'ആരും കാണിച്ചുതരാത്തത് കാണിച്ചുതരുമ്പോഴാണ് അയാള്‍ യാത്രയെഴുത്തുകാരനാവുന്നത്.'


എ.പി. കുഞ്ഞാമു

അമേരിക്കന്‍ സംസ്‌കാരത്തിന്റെ പലതരം വൈചിത്ര്യങ്ങളിലേക്കും ഗ്രന്ഥകര്‍ത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്നു. യന്ത്രനാഗരികതയുടെ ആത്മീയ ശൂന്യതയില്‍നിന്നു പിറവിയെടുത്ത ക്വേയ്ക്കര്‍ പ്രസ്ഥാനത്തിന്റെ ജീവിതവിശേഷങ്ങള്‍ ചികഞ്ഞെടുക്കുന്നു.

ഫോട്ടോ: മധുരാജ്‌

എ.പി മെഹറലി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വിചിത്രമീയമേരിക്കര' എന്ന പുസ്തകത്തിന് എ.പി കുഞ്ഞാമു എഴുതിയ അവതാരിക വായിക്കാം.

മേരിക്കയില്‍ ജോലിചെയ്യുന്ന മക്കള്‍ക്കൊപ്പം, കാടാറുമാസം നാടാറുമാസം എന്നതരത്തില്‍ കഴിഞ്ഞുകൂടുന്നത് പതിവാക്കിയ മാന്യസുഹൃത്ത് എ.പി. മെഹറലിയെ നാട്ടില്‍വെച്ച് ചിലപ്പോള്‍ കാണാറുണ്ട്, പലപ്പോഴും വിളിക്കാറുമുണ്ട്. അപ്പോഴൊക്കെ എന്റെ പതിവുചോദ്യങ്ങളിലൊന്നാണ് അമേരിക്കന്‍ ജീവിതത്തെപ്പറ്റി എഴുതുന്നില്ലേ എന്നത്. ഉണ്ടെന്നോ ഇല്ലെന്നോ വ്യാഖ്യാനിക്കാവുന്ന ചെറുപുഞ്ചിരിയിലൊതുക്കും മെഹറലി തന്റെ മറുപടി. ആകാശവാണിയില്‍ ജോലിക്കു ചേര്‍ന്നുകഴിഞ്ഞപ്പോള്‍ സ്വന്തം എഴുത്തും സര്‍ഗ്ഗാവിഷ്‌കാരവുമെല്ലാം പ്രസ്തുത സ്ഥാപനത്തിന്റെ ചുമരുകള്‍ക്കുള്ളിലൊതുങ്ങുന്ന ലോകത്തിനുമാത്രം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡ് മുന്‍നിര്‍ത്തി ആലോചിച്ചപ്പോള്‍ ആ ചിരിക്ക് ഞാന്‍ കല്‍പ്പിച്ച അര്‍ത്ഥം, ഇല്ല എന്നാണ്. മൂപ്പര്‍ അങ്ങനെയൊരു പണിക്ക് ഒരുമ്പെട്ടിറങ്ങുകയില്ല. പക്ഷേ, എന്നെ അമ്പരപ്പിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ടാണ് മെഹറലിയുടെ പുസ്തകം പുറത്തുവന്നത്. ആമിഷ് സ്ഥലികളിലൂടെ ആധുനിക യന്ത്രസംസ്‌കൃതിയെ തീര്‍ത്തും നിരാകരിക്കുന്ന ആമിഷ് ഗ്രൂപ്പ് എന്ന മെനോണൈറ്റ് ക്രിസ്തീയ സമൂഹത്തെക്കുറിച്ച് നേരത്തെ കേട്ടു മനസ്സിലാക്കിയിരുന്നു ഞാന്‍. മെഹറലിയുടെ പുസ്തകം എനിക്ക് പ്രസ്തുത സമൂഹത്തിന്റെ സംസ്‌കാരത്തെയും ജീവിതപശ്ചാത്തലത്തെയുംപറ്റി പുതിയ ഒരുപാട് അറിവുകള്‍ പകര്‍ന്നുതന്നു. അതും വസ്തുതാവിവരണങ്ങളില്‍ ഒതുങ്ങിനില്‍ക്കാത്ത, ജീവിതാനുഭവങ്ങളുടെ നിറവും മണവും രുചിയും പുലര്‍ത്തുന്ന ഹൃദ്യമായ ആഖ്യാനത്തിലൂടെ. ഒറ്റയിരിപ്പിലാണ് ഞാന്‍ ആ പുസ്തകം വായിച്ചുതീര്‍ത്തത് എന്നതു നേര്. യാത്രാനുഭവങ്ങള്‍ എത്രത്തോളം രസിച്ചു വായിക്കാം എന്നതിന്റെ മികച്ച മാതൃകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഈ വായനാനുഭവം.അന്യദേശങ്ങളിലേക്കുള്ള ഒരാളുടെ യാത്ര ശരീരംകൊണ്ടാണോ അതോ മനസ്സിന്റെ സഞ്ചാരപഥങ്ങളിലൂടെയോ? 'കൂറ ബംഗാളത്തു പോയതുപോലെ' എന്നൊരു ചൊല്ലുണ്ട്. ഏതോ ചാക്കിനുള്ളില്‍പ്പെട്ട് കൂറ ബംഗാളിലെത്തി. ചാക്കിന്റെ സഞ്ചാരത്തിനൊപ്പം എവിടെയൊക്കെയോ ചുറ്റിക്കറങ്ങി നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പല യാത്രാവിവരണങ്ങള്‍ വായിക്കുമ്പോഴും ഈ കൂറയെ ഓര്‍മ്മവരും. ട്രാവല്‍ ഗൈഡുകള്‍ വായിക്കുകയോ ഗൂഗിള്‍ സെര്‍ച്ച് നടത്തുകയോ ചെയ്താല്‍ കിട്ടുന്ന ഡാറ്റക്കപ്പുറത്തേക്ക് യാതൊന്നും കിട്ടാതെതന്നെ വായന അവസാനിപ്പിക്കേണ്ടിവരും. ചെന്നെത്തിയ നാട്ടിലെ ജീവിതവും നാടിന്റെ ചരിത്രവും സാംസ്‌കാരിക സവിശേഷതകളും പിടിച്ചെടുക്കാന്‍മാത്രം സവിശേഷമായ ആന്റിനകള്‍ ഇല്ലാത്തവരാണ് പല എഴുത്തുകാരും. അതിനാല്‍ യാത്രാവിവരണങ്ങള്‍ ട്രാവല്‍ ഗൈഡുകളുടെ എക്സ്റ്റെന്‍ഷന്‍ മാത്രമായി പരിമിതപ്പെടുന്നു. പ്രശസ്തരായ എഴുത്തുകാര്‍പോലും ഇത്തരം പരിമിതികളില്‍പ്പെട്ട് പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. അതോര്‍ക്കുമ്പോഴാണ് എ.പി. മെഹറലിയുടെ വിചിത്രമീയമേരിക്കര എന്ന കൃതി വ്യത്യസ്തമാവുന്നത്. പേരിലെ അമേരിക്കര എന്ന വാക്കില്‍നിന്നു തുടങ്ങുന്നു ഈ വ്യത്യസ്തത. പുസ്തകം അവസാനിക്കുന്നത് 'വരും, വരാതിരിക്കില്ല' എന്ന മലയാളികള്‍ മനസ്സില്‍ താലോലിക്കുന്ന, എം.ടി. വാസുദേവന്‍ നായരുടെ വികാരാര്‍ദ്രമായ പ്രയോഗത്തില്‍. പുസ്തകത്തിന്റെ ടോണ്‍ നിര്‍ണ്ണയിക്കപ്പെടുന്നത് എപ്രകാരമാണെന്നുള്ളതിന് ശീര്‍ഷകവും തുടക്കവും (സ്വാഗതം, ചരിത്രത്തിന്റെ ഹൃദയഭൂമിയിലേക്ക്) ഒടുക്കവും (വരും, വരാതിരിക്കില്ല) അടയാളപ്പെടുത്തിയ വാക്കുകളുംതന്നെ മതിയായ സാക്ഷ്യപത്രങ്ങള്‍.

ഗ്രന്ഥകാരന്‍ തന്റെ അനുഭവക്കുറിപ്പുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഹ്രസ്വമായ ഒരാമുഖമെഴുതിയിട്ടുണ്ട്-ഇതും അമേരിക്കയോ എന്നു ചോദിച്ചുകൊണ്ട്. അതെ, ഇതും അമേരിക്കതന്നെ, തന്റെ ധാരണകള്‍ കീഴ്മേല്‍ മറിയുന്നു എന്ന് എഴുത്തുകാരന്‍. അദ്ദേഹം വരച്ചുകാട്ടുന്നത് പരിചിതമല്ലാത്തതും വിചിത്രവുമായ ഒരു ഭൂഖണ്ഡമാണ്. ഈ ഭൂഖണ്ഡത്തിലെ വിശേഷങ്ങള്‍ നാം കണ്ടും കേട്ടും പരിചയിച്ച അമേരിക്കയിലേതില്‍നിന്നു വേറിട്ടുനില്‍ക്കുന്നവയാണ്. ലോകത്തിന്റെ പഞ്ചസാരക്കിണ്ണമായ ക്യൂബയുടെ തലസ്ഥാനമാണ് ഹവാന. അമേരിക്കയിലുമുണ്ട് ഒരു ഹവാന. ഫ്ളോറിഡ സംസ്ഥാനത്തിലെ ലിറ്റില്‍ ഹവാന. അവിടെ ക്യൂബയില്‍നിന്നുള്ള കുടിയേറ്റക്കാര്‍ എപ്രകാരമാണ് ലാറ്റിന്‍ അമേരിക്കയേയും അവിടെ നിലനിന്നുപോന്ന സംസ്‌കാരത്തേയും സ്പാനിഷ് ഭാഷയേയുമൊക്കെ പുനഃസൃഷ്ടിച്ചുകൊണ്ട് നമ്മുടെ സങ്കല്‍പ്പത്തിലെ അമേരിക്കയ്ക്ക് സമാന്തരമായ, വിചിത്രമായ മറ്റൊരമേരിക്കര നിര്‍മ്മിക്കുന്നത് എന്നതിലേക്കാണ് ഗ്രന്ഥകാരന്റെ നോട്ടം. വെളുവെളുത്ത പൈന്‍മരനിരകളുടേയും കടല്‍പോലെ കിടക്കുന്ന തടാകങ്ങളുടെയും നാടാണ് ഡിയര്‍ബോണ്‍. അവിടെ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നത് അറബിക്കഥയിലെ ഒരു മായികനഗരത്തിലുണ്ടാകാവുന്ന വിശേഷങ്ങളാണ്. ശബ്ദിക്കുന്ന മിനാരങ്ങളുടെ ഈ നഗരത്തില്‍ ഇസ്ലാമികജീവിതത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞുനില്‍ക്കുന്നു. അറബിസമൂഹത്തിന്റെ കുടിയേറ്റക്കരയായ ഈ പ്രദേശത്തിന് വടക്കേ അമേരിക്കയുടെ അറബിതലസ്ഥാനം എന്നാണ് വിളിപ്പേര്. ഡിട്രോയിറ്റിന്റെ ഉപനഗരമായ ഡിയര്‍ബോണില്‍ പലസ്തീന്‍, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍നിന്നു വന്നവര്‍ ജനസംഖ്യയുടെ മുപ്പതു ശതമാനത്തിലധികമാണ്. സാമാന്യമായി നാം കാണാത്ത അമേരിക്കയാണിത്. അവിടെ ഗ്രന്ഥകാരന്‍ മറ്റൊരു വിശേഷംകൂടി നമുക്കു കാണിച്ചുതരുന്നു. കെ.എം.ജി. എന്ന കേരള മാപ്പിള ഗ്രൂപ്പിലെ മലയാളി പ്രവാസി കുടുംബങ്ങള്‍ ഡിയര്‍ബോണ്‍ ഫോര്‍ഡ് പാര്‍ക്കില്‍ നടത്തിയ ഒത്തുചേരലിലെ വടംവലി മത്സരങ്ങളുടെ കാഴ്ച. 'അപ്് അപ് മലപ്പുറം/ഡൗണ്‍ ഡൗണ്‍ മലപ്പുറം' എന്നീ മുദ്രാവാക്യങ്ങളുടെ ആരവങ്ങള്‍. ഏതു നാട്ടില്‍ ചെന്നാലും നാളികേരത്തിന്റെ നാട്ടിലെ നാഴിയിടങ്ങഴി മണ്ണു ചികഞ്ഞുനടക്കുന്ന മലയാളിയെയാണ് എഴുത്തുകാരന്‍ അനുസ്മരിപ്പിക്കുന്നത്. ഇതു വായിച്ചപ്പോള്‍ ഞാന്‍, എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങളില്‍ കണ്ട 'മലബാര്‍-പാകിസ്താന്‍ റെസ്റ്റോറന്റ്' ഓര്‍ത്തുപോയി. ഇന്‍ഡൊനീഷ്യയിലെ മലയാളി ഹോട്ടലില്‍ 'വെള്ളക്കളസമിട്ട കള്ളപ്പെറുക്കി'യെന്നും 'കഴുത്തില്‍ കോണം കെട്ടിയ ഹമുക്കെ'ന്നും വിളിച്ചുപറയുന്ന സപ്ലയറെ ഓര്‍ത്തുപോയി. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നുംചെന്ന് അന്യമാംദേശങ്ങളിലെത്തിയ മലയാളിസാന്നിദ്ധ്യത്തിന്റെ വിസ്മയച്ചീളുകള്‍ ഓര്‍മ്മച്ചെപ്പില്‍ നിറയ്ക്കുകയാണ് രണ്ടുപേരും. മലയാളി, മലയാളിയുടെ രക്തം തിരിച്ചറിയുകയും സ്വത്വം കണ്ടെത്തുകയും ചെയ്യുന്നു, എഴുത്തിന്റെ വഴികളിലൂടെ.

ഷിക്കാഗോവിലെത്തുമ്പോള്‍ ഗ്രന്ഥകാരന്റെ കണ്ണുകള്‍ പായുന്നത് അവിടുത്തെ ദൃശ്യവിസ്മയങ്ങളിലേക്കു മാത്രമല്ല, ഭാരതീയ ചിഹ്നങ്ങളിലേക്കുകൂടിയാണ്. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ഷിക്കാഗോ പ്രസംഗം അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഈ ഓര്‍മ്മ വായനക്കാരെ എത്തിക്കുന്നത് 'ഏകം സത്, വിപ്രാ ബഹുധാ വദന്തി' എന്ന സര്‍വ്വമത സത്യത്തിലേക്കാണ്. ജേഴ്സി സിറ്റിയിലും കാലിഫോര്‍ണിയയിലും ഉത്തരകരോലിനയിലും ഇലിനോയിലുമെല്ലാം അദ്ദേഹം 'ലിറ്റില്‍ ഇന്ത്യ'കള്‍ തിരഞ്ഞുനടക്കുന്നു. ഈ ചെറു ഇന്ത്യകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കു കടന്നുചെല്ലുന്നു. ഹൃദയഭൂമിയിലേക്കു സ്വാഗതമെന്നാണല്ലോ തുടക്കത്തിലേയുള്ള വാചകം. എ.പി. മെഹറലി സഞ്ചരിക്കുന്നത് ശരീരംകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. അപ്പോള്‍ അദ്ദേഹം തന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന കാഴ്ചകള്‍ മാത്രമേ കാണുകയുള്ളൂ. അതുകൊണ്ട്, ഈ കാഴ്ചയെ അന്ധന്‍ ആനയെ കണ്ടതുപോലെ എന്നു പറഞ്ഞ് നിങ്ങള്‍ക്കു കളിയാക്കാം. പക്ഷേ, അന്ധന്റെ കാഴ്ചയല്ലേ ശരിയായ കാഴ്ച? ആനയുടെ കാല്‍ തൂണുപോലെയാണെന്നും ചെവി മുറംപോലെയാണെന്നും പറയുമ്പോള്‍ അന്ധന്മാര്‍ തങ്ങള്‍ക്കും പരിചിതമായ ബിംബകല്‍പ്പനകളിലേക്ക് കാഴ്ചയുടെ സാരാംശത്തെ സന്നിവേശിപ്പിക്കുകയാണ്. നിങ്ങള്‍ക്കത് ആനയാവാം, ആനയുടെ കാലാവാം, ചെവിയാവാം. പക്ഷേ, സ്വന്തം ഹൃദയംകൊണ്ടു കാണുന്ന കണ്ണില്ലാത്തവന്‍, അത്തരം കാഴ്ചകളെ സ്വകീയമായ ബിംബകല്‍പ്പനകളിലേക്കു സമീകരിക്കുന്നു; ഇവിടെ എഴുത്തുകാരനും അതാണു ചെയ്യുന്നത്. ജേഴ്സി സിറ്റി അദ്ദേഹത്തിന് ഇന്ത്യയാണ്. ആനയുടെ ചെവി മുറമായതുപോലെ; കാല്‍ തൂണായതുപോലെ; ജേഴ്സി ഇന്ത്യയാവുന്നു. എഴുത്തുകാരന്റെ ഹൃദയത്തിലെ ഈ സത്യസന്ധതയെ നിങ്ങള്‍ക്കു ചോദ്യം ചെയ്യാനാവുകയില്ല. അല്ലെങ്കിലും കാണാന്‍ കണ്ണെന്തിന്? സത്യസന്ധമായ ഓരോ ഹൃദയക്കാഴ്ചയും മറ്റെല്ലാ കാഴ്ചകളേയും അപ്രസക്തമാക്കുന്ന ആത്മദര്‍ശനം തന്നെയല്ലേ? എഴുത്തിലെ ഈ സ്വകീയതയാണ് അമേരിക്കയുടെ വേറിട്ടുനില്‍ക്കുന്ന ജീവിതം പിടിച്ചെടുക്കാന്‍ ഗ്രന്ഥകാരനെ പ്രാപ്തനാക്കുന്നത്.

അമേരിക്കന്‍ സംസ്‌കാരത്തിന്റെ പലതരം വൈചിത്ര്യങ്ങളിലേക്കും ഗ്രന്ഥകര്‍ത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്നു. യന്ത്രനാഗരികതയുടെ ആത്മീയ ശൂന്യതയില്‍നിന്നു പിറവിയെടുത്ത ക്വേയ്ക്കര്‍ പ്രസ്ഥാനത്തിന്റെ ജീവിതവിശേഷങ്ങള്‍ ചികഞ്ഞെടുക്കുന്നു; ആദിമ ഗോത്രവര്‍ഗ്ഗ സംസ്‌കൃതിയുടെ തനിമ നിലനിര്‍ത്തുന്ന ചെറൂക്കി ജീവിതത്തെപ്പറ്റി പഠനം നടത്തുന്നു-ഇങ്ങനെ മുഖ്യധാരയില്‍നിന്നു നാടുകടത്തപ്പെടുകയോ സ്വയം ഇറങ്ങിപ്പോവുകയോ ചെയ്ത ബദല്‍ ജീവിതവിശേഷങ്ങളാണ് ഗ്രന്ഥകാരന്റെ ഇഷ്ടവിഷയങ്ങള്‍. കാനഡയേയും അമേരിക്കയേയും വേര്‍തിരിക്കുന്ന അംബാസഡര്‍ പാലത്തിലൂടെയുള്ള യാത്രയും ഫ്രഞ്ച് സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ഡിട്രോയിറ്റിന്റെ സാംസ്‌കാരിക വ്യത്യസ്തതയുമെല്ലാം വിവരിക്കുമ്പോള്‍ അതീവ സൂക്ഷ്മതയാണ് അദ്ദേഹം പുലര്‍ത്തുന്നത്. അമേരിക്ക കുടിയേറ്റക്കാരുടെ നാടാണ്. ഹിസ്പാനിക്കുകള്‍, അറബികള്‍, ബ്രിട്ടീഷുകാര്‍, ചൈനക്കാര്‍, പല നാടുകളില്‍നിന്നു കുടിയേറിയെത്തിയവര്‍-ഭിന്ന സംസ്‌കാരങ്ങളുടെ ഈ സംഗമഭൂമിയില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നത് അമേരിക്ക നേടിയെടുത്ത സാമ്പത്തിക മേല്‍ക്കൈയും സമൃദ്ധിയുടെ പുളപ്പുമല്ല. അവയുടെ അരികുപറ്റി ജീവിക്കുന്ന ലിറ്റില്‍ ഇന്ത്യകളേയും ചൈനാ ടൗണുകളേയും മറ്റുമാണ്. മുഖ്യധാരയില്‍നിന്നു വേറിട്ടുനില്‍ക്കുന്ന ഫ്രിഞ്ച് ഗ്രൂപ്പുകളിലേക്കു നോക്കുന്ന കണ്ണാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. എല്ലാവരും കാണുന്നതു കാണാനും കാണിക്കാനും എന്തിനാണ് പുതിയൊരു എഴുത്തുകാരന്‍? ആരും കാണിച്ചുതരാത്തത് കാണിച്ചുതരുമ്പോഴാണ് അയാള്‍ യാത്രയെഴുത്തുകാരനാവുന്നത്. നമുക്കു പരിചിതമായ അമേരിക്കയെ അല്ല, നാം കാണാത്ത അമേരിക്കരയെ ആണ് അദ്ദേഹം ചൂണ്ടിക്കാണിച്ചുതരുന്നത്; ഈ കാഴ്ചയിലാണ് എ.പി. മെഹറലി എന്ന എഴുത്തുകാരന്റെ മൗലികത കുടികൊള്ളുന്നത്, കാണാത്ത കാഴ്ചകള്‍ കാണുമ്പോള്‍, കേള്‍ക്കാത്ത കഥകള്‍ കേള്‍ക്കുമ്പോള്‍.

പുസ്തകം വാങ്ങാം

അനുഭവക്കാഴ്ചകളിലെ വ്യത്യസ്തതകള്‍പോലെത്തന്നെ ഹൃദ്യമാണ് ആഖ്യാനത്തിന്റെ സവിശേഷ സ്വഭാവവും. ഗ്രന്ഥകാരന്‍ നാടകകൃത്താണ്. അതിനാല്‍ നാടകങ്ങളില്‍ സാധാരണമായ ഉദ്വേഗം, 'അമേരിക്കര'യിലും പലേടത്തും കാണാം. അംബാസഡര്‍ പാലത്തിലെ അനധികൃത യാത്രകാരണം പിടിക്കപ്പെട്ട്, ഇന്ത്യയിലേക്കു തിരിച്ചയക്കപ്പെടുമോ എന്ന ആശങ്കയെ അഭിമുഖീകരിക്കുന്ന അനുഭവം, തികച്ചും നാടകീയമാണ്. വായനക്കാരുടെ ഉദ്വേഗം അവസാനിക്കുന്നത് ഒരു ഒ. ഹെന്റിയന്‍ ട്വിസ്റ്റിലൂടെയാണ്. അപ്പോള്‍ വായനക്കാര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നു; നാടകാന്തം കവിത്വം എന്നാണല്ലോ ചൊല്ല്. അതിനെ അര്‍ത്ഥവത്താക്കുന്നമട്ടിലാണ് ഈ പുസ്തകത്തിലെ വര്‍ണ്ണനകള്‍; 'മുകളില്‍ മഞ്ഞുമൂടിയ ആകാശപ്പരപ്പില്‍ ധൂമപാളികള്‍പോലെ ഇരുണ്ട മേഘക്കീറുകള്‍ ഇഴഞ്ഞുകൊണ്ടിരുന്നു, താഴെ ഹിമപാളികളുടെ നനുത്ത മൃദുലാവരണവുമായി ശിശിരക്കുളിരണിഞ്ഞ് വിറങ്ങലിച്ചു പ്രകൃതി, അരികെയും അകലെയും മരക്കൂട്ടങ്ങള്‍, ഇലപൊഴിഞ്ഞും വരണ്ടുണങ്ങിയും ആവരണങ്ങളഴിഞ്ഞ ശാഖകളും ശിഖരങ്ങളും' എന്നും 'തിരകള്‍ നുരയും പതയും ചാര്‍ത്തുന്ന നദീതീരത്ത് കാലൂന്നിനില്‍ക്കെ കണ്‍മുമ്പിലേക്കു കുതിച്ചൊഴുകിയെത്തുന്ന ഷിക്കാഗോ! കത്തുന്ന വികാരത്തോടെ നദിയെ തൊട്ടുതലോടി അവളുടെ ഓളക്കൈകളെ തഴുകിത്താലോലിച്ചു. ആര്‍ദ്രമായ ആ ആത്മാവില്‍നിന്നുറന്നെഴുന്ന അമൃതധാരകള്‍ ആവേശപൂര്‍വ്വം കൈക്കുമ്പിളില്‍ പകര്‍ന്നെടുത്തു,' എന്നും മറ്റും ഗ്രന്ഥകാരന്‍ യാത്രകളുടെ കഥപറഞ്ഞുപോവുമ്പോള്‍ അവ കവിതയായി മാറുന്നു. വാക്കുകള്‍ ഹൃദയത്തില്‍നിന്ന് ഒഴുകിവരുമ്പോള്‍, കവിതയാകുമല്ലോ.

വിചിത്രമീയമേരിക്കരയുടെ വായന 'മധുരമൊരനുഭൂതി'യായി മാറുന്നതിനുപിന്നിലുള്ള ഒരു ഘടകം ഭാഷയുടെ ഈ കാവ്യാത്മകതയാണ്. അമേരിക്കന്‍ ജീവിതത്തിന്റെ വൈചിത്ര്യങ്ങളും പ്രകൃതിയുടെ താളവും ചാഞ്ചാട്ടങ്ങളും അതിന്റെ ചാരുത ഒട്ടും ചോര്‍ന്നുപോകാതെ, വായനക്കാരിലേക്കെത്തിക്കുവാന്‍ ഗ്രന്ഥകാരനെ സഹായിച്ച ഒരു ഘടകം ഈ ഭാഷയാണ്. കവിതയാണോ, കഥയാണോ, അനുഭവക്കുറിപ്പാണോ എന്നു തിട്ടംപറയാനാവാത്ത ആശയക്കുരുക്കില്‍പ്പെട്ട് ഞാന്‍ വട്ടംചുറ്റിപ്പോയി എന്നതു നേര്.

അമേരിക്കയെപ്പറ്റി നമുക്കു നന്നായറിയാം. ആ നാട്ടിലെ ജീവിതവും രാഷ്ട്രീയവുമറിയാം. നമുക്കു പരിചിതമായ ഈ അമേരിക്കയുടെ പിന്നാമ്പുറത്ത് മറ്റൊരമേരിക്കയുണ്ട്. പ്രസ്തുത അമേരിക്ക(ര)യെയാണ് എ.പി. മെഹറലി വരച്ചിട്ടത്. ഈ ദൃശ്യവിസ്മയങ്ങള്‍ കണ്ട്, ഞെട്ടലിലും സന്തോഷത്തിലുമാണ് ഞാന്‍. അതോടൊപ്പം ഈ പുസ്തകം വായനക്കാര്‍ക്കു മുമ്പാകെ അവതരിപ്പിക്കാനുള്ള ചുമതല എന്നെ ഏല്‍പ്പിച്ചതിലും ഈ ഞെട്ടലും സന്തോഷവുമുണ്ട്. എന്റെ നേരെ ഒരു മുതിര്‍ന്ന സഹോദരനുള്ള സ്നേഹവാത്സല്യങ്ങള്‍ ചുരന്നതാവാം അതിനു കാരണം. അകിടുവറ്റാത്ത ഈ സ്നേഹത്തിന്റെ ധാരമുറിയാപ്രവാഹത്തിനു ഞാന്‍ നന്ദിപറയുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച യാത്രാവിവരണങ്ങളിലൊന്നിന് അവതാരികയെഴുതാന്‍ അവസരം കിട്ടിയ ഞാന്‍ എത്ര ധന്യന്‍!

Content Highlights: a.p mehrali, a p kunhamu, vichithrameeyamerikkara, mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented