സ്വര്‍ണക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കാണാപ്പുറങ്ങള്‍ പറയുന്ന 'സ്വര്‍ണ്ണവല'


എ.പി കുഞ്ഞാമു

ഞ്ഞലോഹത്തിന്റെ പളപളപ്പ് മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ. നിരവധി ചെറുപ്പക്കാര്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ കള്ളക്കടത്തിലേര്‍പ്പെട്ടു ജീവിക്കുന്നു. അവരില്‍ പലരും ഈ രംഗത്തേക്കിറങ്ങുന്നത് ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനാണ്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍, കുടുംബം പോറ്റാനാണ്.

വി. മുഹമ്മദ്, നോവൽ കവർ

വി. മുഹമ്മദ് കോയ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണവല' എന്ന നോവല്‍ വര്‍ത്തമാനകാല മലയാളിയുടെ ജീവിതാഭിനവേശങ്ങളില്‍ മഞ്ഞലോഹം സ്വാധീനിച്ചത് എങ്ങനെയെന്ന് വിലയിരുത്തുന്നു. നോവലിനെക്കുറിച്ച് എ.പി. കുഞ്ഞാമു എഴുതുന്നു.

'സ്വര്‍ണ്ണവല' എന്ന നോവലിന്റെ രചയിതാവ് വി. മുഹമ്മദ്കോയ സ്വര്‍ണ്ണവ്യാപാരിയാണ്. അദ്ദേഹം കച്ചവടം നടത്തുന്നത് കേരളത്തിലെ സ്വര്‍ണ്ണനഗരി എന്ന് അറിയപ്പെടുന്ന കൊടുവള്ളിയിലാണ്. സ്വര്‍ണ്ണയിടപാടുകളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളിലും പൊതുസംവാദങ്ങളിലുമൊക്കെ കൊടുവള്ളിക്ക് ഇടമുണ്ട്. അതായത് സ്വര്‍ണ്ണയിടപാടുകളുടെ കേന്ദ്രസ്ഥാനം എന്നു പറയപ്പെടുന്ന ഒരു ദേശത്തിന്റെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള അറിവ് ഈ നോവലിസ്റ്റിന് ഉണ്ടാവുന്നത് സ്വാഭാവികമാണ്. തനിക്ക് ഏറെ പരിചിതമായ ലോകത്തെയും അവിടെ ജീവിക്കുന്ന മനുഷ്യരെയും കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെത്തന്നെയായിരിക്കണം അദ്ദേഹം സ്വര്‍ണ്ണക്കള്ളക്കടത്ത് താനെഴുതുന്ന നോവലിന്റെ പ്രമേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. സ്വന്തം ജീവിതപരിസരങ്ങളിലേക്കു കടന്നുവരികയും വൈചിത്ര്യമാര്‍ന്ന വേഷങ്ങളാടിത്തീര്‍ത്ത് തിരിച്ചുപോകുകയും ചെയ്യുന്ന ഒരു പിടി മനുഷ്യാത്മാക്കളുടെ ജീവിതമാണ് വി. മുഹമ്മദ്കോയ സ്വര്‍ണ്ണവലയില്‍ ആവിഷ്‌കരിക്കുന്നത്. പ്രമേയസ്വീകാരത്തിലെ ഈ വ്യത്യസ്തതയാണ് സ്വര്‍ണ്ണവലയെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം.

സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട ഇതര സാമൂഹികപ്രശ്നങ്ങളും കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്നമാണ്. അതിനോട് മതത്തെയും രാഷ്ടീയത്തെയുമെല്ലാം കൂട്ടിക്കെട്ടി ഒരു ദേശത്തെയും അവിടത്തെ ജനങ്ങളെയും കരിവാരിത്തേക്കാന്‍ മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഈ ടാഗിനെക്കുറിച്ച് പറയുമ്പോഴൊന്നും സ്വര്‍ണ്ണക്കടത്തിനു ചുറ്റും ത്രസിക്കുന്ന ജീവിതത്തെയും പ്രസ്തുത ജീവിതമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാമനകളെയും വൈകാരികസംഘര്‍ഷങ്ങളെയും, അവയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മനുഷ്യാസ്തിത്വമെന്ന ദാര്‍ശനികസമസ്യയെയും കുറിച്ച് അധികം ആലോചിക്കപ്പെടാറില്ല. മഞ്ഞലോഹത്തിന്റെ പളപളപ്പ് മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ. നിരവധി ചെറുപ്പക്കാര്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ കള്ളക്കടത്തിലേര്‍പ്പെട്ടു ജീവിക്കുന്നു. അവരില്‍ പലരും ഈ രംഗത്തേക്കിറങ്ങുന്നത് ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനാണ്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍, കുടുംബം പോറ്റാനാണ്. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹികസാഹചര്യങ്ങളാണ് അവരെ ഈ തൊഴിലിലേക്ക് തള്ളിവിടുന്നത്. വ്യാപകമായ തൊഴിലില്ലായ്മയും ശരിയായ ദിശാബോധത്തോടു കൂടിയ സംരംഭകത്വത്തിന്റെ അഭാവവും അപക്വമായ ഉല്‍ക്കര്‍ഷേച്ഛയുമെല്ലാം പല തരത്തിലും പല തലത്തിലും ഈ ബിസിനസ്സിലേക്കിറങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്.

ഇത്തരം ജീവിതാവസ്ഥകളെ അഭിമുഖീകരിക്കുന്ന നോവലാണ് സ്വര്‍ണ്ണവല. സമൂഹത്തില്‍ നിലവിലുള്ളതും മറ്റാരും കൈവെക്കാത്തതുമായ ചില യാഥാര്‍ത്ഥ്യങ്ങളെ പ്രശ്നവല്‍ക്കരിക്കുന്ന രചന എന്ന നിലയില്‍ മലയാള കഥാസാഹിത്യത്തില്‍ അതിന് സവിശേഷമായ സ്ഥാനം അവകാശപ്പെടാനാവും. കള്ളപ്പൊന്ന് മുന്‍പും മലയാളകഥാസാഹിത്യത്തില്‍ പ്രമേയമായിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്' പൊന്നുകടത്തലിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവിതത്തിന്റെ ചില സവിശേഷാവസ്ഥകളിലേക്ക് കണ്ണയയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പ്രസ്തുത നോവലെഴുതുന്ന കാലത്ത് സ്വര്‍ണ്ണത്തിന്റെ കള്ളക്കടത്തും ഹവാലയുമൊന്നും ഇന്നത്തെ കാലത്തെപ്പോലെ വ്യാപകവും ഒരു സാമൂഹികപ്രശ്നമെന്ന നിലയില്‍ ശ്രദ്ധാര്‍ഹവുമായിരുന്നില്ലതാനും. കോഴിക്കോടായിരുന്നു നോവലിന്റെ പ്രമേയപരിസരം. കള്ളക്കടത്തിന്റെ വിശദാംശങ്ങളിലേക്കോ അത് സാധ്യമാക്കിയ സമാന്തരസമ്പദ്വ്യവസ്ഥയിലേക്കോ അറബിപ്പൊന്ന് ആഴത്തില്‍ ഇറങ്ങിച്ചെന്നിരുന്നില്ല. സ്വര്‍ണ്ണവല പക്ഷേ, അതില്‍നിന്നും വ്യത്യസ്തമായി ഈ ബിസിനസ്സിനെ ആഴത്തിലും പരപ്പിലും അളന്നറിയുകയും അത് സൃഷ്ടിക്കുന്ന സാമൂഹികാഘാതങ്ങളെ സവിശദം പരിശോധിക്കുകയും ചെയ്യുന്നു.

അറബിപ്പൊന്നിലെ കോയയല്ല സ്വര്‍ണ്ണവലയിലെ നവാസ്, അല്ലെങ്കില്‍ കബീര്‍. അറബിപ്പൊന്നെഴുതിയ കാലത്തുനിന്ന് സ്വര്‍ണ്ണവലയുടെ കാലത്തെത്തുമ്പോഴേക്കും ലോകവും സമൂഹവും മൂല്യങ്ങളും ഒരുപാട് മാറി. അതിനാല്‍ നന്നായി ഗൃഹപാഠം ചെയ്താല്‍ മാത്രമേ ഇതുപോലെയൊരു നോവല്‍ എഴുതാന്‍ സാധിക്കുകയുള്ളൂ. ഈ ഹോംവര്‍ക്കും അതിനു വേണ്ടി ചെലവഴിച്ച അദ്ധ്വാനവുമാണ് നോവലിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. നവാസാണ് നോവലിലെ പ്രധാന കഥാപാത്രം. (അതോ ഏറെക്കുറെ തുല്യ പ്രാധാന്യമുള്ള കബീറോ?) എഴുത്തുകാരനും ആദര്‍ശശാലിയും ജനസമ്മതനുമായ അസീസ് മാസ്റ്ററുടെ മകന്‍. നവാസിനെ സ്വര്‍ണ്ണവലയില്‍ വീഴ്ത്തിയത് 'നമ്മുടെയൊക്കെ ജീവിതം എന്തു ജീവിതമാണെ'ന്ന കബീറിന്റെ ചോദ്യവും 'ഇന്നലെ ഉന്തുവണ്ടിക്കാരനായവന്‍ ഇന്ന് ഓഡി കാറില്‍ പറക്കുന്നു, ഓട്ടോറിക്ഷയോടിച്ചവന്‍ മണിമാളിക പണിയുന്നു, കാരിയറായി പോയവന്‍ എസ്റ്റേറ്റു വാങ്ങുന്നു' എന്ന അവന്റെതന്നെ ഉത്തരവുമാണ്. പിന്നീടുള്ള ഇരുവരുടെയും ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളുടെയും ആശനിരാശകളുടെയും ധര്‍മ്മസങ്കടങ്ങളുടെയും ഗതി നിര്‍ണ്ണയിക്കുന്നത് മഞ്ഞലോഹമാണ്.

അതിവിചിത്രമായ സംഭവപരമ്പരകളിലൂടെ അവരുടെ ജീവിതം സഞ്ചരിക്കുമ്പോള്‍ അപരിചിതമായ പല ലോകങ്ങളും വായനക്കാര്‍ക്കു മുമ്പില്‍ തെളിയുന്നു. സ്നേഹവും ദ്വേഷവും പകയും പ്രതികാരവും പുലര്‍ത്തുന്ന നിരവധി കഥാപാത്രങ്ങള്‍ മനസ്സില്‍ നിറയുന്നു. ഈ മനുഷ്യരുടെ ജീവിതം കടന്നുപോയ വഴികളിലെ ചിരിയും കണ്ണീരും വായനക്കാരിലേക്കും സംക്രമിക്കുന്നു. പലതും നേടുകയും അതിലേറെ നഷ്ടപ്പെടുകയും ചെയ്ത നവാസ് ഒടുവില്‍ അറിഞ്ഞുകഴിഞ്ഞ അനുഭവങ്ങളില്‍നിന്ന് അറിയാത്ത ഉണ്മയിലേക്ക് യാത്രയാകാനുള്ള ദൃഢനിശ്ചയമെടുക്കുന്നിടത്താണ് കഥാന്ത്യം; പഥേര്‍ പാഞ്ജലിയിലെ 'പൊയ്ക്കോളൂ, മുന്‍പോട്ട് പൊയ്ക്കോളൂ' എന്ന അതിജീവനമന്ത്രത്തില്‍. അതുതന്നെയാണ് നോവലിന്റെ സന്ദേശവും. അപകടകരവും അതിസാഹസികവുമായ വഴികളിലൂടെ സഞ്ചരിക്കുന്ന നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതമെന്ന നിസ്സാരതയുടെ ആഴമാണ് നവാസിന്റെ ജീവിതം, അല്ലെങ്കില്‍ സ്വര്‍ണ്ണവലയില്‍ അകപ്പെട്ട എണ്ണമറ്റ നവാസുമാരുടെ ജീവിതം പാറ്റച്ചിറകിനെക്കാള്‍ നിസ്സാരം. സ്വര്‍ണ്ണവല ഈ പരമസത്യമാണ് വായനക്കാരോടു പറയുന്നത്.

'സ്വര്‍ണ്ണവല' എന്ന പേര് തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയത്തെയും സദാചാരത്തെയും മൂല്യസങ്കല്‍പ്പങ്ങളെയും സാമൂഹ്യബോധത്തെയുമെല്ലാം അടിമുടി താളം തെറ്റിച്ചുകൊണ്ടിരിക്കുന്ന ഒരു അധോലോക ബിസിനസ്സിന്റെ എല്ലാ അര്‍ത്ഥധ്വനികളും ഉള്‍ക്കൊള്ളുന്നു. അതൊരു വലയാണ്. പ്രലോഭനീയമായ വല. ആ വലയില്‍പ്പെട്ടാല്‍ പിന്നെ രക്ഷയില്ല. സ്വര്‍ണ്ണവലയിലെ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രസ്തുത വലക്കണ്ണികളുടെ സുദൃഢത നമുക്ക് ബോധ്യപ്പെടും. ചില്ലറക്കാശിനു വേണ്ടി അപായകരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന കാരിയര്‍മാരും കമ്മീഷന്‍ കൈക്കലാക്കാന്‍ വേണ്ടി ഒറ്റു കൊടുക്കുന്നവരും അത്തരക്കാരെ റൈഫിള്‍കൊണ്ടു നേടുന്നവരും മേനിയഴകു കാട്ടി ആളുകളെ പറ്റിക്കുന്ന മാദകറാണികളും കൈക്കൂലിപ്പണ്ടാരങ്ങളായ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നേരും നെറിയും ഉയര്‍ത്തിപ്പിടിക്കുന്നവരുമൊക്കെ അടങ്ങുന്ന ഒരു ലോകമാണ് സ്വര്‍ണ്ണവലയില്‍ അനാവൃതമാവുന്നത്. അതോടൊപ്പം അതിന്റെ അരികു പറ്റി ദൈന്യതകള്‍ വെച്ചുണ്ട് ജീവിക്കുന്ന ആണും പെണ്ണുമായ നിരവധി പച്ച മനുഷ്യരും. അത്യന്തം മിഴിവോടെയും ചിലപ്പോഴൊക്കെ അതിനാടകീയമായുമാണ് അവരുടെ ജീവിതത്തെ നോവലില്‍ ആവിഷ്‌കരിക്കുന്നത്. വിശദാംശങ്ങള്‍ ചിത്രീകരിക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മതയാണ് സ്വര്‍ണ്ണവലയെ മികച്ച വായനാനുഭവമാക്കുന്ന മറ്റൊരു ഘടകം.

ആര്‍തര്‍ ഹെയ്ലിയുടെ പ്രമേയപ്രചോദിതമായ കഥാഖ്യാനരീതിയാണ് സ്വര്‍ണ്ണവല വായിക്കുമ്പോള്‍ നമ്മുടെ ഓര്‍മ്മയിലേക്കു വരിക. ഹെയ്ലിയുടെ വിഖ്യാത നോവലുകളുടെയെല്ലാം പ്രമേയങ്ങള്‍ വ്യത്യസ്ത മേഖലകളിലെ ജീവിതമാണ്. ഹോട്ടല്‍വ്യവസായം (ഹോട്ടല്‍) വ്യോമഗതാഗതം (എയര്‍പോര്‍ട്ട്) കാര്‍നിര്‍മ്മാണ വ്യവസായം (വീല്‍സ്) ഊര്‍ജ്ജപ്രതിസന്ധി (ഓവര്‍ലോഡ്) മരുന്നുകമ്പനികള്‍ (സ്ട്രോങ് മെഡിസിന്‍) പത്രവ്യവസായം (ഈവനിങ് ന്യൂസ്) തുടങ്ങിയ നോവലുകള്‍ ഉദാഹരണങ്ങള്‍. അവ ഇംഗ്ലീഷിലെ സാധാരണവായനക്കാര്‍ക്കിടയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു. ദ സെക്കന്‍ഡ് ലേഡി, ദി ആള്‍മൈറ്റി, ദ പ്രൈസ്, ദ പ്ലോട്ട് തുടങ്ങിയ നോവലുകളുടെ രചയിതാവായ ഇര്‍വിങ് വാലസും നിരന്തരമായ ഗവേഷണങ്ങള്‍ നടത്തി ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സവിശേഷപ്രമേയങ്ങള്‍ എഴുത്തിലേക്ക് കൊണ്ടുവന്ന നോവലിസ്റ്റാണ്.

നോവല്‍ വാങ്ങാം

ഈ ജനപ്രിയ നോവലിസ്റ്റുകളുടെ മാതൃകയാണ് സ്വര്‍ണ്ണവലയുടെ രചയിതാവ് ഏറെക്കുറെ പിന്തുടരുന്നത് എന്നു പറയാം (ആര്‍തര്‍ ഹെയ്ലി ഒരു നോവലെഴുതാന്‍ മൂന്നു കൊല്ലമെടുത്തിരുന്നുവത്രേ- ഒരു കൊല്ലം ഗവേഷണം, ആറു മാസം താന്‍ തയ്യാറാക്കിയ കുറിപ്പുകളുടെ പുനരവലോകനം, ഒന്നരക്കൊല്ലം എഴുത്ത്) മുഹമ്മദ്കോയയെ സംബന്ധിച്ചേടത്തോളം സ്വര്‍ണ്ണവലയുടെ പ്രമേയത്തിലേക്കുള്ള കടന്നുപോക്കിന് അത്തരം ഉപാധികളൊന്നും വേണ്ട. അദ്ദേഹത്തിനു പരിചിതമായ ജീവിതംതന്നെയാണ് പ്രമേയപശ്ചാത്തലം. മലയാളത്തില്‍ ഈ ഗണത്തില്‍ പെടുത്താവുന്ന രചനകള്‍ വേറെയും ഉണ്ടല്ലോ. കെ.എല്‍. മോഹനവര്‍മ്മയുടെ ഓഹരി, ക്രിക്കറ്റ്, ടി.ഡി. രാമകൃഷ്ണന്റെ പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങിയ നോവലുകള്‍ ഇവിടെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കും.

മലയാളത്തിലെ വായനക്കാര്‍ക്ക് പൊതുവില്‍ അപരിചിതമായ ഒരു മേഖലയിലേക്കുള്ള കിളിവാതിലാണ് സ്വര്‍ണ്ണവലയിലൂടെ നോവലിസ്റ്റ് തുറന്നിടുന്നത്. എന്നാല്‍ ഈ ലോകത്തും അദ്ദേഹത്തിന്റെ കണ്ണു ചെല്ലുന്നത് മനുഷ്യജീവിതത്തിലെ ധര്‍മ്മസങ്കടങ്ങളിലേക്കും അസ്തിത്വത്തിന്റെ നിസ്സാരതയിലേക്കുമാണ്. ഈ നോവല്‍ വായനക്കാര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുമ്പോള്‍ എനിക്കുള്ള സന്തോഷവും അതുതന്നെ.

Content Highlights: V.Muhammed, A.P Kunjamu, Swarnavala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


ആനന്ദ്‌

1 min

കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന്‌ യുവാക്കൾ തിരയിൽപ്പെട്ട് മരിച്ചു;ഒരാളുടെ നില ഗുരുതരം

Jun 26, 2022

Most Commented