'ആംചൊ ബസ്തര്‍'; കാഴ്ചകളും അത്ഭുതങ്ങളും തീരാത്തൊരാവനാഴി


ഡോ. സ്വപ്ന.സി. കോമ്പാത്ത്

തികച്ചും അപരിചിതമായ ഭൂപ്രദേശങ്ങളില്‍, അതും അനിശ്ചിതവും അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതുമായ നിഗൂഢ സ്ഥലങ്ങളില്‍ അപരിചിതര്‍ക്കൊപ്പം സഞ്ചരിച്ച്, തികച്ചും അപരിചിതരായവര്‍ക്കൊപ്പം ജീവിച്ച് കണ്ടും അനുഭവിച്ചും അറിഞ്ഞതിനെ ചേര്‍ത്തുവയ്ക്കുന്ന ഒരു യാത്രാവിവരണം. 

ബസ്തറിലെ മാർക്കറ്റ് | ഫോട്ടോ: കെ. സഹദേവൻ

ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നന്ദിനി മേനോന്‍ നടത്തിയ യാത്രകളുടെ വിവരണമാണ് 'ആംചൊ ബസ്തര്‍' എന്ന പുസ്തകം. ഈ യാത്രാവിവരണപുസ്തകത്തെക്കുറിച്ച് ഡോ. സ്വപ്ന.സി. കോമ്പാത്ത് എഴുതിയ കുറിപ്പ് വായിക്കാം...

സ്തറിനെക്കുറിച്ച് നമ്മളൊരുപാട് കേട്ടിട്ടുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളടങ്ങിയ വലിയൊരു പ്രദേശം. വിസ്തീര്‍ണ്ണത്തില്‍ കേരളത്തേക്കാള്‍ വലിയ ഒരു സ്ഥലം. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ 'റെഡ് കോറിഡോർ' എന്നറിയപ്പെടുന്ന ബസ്തര്‍, ഗോണ്ടി ഭാഷയില്‍ അബ്ജുമാര്‍ എന്നറിയപ്പെടുന്ന അറിയാമലകളുടെ നാട്.

കണ്ടതും കേട്ടതുമായ ബസ്തര്‍ വിശേഷങ്ങളില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് നന്ദിനി മേനോന്‍ എഴുതിയ പുസ്തകം. 'ആംചോ ബസ്തര്‍ വെറുമൊരു യാത്രാവിവരണമല്ല എന്ന് പരിചയപ്പെടുത്താന്‍ രണ്ടാമതൊന്നാലോചിക്കാത്ത വിധം ഹൃദയത്തില്‍ ചേക്കേറുന്ന 342 പേജുകള്‍. തികച്ചും അപരിചിതമായ ഭൂപ്രദേശങ്ങളില്‍, അതും അനിശ്ചിതവും അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതുമായ നിഗൂഢ സ്ഥലങ്ങളില്‍ അപരിചിതര്‍ക്കൊപ്പം സഞ്ചരിച്ച്, തികച്ചും അപരിചിതരായവര്‍ക്കൊപ്പം ജീവിച്ച് കണ്ടും അനുഭവിച്ചും അറിഞ്ഞതിനെ ചേര്‍ത്തുവയ്ക്കുന്ന ഒരു യാത്രാവിവരണം.

ഒരു വനയാത്രികന്‍ എങ്ങനെയായിരിക്കണം കാടിനെ കരുതേണ്ടതെന്നുള്ള, കാട്ടിലെ ജീവിതത്തെ അറിയേണ്ടതെന്നുള്ള സ്വന്തം കാഴ്ചപ്പാടാണ് 'കാടുകേറും മുന്നേ' എന്ന മുഖവുരയിലൂടെ എഴുത്തുകാരി അവതരിപ്പിക്കുന്നത്. നമ്മള്‍ ഇന്നുവരെ നടത്തിയ യാത്രകളെക്കുറിച്ച് പുനരാലോചന നടത്താനും അത് പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

'കാട്ടുവഴികളില്‍ അപരിചിത ചലനങ്ങളുണ്ടാക്കാതെ, കാറ്റില്‍ കടുത്ത ഗന്ധങ്ങള്‍ കലര്‍ത്താതെ, വാക്കും നോക്കും ഇടവിലങ്ങി നില്‍ക്കാതെ ഊണിലും ഉടുപ്പിലും ഇടം തിരിഞ്ഞിരിക്കാതെ കാട് കയറി ഇറങ്ങിപ്പോരിക..'എന്ന കാവ്യാത്മകമായ നിര്‍ദ്ദേശത്തെ ഇനി കാടുകയറുന്ന ഒരാള്‍ക്ക് തള്ളിക്കളയാനാവില്ല. താന്‍ വന്നതും നിന്നതും പോയതും കാടിനൊരു ബാധ്യതയാവാതെ അടയാളങ്ങള്‍ ബാക്കി വയ്ക്കാതെ, നടന്ന വഴികള്‍ മായ്ച്ചു കളഞ്ഞ് തിരികെപ്പോരുക എന്ന തിരിച്ചറിവിനെ മറുത്ത് ഇനി കാടുകയറാനാവില്ല.

പുസ്തകത്തിന്റെ കവര്‍

എണ്ണിയാല്‍ ഒടുങ്ങാത്ത ജീവനുകളുടെ ആവാസഭൂമിയാണ് എന്ന തിരിച്ചറിവാണ് നമുക്ക് കാടിനെക്കുറിച്ച് ഉണ്ടാകേണ്ടത് എന്ന് കൃത്യമായും വ്യക്തമായും നന്ദിനി മേനോന്‍ ബോധ്യപ്പെടുത്തുന്നു. 'ബസ്തര്‍: അറിയാമലകളുടെ നാടിന് ഒരാമുഖം', 'നൂനിലെ...അലെ കോക്കോലെ', 'ജല്‍ ജംഗല്‍ ജമീല്‍', 'ആംചൊ ബസ്തര്‍', 'ധൂക്കാ കാ കാം ഫൂക്കാ', 'ദ പ്രിന്‍സ് ലി സ്റ്റേറ്റ് ഓഫ് ബസ്തര്‍', 'ഉന്‍ ലോഗ്', 'പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് കമാന്‍ഡറിനൊപ്പം രണ്ടരമണിക്കൂര്‍', 'സഹനത്തിന്റെ പുസ്തകം: സ്ഥൈര്യത്തിന്റെയും' എന്നീ അധ്യായങ്ങളിലൂടെ ബസ്തറിന്റെ തനിമയും നിഗൂഢസൗന്ദര്യവും അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

'നൂനിലെ.... കോക്കോലെ' പാടിക്കൊണ്ട് ചോന്നുതുടുത്തു ചിരിച്ച നന്ദാറാം മണ്ടാവിയിലൂടെയാണ് ഈ യാത്രാവിവരണം ആരംഭിക്കുന്നത്. ബസ്തറിലെ ചോള പാടങ്ങള്‍ക്ക് നടുവിലുള്ള വലിപ്പമുള്ള പ്ലാവിന്‍കൂട്ടങ്ങളും തുന്നലഴിഞ്ഞ കുടശീല പോലുള്ള വവ്വാലുകളും മാമ്പൂക്കാലവും കമേലി ദുഗേലീ എന്ന ഗ്രാമവും പെണ്‍ പണവും ഗോട്ടുലെന്ന വിശേഷ സാംസ്‌കാരികകേന്ദ്രവും മഹുവ എന്ന കല്പവൃക്ഷവും മുട്ട പൊട്ടിയത് പോലെ തുള്ളിയൊഴുകുന്ന മഴത്തുള്ളികളുമായി കാഴ്ചയുടെ വലിയൊരു വിസ്മയമൊരുക്കുന്നതാണ് ആദ്യത്തെ അധ്യായം.

'ഞങ്ങള്‍ക്ക് സമുദായമില്ല സമൂഹമില്ല ഗോത്രജരാണ് ഞങ്ങള്‍' എന്നാരംഭിക്കുന്ന 'ജല്‍ ജംഗല്‍ ജമീന്‍' എന്ന അധ്യായം തനതുഗോത്ര സവിശേഷതകളെക്കുറിച്ചുള്ളതാണ്. ഷമന്റെ മന്ത്രരാത്രി പോലെ ഭീതി ഉണര്‍ത്തുന്ന അനുഭവങ്ങളും ഗോത്രങ്ങളുടെ ദൈവ സങ്കല്‍പ്പവും മതപരിവര്‍ത്തനത്തിന്റെ മേലങ്കികള്‍ അണിഞ്ഞുവരുന്ന ചൂഷകര്‍ അവരുടെ തനിമകളെ ഇല്ലാതാക്കുന്നതും നൃത്തം ഗോത്രജനതയുടെ ഒരു ഭാഷയായി മാറുന്നതും, അവരുടെ മരണാനന്തര ജീവിതത്തിന്റെ നിറമുള്ള കാഴ്ചകളുമാണ് ഈ അധ്യായത്തിലെ പ്രധാന ചേരുവകള്‍.

'ആംചൊ ബസ്തര്‍' എന്നെ മൂന്നാം അധ്യായം പ്രതീക്ഷയുള്ള യുവതലമുറയുടേതാണ്. തങ്ങള്‍ക്ക് സമുദായമില്ല, സമൂഹമില്ല, ഗോത്രജരാണ് ഞങ്ങള്‍ എന്നാരംഭിക്കുന്ന 'ജല്‍ ജംഗല്‍ ജമീന്‍' എന്ന അധ്യായം തനതുഗോത്ര സവിശേഷതകളെക്കുറിച്ചുള്ളതാണ്. ഷമന്റെ മന്ത്രരാത്രി പോലെ ഭീതി ഉണര്‍ത്തുന്ന അനുഭവങ്ങളും, ഗോത്രങ്ങളുടെ ദൈവസങ്കല്‍പ്പവും മതപരിവര്‍ത്തനത്തിന്റെ മേലങ്കികള്‍ അണിഞ്ഞുവരുന്ന ചൂഷകര്‍ അവരുടെ തനിമകളെ ഇല്ലാതാക്കുന്നതും നൃത്തം ഗോത്രജനതയുടെ ഒരു ഭാഷയായി മാറുന്നതും, അവരുടെ മരണാനന്തര ജീവിതത്തിന്റെ നിറമുള്ള കാഴ്ചകളും ഇവിടെ കാണാം.

നമ്മുടെ ബസ്തര്‍ എന്നര്‍ത്ഥം വരുന്ന ആംചൊ ബസ്തര്‍ പദ്ധതിയുടെ ഭാഗമായ കൗമാരക്കാരാണ് ഭാവിയുടെ പ്രതീക്ഷ. 'ചാപട് കാ ചട്‌നി' എന്ന പുളിയുറുമ്പ് ചട്‌നിയുടെ ഔഷധഗുണവും ചിത്രകൂട് വെള്ളച്ചാട്ടവും പ്രേതങ്ങളുടെ താഴ്വരയും നരഭോജികളുടെ ഗ്രാമവും ഘനശ്യാം സിംഗ് നാഥ് എന്ന പണ്ഡിതനും ഇലക്കുമ്പിളിലെ ഭക്ഷണവും പേജും ജമാവാഡയിലെ മഴയും കാസയിലെ വെള്ളച്ചാട്ടവും ബസ്തറിന്റെ പ്രാണവായുവായ ഇന്ദ്രാവതിയും ബസ്തറിന്റെ ശുദ്ധവായു വായനക്കാരെ ശ്വസിപ്പിക്കുന്നു. ബസ്തറിലേക്ക് എത്തുന്ന യാത്രികരും അധികാരികളും അധികാരത്തെ അശ്ലീലമാക്കി മാറ്റുന്ന കാഴ്ച നമ്മുടെ കോപത്തെ ആളിക്കത്തിക്കും.

കാഴ്ചകളും അത്ഭുതങ്ങളും തീരാത്തൊരാവനാഴിപോലെ ബസ്തറിന്റെ ചെറുതുടിപ്പുകള്‍ പോലും ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതിനെ നമുക്കുമുന്നിലെ കാഴ്ചയാക്കി മാറ്റുന്ന അസാമാന്യമായ പാടവം നന്ദിനി മേനോനുണ്ട്. ബസ്തറിന്റെ ജീവിതവും ചരിത്രവും രാഷ്ട്രീയവും പ്രതിസന്ധികളും പ്രതീക്ഷയും ഈ ഒരു ചെപ്പിലടച്ച് ഭദ്രമാക്കിയതുപോലെ ഈ പുസ്തകം സൂക്ഷ്മതയോടെ ചേര്‍ത്തുപിടിക്കുന്നു.

ആദിവാസി കുടിയില്‍ നിന്നുതുടങ്ങി പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് കമാന്‍ഡറോടൊപ്പം നടത്തിയ അഭിമുഖം വരെ ബസ്തറിന്റെ നന്മയും ലഹരിയും വന്യതയും സൗന്ദര്യവും നിഗൂഢതകളുമെല്ലാം അനുഭവിപ്പിക്കുന്ന ആംചോ ബസ്തര്‍ വെറുമൊരു യാത്രാവിവരണമല്ല, നരവംശശാസ്ത്രത്തിന്റെയും സാംസ്‌കാരികപഠനത്തിന്റെയും ടെക്സ്റ്റ് ആയി പരിഗണിക്കപ്പെടേണ്ട കൃതിയാണ്. നൂറ്റമ്പതോളം ചിത്രങ്ങളും സത്യസന്ധവും വായനപ്രദവുമായ ആഖ്യാനവും സാഹസികമായ യാത്രയും എല്ലാംചേര്‍ന്ന അതീവ ഹൃദ്യമായ രചന. നമ്മുടെ പുസ്തകശേഖരത്തില്‍ നിര്‍ബന്ധമായുമുണ്ടാകേണ്ട ഒരു പുസ്തകം.

Content Highlights: Aamcho Bastar, Nandini Menon, Book review by Dr. Swapna C. Komboth

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented