ആനന്ദ് നീലകണ്ഠൻ | ഫോട്ടോ: പി. ജയേഷ്
ആനന്ദ് നീലകണ്ഠന്റെ 'രാവണന്‍; പരാജിതരുടെ ഗാഥ' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം...
'ചരിത്രത്തിന്റെ താളുകളില്‍ നിന്നും അങ്ങനെയങ്ങ് എളുപ്പത്തില്‍ എന്നെ ഒഴിവാക്കാനാവുമോ? അത്രയ്‌ക്കെ ഉളളൂ ഞാന്‍... പരാജിതനാവുക എന്നുള്ളതായിരുന്നില്ലേ എന്റെ ജന്മദൗത്യം? മറ്റാരുടെയോ ഭാഗധേയത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ ജനിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. മറ്റൊരാള്‍ക്ക് ദേവനായി തീരുവാന്‍, ദേവപദവിയിലേക്കുള്ള വഴിയൊരുക്കുവാന്‍..'
ആനന്ദ് നീലകണ്ഠന്‍ എഴുതിയ 'രാവണന്‍, പരാജിതരുടെ ഗാഥ' എന്ന മനോഹര കൃതി തുടങ്ങുന്നത് 'ഒടുക്കം' എന്ന അധ്യായത്തോടുകൂടിയാണ്. മരണവും കാത്തുകിടക്കുന്ന രാവണന്റെ ആത്മസംഘര്‍ഷങ്ങളിലൂടെ വികസിതമാകുന്ന കഥാപശ്ചാത്തലം.
ലോകപരിചയമുള്ള പലരുംപറഞ്ഞ ഒരു കാര്യമുണ്ട്, ഈ ലോകത്തില്‍ അഭിവൃദ്ധിപ്പെടണമെങ്കില്‍, ലോകവുമായി ഒത്തുപോകണമെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ വകയ്ക്ക് കൊള്ളാത്ത ജീവിതം വച്ചുനീട്ടുന്നതെന്താണോ അവകൊണ്ട് സംതൃപ്തരും പ്രായോഗികമതിയുമാവണം എന്ന്. 'പക്ഷെ ഞാനൊരു സ്വപ്നജീവിയാണ്, ഈ ലോകത്തില്‍ എനിക്കെങ്ങനെയെങ്കിലും കഴിഞ്ഞ് കൂടിയാല്‍ പോരാ. എനിക്കതിന്റെ ഉടമയാകണം.' അതു സ്വന്തമാവാന്‍ രാവണന്‍ നടത്തിയ യാത്രയായിരുന്നു അയാളുടെ ജീവിതം.
അസുരന്മാര്‍ ഒരിക്കലും തുറന്ന ദൈവവിശ്വാസികള്‍ ആയിരുന്നില്ലെങ്കില്‍പോലും അവര്‍ക്ക് സ്വന്തം ദേവതകള്‍ ഉണ്ടായിരുന്നു. പരമശിവനായിരുന്നു അവരുടെ മുഖ്യദേവന്‍. പൗരുഷവും ഫലപുഷ്ടിയും ഘോഷിക്കാനായി ശിവന്‍ ലിംഗരൂപത്തില്‍ പ്രതിനിധീകരിക്കപ്പെട്ടു.
ശിവാരാധനയെ പിന്തള്ളി വിഷ്ണുക്ഷേത്രങ്ങള്‍ പലയിടത്തും ഉത്ഭവിക്കാന്‍ ആരംഭിച്ചു. ദേവന്മാരുടെ പ്രധാനലക്ഷ്യവും വിഷ്ണുസേവ മാത്രമായി. ഏകദേശം 700 വര്‍ഷക്കാലം വിഷ്ണുവംശജര്‍ ഇന്ദ്രന്റെ പേരില്‍ ഭരണം കൈക്കലാക്കി. വിജ്ഞാനത്തിന്റെ യഥാര്‍ഥ അവകാശിയായ ബ്രഹ്മാവ് സ്രഷ്ടവായും, വ്യവസ്ഥിതിയുടെ സംരക്ഷകനായി വിഷ്ണുവും അംഗീകരിക്കപ്പെട്ടു. വിരോധാഭാസമെന്നു പറയട്ടെ, സാമ്രാജ്യം നശിപ്പിച്ച ഇന്ദ്രനല്ല, ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ ശിവനാണ് സംഹാരകനായി സ്തുതിക്കപ്പെട്ടത്.
തകര്‍ത്തെറിയപ്പെട്ട, പരാജിതരായ, ഒരു സംസ്‌കൃതി തനിക്കു പുറകിലും, പ്രതീക്ഷ നഷ്ടപ്പെട്ട, തന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു ജനത തനിക്കു മുമ്പിലും നിലകൊള്ളുന്ന, അവരുടെ പ്രതീക്ഷകള്‍ ഏല്‍പ്പിക്കുന്ന മനോവ്യാപാരങ്ങള്‍, അവരുടെ ഇച്ഛയ്‌ക്കൊത്തു പ്രവര്‍ത്തിക്കാന്‍ ആവുമോ എന്ന സങ്കുചിത ചിന്തകളും പേറിയാണ് രാവണന്‍ സ്വയം അസുരകുലത്തിന്റെ രക്ഷകനായി അവരോധിക്കുന്നത്.
അധികാരമെന്ന ലഹരിപുരാണങ്ങള്‍ ഉണ്ടായ കാലം മുതല്‍ ഇന്നീ നാമിടങ്ങള്‍വരെയും ഭൂലോകത്തു നില നിന്നു പോരുന്നതാണ്. ഇവിടെ ലങ്കയെ അധീനത്തിലാക്കിയത് മുതല്‍ അതുവരെ കാണാത്ത രാവണന്റെ അധികാരമോഹം, അതില്‍ നിന്നും ഉത്ഭവിക്കുന്ന ധാര്‍ഷ്ട്യം, ഗര്‍വ്വ്, സ്വാര്‍ത്ഥത എല്ലാം പലയിടത്തും കാണാനാവുന്നുണ്ട്.
.jpg?$p=c9ac28a&&q=0.8)
സ്വാര്‍ത്ഥതയോളം നെറികെട്ട മറ്റൊന്നുമില്ല എന്ന് തിരിച്ചറിയപ്പെടുന്നുണ്ടെങ്കിലും പലയിടത്തും അധികാരമെന്ന ലഹരി, ആ ഉന്മാദം അയാളെ പല ന്യായീകരണങ്ങള്‍ക്കും വിധേയനാക്കുന്നുണ്ട്.
കലാപങ്ങളിലൂടെയോ, ചതിയിലൂടെയോ കപടതയിലൂടെയൊ ഒക്കെ അയാള്‍ നേടിയെടുത്ത അധികാരവും രാജപദവിയും പല രീതിയിലും പ്രജകള്‍ക്ക് നേരെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നുണ്ട്.. ചെയ്തു കൂട്ടിയ ദുഷ് പ്രവൃത്തികളെല്ലാം തന്റെതായ ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ന്യായീകരിക്കാനും രാവണന്‍ ശ്രമിക്കുന്നുണ്ട്.
മാതാപിതാക്കള്‍ ശപിച്ചുകൊണ്ടു പടിയിറങ്ങുന്ന വേളയില്‍പോലും രാവണന്‍ തിരിച്ചറിയുന്നു, സാവധാനം ആഹ്ലാദത്തിന്റെ ചെറുകുമിളകള്‍ വലുതായി വലുതായി വളര്‍ന്നുവന്ന് തന്റെ മനസ്സാകെ നിറയുന്നതായി, യൗവ്വനത്തിന്റെ മൃതസഞ്ജീവനി താന്‍ കണ്ടെത്തിയിരിക്കുന്നു. ഉന്നതവും വിപുലവുമായ തലത്തില്‍ വലിയ വലിയ സ്വപ്‌നങ്ങള്‍ ഉള്ളിടത്തോളം ആ അമൃതം ഉപയോഗിച്ച് തീരില്ല. തന്റെ മരണത്തെ പ്രതീക്ഷിക്കുന്ന വേളയില്‍ മാത്രമാണ്, താന്‍ ചെയ്തു കൂട്ടിയതിലെല്ലാം ഒരു പുനര്‍ചിന്തനത്തിന്റെ ആവശ്യകത പോലും അയാളില്‍ ഉത്ഭവിക്കുന്നത്.
അധികാര ഗര്‍വ്വില്‍ നെഗിളിച്ചു ജീവിക്കുമ്പോളും, ചിലയിടങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടുന്ന വില നല്‍കുന്ന രാവണന്റെ മുഖവും അനാവരണം ചെയ്യുന്നുണ്ട്. തന്റെ കിങ്കരന്മാരാല്‍ പീഡിതയാവുന്ന ബ്രാഹ്മണ വിധവയോട് ആദ്യം തോന്നുന്ന കാമതുരത പിന്നീട് അവളുടെ കണ്ണീരിന്റെയും വാക്കുകളുടെ തീക്ഷണതയുടെയും മുന്‍പില്‍ കുറച്ചൊരു അപമാനവും അതോടൊപ്പം മനസ്സലിവുമായി മാറുന്നത് കാണാം.. ഒടുവിലായ് ആ ദേവ ബ്രാഹ്മണ പെണ്‍കുട്ടിയോടുള്ള സ്‌നേഹാതിരേകത്താല്‍ വിനയം പൂണ്ടു രാവണന്‍ അവളുടെ കാല്‍പാദങ്ങളില്‍ വീണു സ്മരിക്കുന്നുണ്ട്.
പരാജിതരുടെ ഗാഥ പറഞ്ഞുപോകുന്നത് രാവണന്റെയോ അസുരകുലത്തിന്റെയോ മാത്രം പരാജയങ്ങളായിരുന്നില്ല. രാവണനൊപ്പൊമോ രാവണനെക്കാളും മുന്‍പന്തിയില്‍തന്നെയോ നിലകൊള്ളുന്ന പ്രധാനിയായിരുന്നു ഇവിടെ ഭദ്രന്‍ എന്ന രാവണമിത്രം. കഥ രാവണന്റെ മനോവ്യാപാരങ്ങള്‍ക്കൊപ്പംതന്നെ ഭദ്രനിലൂടെയും വരച്ചിടുന്നുണ്ട്.
ഭദ്രന്‍ അയാളെ സ്വയം പരിചയപ്പെടുത്തുന്നത് ഇപ്രകാരം ആയിരുന്നു;
'ഞാനൊരു നല്ല യോദ്ധാവോ, മികച്ച സംഘടകനോ ആയിരുന്നില്ല. മൃദുലമായ കൈകളുള്ള ഞാന്‍ സാധാരണ മനുഷ്യനാണ് ഒരു പച്ചക്കറിക്കാരനെ പോലെ അലക്കുകാരനെ പോലെ. അത്ര മാത്രമേയുള്ളൂ, ഞാനാരുമല്ല. നിസ്സാരന്‍. ഉരുക്കു പോലെയുള്ള പേശികളോ വളഞ്ഞ പുരികങ്ങളോ നീണ്ട മൂക്കോ ഒന്നുമെനിക്കില്ല. പണ്ട് എനിക്കൊരു പേരുണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ ഞാന്‍ ഭദ്രന്‍ എന്നറിയപ്പെടുന്നു..'
അസുരവംശത്തിന്റെ, രാവണന്റെ, സംസ്‌കൃതിയുടെതന്നെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരേയൊരാള്‍ ഭദ്രനായിരുന്നു. രാവണന്‍ നേടിയ വിജയങ്ങള്‍ക്കെല്ലാം ഭദ്രന്റെ കരുത്തിന്റെ, വിവേകത്തിന്റെ, നയതന്ത്രത്തിന്റെ ഒളിമറയുണ്ടായിരുന്നു.
അസുര സാമ്രാജ്യം ദുര്‍ബലമാണെന്ന് ഉറച്ച വിശ്വാസം തോന്നിയ ഒരു വേളയില്‍ ഇന്ദ്രന്‍ അതിന്റെ സംരക്ഷണകവചം തകര്‍ത്തു. ഒരു സംസ്‌കൃതി അതിന്റെ അഭിമാനം സ്വരുക്കൂട്ടുന്നത് അതുപടുത്തുയര്‍ത്തിയ നഗരങ്ങള്‍, ഗ്രന്ഥങ്ങള്‍, അവ പരിപോഷിപ്പിച്ച കലാകാരന്മാരും ശില്‍പ്പികളും, അവിടെ നില കൊണ്ട ക്ഷേത്രങ്ങള്‍ എന്നിങ്ങനെ പലതിലും നിന്നാണ്. അസുര സംസ്‌കൃതിയുടെ ചട്ടകൂടുകളെ അടിത്തറയാക്കിക്കൊണ്ട് ഇന്ദ്രന്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തു.
അവിടെ നിന്നും രാവണന് മുന്‍പേയുള്ള അസുര ചക്രവര്‍ത്തിമാര്‍ ചിന്നഭിന്നമായി പല പ്രദേശങ്ങളുടെയും അധികാരം ഏറ്റെടുത്തു ശേഷിച്ച അസുര വംശത്തെ നിലനിര്‍ത്തി വന്നു. ദേവന്മാരുടെ ആക്രമണത്തില്‍ തനിക്കുണ്ടായതെല്ലാം കണ്മുന്നില്‍ പിച്ചി ചീന്തപ്പെടുന്നത് കാണേണ്ടി വന്ന ഭദ്രനും, കൊടിയ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടി അസുരവംശം തന്നെ ഒന്നൊന്നായി നേടിയെടുക്കാനുള്ള ലക്ഷ്യവുമായി വന്ന രാവണനും ഒന്നായിനിന്നു നേടിയെടുത്ത വിജയത്തിന്റെ കഥ കൂടിയാണ് 'പരാജിതരുടെ ഗാഥ.'
ഒരു മനുഷ്യന്‍ തന്റെ ആയുസ്സില്‍ അനുഭവിക്കാവുന്ന എല്ലാ മാനസിക-ശാരീരിക വൈഷമ്യങ്ങളും അനുഭവിച്ചുതീര്‍ത്ത ഒരേയൊരാളായിരുന്നു ഭദ്രന്‍. നിഴലുപോലെ രാവണനൊപ്പം നിന്നിട്ടും തികഞ്ഞ അവജ്ഞയോടെ മാത്രമേ രാവണന്‍ അയാളെ പരിഗണിച്ചിരുന്നുള്ളൂ.
മനസ്സാക്ഷിയുള്ള ഒരുവന്‍ ചെയ്യാന്‍ മടിക്കുന്ന പല ദുഷ്പ്രവൃത്തികളും ഭദ്രന്‍ രാവണന് വേണ്ടി ചെയ്യുന്നുണ്ട്. ഭദ്രന് അയാള്‍ സ്വന്തം പ്രഭുവാണ്. അയാളീ ദുരിതങ്ങള്‍ മുഴുവന്‍ പേറുന്നത് അയാളുടെ ഉള്ളിലും ചാരം മൂടിയ കനല്‍പോലെ കിടക്കുന്ന പകയുടെ അന്ത്യം കാണാന്‍ വേണ്ടിയാണ്, ദേവന്മാരെ തുരത്തി അസുര സംസ്‌കൃതിയെ വീണ്ടെടുത്തു കാണുവാന്‍ വേണ്ടി മാത്രം.
ഇതുവരെ കേട്ടറിഞ്ഞ, കണ്ടറിഞ്ഞ രാമായണത്തിന്റെ, രാവണന്റെ, വേറിട്ട മുഖമായിരുന്നു 'പരാജിതരുടെ ഗാഥ'യില്‍. പലയിടത്തും ഒരു ഫിക്ഷന്‍ ആണോ ഇതിഹാസം തന്നെയാണോ എന്ന് വയനാക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന വിവരണം.
എഴുത്തുകാരന്റെ ചിന്താതലങ്ങള്‍ എത്രയോ അനന്തമാണെന്ന് ചിന്തിച്ചു കൊണ്ടേയിരിക്കും ഓരോ അധ്യായങ്ങളും വായിക്കുമ്പോള്‍. എഴുത്തിന്റെ ശൈലിയും വിവരണങ്ങളും അത്ര കണ്ട് മികച്ചതായിരുന്നു. വായനക്കാരന് ഉള്‍ക്കണ്ണില്‍ ഒരു സിനിമ കാണുന്ന അത്രയും വ്യക്തമായ വിവരണം.
പല മികച്ച കൃതികളും വിവര്‍ത്തനംകൊണ്ട് ശ്രദ്ധിക്കപ്പെടാതെയോ ആളുകളില്‍ എത്തിപ്പെടാതെയോ ഒക്കെ മാറ്റി നിര്‍ത്തപ്പെടാറുണ്ട്. ഇവിടെ എന്‍. ശ്രീകുമാര്‍ ഏറ്റവും മികച്ച, കുറ്റമറ്റ, വായനക്കാരുടെ ഉള്ളിലേക്ക് പ്രവേശിക്കുന്ന തരത്തില്‍ കഥയെ വ്യാഖ്യാനിച്ചിരിക്കുന്നു. ഇനിയും ഒരുപാടു ഇടങ്ങളില്‍ 'രാവണന്‍ പരാജിതരുടെ ഗാഥ' ചര്‍ച്ചകളില്‍ ഇടം പിടിക്കേണ്ടതുണ്ട്. കൂടുതല്‍ വായനക്കാരിലേക്ക് എത്തിപ്പെടാനുണ്ട്.
Content Highlights: Anand Neelandan, Book, Ravanan parajitharude gadha, Book review, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..