Gabriel García Márquez | Photo: AP
'You wake up one day and you're old. Just like that, with no warning. It's stunning'.
(from : A Farewell to Gabo And Mercedes - A Son's memoir - by Rodrigo Garcia)
തനിക്ക് വയസ്സാകുന്നതിന്റെ ഇടവേളകളിലൊന്നില്‍ മകന്റെ (Rodrigo Garcia) ചോദ്യങ്ങള്‍ക്കുത്തരമായി ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് പറയുന്നതാണ് ഇത്. നീണ്ട ഫിക്ഷന്‍ എഴുതാനാകാത്ത ഒരു പ്രായത്തിലേക്ക് ഒരിക്കല്‍ എല്ലാ എഴുത്തുകാരുടെയും പ്രായം പ്രവേശിക്കുന്നതിനെപ്പറ്റിയും മാര്‍കേസ് മകനോട് പറയുന്നു. ഒരു നീണ്ട നോവലിലേക്ക് ഊളിയിടാനൊ സമുദ്രത്തിലെന്നോണം അതില്‍ കപ്പലോടിക്കാനോ കഴിയാത്ത വിധം ശിരസ്സ് ഉറയ്ക്കാത്ത ആ ദിവസങ്ങളെ മാര്‍കേസ് മുന്‍കൂര്‍ കാണുകയായിരുന്നു. എന്നാല്‍, പിന്നീട്, രോഗത്തിനും വാര്‍ദ്ധക്യത്തിനുമൊപ്പം വിശ്രുതമായ ആ എഴുത്തിന്റെ ലോകവും തുഴയുന്നു. മകന്‍ റോഡ്രിഗോ ഗാര്‍ഷ്യ എഴുതിയ A Farewell To Gabo And Mercedes - A Son's Memoir എന്ന ഈ പുസ്തകത്തില്‍, ഒരുപക്ഷെ നാം നേരിടുന്നത് വായനാക്കാരുടെയും അന്തിമ ജീവിതത്തിന്റെ മുന്‍കൂര്‍ ദര്‍ശനമാകും: പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയാത്ത ഒരാള്‍, തന്റെ വായനയുടെ മായികക്കാഴ്ച്ചകളില്‍ നില തെറ്റുന്നപോലെ വന്നു പെടുന്നു.
ഒരാളുടെ 'എഴുത്ത്' (witings) അയാളുടെ ആയുസ്സില്‍ത്തന്നെ വേരിറക്കുന്നതിന്റെയും പതുക്കെപ്പതുക്കെ തളരുന്നതിന്റെയും ചിത്രമെന്ന നിലയ്ക്കാണ് മാര്‍കേസ് മകനോട് പറഞ്ഞ വരികള്‍ ആദ്യം നമ്മള്‍ വായിക്കുക. എന്നാല്‍, അതിനുമപ്പുറം മനുഷ്യകാമനകളിലേക്ക് പടരുന്ന ഒരാളുടെ ഭാവനാജീവിതത്തിന്റെ അന്തിമകാണ്ഡത്തിന്റെ സാരാംശമായും നമ്മള്‍ ഇത് വായിക്കുന്നു. ഒരു വേള, നമ്മുടെയും ഉള്ളം ചിതറുന്നു.
ഏത് എഴുത്തുകാരുടെയും പുസ്തകങ്ങള്‍ എടുക്കുമ്പോള്‍, അവര്‍ ജീവിച്ചിരിക്കുമ്പോഴും, അതൊരു മരണാനന്തര ക്രിയപോലെയാണ് എനിക്ക് തോന്നാറ്. പുസ്തകങ്ങളുടെ സ്പര്‍ശം, പുറംചട്ടയിലുള്ള അവരുടെ ചിത്രം, പുസ്തകത്തെക്കുറിച്ചുള്ള വരികള്‍, ഇതെല്ലാം അങ്ങനെയൊരു പ്രേതക്കാഴ്ചയിലേക്ക് എന്നെ അടുപ്പിക്കുന്നു. അല്ലെങ്കില്‍ ഇങ്ങനെയെല്ലാം തോന്നുന്നത്, പുസ്തകങ്ങള്‍ കൃത്യമായും പാലിക്കുന്ന നിശബ്ദതയും, മരണവുമായി എഴുത്തുകാര്‍ക്കുള്ള വെറുപ്പും ഭയവും കലര്‍ന്ന സഹജീവിതവും പുസ്തകങ്ങള്‍ കൈമാറുന്നതുകൊണ്ടാവും. എന്നാല്‍, മാര്‍കേസിന്റെ വരികളില്‍ അദ്ദേഹത്തിന്റെ സാഹിത്യലോകം പരിചയിച്ചവര്‍ക്കുവേണ്ടിയുള്ള ഒരു പ്രസ്താവം കൂടിയുണ്ടെന്ന് നമ്മള്‍ കണ്ടുപിടിക്കുന്നു: അത് പ്രായമാകുന്ന എഴുത്തുകാരനോ ഇപ്പോള്‍ എഴുതാനാകാത്ത എഴുത്തുകാരനോ പ്രകടിപ്പിയ്ക്കുന്ന ഒന്നല്ല എന്നും. എപ്പോഴും അപൂര്‍ണമാകുന്ന ഒരു ഇതിവൃത്തത്തില്‍ എന്തിനെന്നറിയാതെ അകപ്പെടുന്ന 'ഭാവന'യുടെ പരിസമാപ്തിയുടെ സാമീപ്യമാണത്. മരണത്തിന് തൊട്ടു മുമ്പിലോ പിറകിലോ കനം വെയ്ക്കുന്ന തണുപ്പ് പോലെ അത് നമ്മുക്ക് അനുഭവപ്പെടുന്നു.
തന്റെ പ്രായമാകലിനെ ഒരിക്കല്‍ കൈവിട്ട യുവത്വംകൊണ്ട് മറച്ചുവെയ്ക്കാന്‍ പാടുപെടുന്ന എഴുത്തുകാരുടെ കാഴ്ച്ച നമ്മെ ദുഖിപ്പിക്കുന്നതും അതുകൊണ്ടാണ്.
ഗാര്‍ഷ്യാ മാര്‍കേസ്, പക്ഷെ, അനവധി ആയുസ്സില്‍ അനവധി ജീവിതം ജീവിക്കുന്ന ആളുകളുടെ ഒരൊറ്റ വാസസ്ഥലം പോലെ 'കഥ പറയുന്ന' എഴുത്തുകാരനായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ മരണാനന്തര ജീവിതം ജീവിച്ച ഒരാള്‍. അത്രയും വരികള്‍ അത്രയും മനസ്സോടെ അദ്ദേഹത്തിന്റെ ഏത് കഥാപാത്രവും പറയുമായിരുന്നു. ജീവിതത്തെക്കാള്‍ മരണമായിരുന്നു മാര്‍കേസിന്റെ ഇതിവൃത്തം. അനശ്വരനാകാനുള്ള ഒരാളുടെ തീവ്രമായ മോഹം മരണത്തിന്റെ നീണ്ട കാലത്തെ സാനിധ്യത്തെ വാഗ്ദാനം ചെയ്തുകൊണ്ടാണ്. അതിനാല്‍ നശ്വരമാവുന്ന എന്തിനും ആ കഥകള്‍ സ്വപ്നത്തിന്റെ ചിറകുകള്‍ നല്‍കുന്നു. പ്രണയവും സ്വേച്ഛാധിപത്യവും ഹിംസയും വ്യാധിയും എല്ലാം അങ്ങനെ ആ സ്വപ്നങ്ങള്‍ക്ക് ഇതിവൃത്തമാവുന്നു.
മാര്‍കേസിന് എണ്പതു വയസ്സായപ്പോള്‍ വീണ്ടും മകന്‍ അച്ഛനോട് ഇപ്പോള്‍ എന്തു തോന്നുന്നു എന്ന് ചോദിക്കുന്നുണ്ട്. ഏകാന്തതയുടെ അളവോ മരണത്തിന്റെ സാമീപ്യമൊ അറിയാന്‍, അല്ലെങ്കില്‍ വരാനിരിക്കുന്ന മഹത്തായ വേര്‍പാടിന്റെ ഊക്ക് പതുക്കെയാക്കാന്‍.
മകനോടുള്ള മാര്‍കേസിന്റെ മറുപടി വീണ്ടും അദ്ദേഹത്തിന്റെ തന്നെ ഒരു കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നു.
'The view from eighty is astonishing, really. And the end is near.'
'Are you afraid?'
'It makes me immensely sad.'
അല്ലെങ്കില്‍, അതുതന്നെയാണ് എഴുത്തിന്റെയും പരിസമാപ്തി എന്ന് ഓര്‍മ്മിപ്പിക്കുന്ന പോലെയാണ് ആ മറുപടി. അനന്തമായ ദുഖത്തില്‍ അത് നങ്കൂരമിടുന്നു.
പുസ്തകത്തിന്റെ അന്ത്യത്തില്‍ തന്റെ പിതാവിന്റെ ഭൗതികശരീരം ചിതയിലേക്ക് നീങ്ങുന്നതിനു ഒരേയൊരു സാക്ഷിയായി റോഡ്രിഗോ ഗാര്‍ഷ്യ നില്‍ക്കുന്ന ഒരു സന്ദര്‍ഭം ഉണ്ട്. ക്രിമേഷന്‍ ചേംബറില്‍, ഒരു നിമിഷം, നെഞ്ചില്‍ മഞ്ഞ റോസാപ്പൂക്കള്‍ വെച്ച ആ ശരീരം തങ്ങി നില്‍ക്കുന്നു. ഭൂമിയില്‍ നിന്നോ ഓര്‍മ്മയില്‍ നിന്നോ വേര്‍പെടാന്‍ ആകാതെ എന്നപോലെ. പിന്നെ ചിതയിലേക്ക് നീങ്ങുന്നു. അതിനെ മാസ്മരികവും മരവിപ്പിക്കുന്നതും എന്നാണ് റോഡ്രിഗോ എഴുതുന്നത്. പിന്നെ എന്നേയ്ക്കുമായി തന്റെ പിതാവ് അപ്രത്യക്ഷനായി എന്നും.
Content Highlight: A Farewell to Gabo and Mercedes: A Son's Memoir Malayalam Book review


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..