ഫോട്ടോ: മാതൃഭൂമി
വിഷ്ണുമായ എം.കെ. എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പെണ്ണില' എന്ന നോവലിന് അഖില്‍ കെ. എഴുതിയ അവതാരിക വായിക്കാം.
പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതാനുള്ള അവസരങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിക്കുകയാണു പതിവ്. എന്റെ പുസ്തകത്തിന് ഞാന്‍ ഒരാളെക്കൊണ്ട് അവതാരിക എഴുതിക്കുകയാണെങ്കില് തീര്‍ച്ചയായും അത് എന്നെക്കാള്‍ ഉയരത്തിലുള്ള ഒരു എഴുത്തുകാരിയേയോ എഴുത്തുകാരനെയോകൊണ്ടായിരിക്കും. അങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് മറ്റൊരാളുടെ പുസ്തകത്തിന് അവതാരിക എഴുതാനാകില്ല, ഞാന്‍ ആരുടെയെങ്കിലും മുകളില്‍ സ്ഥാനമുള്ള ഒരു എഴുത്തുകാരനല്ല. പക്ഷേ, വിഷ്ണുമായയുടെ 'പെണ്ണില' എന്ന നോവല്‍ തുറന്നു നോക്കിയപ്പോള്‍ത്തന്നെ കണ്ണിലുടക്കിയത് ഈ വരികളാണ്:
'ഇതു ന്യായമാണോ..?' ദൈവം അതു കേട്ടതായിപ്പോലും ഭാവിച്ചില്ല. ദൈവം തന്റെ നാക്കിന് നാമ്പുറപ്പിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. സംസാരിക്കാമെന്നായപ്പോള്ത്തന്നെ പുറത്തേക്കു വന്നത്, അദ്ദേഹത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഒരു ചോദ്യമായിട്ടുപോലും എനിക്ക് ജാള്യതയൊന്നും തോന്നിയില്ല. പാതിയില്‍ നിര്‍മ്മിക്കപ്പെട്ട നാലു മാംസപിണ്ഡങ്ങളും മൗനമായി എന്റെ ചോദ്യത്തിനൊപ്പം ചേര്‍ന്നു. ഞാന്‍ അദ്ഭുതത്തോടെ അവരുടെ തുടയിടുക്കുകളിലേക്കു നോക്കിയപ്പോള്‍ നാലു പെണ്ണിലകള് കണ്ടു. അവ രക്തമൊഴുകാന് പാകത്തിന് പരുവപ്പെടുത്തിക്കഴിഞ്ഞിരുന്നു.'
അതിനുശേഷം ഈ പുസ്തകം മുഴുവന്‍ ഒറ്റവീര്‍പ്പില്‍ വായിച്ചുതീര്‍ത്തു... പിന്നെ ഇതിനെക്കുറിച്ച് എഴുതാതിരിക്കാനാകില്ല എന്ന അവസ്ഥയായി.
റോഡ് റോളര്‍കൊണ്ട് ചുരമിറങ്ങുന്ന പപ്പുവിന്റെ കഥാപാത്രം പോലെ എലിമീശവണ്ണത്തില് സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ വെട്ടിച്ചാല്‍ കുഴിയില്‍ വീഴുന്ന വിചിത്രജീവികളായാണ് നാം സ്ത്രീകളെ കരുതുന്നത്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, നോവലിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പെണ്ണിലകള് പൂത്തുതുടങ്ങുമ്പോള്‍ തകരപോലെ മുളച്ചുപൊന്തുന്ന ഭയം അവളെ പൊതിയുന്നു. സമൂഹം കൊമ്പനെ മെരുക്കുന്ന തോട്ടിവടിപോലെ, സ്ത്രീകളെ ഭയംകൊണ്ട് കുടുക്കിപ്പിടിച്ച് വളര്‍ത്തുന്നു. ലേബര്‍റൂമില്‍നിന്നു ടൗവലില്‍ പൊതിഞ്ഞ് വാങ്ങുമ്പോള്ത്തൊട്ട് ജരാനരകള്‍ തിന്ന് വൃദ്ധയായി മരിക്കുംവരെ സ്ത്രീ വേട്ടയാടപ്പെടുകയാണെന്ന വസ്തുതയില്‍നിന്നാണ് 'ഗര്‍ഭപാത്രം ഒരു ശവപ്പെട്ടിയാണെന്ന്' വിഷ്ണുമായ എഴുതിവെക്കുന്നത്. 'നീ കണ്ട മൊലയും തൊടയുമൊന്നുമല്ല ഞാന്‍...' എന്ന് മറുപടി പറയുന്ന കഥാപാത്രങ്ങള്‍ ലാസര്‍ ഷൈന്റെ കഥകളിലുണ്ട്. പക്ഷേ, ലൈംഗികപീഡനത്തിനിരയാകവേ അറിയാതെ രതിമൂര്‍ച്ഛയുണ്ടായി, ആ ഓര്‍മ്മകളുടെ പ്രഹരശേഷിയില്‍ സ്വയം നീറി ജീവിക്കുന്ന ചിലരെ കേട്ടിരുന്ന അനുഭവത്തെയാണ്, വിഷ്ണുമായയുടെ കഥാപാത്രങ്ങള്‍ ഓര്‍മ്മയിലേക്കു കൊണ്ടുവന്നത്. അഞ്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അതില്‍ രണ്ടുപേരുടെ ജീവിതങ്ങള്‍ക്ക് നന്മയും, ജീവിതത്തിന്റെ അപ്രവചനീയതയുടെ സൗന്ദര്യവും നല്കുന്ന പതിവുശൈലിയിലല്ല വിഷ്ണുമായയുടെ എഴുത്തിന്റെ സഞ്ചാരം. ലൈംഗികമായി ഭര്‍ത്താവിനാല്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ കൈയിലെ പൊട്ടിയുതിരുന്ന വളകളിലേക്ക് ശ്രദ്ധതിരിക്കുന്ന തുര്വിയുടെ തന്നെ പല മാതൃകകളില്‍ നിരന്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ച് പുരുഷന് എന്ന വാക്കിന് അടിവരയിടുകയാണ് വിഷ്ണുമായ ഈ നോവലിലൂടെ ചെയ്യുന്നത്.
നോവലിലെ കേന്ദ്രകഥാപാത്രത്തിന് വിഷ്ണുമായ നല്കുന്ന പേര് ജാനകി എന്നാണ്. ജാനകി എന്നാല്‍ സീത. ഇതിഹാസത്തിലെ സീതയ്ക്ക് നോവലിലെ ജാനകിയുടെ ജീവിതത്തോട് ആകത്തുകയില്‍ കാണുന്ന സാമ്യം കേവലം യാദൃശ്ചികമല്ല. ചരിത്രത്തിലെന്നപോലെ നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാംതന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു ദുരന്തകഥയാണ്. ജാനകി, ഗാന്ധാരി, കുന്തി, ശകുന്തള, അംബ, മണ്ഡോദരി, ഊര്‍മ്മിള, ശബരി, കൈകേയി, അഹല്യ, സുകന്യ, ദ്രൗപദി, ശൂര്‍പ്പണഖ... അവസാനിക്കാത്ത പേരുകള്‍. എല്ലാം തന്നെ പുരുഷാധിപത്യത്തിന്റെ കനത്ത കാല്വെപ്പുകള്കൊണ്ട് ചതഞ്ഞരഞ്ഞുപോയ പേരുകള്‍...
ഭൂമിയില്‍ ഒരു കപടതയും അറിയാത്തവരായി കുഞ്ഞുങ്ങള്‍ മാത്രമേ ഉള്ളൂ, ലോകാരംഭത്തിലെപ്പോലെ നിഷ്കളങ്കര്‍. ഒരു ചിരിയോ ചോക്ലേറ്റോ വിരല്‍ത്തുമ്പോ കൊടുത്താല്‍ അവരെ നമുക്കേതു നരകത്തിലേക്കും കൊണ്ടുചെല്ലാം. പൊതുസമൂഹത്തില്‍ സ്ത്രീകളുടെ 'താമസ'ഭാവം പാടിപ്പുകഴ്ത്തുന്ന, ഒത്തുകിട്ടിയാല്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കു മുന്നില്‍പ്പോലും ഉടുതുണി ഉരിയുന്ന പുരുഷന് ഒരു വലിയ പ്രഹേളികയൊന്നുമല്ല. സ്ത്രീ ഒരാളെ കൊല്ലുന്നുവെങ്കില്‍ അത് എന്തെങ്കിലുമൊരു കാരണത്തിന്റെ പേരിലായിരിക്കും. അധികം വേദനിപ്പിക്കാതെ വിഷം, ശ്വാസംമുട്ടിക്കല് പോലുള്ള മാര്‍ഗ്ഗങ്ങളിലാണ് സ്ത്രീകള്‍ ഇരകളെ വകവരുത്തുക. എന്നാല്‍ പുരുഷന്മാര് ക്രൂരമായി വേദനിപ്പിച്ച് സ്ത്രീകളെ കൊല്ലുകയും, കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നത് മിക്കപ്പോഴും വേട്ടയാടലിന്റെ ലഹരി അനുഭവിക്കാനാണ്.
സ്ത്രീകള്‍ പരിചയമുള്ളവരെ ഇരകളായി തിരഞ്ഞെടുക്കുമ്പോള്‍, അപരിചിതരെ ഇരയായി കണ്ട് വേട്ടയാടാന്‍ പുരുഷനാകും. തുര്വിക്കുശേഷം ദൈവം നിര്‍മ്മിക്കുന്ന അടുത്ത മാംസപിണ്ഡമായ ഛായയിലൂടെ എഴുത്തുകാരി പറഞ്ഞുവെക്കുന്ന പുരുഷന്റെ മാത്രം കുത്തകയായ ഈ ക്രൂരമനോഭാവം ഒരു വസ്തുതയാണെന്ന് എവല്യൂഷനറി സൈക്കോളജിസ്റ്റായ മാരിസ ഹാരിസണ്‍ 1821 മുതല്‍ 2008 വരെ ആക്റ്റീവായിരുന്ന അറുപത്തിനാലു പരമ്പരകൊലപാതകികളായ സ്ത്രീകളുടെ ജീവിതം വിശദമായി പഠിച്ച, തന്റെ ദീര്‍ഘമായ റിപ്പോര്‍ട്ടുകൊണ്ട് അടിവരയിടുന്നു. സ്ത്രീകള്‍ പുരുഷനെപ്പോലെ ക്രൂരമായി ഇരകളെ കൊല്ലുന്നില്ല. പുരുഷന്റെ ലൈംഗികമായ ഹിംസയോടുള്ള ഈ 'തുറവിയില്‍' വിഷ്ണുമായയുടെ കഥാപാത്രങ്ങളെല്ലാം ഒരു താക്കീതുപോലെ എരിഞ്ഞടങ്ങുന്നു. ആണോ പെണ്ണോ എന്നറിയാത്ത ദൈവംപോലും ഈ വേദന അനുഭവിക്കുന്നു. നോവലിസ്റ്റിന്റെ ഭാഷ്യം സ്ത്രീകള്‍ ഭൂമിയില്‍ ജനിക്കരുത് എന്നാണെങ്കിലും പുരുഷന് ഭൂമിയില്‍ ഇല്ലാതെയായെങ്കില്‍ എന്ന് വായനക്കാരനെന്ന നിലയില്‍ ആഗ്രഹിച്ചുപോകുന്നു. കല്‍പ്പറ്റ നാരായണന്റെ 'സമയപ്രഭു' എന്ന കവിത ഓര്‍മ്മയിലേക്കെത്തുന്നു. അമ്മയെലി എലിക്കുഞ്ഞിന് പൂച്ചയെ പരിചയപ്പെടുത്തുകയാണ്.

ക്ഷമാമൂര്‍ത്തിയാണ്,
മുഴുമിക്കാന്‍ നാലും അഞ്ചും മണിക്കൂറെടുക്കും.
ദയാവാരിധിയാണ്,
പലതവണ നമുക്ക് ജീവിതം തിരിച്ചുതരും
സഹൃദയനാണ്,
വാലിന്റെ അവസാനത്തെ വളഞ്ഞുനിവരല് വരെ ആസ്വദിക്കും
ഒരു തിരക്കുമില്ല
സമയത്തിന്റെ പ്രഭുവാണ്...
വിഷ്ണുമായയുടെ ഓരോ വാക്കും ദിവ്യാസ്ത്രങ്ങള്പോലെയാണ്. തൊടുത്തയച്ചാല്‍ അത് വായനക്കാരെ ഛിന്നഭിന്നമാക്കി കൃത്യമായി എഴുത്തുകാരിയുടെ ആവനാഴിയില്‍ തിരികെയെത്തുന്നു. അതിന്റെ മൂര്‍ച്ചയില്‍ വായനക്കാരെപ്പോലെ എഴുത്തുകാരിക്കും മുറിവേല്ക്കുന്നു. എഴുത്തിലെ ഈ മൂര്‍ച്ച എന്നും ഉള്ളിലുണ്ടാകട്ടെ എന്ന ആശംസകളോടെ ഈ നോവല്‍ വിശദമായ വായനയ്ക്കായി സമര്‍പ്പിക്കുന്നു...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..