'2 ലിപ്‌സ്'; ആനന്ദദേശവും ദുഃഖഭൂമികയും; വേഷങ്ങള്‍ മാറിയണിയുന്ന ഉടലിന്റെ സഞ്ചാരം 


പി. കൃഷ്ണദാസ്

നോവലിന്റെ വിസ്താരമൊന്നും 2 ലിപ്‌സിനില്ല. ദൈര്‍ഘ്യം വളരെ കുറവ്. എന്നാല്‍ ഒരാളുടെ ഓര്‍മ്മയില്‍ നിഗൂഹനം ചെയ്ത കാലത്തിന്റെ ദീര്‍ഘസഞ്ചാരം മുഴുവന്‍ നോവലില്‍ കടന്നുവരുന്നുണ്ട്. 

പ്രതീകാത്മക ചിത്രം | AFP

നിതിന്‍ ബോസിന്റെ '2 ലിപ്‌സ്' എന്ന നോവലിനെക്കുറിച്ച് പി. കൃഷ്ണദാസ് എഴുതിയ കുറിപ്പ് വായിക്കാം....

The Church says: the body is a sin.
Science says: the body is a machine.
Advertising says: The body is a business.
The Body says: I am a fiesta. - Eduardo Galeano,Walking Words

ജീവിതം സാമൂഹികബന്ധങ്ങളുടെ രംഗവേദിയാണ്. മനുഷ്യന്‍ സാമൂഹികബന്ധങ്ങളുടെ സമുച്ചയവും. മനുഷ്യരുടെ ബന്ധങ്ങള്‍ അനേകം സങ്കീര്‍ണ്ണതകളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ബഹുസ്വരതയിലാണ് അതിന്റെ ജീവന്‍ തുടിക്കുന്നത്. നിര്‍വചനങ്ങളുടെ ചതുരവടിവില്‍ ഉള്‍പ്പെടുത്താനാവാത്ത, ഓരോ തവണ പിടിയിലൊതുക്കുമ്പോഴും അങ്ങന്നകന്ന് പോകുന്ന സത്തയാണ് സാമൂഹികബന്ധങ്ങള്‍ക്ക്.

ജീവിതം സങ്കീര്‍ണ്ണതകളുടെ പാതയുമാണ്. അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒന്ന് എന്ന പഴയൊരു രൂപകം തന്നെ ജീവിതത്തെ വിശദീകരിക്കാന്‍ ഉപയോഗിക്കാം. വ്യക്തിയുടെ ഇച്ഛയും സമൂഹത്തിന്റെ ഇച്ഛയും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ഈ വിടവ് അപരിഹാര്യമായി എക്കാലവും തുടരുകയും ചെയ്യുന്നു. ഈ സംഘര്‍ഷമേഖലയുടെ ആന്തരവൈരുധ്യങ്ങളിലേക്കാണ് കലാസൃഷ്ടി ഏക്കാലവും നോക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കൃതികളെക്കുറിച്ച് എഴുതുന്ന സന്ദര്‍ഭങ്ങളിലെല്ലാം കേസരി ബാലകൃഷ്ണപ്പിള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും വേഗം തമ്മിലുള്ള അന്തരത്തെപ്പറ്റി പറയുന്നുണ്ട്. ഒരാള്‍ ജീവിക്കാന്‍ ഇച്ഛിക്കുന്നത് പോലെ അയാളെ ജീവിക്കാന്‍ അനുവദിക്കാത്ത സമൂഹത്തിന്റെ വഴി '2 ലിപ്‌സ്' എന്ന നോവലിന്റെയും ഉള്‍പ്പൊരുളാണ്.

വ്യക്തിയുടെ വികാരപരമായ വികാസത്തോടൊപ്പം സമൂഹം എത്താന്‍ വൈകുമ്പോള്‍ വ്യക്തി സാമൂഹികമായി ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടലിനാല്‍ വ്യഥിതമായ മനസ്സുമായി ജീവിക്കുന്ന പ്രതാപനിലൂടെയും സഖിയിലൂടെ വളരുന്ന പ്രമേയമാണ് '2 ലിപ്‌സി'ന്റേത്. നോവലിന്റെ വിസ്താരമൊന്നും 2 ലിപ്‌സിനില്ല. ദൈര്‍ഘ്യം വളരെ കുറവ്. എന്നാല്‍ ഒരാളുടെ ഓര്‍മ്മയില്‍ നിഗൂഹനം ചെയ്ത കാലത്തിന്റെ ദീര്‍ഘസഞ്ചാരം മുഴുവന്‍ നോവലില്‍ കടന്നുവരുന്നുണ്ട്.

ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കും അവിടെ നിന്ന് മനഃശാസ്ത്രവിദ്യാര്‍ത്ഥിയുടെ മുന്നിലേക്കും അവിടെ നിന്ന് അസംഖ്യം ഓര്‍മ്മകളിലേക്കും അതില്‍ നിന്ന് ബാല്യത്തില്‍ കണ്ട അച്ഛനമ്മമാരുടെ രതിരംഗവും അതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥകളും കൂട്ടുകാരിയും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ബാല്യകാലവും ക്രമത്തില്‍ നോവലിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നു. ജീവിതം സൃഷ്ടിക്കുന്ന മാനസികമായ സ്തബ്ധതയും അനാഥത്വവും പ്രതാപനെ നിശ്ചലനാക്കുന്നു. അവിടെ നിന്ന് യാത്ര വലിയ അരക്ഷിതത്വങ്ങളിലേക്ക് നീങ്ങുന്നു. പിന്നീട് സഖിയിലേക്കും അനേകം കാമാതുരമായ ശരീരങ്ങളിലേക്കുമുള്ള പടര്‍ച്ചയായിരുന്നു. ഒരാള്‍ തന്റെ ജീവിതം പറയുന്ന രീതിയില്‍ ആത്മകഥയ്ക്ക് സമാനമായ നിലയിലാണ് ആഖ്യാനഘടന.

പുസ്തകത്തിന്റെ കവര്‍

പ്രതാപന്‍ ഒരു പുരുഷലൈംഗികത്തൊഴിലാളിയായി മാറാന്‍ ഇടയായ ജീവിതവഴികളും അയാളുടെ തുടര്‍ജീവിതവുമാണ് നോവല്‍. പുരുഷലൈംഗികത്തൊഴിലാളിയുടെ ജീവിതം പ്രമേയമാകുന്ന കൃതികളും സിനിമകളും കലാമേഖലയില്‍ നിരവധിയുണ്ടായിട്ടുണ്ട്. കാമിലെ വിഡാല്‍ നാക്വോട്ട് സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ 'Sauvage' എന്ന ഫ്രഞ്ച് ഡ്രാമ ചിത്രം പുരുഷലൈംഗികത്തൊഴിലാളിയുടെ മാനസികവ്യഥകളിലൂടെയും ജീവിതപരിസരങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്.

ജീവിക്കാനായി ശരീരത്തെ വില്പനവസ്തുവാക്കുന്ന യുവാവിന്റെ ജീവിതത്തിലൂടെ അദൃശ്യശരീരങ്ങളുടെ അനാവരണമാണ് ആ ചിത്രം. നിതിന്‍ ബോസിന്റെ നോവല്‍ ഒരു പുരുഷലൈംഗികത്തൊഴിലാളി ജീവിത്തിലേക്കുള്ള സൂക്ഷ്മമായ നോട്ടമാണ്. പ്രതാപന്‍ എന്ന വ്യക്തിയുടെ ജീവിതത്തിന്റെ ഉള്ളടരുകളിലേക്ക് ചെന്ന് വികസിക്കുന്നുണ്ട് ആഖ്യാനം. ബാല്യം മുതല്‍ അയാള്‍ അനുഭവിച്ച മാനസികവ്യഥയിലൂടെ കടന്നുചെന്ന് ക്രമമായി വളരുന്ന ആഖ്യാനശൈലിയിലാണ് നോവല്‍ സംവിധാനം ചെയ്തിട്ടുള്ളത്.

ധര്‍മമനുഷ്ഠിക്കാനുള്ള ഒരു ഉപാധി, സാധനം, ഉപകരണമാണ് ഈ ശരീരം എന്ന് സ്മൃതികളില്‍ പറയാറുണ്ട്. ശരീരം ധര്‍മ്മാനുഷ്ടാനത്തിനുള്ള ആദ്യ ഉപാധികളിലൊന്നാണ്. പ്രതാപന്റെ ജീവിതവഴികളിലെല്ലാം ശരീരത്തിന്റെ പലവിധ സഞ്ചാരങ്ങള്‍ കാണാം. അനേകം പേരുടെ ആസക്തികളുടെ ശമനഭൂമിയായി പിന്നീട് പ്രതാപന്റെ ശരീരം പരിണമിക്കുന്നുണ്ട്. എന്നാല്‍ അവിടെയൊന്നും പ്രതാപന്‍ ആനന്ദയോഗത്തില്‍ എത്തുന്നില്ല.

മറ്റൊരാളുടെ ആനന്ദപൂര്‍ത്തിക്കുള്ള ഉപകരണമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൂട്ടുകാരിയുമൊയി ബാല്യത്തില്‍ രതിയിലേര്‍പ്പെടുമ്പോഴും അതിന്റെ ആനന്ദത്തെ അനുഭവിക്കാനോ, മനസ്സിലാക്കാനോ ഉള്ള മാനസികവികാസം പ്രതാപനില്ല. പിന്നീട് അമ്മാവന്‍ ശരീരത്തിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചപ്പോള്‍ അത് സ്‌നേഹപ്രകടനമായി മാത്രമാണ് പ്രതാപന്‍ മനസ്സിലാക്കുന്നത്. സ്വന്തം ശരീരത്തിന്റെ ഉടമയാവാന്‍ പലപ്പോഴും സാധിക്കാത്ത, ശരീരംകൊണ്ടുള്ള ആനന്ദത്തില്‍ നിന്ന് അന്യവത്കരിക്കപ്പെടുന്ന, സ്വന്തം അധ്വാനത്തിന്റെ ഫലം അനുഭവിക്കാനാവാത്ത അതീസങ്കീര്‍ണ്ണമായ പരിസരത്തിലാണ് പ്രതാപന്റെ ജീവിതം.

ഒരാള്‍ ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാവാം? അതിന് സാമൂഹികമായ നിരവധി കാരണങ്ങളുണ്ട്. ബാല്യകാലം തൊട്ട് കടന്നുപോകുന്ന പല തരത്തിലുള്ള ജീവിതാവസ്ഥകള്‍ അതിനു കാരണമാവാം. അതിനോടൊപ്പം തന്നെ സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷം ഒരു പ്രധാനഘടകമായി പ്രവൃത്തിക്കുന്നുണ്ട്. മൈക്കല്‍ ഡോറിസ് പുരുഷലൈംഗികത്തൊഴിലാളികളെ പ്രധാനമായും നാലായി തിരിക്കുന്നുണ്ട്.

1. മാറ്റിനിര്‍ത്തപ്പെട്ടവര്‍ - ഇവര്‍ കടുത്ത ദരിദ്ര്യം അനുഭവിക്കുന്നവരാണ്. അവര്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗ പ്രശ്‌നങ്ങള്‍ നേരിടുന്നു, അവരുടെ പണത്തിന്റെ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും (കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയുള്‍പ്പെടെ) പോകുന്നു. അവരുടെ ലൈംഗിക ബന്ധത്തിന് മുമ്പോ ശേഷമോ അല്ലെങ്കില്‍ സമയത്തോ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുക. മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുറത്താക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായവര്‍ ഉള്‍പ്പെടുന്നു.

2. പാര്‍ട്ട്-ടൈമര്‍മാര്‍: ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ ദിവസേന ലൈംഗിക ജോലിയില്‍ പങ്കെടുക്കുന്നില്ല. ജീവിതം കുറച്ചുകൂടി സുഖകരമാക്കാനുള്ള ഒരു മാര്‍ഗമായി അവര്‍ ലൈംഗികത്തൊഴില്‍ ഉപയോഗിക്കുന്നു.

3. അകത്തുള്ളവര്‍: പേര് സൂചിപ്പിക്കുന്നത് പോലെ, 'ഇന്‍സൈഡര്‍മാര്‍' ലൈംഗിക വ്യാപാരത്തിന് ചുറ്റുമാണ് വളര്‍ന്നത്, ചുറ്റുമുള്ളവരെ അവരുടെ 'കുടുംബം' ആയി കാണുന്നു. പാര്‍ട്ട് ടൈം ചെയ്യുന്നവരില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ നിന്നും വ്യത്യസ്തമായി, അകത്തുള്ളവര്‍ വേശ്യാവൃത്തിയെ മാന്യമായ ഒരു തൊഴിലായി കാണുന്നു. ചിലര്‍ മറ്റ് ജോലികള്‍ പരീക്ഷിച്ച് വേശ്യാവൃത്തിയിലേക്ക് തിരിയുന്നു, കാരണം അവര്‍ക്ക് ജോലി നഷ്ടപ്പെടുന്നു.

4. വിമോചനവാദികള്‍: ആത്മാഭിമാനത്തോടെ ചെയ്യാനുള്ള ഒരു തൊഴിലായി ലൈംഗികവൃത്തിയെ തിരിച്ചറിയുകയും ഉയര്‍ന്ന ജീവിതപരിസരങ്ങളിലായിരിക്കുമ്പോഴും ലൈംഗിത്തൊഴിലിനെ അതിനോടൊപ്പം ചേര്‍ത്ത് സമൂഹമായി നല്ല ബന്ധം പുലര്‍ത്തി ജീവിക്കുന്നവരാണ് ഈ വിഭാഗം.

പ്രതാപനെ ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗികചൂഷണമാണ് ലൈംഗികത്തൊഴിലിലേക്ക് നയിക്കുന്നത്. മാതാപിതാകള്‍ സെക്‌സിലേര്‍പ്പെടുന്നത് കണ്ടപ്പോള്‍ ഉയര്‍ന്ന സംശയങ്ങളും അസ്വസ്ഥകളുമാണ് പ്രതാപനെ ശരീരത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിക്കുന്നത്. രതിയെ ആക്രമമായാണ് പ്രതാപന്‍ മനസ്സിലാക്കുന്നത്. അച്ഛന്‍ അമ്മയോട് കാട്ടുന്ന ഉപദ്രവമായി അവന്‍ ഇതിനെ വായിക്കുന്നു. അത് കൂട്ടുകാരിയുമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഈ അന്വേഷണം കൂട്ടുകാരിയോടുള്ള സ്‌നേഹത്തിലേക്കും നയിക്കുന്നു.

പക്ഷെ ശരിയായ അറിവ് അമ്മാവന്റെ വരവോടെയാണ് ലഭിക്കുന്നത്. അമ്മാവനെ അമ്മയ്ക്ക് ഇഷ്ടമല്ല എന്ന് നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. ശരീരത്തെക്കുറിച്ചും ലൈംഗികവൃത്തിയെക്കുറിച്ചും അമ്മാവന്‍ പ്രതാപന് പറഞ്ഞുകൊടുക്കുന്നു. പക്ഷെ അമ്മാവന്റെയും ലക്ഷ്യം പ്രതാപന്റെ ശരീരമായിരുന്നു. ഈ ശരീരം പലരുടെയും ലക്ഷ്യസ്ഥാനമായി പിന്നീട് മാറുന്നുണ്ട്. പല തവണ ലൈംഗികാതിക്രമത്തിന് പ്രതാപന്റെ ശരീരം ഇരയാവുന്നു. സഖിയിലെത്തുമ്പോള്‍ മാത്രമാണ് അയാളുടെ ശരീരം ആനന്ദദേശം കണ്ടെത്തുന്നത്. അപ്പോള്‍ മാത്രമാണ് അതുവരെ ജീവിച്ച തടവറയില്‍ നിന്ന് അയാള്‍ വിമോചിക്കപ്പെടുന്നത്.

ഓര്‍മ്മകളുടെ സഞ്ചയമാണ് നോവല്‍. ഓര്‍മ്മ ശരീരത്തെയാകാമാനം ഗ്രസിക്കുന്നു. ഒരോ തന്തുവിനെയും തൊട്ടുണര്‍ത്തുന്നു. ഒരു മനഃശാസ്ത്രവിദ്യാര്‍ത്ഥിയുടെ മുന്നിലുള്ള ഓര്‍മ്മകളുടെ കെട്ടഴിക്കലിലാണ് പ്രതാപന്റെ ജീവിതം അനാവൃതമാകുന്നത്. ബാല്യകാലത്തെ ഓര്‍മ്മകളും കൗമാരത്തില്‍ നേരിട്ട് ലൈംഗികാതിക്രമവും ജീവിതം കടന്ന് പോയ വഴികളും അയാള്‍ വിവരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിവരണാത്മകമാണ് ആഖ്യാനം. സംഭാഷണപ്രധാനമല്ല. പല സംഭവങ്ങളെ ആത്മകഥാഖ്യാനരൂപത്തില്‍ നോവലില്‍ വിന്യസിച്ചിരിക്കുന്നു.

സഖിയിലൂടെയാണ് വിമോചനത്തിന്റെ കവാടം പ്രതാപന് മുന്നില്‍ തുറക്കുന്നത്. അയാളുടെ ശരീരവും ആത്മാവും സഖിയോടുള്ള പ്രണയത്തിലൂടെ തുറക്കപ്പെടുന്നു. സഖി ഒരു സങ്കീര്‍ണ്ണമായ കഥാപാത്രനിര്‍മ്മിതിയാണ്. അവളുടെ കൈവശമുള്ള പുസ്തകങ്ങളാണ് അയാളെ വായനയിലേക്ക് നയിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയുമായി ലൈംഗികവേഴ്ച്ച നടത്തിയ കാര്യം തെല്ലൊരു നടുക്കത്തോടെ പ്രതാപന്‍ സഖിയോട് പറയുന്നുണ്ട്. ആകുലതകളെയും ദുഃഖങ്ങളെയും വേദനയെയും സഖിയിലേക്കാണ് പ്രതാപന്‍ തുറന്നുവിടുന്നത്. അതൊരു ആത്മീയമായ ഉണര്‍വിലേക്ക് പ്രതാപനെ നയിക്കുന്നു. ആരേതുമല്ലാതെ ഒരാളായി എന്നും തുടരുന്നു സഖി.

മലയാളഭാവനയ്ക്ക് സുപരിചിതമല്ലാത്ത ഒരു പ്രമേയത്തെയാണ് നിതിന്‍ ബോസ് നോവലില്‍ അവതരിപ്പിക്കുന്നത്. അതിനാടകീയതയുടേയും ഉപരിപ്ലവതയുടെയും പ്രശ്‌നങ്ങള്‍ ചിലയിടങ്ങളില്‍ കല്ലുകടിയായി വരുമ്പോഴും മലയാളനോവല്‍ സാഹിത്യത്തിലേക്ക് അധികമാരും കടന്നുചെല്ലാത്ത ഭൂമികയെ നിതിന്‍ ബോസ് കൊണ്ടുവരികയാണ്. ആനന്ദദേശവും ദുഃഖഭൂമികയുമായി പലപ്രകാരത്തില്‍ വികസിക്കുന്ന വേഷങ്ങള്‍ മാറിമാറിയണിയുന്ന ഉടലിന്റെ സഞ്ചാരമാണ് ഈ കൃതി.

Content Highlights: 2 lips novel by Nithin Bose, Malayalam Novel, two lips Review by P Krishnadas

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented