ഫോട്ടോ: വിഷ്ണു കാർത്തികേയൻ
പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തില്‍ പൂര്‍വ്വമാതൃകയില്ലാത്ത ഉദ്വേഗജനകമായ വായനാനുഭവം നല്‍കുന്ന നോവല്‍ എന്ന പിന്‍കുറിപ്പിനെ അന്വര്‍ത്ഥമാക്കുന്ന നോവലാണ് യുവസാഹിത്യകാരനായ വിപിന്‍ദാസിന്റെ അനാഹി എന്ന നോവല്‍. ആഭിചാരം, മാന്ത്രികതന്ത്രങ്ങള്‍, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചിക ആരാധന, പ്രകൃത്യാതീത പ്രതിഭാസങ്ങള്‍, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ ഒക്കല്‍റ്റ് പാഠങ്ങളുമായും ക്രിസ്ത്യന്‍-യഹൂദ-മിത്തോളജികളുമായും പാഠാന്തരം പുലര്‍ത്തുന്നു എന്ന് പഠനകുറിപ്പില്‍ അനാഹിയെക്കുറിച്ച് മരിയ റോസ് അഭിപ്രായപ്പെട്ടത് നോവലിന്റെ പ്രസക്തി വ്യക്തമാക്കുന്നുണ്ട്.
കൃത്യമായ ഒരു രാഷ്ട്രീയം അടയാളപ്പെടുത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന നോവലാണ് അനാഹി. പുരുഷകേന്ദ്രീകൃതമായ, തികച്ചും പാട്രിയാര്‍ക്കലായ ഒരു സിസ്റ്റം സമൂഹത്തില്‍ വിവിധ അടരുകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. മതം എന്നത് അതില്‍ പ്രധാനപ്പെട്ട ഒന്നാണെന്നത് എടുത്തുപറയേണ്ട ഒന്നാണ്. മതത്തിനുള്ളിലെ കാലങ്ങളായി ഉള്‍ച്ചേര്‍ന്നുകിടക്കുന്ന സ്ത്രീവിരുദ്ധതയെ വിമര്‍ശിക്കാനുള്ള ധീരമായ ഒരു ശ്രമംകൂടിയാണ് നോവലിസ്റ്റ് അനാഹിയിലൂടെ നടത്തുന്നത്.
ആര്‍നലിറ്റ് 'യുവര്‍ ക്വോട്ട്' എന്ന സമൂഹത്തില്‍ എഴുതിയതിനെ ഈ നോവലിന്റെ സംഗ്രഹമായി കണക്കാക്കാം. 'സ്ത്രീവിരുദ്ധ സംസ്‌കാരത്തില്‍ ഹവ്വകളെ പ്രകീര്‍ത്തിക്കുകയും ലിലിത്തിനെ പൈശാചികവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു ലോകത്ത് ജീവിക്കുന്നതുതന്നെ ബുദ്ധിമുട്ടാണ്, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ സത്ത ആദ്യം രുചിച്ചത് ലിലിത്ത് ആണെന്നത് അവഗണിച്ചുകൊണ്ട് സാമൂഹിക സ്ഥിരീകരണത്തിനായി ലിലിത്തിനെ ഹവ്വകളാക്കി പരിവര്‍ത്തനം ചെയ്യുന്ന ഒരു സമൂഹമാണ് നിലനില്‍ക്കുന്നതെന്നത് കൂടുതല്‍ നിരാശാജനകമാണ്.' ഏറെ പ്രസക്തമായ ഈ വിഷയത്തെ കൃത്യമായി അവതരിപ്പിക്കുകയാണ് അനാഹി.
നോവലിനുള്ളിലെ മറ്റൊരു പുസ്തകമായി അവതരിപ്പിക്കുന്ന ആരവല്ലി തര്‍ജ്ജമ ചെയ്ത ആന്ദ്രാസിന്റെ പുസ്തകം, ഏറെ ശ്രദ്ധ പതിപ്പിക്കുന്നത് ഇത്തരത്തിലുള്ള ഒരു തുല്ല്യതയുടെ രാഷ്ട്രീയത്തെ അടയാളപ്പെടുത്താന്‍തന്നെയാണ്. തുല്ല്യതയ്ക്കപ്പുറം പലപ്പോഴും ആണിനേക്കാള്‍ പെണ്ണിനുള്ള പ്രാധാന്യത്തെക്കൂടി നോവല്‍ അഡ്രസ്സ് ചെയ്യുന്നുണ്ട്.
നോവലിലെ കഥാപാത്രങ്ങളെല്ലാംതന്നെ കൃത്യമായ ചിന്തകളും പ്രവൃത്തികളും ഉള്ളവരാണെങ്കിലും 'സഹ്യന്‍' എന്ന കഥാപാത്രത്തിന്റെ നിര്‍മ്മിതിയാണ് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. സഹ്യന്‍ എന്ന ചെറുപ്പക്കാരന്റെ ശരീരത്തിലും മനസ്സിലും ചിന്തകളിലും ജീവിതത്തില്‍ മൊത്തമായും പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങളാണ് ഈ നോവലിന്റെ കാതല്‍. അതിനാല്‍തന്നെ അനാഹിയെ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നോ മനഃശാസ്ത്രപരമായ വിശകലനം ആവശ്യപ്പെടുന്ന നോവല്‍ എന്നോ അടയാളപ്പെടുത്താന്‍ സഹ്യന്റെ സ്വപ്നങ്ങളും ഭ്രമാത്മകമായ ചിന്തകളും കാരണമാകുന്നു എന്നുപറയാം.
ഇറ്റാലിയന്‍ തത്വചിന്തകനായ ജോര്‍ജിയോ അരമ്പന്റെ ഹോമോ സാക്കര്‍ (Homo sacer) എന്ന സൈദ്ധാന്തിക ആശയത്തിന്റെ പ്രതിഫലനം ഈ കഥാപാത്രത്തില്‍ കാണാനാവുന്നുണ്ട്. എല്ലാ മനുഷ്യരും പൗരന്മാരാകുന്നത് അവര്‍ക്ക് zoe (ജൈവീക ജീവിതം)യും, Bios (രാഷ്ട്രീയ,ബൗദ്ധീക ജീവിതം)യും ഉണ്ടാകുമ്പോഴാണ്. എന്നാല്‍ ഹോമോസാകറുകള്‍ ഇതിനു വിരുദ്ധമായി 'ദീല ' അഥവാ ജൈവീക ജീവിതത്തിന്റെ മാത്രം ഉടമകളാണ്. തങ്ങളുടെ ജീവിതത്തെകുറിച്ചോ, നിലനില്‍പ്പിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനോ, തീരുമാനങ്ങളെടുക്കാനോ സാധിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ കൈയിലെ കളിപ്പാവകള്‍ മാത്രമാണ്. അവരുടെ ജനനവും നിലനില്‍പും മരണവും ഒന്നുംതന്നെ കാര്യമാത്രപ്രസക്തമായി മറ്റുള്ളവര്‍ കരുതുന്നില്ല. അവര്‍ ഒരു ടൂള്‍ മാത്രമായി ഒതുങ്ങുകുകയാണ് ചെയ്യുന്നത്.
സൂക്ഷ്മമായുള്ള വായനയില്‍ സഹ്യനും ഒരു ഹോമോസാകറാണെന്ന് അനുമാനിക്കാം. പ്രത്യക്ഷത്തില്‍ ജൈവീക,രാഷ്ട്രീയ ബൗദ്ധിക ജീവിതത്തിനുടമയാണ് അയാള്‍ എന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ചില അദൃശ്യശക്തികളുടെ നിയന്ത്രണത്തില്‍ ചലിക്കാന്‍ മാത്രമാണ് അയാള്‍ക്ക് സാധിക്കുന്നത്. തന്റെ ശരീരവും മനസും ചിന്തകളും പ്രവര്‍ത്തിയും ഒന്നും തന്റെ സ്വാധീനത്തിലല്ല എന്ന് തിരിച്ചറിയുമ്പോള്‍ അയാള്‍ തകര്‍ന്ന് പോവുന്നുമുണ്ട്.
മനുഷ്യന്‍ എന്ന രീതിയില്‍ തന്റെ നിലനില്‍പ്പും മൃദുലവികാരങ്ങളും ചിന്താശേഷിയും ശരീരവും എല്ലാം അന്യധീനപ്പെടുന്നു എന്ന് സഹ്യന്‍ തിരിച്ചറിയുമ്പോള്‍തന്നെയാണ് നോവല്‍ അതിന്റെ ഏറ്റവും ഭീകരവും സങ്കീര്‍ണവുമായ ഗതി കൈവരിക്കുന്നത്. വന്മരങ്ങള്‍ വീഴുമ്പോള്‍ അമര്‍ന്നു പോകുന്ന, അവഗണിക്കപ്പെട്ടു പോകുന്ന പുല്‍ച്ചെടിപോലെ, ലക്ഷ്യം സാധൂകരിക്കപ്പെടാന്‍വേണ്ടി സ്വയം കത്തിച്ചാമ്പലാവുന്ന ചാവേറിനെ പോലെയാണോ താന്‍ എന്ന ചോദ്യം സഹ്യനെ വല്ലാതെ അലട്ടുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ നോവലിനെ കൃത്യമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. ഫ്രാന്‍സ് കാഫ്കയുടെ കഥാപാത്രങ്ങളുടേതായ അസ്സന്നിഗ്ദ്ധതയും, അങ്കലാപ്പും ജീവിതത്തോടുള്ള അസംബന്ധപൂര്‍ണ്ണമായ മനോഭാവവും അസ്തിത്വപ്രതിസന്ധിയും സഹ്യനും അനുഭവപ്പെടുന്നു.
ഭാഷകൊണ്ടും അവതരണരീതികൊണ്ടും കഥാഗതിയില്‍ ചടുലത കാത്തുസൂക്ഷിക്കുന്നു എന്നുള്ളതും കഥാന്ത്യം ഒരു ഓപ്പണ്‍ എന്‍ഡിങ് വിഭാഗത്തില്‍ ഉള്‍പെടുന്നതുകൊണ്ടും അനാഹി തീര്‍ച്ചയായും ഒരു രണ്ടാം ഭാഗം അര്‍ഹിക്കുന്നുണ്ട്. ഒപ്പം കൂടുതല്‍ ചര്‍ച്ചകളും. അടയാളപ്പെടുത്താത്ത ചരിത്രം ഉറക്കെ പറയുവാനായി ശക്തമായ ഒരു രാഷ്ട്രീയത്തിന്റെ തിരിച്ചുവരവിനായി അത് കൂടിയേ തീരൂ.
Content Highlights: Anahi Malayalam novel Book Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..