പക്ഷേ നാലുചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെടുന്ന അനേകമനേകം സ്ത്രീജീവിതങ്ങളിലേക്ക് അത് പടരുന്നു. വാര്‍ന്നൊഴുകുന്ന മുറിവുകളുള്ള സ്ത്രീജീവിതങ്ങളെ ആ പടര്‍ച്ച ചേര്‍ത്തുപിടിക്കുന്നു. അവളുടെ തണുത്തുറഞ്ഞ ജീവിതത്തിന്റെ നിര്‍വികാരതയിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും അതിനേക്കാള്‍ വേഗത്തില്‍ ഇറങ്ങിപ്പോകുകയും ചെയ്തവരിലൂടെ മാത്രമല്ല നമ്മള് രത്നമേഖലയെ മനസ്സിലാക്കുന്നത്. വിലയേറിയ യൗവനത്തെ, സുന്ദരമായ സ്വപ്നങ്ങളെ എന്തിന് അതിജീവനഹേതുവായ പ്രത്യാശകളെപ്പോലും അടുക്കളയുടെയും വിയര്‍പ്പിന്റെയും വിസര്‍ജ്യങ്ങളുടെയും തടവുകാരിയാക്കിയ വിപിനനിലൂടെയും, തളര്‍ന്നുകിടക്കുന്ന അമ്മായിഅമ്മയിലൂടെയും രത്നമേഖലയുടെ ജീവിതത്തെ ആഴ്ന്നു വിഴുങ്ങുന്ന കൂരിരുട്ട് നമുക്ക് അനുഭവിക്കാനാകും.
ഇത് രത്നമേഖലയുടെ മാത്രം കഥയല്ല. പലകഥകളും പലജീവിതങ്ങളും രത്നമേഖലയിലേക്ക് ഒഴുകിയെത്തുകയും അവളില്‍ ലയിച്ചുചേരുകയും ചെയ്യുന്നു. വിപിനന് എന്ന ചുഴലിക്കാറ്റ് അവളെ, അവളുടെ സ്വപ്നങ്ങളെ അടിമുടി പിഴുതെറിയുന്നു. വിപിനന്റെ അമ്മ വിനോദിനിയുടെ വീഴ്ച അടിതെറ്റിക്കുന്നത് രത്ന മേഖലയുടെ ജീവിതത്തെയാണ്. അവള് നിറംവാര്‍ന്നു പോയ ചിത്രത്തിലെ തെളിച്ചം കെട്ടുപോയ രൂപത്തെ പോലെ പുറംലോകത്ത് നിന്ന് അപ്രത്യക്ഷമാവുകയും വിപിനന്റെ അമ്മയുടെ ശുശ്രൂഷക മാത്രമാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു ത്രിശങ്കുസ്വര്ഗമാണെന്ന് രത്ന മേഖലയും പരിമളവും വ്യക്തമാക്കി തരുന്നുണ്ട്. ഇടം നഷ്ടപ്പെടുന്നവരായി പെണ്‍കുട്ടികള്‍ മാറിപ്പോകുന്നതാണ് വിവാഹത്തിന്റെ മറുവശമെന്ന് തിരികെ പോകാനിടമില്ലാത്തവരായ ഇവര്‍ രണ്ടു പേരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സ്വാഭാവികമായ ചിന്നിചിതറലുകളാണ് ജീവിതമെന്ന് വിശ്വസിച്ച ഒരാളാണ് രത്നമേഖല. ജീവിതമെന്നുവെച്ചാല്‍ ഒരു തെളിവുമില്ലാത്ത കടന്നുപോയ ഭൂതകാലമെന്നാണ് അവളോര്മിക്കാറുള്ളതു പോലും. റെയില്‍വേ ക്വാര്‍ട്ടേഴ്സിന്റെ ഇടുങ്ങിയ മുറികള്‍ക്കുളളില്‍ തളച്ചിടപ്പെട്ട അവളുടെ ഇരുണ്ട ജീവിതത്തിലേക്ക് അതിഥിയായി ആദ്യമായെത്തിയത് നിത്യസഹായമാണ്. സ്വയം സന്തോഷിക്കാത്തവര്ക്ക് മറ്റുള്ളവരെ സന്തോഷിക്കാത്തവര്ക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്ന് ഓര്‍മിപ്പിച്ച നിത്യസഹായകമായകട്ടെ ഒരാത്മഹത്യയിലഭയം തേടി. അതുവരെ നമ്മളോ ഞങ്ങളോ ആയിരുന്നതിലൊന്നിനെ പരിത്യജിക്കുമ്പോഴാണ് ഞാന്‍ എന്ന ബോധം ഏറ്റവും തെളിഞ്ഞു വരുന്നതെന്ന് ബോധ്യപ്പെട്ട നിത്യസഹായത്തിന്റെ ഭാര്യ മേരിപ്രീതയായിരുന്നു അവളുടെ രണ്ടാമത്തെ അതിഥി.
പ്രത്യാശകളില്ലാത്ത അവസ്ഥയിലാണ് യഥാര്‍ഥമായ സ്വസ്ഥതയുണ്ടാക്കുകയെന്ന് വിശ്വസിക്കുന്ന അജയനായിരുന്നു രത്നമേഖലയുടെ മൂന്നാമത്തെ അതിഥി. ജീവിതം ഇപ്പോഴെന്താണോ അതായിത്തന്നെ അനുഭവിക്കുക എന്ന് സ്വന്തം ജീവിതം കൊണ്ട് അജയന് കാണിച്ചു തരുന്നുണ്ട്. പൂക്കാലം കാത്തുകാത്തിരുന്ന് ഒടുവില്‍ അതെത്തിയപ്പോള്‍ ഉറങ്ങിപ്പോയ പൂമ്പാറ്റയെ പോലെയാകാതിരിക്കാന്‍ രത്ന മേഖലയെ പ്രേരിപ്പിക്കുന്നത് അപ്രതീക്ഷിതമായ ഈ സന്ദര്‍ശനങ്ങളാണ്. ഇവര്‍ കൂടാതെ പരിമളവും മരതകവുമാണ് അപൂര്‍വ്വമായെങ്കിലും രത്നമേഖയോട് സംസാരിക്കുന്ന രണ്ടുപേര്‍. ദാഹിക്കുമ്പോള്‍ വെള്ളവും തണുക്കുമ്പോള്‍ തീയും സ്വപ്നം കാണുന്ന സാധാരണ മനുഷ്യ സ്ത്രീയാണ് മരതകമെന്നാണ് രത്നമേഖലയുടെ ഭാഷ്യം. പരിമളമാകട്ടെ തീവെയിലിലിരുന്നു കൊണ്ട് കൊണ്ടാട്ടങ്ങളുണക്കി ജീവിതത്തിന്റെ ചൂടിനോടു പൊരുത്തപ്പെടുന്നു. വല്ലപ്പോഴുമെങ്കിലും രത്നമേഖല കാണുന്ന ഏക മനുഷ്യജീവികള്‍ ഇവരാണ്.
ആനന്ദം അനുഭവിക്കാത്തവര്‍ക്ക് അത് മറ്റുള്ളവര്‍ക്ക് കൊടുക്കാനുമറിയില്ല. മറ്റുള്ളവര്‍ ആനന്ദിക്കുന്നത് കണ്ട് സഹിക്കാനുമാവില്ല എന്ന ദാര്ശനികതയാണ് ഈ നോവലിന്റെ ആധാരം. നിയതിയോട് കടപ്പാട് പ്രഖ്യാപിച്ച് നമ്മള് സ്വയം വിധിയെഴുതുന്ന ജീവിതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് മോചനം നേടേണ്ടതെങ്ങിനെ എന്ന് ഈ നോവല്‍ വ്യക്തമാക്കുന്നു. എവിടെയും പോകാനില്ലെന്ന അറിവു പോലെ നമ്മളെ ഉരുക്കിക്കളയുന്ന വേറൊന്നുമില്ലെന്ന് രത്നമേഖല തന്നെ പരിമളത്തോട് പറയുന്നുണ്ട്. ജീവിതത്തെ വരിഞ്ഞു മുറുക്കിയ കെട്ടുകളഴിച്ച്, സ്വച്ഛമായ ഇടങ്ങളുണ്ടാക്കി, വൈവിധ്യമുള്ള ദിനരാത്രങ്ങളുണ്ടാക്കി നമ്മള് നമ്മളെ തന്നെ പാര്‍പ്പിക്കണം. ചിറകു കുഴയുവോളം പറക്കാന്‍, സ്വച്ഛമായ ആകാശത്തേയും ഭൂമിയുടെ ഊഷ്മളതയെയും കണ്ണുതുറന്നാസ്വദിക്കാന് അതിരുകളില്ലാത്ത ലോകത്തെ ആസ്വദിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന നോവലാണ് ആനന്ദഭാരം. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ , തിരിച്ചു ചെന്ന് വിപിനന്റെ വീട്ടിലെ അരണ്ട വെളിച്ചത്തിലെ നിഴല്‍ രൂപമാകുവാനല്ല, തന്റേതെല്ലാം വാങ്ങിച്ചെടുത്തേ മതിയാകൂ എന്ന് തീര്‍ച്ചപ്പെടുത്തിയ ഒരാളായി രത്ന മേഖല പരിണമിക്കുന്നു. സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത് എന്നുറക്കെ വിളിച്ചു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന തരം ജീവസ്സുറ്റ ആഖ്യാനമാണ് ആനന്ദ ഭാരത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..