One Hundred Years of Solitude
മഹത്തായ സൃഷ്ടികള്‍ സംഭവിക്കുകയാണ് എന്നതാണ് ചരിത്രപാഠം. അത് ചിത്രമാണെങ്കിലും പുസ്തകമാണെങ്കിലും ശില്പമാണെങ്കിലും സംഗീതമാണെങ്കിലും സിനിമയാണെങ്കിലും ശരി. അത്തരം സൃഷ്ടികള്‍ക്കായി കാലവും ലോകവും ഒന്നിച്ചുനില്‍ക്കും. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ അത്യുന്നതങ്ങളിലേക്കുയര്ത്തി സാഹിത്യത്തില്‍ മാജിക്കല്‍ റിയലിസത്തിന്റെ പരവതാനി വിരിച്ച 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവല്‍ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അല്‍വാരോ സന്താനാ അകൂന്യയുടെ അസെന്റ് റ്റു ഗ്ലോറി (Alvaro Santana-Acua - Ascent to Glory: how One Hundred Years of Solitude was written and became a Global Classic) എന്ന പുതിയ പുസ്തകം
സാഹിത്യകാരനാവണം എന്ന മോഹംകൊണ്ട് നിയമപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ആ പത്രപ്രവര്ത്തകന് തന്റെ നാല്പതുവയസ്സിനുള്ളില് അഞ്ഞൂറോളം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലായി, ചെറുതും വലുതുമായ പല പത്രസ്ഥാപനങ്ങളിലും അയാള്‍ ജോലിചെയ്തു. ശമ്പളം തുച്ഛമായിരുന്നു. പാരീസിലായിരുന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി തെരുവുകളില്‍ പാട്ടുപാടാനും കുപ്പി പെറുക്കാനുംവരെ പോയി. അതിനിടയില്‍ ബുദ്ധിജീവികളെ അനുകരിച്ച് അസ്തിത്വദുഃഖം പങ്കുവെക്കുന്ന ചില കഥകളെഴുതി. ശേഷം കളംമാറ്റി, സ്വന്തം നാടിനെയും വീടിനെയും വിഷയമാക്കി അഞ്ചുപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, നോവലും കഥയും എഴുതിയിട്ട് അത്രയും കാലത്തിനിടയ്ക്ക് ഒരു ചില്ലിക്കാശുപോലും അയാള്‍ക്കു കിട്ടിയിരുന്നില്ല!
ഏകാന്തതയുടെ കാലത്ത്
അപ്രശസ്തനായ അതേ എഴുത്തുകാരന് കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കാന്‍ മെക്സിക്കോ സിറ്റിയില്‍നിന്ന് അക്കാപുള്ക്ക എന്ന കടല്‍ത്തീരത്തേക്ക് പോവുകയായിരുന്നു. 1965-ലെ വേനല്‍ക്കാലം. വഴിയില്‍വെച്ച് വാഹനത്തിനുമുന്നില്‍ ഒരു പശു കുറുകെച്ചാടി. പൊടുന്നനെ അയാള്‍ക്ക് താന്‍ രണ്ടുദശകങ്ങളായി എഴുതാന്‍ പോകുന്ന ആ വലിയ നോവലിന്റെ ആദ്യത്തെ വാക്യം ഒരു വെളിപാടുപോലെ മനസ്സില്‍ വന്നു. മറ്റൊന്നും ആലോചിക്കാനില്ല. അയാള്‍ കാര്‍ തിരികെയോടിച്ച് വീട്ടില്‍ മടങ്ങിയെത്തി. പിന്നെ എഴുപത്തഞ്ചു ചതുരശ്രയടിയുള്ള ഒരു മുറിയില്‍ കതകടച്ചിരുന്ന് പതിനെട്ടുമാസത്തോളംകൊണ്ട് നോവല്‍ എഴുതിത്തീര്‍ത്തു. അതിനിടയില്‍ അയാള്‍ മുപ്പതിനായിരം സിഗരറ്റുകള്‍ വലിച്ചു തീര്‍ത്തിരുന്നു. ചെലവുകള്‍ നടത്താനായി ഭാര്യ വീട്ടുസാധനങ്ങള്‍ ഒന്നൊന്നായി പണയംെവച്ചു, സകലരോടും കടം പറഞ്ഞു. എഴുത്തുതീര്‍ന്നപ്പോള്‍ കൈയെഴുത്തു പ്രതിയുടെ മുഴുവന്‍ ഭാഗവും അര്‍ജന്റീനയിലുള്ള പ്രസാധകന് അയച്ചുകൊടുക്കാനുള്ള തപാല്‍ കാശിന് വകയില്ലാതിരുന്നതുകൊണ്ട്, നോവലിന്റെ പ്രതി രണ്ടായി ഭാഗിക്കേണ്ടിവന്നു. ആദ്യം അയച്ചതാകട്ടെ, രണ്ടാമത്തെ പകുതി! ഏതായാലും 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന പേരിലിറങ്ങിയ ആ നോവല്‍ ഹിറ്റായി. മുമ്പത്തെ പുസ്തകങ്ങളെല്ലാം എഴുനൂറുകോപ്പികളില് കൂടുതല്‍ വിറ്റിട്ടില്ലാത്ത ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്ന ആ എഴുത്തുകാരന്റെ പുതിയ നോവല്‍ ആദ്യ ആഴ്ചയില്‍ത്തന്നെ അടിച്ച എണ്ണായിരം കോപ്പി തീര്‍ന്നു. പതിപ്പുകള്‍ ഒന്നിനുപിറകേ വന്നു.
ഏകാന്തതയ്ക്കുശേഷം
അരനൂറ്റാണ്ടിനുള്ളില്‍ ഔദ്യോഗികമായിത്തന്നെ അഞ്ചുകോടി കോപ്പികള്‍ വിറ്റ ആ നോവല്‍ 'ഡോണ്‍ ക്വിക്സോട്ടി'നുശേഷം സ്പാനിഷ് ഭാഷയില്‍നിന്നുണ്ടായ ഏറ്റവും പ്രചാരമുള്ള പുസ്തകമായി. അമ്പതുഭാഷകളില് അതിന് വിവര്‍ത്തനം വന്നു. പില്ക്കാലത്തെ ലോകസാഹിത്യത്തെ അതിനെക്കാള്‍ സ്വാധീനിച്ച മറ്റൊരു നോവല്‍ ഉണ്ടായിട്ടില്ല. റുഷ്ദി മുതല്‍ ജാനറ്റ് ഡയസ് വരെ, ഇസബെല്‍ അയെന്ദ മുതല്‍ അരുന്ധതീറോയി വരെ, അമിതാവ് ഘോഷ് മുതല്‍ ഇക്ക കുര്ണിവാന്വരെ ആ കൃതിയുടെ മോഹവലയത്തില്പ്പെട്ടുപോയവരാണ്. വായനയിലൂടെ മാത്രമല്ല, ലോകം അതിനെ ആഘോഷിച്ചത്. 130 ഡോളര്‍ വിലയിട്ട ജപ്പാനിലെ തദ്ദേശീയമായ ഒരു മദ്യത്തിന് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്നായിരുന്നു പേര്. ഹോട്ടലിനും വീഡിയോ ഗെയിമിനും റമ്മിനും കപ്പലുകള്‍ക്കും എണ്ണഖനനംചെയ്യുന്ന പ്രദേശത്തിനും ഫിഫയുടെ ഫുട്ബോളിനും ആ നോവലിലെ 'മാക്കോണ്ട' എന്ന ഭൂഭാഗത്തിന്റെ പേരുലഭിച്ചു. എന്തിന്, 91 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ഒരു നക്ഷത്രത്തിന്റെ പേര് മാക്കോണ്ട എന്നാകുന്നു! അതിനെ ചുറ്റുന്ന ഗ്രഹത്തിന് നോവലിലെ ഊരുചുറ്റിക്കൊണ്ടിരിക്കുന്ന ആ നാടോടിയുടെ-മെല്ക്വിയാദാസ്-പേരാണ്.
'മിക്കവാറും എല്ലാ നോവലുകളും അവ പുറത്തുവരുന്ന അതേദിവസംതന്നെ മരിച്ചുപോകുന്നു,' പില്ക്കാലത്ത് മാര്‍ക്കേസിന്റെ അമേരിക്കന്‍ പ്രസാധകനായിത്തീര്ന്ന ആല്‍ഫ്രഡ് എ നോഫ് പറയുന്നു. എന്നാല്‍, അതിനു വിപരീതമായി, ഈ പുസ്തകം എങ്ങനെ ലോകവിപണിയെ കീഴടക്കി? ലോകത്തിലെ പില്ക്കാലസാഹിത്യത്തിന്റെ ഗതി നിയന്ത്രിച്ചു? ഫിദല്‍ കാസ്ട്രോയും ബില്‍ ക്ലിന്റണും ബരാക് ഒബാമയുമടക്കമുള്ള ലോകനേതാക്കളുടെ ഇഷ്ടകൃതിയായി? വായിച്ചവരുടെയും വായിക്കാത്തവരുടെയും ഇടയില്‍ ഒരു സാംസ്കാരികബിംബമായി എങ്ങനെ അത് സ്വയം മാറി? ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് ഗവേഷകനായ അല്‍വാരോ സന്താനാ അക്യൂനിയയുടെ പുതിയ പുസ്തകം.
ഇതൊരു സാഹിത്യഗ്രന്ഥത്തിന്റെ സാമൂഹികശാസ്ത്രപഠനമാണ്. എത്രയോ മഹത്തായ രചനകള്‍ ലോകത്തിലെ വലിയ ഗ്രന്ഥശാലകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പൊടിപിടിച്ചു നശിച്ചുപോകുന്നു. ഇതേ നോവലിലേതുപോലെ കുടുംബ-ഗ്രാമീണ പശ്ചാത്തലങ്ങള്‍ ആധാരമാക്കുന്ന, അതേ ഘടനയും ഭാഷയും ഉപയോഗിക്കുന്ന നോവലുകള്‍പോലും ഗതികിട്ടാതെ അവസാനിച്ചു. ഉദാഹരണമായി അത്തരം അഞ്ചുനോവലുകളെ ഗവേഷകന് വിശദമായി പരിശോധിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍?' അതിന്റെ നിഗൂഢതകളിലേക്ക് കടക്കുന്നതിനായി അക്യൂനിയ 1920 മുതലുള്ള ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ സാഹചര്യം വിശദമായി പഠിക്കുന്നു.
ഇരുപത്തഞ്ചിലേറെ രാജ്യങ്ങളും അവയുടെ സംസ്കാരങ്ങളും ഭാഷകളും പങ്കിടുന്ന ജനജീവിതം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒറ്റയൊറ്റയായ രാജ്യങ്ങളുടെ സാഹിത്യമായിട്ടാണ് പ്രതിനിധാനംചെയ്യപ്പെട്ടത്. സാവധാനം അതിനൊരു മാറ്റംവരുകയാണ്. കോളനിവത്കരണംകൊണ്ട് തനതുഭാഷകള്‍ നഷ്ടപ്പെട്ടുപോയ ആ രാജ്യങ്ങളിലെ എഴുത്തുകാര്‍, പുതിയ കാലത്ത് തങ്ങളെ കൂട്ടിയിണക്കാന്പോന്ന സമഗ്രമായൊരു സാഹിത്യപദ്ധതിക്കായി പരിശ്രമിച്ചു. അങ്ങനെയാണ് പെറുവിലെയോ കൊളംബിയയിലെയോ ഗ്വാട്ടിമാലയിലെയോ ചിലിയിലെയോ, ക്യൂബയിലെയോ എന്നുവേര്തിരിക്കാതെ, പൊതുവായി 'ലാറ്റിനമേരിക്കന്‍ സാഹിത്യം' എന്ന് പില്ക്കാലത്ത് അറിയപ്പെടുന്ന എഴുത്ത് രൂപംകൊള്ളുന്നത്. ഒരര്‍ഥത്തില്‍, സ്വന്തം രാജ്യത്തല്ല, പകരം ഭാഷയിലാണ് ആ എഴുത്തുകാര്‍ ജീവിച്ചത് എന്നുപറയാം. അധിനിവേശക്കാര്‍ അടിച്ചേല്‍പ്പിച്ച സ്പാനിഷും പോര്‍ച്ചുഗീസുമെല്ലാം അവരുടെ എഴുത്തില്‍ ഒരു നവ ബരോക് (neo-baroque) ഭാഷയായി പുനഃസൃഷ്ടിക്കപ്പെട്ടു. അതിന് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട 'മാന്ത്രികയാഥാര്‍ഥ്യത്തെ' ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. മാത്രമല്ല, ആ ജീവിതയാഥാര്‍ഥ്യങ്ങളെ തങ്ങളുടെ ഭൂഖണ്ഡത്തിനപ്പുറത്ത് കൂടുതല്‍ വിസ്തൃതമായൊരു ലോകവുമായി ഇണക്കാനുള്ള ഒരു പദ്ധതിയും ആ എഴുത്തുകാര്‍ രൂപവത്കരിച്ചു. അതിനെ അവര്‍ 'സാര്‍വലൗകികത' (cosmopolitanism) എന്നുവിളിച്ചു. അസ്തൂരിയാസ്, ഫ്യുവന്തേസ്, നെരൂദ, കോര്‍തസാര്‍, യോസ, റൂള്‍ഫോ, ബോര്‍ഹേസ്, സബോതോ തുടങ്ങിയ അതികായന്മാരുടെ ഒരു നിര ആ മുന്നേറ്റത്തെ നയിച്ചു. അവര്‍ക്കുശേഷം വന്ന എഴുത്തുകാരനാണ് മാര്‍ക്കേസ്. പക്ഷേ, എല്ലാവരെക്കാള്‍ ലോകപ്രശസ്തി നേടിയ എഴുത്തുകാരനായി അദ്ദേഹം.
ഈ സാഹിത്യകാരന്മാര് സൃഷ്ടിച്ചെടുത്ത അനുകൂലമായ കാലാവസ്ഥയിലേക്കാണ് ഏകാന്തതയുമായി മാര്‍ക്കേസ് വരുന്നത്. അദ്ദേഹം 1950 മുതല്‍ തന്റെ കുടുംബത്തെക്കുറിച്ചുള്ള ഈ നോവല്‍ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. 'വീട്' എന്ന പേരില്‍ അത് തുടങ്ങിയതുമാണ്. പലപ്പോഴും അതിനെക്കുറിച്ചുള്ള നോട്ടുകള്‍ മാര്‍ക്കേസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യമായും അത് ഏതുരീതിയില്‍ എഴുതണമെന്നോ പൂര്‍ത്തിയാക്കണമെന്നോ അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നില്ല. അറുപതുകളുടെ തുടക്കത്തില്‍ ഒന്നുമെഴുതാന്കഴിയാത്ത വലിയൊരു പ്രതിസന്ധി അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ട്. തിരക്കഥാരചനയിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും മാറി എഴുത്തിലെ പരാജയം മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ആകസ്മികമായി നേരത്തേ സൂചിപ്പിച്ച അക്കാപുള്ക്കയിലേക്കുള്ള യാത്രയും രണ്ടുവര്‍ഷംനീണ്ട നോവല്‍ രചനയും സംഭവിക്കുന്നത്.
എന്നാല്‍, ഇതില്‍ ആകസ്മികതയുടെ അംശങ്ങളൊന്നുമില്ല എന്നാണ് ഗവേഷകന്റെ കണ്ടെത്തല്‍. അക്കാലമാവുമ്പോഴേക്ക് ലാറ്റിനമേരിക്കന്‍ നോവലിനെ സ്വീകരിക്കാന്‍ ലോകം പാകപ്പെട്ടുകഴിഞ്ഞിരുന്നു. മികച്ച പ്രസാധകരും എഡിറ്റര്‍മാരും വിവര്‍ത്തകരും അരങ്ങിലെത്തി. നിരൂപകരും ഗവേഷകരും പുതിയ നോവല്‍ കാലഘട്ടത്തെ (boom era) സ്വാഗതംചെയ്യാന്‍ ഉത്സാഹിച്ചു. ഒട്ടേറെ ആനുകാലികങ്ങള്‍ പുതിയ രചനകളെ വാഴ്ത്തി. സര്‍ക്കാര്‍ തങ്ങളുടെ സെന്‍സര്‍ കത്രികകള്‍ മടക്കിവെച്ച് ഏതിനും സഹായം പ്രഖ്യാപിച്ചു. പ്രസാധകവ്യവസായത്തെ സഹായിക്കുന്ന മട്ടില്‍ തീരുവകള്‍ കുറയ്ക്കുകയും വിതരണശൃംഖലകളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ഉഴുതുമറിച്ചിട്ട മണ്ണിലേക്കാണ് മാര്‍ക്കേസ് തന്റെ പുതിയ നോവലിന്റെ വിത്തിറക്കുന്നത്. അഞ്ചോ പത്തോ വര്‍ഷംമുമ്പ് അദ്ദേഹം അതു ചെയ്തിരുന്നെങ്കില്‍ അനേകായിരം കൃതികള്‍ക്കിടയില്‍ ആരും കാണാതെ ആ നോവല്‍ വിസ്മൃതമായി?േപ്പാകുമായിരുന്നു.
ഏകാന്തതയ്ക്കു പിന്നിലെ ആള്‍ക്കൂട്ടം
അതുമാത്രമല്ല, ഏകാന്തതയെക്കുറിച്ചുള്ള നോവല്‍ രചനയ്ക്കുപിന്നില്‍ വലിയൊരു ആള്ക്കൂട്ടംതന്നെയുണ്ടായിരുന്നു. സര്‍ഗാത്മകതയുടെ ശൃംഖല (networked creativtiy) എന്നുപറയാവുന്ന ഒന്ന്. പതിനൊന്നുരാജ്യങ്ങളിലായി താമസിച്ചിരുന്ന മാര്‍ക്കേസിന്റെ സുഹൃത്തുക്കളും
അഭ്യുദയകാംക്ഷികളും ഈ നോവല്‍ രചനയുടെ ഘട്ടത്തില്‍ അദ്ദേഹത്തിനു കൂട്ടുനിന്നു. കോഴിപ്പോരിനെക്കുറിച്ചും കൊളംബിയയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ചും ലോഹങ്ങളെ സ്വര്‍ണമാക്കുന്ന മാന്ത്രികക്കല്ലിനെക്കുറിച്ചുമൊക്കെ വിശദമായി പഠിച്ച് എഴുത്തുകാരനു പറഞ്ഞുകൊടുത്തത് അവരായിരുന്നു. അവരില്‍ ബാരന്‍ക്വിയയിലെ കൂട്ടുകാരും മെക്സിക്കോയിലെ സാഹിത്യസംഘമായ മാഫിയക്കാരും പെടും. ആ വലിയ ചങ്ങാതിക്കൂട്ടം രചനയെ സാക്ഷാത്കരിച്ചു എന്നുപറയാം. പലരും- അല്‍വാരോ, ജര്‍മന്‍, കെപേഡ, ഗബ്രിയേല്‍ എന്ന പേരില്‍ മാര്‍ക്കേസ് പോലും- നോവലിലെ കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഈ നോവല്‍ ഒരു സഹകരണപ്രവര്ത്തനമാണെന്നാണ് (collaborative work) അക്യൂനിയ പറയുന്നത്. ഏകാന്തതയെക്കുറിച്ചെഴുതാന് ഒരാള്ക്കൂട്ടംതന്നെ ഒത്തുചേര്‍ന്നു എന്നുള്ളതാണ് വൈരുധ്യം. മാര്‍ക്കേസിന്റെ അക്കാലത്തെ സുഹൃത്തുക്കളെ പോയിക്കണ്ട് നോവലിന്റെ രചനയ്ക്കുപിന്നിലെ കൗതുകങ്ങള്‍ അനാവരണംചെയ്യുന്ന രസകരമായൊരു പുസ്തകം 2019-ല്‍ പുറത്തുവന്നു. അതിന്റെ ശീര്‍ഷകം ഈ വൈരുധ്യത്തെ എടുത്തുകാണിക്കുന്നു. (Solitude and Company: Silvana Paternotsro)
പുസ്തകരചനയില്മാത്രം ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല ആ സഹകരണം. നോവല്‍ പുറത്തുവരുന്നതിനുമുമ്പേത്തന്നെ പ്രമുഖമായ മാസികകളില്‍ ഫ്യുവന്ദേസും യോസയും റിവ്യൂകളെഴുതി. പില്ക്കാലത്ത്, പരസ്യമായി പറഞ്ഞിട്ടില്ലാത്ത ഒരു കാരണംകൊണ്ട് മാര്‍ക്കേസിന്റെ മുഖത്തുപ്രഹരിച്ച യോസയുടെ ഡോക്ടറല്‍ പ്രബന്ധംതന്നെ ഈ നോവലിനെക്കുറിച്ചായിരുന്നു. നെരൂദ, മാര്‍ക്കേസിനെക്കുറിച്ച് ഒരു കവിതയെഴുതി. ഈയിടെ ഒരു അനുസ്മരണപ്രസംഗത്തില്‍ റുഷ്ദി അദ്ദേഹത്തെ ഗബ്രിയേല്‍ മാലാഖ എന്നുവിളിച്ചു. കാര്മന് ബാല്‍സെല്‍സ് എന്ന ലിറ്റററി ഏജന്റിന്റെയും മഹാനായ വിവര്ത്തകന് ഗ്രെഗറി റബ്ബാസയുടെയും പങ്കും പ്രധാനമായിരുന്നു. റബ്ബാസയുടെ വിവര്‍ത്തനം തന്റെ മൂലകൃതിയെക്കാള്‍ മികച്ചതായിരുന്നുവെന്ന് പിന്നീട് മാര്‍ക്കേസ് എഴുതുന്നുണ്ട്. 'ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്' എന്നാണ് റബ്ബാസയെ അദ്ദേഹം വിശേഷിപ്പിച്ചത്.
പ്രവഹിക്കുന്ന മിത്തുകള്‍
ഒരു കൃതി പ്രശസ്തമാവുമ്പോള്‍ അതിനോടൊപ്പം മിത്തുകളും ഉദ്ഭവിക്കുന്നു. അക്കാപുള്ക്കയിലേക്കുള്ള കാര്യാത്രയ്ക്കിടയിലുണ്ടായ വെളിപാട് അത്തരത്തിലൊന്നാണെന്നുപറയണം. മാത്രമല്ല, പതിനെട്ടുമാസം മുറിക്കകത്ത് അടച്ചിരുന്ന് ഒരേപോലെ എഴുതിക്കൂട്ടുകയായിരുന്നില്ല മാര്‍ക്കേസ്. ആദ്യത്തെ വാക്യം എഴുതിയതിനുശേഷം പിന്നീട് ദിശതെളിയാതെ അദ്ദേഹം പ്രയാസപ്പെട്ടു. ഇടയില്‍ ഉപേക്ഷിക്കപ്പെട്ട സ്പാനിഷ് പടക്കപ്പല്‍ കണ്ടെത്തുന്നിടത്തുെവച്ചാണ് കഥാഗതി അദ്ദേഹം തീരുമാനിക്കുന്നത്. എന്നിട്ടും എഴുത്തിന്റെ പാതിവഴിയില്‍-അതു നാലുമാസംകൊണ്ടുതീര്ന്നു-വെച്ച് വീണ്ടും പ്രതിസന്ധിയിലായി. അപ്പോഴെല്ലാം ദൂരദിക്കുകളില്‍നിന്ന് സുഹൃത്തുക്കളുടെ സഹായഹസ്തം അദ്ദേഹത്തിന്റെ നേര്‍ക്ക് നീണ്ടു. നോവല്‍ പുറത്തുവന്നതിനുശേഷം മിത്തുകളുടെ എണ്ണം കൂടി. പലതും മാര്ക്കേസിന്റെതന്നെ സംഭാവനയായിരുന്നു. പലയിടത്തും തന്റെതന്നെ വാക്കുകള്‍കൊണ്ട് അദ്ദേഹം സഹൃദയലോകത്തു നടുക്കമുണ്ടാക്കി. തന്റെ നോവല്‍ ഒരു ചത്ത സിംഹമാണെന്നുപ്രസ്താവിച്ചു. താനല്ല, തന്റെ ഭാര്യയാണ് അതെഴുതിയെന്നതായിരുന്നു ഒരു മൊഴി. ''ഞാനൊരു മോശം എഴുത്തുകാരനാണ്. പോരാ, 'വാസ്തവത്തില്‍ ഞാനൊരു മജീഷ്യനാണ്, സാഹിത്യത്തിന്റെ ഏകാന്തതയില്‍ അഭയംതേടി എന്നേയുള്ളൂ'' -മാര്‍ക്കേസ് അവകാശപ്പെട്ടു. ''മനുഷ്യവംശത്തിന് എഴുത്തുകാരെക്കൊണ്ട് ഒരു ഗുണവുമില്ല'' -അദ്ദേഹം പറഞ്ഞു: ''ഞാന്‍തന്നെ ഒരു ഭീകരവാദിയാവുകയായിരുന്നു കൂടുതല്‍ മെച്ചം...''
1982-ല്‍ നൊേബല്‍ സമ്മാനം കിട്ടുന്നതുവരെ ആ പുരസ്കാരത്തെ അദ്ദേഹം പുറമേക്ക് താഴ്ത്തിപ്പറഞ്ഞിരുന്നത്രേ. അതേസമയം, ഇടയ്ക്കിടെ സ്റ്റോക്ഹോമില് പോവുകയും നെരൂദയ്ക്കും അസ്തൂറിയാസിനും നൊേബല്‍ ലഭിക്കാന്‍ സഹായിച്ച ആര്‍തര്‍ ലുണ്ട്ക്വിസ്റ്റ് എന്ന ഇടതുപക്ഷ എഴുത്തുകാരനെ കാണുകയും ചെയ്തുവെന്ന് അകൂന്യ പറയുന്നു. നോേബല്ലബ്ധിക്കുശേഷം കൈവന്ന പ്രശസ്തിയെ തള്ളിപ്പറഞ്ഞ മാര്‍ക്കേസ്, നോവല്‍ തന്റെ മരണശേഷം പ്രസിദ്ധീകരിച്ചാല്മതിയായിരുന്നു എന്ന് ഖേദിച്ചു. എന്നിട്ടും വളരെ ആസൂത്രിതമായി വിപണിയില്‍നിന്ന് കളിച്ചു. കൃത്യമായി തയ്യാറാക്കപ്പെട്ട ഒരു കാഴ്ചവസ്തുവായി സ്വയം മാറി. അരമണിക്കൂര്‍ അഭിമുഖത്തിന് അമ്പതിനായിരം ഡോളറായിരുന്നു അദ്ദേഹത്തിന്റെ നിരക്ക്. പുതിയ പുസ്തകങ്ങള്‍ക്ക് കോടിക്കണക്കിന് അഡ്വാന്‍സ് പറ്റി. ആ വിവരങ്ങള്‍ 'രഹസ്യമായി' മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. സാഹിത്യത്തിലെ 'ഒറ്റയാള്‍ തീം പാര്‍ക്ക്' എന്ന് എതിരാളികള്‍ അദ്ദേഹത്തെ പരിഹസിച്ചു. അവരുടെ എണ്ണം കൂടിക്കൂടിവന്നു. ബല്‍സാക്കിന്റെ നോവല്‍ കോപ്പിയടിച്ചതാണ് ഏകാന്തത എന്ന് അസ്തൂറിയാസ് ആരോപിച്ചത് അക്കാലത്തായിരുന്നു. എല്ലാം നന്നായി; നോവല്‍ ഇടതടവില്ലാതെ വിറ്റുപോയി.
2009-ല്‍ മാര്‍ക്കേസിന് അസുഖം വന്നത് ആഗോളമാധ്യമങ്ങളില് വന്‍വാര്‍ത്തയായിരുന്നു. മരണശേഷവും വാര്‍ത്തകള്‍ തുടര്‍ന്നു. ഇത്തരം പ്രചാരത്തിനുപിന്നില് അറിഞ്ഞും അറിയാതെയും പ്രവര്‍ത്തിക്കുന്നവരെ ഗ്രന്ഥകര്‍ത്താവ് സാംസ്കാരിക ഇടനിലക്കാര്‍ (Cultural Brokers) എന്നുവിളിക്കുന്നു. അവരുടെ സാന്നിധ്യവും നിരന്തരമായ പ്രവര്‍ത്തനവുമാണ് ഒരു രചനയെ ക്ലാസിക്കാക്കി മാറ്റുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മാക്കോണ്ട എന്ന് വീടിനുപേരിടുന്നതു മുതല്‍ ദേഹത്ത് ഏകാന്തതയിലെ കഥാപാത്രങ്ങളുടെ പേര് പച്ചകുത്തുന്നതുവരെ ഇത്തരം ഇടനിലക്കാരുടെ പ്രവര്‍ത്തനമാകുന്നു.
തൊണ്ണൂറുകളാകുമ്പോഴേക്കും ലാറ്റിനമേരിക്കന്‍ നോവലിനും അവരുടെ സാര്‍വലൗകിക സങ്കല്പത്തിനും വലിയതോതില്‍ വിമര്‍ശനമുണ്ടായി. 'കേണലിന് ആരും എഴുതുന്നില്ല' എന്ന കൃതിയില്‍ 'യൂറോപ്യന്മാര്ക്ക് തെക്കേ അമേരിക്ക തോക്കും മീശയും ഗിറ്റാറുമുള്ള ഒരാളാണ്' എന്നുപറയുന്നുണ്ട്. നേരേമറിച്ച്, ലാറ്റിനമേരിക്കന്‍ സാഹിത്യപ്രസ്ഥാനക്കാര് തങ്ങളുടെ ഭൂഖണ്ഡത്തെ പ്രാകൃതവും അവികസിതവുമായ ഒരിടമായി മുദ്രകുത്തുന്നതായി അവരുടെ വിമര്‍ശകര്‍ ആരോപിച്ചു. അവരെ എതിര്‍ത്തുകൊണ്ട് പുതിയ എഴുത്തുകാര്‍ നാഗരികമായ, വികസിതമായ തെന്നമേരിക്കയെക്കുറിച്ചെഴുതാന് തുടങ്ങി.
മലയാളത്തില്‍ മാര്‍ക്കേസിനുള്ള ജനസമ്മതി അകൂന്യ അറിഞ്ഞിട്ടില്ലെന്നതാണ് എന്റെ സങ്കടം. മാര്‍ക്കേസ് മരിച്ചതിനുശേഷം കൊല്‍ക്കത്തയിലെ കോളേജ് തെരുവില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒന്നടങ്കം വിറ്റുപോയി വലിയൊരു ക്ഷാമമുണ്ടായെന്ന് ഒരിടത്തുപറയുന്നതാണ് ആകെ ഒരു 'ഇന്ത്യന്‍ കണക്ഷന്.' മലയാളത്തില്‍വന്ന വിവര്‍ത്തനങ്ങള്‍, ജീവചരിത്രങ്ങള്‍, അഭിമുഖങ്ങള്‍, കവിതകള്‍, അനുകരണങ്ങള്‍... സാംസ്കാരിക ഇടനിലക്കാര്‍ എന്നനിലയില്‍ മാര്ക്കേസിനുവേണ്ടി നമ്മള് നടത്തിയ പ്രയത്നങ്ങളൊന്നും അടയാളപ്പെടുത്താതെപോകുന്നു. 'കേണലിന് ആരും എഴുതുന്നില്ല' എന്ന കൃതിക്കുമാത്രം മലയാളത്തില്‍ മൂന്നുവിവര്ത്തനങ്ങളാണുള്ളത്: ജയനാരായണനും എം.കെ ശ്രീകുമാറും, അയ്മനം ജോണും ഒരേ പുസ്തകം വിവര്‍ത്തനംചെയ്തു. എത്രയോ പതിപ്പുകളിലെത്തി നില്ക്കുന്ന മറ്റുനോവലുകള്‍...
നമ്മുടെ ഭാഷയിലെ പ്രശസ്തമായൊരു കഥയില്‍ മലയാളിയായ നായകന് ഒരു തോക്കു സംഘടിപ്പിക്കാനായി ബിഹാറിന്റെ നേപ്പാള്‍ അതിര്‍ത്തിയില്‍ ചെല്ലുന്നു. പലതരം തട്ടിപ്പുകള്‍ പ്രയോഗിച്ച് ഇരുപത്തെട്ടുവയസ്സുകാരനായ അധോലോകനായകന്റെ (അക്ഷയ് - അക്കുബാബ എന്നുവിളിക്കും) വീട്ടില്‍ ചെന്നുപറ്റുന്നു. അയാളുടെ സ്വീകരണമുറിയില്‍ ഒരു ഫോട്ടോ കണ്ടു. ചുരുളന്‍ മുടിയും ഇടുങ്ങിയ കണ്ണുകളും മീശയുമൊക്കെയുള്ള ഒരാള്‍, മീശ മുളയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തിലെ അധോലോകനായകനെ കെട്ടിപ്പിടിച്ചുനില്ക്കുന്നതായിരുന്നു ആ ചിത്രം. 'ടു അക്ഷയ് വിത്ത് ലവ് ഫ്രം ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്.' (ചൂത്: എന്‍.എസ് മാധവന്)
- ഇതല്ലാതെ മറ്റെന്താണ് മാജിക്കല്‍ റിയലിസം!
Content Highlights: Alvaro Santana-Acua - Ascent to Glory Malayalam Book Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..