അപകടകാരിയായ ഒരു വീഡിയോ ഗെയിം പോലെ ഉദ്വേഗജനകമായ വായന


സുരഭി ഫൈസല്‍

വായനക്കാരന്റെ മനോഗതങ്ങളറിഞ്ഞ് ലോജിക്കുകളെ നിസംശയം ബന്ധിപ്പിക്കുന്ന എഴുത്തുകാരന്‍. വായനക്ക് ശേഷവും ഇനിയും ഇതിലെന്തൊക്കെയോ ബാക്കിയുണ്ടെന്നും അത് വായനക്കാരനെ കൂടെ ബാധിക്കുന്നതാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നിടത്താണ് അനാഹി ഒരു വിജയമായി പരിണമിക്കുന്നത്.

അനാഹി| facebook.com|vipindas

രു പുസ്തകം കയ്യിലെടുത്താല്‍, ആസ്വാദകരുടെ മനസ്സില്‍ ചില പ്രതീക്ഷകള്‍ മനസില്‍ മുളച്ച് പൊന്തും. ഇതുപോലെതന്നെ ഗ്രന്ഥകര്‍ത്താവിനും തന്റെ കൃതികളെക്കുറിച്ച് ചില ധാരണകളും പ്രതീക്ഷകളുമുണ്ടാകും. ഈ രണ്ട് പ്രതീക്ഷകളും ഒരു സമവായത്തിലെത്തിക്കുന്നതിന് പ്രധാനങ്ങളായ ചില ഘടകങ്ങളുണ്ട്. വായിച്ചുകൊണ്ടിരിക്കുമ്പോള്‍ 'ഇനിയെന്ത്' എന്ന ഉദ്വേഗം ജനിപ്പിക്കാനാകുക എന്നത് അതിലെ ഒരു ഘടകമാണ്. വായിക്കുന്ന കഥ വായിക്കുന്നവന്റെ ചുറ്റുപാടുകളോട് ഇഴചേര്‍ന്ന് നില്‍ക്കുക, കഥ ചലനാത്മകമാവുക, കഥയും കഥാപരിസരവും വായനക്കാരുടെ കണ്‍മുന്നില്‍ ചന്തമുള്ള ഭാഷയാല്‍ ചിത്രീകരിക്കപ്പെടുക, തൃപ്തികരമായ ഒരു പര്യവസാനമുണ്ടാകുക എന്നതൊക്കെ ഇങ്ങനെ പുസ്തകത്തില്‍ താത്പര്യം ജനിക്കാനായി അവശ്യം വേണ്ട ഉപഘടകങ്ങളാണ്.

വിപിന്‍ ദാസ് എഴുതിയ ഏറ്റവും പുതിയ നോവലായ അനാഹി ഒരു മികച്ച കഥ പറയുക എന്നതിനപ്പുറം വേറിട്ട ചിന്തകള്‍ പങ്കുവെക്കാനുള്ള പ്രതലമൊരുക്കുകയും ചെയ്യുന്നു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കഥയില്‍നിന്ന് ഒരിക്കലും ഇറങ്ങിപ്പോകാനാവാത്ത വിധം വായനക്കാരനെ എഴുത്തുകാരന്‍ ഈ നോവലില്‍ കുരുക്കിയിടുന്നു. കഥ സംഭവിക്കുന്ന ഇടമെന്നത് എപ്പോഴും അവതരണത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. പരിചിതമായ ഏതൊരു സ്ഥലപ്പേരും കഥക്കൊരു പശ്ചാത്തലമൊരുക്കാന്‍ സ്വയമേവ വായനക്കാരനെ പ്രേരിപ്പിക്കുമെന്നതിനാലാവണം അപരിചിതമായ ഒരു കഥയെ അതിലേറെ അപരിചിതമായ ഇടത്തില്‍ പ്രവേശിപ്പിക്കുന്നത്. കഥയില്‍ പരമര്‍ശിക്കുന്ന ഇടങ്ങളോ സ്ഥലപ്പേരുകളൊ വായനക്കാരന് അപരിചിതമായിരിക്കെ, തനിക്കു ചുറ്റും സംഭവിക്കുന്നതുപോലെ വായനക്കാരനെ അനുഭവിപ്പിക്കുന്നത്, പ്രയോഗിച്ച ഭാഷയുടെ മികവ് കൂടിയാണെന്ന് പറയാതെ വയ്യ.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനാണ് ഡി എച്ച് ലോറന്‍സ്'. മനുഷ്യ മനസ്സില്‍ രോഗാണുക്കളെ വിതയ്ക്കുന്ന ഈ എഴുത്തുകാരനെ വെറുതെ വിടരുത്'' എന്ന് കോടതിയും സദാചാര വിശ്വാസസമൂഹവും ഒന്നടങ്കം വിധിയെഴുതിയതാന്‍ കാരണം അദ്ദേഹം പങ്കുവെച്ച ആശയങ്ങള്‍ പൊതുധാരയുടെ വിശ്വാസ സംഹിതയുമായി സമരസപ്പെട്ടുപോകാതെ വൈരുദ്ധ്യാത്മകമായി നിലകൊണ്ടു എന്നതിനാലാണ്. അത്തരത്തില്‍ നിലവിലുള്ള സെമറ്റിക്ക് മതങ്ങളിലെ ദൈവസങ്കല്‍പ്പത്തെയും പ്രപഞ്ചസൃഷ്ടിപ്പിനെ കുറിച്ചുള്ള സിദ്ധാന്തങ്ങളെയും തകിടം മറിക്കുന്ന കാഴ്ച്ചപ്പാട് പങ്കുവെക്കുന്ന വിപിന്‍ ദാസ്, തോറയും ബൈബിളും ഖുര്‍ ആനും ഏകസ്വരത്തില്‍ വിളംബരം ചെയ്യുന്ന മനുഷ്യ സൃഷ്ടിപ്പിന്റെ അസ്ഥിത്വത്തെതന്നെയും ഭാവനാത്മകമായി അനാഹിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അതിനപ്പുറം പുരാണങ്ങളും മതവും ചരിത്രവും എങ്ങനെ സ്ത്രീ വിരുദ്ധമാണോ എന്ന ചര്‍ച്ച കൂടി അനാഹി മുന്നോട്ടുവെക്കുന്നുണ്ട്. ത്രില്ലര്‍ എന്നതിനപ്പുറം അനാഹിയുടെ ആഖ്യാനരസതന്ത്രം നീളുന്നത് കാലാകാലങ്ങളായി സമൂഹം സ്ത്രീവിരുദ്ധമായതിന്റെ വിമര്‍ശനത്തിലേക്ക് കൂടിയാണ്. ഏറെ ചര്‍ച്ച ആവശ്യമായ, അത്തരം ചര്‍ച്ചകള്‍ ആവശ്യപ്പെടുന്ന സ്ത്രീരാഷ്ട്രീയം കൂടി പരിഗണിക്കാതെ അനാഹിയുടെ വായന പൂര്‍ണ്ണമാകില്ല.

വായനക്കാരന് ഉടലെടുക്കുന്ന സംശയങ്ങളെല്ലാം സഹ്യന്റെ ചോദ്യങ്ങളാവുന്നതും സഹ്യന്റെ കൂട്ടുകാരി ആരവല്ലി അതിന് യുക്തിസഹമായ രീതിയില്‍ മറുപടി നല്‍കുന്നതും വായനയെ ഏറെ ആസ്വാദ്യകരമാക്കുന്നു. ഭീതിജനകമായ ഒരു അന്തരീക്ഷത്തിലിരുന്ന് അടുത്തനിമിഷത്തില്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്ന വായനയില്‍ നീണ്ട പ്രബോധനങ്ങളും പ്രബന്ധങ്ങളും ഒട്ടും ആശാസ്യമല്ലെന്നുള്ള വസ്തുത കണ്ടറിഞ്ഞാണ് വാരിവലിച്ചെഴുതാതെ ഒതുക്കവും ഇഴയടുപ്പവും അതേസമയം പിരിമുറുക്കവും ഒത്തുചേര്‍ന്ന രീതിയില്‍ ഈ നോവല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മടുപ്പിക്കുന്ന ലേഖനസമാനമായ വിവരണങ്ങള്‍ക്ക് പകരം ചെറിയ ചോദ്യങ്ങളും ചെറിയ ഉത്തരങ്ങളുമായി വായന സുഖമമാക്കുന്നുണ്ട്.

ദൈവാന്വേഷണം, നന്മയെക്കുറിച്ചുള്ള അപഗ്രഥനം, തെറ്റുകുറ്റങ്ങളുടെ അടിസ്ഥാനവും തരംതിരിക്കലും, സ്ത്രീപക്ഷമായ ചിന്തകള്‍ എന്നിങ്ങനെ വേറിട്ട ദാര്‍ശനികചിന്തകള്‍ എല്ലാംതന്നെ ഈ നോവലിന്റെ പ്രമേയങ്ങളാണ്. ദൈവസങ്കല്‍പ്പത്തെകുറിച്ച് വിവരിക്കുന്നിടത്ത് നോവലിസ്റ്റ് വാചാലനാകുന്നു. ലോകത്ത് വിശ്വാസികളാണ് അധികമെന്ന സഹ്യന്റെ വാദത്തെ ആരവല്ലി ഖണ്ഡിക്കുന്നത് യഥാര്‍ത്ഥ ദൈവത്തെ അറിഞ്ഞവരും അതനുസരിച്ച് വിശ്വസിക്കുകയും കര്‍മ്മം ചെയ്യുകയും ചെയ്യുന്നവര്‍ തുലോം ന്യൂനപക്ഷമാണെന്ന മറുവാദംകൊണ്ടാണ്. വിവിധകാലങ്ങളില്‍ പലതരം കൈകടത്തലുകള്‍ നടത്തിയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിയും ചിന്നഭിന്നമായിപോയ ഓരോ മതസമൂഹത്തെയും ചൂണ്ടിക്കൊണ്ടാണ് ആരവല്ലി അത് സമര്‍ത്ഥിക്കുന്നത്. യഥാര്‍ത്ഥ ദൈവത്തെ എന്നോ മനുഷ്യര്‍ക്ക് നഷ്ടമായി എന്ന് അനാഹിയിലൂടെ നോവലിസ്റ്റ് സമര്‍ഥിക്കുന്നു.

പതിനാലാം നൂറ്റാണ്ടില്‍ കാത്തലിക് സഭ നിരോധിച്ച, ഭൂമിയില്‍നിന്നും നാമവശേഷമായിപ്പോയ ഒരു ഭാഷ. അവയുടെ ലിപികള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു യുവാവിന്റെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുക എന്ന വിചിത്രമായ സംഭവത്തിലൂടെ പുരോഗമിക്കുന്ന നോവല്‍ പുതിയ നിഗൂഢതകളിലേക്ക് വഴിതുറക്കുമ്പോള്‍ വായനക്കാരന്‍ ഒരു തമോഗര്‍ത്തത്തിലേക്കെന്ന പോലെ ആവാഹിക്കപ്പെടുന്നുണ്ട്. അപ്രകാരം വരാനിരിക്കുന്ന ലോകാവസാനത്തിലേക്ക് വരെ നീളുന്ന ഭീകരസംഭവങ്ങളുടെ ആരംഭം കുറിക്കുകയാണ് അനാഹി.

വികാരപരമായ അനുഭൂതിയേക്കാള്‍ യുക്തിപരമായ ചിന്തയുടെ പ്രകാശനമാണ് എഴുത്തുകാരന്‍ ലക്ഷ്യം വെച്ചിട്ടുള്ളത്. തന്റെ സമപ്പിറവിയായ ആദത്തിന്റെ സകല അവകാശ അധികാരങ്ങളും തനിക്കും വേണമെന്ന ആവശ്യം അംഗീകരിച്ചുകിട്ടാന്‍ വേണ്ടി കലാപമുയര്‍ത്തിയ ലിലിത്തിന്റെ കഥ ആധുനികകാലഘട്ടത്തില്‍ പാശ്ചാത്യലോകത്തുള്ള സ്ത്രീവിമോചനവാദികളെ ആകര്‍ഷിക്കുകയും അവര്‍ ആഘോഷിക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ചരിത്രവും സംസ്‌കാരവും ദര്‍ശനങ്ങളും എല്ലാംതന്നെ തീര്‍ത്തും പുതിയൊരു പരിപ്രേഷ്യത്തില്‍, കേട്ട പുരാണകഥകളില്‍ വിഭിന്നമായി മറ്റൊരു തലത്തില്‍ സമന്വയിക്കുന്ന ഒരു കൃതി മലയാളത്തില്‍ ഇദംപ്രഥമായാണ്.

കഥാപാത്ര ബാഹുല്യമില്ലാത്ത അനാഹിയിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം അത്യന്തം നിഗൂഢതകള്‍ ചൂഴ്ന്ന് നില്‍ക്കുന്ന ലിലിത്ത് ആണ്. നാമിത്ര കാലം അറിഞ്ഞതോ കേട്ടതോ ആയ ലിലിത്ത് അല്ല അനാഹിയിലെ ലിലിത്ത്. എന്നിരുന്നാലും അനാഹിയില്‍ കഥാപാത്രങ്ങളേക്കാള്‍ പ്രസക്തം കഥാസന്ദര്‍ഭങ്ങള്‍ക്കാണ്. ആ സന്ദര്‍ഭങ്ങള്‍ക്ക് കൂട്ടിരിക്കുക മാത്രമാണ് കഥാപാത്രങ്ങള്‍ ചെയ്യുന്നത്. വായനക്കിടയിലെവിടെയോ അപ്രസക്തമെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട ചില കഥാപാത്രങ്ങള്‍ ഇടയില്‍ കടന്നുവന്ന് വായനക്കാരന്റെ സര്‍വ്വ സ്വസ്ഥതയും പലപ്പോഴും നശിപ്പിക്കുന്നുണ്ട്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് വായനക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി കടന്നുപോകുന്ന സാഗര്‍ എന്ന കഥാപാത്രം പോലും അങ്ങിനെയാണ്. സ്വപ്നങ്ങളെ പ്രവചനാത്മകമായി സമീപിക്കുന്ന രീതി പുരാണങ്ങളിലും വേദഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളിലും കാണാമെങ്കിലും അവയെ ശാസ്ത്രീയമായി വിശകലനം ചെയ്ത സിഗ്മണ്ട് ഫ്രോയ്ഡിനെ സമര്‍ത്ഥമായി കൂട്ടുപിടിച്ചാണ് സഹ്യന്റെ സ്വപ്നങ്ങളും തോന്നലുകളും അവയ്ക്ക് കൂട്ടുകാരി ആരവല്ലി നല്‍കുന്ന വ്യാഖ്യാനങ്ങളെ ചിന്തോദ്ദീപമായും യുക്തിസഹമായും നോവലില്‍ അവതരിപ്പിക്കുന്നത്.

നേരും പതിരും തിരിച്ചറിയാതെ കീഴ്‌മേല്‍ കെട്ടിമറിയുന്ന സഹ്യന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന അനാഹിയുടെ ആഖ്യാനം ഫസ്റ്റ് പേഴ്സണ്‍ രീതിയിലായതിനാല്‍ അതിലെ 'ഞാന്‍' വായനക്കാരന്‍തന്നെയായി മാറുന്നുണ്ട്. വായനക്കാരന്റെ മനസ്സില്‍തോന്നുന്ന സംശയങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍തന്നെ ഉത്തരം നല്‍കിക്കൊണ്ടാണ് വായന പുരോഗമിക്കുന്നത്. കഥയെ നയിക്കുന്നത് ആരവല്ലിയെന്ന കഥാപാത്രമാണ്. സഹ്യന്‍ പലപ്പൊഴും അവളുടെ ഗവേഷണ നിരീക്ഷണങ്ങള്‍ക്കുള്ള ഉപകരണമായി മാറുന്നു. അസ്വഭാവിക സംഭവങ്ങളെല്ലാം സ്വപ്നങ്ങളാണെന്നും തോന്നലുകളാണെന്നും വായനക്കാരന്‍ വിശ്വസിച്ചുതുടങ്ങുന്നിടത്താണ് കൂടെയുള്ള ആരവല്ലിക്കുകൂടി അത് അനുഭവിക്കാന്‍ തുടങ്ങുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും പര്‍വ്വതങ്ങളുടെ പേരുകള്‍ നല്‍കിയിരിക്കുന്ന ബ്രില്ല്യന്‍സി എടുത്ത് പറയേണ്ടതുതന്നെയാണ്.

എല്ലാ ഭീതികഥകളെയും പൊതുവെ വായനക്കാര്‍ ചില മുന്‍വിധിയോടുകൂടിയാവും സമീപിക്കുക. അത്തരമൊരു മുന്‍വിധി അനാഹിയുടെ വായനയില്‍ അസാധ്യമാണ്. ഹൊറര്‍/ ഗോഥിക്/ ഭീതി നോവലുകളില്‍ പൊതുവേ കണ്ടുവരാറുള്ള തലകീഴായി കിടക്കുന്ന വവ്വാലും ഇരുട്ടില്‍ കനപ്പിച്ച് മൂളുന്ന കൂമനും കുറുകെ ചാടുന്ന കറുത്തപൂച്ചയുമൊന്നുമില്ലാതെ, സ്ഥിരമായി ഭീതികഥകളിലും മറ്റും ഉപയോഗിച്ച് പഴകിയ ക്‌ളീഷേ സന്ദര്‍ഭങ്ങള്‍ യാതൊന്നുമില്ലാതെ എങ്ങിനെ ഭയപ്പെടുത്തുന്ന രീതികള്‍ സൃഷ്ടിക്കാമെന്നത്തിന്റെ ഉത്തമോദാഹരണമാണ് അനാഹി.

ആന്ദ്രാസിന്റെ വാക്യങ്ങള്‍ ഉദ്ധരിക്കുന്ന ഭാഷ പ്രയോഗം അങ്ങിനെയൊരു ഗ്രന്ഥമുണ്ടോയെന്ന് വായനക്കാരന് സംശയം ജനിപ്പിക്കാന്‍ തക്കപ്രാപ്തിയുള്ളതാണ്. നംച ബര്‍വ എന്ന മ്യൂസിയവും അതിന്റെ വിശദീകരണങ്ങളും വായിക്കുമ്പോഴും അതെല്ലാം ആരെങ്കിലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തേക്കാനും സാധ്യതയുണ്ട്. ഇരുപത് കോടിയോളം വരുന്ന ജനങ്ങളെ ഭൂലോകത്തില്‍നിന്നും തുടച്ചുമാറ്റിയ പ്ലേഗ് എന്ന പകര്‍ച്ച വ്യാധിയെ ലിലിത്തിന്റെ രക്തത്തില്‍നിന്നുള്ള ഫലം ഭക്ഷിച്ച എലികളിലേക്ക് കണ്ണി ചേര്‍ക്കുമ്പോള്‍ ഇന്ന് ഭൂലോകമാകെ കിടുകിടാ വിറപ്പിച്ച് മുന്നേറുന്ന കോവിഡ് 19 എന്ന വൈറസ് ന്റെ പ്രഭവകേന്ദ്രം മറ്റൊന്നാവില്ലാ എന്ന് വായനക്കാരനെക്കൊണ്ട് ചിന്തിപ്പിക്കുന്നിടത്ത് എഴുത്തുകാരന്‍ വിജയിക്കുന്നു.

ഓരോ കടമ്പകളും തരണം ചെയ്യുമ്പോള്‍ സങ്കീര്‍ണ്ണതകളും നിഗൂഢതകളും ചൂഴ്ന്ന് നില്‍ക്കുന്ന അത്യന്തം അപകടകാരിയായ ഒരു വീഡിയോ ഗെയിം പോലെ ഉദ്വേഗജനകമായ വായന. അവസാനം മരണമാണെന്നറിഞ്ഞിട്ടും അതില്‍നിന്നും പിന്മാറാനാവാതെ അത്രയ്ക്ക് അടിമപ്പെടുന്ന ഓരോ ആദ്ധ്യായങ്ങളിലും ഒളിഞ്ഞിരിക്കുന്നത് യാഥാര്‍ത്ഥ്യമാണോ സ്വപ്നമാണൊ എന്ന് തിരിച്ചറിയാതെ ഉഴറുന്ന വായനക്കാരന്‍. വായനക്കാരന്റെ മനോഗതങ്ങളറിഞ്ഞ് ലോജിക്കുകളെ നിസംശയം ബന്ധിപ്പിക്കുന്ന എഴുത്തുകാരന്‍. വായനക്ക് ശേഷവും ഇനിയും ഇതിലെന്തൊക്കെയോ ബാക്കിയുണ്ടെന്നും അത് വായനക്കാരനെ കൂടെ ബാധിക്കുന്നതാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നിടത്താണ് അനാഹി ഒരു വിജയമായി പരിണമിക്കുന്നത്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Anahi Malayalam Novel by Vibin das Book Review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented